Sunday, May 17, 2026

ad

Homeകവര്‍സ്റ്റോറിദേശീയ 
പൊതുപണിമുടക്കിന്റെ 
പ്രാധാന്യം

ദേശീയ 
പൊതുപണിമുടക്കിന്റെ 
പ്രാധാന്യം

2025  മാർച്ച് 18ന് ഡൽഹിയിൽ ചേർന്ന കേന്ദ്ര തൊഴിലാളി സംഘടനകളുടെയും വിവിധ മേഖലാ ദേശീയ ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും സംയുക്ത കൺവെൻഷൻ 2025 മെയ് 20ന് ദേശീയ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. 1991 ജൂലൈ 29ന് ധനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ് കേന്ദ്ര ബജറ്റിലൂടെ നവ ഉദാരവൽക്കരണ നയങ്ങൾ പൂർണമായി അംഗീകരിച്ച് ബജറ്റ് പ്രഖ്യാപനം നടത്തി. അന്ന് വൈകുന്നേരം തന്നെ സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു) ആഗോളീകരണ നയങ്ങളുടെ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് തൊഴിലാളി വർഗത്തിനും രാജ്യത്തിനാകെയും മുന്നറിയിപ്പ് നൽകി. നിരവധി ട്രേഡ് യൂണിയനുകൾ നവലിബറൽ നയങ്ങൾ രാജ്യത്തിന് ഐശ്വര്യവും നേട്ടങ്ങളും ഉണ്ടാക്കുമെന്ന് തെറ്റിദ്ധരിച്ചു. ചിലർ ഈ നയത്തിന്റെ വാഴ്ത്തുപാട്ടുകാരായി മാറുകയും ചെയ്തു. പിന്നിട്ട മൂന്നര പതിറ്റാണ്ടിന്റെ അനുഭവ പാഠങ്ങൾ അതിപ്രധാനമാണ്. ഈ കാലയളവിൽ 22 ദേശീയ പണിമുടക്കുകളിലൂടെ ഇതിഹാസ തുല്യമായ ചെറുത്തുനിൽപ്പാണ് ഇന്ത്യൻ തൊഴിലാളിവർഗ്ഗം നടത്തിയത്. ഈ ചെറുത്തുനിൽപ്പിന്റെ ഏറ്റവും വലിയ സവിശേഷത ട്രേഡ് യൂണിയനുകളുടെ ദേശീയമായ ഐക്യമാണ്. 2009 മുതൽ ഐക്യം കൂടുതൽ ദൃഢീകരിക്കപ്പെട്ടിരിക്കുകയാണ്. ചില ഘട്ടങ്ങളിൽ ബിഎംഎസും പലപ്പോഴും ഐഎൻടിയുസിയും ദേശീയധാരയിൽ നിന്ന് മാറിപ്പോയിട്ടുണ്ട്.

1991 മുതൽ നടന്ന ദേശീയ പൊതു പണിമുടക്കുകളുടെ തീയതികൾ:
1. 29 നവംബർ 1991
2. 16 ജൂൺ 1992
3. 9 സെപ്തംബർ 1993
4. 29 സെപ്തംബർ 1994
5. 11 ഡിസംബർ 1998
6. 11 മെയ് 2000
7. 12 മാർച്ച് 2001
8. 16 ഏപ്രിൽ 2002
9. 24 ഫെബ്രുവരി 2001
10. 29 സെപ്തംബർ 2005
11. 14 ഡിസംബർ 2006
12. 20 ആഗസ്ത് 2008
13. 7 സെപ്തംബർ 2010
14. 28 ഫെബ്രുവരി 2012
15. 20-, 21 ഫെബ്രുവരി 2013
16. 2 സെപ്തംബർ 2015
17. 2 സെപ്തംബർ 2016
18. 8-9 ജനുവരി 2019
19. 8 ജനുവരി 2020
20. 26 നവംബർ 2020
21. 28-, 29 മാർച്ച് 2022

