കായികരംഗത്ത് ക്രിയാത്മകവും പ്രതീക്ഷാനിര്‍ഭരവുമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ 9 വര്‍ഷങ്ങളാണ് കേരളം പിന്നിട്ടത്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് നേടിയ പുരോഗതിയുടെ ഫലപ്രദമായ തുടര്‍ച്ചയ്‌ക്കൊപ്പം കാലത്തിന് അനുസരിച്ച പുതുമകളും കായികമേഖലയില്‍ നടപ്പാക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനം നല്‍കുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ രംഗങ്ങളിലുമെന്നപോലെ കായികരംഗത്തും ഒരു കേരള മോഡല്‍ യാഥാര്‍ത്ഥ്യമാവുകയാണ്.
കായികപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നാടിന്റെ സാമൂഹ്യവും സാമ്പത്തികവുമായ വളര്‍ച്ചയില്‍ കായികപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. ഈ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്. കേരളത്തിന്റെ സാഹചര്യം വ്യക്തമായി തിരിച്ചറിഞ്ഞ്, കായികരംഗത്തെ സമസ്ത മേഖലകളെയും സ്പര്‍ശിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. കായികതാരങ്ങള്‍ക്കും കളികള്‍ക്കുമാണ് പ്രഥമ പരിഗണന നല്‍കിയത്. കായിക രംഗത്തെ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും കഴിഞ്ഞു.
ഏകദേശം 3500 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ സര്‍ക്കാര്‍ കായിക രംഗത്ത് നടപ്പാക്കി വരികയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്‌റ്റേഡിയം, ഇന്‍ഡോര്‍ സ്‌റ്റേഡിയം, ഫുട്‌ബോള്‍ ടര്‍ഫ്, സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ്ങ്പൂള്‍ തുടങ്ങിയവ നിര്‍മിക്കുകയാണ്. വലുതും ചെറുതുമായ 364 കളിക്കളങ്ങള്‍ പൂര്‍ത്തിയായി. 124 പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളില്‍ പുനരാഗമിക്കുന്നുണ്ട്. തിരുവനന്തപുരത്ത് കായികഭവന്‍ നിര്‍മ്മാണവും അതിവേഗം നീങ്ങുകയാണ്.
‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതി പ്രകാരം എല്ലാ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളങ്ങൾ ഒരുക്കുകയാണ്. ആദ്യ ഘട്ടം 124 പഞ്ചായത്തുകളുടെ പട്ടിക തയ്യാറായി. അതില്‍ 8 കളിക്കളങ്ങള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. തൊണ്ണൂറോളം കളിക്കളങ്ങളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. വിവിധ ജില്ലകളിലായി 14 അത്യാധുനിക ഫിറ്റ്‌നസ് സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 5 എണ്ണം നിര്‍മ്മാണ ഘട്ടത്തിലുമാണ്. 15 ഓപ്പണ്‍ ജിമ്മും വിവിധ ജില്ലകളിലായി ഒരുക്കി.
കായികമേഖലയെ അടിമുടി പരിഷ്‌ക്കരിക്കാനുതകുന്ന കായികനയം രൂപീകരിച്ചതാണ് ഏറ്റവും പ്രധാനം. ഇത്ര സമഗ്രമായ കായികനയം രാജ്യത്ത് ആദ്യമാണ്. എല്ലാവര്‍ക്കും സ്‌പോർട്‌സ് എന്നതാണ് നയത്തിന്റെ അടിസ്ഥാന ആശയം. സ്‌പോർട്‌സ് ഇക്കോണമി മിഷന്‍ എന്ന പുരോഗമന കാഴ്ചപ്പാടും നയം മുന്നോട്ടുവെക്കുന്നു. കായിക സമ്പദ്‌വ്യവസ്ഥയെ ഗൗരവത്തില്‍ കാണുന്ന വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ന് കേരളത്തിന്റെ സ്ഥാനവും. സ്വകാര്യ പങ്കാളിത്തത്തോടെ കായിക വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നയത്തിലുണ്ട്.
കായികനയം അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ തുടക്കമായി രാജ്യത്തെ ആദ്യത്തെ കായിക ഉച്ചകോടിയാണ് 2023 ജനുവരിയില്‍ സംഘടിപ്പിച്ചത്. കായികകേരളത്തിന്റെ മികവും സാധ്യതകളും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും മികച്ച കായികമാതൃകകള്‍ പകര്‍ത്താനും ഉച്ചകോടിയിലൂടെ സാധിച്ചു. ഉച്ചകോടിയില്‍ ധാരണയായ 5050 കോടി രൂപയുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇ –സ്‌പോർട്‌സ്, കോളേജ് ലീഗ്, ഒരു സ്‌കൂള്‍ ഒരു ഗെയിം തുടങ്ങിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായി. ക്രിക്കറ്റിനും ഫുട്‌ബോളിനും ലോകോത്തര സ്‌റ്റേഡിയങ്ങള്‍ തയ്യാറാക്കുന്ന പ്രവൃത്തികള്‍ ഉടന്‍ നടപ്പാക്കും.
