Monday, August 3, 2026

ad

Homeകവര്‍സ്റ്റോറിമനുഷ്യ- വന്യജീവി സംഘര്‍ഷം നേരിടാന്‍ 
അടിയന്തര നടപടികള്‍

മനുഷ്യ- വന്യജീവി സംഘര്‍ഷം നേരിടാന്‍ 
അടിയന്തര നടപടികള്‍

ലോകത്തില്‍ വിവിധയിടങ്ങളിലെന്നപോലെ കേരളത്തിലും വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള മനുഷ്യന്റെ ദൈനംദിനജീവിതരീതികളും, മറുവശത്ത് വനത്തിനോടടുത്ത് കഴിയുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷി-ക്കും കന്നുകാലികള്‍ക്കും വന്യമൃഗങ്ങൾ കാരണമുണ്ടാകുന്ന നാശനഷ്ടങ്ങളും ഗുരുതരമായ ഒരു പ്രശ്നമായി മാറിയിരിക്കുന്നു. മൃഗങ്ങളുടെ സ്വാഭാവിക സഞ്ചാരപാതകള്‍ തടസ്സപ്പെടുമ്പോൾ, അവയ്ക്ക് ആവശ്യത്തിന് ആഹാരവും ജലവും ലഭ്യമല്ലാതെയാകുമ്പോള്‍ അവ മനുഷ്യന്റെ വാസസ്ഥലികളിലേക്ക് തിരിയുന്നു. ഇത് വനത്തിനോടടുത്ത് വസിക്കുന്നവരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുകയും, പരിസ്ഥിതി-യെയും മനുഷ്യ ബന്ധത്തെ സങ്കീർണ്ണമാക്കുകയും ചെയ്യുന്നു.

വിളകൾ, വീടുകൾ, മറ്റ് വസ്തുവകകൾ എന്നിവയ്ക്ക് നാശനഷ്ടങ്ങൾ, മനുഷ്യരുടെ ജീവഹാനി, കന്നുകാലികളെ കൊണ്ടുപോകൽ, മനുഷ്യർക്ക് പരിക്കേൽപ്പിക്കൽ എന്നിവയുടെ രൂപങ്ങളില്‍ കണ്ടുവരുന്ന സംഘര്‍ഷങ്ങള്‍ അർഹിക്കുന്ന ഗൗരവത്തില്‍ തന്നെ നേരിടേണ്ടതുണ്ട് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ബഹുമുഖമായ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ കൈക്കൊണ്ട് വരുന്നത്.

അതിന്റെ ഭാഗമായി സംഘര്‍ഷങ്ങളുടെ ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തിയ 273 പഞ്ചായത്തുകളിലും 12 പ്രത്യേക പ്രദേശങ്ങളും കേന്ദ്രീകരിച്ച് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. പ്രശ്‌നബാധിതമായ പ്രദേശങ്ങളില്‍ 1250ഓളം കി.മീ സോളാര്‍വേലി, സോളാര്‍തൂക്ക് വേലി, ആനപ്രതിരോധക്കിടങ്ങ്, റെയില്‍ വേലി, ചുറ്റുമതില്‍ തുടങ്ങിയ വിവിധതരം വേലികളും മറ്റും കെട്ടി തിരിച്ചു.

മനുഷ്യ-വന്യജീവി സംഘര്‍ഷത്തെ ‘‘സംസ്ഥാന സവിശേഷ ദുരന്തമായി” പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനതലത്തില്‍ വനം വകുപ്പ് ആസ്ഥാനത്ത് ഒരു സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേറ്റിങ് സെന്ററും ഡിവിഷന്‍ തലത്തില്‍ 36 ഡിവിഷണല്‍ എമര്‍ജന്‍സി ഓപ്പറേറ്റിങ്- സെന്ററുകളും പ്രവര്‍ത്തനം ആരംഭിച്ചു; അവ 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നുണ്ട്.

