2016–17 മുതല്‍ 2024-25 വരെയുള്ള 9 വർഷത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണ കാലത്ത്, കെഎസ്ഇബിഎല്‍ വൈദ്യുതി ഉല്‍പ്പാദന രംഗത്ത് 2942 കോടി രൂപയുടെയും, വൈദ്യുതി പ്രസരണ മേഖലയില്‍ 8,056 കോടി രൂപയുടെയും, വൈദ്യുതി വിതരണ മേഖലയില്‍ 13,015 കോടി രൂപയുടെയും ഉൾപ്പടെ 24,013 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി.
സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കിക്കൊണ്ട് എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനം എന്ന ബഹുമതി 2017 മെയ് മാസത്തോടെ കേരളം സ്വായത്തമാക്കി. സമ്പൂർണ വൈദ്യുതീകരണ യജ്ഞത്തിന്റെ ഭാഗമായി, വൈദ്യുതി വിതരണശൃംഖല നീട്ടാന്‍ കഴിയാത്ത വിദൂര ആദിവാസി ഗ്രാമങ്ങളിൽ സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിച്ചു. ഇതിൽ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലായി 67 ഗ്രാമങ്ങളിൽ 2300-ലധികം വീടുകളിൽ ഗാർഹിക (ഡി.സി) സൗരോർജ്ജ സംവിധാനവും സ്ഥാപിച്ചു:
ഏറെക്കാലം മുടങ്ങിക്കിടന്നിരുന്ന ഇടമൺ–കൊച്ചി 400 കെ.വി പവർ ഹൈവേ സംസ്ഥാന സർക്കാരിന്റെ സജീവ ഇടപെടലിലൂടെ വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ പുഗലൂർ -– മാടക്കത്തറ HVDC ലൈനിന്റെ നിർമ്മാണവും പൂർത്തിയാക്കി. മൊത്തം 2550 മെഗാവാട്ട് ശേഷിയുള്ള ഈ ലൈനുകള്‍ പൂര്‍ത്തിയായതോടെ വൈദ്യുതി ഇറക്കുമതി ആവശ്യം പൂര്‍ണമായി നിറവേറ്റുന്നതോടൊപ്പം ഇറക്കുമതിശേഷിയും വര്‍ധിച്ചു. ഭാവിയില്‍ വര്‍ധിക്കുന്ന വൈദ്യുതി ആവശ്യം നിര്‍വഹിക്കാനാകുന്നതോടൊപ്പം പ്രസരണനഷ്ടം ഗണ്യമായി കുറയുകയും ചെയ്യും.
കെഎസ്ഇബിയുടെ പ്രസരണ –വിതരണ നഷ്ടം 2016-–17ല്‍ 13.93 ശതമാനത്തില്‍ നിന്നും എക്കാലത്തെയും കുറവായ 9.27 ശതമാനത്തില്‍ എത്തിക്കാന്‍ 2022–-23 ല്‍ സാധിച്ചു. സഞ്ചിത സാങ്കേതിക വാണിജ്യ നഷ്ടം (അഗ്രഗേറ്റ് ടെക്നിക്കല്‍ & കമേഴ്സ്യല്‍ ലോസ്സ് AT&C) 2016-–17ല്‍ 12.48 ശതമാനത്തില്‍ നിന്നും 2022-–23ല്‍ വെറും 7.55 ശതമാനം ആക്കി കുറക്കാനായി.
വൈദ്യുതി ഉല്‍പ്പാദന മേഖല
സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ ഒന്‍പത് വർഷം കൊണ്ട് നേടിയത് 1776.3 മെഗാവാട്ടിന്റെ വർദ്ധനവാണ്-. ജലവൈദ്യുത പദ്ധതികള്‍ വഴി 179.65 മെഗാവാട്ടും, കാറ്റാടിപ്പാടങ്ങളിൽ നിന്നും 36.65 മെഗാവാട്ടും, സൗരോർജം വഴി 1560 മെഗാവാട്ടുമാണ് ഉയർത്തിയത്. 7 ജല വൈദ്യുത പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുന്നു. 2016-ല്‍ സൗരോർജ പദ്ധതികളുടെ സ്ഥാപിതശേഷി 16.499 ആയിരുന്നു. നിലവിൽ 1576.5 മെഗാവാട്ട് ആയി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി, സ്വകാര്യ നിലയങ്ങള്‍, ഭൗമോപരിതല നിലയങ്ങള്‍, ഫ്ലോട്ടിങ് സോളാർ പദ്ധതികള്‍ എന്നിവയടക്കം ഇതിൽപ്പെടുന്നു.