വർത്തമാനകാല ഇന്ത്യയിലെ സാമൂഹ്യ – രാഷ്ട്രീയ പരിതഃസ്ഥിതിയെ മൂർത്തമായി മനസ്സിലാക്കിക്കൊണ്ട് 17 അടിയന്തര ആവശ്യങ്ങളാണ് ഈ ദേശീയ പണിമുടക്കിൽ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഈ 17 ആവശ്യങ്ങൾക്ക് പുറമേ ഓരോ വ്യവസായത്തിന്റെയും പ്രവൃത്തി മേഖലയുടെയും പ്രത്യേക ആവശ്യങ്ങൾ ഇതിന്റെ ഒപ്പം ചേർക്കാൻ അതത് മേഖലകളിലെ യൂണിയനുകൾക്ക് അവസരം കൊടുത്തിട്ടുണ്ട്. അതും കൂടി ചേർത്തായിരിക്കും പണിമുടക്കിന്റെ മുദ്രാവാക്യം സമഗ്രമാക്കുക.

ദേശീയ പ്രാധാന്യമുള്ള ആവശ്യങ്ങൾ ഉന്നയിക്കുന്നതിനൊപ്പം അവരവരുടെ ദൈനംദിന ഹൃദയസ്പർശിയായ ഡിമാൻഡുകൾ കൂടി വരുമ്പോഴേ അവർക്ക് ഈ പണിമുടക്കത്തോട് പൂർണമായി ഇഴുകിച്ചേരാനാവൂ.

