Monday, August 3, 2026

ad

Homeകവര്‍സ്റ്റോറിമിഷന്‍ പോസിബിള്‍!

മിഷന്‍ പോസിബിള്‍!

കേരളത്തിന്റെ കുടിവെള്ള വിതരണ ഭൂപടംതന്നെ മാറ്റിയെഴുതുകയാണ് ജല ജീവന്‍ മിഷന്‍. കുടിവെള്ള ടാപ്പുകള്‍ ആദ്യം നഗരങ്ങളിലെ വീടുകള്‍ക്ക് എന്നതായിരുന്നു നാം ഇതുവരെ ശീലിച്ച രീതി. ഗ്രാമീണമേഖലയില്‍ പതിയെപ്പതിയെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജലവിതരണ ശ‍ൃംഖലയ്ക്ക് ഇപ്പോള്‍ ഗതിവേഗം വര്‍ദ്ധിച്ചിട്ടുണ്ട്. ജലജീവന്‍ മിഷനിലൂടെ അസാധ്യമെന്നു കരുതിയതെല്ലാം സാധ്യമാകുകയാണ്.

ഗ്രാമീണ ജനതയുടെ, പ്രതേ-്യകിച്ച് സ്ത്രീകള്‍, മലയോര മേഖലയിലെ ജനങ്ങള്‍, എസ്.സി./ എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ ഇവരുടെയൊക്കെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന ബൃഹദ് പദ്ധതിയാണ് ജല ജീവന്‍ മിഷന്‍. ജലവിഭവ വകുപ്പ് ഇന്നുവരെ ഏറ്റെടുത്തതിൽ ഏറ്റവും വലിയ പദ്ധതിയാണിത്. ശുദ്ധമായ കുടിവെള്ളം നിശ്ചിത അളവില്‍ ഗ്രാമീണ മേഖലയിലെ എല്ലാ ഭവനങ്ങളിലും ടാപ്പിലൂടെ എത്തിക്കുക എന്ന വലിയ ദൗത്യമാണ് ഈ പദ്ധതിവഴി സര്‍ക്കാന്‍ ഏറ്റെടുത്തിരിക്കുന്നത്.

പദ്ധതി ആരംഭിക്കുന്ന സമയത്ത് കേവലം 25 ശതമാനം ഭവനങ്ങളില്‍ മാത്രമാണ് കണക്ഷന്‍ ഉണ്ടായിരുന്നത് എന്നതും , ഗ്രാമീണ മേഖലയില്‍ നിലവിലുണ്ടായിരുന്ന കുടിവെള്ള പദ്ധതികളുടെ എണ്ണം കുറവായിരുന്നു എന്നതും ഈ പദ്ധതി ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാരിനു മുന്നിലെ വലിയ വെല്ലുവിളികളായിരുന്നു. 2020 ജൂണില്‍ ഏതു പ്രതിസന്ധിയിലും ഈ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനുള്ള ധീരമായ തീരുമാനം എൽഡിഎഫ് സര്‍ക്കാര്‍ കൈക്കൊളളുകയായിരുന്നു.

കോവിഡ് കാലം ഉയര്‍ത്തിയ വന്‍ പ്രതിസന്ധി ഘട്ടത്തില്‍ ജലവിഭവ വകുപ്പ് സധൈര്യം പദ്ധതി ഏറ്റെടുത്തു. പരിമിതമായ സാഹചര്യങ്ങള്‍ക്കുള്ളിലും ആദ്യ നാലു മാസങ്ങള്‍ക്കുള്ളില്‍തന്നെ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് പദ്ധതികള്‍ തയ്യാറാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ആദ്യഘട്ട പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ ജലവിഭവ വകുപ്പിനും കേരള വാട്ടര്‍ അതോറിറ്റിക്കും സാധിച്ചുവെന്നത് ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന്റെയും ജല അതോറിറ്റിയുടെയും നിശ്ചയദാര്‍ഢ്യം വെളിവാക്കുന്നു.

പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 2020 ഒക്ടോബല്‍ 8 ന് നിര്‍വ്വഹിച്ചതുമുതല്‍ ഇന്നുവരെ അക്ഷീണമായ പ്രവർത്തനങ്ങളാണ് ജലവിഭവ വകുപ്പും കേരളാ വാട്ടര്‍ അതോറിറ്റിയും, ജലനിധിയും ഭൂജല വകുപ്പും നടത്തിവരുന്നത്. പരിമിതമായ സാഹചര്യങ്ങളില്‍ വലിയ വെല്ലുവിളികള്‍ നിറഞ്ഞ പദ്ധതി തീര്‍ക്കണമെങ്കില്‍ കഠിനാദ്ധ്വാനം തന്നെ വേണ്ടിവരും. അതു കൊണ്ടുതന്നെ ഏറ്റവും താഴേതട്ടില്‍ വരെ എത്തുന്ന തരത്തിലുള്ള മേല്‍നോട്ടവും അവലോകനങ്ങളും പദ്ധതിയ്ക്കായി നടത്തിവരുന്നു.

കണക്കുകള്‍ പരിശോധിച്ചാല്‍, പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ സംസ്ഥാനത്ത് കേവലം മൂന്നു ജില്ലകളില്‍ മാത്രമാണ് (ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍) 25 ശതമാനത്തിനു മുകളില്‍ കൂടിവെള്ള കണക്ഷന്‍ ലഭ്യമായിരുന്നത്. ഇന്ന് നൂറ് ശതമാനം ലക്ഷ്യം കൈവരിച്ച മറ്റു പല സംസ്ഥാനങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ 50 ഉം 70 ഉം ശതമാനത്തിനു മുകളില്‍ കണക്ഷനുകള്‍ ഉണ്ടായിരുന്നവയാണ്. മാത്രമല്ല, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം നടപ്പിലാക്കുന്നത് സുസ്ഥിരമായ അടുത്ത 30 വര്‍ഷത്തേക്കു കൂടിയുള്ള ആസൂത്രണത്തോടെ കുടിവെള്ള പദ്ധതികളാണ്-. പദ്ധതിപ്രകാരം പ്രതിദിനം ഒരു വ്യക്തിക്ക് 55 ലിറ്റര്‍ വീതം ഉറപ്പുവരുത്തിയാല്‍ മതിയെന്നിരിക്കെ, കേരളത്തിലെ ഗ്രാമ-നഗര വ്യത്യാസമില്ലാത്ത സാഹചര്യവും, ദീര്‍ഘകാല ആവശ്യങ്ങളും സുസ്ഥിരതയും പരിഗണിച്ച് പ്രതിദിനം ഒരു വ്യക്തിക്ക് 100 ലിറ്റര്‍ എങ്കിലും കുടിവെള്ളം ഉറപ്പുവരുത്തുന്ന തരത്തിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സ്വാഭാവികമായും, ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുവാന്‍ കൂടുതല്‍ സമയം ആവശ്യമാണ്.

പദ്ധതി നേരിടുന്ന വെല്ലുവിളികള്‍ നേരിട്ടു മനസ്സിലാക്കുന്നതിനും ജനപ്രതിനിധികളുടെയും മറ്റും അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിനും അവരുടെ നിസ്സീമമായ സഹകരണം പദ്ധതിക്ക് ഉറപ്പുവരുത്തുന്നതിനും എല്ലാ ജില്ലകളിലും അവലോകന യോഗങ്ങള്‍ നടത്തിയതില്‍ നിന്നും മനസ്സിലാക്കിയ നിരവധി പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹരിക്കുവാന്‍ വിവിധ തലങ്ങളില്‍ ഉന്നത ഇടപെടലുകള്‍ നടത്തുകമുണ്ടായി.

കേരളത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള വലിയ പ്രതിസന്ധി എന്നും ഭൂമിയുടെ ലഭ്യതക്കുറവാണ്. ഇതു മറികടക്കുവാന്‍ സര്‍ക്കാര്‍ വിവിധ ഉത്തരവുകള്‍ ജലജീവന്‍ മിഷന്‍ പദ്ധതിക്കായി പുറത്തിറക്കിയിട്ടുണ്ട്. പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ആവശ്യമായി വരുന്ന മറ്റ്- ഏജന്‍സികളില്‍ നിന്നുള്ള അനുമതികള്‍ വേഗത്തിലാക്കുവാനും വിവിധ തലങ്ങളില്‍ അവലോകനങ്ങളും ഇടപെടലുകളും നടന്നുവരുന്നുണ്ട്.

