Friday, October 18, 2024

ad

Homeസംസ്ഥാനങ്ങളിലൂടെമുഹമ്മദ്‌ സുബൈറിനെതിരെ പ്രതികാര നടപടി

മുഹമ്മദ്‌ സുബൈറിനെതിരെ പ്രതികാര നടപടി

കെ ആർ മായ

ൾട്ട്‌ ന്യൂസിന്റെ സഹസ്ഥാപകനും എഡിറ്ററുമായ മുഹമ്മദ്‌ സുബൈറിനെതിരെ ഉത്തർപ്രദേശിലെ ഗാസിയാബാദ്‌ പൊലീസ്‌ എഫ്‌ഐആർ ഫയൽ ചെയ്‌തു. തീവ്രഹിന്ദുത്വ പ്രചാരകനും സഹാറൻപൂരിലെ ദസ്‌നാദേവീ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനുമായ യതി നരസിംഹാനന്ദ സരസ്വതി, മുസ്ലിങ്ങൾക്കെതിരെ വിദ്വേഷപ്രസംഗം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നതാണ്‌ കേസ്‌. മുസ്ലീങ്ങൾ പിശാചുക്കളാണെന്നും ഇന്ത്യയിൽനിന്നും അവരെ ഉന്മൂലനം ചെയ്യണമെന്നും ഇസ്ലാംവിമുക്ത ഇന്ത്യ കെട്ടിപ്പടുക്കാൻ ശ്രമിക്കണമെന്നും ആഹ്വാനം നൽകുന്ന പ്രസംഗങ്ങൾ നടത്തിയിട്ടുള്ള നരസിംഹാനന്ദ ഒക്ടോബർ മൂന്നിന്‌ ഗാസിയാബാദിലെ ഹിന്ദി ഭവനിൽ നടത്തിയ പ്രസംഗത്തിൽ മുസ്ലീങ്ങൾക്കെതിരെ കടുത്ത അധിക്ഷേപമാണ്‌ കെട്ടഴിച്ചുവിട്ടത്‌. പ്രവാചകൻ മുഹമ്മദ്‌ നബിക്കെതിരെ അപകീർത്തികരമായ പ്രസ്‌താവനകളും മതനിന്ദയും നടത്തി. രാവണനു പകരം പ്രവാചകന്റെ കോലം കത്തിക്കാൻ ആഹ്വാനംചെയ്‌തു. ഈ വീഡിയോയാണ്‌ മുഹമ്മദ്‌ സുബൈർ സോഷ്യൽ മീഡിയയിൽ ഇട്ടത്‌.

അതേസമയം നരസിംഹാനന്ദയുടെ ഇസ്ലാംവിരുദ്ധ പരാമർശങ്ങൾക്കും പ്രവാചകനിന്ദയ്‌ക്കുമെതിരെ പ്രാദേശികമായി മുസ്ലീങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നു. നരസിംഹാനന്ദയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ അവർ ദസ്‌നാ ക്ഷേത്രത്തിനു മുന്നിലും സിയാബാദ്‌ ക്ഷേത്രത്തിനു മുന്നിലും പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധത്തിനിടെ കല്ലേറുണ്ടായി. ഇതിനെതിരെ ബിജെപി നേതാവും യതി നരസിംഹാനന്ദ ട്രസ്റ്റിന്റെ ചെയർമാനുമായ ഉദിത ത്യാഗി നൽകിയ പരാതിയിലാണ്‌ സുബൈറിനെതിരെ പൊലീസ്‌ കേസെടുത്തത്‌. സുബൈറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ഗാസിയാബാദ്‌ പൊലീസ്‌ കമീഷണറുടെ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിനു നേതൃത്വം നൽകിയവരിൽ ഒരാളുമാണ്‌ ഉദിത ത്യാഗി എന്ന ബിജെപി വനിതാനേതാവ്‌.

മുസ്ലീങ്ങൾക്കെതിരെ നിരന്തരം വിദ്വേഷപ്രസംഗം നടത്തിവന്ന നരസിംഹാനന്ദയുടെ പ്രവാചകനിന്ദയും പ്രകോപനപരമായ പരാമർശങ്ങളും ചൂണ്ടിക്കാട്ടി രാജ്യത്തുടനീളമുള്ള മുസ്ലീം സംഘടനകൾ അയാളെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെടുകയുണ്ടായി. നരസിംഹാനന്ദയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ദസ്‌ന ക്ഷേത്രത്തിനു മുന്നിൽ മുസ്ലീങ്ങൾ നടത്തിയ പ്രതിഷേധം, മുസ്ലീങ്ങൾ ക്ഷേത്രം ആക്രമിച്ചുവെന്ന തരത്തിലാണ്‌ പിന്നീട്‌ പ്രചരിപ്പിക്കപ്പെട്ടത്‌.