ലേബർ കോഡുകൾ പിൻവലിക്കുക എന്നുള്ളതാണ് സുപ്രധാനമായ ഒന്നാമത്തെ മുദ്രാവാക്യം. 2014 മുതൽ മോദി ഗവൺമെന്റ് തുടർച്ചയായി ശ്രമിക്കുന്ന ഒരു കാര്യം ഇന്ത്യയിൽ നിലവിലുള്ള തൊഴിൽ നിയമങ്ങൾ ആകെ പൊളിച്ചെഴുതി നാലെണ്ണമാക്കി ചുരുക്കുക എന്നതാണ്. 29 കേന്ദ്ര നിയമങ്ങളും നൂറുകണക്കിന് സംസ്ഥാന നിയമങ്ങളും അടങ്ങുന്ന കൺകറന്റ് ലിസ്റ്റിൽപെട്ട തൊഴിൽ നിയമങ്ങളുടെ ഒരു വലിയ സമുച്ചയത്തെ നാലാക്കി ചുരുക്കിക്കൊണ്ടുള്ളതാണ് നിർദ്ദിഷ്ട ലേബർ കോഡുകളുടെ കാഴ്ചപ്പാട്. തൊഴിൽ നിയമങ്ങൾ എല്ലാം വികസിച്ചിട്ടുള്ളത് ആത്യന്തികമായി തൊഴിലാളികളുടെ സംരക്ഷണത്തിനു വേണ്ടി ത്തന്നെയാണ്. അതിനൊരു പരിഗണനയും കൊടുക്കാതെ നിലവിലുള്ള നിയമങ്ങളെ പൂർണമായും പൊളിച്ചെഴുതുക വഴി തൊഴിലാളികൾക്ക് തൊഴിലിടത്തിലുള്ള സംരക്ഷണവും സേവന – വേതന വ്യവസ്ഥകളുടെ കാര്യത്തിൽ നിലവിലുള്ള സാഹചര്യങ്ങളും അട്ടിമറിക്കപ്പെടാൻ പോവുകയാണ്. 2014ൽ മോദി ഇതിനായി കയ്യോങ്ങിയെങ്കിലും ഇപ്പോൾ ഈ 2025 വരെ അത് പാസാക്കി എടുക്കുവാൻ ബി ജെ പി ഗവൺമെന്റിനു കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം നമ്മൾ കാണണം. കർഷകർക്ക് എതിരായ മൂന്നു നിയമങ്ങളും പിൻവലിപ്പിച്ചതുപോലെ ഈ നിയമങ്ങളും – അത് താമസിപ്പിച്ച് കൊണ്ടുപോകുക എന്നുള്ളതല്ല, പൂർണമായി പിൻവലിപ്പിക്കുക എന്നുള്ളതാണ് നമ്മൾ ഉദ്ദേശിക്കുന്നത്. നമ്മുടെ നാട്ടിലെ തൊഴിലാളികൾ ഇന്ന് അനുഭവിക്കുന്ന അവകാശങ്ങൾ, ഒരുപാട് തലമുറകളിലൂടെ ഉണ്ടാക്കാൻ കഴിഞ്ഞ നിയമങ്ങളുടെ പിൻബലത്തിലാണ്. തൊഴിലാളികളുടെ സംരക്ഷണം തന്നെയാണ് ആ നിയമങ്ങളുടെ അന്തഃസത്ത. എന്തുകൊണ്ടെന്നാൽ ഉടമകൾക്ക് അങ്ങനെ ഒരു വലിയ സംരക്ഷണത്തിന്റെ ആവശ്യമില്ല. അവർ സുരക്ഷിതരാണ്. ഈ രാജ്യത്തെ നിയമങ്ങൾ പൊതുവേ അവർക്ക് അനുകൂലമാണ്. രാജ്യത്തെ എല്ലാ സംവിധാനങ്ങളും അവർക്ക് അനുകൂലമാണ്. അതുകൊണ്ട് അവര് വളരെ സുരക്ഷിതരാണ്. എന്നാൽ തൊഴിലാളികൾ അങ്ങനെയല്ല. അവർ അനാഥരാണ്. അസംഘടിതരായി നിൽക്കുന്ന ഒരു വലിയ വിഭാഗമുണ്ട് . അവരെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന വലിയ ഒരു സംരംഭത്തിൽ തൊഴിൽ നിയമങ്ങൾക്ക് വലിയ പങ്കുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അത് ഉപയോഗിച്ച് അവർ സംഘം ചേരുന്നു എന്നുള്ളതാണ്. അങ്ങനെ സംഘം ചേരുമ്പോൾ അത് കൂട്ടായ വിലപേശലിനുള്ള വലിയ സന്ദർഭമാണ് ഉണ്ടാക്കുന്നത്. കൂട്ടായ വിലപേശലിലൂടെ മാത്രമേ മുതലാളിമാരെ അവകാശങ്ങൾക്ക് വേണ്ടി സമ്മർദ്ദം ചെലുത്തി വഴിക്ക് കൊണ്ടുവരാൻ കഴിയൂ. ട്രേഡ് യൂണിയൻ സംഘടനകളെയും കൂട്ടായ വിലപേശലുകളെയും ദുർബലപ്പെടുത്തുക എന്നുള്ളതാണ് മോദി ഗവൺമെന്റ് ഉദ്ദേശിക്കുന്നത്. എന്തുകൊണ്ടെന്നാൽ ഇന്ത്യ ഏറ്റവും വലിയ ഒരു അധ്വാന ശക്തിയുടെ കമ്പോളമാണ്. അതിൽ തന്നെ ഏറ്റവും അധികം ചെറുപ്പക്കാരാണ്. ഇന്ത്യൻ ജനസംഖ്യയുടെ 65 ശതമാനവും ഇപ്പോൾ 25 വയസ്സിന് താഴെയാണ്. ഇത്തരത്തിൽ അത്യധികം യുവ നിബിഡമായ ഒരു ജനസംഖ്യ ലോകത്ത് മറ്റൊരിടത്തുമില്ല. പരിഹരിക്കാനാവാത്ത വ്യവസ്ഥാ പ്രതിസന്ധിയിൽ ചെന്ന് പെട്ടിട്ടുള്ള ലോക മുതലാളിത്തത്തിന് ഏറ്റവും കുറഞ്ഞ കൂലിക്ക് മനുഷ്യാധ്വാനം കിട്ടണം. ഏറ്റവും കുറഞ്ഞ വിലയ്ക്ക് അസംസ്കൃത വസ്തുക്കളും കിട്ടണം. ഇന്ത്യ അവർക്കൊരു താവളം ആയിരിക്കുകയാണ്. ലോകമുതലാളിത്തത്തിന് എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണം ഏർപ്പെടുത്താൻ മോദി സർക്കാർ തയ്യാറല്ല. അതുകൊണ്ടുതന്നെ മോദി സർക്കാർ ലോകമുതലാളിത്തത്തിന് ഏറെ താൽപര്യമുള്ള സർക്കാരാണ്. ഈ പശ്ചാത്തലത്തിലാണ് ലേബർ കോഡുകളെ എതിർക്കേണ്ടതിന്റെ പ്രസക്തി. അതുകൊണ്ട് ലേബർ കോഡുകളെ ചെറുക്കുക എന്നത് ജീവൻ മരണ പോരാട്ടമാണ്. മറ്റൊന്ന് തൊഴിലാളികളെ നിർവീര്യമാക്കിയാൽ, അവരുടെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതെയാക്കിയാൽ, രാജ്യത്തെ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുന്നതിന്റെ ആദ്യ ചുവടുവെയ്പായിരിക്കും അത്. ജനാധിപത്യത്തിന്റെ പരിശീലനത്തിനും പ്രയോഗത്തിനും തൊഴിലാളി വർഗത്തിന്റെ ഇടപെടലുകൾ അതിപ്രധാനമാണ്. ഏത് രാജ്യത്തും തൊഴിലാളി നിഷ്ക്രിയമായാൽ, നിഷ്-പ്രഭമായാൽ ജനാധിപത്യ സംവിധാനങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് വലിയതോതിൽ കടന്നു കയറാൻ ഏതു ഗവൺമെന്റിനും കഴിയും. അമിതാധികാരത്തിലേക്ക് പോകുന്ന ഒരു ഗവൺമെന്റിന്റെ ആദ്യ ലക്ഷണം ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കലാണ്. മറ്റൊരു ലക്ഷണം തൊഴിലാളി വർഗത്തെ തീർത്തും നിർവീര്യമാക്കലാണ്. അതുകൊണ്ട് ഈ മുദ്രാവാക്യം സാധാരണ മുദ്രാവാക്യമല്ല എന്നുപറഞ്ഞ് ഈ ഭാഗം ഞാൻ ഉപസംഹരിക്കുകയാണ്.

