കേരളത്തിന്റെ ആരോഗ്യരംഗം രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധേയമാണ്. ആരോഗ്യ രംഗത്തെ വളരെ മികച്ച രീതിയില്‍തന്നെ മുന്നോട്ടുകൊണ്ടുപോകാന്‍ ഈ കാലയളവില്‍ സാധിച്ചു. പ്രാഥമികാരോഗ്യ തലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വലിയ വികസനം നടത്താന്‍ നമുക്കായി. വീടിന് തൊട്ടടുത്ത് പരിചരണം സാധ്യമാക്കാനായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും സാക്ഷാത്കരിച്ചു. താലൂക്ക് തലം മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ സജ്ജമാക്കി. മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കി മെഡിക്കല്‍ കോളേജുകളില്‍ ലോകോത്തര സംവിധാനങ്ങളൊരുക്കി. ഇതിന്റെയെല്ലാം ഫലമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം പല മടങ്ങ് വര്‍ധിച്ചു.
കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കത്തിലാണ് ഈ സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നത്. കോവിഡിനോടൊപ്പം നിപ, മങ്കിപോക്‌സ്, സിക തുടങ്ങിയ പകര്‍ച്ചവ്യാധികളും സമാനതകളില്ലാത്ത വെല്ലുവിളികളാണ് സൃഷ്ടിച്ചത്. ആ വെല്ലുവിളികളെ സുശക്തമായി നേരിട്ട് ദേശീയ തലത്തില്‍ മികച്ച മുന്നേറ്റം നടത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കഴിഞ്ഞു. നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം രണ്ടിന്റെ ഭാഗമായി 10 ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചിട്ടയോടെ പ്രവര്‍ത്തിച്ചത്. അടിസ്ഥാനസൗകര്യ വികസനം, ആധുനിക സംവിധാനങ്ങള്‍, രോഗീസൗഹൃദ അന്തരീക്ഷം എന്നിവ സാധ്യമാക്കാനായി.
മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി കേരളത്തിന്റെ ആരോഗ്യ – വനിതാ ശിശുവികസന വകുപ്പിന് ദേശീയ തലത്തില്‍ 29 പുരസ്‌കാരങ്ങളും ബഹുമതികളുമാണ് ലഭിച്ചത്. ഈ കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിനാണ് ലഭിച്ചത്. 4 വര്‍ഷം കൊണ്ട് 7000 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നല്‍കി. വികസിത രാജ്യങ്ങളിലെ നിലവാരത്തിലേക്കുയരാന്‍ ആരോഗ്യ മേഖലയ്ക്കായി.
ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന് ഒന്നാം സ്ഥാനം ഈ കാലഘട്ടത്തില്‍ ലഭിച്ചു. ദേശീയ നിതി ആയോഗ് സുസ്ഥിര വികസന സൂചികകളില്‍ കേരളം ഒന്നാമതാണ്. ഏറ്റവും കുറവ് മാതൃ, ശിശുമരണമുള്ള സംസ്ഥാനമാണ് നമ്മുടേത്. പാലിയേറ്റീവ് കെയര്‍ രംഗത്ത് വിജയകരമായ മാതൃകയാണ് കേരളത്തിന്റേതെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചു.
ആരോഗ്യ രംഗത്തെ പല മേഖലകളിലും മുന്നിലുള്ള കേരളം ആ സ്ഥാനത്ത് നിന്നും വീണ്ടും കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ ചികിത്സാ രംഗത്ത് നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടുകൂടി കൂടുതല്‍ മികവുറ്റതും ജനകീയവും മാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ തുടക്കമിട്ടിട്ടുണ്ട്. റോബോട്ടിക് സര്‍ജറി, പൂര്‍ണമായി ചലന ശേഷി നഷ്ടപ്പെട്ടവര്‍ക്ക് ചലന ശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന ജി ഗൈറ്റര്‍, ബ്ലഡ് ബാഗ് ട്രൈസബിലിറ്റി എന്നിവ ചില ഉദാഹരണങ്ങളാണ്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, അപൂര്‍വ രോഗങ്ങള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കി. സ്റ്റേറ്റ് വണ്‍ ഹെല്‍ത്ത് സെന്റര്‍, കെ സിഡിസി, നിപ റിസര്‍ച്ച് സെന്റര്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.