ആഭ്യന്തര വൈദ്യുതി ഉത്പാദനം; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 1420.8 മെഗാവാട്ടിന്റെ വർദ്ധനവുണ്ടായി.
ഒന്നര ദശാബ്ദത്തിലധികമായി നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുകയായിരുന്ന 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതി നാം പൂർത്തീകരിച്ചു. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതി പൂർത്തിയാക്കി പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു കഴിഞ്ഞു. വേനൽക്കാലത്ത് ഉൾപ്പെടെ വൈദ്യുതോല്പാദനം സാധ്യമാകും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നേടിയത് 1420.8 മെഗാവാട്ടിന്റെ വർദ്ധന. ജലവൈദ്യുത പദ്ധതികള്‍ വഴി 148.55 മെഗാവാട്ടും, കാറ്റാടി പാടങ്ങളിൽ നിന്നും 1.25 മെഗാവാട്ടും സൗരോര്‍ജ്ജ നിലയങ്ങള്‍ വഴി 1271 മെഗാവാട്ടുമാണ് ഉയര്‍ത്തിയത്.
ആഭ്യന്തര ഉത്പാദനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിച്ചതിന്റെ ഭാഗമായി 179.65 മെഗാവാട്ടിന്റെ ജല വൈദ്യുത പദ്ധതികളാണ് സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കിയത്.
111 മെഗാവാട്ട് ശേഷിയുള്ള 7 ജല വൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.
വൈദ്യുതി ഉല്‍പ്പാദന രംഗത്ത് 2016-–17 മുതല്‍ 2024-–25 വരെ കെ എസ് ഇ ബി എല്‍ 2941.67 കോടി രൂപയുടെ മുതല്‍ മുടക്ക് നടത്തി.
സൗര – പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി
സൗര പദ്ധതിയിലൂടെ കെഎസ്ഇബി മുഖേന 203.31 മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ നിലയങ്ങൾ 49,396 പുരപ്പുറങ്ങളിലായി പൂർത്തിയാക്കി.
201.041 മെഗാവാട്ട് ശേഷിയുള്ള 49148 പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ ഈ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കി.
നിലവിൽ കേന്ദ്രം അനുവദിച്ച 207.9 കോടി രൂപ സബ്സിഡി ഇനത്തിൽ വിതരണം ചെയ്തു കഴിഞ്ഞു. മുഴുവൻ തുകയും ഈ സർക്കാർ കാലയളവിലാണ് വിനിയോഗിച്ചിട്ടുള്ളത്.
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയിലൂടെയും, മറ്റ് സ്വകാര്യ നിലയങ്ങളിലൂടെയും, ഭൗമോപരിതല സൗരോര്‍ജ്ജ നിലയങ്ങളിലൂടെയും, ഫ്ലോട്ടിങ് സോളാര്‍ പദ്ധതിയിലൂടെയും സംസ്ഥാനത്ത് ആകെ 1576.5 MW സ്ഥാപിത ശേഷിയാണ് നിലവിലുള്ളത്. മെയ് 2016 ല്‍ സൗരോര്‍ജ്ജ പദ്ധതികളില്‍ നിന്നുള്ള ആകെ സ്ഥാപിതശേഷി 16.499 മെഗാവാട്ട് ആയിരുന്നെങ്കില്‍ വിവിധ പദ്ധതികളിലൂടെ 1576.5 മെഗാവാട്ട് ആയി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. ഇപ്രകാരം 1560 മെഗാവാട്ടിന്റെ വര്‍ദ്ധനവാണ് ഈ കാലഘട്ടത്തില്‍ ഉണ്ടായത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 1271 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുകയുണ്ടായി.