ഡിമാൻഡുകൾ

1. തൊഴിലാളി വിരുദ്ധമായ നാല് ലേബർകോഡുകളും ഉടൻ ഉപേക്ഷിക്കുക.
2. എല്ലാ അസംഘടിത തൊഴിലാളികൾക്കും, കരാർ തൊഴിലാളികൾക്കും, സ്കീം വർക്കർമാർക്കും പ്രതിമാസം 20000 രൂപ മിനിമം വേതനം നിശ്ചയിക്കുക.
3. തൊഴിലിന്റെ പുറം കരാർവൽക്കരണവും, നിശ്ചിതകാല തൊഴിലും, ഇൻസെന്റീവ് വർക്കും അംഗീകരിക്കാനാകില്ല. എല്ലാ വിഭാഗം കരാർ തൊഴിലാളികൾക്കും തുല്യ ജോലിക്ക് തുല്യ വേതനം നൽകുക.
4. ഇപിഎഫ് പെൻഷൻ മിനിമം 9000 രൂപ നൽകുക. എല്ലാ വിഭാഗം തൊഴിലാളികൾക്കും – കർഷക തൊഴിലാളികളുൾപ്പെടെ – സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക. ഗിഗ് തൊഴിലാളി, മത്സ്യത്തൊഴിലാളി, ഗാർഹിക തൊഴിലാളി, അതിഥി തൊഴിലാളി, സ്കീം വർക്കർ, കയറ്റിറക്ക്, ഷോപ്‌സ്, മോട്ടോർ തൊഴിലാളി, നിർമ്മാണ തൊഴിലാളി, സെക്യൂരിറ്റി തൊഴിലാളി, ഹൗസ് കീപ്പിങ് തൊഴിലാളികൾ തുടങ്ങിയവർക്ക് ചികിത്സാസഹായം, സ്ഥിരം വരുമാനം, പെൻഷൻ ഇവ ഉറപ്പുവരു ത്തുക.
5. NPS-UPS ഉപേക്ഷിച്ച് പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക.
6. പി.എഫിന്റെയും ബോണസിന്റെയും എല്ലാ പരിധികളും എടുത്തു കളയുക. ഗ്രാറ്റിവിറ്റി തുക വർദ്ധിപ്പിക്കുക.
7. അപേക്ഷ നൽകി 45 ദിവസത്തിനുള്ളിൽ ട്രേഡ് യൂണിയന് രജിസ്ട്രേഷൻ നൽകുക. സംഘടിക്കുവാനും സമരം ചെയ്യുവാനും തൊഴിലാളിക്കുള്ള അവകാശം പ്രഖ്യാപിക്കുന്ന സി 87 സി 98 ഐഎൽഒ കൺവെൻഷൻ ധാരണകൾ കേന്ദ്ര സർക്കാർ അംഗീകരിക്കുക.
8. വിലക്കയറ്റം നിയന്ത്രിക്കുക; ഭക്ഷ്യവസ്‌തുക്കൾ. മരുന്നുകൾ, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയിന്മേലുള്ള ചരക്ക് സേവന നികുതി ഒഴിവാക്കുക. പാചകവാതകത്തിനും പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമുള്ള കേന്ദ്ര എക്സൈസ് നികുതി കുറയ്ക്കുക. പൊതുവിതരണം സാർവത്രികമാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക.
9. പൊതുമേഖലയും സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് അവസാനിപ്പിക്കുക, ദേശീയ ആസ്‌തി വില്പ‌ന ഉപേക്ഷിക്കുക, ധാതു സമ്പത്തിന്റെ ഖനനത്തിനായുള്ള നിർദിഷ്ട നിയമം ഭേദഗതി ചെയ്യുകയും കൽക്കരിഖനികളിൽ നിന്നും ഇതര ഖനികളിൽ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ 50 ശതമാനം ഖനി തൊഴിലാളികളുടെ അനുബന്ധസമൂഹത്തിന്റെയും പ്രത്യേകിച്ച് കൃഷിക്കാരുടെയും ആദിവാസി സമൂഹത്തിന്റെയും ക്ഷേമത്തിനായി നീക്കി വയ്ക്കുക.
