160 വര്‍ഷത്തിലേറെ പാരമ്പര്യമുള്ളതാണ് നമ്മുടെ രജിസ്ട്രേഷന്‍ വകുപ്പ്. 1865 ഫെബ്രുവരി 1ന് കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയിലാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ സബ്ബ് രജിസ്ട്രാറാഫീസ് സ്ഥാപിക്കപ്പെട്ടത്.
സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സുകളില്‍ രണ്ടാംസ്ഥാനത്ത് രജിസ്ട്രേഷന്‍ വകുപ്പാണ്. 5,579 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം. തൊട്ടു മുന്‍വര്‍ഷം ഇത് 5,219 കോടി രൂപയായിരുന്നു.
വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി വകുപ്പിനെയാകെ ആധുനിക വല്‍ക്കരിക്കുന്ന നടപടികളാണ് ആവിഷ്കരിച്ചു നടപ്പാക്കി വരുന്നത്.
ഇതിന്റെ ഭാഗമായി ഒട്ടേറെ പരിഷ്‌കാരങ്ങള്‍ ഇതിനകം സർക്കാർ നടപ്പാക്കിയിട്ടുണ്ട്. നമ്മുടെ 315 സബ്ബ് രജിസ്ട്രാറാഫീസുകളും കമ്പ്യൂട്ടര്‍ വല്‍ക്കരിച്ചുകൊണ്ട് പല സേവനങ്ങളും ഓണ്‍ലൈനായി തന്നെ ലഭ്യമാക്കിയതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ സുഗമമായും സുതാര്യമായും ലഭ്യമാക്കാന്‍ സാധിച്ചുവരുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കിഫ്ബിയിലൂടെ പഴയ കെട്ടിടങ്ങള്‍ നവീകരിക്കുന്ന പദ്ധതി നടപ്പാക്കി. ഇതിലുള്‍പ്പെടുത്തിയിരുന്ന 52 കെട്ടിടങ്ങളില്‍ 48 എണ്ണത്തിന്റെ പണിപൂര്‍ത്തിയാക്കി. ഇതിനുപുറമെ മറ്റു ഫണ്ടുകള്‍ ഉപയോഗിച്ച് 15 കെട്ടിടങ്ങളുടെ നവീകരണം വേറെയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
• ഒരു ജില്ലയിലെ ആധാരം ജില്ലയ്-ക്കകത്ത് ഏത് രജിസ്ട്രാറാഫീസിലും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം.
• രജിസ്ട്രേഷന് ഓണ്‍ലൈന്‍ ആയി തീയതിയും സമയവും നിശ്ചയിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ടോക്കൺ സമ്പ്രദായം.
• ഓണ്‍ലൈന്‍ ഗഹാന്‍ രജിസ്ട്രേഷന്‍.
• പഴയ ആധാരങ്ങൾ ഡിജിറ്റൈസ് ചെയ്തതോടെ ആധാര പകര്‍പ്പുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടി.
• പോക്കുവരവുകള്‍ എളുപ്പത്തിലാക്കുന്നതിന് റവന്യൂ – റജിസ്ട്രേഷന്‍ വകുപ്പുകളുടെ സോഫ്റ്റ്‌വെയറുകള്‍ പരസ്പരം ബന്ധിപ്പിച്ച് നടപടികള്‍ സുഗമമാക്കി.
എന്റെ ഭൂമി എന്ന പുതിയ പോര്‍ട്ടല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വരുന്നു. ഇത് പ്രയോഗത്തില്‍ വരുന്നതോടെ രജിസ്ട്രേഷന്‍- റവന്യൂ-സര്‍വ്വേ നടപടിക്രമങ്ങള്‍ ഒന്നിച്ചു പൂര്‍ത്തിയാക്കാന്‍ കഴിയും. ഭൂമി സംബന്ധിച്ച ആവശ്യങ്ങള്‍ക്ക് ഒരാള്‍ പല ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.
• ആധാരങ്ങളില്‍ ഡിജിറ്റല്‍ എന്‍ഡോര്‍സ്മെന്റ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
• വിവാഹ രജിസ്ട്രേഷന്‍ നടപടികള്‍ പരിഷ്കരിക്കുന്നു. ഫോട്ടോ പതിച്ച വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംവിധാനമൊരുക്കും.
• എല്ലാ പണമിടപാടുകളും ഓണ്‍ലൈന്‍ ആക്കിക്കൊണ്ട് സബ്ബ് രജിസ്ട്രാറാഫീസുകളെ ക്യാഷ് ലെസ് ഓഫീസുകളാക്കി മാറ്റും.