നിലവില്‍ സംസ്ഥാനത്തെ ഗ്രാമീണ വീടുകളില്‍ 54.50 ശതമാനം കുടുംബങ്ങളില്‍ പൈപ്പിലൂടെ ശുദ്ധജലം ലഭ്യമാക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റെടുത്ത പുതിയ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടുകൂടി എല്ലാ വീടുകളിലും ടാപ്പിലൂടെ കുടിവെള്ളം എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയും. അനുമതി ലഭിച്ച 54.45 ലക്ഷം കണക്ഷനുകളില്‍ 20.56 ലക്ഷം കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു.

പദ്ധതി തുടങ്ങിയതിനുശേഷം നാലുവര്‍ഷംകൊണ്ടുതന്നെ നിലവിലുണ്ടായിരുന്നതിനേക്കാള്‍ അധികം കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടംതന്നെയാണ്. 30 ശതമാനത്തോളം വര്‍ദ്ധന ഗ്രാമീണ കണക്ഷനുകളുടെ കവറേജില്‍ ഈ ചെറിയ കാലയളവില്‍ കൈവരിക്കാന്‍ കഴിഞ്ഞു. കൊല്ലം, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ 65%ത്തിലധികം ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു എന്നതും നേട്ടമാണ്. 111 പഞ്ചായത്തുകള്‍ ഇതിനോടകം 100% ലക്ഷ്യം നേടിക്കഴിഞ്ഞു. ഈ പഞ്ചായത്തുകള്‍ക്ക് ഇനി കുടിവെള്ള മേഖലയില്‍ അധികം ഫണ്ട് കണ്ടെത്തേണ്ട ആവശ്യമില്ല. അത്തരം പഞ്ചായത്തുകള്‍ക്ക് മറ്റ് മേഖലകളിലെ വികസനത്തിന് ശ്രദ്ധ നല്‍കുവാനും കഴിയും.

പദ്ധതി തുടങ്ങുന്നതിനു മുന്‍പ് 116 പഞ്ചായത്തുകളില്‍ മാത്രമായിരുന്നു 50ശതമാനത്തിനു മുകളില്‍ കവറേജ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 517 പഞ്ചായത്തുകള്‍ 50ശതമാനത്തിനു മുകളില്‍ കവറേജ് കൈവരിക്കുവാന്‍ കഴിഞ്ഞു. 8 നിയമസഭാ മണ്ഡലങ്ങള്‍ നിലവില്‍ 100% ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. പദ്ധതി തുടങ്ങുന്നതിനു മുന്‍പ് 10 നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമായിരുന്നു 50ശതമാനത്തിനു മുകളില്‍ കവറേജ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 72 നിയമസഭാ മണ്ഡലങ്ങളിലായി.

ഗ്രാമീണ ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ നഗരത്തിന് സമാനമായി അടിമുടി മാറ്റിമറിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു വലിയ പദ്ധതിയാണ് ജല ജീവന്‍ മിഷന്‍. കാഴ്ചപ്പാടോടുകൂടി തുടര്‍ന്നും ജാഗ്രതയോടെയും ഊര്‍ജ്ജസ്വലതയോടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ഈ പദ്ധതിയുടെ ലക്ഷ്യം കൈവരിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരേ മനസ്സോടെ തുടര്‍ന്നും പ്രവര്‍ത്തിക്കാം. 100% സാക്ഷരതയില്‍ മാതൃകയായ കേരളം 100% ടാപ്പ് വഴി ഉള്ള കുടിവെള്ള ലഭ്യതയിലും മാതൃകയാവണം. മാത്രമല്ല ഈ നേട്ടം സുസ്ഥിരമായി തുടരുകയും വേണം. കുടിവെള്ളം ഇല്ലെന്ന സങ്കടം ജനങ്ങള്‍ക്കുണ്ടാകരുത്. അതിനായി ജല ജീവന്‍ മിഷന്റെ കൈപിടിച്ച് നമുക്ക് എല്ലാ വീടുകളിലും ടാപ്പുകളിലൂടെ സുരക്ഷിതമായ കുടിവെള്ളം എത്തിക്കണം.

