Monday, December 15, 2025

ad

Homeപ്രതികരണംവിദ്യാഭ്യാസരംഗത്ത് 
സമാനതകളില്ലാത്ത മുന്നേറ്റം

വിദ്യാഭ്യാസരംഗത്ത് 
സമാനതകളില്ലാത്ത മുന്നേറ്റം

പിണറായി വിജയൻ

2025–26 അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഇനിയും ഒരു മാസത്തിലേറെ സമയമുണ്ടെങ്കിലും സ്കൂള്‍ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കൈകളിലേക്ക് എത്തിയിരിക്കുകയാണ്. ഒമ്പതാം ക്ലാസ്സിലെ കുട്ടികള്‍ക്ക് പരീക്ഷ അവസാനിക്കുന്നതിനു മുമ്പുതന്നെ പത്താം ക്ലാസ്സിലെ പാഠപുസ്തകങ്ങള്‍ അവരുടെ കൈകളിലേക്ക് എത്തിച്ചിരുന്നു. ഈ രീതി മുമ്പ് ഉണ്ടായിരുന്നില്ല.

2016 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിരുന്ന സ്ഥിതി എന്തായിരുന്നു? സ്കൂളുകള്‍ അടച്ചുപൂട്ടുകയോ, ഇടിച്ചുനിരത്തുകയോ ചെയ്യുന്ന സാഹചര്യം. കൃത്യസമയത്ത് പാഠപുസ്തകങ്ങള്‍ ലഭിക്കാതെ കുട്ടികള്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ട അവസ്ഥ. വാര്‍ഷിക പരീക്ഷ എത്തിയാല്‍പ്പോലും പല കുട്ടികള്‍ക്കും പുസ്തകം ലഭിച്ചിരുന്നില്ല. 9 വര്‍ഷം മുന്‍പുവരെ ഇതായിരുന്നു ഇവിടുത്തെ അവസ്ഥ.

ഈയൊരു അവസ്ഥയ്ക്കാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ എത്തിയതോടെ മാറ്റമുണ്ടായത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിലും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അക്കാദമിക പരിഷ്കരണത്തിലും സമാനതകളില്ലാത്ത മുന്നേറ്റം നടത്താന്‍ നമുക്കു കഴിഞ്ഞു.

ഇന്ന് നമ്മുടെ രാജ്യം ആവശ്യപ്പെടുന്ന മതനിരപേക്ഷതയും മാനവികതാബോധവും ശാസ്ത്രീയചിന്തയും പകര്‍ന്നു നല്‍കുന്നവയാണ് കേരളത്തിലെ പാഠപുസ്തകങ്ങള്‍. മുന്‍വര്‍ഷങ്ങളില്‍ ചരിത്രസത്യങ്ങളെ വെട്ടിമാറ്റിക്കൊണ്ട് സ്ഥാപിതതാൽപര്യത്തോടെ എന്‍ സി ഇ ആര്‍ ടി പാഠപുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ അവയെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് പുസ്തകം പ്രസിദ്ധീകരിച്ച ചരിത്രമാണ് കേരളത്തിനുള്ളത്.

ദേശീയതലത്തില്‍ പാഠപുസ്തകങ്ങള്‍ വിഭജന രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി ഉപയോഗിക്കപ്പെടുകയാണ്. ഹിന്ദി, ഇംഗ്ലീഷ്, ഉറുദു എന്നിങ്ങനെ ഓരോ ഭാഷയിലെയും പാഠപുസ്തകങ്ങള്‍ക്ക് അതതു ഭാഷയില്‍ തലക്കെട്ടു നല്‍കുന്നതായിരുന്നു ഇതുവരെ പതിവ്. എന്നാല്‍, പുതിയ പുസ്തകങ്ങളില്‍ ഇംഗ്ലീഷ് ഭാഷാപുസ്തകങ്ങള്‍ക്കടക്കം ഹിന്ദി പേരുകളാണ് എന്‍ സി ഇ ആര്‍ ടി നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഇന്‍ക്ലൂസിവ്നെസ്സ് ആണെന്നിരിക്കെ അതിനെ ഇല്ലാതാക്കിക്കൊണ്ട് ഹിന്ദിയിതര ഭാഷകളെ അരികുവത്കരിക്കാനുള്ള രാഷ്ട്രീയ ദുഷ്ടലാക്കാണ് ഇതിനു പിന്നിലുള്ളത്. ഇത്തരത്തില്‍ ഓരോ വര്‍ഷവും വിഭജന ചിന്തയും വിദ്വേഷവും പ്രചരിപ്പിക്കുന്ന രീതിയിലേക്ക് നമ്മുടെ രാജ്യത്തെ പാഠപുസ്തകങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വേറിട്ട കാഴ്ചപ്പാടുകളോടെ മുന്നോട്ടുപോവുകയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗവും അവിടെ ഉപയോഗിക്കപ്പെടുന്ന പാഠപുസ്തകങ്ങളും.