പിഎം സൂര്യഘർ പദ്ധതി
ഗാർഹിക പുരപ്പുറ സൗരോർജ പ്ലാന്റുകൾക്ക് 78,000 രൂപ വരെ സബ്സിഡി നൽകുന്ന പിഎം സൂര്യഘർ പദ്ധതി. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കെ.എസ്.ഇ.ബി മുഖേന ഏപ്രിലില്‍ തന്നെ ആരംഭിക്കാന്‍ കഴിഞ്ഞു.
സൂര്യഘർ പദ്ധതിയിൽ കേരളത്തിൽ 146053 പേർ അപേക്ഷിച്ചതിൽ 87213 വീടുകളിൽ സോളർ പ്ലാന്റ് സ്ഥാപിച്ചു. ആകെ സ്ഥാപിത ശേഷി 234.45 മെഗാവാട്ട് ആണ്. 69179 ഉപയോക്താക്കൾക്ക് 522 കോടി രൂപ സബ്സിഡിയായി ലഭ്യമായിട്ടുണ്ട്.
കാറ്റില്‍ നിന്നും വൈദ്യുതി
വൈദ്യുതി ബോര്‍ഡിന്റെയും സ്വകാര്യ സംരംഭകരുടെയും ഉടമസ്ഥതയിലുള്ളവ ഉള്‍പ്പെടെ കാറ്റാടി പാടം മുഖേനയുളള വൈദ്യുതിയുടെ സ്ഥാപിത ശേഷി 71.275 മെഗവാട്ട് ആണ്. ഇതില്‍ സ്വകാര്യ സംരംഭകര്‍ സ്ഥാപിച്ച 36.65 MW ന്റെ പദ്ധതികള്‍ ഈ കാലയളവില്‍ ആണ് സ്ഥാപിച്ചത്.
പമ്പ്ഡ് സ്റ്റോറേജ് പദ്ധതി
കേരളത്തില്‍ 6000 ത്തില്‍പരം മെഗാവാട്ട് എങ്കിലും പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ സാധ്യമാണ്. ഇതില്‍ മഞ്ഞപ്പാറ (30 മെഗാവാട്ട്), മുതിരപ്പുഴ (100 മെഗാവാട്ട്) എന്നീ പദ്ധതികള്‍ക്ക് ഇതിനോടകം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. 6580 മെഗാവാട്ട് ശേഷിയുള്ള 14 പദ്ധതികളാണ് നിലവില്‍ പരിഗണനയിലുള്ളത്.
ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം
പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 5-6 വര്‍ഷം ആവശ്യമാണ്. കേന്ദ്ര അനുമതികള്‍ക്കും കാലതാമസം ഉണ്ടായേക്കാം. ഇവകൂടി കണക്കിലെടുത്താണ് അടിയന്തര ആവശ്യകത നിറവേറ്റുന്നതിന് ആവശ്യമായ ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
പകല്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രി ലഭ്യമാക്കുന്നതാണ് ‘ബെസ്.’ ഇതിലൂടെ രാജ്യത്താകെയുള്ള ഗ്രിഡിന്റെ സുരക്ഷിതത്വവും ഉറപ്പാക്കാനാകും. പുരപ്പുറ സൗരോർജ നിലയങ്ങളില്‍നിന്ന് പകല്‍ ലഭ്യമാകുന്ന വൈദ്യുതി, ഉപഭോഗം കൂടുതലുള്ള രാത്രി ആവശ്യത്തിനായി 3000 -– 5000 മെഗാവാട്ട് വരെ സംഭരണ ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കേണ്ടത് ആവശ്യമാണ്.
