Monday, August 3, 2026

ad

Homeകവര്‍സ്റ്റോറിവ്യവസായ മേഖലയിൽ വൻമുന്നേറ്റം

വ്യവസായ മേഖലയിൽ വൻമുന്നേറ്റം

സാധ്യമായതൊന്നുമില്ലെന്ന് തെളിയിച്ചുകൊണ്ട് നാലാം വ്യവസായ വിപ്ലവം ലക്ഷ്യസ്ഥാനമാക്കിയുള്ള കുതിപ്പിലാണിന്ന് കേരളം. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റീഫോംസിലെ ഒന്നാം സ്ഥാനം കേരളത്തിന് ലഭിച്ചു. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ 87 വർഷത്തെ ചരിത്രത്തിനിടയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു പദ്ധതി നോവൽ ഇന്നവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ അംഗീകാരം നേടി. അത് കേരളത്തിന്റെ സംരംഭകവർഷം പദ്ധതിയാണ്. ഇതേ പദ്ധതി ഇന്ത്യയിലെ എം എസ് എം ഇ രംഗത്തെ ഏറ്റവും മികച്ച പദ്ധതിയായും പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ അംഗീകരിക്കപ്പെട്ടു. സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി 2016ൽ അധികാരമേറ്റ ഒന്നാം പിണറായി വിജയൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും നടപടികളും കൂടുതൽ അർത്ഥപൂർണ്ണമായും ദൂരക്കാഴ്ചയോടെയും വികസിപ്പിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. സംരംഭങ്ങൾ ആരംഭിക്കുന്നതിന് പല ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കി ഏകജാലക സംവിധാനം ഒരുക്കി കെ-–സ്വിഫ്റ്റിന് തുടക്കം കുറിച്ചതുമുതൽ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തി വ്യവസായ സൗഹൃദാന്തരീക്ഷത്തിന് ശക്തമായ അടിത്തറയിടാൻവരെ ആ സർക്കാരിനായി. ഇതിന്റെ തുടർച്ചയിൽ, ഈ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പിന്തുണയോടെയും ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥരുടെ പൂർണ്ണ പങ്കാളിത്തത്തോടെയുമാണ് ഒന്നാമത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന ബഹുമതിയിലേക്ക് നാം നടന്നുകയറിയത്. ഇതിനുശേഷം ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിലുൾപ്പെടെ കേരളത്തിന് പ്രശംസ ലഭിച്ചു. നൂതന സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച ചില കമ്പനികൾ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. കേരളത്തിലെത്തിയ എല്ലാവരും ഒരേ സ്വരത്തിൽ കേരളത്തിന്റെ വ്യവസായസൗഹൃദ അന്തരീക്ഷത്തെ പുകഴ്ത്തുകയും കൂടുതൽ വലിയ ഓഫീസുകൾ ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ കേരളം ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന ഘട്ടത്തിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റും നമ്മൾ വിജയകരമായി സംഘടിപ്പിച്ചു. 400ലധികം കമ്പനികളിൽ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം നമുക്ക് ലഭിച്ചു.