• ചിട്ടി ഓണ്‍ലൈന്‍ സംവിധാനമൊരുക്കും.
ഇത്തരത്തില്‍ ആധുനിക വല്‍ക്കരണത്തിന്റെ നല്ല പ്രയോജനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കികൊണ്ട് നവകേരളത്തില്‍ കാലത്തിനൊപ്പം രജിസ്ട്രേഷന്‍ വകുപ്പ് മുന്നേറുകയാണ്.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെയും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയും വിഭാവനം ചെയ്ത നവകേരള സൃഷ്ടിക്ക് ഉതകും വിധമുള്ള പുരോഗമനോന്മുഖമായ മാറ്റങ്ങളാണ് രജിസ്ട്രേഷന്‍ വകുപ്പിലും നടപ്പാക്കിയിട്ടുള്ളതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതും.
മ്യൂസിയങ്ങളുടെ ഭാവി
മെയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനമാണ്. ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയംസ് (ICOM)ന്റെ നേതൃത്വത്തില്‍ 1977 മുതല്‍ ഈ ദിനം ആചരിച്ചുവരുന്നുണ്ട്. 19–ാം നൂറ്റാണ്ടില്‍ ആരംഭിച്ച് ഇന്ന് ലോകമെങ്ങും വമ്പിച്ച സ്വീകാര്യത നേടിയിട്ടുള്ളതാണ് മ്യൂസിയങ്ങള്‍. ലോക സമൂഹങ്ങള്‍ക്കിടയില്‍ ഫലവത്തായ സാംസ്കാരിക വിനിമയം സാധ്യമാക്കുക, സാംസ്കാരിക സമ്പുഷ്ടീകരണവും പരസ്പര ധാരണയും വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമാക്കിയിട്ടുള്ളത് . അതുകൊണ്ടുതന്നെ ലോകമെമ്പാടും മ്യൂസിയങ്ങളുടെ സ്വീകാര്യതയും പ്രസക്തിയും വര്‍ദ്ധിച്ചു വരുന്നു. 1992 മുതല്‍ ഈ ദിനത്തില്‍ ഒരു വാര്‍ഷിക പ്രമേയം അംഗീകരിക്കാറുണ്ട്.
‘അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സമൂഹത്തില്‍ മ്യൂസിയങ്ങളുടെ ഭാവി’ എന്നതാണ് ഈ വര്‍ഷത്തെ മ്യൂസിയം ദിന പ്രമേയം. അതി തീവ്രമായ സാമൂഹിക, സാമ്പത്തിക, സാങ്കേതിക, പാരിസ്ഥിതിക മാറ്റങ്ങള്‍ക്ക് സദാ വിധേയമായിക്കൊണ്ടിരിക്കുന്ന ലോകത്തിന്, ശരിയായ ദിശാബോധം നല്‍കുവാന്‍ മ്യൂസിയങ്ങള്‍ക്ക് എങ്ങനെയെല്ലാം സാധിക്കും എന്നതാണ് മുഖ്യ ചിന്താ വിഷയം. മ്യൂസിയങ്ങള്‍ കേവലം പുരാവസ്തു പരിരക്ഷണ ഇടങ്ങള്‍ മാത്രമല്ല. സമഗ്രവും സുസ്ഥിരവുമായ സാമൂഹ്യ സൃഷ്ടികളിലെ സജീവ പങ്കാളികള്‍ കൂടിയാണ്.
അത്യാധുനിക വിവര സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ അസത്യങ്ങളെ അലങ്കരിച്ച് സത്യങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. നൂറ്റാണ്ടുകളായി മാനവസമൂഹം കൈവരിച്ച ചരിത്രനേട്ടങ്ങളെയും സാംസ്കാരിക പൈതൃകത്തെയും സമര്‍ത്ഥമായി മറച്ചുവയ്ക്കുന്നതിനുളള ഗൂഢ ശ്രമങ്ങള്‍ നടക്കുന്നു. ചരിത്ര സത്യങ്ങളെയും ചരിത്രം സൃഷ്ടിച്ചവരെയും അവനവന്റെ സൗകര്യത്തിനനുസരിച്ച് വ്യാഖ്യാനിച്ചുകൊണ്ട്, അസത്യങ്ങള്‍ ആര്‍വത്തിച്ചു പറഞ്ഞ് സത്യങ്ങളാക്കാനുളള കുത്സിത ശ്രമങ്ങളാണ് നടക്കുന്നത്. അധികാര നിര്‍വഹണത്തിനായി മിഥ്യയുടെ കവചങ്ങള്‍ ആവര്‍ത്തിച്ച്, സത്യത്തിന്റെ തീവ്രപ്രകാശത്തെ മറയ്ക്കുവാന്‍ ശ്രമിക്കുന്ന ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ക്ക് ശക്തിയേറുന്ന കാലഘട്ടമാണിത്. ഇവിടെയാണ് പൊതുജന മാധ്യമമായ മ്യൂസിയങ്ങളുടെ പ്രസക്തി. സത്യം പറയുന്ന ഇടങ്ങളാണ് മ്യൂസിയങ്ങള്‍. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അറിയുന്നതിനും അപഗ്രഥിക്കുന്നതിനും മ്യൂസിയം ഗ്യാലറികള്‍ ഉപകരിക്കുന്നു.
