കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ജനവിഭാഗങ്ങളുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് നിരവധി ക്ഷേമ വികസന പ്രവര്‍ത്തനങ്ങളാണ് എൽ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, തൊഴില്‍, അടിസ്ഥാനസൗകര്യവികസനം എന്നിവയ്ക്ക് മുന്‍ഗണന നൽകി നടപ്പാക്കിയ പദ്ധതികളിലൂടെ ഈ ജനവിഭാഗങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ പട്ടികജാതി വികസന വകുപ്പിന് അനുവദിച്ച 1,355 കോടി രൂപയുടെ 98 ശതമാനവും വിവിധ പദ്ധതികളിലൂടെ ചെലവഴിച്ചു. പട്ടികവര്‍ഗ വികസന വകുപ്പിന് അനുവദിച്ച 654 കോടിരൂപയില്‍ 459 കോടി രൂപയും ചെലവഴിച്ചു. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വകയിരുത്തിയ SCP/TSP വിഹിതത്തില്‍ 85% വും ചെലവഴിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ വികസനത്തിന് ജനസംഖ്യാനുപാതികത്തേക്കാള്‍ ഉയര്‍ന്ന തുകയായ 4,108 കോടി രൂപയാണ് വകുപ്പുകള്‍ക്കും പ്രാദേശിക സര്‍ക്കാരുകള്‍ക്കുമായി വകയിരുത്തിയിട്ടുള്ളത്.
ഇന്ത്യയിലെ 16.6% വരുന്ന പട്ടികജാതി വിഭാഗത്തിന് കേന്ദ്രസർക്കാര്‍ പദ്ധതികള്‍ക്കായി ബജറ്റില്‍ 3.4% തുകയും 9% വരുന്ന പട്ടികവര്‍ഗ വിഭാഗത്തിന് 2.9% തുകയും മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ കേരളം ജനസംഖ്യാനുപാതത്തേക്കാൾ ഉയർന്ന നിരക്കിലാണ് ബജറ്റില്‍ തുക വകയിരുത്തിയത്. കേരളത്തില്‍ പട്ടികജാതി വിഭാഗം 9.1%വും പട്ടികവര്‍ഗ്ഗ വിഭാഗം 1.45%വും ആണെങ്കിലും, യഥാക്രമം വാർഷിക പദ്ധതിയുടെ 9.81% വും 2.89% വും വരുന്ന തുക ഈ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനും ഉന്നമനത്തിനുമായി കഴിഞ്ഞ 4 വര്‍ഷത്തെ ബജറ്റിലും സംസ്ഥാന സർക്കാർ വകയിരുത്തി.
പതിറ്റാണ്ടുകളായി ദുഃസൂചനകളോടെ വിളിച്ചിരുന്ന “കോളനി’എന്ന പേരുതന്നെ രേഖകളിൽ നിന്ന് ഒഴിവാക്കി. ഇവർ താമസിക്കുന്ന ഇടങ്ങൾക്ക് ഉന്നതി/നഗർ തുടങ്ങിയ പേരുകൾ നൽകി സർക്കാർ ചേർത്തുപിടിച്ചു. കേരളത്തിനു പിന്നാലെ തമിഴ്നാട് സര്‍ക്കാരും കോളനി എന്ന പേര് അടുത്തിടെ രേഖകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പട്ടികവിഭാഗക്കാരുടെ സര്‍വ്വതോമുഖമായ പുരോഗതിക്കായി മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് സര്‍ക്കാര്‍ പ്രധാനമായും ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ പിഎച്ച്ഡിയും പൈലറ്റ് പരിശീലനവുംവരെ പഠിക്കാൻ ഇവർക്കിപ്പോൾ സർക്കാരിന്റെ തുണയുണ്ട്. വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ 9 വർഷമായി നടത്തിയ ഇടപെടലുകൾകൊണ്ട് ആത്മാഭിമാനവും അന്തസ്സുമുള്ള ഒരു പ്രബുദ്ധ സമൂഹമായി പട്ടിക, -പിന്നാക്കവിഭാഗക്കാർ മാറി. ഒരു കാലത്ത് അറിവും അക്ഷരവും നിഷേധിക്കപ്പെട്ടവരുടെ നൂറുകണക്കിന് പിന്മുറക്കാരിപ്പോൾ ലോകോത്തര സർവകലാശാലകളിൽ പഠിക്കുകയാണ്. IIT, IIM തുടങ്ങിയ സ്വയംഭരണ സ്ഥാപനങ്ങളിലും സംസ്ഥാനത്തിനു പുറത്ത് മെറിറ്റിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പുകൾ ലഭിക്കുംവിധം വിദ്യാഭ്യാസ പദ്ധതികൾ സമഗ്രമായി പരിഷ്കരിച്ചാണ് ഒരു സമൂഹത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും അടിസ്ഥാനമിട്ടത്.