10. മൊത്തം ഭക്ഷ്യധാന്യങ്ങൾ ഉത്പാദനച്ചെലവിന്റെ രണ്ടിരട്ടിയും അതിന്റെ 50 ശതമാനവും ചേർത്ത് താങ്ങുവില നിശ്ചയിച്ച് സർക്കാർ സംഭരിക്കണം. കർഷകന് വിത്തിനും വളത്തിനും വൈദ്യുതിക്കും നൽകുന്ന ഇളവ് വർദ്ധിപ്പിക്കണം.വിള ഇൻഷുറൻസ് ഏർപ്പെടുത്തണം. വായ്‌പാ ബാധ്യത എഴുതിത്തള്ളണം. കർഷകമോർച്ച ഉയർത്തിയ ചരിത്ര സമരത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ കർഷക സംഘടനകൾക്ക് എഴുതി നൽകിയ എല്ലാ ഉറപ്പുകളും ഉടൻ നടപ്പിലാക്കണം.
11. 2022ലെ വൈദ്യുതി ഭേദഗതി നിയമം പിൻവലിക്കണം. ഊർജ്ജമേഖലയിലെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുകയും പ്രീപെയ്‌ഡ് സ്‌മാർട്ട് മീറ്റർ വേണ്ടെന്നു വയ്ക്കുകയും വേണം.
12. തൊഴിലവകാശം മൗലികാവകാശമാക്കുക. അനുവദനീയമായ ഒഴിവുകൾ ഉടൻ നികത്തുക, തൊഴിലില്ലായ്‌മ പരിഹരിക്കുക, തൊഴിലുറപ്പ് തൊഴിലിന് വർഷം 200 ദിനങ്ങൾ ഉറപ്പ് നൽകി 600 രൂപ പ്രതിദിനം വേതനം അനുവദിക്കുക, നഗര തൊഴിലുറപ്പ് പദ്ധതി നിയമം ആക്കുക.
13. എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം : ആരോഗ്യ സംരക്ഷണം, വെള്ളം, ശുചിത്വം, ഭവനം, ഇവ ഉറപ്പാക്കുവാൻ സർക്കാർ ഗ്യാരന്റി നൽകുക. 2020ലെ വാണിജ്യ വിദ്യാഭ്യാസ നയം പിൻവലിക്കുക.
14. വനാവകാശ നിയമം (FRA) കർശനമായി നടപ്പിലാക്കുക, 2023ലെ ജൈവവൈവിധ്യ നിയമത്തിലെയും വന ഉപഭോഗ നിയമത്തിലെയും ഭേദഗതികൾ പിൻവലിക്കുക. വനഭൂമി യഥേഷ്‌ടം കൊള്ളയടിക്കാൻ അനുവാദം നൽകുന്നതിന് സർക്കാരിന് അധികാരം നൽകുന്ന എല്ലാ ഭേദഗതികളും ചട്ട ഭേദഗതിയിൽ നിന്ന് ഒഴിവാക്കി വനഭൂമി സംരക്ഷിക്കണം.
15. എല്ലാ നിർമ്മാണ തൊഴിലാളികളെയും സ്‌കീം വർക്കർമാരെയും ഇഎസ്ഐ പരിധിയിൽ കൊണ്ടുവരണം. തൊഴിലാളി ക്ഷേമനിധി വിഹിതം ഉപയോഗിച്ച് ആരോഗ്യ ഇൻഷുറൻസ്, മെറ്റേർണിറ്റി ആനുകൂല്യം തുടങ്ങിയ ആശ്വാസ നടപടികൾ ഈശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത എല്ലാ വിഭാഗം തൊഴിലാളി കൾക്കും അനുവദിക്കണം. ILO നിർദേശങ്ങൾ ഗാർഹിക തൊഴിലാളികൾക്കും വീട്ടുവേല ചെയ്യുന്നവർക്കും ബാധകമാക്കി തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ നിയമം കൊണ്ടുവരണം. 1979 ലെ ഇതര സംസ്ഥാന തൊഴിലാളി തൊഴിൽ നിയന്ത്രണ നിയമം കാര്യക്ഷമമായി നടപ്പിലാക്കുവാൻ സർക്കാർ നയം കൊണ്ടുവരണം.
16. എല്ലാത്തരത്തിലുള്ള ശതകോടിശ്വരരുടെ കുത്തക നികുതിയും മറ്റ് മൂലധന നികുതികളും വർദ്ധിപ്പിച്ച് സാമൂഹ്യക്ഷേമത്തിന് പണം കണ്ടെത്തണം.
17. പ്രതികരിക്കാനും. വിമർശിക്കുവാനും മതസ്വാതന്ത്ര്യത്തിനും സാംസ്കാരിക ബഹുസ്വരതയ്ക്കും, ഭാഷ, സമത്വം എന്നിങ്ങനെ ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഉറപ്പു നൽകുന്ന മൂല്യങ്ങൾ ഇല്ലാതാക്കുന്നതും രാജ്യത്തിന്റെ ഫെഡറൽ പരിരക്ഷ തകർക്കുന്നതുമായ എല്ലാ നടപടികളും കേന്ദ്രസർക്കാർ അവസാനിപ്പിക്കണം.

