പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ കേരളം കൈവരിച്ച സമഗ്രമായ മുന്നേറ്റം ലോകശ്രദ്ധ നേടുന്നതാണ്. നവകേരളം നിർമിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ആസൂത്രിതവും സമയബന്ധിതവുമായ പ്രവർത്തനങ്ങളാണ് കേരളത്തിന്റെ വ്യത്യസ്ത മേഖലകളിൽ നടക്കുന്നത്. നവകേരളമെന്നാൽ ജനക്ഷേമം ഉറപ്പാക്കുന്ന, സേവനങ്ങൾ വേഗത്തിലെത്തുന്ന, അഴിമതിക്ക് സാധ്യത കുറഞ്ഞ, വൃത്തിയുള്ള കേരളമാണ്. നവ കേരള സൃഷ്ടിയിൽ സുപ്രധാന പങ്കുവഹിക്കാന്‍ തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററികാര്യ വകുപ്പുകൾക്ക് കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ശ്രദ്ധയും പിന്തുണയും നേടിക്കൊണ്ടാണ് പ്രാദേശിക സര്‍ക്കാരുകളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയ കേരളത്തിന്റെ സൃഷ്ടിയില്‍ ജനങ്ങളോടടുത്തുനിന്ന് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തുക എന്നതിനപ്പുറം വിവിധ മേഖലകളില്‍ ജനങ്ങളെ ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും തുല്യ പ്രാധാന്യത്തോടെ പ്രാദേശിക സർക്കാരുകൾ നടത്തുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി, ലൈഫ് പദ്ധതി, കെ- സ്മാര്‍ട്ട്, ഡിജി കേരളം, മാലിന്യമുക്തം നവകേരളം തുടങ്ങിയവയിലൂടെ സൃഷ്ടിക്കപ്പെടുന്ന പുതിയ കേരളം ജനങ്ങളുടെ ജീവിതനിലവാരത്തെ ഇതുവരെയില്ലാത്തവിധം ഉയർത്തിയിട്ടുണ്ട്.
കെ- സ്മാർട്ട്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ നൽകുന്നതിനുള്ള കാലതാമസം എക്കാലത്തെയും വലിയ പരാതിയായിരുന്നു. ദൈനംദിന ജീവിതത്തിൽ ജനങ്ങൾ ജനനം മുതൽ മരണം വരെ പല കാര്യങ്ങൾക്കും ഏറ്റവുമടുത്ത് ബന്ധപ്പെടുന്നത് തദ്ദേശ സ്ഥാപനങ്ങളെയാണ്. അതിനാൽ സേവനങ്ങളിൽ കാലതാമസമുണ്ടാകുന്നത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടു ണ്ടാക്കിയിരുന്നു. ‘കയറിയിറങ്ങി മടുത്തു’, ‘നടന്നുനടന്ന് ചെരിപ്പ് തേഞ്ഞു’ തുടങ്ങിയ പരാതികൾ ധാരാളമായി കേട്ടിരുന്നു. അതിന് പരിഹാരം കണ്ടെത്തുക സർക്കാരിന്റെ പ്രധാന പരിഗണനകളിലൊന്നായിരുന്നു. അങ്ങനെയാണ് സേവനങ്ങൾ ഓൺലൈൻ ആക്കാനുള്ള തീരുമാനമുണ്ടായത്. അത് സമയബന്ധിതമായിത്തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു. ആദ്യം കെ- സ്മാർട്ട്(കേരള സൊലൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റിഫോര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍) എന്ന ഏകീകൃത സോഫ്റ്റ്‌വെയർ തയാറാക്കി. അതോടൊപ്പം മൊബൈൽ ആപ്ലിക്കേഷനും ഉണ്ടാക്കി. ആദ്യ ഘട്ടമായി കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കെ- സ്മാർട്ട് നടപ്പാക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ പൂർണമായും ഓൺലൈൻ ആക്കിയ ഏക സംസ്ഥാനമായി കേരളം മാറി. ‘സേവനം വിരൽത്തുമ്പിൽ’ എന്നത് ഇന്ന് ആലങ്കാരിക പ്രയോഗമല്ല; അക്ഷരാർത്ഥത്തിൽ വിരൽത്തുമ്പിലാണ്. എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കിയതോടെ സുതാര്യത വർധിച്ചു, കാര്യക്ഷമത കൂടി, അഴിമതിക്കുള്ള സാധ്യത വളരെ കുറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ നേരിട്ടുപോയി കാത്തുനിൽക്കേണ്ട സ്ഥിതി ഇപ്പോഴില്ല. വാട്ട്സാപ്പ്, ഇ-–മെയിൽ എന്നിവയുമായി കെ- സ്മാർട്ടിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ഒരു സർട്ടിഫിക്കറ്റ് ലഭിക്കാൻ സെക്കന്റുകൾ മാത്രമേ ഇപ്പോൾ ആവശ്യമുള്ളൂ. ആവശ്യമായ രേഖകളോടുകൂടി അപേക്ഷ സമർപ്പിച്ചാൽ ശരാശരി ഒൻപത് സെക്കന്റുകൊണ്ട് ബിൽഡിങ് പെർമിറ്റ് ലഭിക്കുന്നു. വിദേശത്തുള്ള ആളുകൾക്ക് അവിടെയിരുന്നുകൊണ്ടുതന്നെ വിവാഹ രജിസ്ട്രേഷൻ നടത്താം. പത്തു മുതൽ അഞ്ചു വരെയുള്ള ഓഫീസ് സമയമെന്ന സങ്കൽപം പൊളിച്ചെഴുതി. ജീവനക്കാർക്ക് വീട്ടിൽ പോയാലും ഫയലുകൾ നോക്കി തീർപ്പാക്കാൻ കഴിയുന്നു. അവധി ദിവസങ്ങളിലും സേവനങ്ങൾ ലഭിക്കുന്നു; സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുന്നു.
