Thursday, November 21, 2024

ad

Homeമുഖപ്രസംഗംമതനിരപേക്ഷതയെ ആർക്കാണ് പേടി?

മതനിരപേക്ഷതയെ ആർക്കാണ് പേടി?

തനിരപേക്ഷത ഇന്ത്യൻ ഭരണഘടനയുടെ അഭേദ്യഭാഗമാണെന്ന് നമ്മുടെ പരമോന്നത നീതിപീഠം, സുപ്രീംകോടതി ആവർത്തിച്ചുറപ്പിച്ചിരിക്കുന്നുവെന്നത് ആശ്വാസകരമാണ്. എന്നാൽ മതനിരപേക്ഷത നേരിടുന്ന ഭീഷണി, അതിനെതിരെ ഉയരുന്ന വെല്ലുവിളി സുപ്രീംകോടതിയുടെ ഈ നിരീക്ഷണത്തോടെയും, അതേനിലയിൽ തന്നെ വിധിന്യായം ഉണ്ടായാൽപോലും അവസാനിക്കുമെന്ന് കരുതാനാവില്ല. കാരണം, ഇതിനുമുൻപും പല കാലങ്ങളിൽ പല കേസുകളിലും സുപ്രീംകോടതിയിൽനിന്ന് സമാനമായ നിരീക്ഷണങ്ങളും വിധിന്യായങ്ങളും ഉണ്ടായിട്ടുള്ളതാണ്. എന്നിട്ടും അത് വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുന്നുവെന്ന് മാത്രമല്ല, ഭരണഘടനാനുസൃതം പ്രവർത്തിക്കാൻ ബാധ്യസ്ഥരായ ഭരണാധികാരികൾ തന്നെ, പ്രത്യേകിച്ചും സംഘപരിവാറിന് ഭരണത്തിന്റെ കടിഞ്ഞാൺ ലഭിക്കുമ്പോഴെല്ലാം, അതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന അനുഭവങ്ങൾ ഒട്ടേറെ ചൂണ്ടിക്കാണിക്കാനുണ്ട്.

മോദിയും പരിവാരങ്ങളും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങും അതിന്റെ ഉദ്ഘാടനവും തികഞ്ഞ മതപരമായ പശ്ചാത്തലത്തിൽ സംഘടിപ്പിച്ചത് നൽകുന്ന സന്ദേശം തന്നെ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങൾക്കനുസരിച്ച് നീങ്ങാൻ തങ്ങൾ തയ്യാറല്ല എന്നതാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം സർക്കാർ പരിപാടിയെന്നപോലെ നടപ്പാക്കിയതിലൂടെ നാട് ഭരിക്കുന്നവർ മതന്യൂനപക്ഷങ്ങളെ ആശങ്കയിൽ അകപ്പെടുത്തുകയാണ് ചെയ്തത്. ബിജെപി അധികാരത്തിലിരിക്കുമ്പോഴെല്ലാം, അത് കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും അവർക്ക് അധികാരത്തിലിടപെടാൻ അവസരം ലഭിക്കുമ്പോഴെല്ലാം ഇന്ത്യ ഒരു മതരാഷ്ട്രമാണെന്നതുപോലെയാണ് പലപ്പോഴും ഇടപെടാറുള്ളത്.

നമ്മുടെ പൗരത്വത്തിന്റെ കാര്യത്തിൽ പോലും മതത്തെ കടത്തിക്കൊണ്ടുവരാൻ സംഘപരിവാർ മടിച്ചില്ല. സിഎഎ, എൻആർസി നിയമം കൊണ്ടുവരാനും അത് തിരക്കിട്ട് നടപ്പാക്കാനും ബിജെപി ഗവൺമെന്റ് തുനിഞ്ഞതു തന്നെ ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷത കാറ്റിൽപ്പറത്താൻ, ചവറ്റുകുട്ടയിൽ തള്ളാൻ തങ്ങൾ പ്രതിഞ്ജാബദ്ധരാണെന്ന് പറയാതെ പറയുന്നതിന്റെ നിദർശനമല്ലേ?

മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലവകാശകമ്മീഷന്റെ തീട്ടൂരത്തിനും യുപിയിലും ത്രിപുരയിലും ബിജെപി സർക്കാർ അത് നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയതിനും എല്ലാ സംസ്ഥാനങ്ങളും അത് നടപ്പാക്കണമെന്ന മോദി സർക്കാരിന്റെ വാറോലയ്ക്കുമെതിരായ കേസിനുതന്നെ അവസരമായത് മതനിരപേക്ഷതയ്ക്ക് തങ്ങൾ എതിരാണെന്ന ആർഎസ്എസ് നിലപാടാണെന്ന് വ്യക്തമാണല്ലോ. മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷന്റെ വിഷലിപ്തമായ തീട്ടൂരത്തിനെതിരെയും സുപ്രീംകോടതിയുടെ ചീഫ് ജസ്-റ്റിസ് വെെ ഡി ചന്ദ്രചൂഡ് അധ്യക്ഷനായ മറ്റൊരു ബെഞ്ചിൽ നിന്നും ശക്തമായ നിരീക്ഷണം ഉണ്ടായിയെന്നതും ഈ പശ്ചാത്തലത്തിൽ ആശ്വാസം നൽകുന്നതുതന്നെയാണ്.

അടിയന്തരാവസ്ഥയുടെ കാലത്ത് കൊണ്ടുവന്ന 42–ാം ഭരണഘടനാ ഭേദഗതിയിലൂടെ നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർക്കപ്പെട്ട സെക്കുലറിസം, സോഷ്യലിസം എന്നീ വാക്കുകൾ റദ്ദാക്കണമെന്ന മതരാഷ്ട്രവാദത്തിന്റെ വക്താക്കളായ സുബ്രഹ്മണ്യൻ സ്വാമിയുടെയും അശ്വനികുമാർ ഉപധ്യായയുടെയും കേസ് പരിഗണിക്കവെയാണ് ‘ഇന്ത്യ മതനിരപേക്ഷമായി (സെക്കുലർ) തുടരുന്നതിൽ നിങ്ങൾക്കെന്താണ് പ്രശ്നം’ എന്ന ചോദ്യം സുപ്രീംകോടതിയിൽ നിന്നുയർന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വളരെ ഗൗരവമേറിയ നിരീക്ഷണങ്ങളാണ് ഇതിനൊപ്പം നടത്തിയത്. 1949ൽ ഭരണഘടനാ നിർമാണസഭയിൽ തന്നെ മതനിരപേക്ഷത സംബന്ധിച്ച് വാദപ്രതിവാദങ്ങൾ നടന്നതാണ്. ഇന്ത്യ ഒരു മതരാഷ്ട്രമാണെന്ന്, ഹിന്ദു രാഷ്ട്രമാണെന്ന് ഭരണഘടനയിൽ പ്രഖ്യാപനം നടത്തണമെന്ന് ഹിന്ദുത്വ ശക്തികൾ ഉന്നയിച്ച വാദത്തെ അന്നേ നമ്മുടെ ഭരണഘടനാ ശിൽപ്പികൾ തള്ളിക്കളഞ്ഞതാണ്. പിൽക്കാലത്ത് പല ഘട്ടങ്ങളിലും സുപ്രീംകോടതിയുടെ പരിഗണനയിൽ ഈ വിഷയം വന്നപ്പോഴെല്ലാം തന്നെ, 1976ലെ 42–ാം ഭരണഘടനാ ഭേദഗതിക്ക് മുൻപുതന്നെ മതനിരപേക്ഷമാണ് ഇന്ത്യൻ ഭരണഘടനയുടെ മൗലിക സ്വഭാവമെന്ന്, അടിത്തറയെന്ന് ആവർത്തിച്ച് വിധിന്യായങ്ങൾ ഉണ്ടായതാണ്. 42–ാം ഭരണഘടനാ ഭേദഗതി അതൊന്നുകൂടി ഉറപ്പിച്ചുവെന്നേയുള്ളൂ. മറിച്ച്, അടിയന്തരാവസ്ഥയിലെ കൂട്ടിച്ചേർക്കലാണ് എന്നത് വിതണ്ഡവാദമാണ്. നിയമസംവിധാനം ആ വാദം അംഗീകരിക്കുന്നില്ല എന്ന് ആവർത്തിച്ചിരിക്കുകയാണ്, സുപ്രീംകോടതി ബെഞ്ചിൽനിന്നുണ്ടായ പുതിയ നിരീക്ഷണത്തിലൂടെ.

