Saturday, November 23, 2024

ad

Homeകവര്‍സ്റ്റോറിസമ്പദ്ഘടനയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ അവഗണിക്കുന്ന കേന്ദ്രബജറ്റ്

സമ്പദ്ഘടനയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ അവഗണിക്കുന്ന കേന്ദ്രബജറ്റ്

പ്രഭാത് പട്നായക്

ഇന്ന് ഇന്ത്യന്‍ സമ്പദ്ഘടനയിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതയാണ് യഥാര്‍ഥ ഉപഭോഗ ചെലവിലെ മന്ദഗതിയിലുള്ള വര്‍ധനവ്. ഉദാഹരണത്തിന്, 2019-20നും 2022-23 നുമിടയില്‍ പ്രതിശീര്‍ഷ യഥാര്‍ഥ ഉപഭോഗ ചെലവ് 5 ശതമാനത്തില്‍ താഴെയായാണ് വര്‍ധിച്ചത്; അത് ജിഡിപി വളര്‍ച്ചാനിരക്കിനേക്കാള്‍ കുറവാണ്. മഹാമാരിയുടെ ആഘാതങ്ങളില്‍ നിന്നുള്ള കേവലമായ വീണ്ടെടുപ്പുപോലും, ചുരുക്കിപ്പറഞ്ഞാല്‍, ഉപഭോഗകേന്ദ്രിതം എന്നതിനേക്കാള്‍ നിക്ഷേപ കേന്ദ്രിതമാണ്. ഇതിന് സ്പഷ്ടമായ രണ്ട് പ്രശ്നങ്ങളുണ്ട്: ഒന്ന്, ഇത്തരമൊരു വീണ്ടെടുപ്പ് ഉറപ്പില്ലാത്തതാണ് സ്വാഭാവികമായും ധനകാര്യ സംവിധാനത്തിന്‍റെതന്നെ സ്ഥിരതയ്ക്ക് ഭീഷണിയാവുന്നതിനുപുറമെ അത് ഉപയോഗപ്പെടുത്താത്ത ഉല്‍പാദനശേഷിയുടെ, ഉപയോഗിക്കാത്ത പശ്ചാത്തലസൗകര്യത്തിന്‍റെ, അതുകൊണ്ടുതന്നെ അനിവാര്യമായും വീണ്ടെടുപ്പിനെ നിരുത്സാഹപ്പെടുത്തുന്ന, തിരിച്ചുപിടിക്കാനാവാത്ത ബാങ്ക് വായ്പകളുടെയും മറ്റും കുമിഞ്ഞുകൂടലിലേക്ക് നയിക്കുന്നു. രണ്ട്, വളര്‍ച്ചയുടെ അടിസ്ഥാന യുക്തി ജനസാമാന്യത്തിന്‍റെ ജീവിതസാഹചര്യങ്ങളെ മെച്ചപ്പെടുത്തുക എന്നതാണ്; ജനസാമാന്യത്തിന്‍റെ ഉപഭോഗനില നിശ്ചലമായി നില്‍ക്കുകയാണെങ്കില്‍പിന്നെ, ഇങ്ങനെ വളര്‍ച്ചയുണ്ടായിട്ട് കാര്യമില്ല.