കെട്ടിട നിർമാണ പെര്‍മിറ്റ്, വസ്തു നികുതി, ജനന– മരണ രജിസ്ട്രേഷന്‍, വിവാഹ രജിസ്ട്രേഷന്‍, വ്യവസായ – വാണിജ്യ – വ്യാപാര ലൈസന്‍സുകള്‍, പൊതുപരാതികള്‍ നല്‍കല്‍, ഡിജിറ്റല്‍ ഫയല്‍ മാനേജ്മെന്റ്, ജീവനക്കാരുടെ വിവര – വിനിമയ വ്യൂഹം, ധനകാര്യ മാനേജ്മെന്റ് എന്നീ മൊഡ്യൂളുകളിലായി 250 സേവനങ്ങള്‍ ഓണ്‍ലൈനായി കെ-സ്മാര്‍ട്ടില്‍ ലഭ്യമാകുന്നുണ്ട്.
കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കെ- സ്മാർട്ട് നടപ്പാക്കിയതിന് ശേഷം ഒരു വർഷം കൊണ്ട് 13.36 ലക്ഷം പൗരജനങ്ങളും 18,469 സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്തു. ഇതുവരെ 51,32,243 ഫയലുകളിൽ 29,69,487 ഫയലുകൾ തീർപ്പാക്കി (57.9 ശതമാനം). 17,94,332 ഫയലുകൾ പരിശോധനയിലാണ് (35 ശതമാനം). 1,23,342 ഫയലുകൾ നിരസിച്ചു. 1,45,235 ഫയലുകൾ തിരിച്ചയച്ചു. ബിൽഡിങ് പെർമിറ്റിനുള്ള 1,18,343 ഫയലുകളിൽ 82,365 ഫയലുകൾ (70.1 ശതമാനം) തീർപ്പാക്കി. ബിസിനസ്സ് അനുമതിക്കുള്ള 4,53,237 ഫയലുകളിൽ 3,77,393 ഫയലുകൾ (85 ശതമാനം) തീർപ്പാക്കി. സിവിൽ രജിസ്ട്രേഷനുകൾക്കായി ആകെ ലഭിച്ച 10,57,574 ഫയലുകളിൽ 9,10,743 എണ്ണമാണ് (93.7 ശതമാനം) തീർപ്പാക്കിയത്.
1691.14 കോടി രൂപ കെ- സ്മാർട്ട് വഴി തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞുവെന്നത് പ്രധാന നേട്ടമാണ്. ഡാറ്റാ പ്യൂരിഫിക്കേഷൻ വഴി 1,43,101 കെട്ടിടങ്ങൾ നികുതിയടച്ചിട്ടില്ലെന്ന് കണ്ടെത്തി. 393.92 കോടി രൂപ ഈയിനത്തിൽ നികുതി കുടിശ്ശികയുണ്ടെന്നും കണ്ടെത്തി. ഇതിൽ 108.92 കോടി രൂപ അടപ്പിച്ചു.
തുടക്കത്തിൽ കെ- സ്മാർട്ടിനെതിരെ പല വാർത്തകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ മാസങ്ങൾകൊണ്ട് കെ- സ്മാർട്ട് വൻ വിജയമാണെന്ന് വിമർശകരും എതിർത്തവരും ഒരുപോലെ സമ്മതിച്ചു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ കേരളത്തെ ഒന്നാമതെത്തിച്ചതിൽ ഏറ്റവും പ്രധാന ഘടകമായത് (ഒൻപത് മാനദണ്ഡങ്ങളിൽ ഒന്ന്) നഗര തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഓൺലൈൻ ആക്കിയതാണ് എന്നത് പ്രത്യേകം പരാമർശിക്കേണ്ടതാണ്.
മാറ്റങ്ങളോടും സാങ്കേതികവിദ്യയുടെ മികവുകളോടും മുഖംതിരിച്ചുനിൽക്കുന്ന ഒരു ചെറു ന്യൂനപക്ഷമുണ്ട്. അവർ എത്രയും വേഗം പുതിയ സംവിധാനവുമായി യോജിച്ചുപോകാൻ തയാറാവണം. ജനങ്ങൾക്കുള്ള സേവനങ്ങൾ നിഷേധിക്കലും അഴിമതിയും ഒരു കാരണവശാലും സർക്കാർ വച്ചുപൊറുപ്പിക്കില്ല. രാജ്യം ശ്രദ്ധിച്ച കെ- – സ്മാർട്ട് ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കർണാടക സര്‍ക്കാര്‍ ഐ കെ എമ്മുമായി ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു.
ഡിജി കേരളം
കെ- സ്മാർട്ട് അടക്കമുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനും സേവനങ്ങള്‍ സ്വീകരിക്കാനും മറ്റ് ഡിജിറ്റൽ വിനിമയങ്ങൾ നടത്താനും കേരളത്തിലെ എല്ലാ ജനങ്ങളെയും പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതിന് സാധാരണ ജനങ്ങളെ പ്രാപ്തരാക്കാൻ ആവിഷ്കരിച്ച ഡിജിറ്റല്‍ സാക്ഷരതാ പ്രസ്ഥാനമാണ് ഡിജി കേരളം. പുല്ലമ്പാറ പഞ്ചായത്തിൽ നടപ്പാക്കിയ ഡിജിറ്റൽ സാക്ഷരതാ പരിപാടിയുടെ മാതൃകയിലാണ് സംസ്ഥാനവ്യാപകമായി ഡിജി കേരളം പദ്ധതി ആരംഭിച്ചത്. ഡിജിറ്റൽ സാക്ഷരതയില്ലാത്തവരെ പ്രത്യേക സർവേയിലൂടെ കണ്ടെത്തി അവർക്ക് പരിശീലനം നൽകി പ്രാപ്തരാക്കുകയാണ് ചെയ്തത്. സംസ്ഥാനത്തുടനീളം 3,05,239 വളണ്ടിയര്‍മാരെയാണ് ഡിജിറ്റൽ സാക്ഷരതയില്ലാത്തവരെ കണ്ടെത്താനും അവർക്ക് പരിശീലനം നല്‍കാനുമായി നിയോഗിച്ചത്. കുടുംബശ്രീ പ്രവർത്തകർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, സാക്ഷരതാ മിഷൻ പ്രേരക്‌മാർ, എസ് സി-–എസ് ടി പ്രാമോട്ടർമാർ, തൊഴിലുറപ്പു പദ്ധതി മേറ്റുമാർ, നാഷണൽ സർവീസ് സ്‌കീം, എൻ സി സി, നെഹ്‌റു യുവ കേന്ദ്ര, സന്നദ്ധസേന വളണ്ടിയർമാർ, ലൈബ്രറി കൗൺസിൽ, സംസ്ഥാന യുവജന ക്ഷേമ ബോർഡ്, സന്നദ്ധ സംഘടനകൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് ഡിജിറ്റൽ സാക്ഷരരായ വളണ്ടിയർമാരെയാണ് വിവര ശേഖരണത്തിനും പരിശീലനത്തിനുമായി നിയോഗിച്ചത്. ഡിജിറ്റൽ സാക്ഷരതാ പരിശീലനത്തിനുള്ള മൊഡ്യൂൾ വികസിപ്പിച്ചത് ‘കില’യാണ്. മാസ്റ്റർ ട്രെയിനേഴ്സ്, റിസോഴ്‌സ് പേഴ്സൺസ് ട്രെയിനേഴ്സ്, വളണ്ടിയർമാർ എന്നിവർക്കുള്ള പരിശീലനവും നൽകി.