പണിമുടക്കിന്റെ പ്രഖ്യാപനത്തിനുശേഷമുള്ള കഴിഞ്ഞ ഒരു മാസക്കാലം മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തയ്യാറെടുപ്പാണ് തൊഴിലാളി വർഗത്തിന്റെ ഭാഗത്തുനിന്നും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 18 ന് സിഐടിയു അതിന്റെ കേന്ദ്ര സെക്രട്ടറിയേറ്റ് പണിമുടക്ക് തയ്യാറെടുപ്പുകളുടെ റിവ്യൂ നടത്തുകയുണ്ടായി. ജമ്മു കാശ്മീർ, ഗുജറാത്ത്, നോർത്ത് ഈസ്റ്റ് അടക്കം രാജ്യമൊട്ടാകെ വലിയ തയ്യാറെടുപ്പുകൾ നടക്കുകയാണ്. ഒരു കാര്യം ഉറപ്പാണ്: ഇന്ത്യയിൽ നടന്നിട്ടുള്ള ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പണിമുടക്കായി ഈ പണിമുടക്ക് മാറാൻ പോവുകയാണ്. ഒന്നൊഴിയാതെ എല്ലാ മേഖലകളും പണിമുടക്കിൽ പങ്കെടുക്കുന്ന അപൂർവ്വ ചിത്രം മോദി ഗവൺമെന്റിന് ശക്തമായ ഒരു താക്കീതായിരിക്കും.