കായികവികസനത്തിന് വികേന്ദ്രീകൃത സമീപനത്തെയാണ് നയം അടിസ്ഥാനമാക്കുന്നത്. ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ് തദ്ദേശ സ്ഥാപനതല സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിച്ചത്. പ്രാദേശിക സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ സഹായത്തോടെ കായികപ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം കായികരംഗത്തെ സര്‍വതലങ്ങളിലും മാറ്റങ്ങള്‍ നടപ്പാക്കി വരികയാണ്. സ്‌കൂള്‍ തല സ്‌പോര്‍ട്‌സ്, കായിക പരിശീലനം, മത്സരങ്ങള്‍, സ്‌പോർട്‌സ് സയന്‍സ്, സ്‌പോർട്‌സ് മാനേജ്‌മെന്റ്, സ്‌പോർട്‌സ് ഇന്‍ഡസ്ട്രി തുടങ്ങിയ മേഖലകളെയെല്ലാം ചേര്‍ത്ത്, കാലത്തിനനുസരിച്ച മാറ്റമാണ് കൊണ്ടുവരുന്നത്.
ലോവര്‍ പ്രൈമറി തലം മുതല്‍ കായിക വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് നടപ്പാക്കി വരുന്നുണ്ട്. പ്രൈമറി വിദ്യാര്‍ത്ഥികളുടെ ശാരീരിക -മാനസിക കഴിവ് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഹെല്‍ത്തി കിഡ്‌സ് പദ്ധതി 55 സ്‌കൂളുകളില്‍ നടപ്പാക്കി. പ്രതിഭയുള്ള കുട്ടികള്‍ക്ക് ഉന്നത നിലവാരമുള്ള കായിക പരിശീലനം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സജീവമാണ്. 5 ലക്ഷം കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവുമായി ഗോള്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. ആദ്യഘട്ടം 1 ലക്ഷം കുട്ടികള്‍ക്ക് പരിശീലനം നല്‍കി. 140 മണ്ഡലങ്ങളിലും വിദഗ്ധ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ്.
സമഗ്രമായ കായികവികസനത്തിന് വിദേശ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കുന്നതും പ്രധാനമാണ്. ജി വി രാജയിലെ ഫുട്‌ബോള്‍ അക്കാദമി ലോകോത്തര ക്ലബ്ബായ എ സി മിലാനുമായി ചേര്‍ന്ന് വിപുലമാക്കി. കായിക വികസനത്തില്‍ അതിപ്രധാനമാണ് കൂടുതല്‍ മത്സരങ്ങള്‍ നടത്തുക എന്നത്. കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. പൊന്മുടിയില്‍ ഏഷ്യന്‍ മൗണ്ടന്‍ സൈക്ലിങ്ങ് ചാമ്പ്യന്‍ഷിപ്പ് നടത്തി. ചെ അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ സൗഹൃദമത്സരം ഈ വര്‍ഷം അവസാനത്തോടെ സംഘടിപ്പിക്കുകയാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗത്തിനുതന്നെ വലിയ ഉണര്‍വു പകരാന്‍ അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം സഹായിക്കും. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവരുടെ ആരാധനാപാത്രങ്ങളെ നേരിട്ടുകാണാന്‍ കഴിയും.
സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തില്‍ സര്‍വകാല റെക്കോഡാണ് കഴിഞ്ഞ 9 വര്‍ഷംകൊണ്ട് കൈവരിച്ചത്. ഈ കാലയളവില്‍ സ്‌പോർട്‌സ് ക്വാട്ടയില്‍ 960 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി. 2010–-14 കാലയളവിലെ സ്‌പോർട്‌സ് ക്വാട്ട നിയമനം അന്നത്തെ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്നതാണ്. തുടര്‍ന്നുവന്ന എല്‍ ഡി എഫ് ഗവണ്‍മെന്റാണ് നിയമന നടപടി പുനരാരംഭിച്ചത്.
2010–-14 കാലയളവിലെ 250 പേര്‍ക്കും 2015–-19 കാലയളവിലെ 250 പേര്‍ക്കും നിയമനം നല്‍കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞു. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ 150 ഓളം താരങ്ങള്‍ക്ക് നിയമനം നല്‍കി. പൊലീസിലും കെ എസ് ഇ ബിയിലും നൂറിലധികം പേരെ നിയമിച്ചു.
2018 ല്‍ സന്തോഷ് ട്രോഫി നേടിയ ടീമിലെ ജോലിയില്ലാതിരുന്ന 11 പേര്‍ക്ക് ജോലി നില്‍കി. 2018ൽ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ 5 അന്താരാഷ്ട്ര താരങ്ങള്‍ക്ക് എ ഇ ഒയ്ക്ക് സമാനമായ ഉന്നത തസ്തികയില്‍ നിയമനം നല്‍കി. ഇതിനു പുറമെ, പ്രത്യേക പരിഗണനയില്‍ ജോലി നല്‍കി വരുന്നുണ്ട്.