83,29,457 കുടുംബങ്ങളിലെ 149,93,655 പേരെ സർവ്വേ ചെയ്തു. പഠിതാക്കളായി 21,86,909 പേരെ കണ്ടെത്തി. ഇതിൽ 15,214 പേർ 90 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. 21,75,886 പഠിതാക്കൾ പരിശീലനം പൂർത്തിയാക്കി. പരിശീലനത്തിന് ശേഷം 14 മുതൽ 65 വയസ്സ് വരെയുള്ളവരെ അന്തിമ മൂല്യനിർണയത്തിന് വിധേയരാക്കി. മൂല്യനിർണയത്തിന് വിധേയരായവരിൽ 21,74,180 പേർ വിജയിച്ചു; 99.41 ശതമാനം വിജയം. ഇതിനു ശേഷം മൂന്ന് തലങ്ങളിൽ സൂപ്പർ ചെക്ക് നടത്തി. ജില്ലാ, സംസ്ഥാന തലങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥ സംവിധാനം ഉപയോഗിച്ചാണ് സൂപ്പർ ചെക്ക് നടത്തിയത്. ഒരു ബാഹ്യ ഏജൻസിയെയും ഇതിനായി നിയോഗിച്ചു. സംസ്ഥാന സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പാണ് ബാഹ്യ ഏജൻസി. സൂപ്പർ ചെക്കിൽ ഡിജിറ്റൽ സാക്ഷരത നേടാത്തവരായി കണ്ടെത്തിയവർക്ക് വീണ്ടും പരിശീലനം നൽകി ഡിജിറ്റൽ സാക്ഷരരാക്കി. എല്ലാ പ്രക്രിയകളും ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു. ഇനി സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന പ്രക്രിയ മാത്രമേ ബാക്കിയുള്ളൂ. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുകയാണ്.
മാലിന്യമുക്തം നവകേരളം
2025 മാര്‍ച്ച് 30 ന് കേരളത്തിലെ 1034 ല്‍ 1027 തദ്ദേശ സ്ഥാപനങ്ങളും മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. രണ്ടു വർഷം കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന വിപുലവും ജനകീയവുമായ കാമ്പെയിന്റെ ഫലമാണിത്. 2023 മാര്‍ച്ചില്‍ ബ്രഹ്മപുരം തീപിടിത്തമുണ്ടായപ്പോള്‍ സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞത്, ഇതൊരു അവസരമാക്കി ബ്രഹ്മപുരത്തെ പൂങ്കാവനമാക്കുമെന്നും കേരളത്തെ മാലിന്യമുക്തമാക്കുമെന്നുമായിരുന്നു. 2025 മാര്‍ച്ചില്‍ അത് യാഥാര്‍ത്ഥ്യമാക്കി. ബ്രഹ്മപുരത്ത് 815000 മെട്രിക് ടൺ മാലിന്യത്തിൽ 625000 ടൺ ഇതിനകം നീക്കം ചെയ്തുകഴിഞ്ഞു. മാലിന്യക്കൂന നീക്കി 24 ഏക്കര്‍ ഭൂമി വീണ്ടെടുത്തു. അവിടെ അക്ഷരാർത്ഥത്തിൽ പൂക്കള്‍ വിരിഞ്ഞു. ഈ മാറ്റം ബ്രഹ്മപുരത്ത് മാത്രം ഒതുങ്ങിനിന്നില്ല. കേരളത്തിൽ ആകെയുള്ള 59 മാലിന്യക്കൂനകളിൽ 24 എണ്ണം പൂർണമായും നീക്കം ചെയ്തു. ഇങ്ങനെ 56.95 ഏക്കർ ഭൂമിയാണ് വീണ്ടെടുത്തത്. കൊല്ലം കുരീപ്പുഴ, ഗുരുവായൂരിലെ ശവക്കോട്ട എന്നിവിടങ്ങളിലുണ്ടായിരുന്ന മാലിന്യക്കൂനകൾ നീക്കം ചെയ്തു. ഗുരുവായൂരിലെ മാലിന്യക്കൂനയുടെ സ്ഥാനത്ത് ഇന്നുള്ളത് ആകർഷകമായ പാർക്കാണ്.
ബ്രഹ്മപുരത്ത് 150 ടി പി ഡി(ടൺ പെർ ഡേ) ശേഷിയുള്ള സി എൻ ജി പ്ലാന്റ് യാഥാർഥ്യമായിക്കഴിഞ്ഞു. ഇതിനുപുറമെ കോഴിക്കോട്, തൃശ്ശൂർ, ചങ്ങനാശ്ശേരി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബയോ സി എൻ ജി പ്ലാന്റുകൾ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ഇതുവഴി പ്രതിദിനം 680 ടൺ കൈകാര്യം ചെയ്യാൻ കഴിയും. പാലക്കാട് കഞ്ചിക്കോട് കെ എസ് ഐ ഡി സിയുടെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 200 ടി പി ടിയുടെ സി ബി ജി/ആർ ഡി എഫ് പ്ലാന്റിന്റെ നിർമാണ പ്രവർത്തനം പുരോഗമിക്കുന്നു. ക്ലസ്റ്റർ അടിസ്ഥാനത്തിൽ സാനിറ്ററി മാലിന്യം സംസ്കരിക്കാനുള്ള പ്ലാന്റുകള്‍ കൂടി യാഥാര്‍ത്ഥ്യമാവുകയാണ്.
