Friday, October 18, 2024

ad

Homeസംസ്ഥാനങ്ങളിലൂടെകൊൽക്കത്തയിലെ ട്രാമുകൾ യാത്ര അവസാനിപ്പിക്കുന്നു

കൊൽക്കത്തയിലെ ട്രാമുകൾ യാത്ര അവസാനിപ്പിക്കുന്നു

കെ ആർ മായ

രുകാലത്ത്‌ കൊൽക്കത്തയുടെ സാംസ്‌കാരിക ഗരിമയുടെ പ്രതീകമായിരുന്ന ട്രാമുകൾ വിസ്‌മൃതിയിൽ മറയുകയാണ്‌; അവസാനയാത്രയുടെ ചക്രവാളത്തിലേക്ക്‌ അവ കിതച്ചോടുകയാണ്‌. ഏഷ്യയിലെ ഏക ഇലക്‌ട്രിക്‌ ട്രാംവേ, കൊൽക്കത്തയ്‌ക്കു മാത്രം സ്വന്തമായ ട്രാം സർവീസുകൾ നിർത്തലാക്കാൻ മമത സർക്കാർ തിരുമാനിച്ചിരിക്കുകയാണ്‌. നഗരത്തിന്റെ സാംസ്‌കാരിക ഭൂമികയുടെ അവിഭാജ്യഭാഗമായ ട്രാമുകളെക്കുറിച്ചുള്ള ഗൃഹാതുരത്വമുണർത്തുന്ന ഓർമകളും നഗരജീവിതത്തിന്റെ ആകുലതകളും വ്യാകുലതകളും നിറഭേദങ്ങളോടെ സാഹിത്യത്തിലും സിനിമയിലും രാഷ്‌ട്രീയത്തിലും ഇടകലർന്നു കിടക്കുകയാണ്‌. ട്രാമുകൾ ഇല്ലാതാകുന്നതോടെ അത്‌ ചരിത്രമാകും.

1873ലാണ്‌ കൊൽക്കത്തയിൽ ട്രാംവേ ആരംഭിച്ചത്‌. കുതിരകൾ ഓടിക്കുന്ന ട്രാം വണ്ടികളായിരുന്നു ആദ്യകാലത്ത്‌. ബ്രിട്ടീഷ്‌ ഉടമസ്ഥതയിലായിരുന്നു ഇതാരംഭിച്ചത്‌. ബ്രിട്ടീഷുകാർ സ്ഥാപിച്ച കൽക്കട്ട ട്രാംവേയ്‌സ്‌ കമ്പനിയിൽനിന്നും അവർ പിന്മാറിയപ്പോൾ കമ്പനി പിരിച്ചുവിട്ട്‌ പശ്ചിമബംഗാൾ ട്രാൻസ്‌പോർട്ട്‌ കോർപറേഷൻ (WBTC) അതേറ്റെടുത്തു. പിന്നെ ട്രാമിന്‌ വിശ്രമമില്ലായിരുന്നു. 1902ൽ ഇലക്‌ട്രിക്‌ ട്രാമുകളുള്ള ആദ്യത്തെ ഏഷ്യൻ നഗരമായി കൊൽക്കത്ത മാറി. കൊൽക്കത്തയെ സംബന്ധിച്ച്‌ ട്രാമുകൾ ഒരു ഗതാഗത സംവിധാനം മാത്രമായിരുന്നില്ല, ട്രാം ലൈനുകൾ നഗരത്തെ പരസ്‌പരം ബന്ധിപ്പിക്കുക കൂടി ചെയ്‌തിരുന്നു.

1947ലെ വിഭജനകാലത്ത്‌ രക്തച്ചൊരിച്ചിലിനിടയാക്കിയ വർഗീയകലാപം കൊൽക്കത്തയിലാകെ ആളിക്കത്തുമ്പോൾ സാധാരണനില പുനഃസ്ഥാപിക്കുന്നതിനായി ട്രാം തൊഴിലാളികൾ യാത്രക്കാരൊഴിഞ്ഞ ട്രാമുകളിൽ നഗരത്തിൽ പട്രോളിങ്‌ നടത്തി. ഹിന്ദുവെന്നോ മുസ്ലീമെന്നോ ഉള്ള ഭേദമില്ലാതെ ഒരു കുടുംബംപോലെ തൊഴിലാളികൾ പ്രവർത്തിച്ചു. അന്ന്‌ കലാപം തടയാൻ മുന്നിൽനിന്നു പ്രവർത്തിച്ചത്‌ ഇടതുപക്ഷക്കാരനായ, പിന്നീട്‌ സിപിഐ എം പ്രവർത്തകനായി മാറിയ രാജ്‌ദിയോ ഗൊലെ ആയിരുന്നു. പിന്നീട്‌ ഇടതുമുന്നണി ഗവൺമെന്റ് അദ്ദേഹത്തെ കോർപറേഷൻ ചെയർമാനായി നിയമിച്ചു.