മതനിരപേക്ഷം എന്നതുപോലെ തന്നെ സാമൂഹ്യനീതിയിലും സാമൂഹ്യസമത്വത്തിലും അധിഷ്ഠിതവുമാണ് ഇന്ത്യൻ ഭരണഘടനയെന്നും സുപ്രീംകോടതിയുടെ തന്നെ നിരവധി വ്യാഖ്യാനങ്ങൾ വന്നിട്ടുള്ളതാണ്. സെക്കുലറും സോഷ്യലിസ്റ്റും എന്ന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 42–ാം ഭരണഘടനാ ഭേദഗതിയിലൂടെ എഴുതിച്ചേർക്കപ്പെടുംമുൻപുതന്നെ അതിന്റെ ഉള്ളടക്കം മതനിരപേക്ഷവും സ്ഥിതി സമത്വത്തെ അടിസ്ഥാനമാക്കിയതുമായതുതന്നെയായിരുന്നു. അക്കാര്യവും സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ച് ഈ നിരീക്ഷണത്തിലൂടെ ഓർമിപ്പിച്ചിരിക്കുകയാണ്. നിയമത്തിനുമുന്നിൽ എല്ലാവരും സമന്മാരാണെന്നതും എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകപ്പെടണമെന്നതുമെല്ലാം ഭരണഘടനയുടെ അടിത്തറയായി വർത്തിക്കുന്നതാണ്.

സെക്കുലറലിസവും സോഷ്യലിസവുമെല്ലാം പാശ്ചാത്യ ആശയങ്ങളാണെന്നും അതുകൊണ്ടുതന്നെ അവ ‘ഭാരതീയ സംസ്കാര’ത്തിനു നിരക്കാത്തതാണെന്നുമാണ് നമ്മുടെ ഭരണഘടന നിലവിൽ വന്ന കാലം മുതൽ ആർഎസ്എസ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്! ഭരണഘടനാ നിർമാണ സഭയിൽ തന്നെ ആർഎസ്എസ് വക്താക്കൾ വാദിച്ചത് ഇന്ത്യൻ ഭരണഘടനയായി മനുസ്-മൃതിയെ അംഗീകരിക്കണമെന്നും മറ്റൊരു ഭരണഘടനയുടെ ആവശ്യമില്ലെന്നുമാണ്. സെക്കുലറിസവും സോഷ്യലിസവും മാത്രമല്ല ഡെമോക്രസിയും റിപ്പബ്ലിക്കുമെല്ലാം ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം പാശ്ചാത്യവും അസ്വീകാര്യവുമാണ്. പകരം മനുസ്-മൃതിയെ അടിസ്ഥാനമാക്കിയുള്ള ജാതിമേധാവിത്വത്തെ, ബ്രാഹ്മണാധിപത്യത്തെയാണ് രാജ്യത്തിന്റെ അടിസ്ഥാന മൂല്യമായി ആർഎസ്എസ് കാണുന്നത്.