ജല ജീവന്‍ മിഷന്‍ പദ്ധതി ലക്ഷ്യം
• എല്ലാ ഗ്രാമീണ ഭവനങ്ങളിലും പ്രതിദിനം ആളോഹരി 55 ലിറ്റര്‍ ജലമെങ്കിലും (കുറഞ്ഞത് ) നല്‍കാന്‍ പ്രവര്‍ത്തനക്ഷമമായ കുടിവെള്ള കണക്ഷനുകള്‍ ഉപഭേക്താക്കളുടെ പങ്കാളിത്തത്തോടെ നല്കുക. (കേരളത്തില്‍ ആളോഹരി 100 ലിറ്റര്‍ പ്രകാരമാണ് നടപ്പിലാക്കുന്നത്.)

• ജലത്തിന്റെ ഗുണവും സംരക്ഷണവും ഉറപ്പാക്കുന്നതില്‍ എല്ലാവര്‍ക്കും ചുമതലയും കടമയും ഉത്തരവാദിത്വവും ഉണ്ടെന്നുള്ള കാഴ്ചപ്പാടും സമീപനവും ജനങ്ങളില്‍ വളര്‍ത്തിക്കൊണ്ട് വരിക.

• സുരക്ഷിത കുടിവെള്ളം ഉറപ്പുവരുത്തുന്നതുവഴി പൊതുജനാരോഗ്യവും ഉല്പാദനക്ഷമതയും ജീവിത നിലവാരവും ഉയരുന്നു.

കുറഞ്ഞ വിലയില്‍ കുപ്പിവെള്ളം
കുറഞ്ഞ വിലയില്‍ ശുദ്ധമായ കുപ്പിവെള്ളം ജനങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജലവിഭവ വകുപ്പിന് കീഴിലുള്ള ഹില്ലി അക്വ വിപണിയില്‍ എത്തിച്ചത്. കുറഞ്ഞ കാലംകൊണ്ടുതന്നെ വിപണിയില്‍ സാന്നിധ്യമാകാന്‍ ഹില്ലി അക്വയ്ക്ക് കഴിഞ്ഞത് വെള്ളത്തിന്റെ ഗുണമേന്മ ഒന്നു കൊണ്ടുമാത്രമാണ്. അതുകൊണ്ടുതന്നെ വിപണിയില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാനുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കുകയായിരുന്നു.

അതോടൊപ്പം യുഎഇയിലുള്ള പ്രവാസി മലയാളികള്‍ക്ക് നാടിന്റെ വെള്ളം കുടിക്കാനുള്ള ആഗ്രഹം സഫലീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. വിദേശത്തേക്കു കയറ്റുമതി നടത്താനുളള എഗ്രിമെന്റ് UAE ആസ്ഥാനമായ Arohana General Trading LLC യും KIIDCയും ഒക്ടോബര്‍ ഒന്നിന് ഒപ്പുവെച്ചു. ദിവസങ്ങള്‍ക്കുളളില്‍ കയറ്റുമതി ആരംഭിക്കുന്നതോടു കൂടി ഹില്ലി അക്വ പുതിയ ചരിത്രത്തിലേക്ക് ചുവടുവയ്ക്കും.

KIIDC യും ഭക്ഷ്യസിവില്‍ സപ്ലെെസ് വകുപ്പും ചേര്‍ന്നാവിഷ്‌കരിച്ച സുജലം പദ്ധതി പ്രകാരം റേഷന്‍കട, കെ-സ്റ്റോര്‍ വഴി 1 ലിറ്റര്‍ കുപ്പിവെളളം 10 രൂപയ്ക്ക് സാധാരണജനങ്ങള്‍ക്കും ലഭിക്കും. കഴിഞ്ഞ 4 മാസത്തിനുളളില്‍ സുജലം പദ്ധതിപ്രകാരം 1.5 കോടി രൂപയുടെ വില്പന നടത്തി. കൂടാതെ നീതി മെഡിക്കല്‍ സ്റ്റോര്‍, സപ്ലെെകോ, ത്രിവേണി, ജയിൽ ഔട്ട്ലെറ്റ്, കെടിഡിസി തുടങ്ങിയ ഇടങ്ങളിലെല്ലാം ലിറ്ററിന് 10 രൂപ നിരക്കില്‍ നല്കി വരുന്നു.