അതുകൊണ്ടുതന്നെ, 2023-24 ബജറ്റിനുമുന്‍പാകെയുള്ള പ്രാഥമികമായ കടമ സമ്പദ്ഘടനയിലെ ഉപഭോഗം ശക്തിപ്പെടുത്തുക എന്നതാണ്; അതിന് എല്ലാത്തിലുമുപരി സാമൂഹിക മേഖലയിലെ ഉപഭോഗം വര്‍ധിപ്പിക്കുകയാണ് വേണ്ടത്: ഉദാഹരണത്തിന്, ദാരിദ്ര്യംകൊണ്ട് ആടിയുലയുന്ന ഒരു രാജ്യത്ത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ ഉപയോഗിക്കാത്ത ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുന്നത്, അടിസ്ഥാന ആരോഗ്യരക്ഷയ്ക്കും പാര്‍പ്പിടത്തിനും വിദ്യാഭ്യാസത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുംവേണ്ടി ഭീമമായി ചെലവഴിക്കേണ്ടിവരുന്ന ജനങ്ങളുടെ വാങ്ങല്‍ശേഷിയെ കുറയ്ക്കുന്നതാണ്. എന്നാല്‍ ഇതിനാണ് ബജറ്റ് പരിഹാരം കണ്ടെത്താത്തത്; നേരെമറിച്ച്, വര്‍ധിച്ചുകൊണ്ടിരിക്കുന്ന മൂലധനചെലവിന് ഇനിയും വിഭവങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി സാമൂഹിക മേഖലകളിലെ ഗവണ്‍മെന്‍റിന്‍റെ ചെലവഴിക്കല്‍ വെട്ടിച്ചുരുക്കുകയാണ് ബജറ്റ് ചെയ്യുന്നത്. ഇതിന്‍റെ ഏറ്റവും അമ്പരപ്പിക്കുന്ന ഉദാഹരണമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള ചെലവ് 60,000 കോടി രൂപയിലേക്ക് വെട്ടിച്ചുരുക്കിയത്. ഈ സ്കീമില്‍ തൊഴിലെടുക്കുന്നു എന്നതിനുള്ള പുതിയ തെളിവു സംവിധാനത്തിന് ഇന്‍റര്‍നെറ്റ് ലഭ്യത ആവശ്യമാണെന്നതും അത് ഗ്രാമീണ ഇന്ത്യയില്‍ വേണ്ടത്ര ഇല്ലായെന്നതും ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്; ഗവണ്‍മെന്‍റിനാവശ്യം ഈ പദ്ധതി മൊത്തത്തില്‍ അവസാനിപ്പിക്കുകയാണ്.

81 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 5 കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി അനുവദിക്കുന്ന തങ്ങളുടെ “ഗംഭീര വിജയത്തെ”ക്കുറിച്ച് ഗവണ്‍മെന്‍റ് പെരുമ്പറ കൊട്ടി ആഘോഷിക്കുന്നുണ്ടെങ്കിലും, 2022-23ലെ പുതുക്കിയ മതിപ്പുകണക്കിനോട് താരതമ്യപ്പെടുത്തുമ്പോള്‍ നാമമാത്രമായ ഭക്ഷ്യസബ്സിഡിയില്‍പോലും 31 ശതമാനത്തിന്‍റെ ഗണ്യമായ കുറവാണ് യഥാര്‍ത്ഥത്തില്‍ വരുന്നത്; ദരിദ്രരില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിന് സബ്സിഡി നല്‍കുന്നതിനുവേണ്ടി ഞെക്കിപ്പിഴിയുകയാണ് ഇവിടെ ഗവണ്‍മെന്‍റ് ചെയ്യുന്നത്. അതുപോലെതന്നെ, ഗ്രാമീണ വികസനത്തിന്‍റെ കാര്യത്തിലും നിലവിലുണ്ടായിരുന്ന നാമമാത്രമായ വകയിരുത്തലില്‍ വീണ്ടും കുറവുവരുത്തിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും നാമമാത്രമായ വകയിരുത്തലില്‍ ചെറിയൊരു വര്‍ധനവ് വരുത്തിയിട്ടുണ്ട്; എന്നാല്‍ നാണയപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ ഈ മേഖലകള്‍ യഥാര്‍ഥ വ്യവസ്ഥയില്‍ ഇടിവ് രേഖപ്പെടുത്തും.

ഉപഭോഗവിരുദ്ധവും അതുകൊണ്ടുതന്നെ ദരിദ്രവിരുദ്ധവുമായ ഗവണ്‍മെന്‍റിന്‍റെ നിലപാട് വെച്ചുനോക്കുമ്പോള്‍ ഇതിലൊന്നുംതന്നെ അത്ഭുതപ്പെടാനില്ല. 2023-24 ബജറ്റിലെ അമ്പരപ്പിക്കുന്ന ഒരു സവിശേഷത സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതമടക്കമുള്ള ഗവണ്‍മെന്‍റിന്‍റെ ചെലവഴിക്കല്‍, ജിഡിപിയേക്കാള്‍ താഴ്ന്ന നിരക്കില്‍ വര്‍ധിക്കേണ്ടതാണ്; എന്നാല്‍ അതിന്‍റെ വിഹിതം 2022-23ലെ 15.3 ശതമാനത്തില്‍നിന്നും (പുതുക്കിയത്) 14.9 ശതമാനത്തിലേക്ക് താഴുകയാണുണ്ടായത്; 6.4 ശതമാനത്തില്‍നിന്നും 3.9 ശതമാനത്തിലേക്ക് ഇടിഞ്ഞ ധനക്കമ്മിയുടെ അനുപാതത്തോട് യോജിക്കുന്ന ഒരു ഇടിവാണിത്.