മറ്റൊരു പ്രധാന ഘടകം ഇത് തൊഴിലാളികൾ മാത്രം നടത്തുന്നതല്ല. അവരുടെ ഒപ്പം കർഷകരും കർഷകത്തൊഴിലാളികളും കൈകോർത്തിരിക്കുകയാണ്. പൊതുവായ ചാർട്ടർ ഓഫ് ഡിമാൻഡ്സ് നടപ്പിലാക്കിക്കിട്ടാൻ കഴിഞ്ഞ കുറെ വർഷങ്ങളായി കർഷകരും തൊഴിലാളികളും ഒറ്റക്കെട്ടായി പോരാടുകയാണ്. വിശേഷിച്ച് 2018 ന് ശേഷം. ട്രേഡ് യൂണിയനുകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 16 വർഷങ്ങളായി. 2009 മുതൽ അങ്ങനെയാണ്. ഈ ഐക്യം വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയെപ്പോലെ ഒരു ബൃഹത്തായ രാജ്യത്തിന്റെ കർഷക ജനതയും തൊഴിലാളി വർഗ്ഗവും ഒന്നിച്ചു ചേർന്നാൽ ജനസംഖ്യയുടെ 99% ആയി.

സമരപരമായ, പരിപാടിബദ്ധമായ രാഷ്ട്രീയ പാർട്ടികളുടെ ദേശീയ പ്രക്ഷോഭങ്ങൾ സുപ്രധാനമാണ്. തൊഴിലാളി -– കർഷക – വർഗ്ഗ ഐക്യവും ഐക്യസമരവും രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ ചരിത്ര പ്രധാനമാകും.

പണിമുടക്കിന്റെ ഘട്ടം ഭൂരിപക്ഷമില്ലാത്ത മോദി സർക്കാർ, നിതീഷ് കുമാറിന്റെയും ചന്ദ്ര ബാബു നായിഡുവിന്റെയും പിന്തുണയിൽ ദുർബലമായ അവസ്ഥയിലാണ്. എന്നിട്ടും നാടനും മറുനാടനുമായ മൂലധന ശക്തികൾക്ക് വിടുപണി ചെയ്യാൻ ജനങ്ങൾക്കും തൊഴിലാളി വർഗത്തിനും എതിരായി ഭ്രാന്തമായ കടന്നാക്രമണമാണ് സർക്കാർ ഓരോ ഘട്ടത്തിലും നടത്തിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തിലില്ലാത്ത വിലക്കയറ്റമാണ് ഇന്ത്യയിലിന്ന്. അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയിലിന് ഇപ്പോൾ ഏറ്റവും താഴ്ന്ന വിലയാണ്. വിലക്കുറവിന്റെ ആനുകൂല്യം സാധാരണ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് പകരം പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 2 രൂപ സർക്കാർ നികുതിയിനത്തിൽ വർദ്ധിപ്പിച്ചത് ഇതിനുദാഹരണമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × five =

Most Popular