ഈ രണ്ട് വര്‍ഷക്കാലയളവിൽ സംസ്ഥാനത്താകെ ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള വാതില്‍പ്പടി അജൈവ പാഴ് വസ്തു ശേഖരണം 47% ല്‍ നിന്ന് 99% മായി ഉയര്‍ത്താന്‍ കഴിഞ്ഞു. നിയമ ഭേദഗതിയിലൂടെ യൂസര്‍ഫീ നിര്‍ബന്ധമാക്കിയതിന്റെ ഫലമായി 2024–-25 വര്‍ഷത്തില്‍ 348 കോടി രൂപ ഈ ഇനത്തില്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ലഭ്യമാക്കാനും മാലിന്യ ശേഖരണത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ 66164 ടണ്‍ എന്ന നേട്ടം കൈവരിക്കാനും കഴിഞ്ഞു.
മിനി എംസിഎഫുകള്‍ 7,446ല്‍ നിന്നും 19,721 ആയി വര്‍ദ്ധിച്ചു. എം സി എഫുകള്‍ 1160ല്‍ നിന്നും 1330 ആയും ആര്‍ ആര്‍ എഫുകള്‍ 87ല്‍ നിന്നും 192 ആയും വര്‍ദ്ധിച്ചു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ എം സി എഫുകൾ സ്ഥാപിക്കാൻ കഴിഞ്ഞു. ഹരിത കര്‍മ്മ സേനാംഗങ്ങളുടെ എണ്ണം 33378ല്‍ നിന്നും 37,176 ആക്കി വർധിപ്പിച്ചു. എംപാനല്‍ ചെയ്ത സ്വകാര്യ ഏജന്‍സികള്‍ 74ല്‍ നിന്നും 267 ആയി ഉയര്‍ന്നു. 3557 സിസിടിവി ക്യാമറാ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തി. ഇതുവരെ 32,410 വേസ്റ്റ് ബിന്നുകളും 17032 ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചു. എന്‍ഫോഴ്സ്മെന്റിന്റെ ഭാഗമായി ആകെ 52,202 പരിശോധനകൾ നടത്തുകയും 5.70 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. ക്ലീൻ കേരള കമ്പനി 712 തദ്ദേശ സ്ഥാപനങ്ങൾക്ക് സേവനം നൽകുന്നുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്തും ക്ലീൻ കേരള കമ്പനിയും സംയുക്തമായി കുന്നന്താനത്ത് റീസൈക്ലിങ് പ്ലാന്റ് സ്ഥാപിച്ചു. ദ്രവമാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തി. അഞ്ച് എഫ് എസ് ടി പികൾ, 13 എസ് ടി പികൾ, 7 എം ടി യുകൾ എന്നിവ ഇതിനകം സ്ഥാപിച്ചു.
മാലിന്യം വലിച്ചെറിയുന്നത് അപരിഷ്കൃതമാണെന്ന ബോധം ജനങ്ങളില്‍ സൃഷ്ടിക്കാൻ കഴിഞ്ഞു. തെരുവുകൾ വൃത്തിയുള്ളതായി മാറി. പരസ്യമായി മാലിന്യം വലിച്ചെറിയാൻ ആരും ഇന്ന് ധൈര്യപ്പെടുന്നില്ല. ബോധവത്കരണത്തോടൊപ്പം ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും കൊണ്ടാണ് ഈ മാറ്റമുണ്ടാക്കാൻ കഴിഞ്ഞത്. മാലിന്യം വലിച്ചെറിയുന്നത് എത്ര ഉന്നതരാണെങ്കിലും മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. വാട്ട്സാപ്പ് നമ്പർ ഏർപ്പെടുത്തി പരാതികൾ അറിയിക്കാൻ സംവിധാനം കൊണ്ടുവന്നു. മാലിന്യം വലിച്ചെറിയുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാ നടപടികൾ നിയമഭേദഗതി കൊണ്ടുവന്ന് കർശനമാക്കി. ഹരിതകർമസേനയ്ക്കുള്ള യൂസർ ഫീസ് നിർബന്ധമാക്കുകയും തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള സേവനങ്ങൾക്ക് അത് ഉപാധിയാക്കുകയും ചെയ്തു. വസ്തുനികുതിക്കൊപ്പം യൂസർ ഫീസ് പിരിക്കാനുള്ള അധികാരവും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി.
നാടിനെ മാലിന്യമുക്തമാക്കുന്നതിൽ കേരളത്തെ മാതൃകയാക്കാൻ മറ്റ് സംസ്ഥാനങ്ങൾ മുന്നോട്ടുവരികയാണ്. കേരളത്തിന്റെ മാതൃകയിൽ മാലിന്യമുക്ത തമിഴ്‍നാട് എന്ന ലക്ഷ്യത്തോടെ മിഷൻ സ്ഥാപിച്ച് തമിഴ്‌നാട് സർക്കാർ പ്രവർത്തനം ആരംഭിച്ചു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനാണ് അതിന്റെ ചുമതല. ക്ലീൻ കേരള കമ്പനിയുടെ മാതൃകയിൽ ക്ലീൻ തമിഴ്നാട് കമ്പനി രൂപീകരിച്ചു. അതിന്റെ തലപ്പത്ത് മലയാളിയായ ഗംഗാ ദിലീപ് ആണ്. ഹരിതകർമസേനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ പശ്ചിമബംഗാൾ സർക്കാരിന്റെ പ്രതിനിധികൾ കേരളത്തിലെത്തി. മാലിന്യമുക്തം നവകേരളത്തെ രാജ്യമാകെ ശ്രദ്ധിച്ചുവെന്നാണ് ഇത് കാണിക്കുന്നത്.