ജനാധിപത്യത്തിനു പകരം സേ-്വച്ഛാധിപത്യവും സാമൂഹ്യനീതിക്കും സമത്വത്തിനും പകരം ജാതി അടിസ്ഥാനത്തിലുള്ള ശ്രേഷ്ഠതാവാദവും മതനിരപേക്ഷതയ്ക്കുപകരം മതരാഷ്ട്രവാദവുമാണ് ആർഎസ്എസ് നടപ്പാക്കാൻ ആഗ്രഹിക്കുന്നത്. സാമൂഹ്യനീതിയും സമത്വവുമെല്ലാം ആർഎസ്എസ് സംരക്ഷിക്കാൻ ശ്രമിക്കുന്ന കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. അതായത് പഴയ ബ്രാഹ്മാണാധിപത്യത്തിനൊപ്പം മൂലധനാധിപതികളായ കോർപ്പറേറ്റുകളുടെ ആധിപത്യവും അടങ്ങുന്ന നഗ്നമായ സേ-്വച്ഛാധിപത്യവാഴ്ച നടപ്പാക്കലാണ് സംഘപരിവാറിന്റെ ലക്ഷ്യം. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പുപോലെയുള്ള ജനാധിപത്യവിരുദ്ധമായ നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതും ഈ ഗൂഢലക്ഷ്യം വച്ചുതന്നെയാണ്.

2025 ലെ വിജയദശമി ദിനം ആർഎസ്എസ് രൂപീകരിച്ചതിന്റെ 100–ാം വാർഷികമാണ്. സ്ഥാപിക്കപ്പെട്ട് 100 വർഷം തികയുമ്പോൾ ഇന്ത്യയെ സേ-്വച്ഛാധിപത്യപരമായ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റണമെന്ന ആർഎസ്എസിന്റെ ശപഥം പ്രയോഗത്തിൽ വരുത്താനുള്ള തീവ്രശ്രമത്തിലാണ് സംഘപരിവാർ ശക്തികൾ ഒന്നടങ്കം. ഭരണഘടന ഭേദഗതി ചെയ്ത് സാമൂഹ്യനീതിയും മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാക്കാനുള്ള പദ്ധതി ബിജെപിക്ക് ഒറ്റയ്ക്ക് ലോക്-സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാതായതോടെ പൊളിഞ്ഞെങ്കിലും പിൻവാതിലിലൂടെ എങ്ങനെ ആ മോഹം സാക്ഷാത്-കരിക്കാമെന്ന ശ്രമത്തിലാണ് സംഘപരിവാർ ഏർപ്പെട്ടിരിക്കുന്നത്.

അടിയന്തരാവസ്ഥയിൽ കൊണ്ടുവന്നതെന്ന പിപ്പിടി കാണിച്ച് 42–ാം ഭരണഘടനയനുസരിച്ച് ഭരണഘടനയുടെ ആമുഖത്തിൽ ചേർക്കപ്പെട്ട സോഷ്യലിസം, സെക്കുലറിസം എന്നിവ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാറിന്റെ ആളുകൾ കോടതിയിലെത്തിയതുതന്നെ ഈ നീക്കത്തിന്റെ ഭാഗമായാണ്. രാജ്യത്തെ നഗ്നമായ സേ-്വച്ഛാധിപത്യത്തിലേക്കും വർഗീയ വാഴ്ചയിലേക്കും കോർപ്പറേറ്റ് ആധിപത്യത്തിലേക്കും കൊണ്ടുപോവുകയെന്ന വരേണ്യ വർഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കുക മാത്രം ലക്ഷ്യമായുള്ള ആർഎസ്എസിന്റെ നീക്കത്തിന് സുപ്രീംകോടതിയിൽനിന്ന് തിരിച്ചടിയേറ്റാലും അവർ പിന്നോട്ടുപോകാൻ ഇടയില്ല. മതനിരപേക്ഷ ജനാധിപത്യശക്തികളുടെ ജാഗ്രത കൊണ്ടുമാത്രമേ ഇതിനെ തടയാനാകൂ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 4 =

Most Popular