ഇൻവെസ്റ്റ് കേരള 
ഗ്ലോബൽ സമ്മിറ്റ്
കേരളം പ്രതീക്ഷയോടെ കാത്തിരുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്, വലിയ വിജയം നേടിയാണ് സമാപിച്ചത്. കേരളത്തിന്റെ വ്യാവസായിക രംഗത്ത് വിപ്ലവകരമായ വിധത്തിൽ വലിയ നിക്ഷേപങ്ങൾ ഈ പരിപാടിയിലൂടെ കടന്നുവന്നു. കേരള വ്യവസായ നയം ലക്ഷ്യമിടുന്ന നൂതന വ്യവസായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്തിന്റെതന്നെ ഇൻഡസ്ട്രിയൽ റെവല്യൂഷൻ 4.0 വ്യവസായങ്ങളുടെ ഹബ്ബായി മാറാനാണ് കേരളം ശ്രമിക്കുന്നത്. അൻപതോളം മുന്നൊരുക്ക പരിപാടികൾ നിക്ഷേപ സംഗമത്തിന് മുൻപായി കേരളം സംഘടിപ്പിച്ചു. ചെന്നൈ, ബംഗളൂരു, മുംബൈ, ഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിലും ദുബായിയിലും ഇൻഡസ്ട്രിയൽ റോഡ്ഷോ സംഘടിപ്പിച്ചു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇന്റർനാഷണൽ ജെൻ എ ഐ കോൺക്ലേവ്, കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺക്ലേവ് എന്നിവയ്ക്ക് പുറമെ പത്തിലധികം സെക്ടറൽ കോൺക്ലേവുകളും നമ്മൾ പൂർത്തിയാക്കി. വിഴിഞ്ഞം തുറമുഖത്തിനായും മലബാർ മേഖലക്കായും പ്രത്യേക കോൺക്ലേവുകൾ സംഘടിപ്പിച്ചു. കേരളത്തിലെ സംരംഭകർ ഈ ഘട്ടത്തിൽ നമ്മുടെ നാടിന്റെ അംബാസിഡർമാരായി മാറി. 400ലധികം കമ്പനികളിൽ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ നമുക്ക് ലഭിച്ചു. വളരെ പെട്ടെന്നുതന്നെ സഹസ്രകോടികളുടെ നിക്ഷേപ വാഗ്ദാനങ്ങൾ നിക്ഷേപങ്ങളാക്കി മാറ്റാൻ നമുക്ക് സാധിച്ചു. തുടർച്ചയായ അവലോകനങ്ങളിലൂടെ കാലതാമസമില്ലാതെ ഈ നിക്ഷേപ വാഗ്ദാനങ്ങളെല്ലാം നിക്ഷേപങ്ങളാക്കി മാറ്റാനുള്ള പരിശ്രമത്തിലാണിപ്പോൾ ഞങ്ങൾ.

ഈസ് ഓഫ് ഡൂയിങ് 
ബിസിനസ്
352 പരിഷ്കാര പരിപാടികൾ പറഞ്ഞതിൽ 340 എണ്ണവും നടപ്പിലാക്കി കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റീഫോംസിൽ ഒന്നാമതെത്തി. 9 മേഖലകളിൽ കേരളം ഒന്നാമതെത്തി. ആന്ധ്രാപ്രദേശിന് 5 ഇനങ്ങളിലും ഗുജറാത്തിന് 3 ഇനങ്ങളിലുമാണ് ഒന്നാം സ്ഥാനം നേടാൻ സാധിച്ചത്. ടോപ്പ് അച്ചീവർ ലിസ്റ്റിൽ ടോപ്പ് അച്ചീവർ സ്ഥാനം കരസ്ഥമാക്കിയ കേരളത്തിനുള്ള പുരസ്കാരം ഡൽഹിയിൽ വ്യവസായ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ വച്ച് യൂണിയൻ മിനിസ്റ്റർ പീയൂഷ് ഗോയൽ കൈമാറി. പൂർണമായും സംരംഭകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടമെന്നുള്ളത് സർക്കാരിൽ സംരംഭകർ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ കൂടി തെളിവാണ്. ഇരുപത്തെട്ടാം റാങ്കിൽ നിന്ന് ഒന്നാം റാങ്കിലേക്ക് കേരളത്തിലെ സംരംഭകരെയാകെ ചേർത്തുപിടിച്ചുകൊണ്ട് നമ്മൾ മുന്നോട്ടുപോകുകയാണ്. ഈ വർഷവും നിക്ഷേപ സൗഹൃദ സൂചികയിൽ യൂണിയൻ ഗവണ്മെന്റ് ആവശ്യപ്പെട്ട പരിഷ്കാരങ്ങളിൽ 99 ശതമാനവും കേരളം പൂർത്തിയാക്കി.

