മികവിന്റെ ലോക മാതൃകകള്‍ ഏറെ സൃഷ്ടിച്ചിട്ടുള്ള നാടാണ് കേരളം. അതില്‍ പ്രധാനമാണ് ഭക്ഷ്യഭദ്രത. ഒരു ഭക്ഷ്യക്കമ്മി സംസ്ഥാനമെന്ന പരിമിതിയെ മറികടന്നുകൊണ്ട് വിശപ്പില്ലാത്ത സമൂഹം സൃഷ്ടിക്കാനും അതിദാരിദ്ര്യം തുടച്ചുനീക്കാനും നമുക്ക് കഴിഞ്ഞത് രാഷ്ട്രീയ ഇച്ഛാശക്തിയുള്ള സർക്കാരുകളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഫലമായാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള രണ്ടാം പിണറായി സർക്കാർ നാലുവർഷം പിന്നിടുമ്പോള്‍ നാം ഊന്നിപ്പറയേണ്ട കാര്യവും അതുതന്നെയാണ്. 1980 നു ശേഷം, ഭരണത്തിലിരിക്കുന്ന മുന്നണിക്ക് തുടർഭരണം ലഭിക്കുകയില്ല എന്ന പൊതുസ്ഥിതിയെ തിരുത്തി, ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് 2021 ൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത്. പ്രതിപക്ഷമായ യുഡിഎഫിനെ മാത്രമല്ല 2021ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെടുത്തിയത്– കേരളീയ സമൂഹത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്ന ദൃശ്യശ്രവ്യ മാധ്യമങ്ങളിൽ ഭൂരിപക്ഷവും സർക്കാരിനെയും അതിനു നേതൃത്വം നൽകുന്ന രാഷ്ട്രീയ മുന്നണിയെയും താറടിക്കാനും അതിന്റെ വികസന- ക്ഷേമ പരിപാടികളെ തമസ്കരിക്കാനും നടത്തിയ ശ്രമങ്ങൾ ഒട്ടും ചെറുതായിരുന്നില്ല. എന്നാൽ ജനങ്ങൾ ഈ വ്യാജപ്രചരണത്തെയാകെ തള്ളിക്കളയുകയാണ് ഉണ്ടായത്. അതിനുപകരം തങ്ങൾക്ക് അനുഭവവേദ്യമായ വസ്തുതകളെയാണ് വോട്ടവകാശം വിനിയോഗിക്കുന്നതിന് അവർ മാനദണ്ഡമാക്കിയത്. 2013ൽ ദേശീയ ഭക്ഷ്യഭദ്രതാ നിയമം പാസാക്കിയിരുന്നെങ്കിലും അത് കേരളത്തിൽ നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞിരുന്നില്ല. 2016 ൽ എൽഡിഎഫ് സർക്കാരിലെ ഭക്ഷ്യവകുപ്പ് മന്ത്രിയായ പി തിലോത്തമന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഈ നിയമം നടപ്പിലാക്കിയത്.
സാര്‍വ്വത്രികമായ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനായി എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ് എന്ന പദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്ന സംസ്ഥാനമാണ് കേരളം. 5,33,218 പുതിയ കാര്‍ഡുകള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ വിതരണം ചെയ്യുകയുണ്ടായി. ഭിന്നശേഷിക്കാരായ കുട്ടികളും മറ്റും താമസിക്കുന്ന ക്ഷേമസ്ഥാപനങ്ങള്‍ക്ക് 8232 കാര്‍ഡുകള്‍ നല്‍കുകയുണ്ടായി. തെരുവോരത്ത് താമസിക്കുന്നവര്‍ക്കും വാടകയ്ക്ക് താമസിക്കുന്നവർക്കും ട്രാന്‍സ്ജെന്റര്‍ വിഭാഗത്തിൽപ്പെട്ടവർക്കും ഉൾപ്പെടെ താമസരേഖകളുടെ അഭാവത്തിൽ ആധാറിന്റെ മാത്രം അടിസ്ഥാനത്തിൽ പുതിയ കാര്‍ഡുകള്‍ വിതരണം നടത്തിയിട്ടുണ്ട്. 