അതിദാരിദ്ര്യ നിർമാർജനം
ഇന്ത്യയില്‍ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായ കേരളത്തില്‍ നിന്ന് അവശേഷിക്കുന്ന ദാരിദ്ര്യംകൂടി തുടച്ചുനീക്കാനുള്ള പദ്ധതിയാണ് അതിദാരിദ്ര്യ നിര്‍മാര്‍ജനം. ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം എന്നീ ക്ലേശ ഘടകങ്ങളെ അടിസ്ഥാനമാക്കിയ സർവേയിലൂടെ കണ്ടെത്തിയ 1,03,099 വ്യക്തികൾ ഉൾപ്പെടുന്ന 64,006 അതിദരിദ്ര കുടുംബങ്ങളിൽ ഇതിനകം 50,401 കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കി. ഇത് 78.74 ശതമാനമാണ്. 2025 ലെ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് അതിദാരിദ്ര്യം പൂർണമായും ഇല്ലാതാക്കിയ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. അതിനുള്ള ഏകോപിതമായ പ്രവർത്തനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധ സംവിധാനങ്ങളുടെ സഹകരണത്തോടെ നടത്തുന്നത്.
1,03,099 വ്യക്തികൾ ഉൾപ്പെടുന്ന 64,006 അതിദരിദ്ര കുടുംബങ്ങളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ഇവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന പ്രവർത്തനമാണ് ഊർജിതമായി നടക്കുന്നത്.
5,075 ഭവനരഹിതരായ അതിദരിദ്ര കുടുംബങ്ങളിൽ 2,926 കുടുംബങ്ങൾക്ക് ഇതിനകം വീടുകൾ നിർമിച്ചുനൽകി. ഭൂരഹിത-ഭവനരഹിതരായ 3751 കുടുംബങ്ങളിൽ 597 കുടുംബങ്ങൾക്ക് വസ്തുവും വീടും നൽകി. ഭവന പുനരുദ്ധാരണം ആവശ്യമുള്ള 6056 കുടുംബങ്ങളിൽ 3,734 കുടുംബങ്ങളുടെ വീടുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കുകയും ചെയ്തു. വീട് മാത്രം/വസ്തുവും വീടും ലഭിയ്ക്കുവാന്‍ അര്‍ഹതയുള്ള കുടുംബങ്ങളില്‍ വാടക വീടുകളില്‍ താമസിയ്ക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ച 611 കുടുംബങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വീടുകൾ വാടകയ്ക്കെടുത്ത് മാറ്റി പാര്‍പ്പിച്ചു. റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ ലഭ്യമായ മിച്ചഭൂമി അതിദരിദ്രർക്ക് പ്രഥമ പരിഗണന നൽകി പതിച്ചുനൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഉപജീവനമാർഗം ആവശ്യമായ ഗുണഭോക്താക്കൾക്കായി “ഉജ്ജീവനം’ എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. 4005 പേർക്ക് നിലവിൽ ഉപജീവന മാർഗങ്ങൾ ലഭ്യമാക്കി. ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആരോഗ്യ ഇൻഷുറൻസ്, സാമൂഹ്യക്ഷേമ പെൻഷൻ, തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ്, ഭിന്നശേഷി തിരിച്ചറിയൽ കാർഡ് എന്നിവയടക്കമുള്ള അവകാശരേഖകൾ ഇല്ലാതിരുന്ന 21,263 പേർക്ക് അവ നൽകി. ആവശ്യമായവർക്ക് പാചകവാതക കണക്ഷൻ, വൈദ്യുതി കണക്ഷൻ എന്നിവ ലഭ്യമാക്കി. 1747 വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രാ പാസ് ലഭ്യമാക്കി. ചൈന കഴിഞ്ഞാൽ അതിദാരിദ്ര്യ നിർമാർജനമെന്ന ലക്ഷ്യം കൈവരിക്കുന്ന മറ്റൊരു പ്രദേശമായി ഇതോടെ കേരളം മാറും.
ലൈഫ്
ലൈഫ് പദ്ധതി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മുഖമുദ്രയായ പദ്ധതിയാണ്. വീടില്ലാത്തവർക്ക് വീട് നൽകാനായി ആരംഭിച്ച പദ്ധതിയിൽ ഇതിനകം 4,52,156 വീടുകൾ നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. 1,27,412 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചുവരുന്നു. അന്തിയുറങ്ങാൻ വീടില്ലാത്തവരായി ആരുമുണ്ടാകരുതെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പദ്ധതിക്ക് സമാനമായ മറ്റൊരു വിപുലമായ പദ്ധതി രാജ്യത്തെവിടെയുമില്ല.
ലൈഫ് പദ്ധതിക്കായി ഇതുവരെ 18,288.27 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ 5,683.41 കോടി രൂപ സംസ്ഥാന സർക്കാരിന്റെ വിഹിതവും 2,081.69 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതവുമാണ്. 5,071.43 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവും 5,026.74 കോടി രൂപ ഹഡ്കോ വായ്പയും 425 കോടി രൂപ കേരള ബാങ്കിൽ നിന്നുള്ള ബ്രിഡ്ജ് ലോണുമാണ്. സംസ്ഥാന സർക്കാർ ഗ്രാമീണ/ നഗര മേഖലകളിൽ വീടൊന്നിന് നാല് ലക്ഷം രൂപയും ദുർഘട പ്രദേശങ്ങളിൽ പട്ടികവർഗക്കാർക്ക് ആറ് ലക്ഷം രൂപയും ധനസഹായമായി നൽകുന്നു. കേന്ദ്ര സർക്കാർ പി എം എ വൈ ഗ്രാമീൺ പദ്ധതി പ്രകാരം ഒരു വീടിനായി നൽകുന്നത് 72,000 രൂപയും പി എം എ വൈ അർബനിൽ 1,50,000 രൂപയുമാണ്.