പ്രാദേശികമായി ഹിന്ദുക്കളും മുസ്ലീങ്ങളും ദസറ ഉത്സവത്തിനായി ഒത്തുകൂടിയിരുന്ന ക്ഷേത്രമാണ്‌ ഇന്ന്‌ ആർഎസ്‌എസിന്റെ കോളാമ്പിയായി മാറിയ ഒരു മുരത്ത ഹിന്ദു വർഗീയവാദിയുടെ കാർമികത്വത്തിൽ മുസ്ലിം വിദ്വേഷത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത്‌. ഇപ്പോൾ ക്ഷേത്രത്തിന്‌ പുറത്ത്‌ ‘മുസ്ലീങ്ങൾക്ക്‌ പ്രവേശനം നിഷേധിച്ചിരിക്കുന്നു’’ എന്ന ബാനർ ഉയർത്തിയിരിക്കുന്നു. ഈയിടെ, കൂട്ടംതെറ്റി ക്ഷേത്രത്തിനുള്ളിൽ വന്നുപെട്ട ഒരു മുസ്ലീം ബാലനെ അവിടുള്ളവർ ക്രൂരമായി മർദിച്ചു. ‘‘പരിശീലനം നേടിയ കൊലയാളി’’ എന്നാണ്‌ നരസിംഹാനന്ദ എട്ടുംപൊട്ടും തിരിയാത്ത ആ ബാലനെ വിളിച്ചത്‌. ഇന്ത്യയിലെ 20 കോടി മുസ്ലിം ജനസംഖ്യ 80 കോടി വരുന്ന ഹിന്ദുജനസംഖ്യയെ മറികടക്കുമെന്ന ആർഎസ്‌എസ്‌ പ്രചരണം ഏറ്റെടുത്ത്‌ ‘‘കുറഞ്ഞത്‌ അഞ്ച്‌ കുട്ടികൾക്ക്‌ ജന്മം നൽകണ’’മെന്ന്‌ ഹിന്ദുക്കളോട്‌ ആഹ്വാനംചെയ്യുന്ന പോസ്റ്ററും ക്ഷേത്രപരിസരത്തുണ്ട്‌. ഇതിനെല്ലാം പ്രത്യുപകാരമായി, നരസിംഹാനന്ദ ആർഎസ്‌എസ്‌ ഹിന്ദു സന്യാസിമാരുടെ ഏറ്റവും വലിയ വിഭാഗത്തിന്റെ തലവനാക്കപ്പെട്ടു.

നരസിംഹാനന്ദയ്‌ക്കെതിരെ ഇതിനുമുമ്പ്‌ കൊലപാതകശ്രമം, ആത്മഹത്യാപ്രേരണ, സ്‌ത്രീവിരുദ്ധ പരാമർശം തുടങ്ങി നിരവധി കേസുകളുണ്ടായിട്ടുണ്ട്‌. വിദ്വേഷപ്രസംഗത്തിനെതിരെ മുസ്ലീം സംഘടനകളുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന്‌ മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്‌. എന്നാൽ സുബൈറിനെതിരെ ചുമത്തിയിട്ടുള്ള യുഎപിഎ പോലുള്ള കടുത്ത വകുപ്പുകളൊന്നുമില്ല. യുപി ഭരിക്കുന്ന മുഖ്യമന്ത്രി ആദിത്യനാഥ്‌ നിരന്തരം മുസ്ലീംവിരുദ്ധ പ്രചാരണം നടത്താറുണ്ട്‌. അങ്ങനെയൊരു മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത്‌ നരസിംഹാനന്ദയെപോലുള്ളവർക്ക്‌ ശിക്ഷാഭയം കൂടാതെ അന്യമതവിദ്വേഷ പ്രചാരണം യഥേഷ്‌ടം നടത്താം. അതേസമയം വിയോജിക്കുന്നവരെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി ജയിലിലടയ്‌ക്കും. ഇത്തരത്തിൽ മോദി വാഴ്‌ചയിൽ രാജ്യത്തെ അറിയപ്പെടുന്ന ബുദ്ധിജീവികളും മനുഷ്യാവകാശപ്രവർത്തകരും ജയിലിലടയ്‌ക്കപ്പെട്ടു. മുഹമ്മദ്‌ സുബൈറിനെയും അത്തരത്തിൽ വേട്ടയാടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഇപ്പോൾ അദ്ദേഹത്തിനെതിരായി യുപി സർക്കാർ എടുക്കുന്ന പ്രതികാര നടപടികൾ. ഇതിനെതിരായി ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × one =

Most Popular