1965 മുതൽ സംസ്ഥാനത്ത് നിലനിന്ന സ്റ്റാറ്റ്യൂട്ടറി റേഷനിങ് സാർവത്രികമായിരുന്നു. എന്നാൽ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി ലക്ഷ്യാധിഷ്ഠിത പൊതുവിതരണം കേന്ദ്രസർക്കാരിന്റെ നയമായി മാറി. ബിപിഎൽ, എപിഎൽ എന്നിങ്ങനെയുള്ള വേർതിരിവ് അതിന്റെ ഫലമായി വന്നതാണ്. ഇതിന്റെ ഏറ്റവും വലിയ ഇരയായത് ഭക്ഷ്യക്കമ്മി സംസ്ഥാനമായ കേരളമാണ്. ഭക്ഷ്യഭദ്രത നിയമം ഈ വേർതിരിവിന് നിയമപരമായ പിൻബലം നൽകി. കേരളത്തിലെ റേഷൻ ഗുണഭോക്താക്കളുടെ സംഖ്യ 43% മാത്രമായി മാറി. എന്നാൽ സംസ്ഥാനം പരിമിതമായ തോതിൽ ലഭ്യമാകുന്ന ഭക്ഷ്യധാന്യ വിഹിതത്തിൽനിന്നും മുൻഗണനേതര വിഭാഗങ്ങൾക്കും റേഷൻ വിതരണം നൽകിവരുന്നു. അർഹരായ ഒട്ടേറെ കുടുംബങ്ങളാണ് മുൻഗണനാ പട്ടികയ്ക്ക് പുറത്തുപോയത്. മുൻഗണനാ വിഭാഗത്തിൽപ്പെടുന്ന മഞ്ഞ, പിങ്ക് കാർഡുകൾ ലഭിക്കുവാൻ ദുർബല വിഭാഗങ്ങളിൽപ്പെട്ടവരുടെ നെട്ടോട്ടം അന്നുതൊട്ട് തുടങ്ങിയതാണ്. അത് കേരളത്തിലെ ഒരു വലിയ സാമൂഹ്യ പ്രശ്നമായി മാറിയിരുന്നു. എന്നാൽ മുൻഗണന ഗുണഭോക്താക്കളുടെ ആകെ എണ്ണം 1,57,80,040 ആയി കേന്ദ്രസർക്കാർ പരിമിതപ്പെടുത്തിയതോടുകൂടി ഒരു കുടുംബത്തെ ഒഴിവാക്കി കൊണ്ടല്ലാതെ മറ്റൊരാളെ ഈ വിഭാഗത്തിലേക്ക് കൊണ്ടുവരാൻ കഴിയുകയില്ല എന്ന സ്ഥിതി വന്നു. ഈ സ്ഥിതിയെ നേരിടുന്നതിനുവേണ്ടി നമ്മുടെ സർക്കാർ ഗുണഭോക്തൃ പട്ടികയുടെ ശുദ്ധീകരണം ആരംഭിച്ചു. ഇത് ഒരു തുടര്‍ പ്രക്രിയയാണ്. സര്‍ക്കാരിന്റെ കൈവശം ഉണ്ടായിരുന്നതും സറണ്ടര്‍, പരിശോധന, ഓപ്പറേഷന്‍ യെല്ലോ എന്നിവയിലൂടെ ലഭ്യമായതുമായ 5,27,345 മുൻഗണനാ കാർഡുകൾ അര്‍ഹരായവരുടെ കരങ്ങളിലേയ്ക്ക് എത്തിക്കുവാന്‍ കഴിഞ്ഞു എന്നത് ഈ സര്‍ക്കാരിന്റെ അഭിമാനകരമായ നേട്ടമാണ്. കൂടാതെ, ചികിത്സാര്‍ത്ഥം മുന്‍ഗണനാ കാര്‍ഡിനായി അപേക്ഷ നല്‍കിയവരുടെ ചികിത്സാ രേഖകള്‍ പരിശോധിച്ച ശേഷം മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കി വരുന്നു. ഇതിന്റെ പ്രയോജനം മാരക രോഗം ബാധിച്ച നിര്‍ദ്ധനരായ നിരവധി കുടുംബങ്ങള്‍ക്ക് ലഭിച്ചുവരുന്നു.
ഈ സര്‍ക്കാര്‍ ചുമതലയേറ്റെടുത്തശേഷം നടപ്പിലാക്കിയ മുന്‍ഗണനാ കാര്‍ഡുകളുടെ സറണ്ടര്‍ പദ്ധതി വന്‍വിജയമായിരുന്നു. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍, പിഴയോ ശിക്ഷയോ കൂടാതെ, പ്രസ്തുത കാര്‍ഡുകള്‍ സ്വമേധയാ സര്‍ക്കാരിലേയ്ക്ക് സറണ്ടര്‍ ചെയ്യുന്ന പദ്ധതിയാണിത്. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഒന്നര ലക്ഷത്തോളം പേര്‍ മുന്‍ഗണനാ കാര്‍ഡുകൾ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയുണ്ടായി. ഇത്തരമൊരു പദ്ധതി വിജയകരമായി നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം.