അടിസ്ഥാനസൗകര്യ രംഗത്തും അക്കാദമിക രംഗത്തും സമാനതകളില്ലാത്ത ഇടപെടലുകളാണ് കഴിഞ്ഞ ഒമ്പതു വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്. 5,000 കോടിയോളം രൂപ സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി മാത്രം ഇതിനോടകം അനുവദിച്ചിട്ടുണ്ട്. 5 കോടി രൂപ ചെലവില്‍ 141 സ്കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുകയാണ്. അവയില്‍ 139 എണ്ണവും പൂര്‍ത്തിയായിട്ടുണ്ട്. 3 കോടി രൂപ ചെലവില്‍ 386 സ്കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുകയാണ്. അവയില്‍ 179 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. ഒരു കോടി രൂപ ചെലവില്‍ നവീകരിക്കുന്ന 446 സ്കൂള്‍ കെട്ടിടങ്ങളില്‍ 195 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. അങ്ങനെ ആകെ 973 സ്കൂള്‍ കെട്ടിടങ്ങള്‍ അനുവദിച്ചവയില്‍ 513 എണ്ണവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്നവയും സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കും.

50,000 ത്തിലധികം ക്ലാസ്- മുറികളാണ് ഹൈടെക്കാക്കി മാറ്റിയത്. സ്കൂളുകളില്‍ തിങ്കറിംഗ് ലാബ്, റോബോട്ടിക് ലാബുകള്‍ എന്നിവ സജ്ജീകരിച്ചു. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പരിശീലനം നല്‍കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ഒരു ദശാബ്ദത്തിനു ശേഷം പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കാന്‍ നമുക്കു കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ 1, 3, 5, 7, 9 ക്ലാസ്സുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ശേഷിക്കുന്ന ക്ലാസുകളിലെ പാഠപുസ്തകങ്ങളും വൈകാതെ തന്നെ പരിഷ്കരിച്ച് ലഭ്യമാക്കും. ഹയര്‍ സെക്കൻഡറി പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള ശില്പശാലയും നടത്തിയിട്ടുണ്ട്.

സാങ്കേതികവിദ്യാ വികാസത്തിന്റെ ഒരു യുഗത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈയൊരു ഘട്ടത്തില്‍ പാഠപുസ്തകങ്ങള്‍ മാത്രമല്ല അറിവിന്റെ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഓരോ നിമിഷവും പുതിയ വിവരങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക്- മുന്നിലേക്ക് എത്തുകയാണ്. അവയില്‍ സത്യവും മിഥ്യയുമുണ്ടാവും. വസ്തുതയും വ്യാജവുമുണ്ടാവും. അതുകൊണ്ടുതന്നെ, കൊള്ളേണ്ടതിനെ കൊള്ളാനും തള്ളേണ്ടതിനെ തള്ളാനുമുള്ള വിവേകം കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഈയൊരു ഘട്ടത്തില്‍ നാം ചെയ്യേണ്ടത്.

ലഹരിമാഫിയകളും മറ്റ് കുറ്റകൃത്യ സംഘങ്ങളും സാങ്കേതികവിദ്യയെ അവരുടെ പ്രചാരണ ഉപാധികളായി ഏറ്റെടുക്കുന്ന ഈയൊരു ഘട്ടത്തില്‍ അത്തരത്തിലുള്ള വിവേചനബുദ്ധി കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നത് ഏറെ പ്രധാനമാണ്. ഡാര്‍ക്ക് വെബ് മുഖേന കുട്ടികളിലേക്ക് എത്തിച്ചേരുന്ന തിന്മകളെയടക്കം കണ്ടെത്താനും ഉന്മൂലനം ചെയ്യാനുമുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ട്. എന്നാല്‍ അതുകൊണ്ടുമാത്രമായില്ല, കുറ്റവാളികള്‍ ഏതു മാരീചവേഷം ധരിച്ചും നമ്മുടെ കുഞ്ഞുങ്ങളിലേക്ക് എത്തിച്ചേരും. അത് തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കുക കൂടിയാണ് വിദ്യാഭ്യാസത്തിലൂടെ നാം ചെയ്യേണ്ടത്.

പാഠപുസ്തക നവീകരണം കൊണ്ടുമാത്രം നമ്മുടെ കരിക്കുലം നവീകരിക്കപ്പെടുകയില്ല. അധ്യാപകരും കാലത്തിനൊത്ത് നവീകരിക്കപ്പെടണം. കുറച്ചുനാള്‍ മുമ്പ് ഉത്തരേന്ത്യയിൽനിന്നും വന്ന ഒരു വാര്‍ത്ത നമ്മള്‍ കണ്ടു. ഒരു കോളേജിലെ ക്ലാസ് റൂമില്‍ അവിടുത്തെ പ്രധാന അധ്യാപിക ചാണകം പൂശുന്ന കാഴ്ച. എന്ത് സന്ദേശമാണ് ഇതൊക്കെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്? അധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ യുക്തിരഹിതമായി ചിന്തിക്കാന്‍ കഴിയുക? കുട്ടികള്‍ വ്യാജങ്ങള്‍ക്ക് വശംവദരാകുന്നതുപോലെ തന്നെ അധ്യാപകരും അശാസ്ത്രീയതയ്ക്കും വംശീയവിദ്വേഷത്തിനുമൊക്കെ വഴിപ്പെടുന്ന കാഴ്ച നാം കാണുകയാണ്.

ഇത്തരം പ്രവണതകളൊന്നും കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്നുവരുന്നില്ല എന്നുറപ്പാക്കിക്കൊണ്ട് മുന്നോട്ടുപോവുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × three =

Most Popular