പുതുതായി രൂപീകരിച്ച 9 ദ്രുതകര്‍മ്മ സേനകള്‍ (RRT) ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം 28 സ്ഥിരം ദ്രുതകര്‍മ്മ സേനകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ നാട്ടിലേക്കിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് തുരത്തിവിടുന്നതിനും, ആക്രമണം തടയുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുകയും നിരന്തരം പട്രോളിങ്ങും, പരിശോധനയും നടത്തിവരികയും ചെയ്യുന്നു. മനുഷ്യ-–വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്ന പ്രവര്‍ത്തനത്തിനത്തിനായി വിവിധ സര്‍ക്കിളുകളിലായി 891 താല്‍ക്കാലിക വാച്ചര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സെറ്റിൽമെന്റുകളില്‍ 1000 സോളാര്‍ ലൈറ്റുകളും 60 ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കാനും പദ്ധതി ആരംഭിച്ചിട്ടുണ്ട്.

കാടിനെക്കുറിച്ച് നന്നായി അറിയുന്ന വനാശ്രിതരായ ആദിവാസി വിഭാഗത്തില്‍ നിന്നും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ പി.എസ്.സി മുഖാന്തിരം നിയമിച്ചു. ഇവരുടെ സേവനം മനുഷ്യ-–വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ഫീല്‍ഡ് പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തി വരുന്നുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെ പ്രതിനിധികള്‍, വനസംരക്ഷണ സമിതികള്‍, ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റികള്‍ എന്നിവയിലെ അംഗങ്ങളെയും കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി 280 ജനജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

മനുഷ്യ–- വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി അയല്‍ സംസ്ഥാനങ്ങളുടെകൂടി സഹകരണം ഉറപ്പാക്കുന്നതിനായി കര്‍ണാടകയിലെ ബന്ദിപ്പൂരില്‍ 10.3.2024-ന് കേരളവും കര്‍ണാടകയും തമിഴ്‌നാടും അന്തര്‍ സംസ്ഥാന ധാരണ പത്രം ഒപ്പിട്ടു. കേരള വനംവകുപ്പ് മന്ത്രിയും കര്‍ണാടക വനംവകുപ്പ് മന്ത്രിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

പ്രതിരോധത്തിന് 
ആധുനിക സാങ്കേതിക വിദ്യകളും
ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്ന കാട്ടാനകളെ ശബ്ദവും വെളിച്ചവും ഉണ്ടാക്കി കാട്ടിലേക്ക് തിരികെ വിടുന്നതിന് ആധുനിക അനിഡേര്‍സ് അലാറം സിസ്റ്റം വനം വകുപ്പ് പ്രയോജനപ്പെടുത്തി വരുന്നുണ്ട്. Digital(sensor)Wall, ക്യാമറ ട്രാപ്പ്, ആനിമല്‍ ഇന്‍ട്രൂഷന്‍ അലര്‍ട്ട് സിസ്റ്റം തുടങ്ങിയവയും ഉപയോഗപ്പെടുത്തിവരുന്നു. നിര്‍മ്മിത ബുദ്ധി സംവിധാനം ഉപയോഗപ്പെടുത്തി കൂടുതല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പത്ത് മിഷനുകള്‍
വന്യജീവി ആക്രമണ പ്രതിരോധത്തിനായി 10 മിഷനുകള്‍ക്ക് വനം വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ നീക്കം മുന്‍കൂട്ടി അറിയുന്നതിനായി മിഷന്‍ റിയല്‍ ടൈം മോണിറ്ററിംഗ്, വന്യജീവി ആക്രമണ പ്രദേശത്ത് സമയബന്ധിത ഇടപെടല്‍ ഉറപ്പുവരുത്തുന്നതിനായി മിഷന്‍ പ്രൈമറി റെസ്‌പോൺസ് ടീം, ഗോത്ര സമൂഹങ്ങള്‍ മനുഷ്യ-–വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിന് സ്വീകരിച്ചുപോന്ന പരമ്പരാഗത അറിവുകള്‍ ശേഖരിക്കുന്നതിന് മിഷന്‍ ട്രൈബല്‍ നോളജ്, വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ ജല-, ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്നതിന് ‘മിഷന്‍ ഫുഡ്-ഫോഡര്‍- വാട്ടര്‍’ എന്നിങ്ങനെ മിഷനുകള്‍ രൂപീകരിച്ചു. നാടന്‍ കുരങ്ങുകളുടെ ശല്യം വര്‍ദ്ധിച്ചുവരുന്നതിനാല്‍ അവയെ നിയമാനുസൃതം നിയന്ത്രിക്കുന്നതിന് വേണ്ട മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി പ്രപ്പോസല്‍ തയ്യാറാക്കാനുള്ള പദ്ധതി (Mission Bonnet Macaque), കാട്ടുപന്നിയുടെ ശല്യം വ്യാപകമായ പഞ്ചായത്തുകളില്‍ അവയെ നിയന്ത്രിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് എല്ലാ സഹായവും നല്‍കുക (Mission Wild Pig), പാമ്പ് കടിയേറ്റുള്ള മരണനിരക്ക് പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള ‘മിഷന്‍ സര്‍പ്പ’ , വന്യജീവി സംഘര്‍ഷത്തിന്റെ കാരണം സംബന്ധിച്ച പഠന-ഗവേഷണങ്ങള്‍ക്കായുള്ള മിഷന്‍ നോളജ്, സൗരോര്‍ജ്ജ വേലികള്‍ പരമാവധി പ്രവര്‍ത്തനസജ്ജമാക്കാന്‍ മിഷന്‍ സോളാര്‍ ഫെന്‍സിംഗ്, മനുഷ്യ-വന്യജീവി സംഘര്‍ഷം സംബന്ധിച്ച് ജനങ്ങളില്‍ അവബോധം വരുത്തുന്നതിനായി കാമ്പയിനുകള്‍ സംഘടിപ്പിക്കുക(Mission Sensitization to Public) എന്നിങ്ങനെ ലക്ഷ്യമിട്ടാണ് 10 മിഷനുകള്‍ക്ക് രൂപം നല്‍കിയത്.