തദ്ദേശസ്വയംഭരണ വകുപ്പ് അതിദരിദ്രരായി കണ്ടെത്തിയ 7316 പേരില്‍, വകുപ്പ് പരിശോധന നടത്തി അര്‍ഹരെന്ന് ബോധ്യപ്പെട്ട എല്ലാവർക്കും സമയബന്ധിതമായി പുതിയ റേഷൻ കാർഡുകൾ അനുവദിച്ചുനൽകി.കേരളത്തില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് സംസ്ഥാനത്തുനിന്നും റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്നതിനായി റേഷൻ റൈറ്റ്സ് കാർഡുകൾ വിതരണം ചെയ്തു.
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ ജനോപകാരപ്രദമാക്കി ശക്തിപ്പെടുത്തുന്നതിന് സംസ്ഥാനത്തെ 1909 റേഷന്‍ കടകളെ കെ- സ്റ്റോറുകളാക്കി ഉയര്‍ത്തി. റേഷന്‍കടകളുടെ പശ്ചാത്തലസൗകര്യം വിപുലപ്പെടുത്തി മിനി ബങ്കിംഗ്, യൂട്ടിലിറ്റി പേയ്മെന്റ്, ചോട്ടു ഗ്യാസ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, കൃഷി – വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തിവരുന്നു. നടപ്പുവര്‍ഷം 2500 കെ- സ്റ്റോറുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമാകും. കെ- സ്റ്റോറുകള്‍ നല്‍കുന്ന അധിക സേവനങ്ങളിലൂടെ 19 കോടി രൂപയുടെ വ്യാപാരം നടക്കുകയുണ്ടായി.
റേഷന്‍കടയില്‍ നേരിട്ടെത്തി സാധനങ്ങള്‍ കൈപ്പറ്റാന്‍ കഴിയാത്ത കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതാത് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി സൗജന്യമായി റേഷന്‍ വീട്ടില്‍ എത്തിച്ചുകൊടുക്കുന്ന ‘ഒപ്പം’ പദ്ധതി സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞു. വനമേഖലകള്‍, എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ദുര്‍ഘട പ്രദേശങ്ങള്‍, ആദിവാസി നഗറുകള്‍, ട്രൈബല്‍ സെറ്റില്‍മെന്റുകള്‍, ലേബര്‍ സെറ്റില്‍മെന്റുകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വാതില്‍പ്പടിയായി റേഷന്‍ സാധനങ്ങള്‍ സൗജന്യമായി എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍കടകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് 139 ഉന്നതികളിലേക്ക് വ്യാപിപ്പിച്ചു. നിലവില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ 21 താലൂക്കുകളില്‍ 139 ഉന്നതികളില്‍ 64 റേഷന്‍കടകള്‍ സഞ്ചരിക്കുന്ന റേഷന്‍കടകളായി പ്രവര്‍ത്തിച്ചു വരുന്നു.
എല്ലാവര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കിക്കൊണ്ട് കേരളത്തെ വിശപ്പ് രഹിത സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി 20 രൂപ നിരക്കില്‍ ഉച്ചഭക്ഷണം ലഭ്യമാക്കുന്ന 50 സുഭിക്ഷാ ഹോട്ടലുകള്‍ പൊതുവിതരണ വകുപ്പിന് കീഴില്‍ ആരംഭിച്ചു. ജനകീയ / സുഭിക്ഷാ ഹോട്ടലുകള്‍ക്ക് പ്രതിമാസം 600 കിലോ അരി സൗജന്യ നിരക്കില്‍ (10.90 രൂപ) വിതരണം ചെയ്തു വരുന്നു. ജലവിഭവ വകുപ്പുമായി സഹകരിച്ചുകൊണ്ട് കെഐഐഡിസിയുടെ ഹില്ലി അക്വ എന്ന ബ്രാന്റിലുള്ള കുപ്പി കുടിവെള്ളം 10 രൂപ നിരക്കില്‍ റേഷന്‍കടകളിലൂടെ ലഭ്യമാക്കുന്ന പദ്ധതി വിജയകരമായി നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ‘കരുതലും കൈത്താങ്ങും’ അദാലത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളില്‍ നിന്നും നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നു. പ്രസ്തുത പരിപാടിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ ഏറെക്കുറെ പൂര്‍ണമായും തീര്‍പ്പാക്കാന്‍ കഴിഞ്ഞു എന്നത് വകുപ്പിന്റെ നേട്ടമായി കാണാവുന്നതാണ്.