എഎംആര്‍. (ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്) പ്രതിരോധത്തിന് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ നടത്തി. അപൂര്‍വ രോഗ ചികിത്സയ്ക്ക് രാജ്യത്ത് ആദ്യമായി കെയര്‍ പദ്ധതി, കുഞ്ഞുങ്ങളിലെ വൃക്കരോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി പ്രതീക്ഷ, ഫാറ്റി ലിവര്‍ ചികിത്സയ്ക്കായി രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രികളില്‍ ഫാറ്റി ലിവര്‍ ക്ലിനിക് എന്നിവ ആരംഭിച്ചു. സര്‍ക്കാര്‍–സര്‍ക്കാര്‍ അനുബന്ധ മേഖലകളിലായി 15 നഴ്‌സിങ്- കോളേജുകള്‍ ആരംഭിച്ചു. ആദ്യമായി ദേശീയ റാങ്കിങ് പട്ടികയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും ഉള്‍പ്പെട്ടു. മെഡിക്കല്‍, നഴ്‌സിങ്- സീറ്റുകള്‍ ഗണ്യമായി വര്‍ധിപ്പിച്ചു. മികച്ച സംവിധാനങ്ങള്‍ ഒരുക്കിയതിന്റെ ഫലമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം പലമടങ്ങ് വര്‍ധിച്ചു. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രകടമായ മാറ്റം കാണാവുന്നതാണ്.
ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍
സംസ്ഥാനത്ത് 5,409 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. സംസ്ഥാനത്തെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമാക്കുന്നതിനാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത്. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി താഴെത്തട്ടിലൂടെ ജനപങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പ് വരുത്തുന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും മാതൃകാരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ആരോഗ്യപരമായ ജീവിതശൈലീ സംസ്‌കാരം വളര്‍ത്തുന്നതിന് എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെയും ജനകീയ ആരോഗ്യ ക്ലബ്ബുകള്‍ ആരംഭിച്ചു.
കാന്‍സര്‍ ചികിത്സാ
രംഗത്ത് മുന്നേറ്റം
ജീവിതശൈലീ രോഗങ്ങളേയും കാന്‍സറിനേയും നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ഈ സര്‍ക്കാര്‍ ആര്‍ദ്രം ജീവിതശൈലീ രോഗനിര്‍ണയ കാമ്പയിന്‍ ആരംഭിച്ചു. പ്രധാന ആശുപത്രികള്‍ക്കുപുറമേ 25 ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി. മലബാര്‍ കാന്‍സര്‍ സെന്ററിനെ 562.25 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആൻഡ് റിസര്‍ച്ച് ആയി ഉയര്‍ത്തി. ആര്‍സിസിയിലും എംസിസിയിലും നൂതന ചികിത്സാ സംവിധാനങ്ങളൊരുക്കി. സ്തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും ഒരു ജില്ലാ, താലൂക്കുതല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്‌സി, പാപ്‌സ്മിയര്‍ സംവിധാനമൊരുക്കുന്നു. ആദ്യഘട്ടത്തില്‍ 8 ആശുപത്രികളില്‍ മാമോഗ്രാം നടപ്പിലാക്കി. കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ആശുപത്രി കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കി. മലബാര്‍ കാന്‍സര്‍ സെന്ററില്‍ മജ്ജമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി ബോണ്‍മാരോ ഡോണര്‍ രജിസ്ട്രി ആരംഭിച്ചു. ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം എന്ന ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിച്ചു.