മനുഷ്യ –വന്യജീവി 
സംഘര്‍ഷത്തിന്റെ സ്വഭാവവും 
കേന്ദ്രനിയമത്തിലെ 
കര്‍ശന വ്യവസ്ഥകളും
മനുഷ്യ-–വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് പ്രധാന തടസ്സം 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11 (1) (എ) യും അതുപ്രകാരം വന്യജീവികളെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശനനിയന്ത്രണങ്ങളുമാണ്. ആക്രമണകാരിയായ കടുവയെ കൊല്ലണമെങ്കില്‍ അത് നരഭോജി കടുവയാണെന്ന തെളിവു വേണം, മയക്കുവെടി വെയ്ക്കുന്നതിന് ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി നിര്‍ണയിച്ച നടപടിക്രമങ്ങള്‍ മുഴുവന്‍ പാലിയ്ക്കണം തുടങ്ങിയ അപ്രായോഗിക വ്യവസ്ഥകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരമാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. കേന്ദ്ര നിയമത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അത് ഭേദഗതി ചെയ്യുന്നതിനും കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനും വന്യജീവികളുടെ ജനനനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ആവശ്യപ്പെട്ടുകൊണ്ട് 2024 ഫെബ്രുവരി 24ന് കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചതിനാല്‍ കാട്ടുപന്നികളെ കൊല്ലുന്നതിന് ഉത്തരവ് നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കി അവരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം 2022 മെയ് മുതല്‍ ഇതുവരെ 5000-ത്തിലധികം കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാന വനംവകുപ്പിന്റെ 
പ്രവര്‍ത്തനങ്ങള്‍
വനം, വന്യജീവി സംരക്ഷണത്തിനൊപ്പം പൊതുജനങ്ങളുടെ ജീവനും സ്വത്തിനും കൂടി സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്.

• സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനനയം അംഗീകരിക്കുക വഴി 1,583.85 ഹെക്ടർ വനപ്രദേശം പുനഃസ്ഥാപിക്കുകയും കേരളത്തിലെ കാമ്പ് വനമേഖല അസ്പർശിത ഉൾവനങ്ങളായി നിലനിറുത്തുകയും അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കുകയും ചെയ്തുവരുന്നു.

• കാട്ടുതീയിൽ നിന്നുമുള്ള സംരക്ഷണത്തിനായി കാട്ടുതീ സംബന്ധിച്ച വിവരങ്ങൾ, മുന്നറിയിപ്പുകൾ എന്നിവ യഥാസമയം അറിയിക്കുന്നതിനായി 8 സർക്കിൾതല ഫയർ കൺട്രോൾ റൂമുകളും, 36 ഡിവിഷൻ തല ഫയർ കൺട്രോൾ റൂമുകളും ഇവയുടെ കീഴിലായി റെയ്-ഞ്ച്, സ്റ്റേഷൻ തലത്തിൽ ഫയർ കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ വനം വകുപ്പ് ആസ്ഥാനത്ത് മുഴുവൻ സമയ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.