രാത്രികാലത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്തിന് അനുവദിച്ച 500 മെഗാവാട്ട്-അവർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) 2026ല്‍ പ്രവർത്തനം ആരംഭിക്കും. കാസർകോട് മൈലാട്ടി 220 കെ വി സബ്‌സ്റ്റേഷൻ പരിസരത്താണ് സംസ്ഥാനത്തെ ആദ്യ ബെസ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരം പദ്ധതികൾ വിജയകരമായി നടപ്പാക്കി പരിചയമുള്ള സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് കെ എസ് ഇ ബി ഈ പദ്ധതി നടപ്പാക്കുന്നത്. 4 മണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത് എന്ന സവിശേഷതയും ഇതിനുണ്ട്.
പ്രസരണ മേഖല
സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വൈദ്യുതി എത്തിക്കുന്നതിനുള്ള ലൈനുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും ലഭ്യമായ വൈദ്യുതി സംസ്ഥാനത്തുടനീളം സുഗമമായി എത്തിക്കുന്നതിനും സംസ്ഥാനത്തിനകത്തുള്ള പ്രസരണ ശൃംഖല ശക്തിപ്പെടുത്തുവാനും വൈദ്യുതോപയോഗം വർദ്ധിപ്പിക്കുന്നതനുസരിച്ച് ഭാവിയിലേക്കുള്ള വൈദ്യുതാവശ്യങ്ങൾ കണക്കിലെടുത്ത് തടസ്സരഹിതമായി വൈദ്യുതി വിതരണം നടത്തുവാനും വിഭാവനം ചെയ്ത പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ്. 10,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2 ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്.
ട്രാന്‍സ്ഗ്രിഡ് പദ്ധതി പൂര്‍ണ്ണമായും പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തിന്റെ വൈദ്യുതി പ്രസരണ നഷ്ടത്തില്‍ 107 MWന്റെ കുറവാണ് കണക്കാക്കിയിട്ടുള്ളത്. ഇതുവഴി പ്രതിവര്‍ഷം 521 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാനാകും. ശരാശരി ഏകദേശം 250 കോടി രൂപയുടെ വരുമാന നേട്ടമാണ് ഇതിലൂടെ സംസ്ഥാനത്തിന് ലഭ്യമാകുക.
വൈദ്യുതി പ്രസരണ രംഗത്തും നാം വളരെ ഏറെ മുന്നേറിയിട്ടുണ്ട്. തനതു പദ്ധതികളും, ട്രാന്‍സ്ഗ്രിഡ് പദ്ധതിയും നടപ്പിലാക്കിയതു വഴി കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലം കൊണ്ട്, 100 സബ് സ്റ്റേഷനുകളാണ് നമുക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഇതിൽ ഒരെണ്ണം 400 കെ വി സബ്സ്റ്റേഷനും 13 എണ്ണം 220 കെവി സബ്സ്റ്റേഷനും പുതിയതും ശേഷി വര്‍ധിപ്പിച്ചതുമായി 50 എണ്ണം 110 കെ വി സബ്സ്റ്റേഷനും 7 എണ്ണം 66 കെ വി സബ്സ്റ്റേഷനും 29 എണ്ണം 33 കെവി സബ്സ്റ്റേഷനും ആണ്. കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ നീളുന്ന 400 കെ വി പവര്‍ ഹൈവേ നിര്‍മ്മാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്.
പ്രസരണ മേഖലയില്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 25 സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും, 33 സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു.
വൈദ്യുതി പ്രസരണ മേഖലയില്‍ 2016-–17 മുതല്‍ 2024-–25 വരെ കെ എസ് ഇ ബി എല്‍ 8056.30 കോടി രൂപയുടെ മുതല്‍മുടക്ക് നടത്തി.