തദ്ദേശ അദാലത്തുകൾ
വലിയ ജനപിന്തുണ നേടിയ പരിപാടിയായിരുന്നു തദ്ദേശ അദാലത്തുകൾ. വർഷങ്ങളായി തീർപ്പാകാതെ കിടന്ന നിരവധി പരാതികൾക്ക് തദ്ദേശ അദാലത്തിലൂടെ പരിഹാരം കാണാൻ കഴിഞ്ഞു. എല്ലാ ജില്ലകളിലും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളിലും മന്ത്രി പങ്കെടുത്ത് നടത്തിയ അദാലത്തുകളില്‍ ആകെ 17,288 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 17,055 എണ്ണത്തില്‍ നടപടി പൂര്‍ത്തിയായി. 98.65 ശതമാനമാണിത്. അദാലത്ത് സമിതികള്‍ നിര്‍ദേശിച്ചതനുസരിച്ച് 194 എണ്ണത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംസ്ഥാന തലത്തില്‍ തുടര്‍ നടപടികള്‍ക്കായി 32 എണ്ണം കൈമാറി. അദാലത്ത് സമിതി തലത്തില്‍ ഏഴെണ്ണത്തില്‍ നടപടി സ്വീകരിച്ചു. തദ്ദേശ അദാലത്തിൽനിന്ന് ലഭിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനപക്ഷത്തുനിന്നുള്ള ചില ചട്ട ഭേദഗതികളിലേക്കും ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിലേക്കും സർക്കാർ നീങ്ങിയത്. 124 നിര്‍ദേശങ്ങളില്‍ ഇതിനകം 12 പൊതു ഉത്തരവുകള്‍ പുറപ്പെടുവിച്ചു. കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതിന് 106 ചട്ട ഭേദഗതികള്‍ പരിഗണനയിലാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് കിലയിലെ പരിശീലനത്തിനുപുറമെ ഐ എം ജിയിൽ പ്രത്യേക പരിശീലനവും നൽകി.
കുടുംബശ്രീ
സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മയായി കുടുംബശ്രീ ഇതിനകം മാറി. സൂക്ഷ്മ സംരംഭ മേഖലയിൽ 1,54,511 സംരംഭങ്ങൾ ആരംഭിച്ചു. ഇതിലൂടെ 3.16 ലക്ഷം പേർക്ക് ഉപജീവനമാർഗം ലഭ്യമായി. കഫെ കുടുംബശ്രീ എന്ന പേരിൽ പ്രീമിയം റസ്റ്റോറന്റുകൾ അഞ്ച് ജില്ലകളിൽ ആരംഭിച്ചു. എല്ലാ ജില്ലകളിലും ഇത് ആരംഭിക്കും. കേരള ചിക്കന്റെ ഈ വർഷത്തെ വിറ്റുവരവ് 105 കോടി രൂപയാണ്. ഇതുവരെയുള്ള വിറ്റുവരവ് 354 കോടി രൂപയായി. വിപണി പങ്കാളിത്തം രണ്ട് ശതമാനത്തിൽ നിന്ന് എട്ട് ശതമാനമായി ഉയർന്നു. 25 ശതമാനത്തിലേക്കെത്തിക്കുകയാണ് ലക്ഷ്യം. കേരള ചിക്കൻ കമ്പനിക്കു കീഴിൽ 434 ബ്രോയിലർ ഫാമുകളും 136 ഔട്ട്-ലെറ്റുകളും പ്രവർത്തിക്കുന്നു.
3,17,724 അയൽക്കൂട്ടങ്ങളിലായി 48,08,837 അംഗങ്ങളാണ് കുടുംബശ്രീയിലുള്ളത്. 48 ട്രാൻസ്ജെൻഡർ പ്രത്യേക അയൽക്കൂട്ടങ്ങളും 3352 ഭിന്നശേഷി അയൽക്കൂട്ടങ്ങളും 25,992 പ്രത്യേക വയോജന അയൽക്കൂട്ടങ്ങളും രൂപീകരിച്ചിട്ടുണ്ട്.
ജെറിയാട്രിക്ക് കെയർ, ഗാർഹിക പരിചരണ മേഖലകളിൽ കെ- ഫോർ കെയർ, ക്വിക്ക് സെർവ്വ് തുടങ്ങിയ പദ്ധതികൾ ആരംഭിച്ചു. ഒരു അയൽകൂട്ടത്തില്‍ നിന്നും ചുരുങ്ങിയത് ഒരു സംരംഭം/തൊഴില്‍ എന്ന കണക്കില്‍ ഉപജീവന മാര്‍ഗം സൃഷ്ടിച്ചുകൊണ്ട് കുടുംബശ്രീ അംഗങ്ങള്‍ക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും സുസ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിനായി നടപ്പിലാക്കിയ ഉപജീവന ക്യാമ്പയിനാണ് കെ – ലിഫ്റ്റ് 24 (കുടുംബശ്രീ ലൈവ്ലിഹുഡ് ഇനീഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്ഫോര്‍മേഷന്‍). അയല്‍ക്കൂട്ട അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്കു പുറമേ പാലിയേറ്റീവ് ഗുണഭോക്താക്കള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും ഗുണകരമായ ഉപജീവനപദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനകം ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങി. മൂന്ന് ലക്ഷം വനിതകൾക്ക് ഇത് പ്രയോജനപ്പെടുന്നു.
കാർഷിക ഉപജീവന മേഖലകളിൽ 91,018 ജെ.എൽ.ജി.കൾ രൂപീകരിച്ചിട്ടുണ്ട്. 4,403 ഹരിതകർമ്മസേന യൂണിറ്റുകൾ, 241 അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകൾ എന്നിവ പ്രവർത്തിച്ചുവരുന്നു. കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലുമായി ഫെസിലിറ്റി മാനേജ്മെന്റ് മേഖലയിൽ 585 കുടുംബശ്രീ വനിതകൾ ജോലി ചെയ്യുന്നു. കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ പരമ്പരാഗത വിപണന രീതികളായ മാസച്ചന്ത, ആഴ്ച ചന്ത, ഓണച്ചന്ത, ട്രേഡ് ഫെയറുകൾ, സരസ് മേളകൾ എന്നിവക്കു പുറമേ ഓൺലൈൻ മാർക്കറ്റിങ്ങിലും ഇടപെട്ടു തുടങ്ങി. പോക്കറ്റ് മാർട്ട് എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 166 ബഡ്സ് സ്കൂളുകളും മുതിർന്നവർക്കായി 212 ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളും ഉൾപ്പടെ 378 ബഡ്സ് സ്ഥാപനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. പട്ടികവർഗ്ഗ മേഖലയിൽ 10 പ്രത്യേക പ്രൊജക്ടുകൾ, സ്ത്രീ സുരക്ഷക്കുവേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന 14 സ്നേഹിത ജെൻഡർ ഹെൽപ്പ് ലൈനുകൾ, 31,612 ബാലസഭകൾ എന്നിവയും കുടുംബശ്രീ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്നു.