• കാർഷിക വനവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വനം വകുപ്പും തദ്ദേശസ്വയം ഭരണവകുപ്പും സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ‘വൃക്ഷ സമൃദ്ധി’ എന്ന പദ്ധതി നടപ്പിലാക്കി, അതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ /സ്വകാര്യ ഭൂമിയിൽ നട്ടുപിടിപ്പിക്കുന്നതിനായി 21.31 ലക്ഷം തൈകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്തു. സ്വകാര്യ ഭൂമിയിൽ തടിയുല്പാദനത്തിന് പ്രോത്സാഹന ധനസഹായം നൽകുന്ന പദ്ധതി നടപ്പിലാക്കി. കേരളത്തിൽ വനാവകാശനിയമം നടപ്പാക്കുന്നതിനുള്ള നോഡൽ ഏജൻസിയായ പട്ടികവർഗ്ഗ വികസന വകുപ്പിനെ ചുമതലപ്പെടുത്തി. പ്രസ്തുത നിയമം നടപ്പാക്കുന്നതിനുള്ള സഹായസഹകരണങ്ങൾ ആ വകുപ്പിന് നൽകി വരുന്നു.

• മധ്യവർത്തികളുടെ ഇടപെടൽ കൂടാതെ വനവിഭവങ്ങൾ ആദിവാസി സമൂഹത്തിന് വിപണനം ചെയ്യുന്നതിനും അതിലൂടെ മെച്ചപ്പെട്ട വില ലഭിക്കുന്നതിനും അങ്ങനെ അവരുടെ ജീവിതനിലവാര ഉയർച്ചക്ക് ഉതകുന്നതിനുമായി അവര്‍ ശേഖരിക്കുന്ന വനവിഭവങ്ങൾ സംസ്കരിച്ച് മൂല്യവർദ്ധനവ് നടത്തി വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ “വനശ്രീ’ വഴി വിപണനം ചെയ്യുന്നു.

• വനം കയ്യേറ്റം പൂര്‍ണ്ണമായി തടയുന്നതിനായി ജണ്ട കെട്ടി വേര്‍തിരിക്കുന്ന നടപടികള്‍ക്ക് വേഗം കൂട്ടി. ഈ സർക്കാർ അധികാരമേറ്റശേഷം നാളിതുവരെയായി 9,441 എണ്ണം ജണ്ടകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. വനാതിർത്തി ഡിജറ്റലൈസ് ചെയ്യുന്ന പ്രവൃത്തി സർവ്വേയും ഭൂരേഖയും വകുപ്പ് നടത്തിവരുന്ന “എന്റെ ഭൂമി’ പദ്ധതിയുടെ ഭാഗമായതുകൊണ്ട് പ്രസ്തുത പദ്ധതി പൂർത്തിയാകുന്ന മുറയ്-ക്ക് വനാതിർത്തി ഡിജിറ്റലൈസേഷനും പൂർത്തിയാക്കും.

• കണ്ടൽക്കാടുകൾ, കാവുകൾ എന്നിവയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ധനസഹായം ചെയ്തുവരുന്നു.

• അർ.കെ.ഡി.പി, കിഫ്ബി എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയായ ‘നവകിരണം’ പദ്ധതി പ്രകാരം വനത്തിനകത്ത് വന്യജീവി ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന 815 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കി 160.5904 ഹെക്ടര്‍ ഭൂമിയില്‍ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചു.

• വനം ഇക്കോടൂറിസവും വിപുലീകരിക്കുന്നതിനും തദ്ദേശീയരായിട്ടുള്ളവര്‍ക്ക് കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്നതിനും മറ്റുമായുള്ള കേരള വനം ഇക്കോടൂറിസം വികസന അതോറിറ്റിയുടെ രൂപീകരണം അന്തിമഘട്ടത്തിലാണ്.