ഉപഭോഗം ശക്തിപ്പെടുത്തുന്നതില്‍ കേന്ദ്ര ഗവണ്‍മെന്‍റ് കാണിക്കുന്ന ലുബ്ധ് സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്കുള്ള വിഹിതം ഇടിയുന്നതിലും കാണാനാകും. 2021-22ല്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 4,60,575 കോടി രൂപ ആയിരുന്നത് 2022-23ല്‍ 3,67,204 കോടി രൂപയാക്കി കുറച്ചു; പുതുക്കിയ എസ്റ്റിമേറ്റുപ്രകാരം ഇത് 3,07,204 കോടി രൂപയായി വീണ്ടും വെട്ടിച്ചുരുക്കി. 2022-23ലെ കമ്മി പരിഹരിക്കുന്നതിനുപകരം ഇപ്പോഴത്തെ ബജറ്റില്‍ ഇതിനായി അനുവദിക്കുന്നത് 3,59,470 കോടി രൂപ മാത്രമാണ്. ഇത് പോയവര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റിനേക്കാളും കുറവാണ്. സാമൂഹ്യ ക്ഷേമത്തിനായുള്ള ചെലവഴിക്കലിന്‍റെ കാര്യത്തില്‍ പൊതുവെ, സംസ്ഥാന ഗവണ്‍മെന്‍റുകളാണ് ഉത്തരവാദപ്പെട്ടത് എന്നതുകൊണ്ടുതന്നെ, കേന്ദ്രം സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്ക് വിഹിതം നല്‍കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കുന്നു; ഫെഡറല്‍ ഘടനയെ പ്രത്യക്ഷത്തില്‍തന്നെ കീഴ്മേല്‍മറിക്കുന്ന മനഃപൂര്‍വമുള്ള വിഭവകേന്ദ്രീകരണത്തിലൂടെയാണ് കേന്ദ്രം ഇത് ചെയ്യുന്നത്.

ജിഡിപിയുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറഞ്ഞ കേന്ദ്ര ചെലവഴിക്കലിനുള്ളില്‍തന്നെ, മൂലധന ചെലവഴിക്കലില്‍ കുത്തനെയുള്ള വര്‍ധനവാണുണ്ടായിരിക്കുന്നത്. മൂലധന ചെലവ് 7.5 ലക്ഷം കോടി രൂപയില്‍നിന്നും 10 ലക്ഷം കോടിയായി വര്‍ധിപ്പിച്ചതിനെ, നിലവില്‍ ഇന്ത്യയെ ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയെന്ന വിപത്തിനുള്ള ഒറ്റമൂലിയായി കാണിച്ചുകൊണ്ട് ധനമന്ത്രി തന്‍റെ പ്രസംഗത്തില്‍ കൊട്ടിഘോഷിക്കുകയുണ്ടായി. ഇവിടെ അവര്‍ വിട്ടുകളഞ്ഞത് നാല് അടിസ്ഥാന പോയിന്‍റുകളാണ്: ഒന്ന്, വാസ്തവത്തില്‍, ഇതേ തുക സാമൂഹിക മേഖലയില്‍ ചെലവഴിച്ചാല്‍, തൊഴില്‍രംഗത്ത് ഏറ്റവും കുറഞ്ഞത് സമാനമായ ഫലം തന്നെയുണ്ടാകും; രണ്ട്, ഈ തുക സാമൂഹികമേഖലയില്‍ ചെലവഴിക്കുകയാണെങ്കില്‍, യഥാര്‍ത്ഥ കൂലിയില്‍ പരിപൂര്‍ണമായ തകര്‍ച്ച നേരിടുന്നു എന്ന് കഴിഞ്ഞദിവസം ഗവണ്‍മെന്‍റ്, പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വെതന്നെ സമ്മതിക്കുന്ന, തൊഴിലാളിവര്‍ഗത്തിന് അത് നേരിട്ട് പ്രയോജനകരമാകും. പ്രത്യക്ഷമായോ പരോക്ഷമായോ തൊഴിലാളിവര്‍ഗത്തിന്‍റെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്ന ചെലവിന്‍റെ (വലിയ തോതിലുള്ള സാമൂഹിക മേഖലാ ചെലവഴിക്കലിലൂടെ) പെരുകല്‍ ഫലം, പൊതുമൂലധന ചെലവഴിക്കലുണ്ടാക്കുന്ന ഫലത്തേക്കാള്‍ വളരെയധികം കൂടുതലാണ്. അതുകൊണ്ടുതന്നെ സാമൂഹികമേഖലയില്‍ കാതലായൊരു തുക ചെലവഴിക്കുന്നത് തൊഴിലില്ലായ്മയിന്മേലുണ്ടാക്കുന്ന സ്വാധീനം, അതേ തുക മൂലധന ചെലവഴിക്കലിനായി ഉപയോഗിക്കുമ്പോഴുണ്ടാകുന്നതിനേക്കാള്‍ വളരെ വലുതായിരിക്കും. നാല്, അധ്വാനിക്കുന്ന ജനങ്ങളുടെ ഉപഭോഗം ഉത്തേജിപ്പിക്കുന്ന കാര്യത്തില്‍നിന്നു വ്യത്യസ്തമായി മൂലധന ചെലവിന്‍റെ ഭൂരിഭാഗവും മൂലധന ചരക്കുകളുടെ ഇറക്കുമതിയുടെ രൂപത്തില്‍ വിദേശത്തേക്ക് ചോര്‍ന്നുപോകുന്നു; ഇത് ഈ രണ്ട് ചെലവഴിക്കല്‍ രീതികളും തൊഴില്‍ രംഗത്തുണ്ടാക്കുന്ന തികച്ചും വ്യത്യസ്തമായ ഫലങ്ങള്‍ സംബന്ധിച്ച പോയിന്‍റിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

നവലിബറലിസം നടപ്പാക്കുന്നതിനുകീഴില്‍ അടുത്തകാലത്തായി മൂലധന ചെലവിന്‍റെ ഇറക്കുമതി ആശ്രിതത്വം വര്‍ധിച്ചുവരുകയാണ്; അടുത്തകാലത്ത് നമ്മള്‍ കണ്ട നിക്ഷേപകേന്ദ്രിത വീണ്ടെടുപ്പൊഴിച്ചാല്‍ രാജ്യത്തിന്‍റെ സ്വന്തം മൂലധന ചരക്കുമേഖലയുടെ സ്തംഭനാവസ്ഥയ്ക്കുള്ള പ്രധാന കാരണം ഇതാണ്. ആഭ്യന്തര മൂലധന ചരക്കുമേഖലയുടെ വന്‍തോതിലുള്ള സംരക്ഷണത്തിന്‍റെ അഭാവത്തില്‍, ഏതെങ്കിലുംവിധത്തില്‍ ശ്രദ്ധേയമായത്ര വമ്പിച്ച ആഭ്യന്തര തൊഴിലവസരം സൃഷ്ടിക്കുന്നതിനുവേണ്ടി വലിയ മൂലധന ചെലവില്‍ കണ്ണും നട്ടിരിക്കുന്നത് കേവലം ദിവാസ്വപ്നം മാത്രമാണ്. ഇറക്കുമതിയില്‍നിന്നും വലിയ തോതില്‍ സംരക്ഷണം നല്‍കുന്നതിനുപകരം ബജറ്റ് അതിനുനേരെ വിപരീതമായി ഒട്ടേറെ ചരക്കുകളുടെ ഇറക്കുമതിക്കുള്ള കസ്റ്റംസ് ഡ്യൂട്ടി കുറച്ചു; ഈ അവസ്ഥയില്‍ മൂലധനചെലവിലെ നിര്‍ദ്ദിഷ്ട വര്‍ധനവ്, ഏതെങ്കിലും ഗണ്യമായ തോതില്‍ തൊഴിലവസരം വര്‍ധിപ്പിക്കുമെന്ന് വാദിക്കുന്നത് ശുദ്ധ തട്ടിപ്പാണ്.