വിജ്ഞാനകേരളം
പ്രാദേശിക സർക്കാരുകൾ എന്ന സങ്കല്പനം ഏറെക്കുറെ യാഥാർഥ്യമാക്കിയ സംസ്ഥാനമാണ് കേരളം. കേരളത്തിൽ നടപ്പാക്കിയ അധികാര വികേന്ദ്രീകരണംമൂലം വിഭവ വിതരണം ജനാധിപത്യപരമായിട്ടുണ്ട്. 2025–-26ല്‍ സംസ്ഥാന ബജറ്റ് അടങ്കലിന്റെ 28.35 ശതമാനം പ്രാദേശിക സർക്കാരുകൾക്ക് കൈമാറി. ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാർശപ്രകാരം 2030 ആകുമ്പോഴേക്ക് ഇത് 30 ശതമാനമാക്കാനാണ് ലക്ഷ്യം. ഇതിനു പുറമെയാണ് പ്രാദേശിക സർക്കാരുകളുടെ തനത് വരുമാനം. എന്നാൽ സംസ്ഥാനത്തിന് ന്യായമായും ലഭിക്കേണ്ട നികുതിവിഹിതമടക്കം കേന്ദ്ര സർക്കാരിൽനിന്നുള്ള സാമ്പത്തിക സഹായങ്ങൾ ക്രമേണ കുറഞ്ഞുവരികയാണ്. സംസ്ഥാനം സ്വന്തം വിഭവസമാഹരണ മാർഗങ്ങൾ പരമാവധി ശക്തിപ്പെടുത്തിയാണ് മുന്നോട്ടുപോകുന്നത്. ഈ വിഭവ പ്രതിസന്ധി പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തേണ്ടതുണ്ട്. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയെന്നത് ഒരു മാർഗമാണ്. ഇതിനായി നൂതന സംരംഭങ്ങൾക്ക് പിന്തുണ നൽകുകയും തൊഴിലവസര സൃഷ്ടിക്കായുള്ള പദ്ധതികൾ വളർത്തിയെടുക്കുകയും ചെയ്യണം. ഇതിലൂടെ സമ്പത്തും തൊഴിലും വരുമാനവും വർധിക്കും. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനത്തിലും വർദ്ധനവുണ്ടാക്കും.
കുടുംബശ്രീയുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും നടന്ന സർവേയിലൂടെ 53 ലക്ഷം തൊഴിലന്വേഷകർ കേരളത്തിലുണ്ടെന്ന് കണ്ടെത്തി. ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ എന്ന കാമ്പെയിൻ, തുടർ പ്രവർത്തനങ്ങൾ എന്നിവ വഴി 17.5 ലക്ഷം പേർ തൊഴിലിനായി രജിസ്റ്റർ ചെയ്തു. എല്ലാ വാർഡിലും തൊഴിലന്വേഷകരെ പങ്കെടുപ്പിച്ച് നടത്തിയ തൊഴിൽസഭയിലൂടെ 20 ലക്ഷത്തോളം പേരിൽ വിജ്ഞാന തൊഴിൽ എന്ന ആശയമെത്തിച്ചു. 1072 ജനകീയ തൊഴിൽമേളകൾ നടത്തി. 1,29,929 പേർക്ക് തൊഴിൽ ലഭിച്ചു. രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകർക്ക് പ്രത്യേക മേഖലകളിൽ മികവ് നേടാനുള്ള പരിശീലനം, തൊഴിൽദാതാക്കളുമായി അവരെ ബന്ധപ്പെടുത്തൽ, സംരംഭങ്ങൾ തുടങ്ങാനുള്ള പിന്തുണ എന്നിവ വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി നടത്തുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ ദേശീയ പുരസ്കാരങ്ങൾ കേരളത്തിന് ലഭിച്ചു. 2024ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തിൽ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് ദീൻ ദയാൽ ഉപാധ്യായ് പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം നേടി. മെച്ചപ്പെട്ട ഉപജീവനം ഉറപ്പാക്കി ജനങ്ങളെ ദാരിദ്ര്യമുക്തമാക്കാൻ സഹായിക്കുന്ന പദ്ധതികൾ നടപ്പിലാക്കിയതിന് ദേശീയ തലത്തിൽ രണ്ടാം സ്ഥാനമാണ് പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് നേടിയത്. ദേശീയ പഞ്ചായത്ത് ക്ഷമതാ നിർമ്മാൺ സർവോത്തം സൻസ്ഥാൻ പുരസ്‌കാരം ലഭിച്ചത് ‘കില’യ്ക്കാണ്. ഗ്രാമപഞ്ചായത്തുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും നൈപുണ്യവികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും നടത്തിയ ഇടപെടലുകളാണ് ‘കില’യെ ദേശീയ പുരസ്‌കാരത്തിന് അർഹമാക്കിയത്. പഞ്ചായത്തുകൾക്ക് പിന്തുണ നൽകുന്ന സ്ഥാപനങ്ങളിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തെത്താൻ ‘കില’യ്ക്ക് കഴിഞ്ഞു. തുടർച്ചയായി രണ്ടു തവണ ഈ പുരസ്കാരം നേടുകയെന്ന അപൂർവതയും എടുത്തുപറയേണ്ടതാണ്.