സംസ്ഥാനത്ത് ഉപഭോഗത്തിനായി ആവശ്യമായ അരിയുടെ അളവ് ഏകദേശം 43 ലക്ഷം മെട്രിക് ടണ്ണാണ്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയതോടുകൂടി കേന്ദ്രത്തിൽ നിന്നും കേരളത്തിന് പ്രതിവര്‍ഷം ലഭിച്ചിരുന്ന 16.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങൾ 14.25 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. കേന്ദ്രസർക്കാർ ഭക്ഷ്യധാന്യ വിഹിതം ഏകപക്ഷീയമായി വെട്ടിക്കുറച്ചതും ടൈഡ് ഓവര്‍ വിഹിതമായി കേന്ദ്രം ലഭ്യമാക്കുന്ന അരിവിഹിതം വർദ്ധിപ്പിക്കാത്തതും സംസ്ഥാനത്തിനുള്ള മണ്ണെണ്ണ, ഗോതമ്പ് വിഹിതങ്ങൾ നിരന്തരമായി വെട്ടിക്കുറയ്ക്കുന്നതും സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം നേരിടുന്ന വെല്ലുവിളികളാണ്. റേഷന്‍ കടകളിലൂടെയുള്ള വിതരണത്തിനായി 2020-–21 കാലയളവില്‍ 37,056 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചിരുന്നിടത്ത് 2024-–25 ആയപ്പോഴേയ്ക്കും 3120 കിലോ ലിറ്റര്‍ മണ്ണെണ്ണയായി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. എന്നാൽ സംസ്ഥാനത്തിന്റെ ശക്തമായ ഇടപെടലിലൂടെ 2025 –26 വർഷത്തിൽ 5676 കിലോ ലിറ്റർ മണ്ണെണ്ണ വിഹിതം നേടിയെടുക്കുവാനും അതുവഴി സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ചെറിയ അളവിൽ മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കുവാനും കഴിഞ്ഞു. കൂടാതെ സംസ്ഥാനത്തിന് ടൈഡ്ഓവര്‍ വിഹിതമായി പ്രതിവർഷം ലഭിച്ചുകൊണ്ടിരുന്ന 6459 മെട്രിക് ടണ്‍ ഗോതമ്പും കേന്ദ്രസര്‍ക്കാര്‍ ഈ കാലയളവില്‍ വെട്ടിക്കുറയ്ക്കുകയുണ്ടായി. ഇതിനെതിരെ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നാളിതുവരെ കേന്ദ്ര സർക്കാർ പരിഗണിച്ചിട്ടില്ല.
റേഷൻ കടകൾ വഴിയുള്ള പഞ്ചസാര വിതരണം ഇക്കാലയളവിൽ പുനഃസ്ഥാപിക്കുവാൻ കഴിഞ്ഞു. പഞ്ചസാരയുടെ വിലയിൽ അടുത്ത കാലത്ത് വലിയ വർദ്ധനയുണ്ടായ സാഹചര്യത്തിൽ പഞ്ചസാര വിലയിൽ ക്രമീകരണം ഏർപ്പെടുത്തി സപ്ലൈകോയ്ക്ക് നഷ്ടംവരാത്ത വിധത്തിലാണ് റേഷൻ കടകൾവഴി പഞ്ചസാര വിതരണം പുന:സ്ഥാപിക്കുവാൻ വകുപ്പിന് കഴിഞ്ഞത്.
പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാൻഡിൽ അരി വിതരണം ചെയ്തുവരുന്നു. ഭാരത് റൈസിന് ബദലായി സപ്ലൈകോ നടപ്പിലാക്കിയ കെ- റൈസ് പദ്ധതി വിജയകരമായിരുന്നു. സപ്ലൈകോ വില്‍പനശാലകള്‍ വഴി 29 – 33 രൂപ നിരക്കിലാണ് കെ- റൈസ് വിതരണം ചെയ്യുന്നത്. കെ- റൈസ് പദ്ധതി പ്രകാരമുള്ള അരി പൊതുജനങ്ങൾക്ക് നൽകുന്നത് കിലോയ്ക്ക് 12 മുതൽ 18 രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടാണ്. കേരളത്തിലെ പൊതുവിപണിയിൽ നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിവരുന്ന നെല്ല് സംഭരണ പദ്ധതിയിലൂടെ കേരളത്തിലെ കർഷകരിൽ നിന്നും ശരാശരി 6 ലക്ഷം മെട്രിക് ടണ്‍ നെല്ല് പ്രതിവർഷം സംഭരിക്കുന്നുണ്ട്. പ്രസ്തുത നെല്ല് ഒരു കിലോ അരിയാക്കി മാറ്റുന്നതിന് ഏകദേശം 60 രൂപ ചെലവു വരുന്നുണ്ട്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ചമ്പാവരി 10 രൂപ 90 പൈസ നിരക്കിൽ കേരളത്തിലെ പൊതുവിതരണ ശൃംഖലയിലൂടെ നൽകുന്നത് കേരളത്തിലെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിന് വളരെ സഹായകമായിട്ടുണ്ട്.
100% റേഷന്‍ കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞ ആദ്യ സംസ്ഥാനമാണ് കേരളം. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് മുന്നേറാന്‍ കഴിഞ്ഞതില്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ച ഒരു ഘടകമാണ് സംസ്ഥാനത്തെ മികച്ച നിലവാരത്തിലുള്ള പൊതുവിതരണ സമ്പ്രദായം. റൂട്ട് ഒപ്-റ്റിമൈസേഷന്‍ ഉള്‍പ്പെടെയുള്ള പൊതുവിതരണ ശൃംഖലയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനം പരിഗണിച്ച് 2024 ഡിസംബര്‍ 5 ന് ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രശസ്തിപത്രം കേരളത്തിന് ലഭിക്കുകയുണ്ടായി. മുന്‍ഗണനാകാര്‍ഡുകളുടെ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് മികച്ച റേറ്റിങ്ങാണുള്ളത്.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം അനുവദിക്കുന്ന 10.25 ലക്ഷം മെട്രിക് ടണ്ണും, മുൻഗണനേതര വിഭാഗങ്ങൾക്കായുള്ള സംസ്ഥാന പദ്ധതിപ്രകാരമുള്ള 4 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളുമാണ് പൊതുവിതരണ സംവിധാനംവഴി വിതരണം നടത്തിവരുന്നത്. മുൻഗണനാ കാർഡുകാർക്കുള്ള ഭക്ഷ്യധാന്യ വിതരണത്തിനു മാത്രമേ കേന്ദ്രസർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുകയുള്ളൂ. 57 ശതമാനം വരുന്ന മുൻഗണനാ കാർഡുകാർക്ക് റേഷൻ വിതരണത്തിനായുള്ള ചെലവുകൾ പൂർണമായും നിർവ്വഹിക്കുന്നതും സംസ്ഥാന സർക്കാരാണ്. ഒരു ക്വിന്റൽ ഭക്ഷ്യധാന്യം റേഷൻകടകളിൽ വാതിൽപ്പടിയായി എത്തിക്കുന്നതിന് ട്രാൻസ്പോർട്ടേഷൻ & ഹാന്റിലിങ് ചാർജിനത്തിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്ക് 65 രൂപയാണ്. ഇതിന്റെ 50% (32.50 രൂപ) മാത്രമാണ് കേന്ദ്ര സർക്കാർ അനുവദിക്കുന്നത്. കേന്ദ്ര സർക്കാർ ട്രാൻസ്പോർട്ടേഷൻ & ഹാന്റിലിങ് ചാർജ്ജ് ഇനത്തിൽ അംഗീകരിച്ച നിരക്ക് ക്വിന്റലിന് 65 രൂപയാണെങ്കിലും സംസ്ഥാനത്ത് ഈ ഇനത്തിലുള്ള ആകെ ചെലവ് ഒരു ക്വിന്റലിന് 145 രൂപയാണ്. ഇതിൽ നിന്ന് കേന്ദ്ര ഗവൺമെന്റ് നിലവിൽ അനുവദിക്കുന്ന 32.50 രൂപ കിഴിച്ച് ബാക്കി തുകയായ 112.50- രൂപ സംസ്ഥാന സർക്കാരാണ് വഹിച്ചുവരുന്നത്.സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണത്തിനായി ട്രാൻസ്പോർട്ടേഷൻ കോൺട്രാക്റ്റേഴ്സിന് ഒരു മാസം നൽകുന്ന ശരാശരി തുക 16 കോടി രൂപയാണ്. ഇതിൽ കേവലം 2.7 കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്നത്. ഗതാഗത കൈകാര്യ ചെലവിനത്തിനു പുറമെ, ഗോഡൗൺ വാടക ഇനത്തിൽ സംസ്ഥാന സർക്കാർ പ്രതിമാസം 2.65 കോടി രൂപയും ജീവനക്കാർക്കുള്ള ശമ്പളയിനത്തിൽ 2.30 കോടി രൂപയും ചെലവഴിക്കുന്നു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട ചെലവുകൾക്കായി (ഗതാഗത കൈകാര്യ ചെലവ്, ഗോഡൗൺ വാടക, ജീവനക്കാർക്കുള്ള ശമ്പളം, മറ്റ് അനുബന്ധ ചെലവുകൾ) സംസ്ഥാന സർക്കാർ പ്രതിമാസം ശരാശരി 21 കോടി രൂപ ചെലവഴിക്കുന്നു. അതായത്, ഗതാഗത കൈകാര്യ ചെലവ്, ഗോഡൗൺ വാടക, ജീവനക്കാർക്കുള്ള ശമ്പളം, മറ്റ് അനുബന്ധ ചെലവുകൾ എന്നീ ഇനങ്ങളിലായി സംസ്ഥാന സർക്കാർ പ്രതിവർഷം 252 കോടി രൂപ ചെലവഴിക്കുന്നു. ഇതിൽ 32.4 കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാർ വഹിക്കുന്നത്.
സംസ്ഥാനത്തെ റേഷൻവിതരണവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഇനത്തിൽ സംസ്ഥാന സർക്കാർ പ്രതിമാസം 27 കോടി രൂപ ചെലവഴിക്കുന്നു. ഇതിൽ കേവലം 4.5 കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാർ വിഹിതമായി ലഭിക്കുന്നത്. റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ തുകയായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്ക് ക്വിന്റലിന് 107 രൂപയാണ്. ഇതിന്റെ 50% (53.50 രൂപ) മാത്രമാണ് കേന്ദ്ര സർക്കാർ അനുവദിക്കുന്നത്. കേന്ദ്ര സർക്കാർ കമ്മീഷൻ ഇനത്തിൽ അംഗീകരിച്ച നിരക്ക് 107 രൂപയാണെങ്കിലും സംസ്ഥാനത്ത് ഈ ഇനത്തിലുള്ള ആകെ ചെലവ് ഒരു ക്വിന്റലിന് 230 രൂപയാണ്. ഇതിൽ കേന്ദ്ര ഗവൺമെന്റ് നൽകുന്ന 53.50 രൂപ കിഴിച്ച് ബാക്കി തുകയായ 176.50 രൂപ സംസ്ഥാന സർക്കാരാണ് വഹിച്ചുവരുന്നത്.
സംസ്ഥാനത്തെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യധാന്യങ്ങളുടെ വിലയിനത്തിൽ പ്രതിവർഷം 336 കോടി രൂപയും, റേഷൻ വ്യാപാരി കമ്മീഷൻ ഇനത്തിൽ പ്രതിവർഷം 324 കോടി രൂപയും, ഗതാഗത കൈകാര്യ ചെലവ്, ഗോഡൗൺ വാടക, ജീവനക്കാർക്കുള്ള ശമ്പളം, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയ്ക്കായി പ്രതിവർഷം 252 കോടി രൂപയും സംസ്ഥാന സർക്കാർ ചെലവഴിക്കുന്നു. സംസ്ഥാനത്തെ റേഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ ഒരു വർഷം 912 കോടി രൂപ ചെലവഴിക്കുന്നു. ഇതിൽ കേവലം 86 കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാർ അനുവദിക്കുന്നത്.
ചുരുക്കത്തിൽ, എല്‍ഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തില്‍ ഭക്ഷ്യഭദ്രതയുടെയും വിപണി ഇടപെടലിന്റെയും മേഖലകളെ കൂടുതൽ പോഷിപ്പിക്കാനും ഉപഭോക്തൃ ശാക്തീകരണ രംഗത്ത് പുതുചുവടുകൾ വയ്ക്കാനും ഒരുങ്ങുകയാണ് സംസ്ഥാനം. l