കൂടുതലായി പറഞ്ഞാല്‍, ഉയര്‍ന്ന മൂലധന ചെലവും ഉയര്‍ന്ന സാമൂഹിക ചെലവും എന്നിങ്ങനെയുള്ള രണ്ട് ചെലവഴിക്കല്‍ രീതികള്‍ക്കിടയില്‍ ആദ്യത്തേത് ഇറക്കുമതി കേന്ദ്രിതമാണ്, അത് രാജ്യം തലവെച്ചുകൊടുത്തിട്ടുള്ള അടവുശിഷ്ട പ്രശ്നം വഷളാക്കുകയേയുള്ളൂ. വന്‍തോതില്‍ രൂപയുടെ മൂല്യമിടിഞ്ഞതിനു പുറമെ, ഇന്ത്യയുടെ കയറ്റുമതി വര്‍ധനയും ആഗോളമാന്ദ്യംമൂലം പരിതാപാവസ്ഥയിലാണ്; നമ്മുടെ കൈവശം ഡാറ്റയുള്ള ഒടുവിലത്തെ പാദത്തേക്കുള്ള കറന്‍റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 4 ശതമാനം അധികമാണ്. മൂലധന ചെലവ് വര്‍ധിപ്പിക്കുന്നതിനുപകരം സാമൂഹ്യ ചെലവ് വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ഗവണ്‍മെന്‍റിന് കുറഞ്ഞത് ഒരു കല്ലുകൊണ്ടെറിഞ്ഞ് മൂന്ന് പക്ഷികളെയെങ്കിലും കൊല്ലാമായിരുന്നു: അതിന് നേരിട്ട് ജനങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താമായിരുന്നു; കൂടുതല്‍ വലിയ തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാമായിരുന്നു; അതിന് അടവുശിഷ്ടത്തിന്‍റെ നിലവിലെ കമ്മി നിയന്ത്രണത്തില്‍ കൊണ്ടുവരാമായിരുന്നു. എന്നാല്‍ ഇതിനുപകരം ഗവണ്‍മെന്‍റ് വ്യക്തമായും കൂടുതല്‍ വഷളായൊരു പോംവഴി തെരഞ്ഞെടുത്തു.

ഇതുവരേയും, ഗവണ്‍മെന്‍റിനുമുന്‍പിലുള്ള രണ്ട് പോംവഴി മാത്രം തമ്മില്‍ താരതമ്യപ്പെടുത്തുകയും, അതില്‍ അങ്ങേയറ്റം വഷളായ വഴിയാണ് ഗവണ്‍മെന്‍റ് തിരഞ്ഞെടുത്തതെന്ന് അഭിപ്രായപ്പെടുകയുമാണ് ഞാന്‍ ചെയ്തത്; എന്നാല്‍ തീര്‍ച്ചയായും ഗവണ്‍മെന്‍റ് ഈ രണ്ട് പോംവഴികളില്‍ മാത്രം ചുരുങ്ങുന്നില്ല. സര്‍ക്കാരിന്‍റെതന്നെ എസ്റ്റിമേറ്റുപ്രകാരം ജിഡിപിയും ഗവണ്‍മെന്‍റ് റവന്യൂവും തമ്മിലുള്ള അനുപാതം നിലവിലെ സാമ്പത്തിക വര്‍ഷവുമായി ഒത്തുനോക്കുമ്പോള്‍ അടുത്ത വര്‍ഷം മാറ്റമില്ലാതെ തുടരാനാണ് സാധ്യത. എന്നാല്‍ വരുമാന അസമത്വവും സ്വത്ത് അസമത്വവും വലിയ തോതില്‍ വര്‍ധിക്കുകയാണെന്ന വസ്തുത സുവിദിതമായിരിക്കുകയും, അസമത്വം വര്‍ധിച്ചുവരുകയും ചെയ്യുന്ന ഒരു കാലത്ത് സ്വത്ത് നികുതിയുടെ അഭാവത്തില്‍പോലും ജിഡിപിയിലേക്കുള്ള നികുതി വരുമാനത്തിന്‍റെ അനുപാതം ഒരു സ്വാഭാവിക വര്‍ധന കാണിക്കേണ്ടതുണ്ട്; സ്വത്ത് നികുതി അഥവാ സമ്പന്നരുടെ ചെലവില്‍ റവന്യൂ വര്‍ധിപ്പിക്കുന്നതിനുള്ള മറ്റ് ശ്രമങ്ങള്‍വഴി ഇക്കാര്യം കൂടുതല്‍ ഉറപ്പാക്കേണ്ടതുണ്ട്. ഈ ബജറ്റിനെ കൂടുതല്‍ അസാധാരണമാക്കുന്നതെന്തെന്നാല്‍, വരവ് ഉയര്‍ത്തുന്നതിനുള്ള ഗൗരവമേറിയ നടപടികളുടെ അഭാവമാണ്.