സംരംഭകർ 
സർക്കാരിനൊപ്പം
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൊണ്ടുവന്ന ആദ്യ പദ്ധതികളിലൊന്ന് 1410 കോടി രൂപയുടെ എം എസ് എം ഇ പാക്കേജാണ്. ഇതിന് പിന്നാലെ ഫിക്കി, സി ഐ ഐ, കെ എസ് എസ് ഐ എ, ട്രേഡ് യൂണിയനുകൾ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് ഇവരുടെ ആവശ്യങ്ങളിൽ ഞങ്ങൾ നടപടികൾ കൈക്കൊണ്ടു. 50 കോടി രൂപ വരെയുള്ള റെഡ് ക്യാറ്റഗറിയിലല്ലാത്ത നിക്ഷേപങ്ങൾക്ക് കെ-–സ്വിഫ്റ്റിലൂടെ ലഭിക്കുന്ന തത്വത്തിലുള്ള ധാരണാപത്രംവഴി 3.5 വർഷം പ്രവർത്തിക്കാനുള്ള നിയമം കൊണ്ടുവന്നു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ 7 ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമവും ഞങ്ങൾ പാസാക്കി. വ്യവസായശാലകളിലെ അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോർട്ടലിലൂടെ 5 വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃത പരിശോധനാസംവിധാനം ആവിഷ്കരിച്ചു. സംരംഭകരുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജില്ലാ – സംസ്ഥാന തലങ്ങളിൽ സിവിൽ കോടതി അധികാരത്തോടെ സ്റ്റാറ്റ്യൂട്ടറി സമിതികൾ രൂപീകരിച്ചു. സംരംഭകന് സേവനം നൽകുന്നതിൽ മതിയായ കാരണമില്ലാതെ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ വീഴ്ചവരുത്തിയാൽ പിഴ ഈടാക്കാനും നടപടിക്ക് ശുപാർശ ചെയ്യാനും ഈ സമിതിക്ക് അധികാരം നൽകി. ഇൻവെസ്റ്റ് കേരള ഹെല്പ് ഡെസ്കും എംഎസ്എംഇ ക്ലിനിക്കും വഴി വലിയൊരു അളവിൽ പരാതികൾ പരിഹരിക്കാൻ സാധിച്ചതും സംരംഭകരുടെ ഫീഡ്ബാക്കിൽ പ്രതിഫലിച്ചിട്ടുണ്ട്.

വലിയ നിക്ഷേപങ്ങൾ
സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം വലിയ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി നടപ്പിലാക്കിയ മീറ്റ് ദി ഇൻവസ്റ്റർ പരിപാടിയിലൂടെമാത്രം പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്കെത്തിക്കാൻ നമുക്ക് സാധിച്ചു. ഐബിഎം, എച്ച്സിഎൽ ടെക്, നോവ് ഐഎൻസി, സ്ട്രാഡ ഗ്ലോബൽ, ഡി-സ്പേസ്, സാഫ്രാൻ, ആക്സിയ ടെക്നോളജീസ്, സിന്തൈറ്റ്, അറ്റാച്ചി തുടങ്ങി 30ലധികം കമ്പനികൾ നിക്ഷേപം നടത്തി. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറം അംഗീകരിച്ച പ്രധാന പദ്ധതികളിൽ ആദ്യത്തേത് 18000 കോടി രൂപ പ്രതീക്ഷിക്കുന്ന കേരളത്തിന്റെ ഹൈഡ്രജൻ വാലിയാണ്. ഐബിഎമ്മിന്റെ ചരിത്രത്തിലാദ്യമായി ഒരേ നഗരത്തിൽ രണ്ട് വർഷത്തിനിടെ രണ്ട് പദ്ധതികൾ ആരംഭിച്ചത് നമ്മുടെ കേരളത്തിലാണ്. എച്ച്സിഎൽ ടെക് കേരളത്തിൽ പ്രവർത്തനമാരംഭിച്ച് ഒരു മാസത്തിനുള്ളിൽ പുതിയ യൂണിറ്റ് ആരംഭിക്കാനുള്ള സന്നദ്ധത അറിയിച്ചു. ഐബിഎം, എച്ച്.സി.എൽ ടെക്, സ്ട്രാഡ ഗ്ലോബൽ, ഇൻഫോസിസ്, ഐബിഎസ്, അദാനി ഗ്രൂപ്പ്, ഏൺസ്റ്റ് ആന്റ് യങ്ങ്, ടാറ്റ എൽക്സി, യു.എസ്.ടി ഗ്ലോബൽ, അഡെസ്സോ ഗ്ലോബൽ, അഗാപ്പെ, നോവ്.ഐ എൻ സി, കോങ്ങ്സ്ബെർഗ്, ഡി-സ്പേസ്, ആക്സിയ ടെക്നോളജീസ്, സിസ്ട്രോം, സാഫ്രാൻ, സിന്തൈറ്റ്, മുരുഗപ്പ ഗ്രൂപ്പ്, ലുലു, ചോയിസ്, വികെസി, വിത്തൽ കാഷ്യൂസ്, പ്രസ്റ്റീജ് ഗ്രൂപ്പ്, അത്താച്ചി, ക്രേസ് ബിസ്കറ്റ്സ്, ബേക്കർടില്ലി- പിയേറിയൻ, ട്രാസ്ന തുടങ്ങിയ കമ്പനികളും വ്യവസായ ഗ്രൂപ്പുകളും കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രകീർത്തിച്ച് രംഗത്തുവന്നു. കൊച്ചി-–ബംഗളൂരു വ്യവസായ ഇടനാഴിക്ക് അംഗീകാരം നേടിയെടുക്കാനും അതിവേഗത്തിൽ ആദ്യഘട്ടത്തിന്റെ ടെന്റർ നടപടികളിലേക്ക് കടക്കാനും ഈ സർക്കാരിന് സാധിച്ചതിനാൽ ഈ സർക്കാരിന്റെ കാലയളവിൽ തന്നെ പരമാവധി പണി പൂർത്തിയാക്കാൻ ഞങ്ങൾ ശ്രമിക്കും.