കായിക മികവിലേക്ക് കേരളത്തെ എത്തിക്കുന്നതിനൊപ്പം കായികസമൂഹത്തിന് മാത്രമല്ല, പൊതുസമൂഹത്തിന് ഒന്നാകെ കായികമേഖലയോടുള്ള സമീപനത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന തരത്തിലും കൂടിയാണ് ഇടതുപക്ഷ സർക്കാർ നയം തയ്യാറാക്കിയത്. പൊതുജനാരോഗ്യവും കായികക്ഷമതയും ഉറപ്പുവരുത്തുന്ന നവകായിക കേരള സൃഷ്ടിയാണ് അടിസ്ഥാനപരമായി നയം ഉദ്ദേശിക്കുന്നത്. ‘എല്ലാവര്‍ക്കും സ്‌പോർട്‌സ് എല്ലാവര്‍ക്കും ആരോഗ്യം’ എന്നതാണ് നയത്തിന്റെ അടിസ്ഥാന തത്വം. കായിക- ശാരീരികക്ഷമതാ പ്രവര്‍ത്തനങ്ങള്‍ ഓരോ പൗരരുടെയും അവകാശമാക്കുക എന്ന സവിശേഷ നിര്‍ദ്ദേശം നയം മുന്നോട്ടുവെക്കുന്നുണ്ട്. കായിക സമ്പദ്ഘടന വികസിപ്പിക്കുക എന്നതാണ് പുതിയ കായികനയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇന്ത്യയില്‍ ആദ്യമായാണ് കായികമേഖലയെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുവാനുള്ള ഒരു ശ്രമം ഉണ്ടാകുന്നത്. കായിക രംഗത്ത് ശക്തമായ സാന്നിദ്ധ്യം ഉറപ്പുവരുത്തിയ വികസിത രാജ്യങ്ങള്‍ കായികമേഖലയെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. കായികരംഗത്തെ സ്വകാര്യ സംരംഭകര്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കും. ഒപ്പം, അടിസ്ഥാനസൗകര്യ വികസനത്തിന് പിപിപി മോഡല്‍ കൂടുതലായി സ്വീകരിക്കും. കായികരംഗത്ത് നിക്ഷേപത്തിന് പരമാവധി ഇളവുകള്‍ അനുവദിക്കുകയും ചെയ്യും. കായികമേഖലയെ മറ്റു മേഖലകളുമായി സഹകരിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തും. ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, സഹകരണം തുടങ്ങിയ മേഖലകളുമായുള്ള സഹകരണത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്.
സ്‌പോർട്‌സ് ടെക്‌നോളജി, സ്‌പോർട്‌സ് മാനേജ്‌മെന്റ്, സ്‌പോർട്‌സ് സയന്‍സ് രംഗങ്ങളിലെ ഉന്നതവിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കും. അതിലൂടെ ഈ രംഗങ്ങളില്‍ നമുക്ക് ആവശ്യമായ മനുഷ്യവിഭവശേഷി ഇവിടെതന്നെ സൃഷ്ടിക്കും. കാലിക്കറ്റ് സര്‍വകലാശാലയുമായി ചേര്‍ന്ന് സ്‌പോർട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയാണ്. സ്വകാര്യ സംരംഭകര്‍, സഹകരണമേഖല, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തിലൂടെ വിവിധ പ്രവര്‍ത്തനങ്ങളും പദ്ധതികളും നടപ്പാക്കും. കായികോല്‍പ്പന്ന നിര്‍മ്മാണത്തിലും സാങ്കേതികവിദ്യയിലും സംസ്ഥാനം സ്വയംപര്യാപ്തമാകണം. കായികമേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെയും നവസംരംഭകരെയും പരമാവധി പ്രോത്സാഹിപ്പിക്കും.
വലിയതോതില്‍ തൊഴില്‍ നല്‍കുന്ന ഒന്നായി കായികമേഖലയെ വളര്‍ത്തും. ഈ രംഗത്തെ തൊഴിലവസരങ്ങളില്‍ അടുത്ത 5 വര്‍ഷത്തിനകം 100 ശതമാനം വളര്‍ച്ച നേടാനാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തിനകം ഏകദേശം പതിനായിരം തൊഴില്‍ സൃഷ്ടിക്കാമെന്നാണ് കണക്കാക്കുന്നത്. യുവജനങ്ങള്‍ക്കിടയില്‍ സ്‌പോർട്‌സ് കൂടുതല്‍ പോപ്പുലറാക്കുകയും തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഇ – സ്‌പോര്‍ട്‌സ് മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ്.
ഇത്തരത്തില്‍ സമഗ്രമായ സമീപനം കേരളത്തെ ഒരു പ്രധാന കായികശക്തിയാക്കുക മാത്രമല്ല, മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃക കൂടിയാക്കി മാറ്റിതീർക്കും. കായികനയം ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ ആരോഗ്യവും ശാരീരികക്ഷമതയും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു ജനത സൃഷ്ടിക്കപ്പെടും. ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന ഒന്നായി കായികമേഖല മാറും. അതോടെ ലോകത്തിനുതന്നെ അനുകരണീയമായ ഒരു കേരള കായിക മോഡല്‍ രൂപപ്പെടും. l