കൂടാതെ KSRTC യുടെ സൂപ്പർ ഫാസ‍്റ്റ് മുതല്‍ മുകളിലേയ്ക്കുളള ബസ്സുകളില്‍ ഹില്ലി അക്വയുടെ കുപ്പിവെളളം നല്ല രീതിയില്‍ വില്പന നടത്തിവരുന്നു. ദക്ഷിണറെയിവേ അടുത്ത 3 വര്‍ഷക്കാലയളവില്‍ ഹില്ലി അക്വയുടെ 1 ലിറ്റര്‍ കുപ്പിവെളളം വിതരണം നടത്താനുളള അനുമതി നല്‍കിയതും നേട്ടങ്ങളുടെ പട്ടികയുടെ തിളക്കം വര്‍ധിപ്പിക്കുന്നു. മെഡിക്കല്‍ കോളേജ്, താലൂക്ക് ആശുപത്രികളില്‍ ഹില്ലി അക്വയുടെ ഒരു ലിറ്റര്‍ കുപ്പിവളളം 10 രൂപ നിരക്കില്‍ വിതരണം നടത്തി വരുന്നു. കേരളത്തിലാദ്യമായി Biodegradable ബോട്ടിലില്‍ കുപ്പിവെളളം നിറച്ച് വിതരണം നടത്തുന്നതിനുളള പഠനം അന്തിമഘട്ടത്തിലാണ്. ഇതും ഈ വര്‍ഷം തന്നെ നടപ്പിലാക്കും.

ഉത്പാദനം ഇരട്ടിയാക്കാനുള്ള നടപടികളുമായി ഹില്ലി അക്വ മുന്നോട്ടു പോവുകയാണ്. തൊടുപുഴയിലെ നിലവിലെ ഉല്പാദനം ഇരട്ടിപ്പിക്കുന്നതിനായി അഡീഷണല്‍ ലൈന്‍ സ്ഥാപിക്കുതിനുളള ടെണ്ടര്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട്. അടുത്ത വര്‍ഷം മെയ് മാസത്തോടെ പണി പൂര്‍ത്തീകരിച്ച് ഉല്പാദനം ഇരട്ടിയാക്കും. അരുവിക്കരയില്‍ ജലശുദ്ധീകരണം ഇരട്ടിയാക്കി ഉല്പാദനം ഇരട്ടിയാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു; 2025 ഏപ്രിലി നകം ഇവിടെയും ഇരട്ടി ഉല്പാദനമാക്കും. കുപ്പിവെള്ളത്തിനൊപ്പം സോഡ, ശീതള പാനീയം തുടങ്ങിയവ വിപണിയില്‍ എത്തിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. മേയ് മാസത്തിൽ ഉല്പാദനം തുടങ്ങാമെന്ന് പ്രതീക്ഷിക്കുന്നു.

സാധാരണയായി ഒരു ഷിഫ്റ്റ് മാത്രമാണ് ഇരു പ്ലാന്റിലും ഉല്പാദനം നടത്തിയിരുന്നത്. എന്നാല്‍ ഈ സാന്പത്തിക വര്‍ഷത്തില്‍ വര്‍ദ്ധിച്ച ആവശ്യകത കണക്കിലെടുത്ത് മൂന്നു ഷിഫ്റ്റുകളിലായി 2 പ്ലാന്റിലും ഉല്പാദനം നടത്താന്‍ നടപടി സ്വീകരിച്ചതും എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ സാന്പത്തിക വര്‍ഷ (2023- –24) ത്തില്‍ 8.83 കോടിരൂപയാണ് ഹില്ലി അക്വാ വിറ്റുവരവ് . എന്നാല്‍ മുന്‍വര്‍ഷം (2022– 23) ഇത് 5.22 കോടി രൂപ മാത്രമായിരുന്നു. നിലവിലെ സാന്പത്തിക വര്‍ഷം ഒക്ടോബര്‍ മാസം വരെ ഹില്ലി അക്വയുടെ വിറ്റുവരവ് 6.38കോടി രൂപയാണ് എന്നതും എടുത്തു പറയേണ്ടതാണ്.

മുന്‍വര്‍ഷങ്ങളില്‍ വിതരണത്തിനായി തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിലായി 6 കുപ്പിവെളള വിതരണക്കാര്‍ മാത്രമേ ഹില്ലി അക്വയ്ക്ക് ഉണ്ടായിരുന്നുളളൂ. എന്നാല്‍ കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ താലൂക്കടിസ്ഥാനത്തില്‍ പുതിയ 50 ല്‍ അധികം വിതരണക്കാർ ഉണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − nine =

Most Popular