അപൂര്‍വ രോഗ പരിചരണത്തിന് കെയര്‍ പദ്ധതി
അപൂര്‍വ രോഗ പരിചരണത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് കെയര്‍ (KARE: Kerala United Against Rare Diseases) പദ്ധതി നടപ്പിലാക്കി. അപൂര്‍വരോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിര്‍ണായക ചുവടുവയ്പാണിത്. അപൂര്‍വ രോഗങ്ങള്‍ക്ക് വിലപിടിപ്പുള്ള മരുന്നുകള്‍ നല്‍കാനുള്ള പദ്ധതിയും ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയും ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. എസ്എടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തിരുന്നു. ഈ പദ്ധതിയിലൂടെ ഒരു രോഗിക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് നല്‍കാന്‍ കഴിയുന്നത്. എന്നാല്‍ പല രോഗങ്ങളുടെയും നിലവിലെ ചികിത്സകള്‍ക്ക് ഈ തുക മതിയാകില്ല. ഇതുകൂടി മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ അപൂര്‍വ രോഗങ്ങള്‍ക്കുള്ള സമഗ്ര പരിചരണ പദ്ധതി നടപ്പിലാക്കിയത്.
ആദ്യമായി കാന്‍സറിന്
റോബോട്ടിക് സര്‍ജറി
സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാക്കി. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം ആര്‍സിസിയിലും എംസിസിയിലും ആരംഭിച്ചു. പീഡിയാട്രിക് റോബോട്ടിക് സര്‍ജറി ആര്‍സിസിയില്‍ ആരംഭിച്ചു.
ആരോഗ്യ മേഖലയില്‍
നിര്‍മ്മിത ബുദ്ധി (AI)
ജി ഗൈറ്റര്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറല്‍ ആശുപത്രി മാറി. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ലോകോത്തര നിലവാരത്തിലുള്ള ആധുനിക ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ഉറപ്പാക്കുന്നു. സ്‌ട്രോക്ക്, സ്പൈനല്‍ കോര്‍ഡ് ഇഞ്ചുറി, അപകടം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയ നിരവധി കാരണങ്ങള്‍ മൂലം ചലനശേഷി നഷ്ടമായവരെ വീണ്ടും ചലിക്കാനും നടത്താനും സഹായിക്കുന്നു.
അന്താരാഷ്ട്ര ആയുര്‍വേദ
റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
സംസ്ഥാന സര്‍ക്കാരിന്റെ മുന്‍നിര പ്രോജക്ടുകളില്‍ ഒന്നാണ് അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. അതിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേരളത്തിന്റെ സമ്പന്നമായുള്ള ആയുര്‍വേദ പാരമ്പര്യം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കയ്യെഴുത്ത് പ്രതികള്‍, ഔഷധസസ്യ ജൈവവൈവിധ്യം, ആയുര്‍വേദത്തിന്റെ വൈവിധ്യമാര്‍ന്ന തത്വങ്ങള്‍, സമ്പ്രദായങ്ങള്‍ എന്നിവയൊക്കെ സംരക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും തലമുറകള്‍ക്കും വിവിധ സംസ്‌കാരങ്ങള്‍ക്കും വിവിധ ഇടങ്ങള്‍ക്കും അവയെ പരിചയപ്പെടുത്തുന്നതിനുമുള്ള ഒരു ഇടമായി ഗവേഷണ കേന്ദ്രം മാറും.
ആരോഗ്യ വിദ്യാഭ്യാസ
രംഗത്തെ വളര്‍ച്ച
ഈ കാലയളവില്‍ കോന്നി, ഇടുക്കി മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്ഥ്യമാക്കി. സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലയില്‍ 15 നഴ്സിംഗ് കോളേജുകള്‍ ആരംഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ പുതുതായി 8 നഴ്സിംഗ് കോളേജുകളും സിമെറ്റിന്റെ കീഴില്‍ 7 നഴ്സിംഗ് കോളേജുകളും സ്ഥാപിച്ചു. ആദ്യമായി ദേശീയ റാങ്കിംഗ് പട്ടികയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും ഉള്‍പ്പെട്ടതും ഈ കാലയളവിലാണ്. മെഡിക്കല്‍, നഴ്സിംഗ് സീറ്റുകള്‍ ഗണ്യമായി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ആയിരത്തിലധികം ബിഎസ്-സി നഴ്‌സിംഗ് സീറ്റുകള്‍ ആണ് പുതുതായി അനുവദിച്ചത്.