വിതരണ മേഖല
വൈദ്യുതി വിതരണ രംഗം കൂടുതല്‍ ആധുനികവല്ക്കരിക്കുന്നതിനും ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പ് വരുത്തുന്നതിനുമായി തനതു പദ്ധതികള്‍, ദ്യുതി 1, 2 ഉൾപ്പെടെയുള്ള പദ്ധതികള്‍ എന്നിവയില്‍ ഉൾപ്പെടുത്തി 2016 ഏപ്രില്‍ മാസം മുതല്‍ 2025 ഫെബ്രുവരി മാസം വരെ പ്രധാനമായും 14,957 കി മി 11 കെ വി ലൈനും, 34321 കി മി എൽ ടി ലൈനും പുതുതായി നിർമിക്കുകയും, അപ്ഗ്രഡേഷൻ ഉൾപ്പെടെ 20621 ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുകയും, 1,26,489 കി മീ എൽ.ടി ലൈനും 6890 കി മീ 11 കെ വി OH ലൈനും റി കണ്ടക്ടറിങ് നടത്തുകയും, 14,342 കി മി എൽ ടി സിംഗിൾ ഫേസ് ലൈൻ ത്രീ ഫേസ് ആക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ 32.94 ലക്ഷം സർവീസ് കണക്ഷനുകൾ നൽകുകയും ചെയ്തിട്ടുണ്ട്.
പ്രസരണ, വിതരണ ശൃംഖല 2030 ഓടു കൂടി ശക്തിപ്പെടുത്തും. കേന്ദ്രാവിഷ്കൃത പദ്ധതിയായ RDSS ന് 2880 കോടി രൂപയുടെ ശൃംഖലാ ശാക്തീകരണ പദ്ധതിയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
വൈദ്യുതി വിതരണ മേഖലയില്‍ 2016–-17 മുതല്‍ 2025 മാര്‍ച്ച് മാസം വരെ കെ എസ് ഇ ബി എല്‍ 13,014.99 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി.
എൽ. ടി വൈദ്യുതി ലൈനുകളിൽ സ്പേസറുകൾ സ്ഥാപിക്കുന്നതിനുള്ള കർമ്മ പദ്ധതി
വൈദ്യുതി കമ്പികൾ പൊട്ടി വീണുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും, വൈദ്യുതി തടസങ്ങൾ കുറയ്ക്കുന്നതിനും, സുരക്ഷിതവും സുസ്ഥിരവുമായ വൈദ്യുതി ലഭ്യമാക്കുന്നതിനുമായി 3 ലക്ഷം കിലോമീറ്റർ ലോ ടെൻഷൻ വിതരണ ലൈനുകളിൽ സ്പേസറുകൾ ഘട്ടം ഘട്ടമായി സ്ഥാപിക്കാൻ KSEBL തീരുമാനിക്കുകയും, ഇതിന്റെ ഭാഗമായി 2021-–22 മുതല്‍ 2024-–25 കാലയളവിലായി 217 ലക്ഷം സ്പേസറുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
റീഡിങ്ങിനൊപ്പം ബില്ലടയ്ക്കലും
സ്പോട്ട് ബിൽ പേയ്മെന്റ്
പരീക്ഷണം വൻ വിജയം
മീറ്റർ റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന കെ എസ് ഇ ബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയം നേടി. മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കൾക്ക് അനായാസം ബിൽ തുക അടയ്ക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേനയോ, ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം തുടങ്ങിയ ഭാരത് ബിൽ പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആർ കോഡ് സ്കാൻ ചെയ്തോ ബിൽ തുക അടയ്ക്കാൻ കഴിയും. യാത്ര ചെയ്ത് ക്യാഷ് കൗണ്ടറിലെത്തി ക്യൂ നിന്ന് പണമടയ്ക്കാൻ കഴിയാത്തവർക്കും ഓൺ ലൈൻ പണമടയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കും വലിയ തോതിൽ സഹായകരമാണ് ഈ പദ്ധതി. ബില്ലടയ്ക്കാന്‍ മറന്നുപോകുന്നതു കാരണം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായകമാകും.
കാനറാ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പോട്ട് ബില്‍ പേമെന്റ് സേവനത്തിന് സര്‍വീസ് ചാര്‍ജോ, അധിക തുകയോ നല്‍കേണ്ടതില്ല. കെ എസ് ഇ ബിയെ സംബന്ധിച്ച് റീഡിംഗ് എടുക്കുന്ന ദിവസം തന്നെ ബില്‍ തുക ലഭ്യമാകും എന്ന ഗുണവുമുണ്ട്.
2024 നവംബര്‍ 15 മുതല്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള പ്രോത്സാഹജനകമായ സമീപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. l