പട്ടികജാതി വകുപ്പ് 11 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളും പട്ടികവർഗ വകുപ്പ് 22 സ്കൂളുകളും നടത്തി വരുന്നു. മികച്ച പഠന-, പഠനേതര സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്-മുറി, ലാംഗ്വേജ് ലാബ്, മികച്ച പഠനാന്തരീക്ഷം തുടങ്ങിയവ എം ആർ എസുകളുടെ പ്രത്യേകതകളാണ്. എം ആർ എസുകളിലെയും പ്രീ മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളെ പരിശോധിച്ച് ഹെൽത്ത് കാർഡ് ഏർപ്പെടുത്തി. മൂന്നു മാസം കൂടുമ്പോൾ തുടർപരിശോധനകൾ നടത്തി കുട്ടികളുടെ ആരോഗ്യകാര്യങ്ങളിലും സർക്കാരിന്റെ ശ്രദ്ധ ഉറപ്പിക്കുന്നു. 6 ലക്ഷം പട്ടികവിഭാഗം വിദ്യാർത്ഥികൾക്കാണ് നിലവിൽ വിവിധ സ്കോളർഷിപ്പുകൾ നൽകി വരുന്നത്. വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കുന്നതിനായി പട്ടികജാതി വികസനവകുപ്പ് 84 പ്രീമെട്രിക് ഹോസ്റ്റലും 19 പോസ്റ്റ്മെട്രിക് ഹോസ്റ്റലും പട്ടികവര്‍ഗ വികസന വകുപ്പ് 110 പ്രീമെട്രിക് ഹോസ്റ്റലും 10 പോസ്റ്റ്മെട്രിക് ഹോസ്റ്റലും നന്നായി നടത്തിവരുന്നു.
ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയതാണ് മറ്റൊരു പ്രധാന നേട്ടം. ഭവന നിര്‍മ്മാണത്തിനായി 9 വര്‍ഷത്തിനുള്ളില്‍ 33,058 പട്ടികജാതിക്കാര്‍ക്കായി 1,653 ഏക്കര്‍ ഭൂമിയാണ് നല്‍കിയത്. അതുപോലെ ഭൂരഹിത ഭവന പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 55ല്‍ നിന്നും 70 ആക്കിയും വരുമാനപരിധി 1,00,000 രൂപയായും ഉയര്‍ത്തി. പട്ടികവർഗക്കാർക്ക് ഭൂമി നൽകാനായി ലാന്റ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം തുടങ്ങിയവ നടപ്പാക്കി വരുന്നു. കഴിഞ്ഞ 9 വര്‍ഷം കൊണ്ട് 8,919 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 8,573.54 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഭൂമിയുളള രാജ്യത്തെ ആദ്യ ജില്ലയാണ് തിരുവനന്തപുരം. 29,139 പട്ടികവര്‍ഗ കുടുംബങ്ങളുടെ 38,581 ഏക്കര്‍ ഭൂമിക്ക് വനാവകാശ പട്ടയം നല്‍കി. ഈ ഭൂമി, റവന്യൂ വില്ലേജില്‍ ഉള്‍പ്പെടുത്തി കരം സ്വീകരിക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമായി.
നാട്ടിൻപുറങ്ങളിലെ അടിസ്ഥാന വികസന പദ്ധതിയായ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി കൂടുതൽ വിപുലമാക്കി. 15 കുടുംബങ്ങൾ വരെ ഉന്നതികളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി. ഇതിനു പുറമേ ഭരണാനുമതി ജില്ലാ തലത്തിലുമാക്കിയത് പൂർത്തീകരണത്തിന് വേഗത കൂട്ടി. 2016 മുതൽ 2025 വരെ 1062 ഉന്നതികളിൽ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതികള്‍ ഏറ്റെടുത്തു. ഇതിനുപുറമേ അടിസ്ഥാനസൗകര്യ വികസനത്തിനായി കഴിഞ്ഞ 9 വര്‍ഷങ്ങളിലായി 1037.89 കോടി രൂപ കോര്‍പ്പസ് ഫണ്ട് ഇനത്തിലും നല്‍കി.
പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രി പട്ടികജാതി വികസനത്തിൽ രാജ്യത്തിനുതന്നെ മാതൃകയാണ്. 2014 ൽ ആരംഭിച്ച കോളേജിൽ മുൻ സർക്കാർ 56.54 കോടി വിനിയോഗിച്ച സ്ഥാനത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 9 വര്‍ഷത്തിനുള്ളില്‍ 733.22 കോടി രൂപ ചെലവഴിച്ചു. ഓരോ വർഷവും 100 വിദ്യാർത്ഥികൾവീതം പ്രവേശനം നേടുന്നതിൽ 72 പട്ടികവിഭാഗം വിദ്യാർത്ഥികൾക്കിവിടെ പഠിക്കാൻ അവസരമുണ്ട്. 2014 മുതല്‍ 5 ബാച്ചുകള്‍ പഠനം പൂര്‍ത്തീകരിച്ചതില്‍ 413 പട്ടികജാതി വിദ്യാര്‍ത്ഥികളും 15 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളും ഇന്ന് ഡോക്ടര്‍മാരായി സേവനമനുഷ്ഠിക്കുന്നു.
ഭവന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന ലൈഫ് പദ്ധതിയിൽ 1,14,610 പട്ടികജാതി കുടുംബങ്ങള്‍ക്കായി 1561.3 കോടി രൂപ അനുവദിച്ചു. 43,629 പട്ടികവർഗ ഗുണഭോക്താക്കൾക്കായി 802 കോടി രൂപയും നൽകി.
അപൂര്‍ണ്ണ ഭവനങ്ങളുടെ പൂർത്തീകരണ – – പുനരുദ്ധാരണ പദ്ധതിയായ സേഫ്, 2021 ൽ ആരംഭിച്ചതാണ്. 2 ലക്ഷം രൂപ വീതം 20,829 കുടുംബങ്ങള്‍ക്ക് ധനസഹായം നല്കി. 2025-–26 വര്‍ഷത്തില്‍ 10,000 കുടുംബങ്ങള്‍ക്കും സേഫിൽ ധനഹായം അനുവദിക്കും. പട്ടികവർഗത്തിലിത് 4 വർഷം കൊണ്ട് 11,851 കുടുംബങ്ങൾക്ക് 2.5 ലക്ഷം രൂപ വീതം നൽകി.
രാജ്യത്തിനാകെ മാതൃകയായ മറ്റൊരു പദ്ധതിയാണ് പഠനമുറി. 8 മുതല്‍ 12–-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുമാത്രം നല്‍കി വന്നിരുന്ന പഠനമുറി പദ്ധതിയിൽ 2022 മുതൽ 5 മുതല്‍ 7-–ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെയും, കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെയും കൂടി ഉള്‍പ്പെടുത്തി. 2018 മുതൽ 2025 വരെ 2 ലക്ഷം രൂപവീതം 40,236 പഠനമുറികള്‍ക്ക് ധനസഹായം അനുവദിച്ചു. പട്ടികവർഗ ഉന്നതികളിൽ 364 സാമൂഹ്യ പഠനമുറികളും പൂർത്തീകരിക്കപ്പെട്ടു.
ഉന്നതി സ്കോളർഷിപ്പ് ഫോർ ഓവർസീസ് സ്റ്റഡീസ് പദ്ധതി വഴി 842 വിദ്യാർത്ഥികളാണ് വിദേശ സർവകലാ ശാലകളിൽ പഠിക്കുന്നത്. 731 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും 54 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും 57 പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുമാണ് വിദേശ പഠന സ്കോളര്‍ഷിപ്പ് ലഭ്യമാക്കിയത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. സിവില്‍ സര്‍വ്വീസ് പരിശീലനത്തിനും പട്ടികവിഭാഗക്കാർക്ക് സഹായം നൽകി വരുന്നു.
കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സിന് യോഗ്യത പരീക്ഷ പാസ്സായവരില്‍ 3 എസ്-സി, 2 എസ്ടി, 1 ഒഇസി എന്നിങ്ങനെ 6 വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവർഷം 25 ലക്ഷം രൂപ വരെ സ്കോളര്‍ഷിപ്പ് നല്‍കുന്നു. എയർലൈൻ- – എയർപോർട്ട് മാനേജ്മെന്റ് കോഴ്സുകളിലും പരിശീലനം നൽകിയിരുന്നു.
2022ൽ ആരംഭിച്ച ട്രേസ് (ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്സലന്‍സ്)- പദ്ധതിയിലൂടെ ഇതുവരെ 4044 പ്രഫഷണലുകൾക്ക് സർക്കാർ സംവിധാനത്തിൽ തൊഴിൽ പരിശീലനം നേടി. എഞ്ചിനീയറിംഗ്/ഡിപ്ലോമ/ITI, നഴ്സിംഗ്, പാരമെഡിക്കല്‍, നിയമം, ജേണലിസം, സോഷ്യോളജി, മാനേജ്മെന്റ് മേഖലകളില്‍ യോഗ്യതയുള്ളവർക്കാണ് ഹോണറേറിയത്തോടെ തൊഴില്‍ പരിശീലനം നല്‍കുന്നത്.
ജെഡിസി, എച്ച് ഡി സി യോഗ്യതയുള്ളവരെയും കൂടി ഉൾപ്പെടുത്തി ട്രേസ് പദ്ധതി വിപുലീകരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയവർക്കായി നടത്തിയ ജോബ് ഫെസ്റ്റിവൽ 156 പേർക്ക് തൊഴിലും ഒഡെപെക് വഴി ITI കഴിഞ്ഞ 56 കുട്ടികൾക്ക് വിദേശത്തും തൊഴിൽ ലഭ്യമാക്കി.
പട്ടികജാതി പെണ്‍കുട്ടികള്‍ക്കുള്ള വിവാഹസഹായം 1,25,000 രൂപയായി വര്‍ധിപ്പിച്ചു. പട്ടികവർഗ പെൺകുട്ടികൾക്ക് 1.5 ലക്ഷമാണ് സഹായം.
കേന്ദ്രസർക്കാർ തൊഴിലുറപ്പിന്റെ ദിനങ്ങൾ വെട്ടിക്കുറയ്ക്കുമ്പോഴും പട്ടികവർഗക്കാർക്ക് ട്രൈബല്‍ പ്ലസിലൂടെ അധിക തൊഴിൽ ദിനം കേരളം നൽകുന്നുണ്ട്. 204.02 കോടി രൂപയാണ് ട്രൈബൽ പ്ലസിൽ ചെലവഴിച്ചത്.
പട്ടികവര്‍ഗ മേഖലകളിലെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ഉറപ്പു വരുത്തുന്നതിനും, കൊഴിഞ്ഞുപോക്ക് പൂര്‍ണമായും ഒഴിവാക്കുന്നതിനുമായുള്ള വിദ്യാവാഹിനി പദ്ധതിയില്‍ 90 കോടി രൂപ ചെലവഴിച്ചു. 186 പഞ്ചായത്തുകളിലെ 689 വിദ്യാലയങ്ങളിൽ നിന്നുള്ള 25, 147 വിദ്യാർത്ഥികൾ വിദ്യാവാഹിനിയുടെ ഗുണഭോക്താക്കളാണ്.
എ.ബി.സി.ഡി. (അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍): – ആധികാരിക രേഖകള്‍ ഇല്ലാത്തതിനാല്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് രേഖകള്‍ ലഭ്യമാക്കി ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്ന പദ്ധതിയാണിത്. വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഇത് പൂര്‍ത്തീകരിച്ചു.
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വനാശ്രിതരിൽ നിന്നും 88 വനിതകള്‍ ഉള്‍പ്പെടെ 500 പേര്‍ക്ക് PSC വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി സ്ഥിര നിയമനം നല്‍കി. സംവരണ തോത് അനുസരിച്ച് 25 വർഷംകൊണ്ട് ലഭിക്കേണ്ട ജോലിയാണ് പ്രത്യേക തെരഞ്ഞെടുപ്പിലൂടെ 2023 ൽ പട്ടിക വർഗക്കാർക്ക് ഈ സർക്കാർ നൽകിയത്.