ഗുണനിലവാര അംഗീകാരങ്ങളും
ഇ-–ഹെല്‍ത്തും
ഇതുവരെ 227 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യുഎഎസ് നേടാനായി. 5 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മുസ്‌കാന്‍ അംഗീകാരവും 14 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യ അംഗീകാരവും ലഭിച്ചു. സംസ്ഥാനത്ത് ഇ-– ഹെല്‍ത്ത് പദ്ധതി നാളിതുവരെ 750ലധികം ആശുപത്രികളില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെ ക്യൂ നില്‍ക്കാതെ ഒപി ടിക്കറ്റ് എടുക്കാന്‍ കഴിയുന്നു. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇ–ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തുകയാണ് നമ്മുടെ ലക്ഷ്യം. ഇ പേയ്മെന്റ്, എം ഇ ഹെല്‍ത്ത് മൊബൈല്‍ ആപ്പ് എന്നിവയും സജ്ജമാക്കി.
പാലിയേറ്റീവ് പരിചരണം
കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് സുപ്രധാന ഇടപെടലുകളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി പാലിയേറ്റീവ് കെയര്‍ ഗ്രിഡ് സ്ഥാപിച്ചു. നമ്മുടെ പാലിയേറ്റീവ് പരിചരണത്തെ ലോകാരോഗ്യ സംഘടനയും ആഗോള അക്കാദമിക സമൂഹവും (ലാന്‍സെറ്റ് കമ്മീഷന്‍) അഭിനന്ദിക്കുകയുണ്ടായി. ആവശ്യമായ കെയര്‍ കമ്പോണന്റുകള്‍ എല്ലാം സമന്വയിപ്പിച്ച് സമഗ്ര പാലിയേറ്റീവ് പരിചരണം സര്‍ക്കാര്‍ മേഖലയില്‍തന്നെ നടപ്പിലാക്കാനുള്ള നടപടികള്‍ക്ക് നാം തുടക്കം കുറിച്ചിട്ടുണ്ട്.
ആശുപത്രികളില്‍ വന്‍ മാറ്റം
ആരോഗ്യ വകുപ്പില്‍ 10,000 കോടിയിലധികം രൂപയുടെ വികസനമാണ് കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ സാധ്യമാക്കിയത്. ആരോഗ്യ വകുപ്പില്‍ സംസ്ഥാനത്ത് പ്രാഥമിക തലം മുതല്‍ ത്രിതീയ തലം വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് അഭൂതപൂര്‍വമായ വികസന മുന്നേറ്റമാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഉണ്ടായിട്ടുള്ളത്. കിഫ്ബിയുടെ ആവിര്‍ഭാവമാണ് ആരോഗ്യ മേഖലയുടെ അടിസ്ഥാനസൗകര്യ രംഗത്ത് മുമ്പൊരിക്കലുമില്ലാത്ത വികസനം സാധ്യമാക്കിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികള്‍, ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, മാതൃ–ശിശു ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ പദ്ധതികള്‍ക്ക് കിഫ്ബി പ്രത്യേക പരിഗണന ഈ കാലയളവില്‍ നല്‍കുകയുണ്ടായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികള്‍, ക്യാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 78 വിവിധ പ്രോജക്ടുകള്‍ക്കായി 5,700 കോടി രൂപയ്ക്കുള്ള ഭരണാനുമതി നല്‍കുകയും കിഫ്ബിയില്‍ നിന്നും 4,000ത്തോളം കോടി രൂപയുടെ സാമ്പത്തികാനുമതി ലഭ്യമാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചുവരുന്നുണ്ട്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി സമര്‍പ്പിക്കപ്പെട്ട 17 പ്രോജക്ടുകള്‍ക്കായി 3200 കോടി രൂപയുടെ ഭരണാനുമതി നല്‍കുകയും 2000 കോടി രൂപയുടെ ധനാനുമതി കിഫ്ബിയില്‍ നിന്നും ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ മെഡിക്കല്‍ കോളേജുകളില്‍ നല്ല നിലയില്‍ പുരോഗമിച്ചുവരുന്നു.