സ്വന്തം അസ്തിത്വം വിളംബരം ചെയ്യുന്ന പൈതൃക ബോധമാണ് മനുഷ്യനെ ശക്തിപ്പെടുത്തുന്നത്. നമ്മുടെ വ്യക്തിബോധത്തിന്റെ അടിസ്ഥാന വും മറ്റൊന്നല്ല. നാമാരാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന അറിവിന്റെ കേന്ദ്രങ്ങളാണ് മ്യൂസിയങ്ങള്‍. നിരക്ഷരനെയും സാക്ഷരനെയും ഒരു പോലെ സ്വീകരിക്കുകയും ദൃഷ്ടാന്തങ്ങളുടെ അകമ്പടിയോടെ അറിവിന്റെ കവാടങ്ങള്‍ അവരുടെ മുമ്പില്‍ തുറന്നിടുകയുമാണ് മ്യൂസിയങ്ങള്‍ ചെയ്യുന്നത്. ഉദ്ഘനനങ്ങളിലൂടെയും പര്യവേഷണങ്ങളിലൂടെയും കണ്ടെത്തിയ, പുരാവസ്തുക്കളുടെയും, ശേഷിപ്പുകളുടെയും ചരിത്ര സ്മാരകങ്ങളുടെയും പശ്ചാത്തലത്തില്‍ മ്യൂസിയങ്ങള്‍ കഥപറയുമ്പോള്‍ അവ ചരിത്ര സത്യങ്ങളിലേക്ക് വെളിച്ചം പകരുന്ന പ്രകാശ ഗോപുരങ്ങളായി മാറുന്നു.
ലോകമെമ്പാടുമുളള ജനസമൂഹത്തിന് ഇക്കാലത്തുണ്ടായ പൈതൃകാഭിമുഖ്യം സ്വന്തം സംസ്കാരത്തിന്റെ വേരുകള്‍ സംരക്ഷിച്ചു നിലനിറുത്തുന്ന പൈതൃക മ്യൂസിയങ്ങള്‍ രൂപപ്പെടുന്നതിലേക്ക് വഴിവെച്ചു. ഒരു സമൂഹത്തിന്റെ ചരിത്ര–സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന കണ്ണാടികളായി മ്യൂസിയങ്ങള്‍ മാറി. വിദ്യാലയങ്ങള്‍ പോലെയോ ഗ്രന്ഥശാലകള്‍ പോലെയോ അവ നാടിന് അനുപേക്ഷണീയ ഘടകമായി ത്തീര്‍ന്നു. മാറുന്ന കാലത്തിനനുസരിച്ച് മ്യൂസിയങ്ങളും മാറിക്കൊണ്ടിരിക്കുന്നു. മാറ്റങ്ങള്‍ മ്യൂസിയത്തിന്റെ കുടെപ്പിറപ്പാണെന്ന് പറയാം. ആവശ്യാനുസരണം രൂപഭാവ വ്യതിയാനം വരുത്താവുന്നത്ര വഴക്കമുളള (flexibility) ഒരു ബോധന മാധ്യമം മ്യൂസിയം പോലെ മറ്റൊന്നില്ലതന്നെ. 2025 അന്താരാഷ്ട്ര മ്യൂസിയം ദിനത്തിന്റെ അടയാള ചിഹ്നം (logo) സൂചിപ്പിക്കുന്നതും ഈ സ്വഭാവമാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഇന്ത്യയില്‍ മ്യൂസിയങ്ങളുണ്ടാവുമ്പോള്‍ തന്നെ കേരളത്തിലും ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചിരുന്നു. ഇന്ത്യയിലെ ആദ്യകാല നാലു മ്യൂസിയങ്ങളിലൊന്നായി രൂപം കൊണ്ട നാപ്പിയര്‍ മ്യൂസിയം ഇന്നും മലയാളിക്കഭിമാനമായി തിരുവനതപുരത്ത് നിലകൊളളുന്നു. ചുരുങ്ങിയ കാലയളവിനുളളില്‍ യൂറോപ്പിലെമ്പാടും മ്യൂസിയങ്ങള്‍ക്കുണ്ടായ വളര്‍ച്ചയും സ്വീകാര്യതയും ഇന്ത്യയില്‍ പ്രതിഫലിച്ചില്ല എന്നുളളത് വസ്തുതയാണ്. കേരളത്തിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. നവ സാങ്കേതിക വിദ്യകളുടെ മേഖലയില്‍ ഉണ്ടായ വളര്‍ച്ച മ്യൂസിയം മേഖലയെ വേണ്ടത്ര സ്വാധീനിച്ചിരുന്നില്ല. 2017 മുതല്‍ കേരളത്തില്‍ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകാന്‍ തുടങ്ങി. ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ വ്യത്യസ്തങ്ങളായ മ്യൂസിയങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കുമെന്നായിരുന്നു വാഗ്ദാനം. അതിന്റെ ഭാഗമായി നിലവിലുളള മ്യൂസിയങ്ങളുടെ പാരമ്പര്യചട്ടക്കൂടുകള്‍ ഇളക്കിമാറ്റി നവസാങ്കേതിക വിദ്യകള്‍ ഇണക്കിച്ചേര്‍ത്ത് ലോകനിലവാരത്തിലുളള ഗ്യാലറികളാക്കി മാറ്റി. കഴിഞ്ഞ ഒൻപതു വര്‍ഷങ്ങള്‍കൊണ്ട് വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ 25 മ്യൂസിയങ്ങള്‍ നമ്മുടെ നാട്ടില്‍ രൂപം കൊണ്ടു. കൂടാതെ ഇരുപതോളം മ്യൂസിയം പദ്ധതികള്‍ പുരോഗമിച്ചു വരുന്നു. നമ്മുടെ സംസ്ഥാനം ഇന്ത്യയിലെ മ്യൂസിയങ്ങളുടെ ‘ഹബ്ബ്’ ആയി മാറിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ മ്യൂസിയം നോഡല്‍ ഏജന്‍സിയായ ‘കേരളം മ്യൂസിയം’ (IMCK) ആണ് കേരളത്തില്‍ മ്യൂസിയം നവോത്ഥാനത്തിന്റെ നേതൃത്വപരമായ പങ്ക് വഹിക്കുന്നത്.
മ്യൂസിയങ്ങളെ അവലോകനം ചെയ്യാനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും ഒരു മ്യൂസിയം കമ്മീഷനെ നിയമിക്കുമെന്നതായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം. അതനുസരിച്ച് സംസ്ഥാനത്ത് ഈ രംഗത്തെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച മ്യൂസിയം കമ്മീഷന്‍ അതിന്റെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സമഗ്രമായ ഒരു മ്യൂസിയം നയം ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് ലക്ഷ്യം. മ്യൂസിയം പുരാവസ്തു, പുരാരേഖ തുടങ്ങി വിവിധ വകുപ്പുകളുടെ കീഴില്‍ വ്യത്യസ്തങ്ങളായ കഥ പറയുന്ന മ്യൂസിയങ്ങളാണ് കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടത്.
മ്യൂസിയങ്ങള്‍ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ കാവല്‍ക്കാരാണ്. ഗ്യാലറികളിലെ പൈതൃക ശേഖരങ്ങള്‍ വെളിപ്പെടുത്തുന്നത് കടന്നു പോയ നമ്മുടെ പൂര്‍വ്വികരുടെ സത്യസന്ധമായ കഥയാണ്. ഭൂതകാലത്തിന്റെ ശക്തിയിലാണ് വര്‍ത്തമാനകാലം രൂപപ്പെടുന്നത്. ആത്മബോധവും ആത്മാഭിമാനവുമുളള തലമുറയെ സൃഷ്ടിക്കുവാന്‍ മ്യൂസിയങ്ങളുടെ അനിവാര്യത തിരിച്ചറിയപ്പെടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് മ്യൂസിയങ്ങളും ചരിത്രശേഷിപ്പുകളും ഏറെ പ്രസക്തമാകുന്നു. l