തീര്‍ച്ചയായും, ശമ്പളക്കാരുടെ വര്‍ഗങ്ങളിലെ ചില വിഭാഗങ്ങള്‍ക്ക് ബജറ്റ് വരുമാന നികുതിയില്‍ ആശ്വാസം നല്‍കുന്നുണ്ട്; പക്ഷേ, രണ്ടര്‍ഥത്തില്‍, അതിലെ അന്ധത തികച്ചും അതിശയിപ്പിക്കുന്നതാണ് : ഒന്നാമതായി, വരുമാന അസമത്വവും സ്വത്ത് അസമത്വവും രൂക്ഷമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ജിഡിപിയുടെ അനുപാതമെന്ന നിലയ്ക്ക് വരവ് ഉയര്‍ത്തുന്ന കാര്യത്തില്‍ ഗവണ്‍മെന്‍റു കാണിക്കുന്ന തികഞ്ഞ അനാസ്ഥയാണ്. രണ്ടാമതായി, അധ്വാനിക്കുന്ന ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്ന വര്‍ധിതമായ സാമൂഹ്യചെലവഴിക്കലിന്‍റെ കാര്യത്തില്‍ ഗവണ്‍മെന്‍റ് പുലര്‍ത്തുന്ന തികഞ്ഞ അനാസ്ഥയും പകരം തൊഴിലുത്പാദന ഫലം അധികമായും വിദേശത്തേക്ക് ചോര്‍ന്നുപോകുന്ന മൂലധന ചെലവഴിക്കലിന്‍റെ കാര്യത്തില്‍ നല്‍കുന്ന ഊന്നലുമാണ്.

എന്തുതന്നെയായാലും, ഒരുപക്ഷേ ഞാന്‍ ചെയ്തപോലെ ഈ ബജറ്റിനെ അന്ധമെന്ന് വിളിക്കുന്നത്, ചില പോയിന്‍റുകളെ വിട്ടുകളയലാകും. ഗവണ്‍മെന്‍റിന്‍റെ “ശിങ്കിടി മുതലാളിമാര്‍”ക്ക് പ്രത്യേക താല്‍പര്യമുള്ളയിടമാണ് പശ്ചാത്തല സൗകര്യ മേഖല; പശ്ചാത്തല സൗകര്യമേഖലയില്‍ ചെലവഴിക്കുക എന്നാല്‍ അതിനാല്‍തന്നെ, അതിന്‍റെ “ശിങ്കിടികളെ” സഹായിക്കുന്നതിനുള്ള മാര്‍ഗമാണ്. ഈ ഗവണ്‍മെന്‍റിന്‍റെ മുന്‍കാല പ്രകടനംവെച്ചു നോക്കുമ്പോള്‍, തങ്ങളുടെ ശിങ്കിടി മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്കുമുകളില്‍ സമ്പദ്ഘടനയുടെ താല്‍പര്യങ്ങളെ മൊത്തത്തിലോ അധ്വാനിക്കുന്ന ജനങ്ങളുടെ താല്‍പര്യങ്ങളെയോ കണക്കാക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − 1 =

Most Popular