സംസ്ഥാനത്തെ ക്യാന്‍സര്‍ കെയര്‍ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കിഫ്ബി ധനസഹായം ഉപയോഗപ്പെടുത്തി ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരുന്നുണ്ട്. തലശ്ശേരിയിലുള്ള മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ (എംസിസി) 3 പ്രൊജക്റ്റുകള്‍ക്കായി മൊത്തം 644 കോടി രൂപയുടെയും, എറണാകുളത്തുള്ള കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിനായി (സിസിആര്‍സി) 384.34 കോടി രൂപയുടെയും കിഫ്ബി ധനസഹായത്തോടു കൂടിയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള ഭരണാനുമതി നല്‍കുകയുണ്ടായി. മലബാര്‍ ക്യാന്‍സര്‍ സെന്ററിനായി മൊത്തം 530 കോടി രൂപയുടെയും, കൊച്ചിന്‍ ക്യാന്‍സര്‍ കെയര്‍ റിസര്‍ച്ച് സെന്ററിനായി 450 കോടി രൂപയുടെയും (ഉപകരണങ്ങള്‍ ഉള്‍പ്പടെ) സാമ്പത്തികാനുമതി കിഫ്ബിയില്‍ നിന്നും ലഭ്യമാക്കുകയും നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരികയുമാണ്.
ആയുഷ് മേഖലയില്‍ കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിനായി 183 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടുകൂടിയുള്ള വികസന പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തിലാണ്. 6 മാസത്തിനുള്ളില്‍ ഇത് സജ്ജമാകും. കോഴിക്കോട് സ്ഥാപിക്കുന്ന ഓര്‍ഗന്‍ ആൻഡ് ടിഷ്യു ട്രാന്‍സ്-പ്ലാന്റ്- ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണത്തിന് കിഫ്ബി വഴി 558.68 കോടി രൂപയുടെ ഭരണാനുമതി നല്‍കി തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.
നബാര്‍ഡ് ധനസഹായം ഉപയോഗപ്പെടുത്തി ആരോഗ്യവകുപ്പിനു കീഴിലുള്ള 31 ആശുപത്രികള്‍ക്കായി 450 കോടി രൂപയും, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ 2 പ്രോജക്റ്റുകള്‍ക്കായി 47 കോടി രൂപയും ഉള്‍പ്പെടെ മൊത്തം 32 പ്രോജക്റ്റുകള്‍ക്കായി 482 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിലവില്‍ വിവിധ ഘട്ടങ്ങളിലായി നടന്നുവരുന്നു. കൂടാതെ തിരുവനന്തപുരത്തുള്ള ആര്‍.സി.സി-യുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 187.22 കോടി രൂപയുടെ സംസ്ഥാന പദ്ധതിവിഹിതം വിനിയോഗിച്ചുകൊണ്ടുള്ള 14 നില കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും.
ചികിത്സാ രംഗത്തും പ്രകടമായ മാറ്റം കാണാന്‍ സാധിക്കും. സ്വകാര്യ മേഖലയില്‍ 40 ലക്ഷത്തിലധികം ചെലവുവരുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കാന്‍ ഈ കാലഘട്ടത്തില്‍ കഴിഞ്ഞു. സൗജന്യമായോ ഏറ്റവും മിതമായ നിരക്കിലോ ആണ് ഇത് ചെയ്യുന്നത്. 2022 ഫെബ്രുവരിയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി വിജയകരമായി നടത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും നടന്നു. ഇനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കും. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി റോബോട്ടിക് സര്‍ജറി ആര്‍സിസിയിലും എംസിസിയിലും ആരംഭിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ആരംഭിച്ചു. രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റിവയ്ക്കുന്ന ജില്ലാതല ആശുപത്രിയായി മാറാന്‍ എറണാകുളം ജനറല്‍ ആശുപത്രിയെ സജ്ജമാക്കി. സ്‌ട്രോക്ക്, പക്ഷാഘാതം, തുടങ്ങിയ നിരവധി കാരണങ്ങള്‍മൂലം ചലനശേഷി നഷ്ടമായവരെ വീണ്ടും നടത്താന്‍ പഠിപ്പിക്കുന്ന എഐ സാങ്കേതികവിദ്യയോടെയുള്ള ജിഗെയ്റ്റര്‍ രാജ്യത്ത് ആദ്യമായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചു.
കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്‍കുന്ന കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ് കൗണ്ടറുകള്‍ ആരംഭിച്ചു. ഇതുവരെ മൂന്ന് കോടിയോളം രൂപയുടെ മരുന്ന് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായി ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതി ആരംഭിച്ചു. അപൂര്‍വ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തി. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ യാഥാര്‍ത്ഥ്യമാക്കി.
ഇന്ത്യയില്‍ ആദ്യമായി ‘വണ്‍ ഹെല്‍ത്ത്’ പദ്ധതി നടപ്പിലാക്കി. കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോ കാത്ത്‌ലാബ് ഉള്‍പ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് സജ്ജമാക്കി. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് സജ്ജമാക്കി. നിര്‍ണയ ഹബ് ആൻഡ് സ്‌പോക്ക് മോഡല്‍ ലാബ് നെറ്റ-്-വര്‍ക്ക് ഉടന്‍ യാഥാര്‍ത്ഥ്യമാകും. പകര്‍ച്ചവ്യാധി- പകര്‍ച്ചേതരവ്യാധി – പ്രതിരോധത്തിനും കേരള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവെന്‍ഷന്‍ അഥവാ കേരള സിഡിസി യാഥാര്‍ത്ഥ്യമാകുന്നു. സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം നടപ്പിലാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി എസ്.എം.എ. (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) ക്ലിനിക് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ആരംഭിച്ചു.
കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് സുപ്രധാന ഇടപെടലുകളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി പാലിയേറ്റീവ് കെയര്‍ ഗ്രിഡ് സ്ഥാപിച്ചു. നമ്മുടെ പാലിയേറ്റീവ് പരിചരണത്തെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു. സംസ്ഥാനത്ത് ആദ്യമായി ക്രിട്ടിക്കല്‍ കെയര്‍, ജനറ്റിക്‌സ്, ജെറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി, പീഡിയാട്രിക് ഗ്യാസ്ട്രോ, ഫീറ്റല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങള്‍ ആരംഭിച്ചു.
കിഫ്ബിയിലൂടെ ആരോഗ്യ മേഖലയില്‍ വന്‍ വികസനമാണ് സാധ്യമാക്കിയത്. കിഫ്ബി, നബാര്‍ഡ്, സംസ്ഥാന പദ്ധതി വിഹിതം, തദ്ദേശ സ്വയംഭരണ വകുപ്പ് മുഖാന്തിരം ലഭ്യമാകുന്ന ഫണ്ട്, എംഎല്‍എ, എംപി-മാരുടെ ആസ്തി വികസന ഫണ്ട്, ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്, എന്‍എച്ച്.എം വഴി ലഭിച്ച ഫണ്ട്, സിഎസ്ആര്‍, തുടങ്ങി വിവിധങ്ങളായ ധന സ്രോതസ്സ് വഴി ലഭ്യമായ ഫണ്ടുകള്‍ ഉപയോഗിച്ച് സംസ്ഥാനത്തുടനീളമുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയും, കാന്‍സര്‍ കെയര്‍ സെന്ററുകള്‍, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. സമഗ്ര പാലിയേറ്റീവ് പരിചരണം നടപ്പിലാക്കാനുള്ള നടപടി സ്വീകരിച്ചു.
അതിന്റെ ഭാഗമായി ആരോഗ്യ മേഖലയിലും വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. സംസ്ഥാനത്ത് നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഇനിയും കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ പരിശ്രമിക്കുന്നത്. l