യു എന്‍ ഹാബിറ്റാറ്റും ഷാങ്ഹായ് മുന്‍സിപ്പാലിറ്റിയും ഏര്‍പ്പെടുത്തിയ സുസ്ഥിര വികസനത്തിനുള്ള ഷാങ്ഹായ് പുരസ്കാരം തിരുവനന്തപുരം കോര്‍പറേഷന് ലഭിച്ചതും അഭിമാനകരമാണ്. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഹൗസിംഗ് & അര്‍ബന്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ ഏര്‍പ്പെടുത്തിയ നഗര വികസന, സാനിറ്റേഷന്‍ ദേശീയ അവാര്‍ഡും തിരുവനന്തപുരം കോര്‍പറേഷന്‍ നേടി.
എക്സൈസ്
സംസ്ഥാന എക്സൈസ് സേനയെ ആധുനികവത്കരിച്ച് ശക്തിപ്പെടുത്താൻ ഈ കാലയളവിൽ കഴിഞ്ഞു. മയക്കുമരുന്നിനെതിരായ സന്ധിയില്ലാത്ത പോരാട്ടമാണ് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കേരളം നടത്തുന്നത്. കുറ്റമറ്റ എൻഫോഴ്സ്മെന്റിനെയും ഉയർന്ന ശിക്ഷാനിരക്കിനെയും ചിലർ കേരളത്തിനെതിരായ വിമർശനത്തിന് ഉപയോഗിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കേരളത്തിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് 547 കോടി രൂപയുടേതാണ്. കഴിഞ്ഞ ഒരൊറ്റ കൊല്ലം കൊണ്ട് (2024 –-25 ) ഇന്ത്യയിൽ നിന്നാകെ പിടിച്ചെടുത്തത് 25,000 കോടി രൂപയുടെ മയക്കുമരുന്നാണ്. 2024-–25 ൽ കേരളത്തിൽ നിന്ന് പിടിച്ചെടുത്തത് 100 കോടി രൂപയുടെ മയക്കുമരുന്നാണ്. ഏറ്റവും കൂടുതൽ അറസ്റ്റ് നടന്ന കേരളത്തിൽ നിന്ന് പിടിച്ചെടുത്തത് 100 കോടി രൂപയുടെ മയക്കുമരുന്ന് മാത്രമാണെന്നത് എൻഫോഴ്സ്മെന്റിന്റെ മികവിനെയാണ് സൂചിപ്പിക്കുന്നത്. വളരെ ചെറിയ തോതിലുള്ള മയക്കുമരുന്ന് കച്ചവടമാണ് കേരളത്തിൽ നടക്കുന്നതെങ്കിലും സർക്കാർ അതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
എക്സൈസ് വകുപ്പിലെ എൻഫോഴ്സ്-മെന്റിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചു. ഗൗരവമായ കേസുകൾ അന്വേഷിക്കുന്നതിന് വേണ്ടി എക്സൈസിൽ ക്രൈംബ്രാഞ്ച് വിഭാഗം രൂപീകരിച്ചു. സൈബർ സെൽ വിഭാഗം നവീകരിച്ചു. എറണാകുളം, പാലക്കാട് , തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഡിജിറ്റൽ വയർലെസ് സംവിധാനം ഏർപ്പെടുത്തി. കാലപ്പഴക്കം വന്ന 66 വാഹനങ്ങൾക്കുപകരം 66 മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങി. കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (KEMU) എന്ന പേരിലുള്ള നാല് പട്രോളിങ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി 56,77,108 രൂപയ്ക്ക് 9 mm പിസ്റ്റളുകൾ 83 എണ്ണവും 2,43,756 രൂപയ്ക്ക് 5400 അമ്യൂണിഷനുകളും വാങ്ങി ഉദ്യോഗസ്ഥർക്ക് നൽകി.
വിമുക്തി മിഷൻ ആരോഗ്യവകുപ്പുമായി സഹകരിച്ച് 14 ജില്ലകളിലും ജില്ലാ / താലൂക്ക് സർക്കാർ ആശുപത്രികളിൽ വിമുക്തി ഡീ-അഡിക്ഷൻ സെന്ററുകൾ ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ വനിതകൾക്കും കുട്ടികൾക്കും വേണ്ടി മേഖലാ കൗൺസലിംഗ് സെന്ററുകളും തുടങ്ങി. ഡീ-അഡിക്ഷൻ സെന്ററുകളിൽ 140,479 പേർക്ക് ഒപിയിലും 11,227 പേർക്ക് ഐപി യിലും ചികിത്സ നൽകി. മേഖലാ കൗൺസലിംഗ് സെന്ററുകൾ 23356 പേർക്ക് കൗൺസലിങ് നൽകിയിട്ടുണ്ട്. സോഷ്യോളജി, സൈക്കോളജി എന്നിവയിൽ ബിരുദാനന്തര ബിരുദമോ എം എസ് ഡബ്ല്യുവോ ഉള്ള 32 എക്സൈസ് ഉദ്യോഗസ്ഥർക്ക് നിംഹാൻസ് മുഖേന കൗൺസലിങ്ങിൽ പ്രത്യേക പരിശീലനം നൽകി. ഇവർ 3850 കുട്ടികൾക്ക് പ്രാഥമിക കൗൺസലിങ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ മയക്കുമരുന്ന് ഉപയോഗവും അക്രമവാസനയും പ്രതിരോധിക്കാൻ “ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് ’ കാമ്പയിന്റെ ഒന്നാം ഘട്ടത്തിൽ 6344 റെയ്‌ഡുകളും 139 സംയുക്ത റെയ്‌ഡുകളും നടത്തി. 62,310 വാഹനങ്ങൾ പരിശോധിച്ചു. “ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്” രണ്ടാം ഘട്ടത്തിൽ 10,893 റെയ്‌ഡുകളും 398 സംയുക്ത റെയ്‌ഡുകളും നടത്തി. 104,575 വാഹനങ്ങൾ പരിശോധിച്ചു.
മാലിന്യവും അഴിമതിയും ലഹരിയും പൂര്‍ണമായും തുടച്ചുനീക്കി വികസിത-ജനക്ഷേമ നവകേരളത്തെ സുസ്ഥിരമാക്കാന്‍ നമുക്ക് ജാഗ്രതയോടെ നിലകൊള്ളാം. l