വനംവകുപ്പ് ജനങ്ങള്‍ക്കൊപ്പം
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഏറ്റവും ശക്തമായ ഇടപെടലാണ് വനംവകുപ്പ് കൈക്കൊണ്ടിട്ടുള്ളത്. പാരിസ്ഥിതികസംവേദക മേഖല (ഇക്കോ സെന്‍സിറ്റീവ് സോണ്‍) സംബന്ധിച്ച പ്രശ്നങ്ങൾ വളരെ ജനോപകാരപ്രദമായ രീതിയിൽ പരിഗണിക്കുന്നതിന് സ്വീകരിച്ച ക്രിയാത്മകമായ നടപടികളുടെ അടിസ്ഥാനത്തിലാണ് വന്യജീവി സങ്കേതങ്ങൾ ദേശീയോദ്യാനങ്ങൾ തുടങ്ങിയവയ്ക്ക് ചുറ്റും പാരിസ്ഥിതിക സംവേദക മേഖലകൾ നിശ്ചയിക്കുമ്പോൾ ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ ഒഴിവാക്കണമെന്ന് നിലപാട് ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ വിജയകരമായ രീതിയിൽ അവതരിപ്പിക്കാനും അനുകൂല വിധി നേടാനും കഴിഞ്ഞത്. ഇതോടെ ജനവാസമേഖലകള്‍ ഒഴിവാക്കിയ ശേഷം മറ്റ് സ്ഥലങ്ങളില്‍ മാത്രം ഒരു കി.മീ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഉണ്ടായാല്‍ മതി.

2011 മുതലുള്ള നഷ്ടപരിഹാര
കുടിശ്ശിക കൊടുത്തുതീര്‍ത്തു
മനുഷ്യ-–വന്യജീവി സംഘര്‍ഷം മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്കും, പരിക്കേറ്റവര്‍ക്കും, സ്വത്തിനും കൃഷിക്കും നാശം സംഭവിച്ചവര്‍ക്കുമുള്ള നഷ്ടപരിഹാരമായി 2020–-21 മുതല്‍ 2023–-24 വരെ 33,784 അപേക്ഷകളിന്മേല്‍ 5584.35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

വന്യജീവികളുടെ ആക്രമണത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് 2 മുതല്‍ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ അനുമതി നല്‍കിയത് ഈ സര്‍ക്കാരാണ് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 80% കുടിശ്ശികയുണ്ടായിരുന്ന നഷ്ടപരിഹാര തുക ഉള്‍പ്പെടെ ഇതേ വരെ ഉണ്ടായിരുന്ന കുടിശ്ശികയുടെ 95%വും കൊടുത്തു തീര്‍ത്തു. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാത്ത കേസുകളില്‍ മാത്രമാണ് ഇനി നഷ്ടപരിഹാര തുക നല്‍കാനുള്ളത്.

വന്യജീവി സംരക്ഷണത്തിനും
 സന്ദര്‍ശകര്‍ക്കുമായി വനംവകുപ്പ് 
ഒരുക്കുന്ന പദ്ധതികള്‍
സംസ്ഥാനത്തെ ആന -– മനുഷ്യ സംഘർഷം എന്ന ഗുരുതരമായ പ്രശ്നം പരിഹരിക്കുക, നാട്ടാനകളുടെ ക്ഷേമം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് കിഫ്ബിയുടെ ധനസഹായത്തോടെ 105 കോടി രൂപ മുതല്‍മുടക്കില്‍ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ സ്ഥാപിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ആന പുനരധിവാസ കേന്ദ്രം 2024 ഒക്ടോബർ മാസം 11 –ാം തീയതി ഉദ്ഘാടനം ചെയ്യപ്പെട്ടു. തൃശൂർ ജില്ലയിലെ തൃശൂർ മ്യൂസിയത്തിനോടനുബന്ധിച്ചുള്ള 100 വർഷം പഴക്കമുള്ള മൃഗശാല, തൃശൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള പുത്തൂർ വനമേഖലയിൽ 340 ഏക്കർ വിസ്തീർണ്ണത്തിൽ സ്ഥിതിചെയ്യുന്ന വിശാലമായ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുകയാണ്. 350 കോടി രൂപയാണ് ഇതിന്റെ അടങ്കല്‍ തുക. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ നിർമ്മാണം പൂർത്തിയാക്കിയ നാച്യൂറൽ ഹിസ്റ്ററി ഫോറസ്റ്റ് മ്യൂസിയം 2023 ആഗസ്ത് 18ന് നാടിന് സമർപ്പിച്ചു. കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്ക് എന്ന പേരില്‍ ജില്ലയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ തുടര്‍ന്ന് വരുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + three =

Most Popular