സംരംഭക വർഷം
ദീർഘകാലത്തിനുശേഷം കേരളത്തിന്റെ വ്യവസായമേഖലയ്ക്ക് ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിത്തന്ന പദ്ധതിയാണ് സംരംഭകവർഷം. പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ രാജ്യത്തെ എം എസ് എം ഇ മേഖലയിലെ ഏറ്റവും മികച്ച പ്രാക്റ്റീസയും അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ നോവൽ ഇന്നവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ അംഗീകാരം നേടുകയും ചെയ്ത പദ്ധതി. ഈ വർഷം മുസൂറിയിലെ ഐ എ എസ് ട്രെയിനിങ്ങിലും കേരളത്തിന്റെ സംരംഭക വർഷം പദ്ധതി ഒരു പഠനവിഷയമാണ്. പ്രതിവർഷം 10,000 സംരംഭങ്ങൾ ആരംഭിച്ചിരുന്ന കേരളത്തിൽ മൂന്നര ലക്ഷത്തിലധികം സംരംഭങ്ങളും 22,000 കോടിയിലധികം രൂപയുടെ നിക്ഷേപവും 7.5 ലക്ഷത്തോളം തൊഴിലും ഈ പദ്ധതിയിലൂടെ ഉണ്ടായി. ഒരു ലക്ഷത്തിലധികം വനിതാ സംരംഭകർ പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി എന്നതും അഭിമാനകരമായ നേട്ടമാണ്.

പുതിയ കേരളം
കേരളത്തിൽ വ്യവസായ നടത്തിപ്പിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്ന അവസ്ഥ പഴങ്കഥയായി മാറിക്കഴിഞ്ഞു. ഏറ്റവും എളുപ്പത്തിൽ സംരംഭകർക്ക് വ്യവസായം ആരംഭിക്കുന്നതിന് നിയമപരവും സാങ്കേതികവുമായ പിൻബലമൊരുക്കാൻ ഈ സർക്കാരിന് കഴിഞ്ഞു. ‘ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം’ എന്ന നയം രാജ്യത്ത് ആദ്യമായി സ്വീകരിച്ചു. ഈ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഉത്തരവാദിത്ത നിക്ഷേപ നയം പരിസ്ഥിതിക്ക് അനുയോജ്യമായതും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റിത്തീർക്കുകയാണ്. ഇതിനായി പുതിയ വ്യവസായ നയം കൊണ്ടുവന്നു. ലാന്റ‍് ലീസ് പോളിസിയിൽ മാറ്റം വരുത്തി. ലോജിസ്റ്റിക്സ് പാർക്ക് പോളിസി കൊണ്ടുവന്നു. എക്സ്പോർട് പോളിസി രൂപീകരിച്ചു. നിരവധി ഇൻസെന്റീവുകളും സബ്സിഡികളും ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള വ്യവസായ നയം വ്യവസായലോകമാകെ മികച്ച പ്രതികരണത്തോടെ സ്വീകരിച്ചതും ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാമതെത്തിയ കേരളം, ഏറ്റവും മികച്ച ടാലന്റ്- പൂളുള്ള, ഏറ്റവും മികച്ച കാലാവസ്ഥയുള്ള, ഏറ്റവും മികച്ച കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള കേരളം ഇപ്പോൾ ലോകത്തിന് മുൻപിൽ വാതിൽ തുറക്കുകയാണ്. സമീപഭാവിയിൽ തന്നെ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നതിനൊപ്പം നിക്ഷേപകരുടെയും സ്വന്തം നാടായി മാറും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × three =

Most Popular