ഡിജിറ്റലി കണക്റ്റഡ് ട്രൈബല്‍ ഏരിയാസ് (Digitally Connected Tribal Areas): – വയനാട് ജില്ലയിലെ സാമൂഹ്യ പഠനമുറികള്‍ കേന്ദ്രീകരിച്ച് പട്ടികവര്‍ഗ്ഗ വകുപ്പ്, C-DAC, RCC എന്നീ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. നഴ്സ്, എഞ്ചിനീയര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികകളിലായി പട്ടികവര്‍ഗ വിഭാഗക്കാരായ 19 പേര്‍ക്ക് ജോലി നല്‍കി. അസിസ്റ്റീവ് ടെക്നോളജി ഉപയോഗിച്ച് സാംക്രമികേതര രോഗങ്ങളും മാനസികാരോഗ്യ അവസ്ഥകളും തടയുന്നതിനും നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മേല്‍ പ്രവർത്തനങ്ങൾക്ക് 2024 സെപ്തംബറില്‍ യു.എൻ. അന്തര്‍ദേശീയ അവാര്‍ഡ് ലഭിച്ചു.
പട്ടികവർഗ സമൂഹത്തിന്റെ തൊഴിലുകളെ നവീകരിച്ച് വരുമാനം ഉറപ്പിക്കുന്ന പദ്ധതിയും നടപ്പാക്കുന്നു. പശ്ചിമഘട്ട വനമേഖലയിലെ കുറുമ്പ വിഭാഗക്കാർ ശേഖരിക്കുന്ന കാട്ടുതേൻ സംസ്കരിച്ച് ” സഹ്യ ഡ്യൂ – ഡിലൈറ്റ്ഫുൾ എസൻസ് ഫ്രം വൈൽഡ്” എന്ന പേരിൽ വിപണിയിലിറക്കിയത് ശ്രദ്ധേയമായിരുന്നു. ശർക്കര നിർമ്മാണത്തിന് പേരുകേട്ട മറയൂരിലെ ആദിവാസി കർഷകരെ ഒത്തുചേർത്ത് രൂപീകരിച്ച കമ്പനി “മറയൂർ മധുരം’ എന്ന പേരിൽ ശർക്കര വിപണിയിലിറക്കി. സ്ഥിരമായ തൊഴിലും വരുമാനവും ഇവർക്ക് ഉറപ്പിക്കാൻ ഈ പദ്ധതികളിലൂടെ സാധിക്കുന്നു.
പട്ടികവര്‍ഗ വികസന വകുപ്പ് രൂപീകരിക്കുന്നതിന്റെ സുവര്‍ണജൂബിലി വര്‍ഷമാണിത്. അതുകൊണ്ടുതന്നെ സുവര്‍ണ ജൂബിലിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്ന വിവിധ പദ്ധതികളും നൂതന സാങ്കേതികവിദ്യയുടെ വ്യാപനവും പട്ടികവര്‍ഗ സമൂഹത്തിന് ഗുണകരമാകുന്ന വിധത്തില്‍ ആവിഷ്കരിക്കും.
നവകേരളത്തിന്റെ വികസന വഴികളില്‍ പട്ടികവിഭാഗക്കാര്‍ പിന്തള്ളപ്പെട്ടുപോകാതിരിക്കുവാന്‍ നിരവധി പുതിയ പദ്ധതികളും സര്‍ക്കാര്‍ ആരംഭിക്കുകയാണ്. കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്കൊപ്പം ‘സമൃദ്ധി കേരളം’ എന്ന പദ്ധതിയിലൂടെ 5000 സംരംഭങ്ങളാണ് ഈ വര്‍ഷം ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഈ സംരംഭങ്ങളുടെ മൂലധന നിക്ഷേപത്തില്‍ 20% സര്‍ക്കാര്‍ ഗ്രാന്റ് നല്കും. ഓരോ ജില്ലയിലും മാതൃകാ അംബേദ്കര്‍ ഗ്രാമങ്ങള്‍, 15ല്‍ താഴെ കുടുബങ്ങള്‍ ഉള്ള ഉന്നതികളിൽ അംബേദ്കര്‍ ഗ്രാമ പദ്ധതികള്‍, പണിയ സമൂഹത്തിന്റെ വികസനത്തിനായി പുതിയ പാക്കേജുകൾ എന്നിവ ആവിഷ്കരിക്കും. l