1978നും 1987നും ഇടയ്‌ക്കായിരുന്നു ട്രാംവേയുടെ സുവർണകാലം. 1977ൽ ഇടതുമുന്നണി അധികാരമേറ്റപ്പോൾ ട്രാംവേയ്‌ക്കായി 43 കോടി രൂപയുടെ നിക്ഷേപം നടത്തി. ഓട്ടോമൊബൈലിന്റെ കുതിച്ചുചാട്ടമുണ്ടായപ്പോഴും സാധാരണക്കാരുടെ ആശ്രയം ട്രാമുകൾ തന്നെയായിരുന്നു. ബ്രിട്ടീഷുകാർ കൽക്കട്ട ട്രാംവേ കന്പനിയിൽനിന്ന്‌ പിന്മാറുമ്പോൾ 13,500 തൊഴിലാളികളും 1977ൽ ഇടതുമുന്നണി അധികാരമേൽക്കുമ്പോൾ 7,500 തൊഴിലാളികളുമാണുണ്ടായിരുന്നത്‌. 1990കളിൽ ട്രാംലൈൻ 74 കിലോമീറ്ററായി ദീർഘിപ്പിച്ചു. 1992ൽ ആയിരത്തിലേറെ പുതിയ നിയമനങ്ങളുമുണ്ടായി. 2009ൽ ട്രാമുകൾ കൂടുതൽ പരിഷ്‌കരിക്കപ്പെട്ടു.

2011ൽ പശ്ചിമബംഗാളിലെ ഭരണമാറ്റം കൊൽക്കത്ത ട്രാംവേയ്‌സിനെ പ്രതിസന്ധിയിലേക്കു നയിച്ചു. തൃണമൂൽ സർക്കാർ ഒറ്റരാത്രികൊണ്ട്‌ ധർമതോല‐ജോക്ക റൂട്ട്‌ നിർത്തലാക്കി. സ്ഥിരം തൊഴിലാളികളായി നിയമനം ലഭിച്ച 278 തൊഴിലാളികളുടെ വേതനം നിർത്തലാക്കി. രണ്ട്‌ തൊഴിലാളികൾ അതുമൂലം ആത്മഹത്യ ചെയ്‌തു. 2011ൽ 7,300 സ്ഥിരം തൊഴിലാളികളും 272 താൽക്കാലിക തൊഴിലാളികളും ഉണ്ടായിരുന്നത്‌ ക്രമേണ 750 ആയി കുറഞ്ഞു. 2011ൽ 62 കിലോമീറ്റർ സർവീസുണ്ടായിരുന്നത്‌ 17 കിലോമീറ്ററായി ചുരുങ്ങി. മുന്പ്‌ ഒരുലക്ഷത്തിലേറെ യാത്രക്കാരുണ്ടായിരുന്നത്‌ 8,000‐9,000 ആയി മാറി.

ലോകത്തെ ഏറ്റവും പഴക്കം ചെന്ന ട്രാം സർവീസ്‌ കൊൽക്കത്തയിലും മെൽബണിലു (1885)മാണ്‌. 400ലധികം രാജ്യങ്ങളിൽ ഇന്ന്‌ ട്രാം സംവിധാനമുണ്ട്‌. ഇവ പൊളിച്ചുമാറ്റിയ നഗരങ്ങൾ പലതും തിരിച്ചു കൊണ്ടുവരികയാണ്‌. ഗതാഗതം ഡീകാർബണൈസ്‌ ചെയ്യുന്നത്‌ ലക്ഷ്യമിട്ട്‌ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ ട്രാം സർവീസുകളെപ്പറ്റി പര്യാലോചിക്കുന്നു. അവിടത്തെ പല നഗരങ്ങളിലെയും ലൈറ്റ്‌ റെയിൽ ട്രാമുകളുടെ പുതിയ പതിപ്പാണ്‌.

യാഥാർഥ്യമിതായിരിക്കെയാണ്‌ പശ്ചിമബംഗാളിലെ മമത സർക്കാർ ട്രാം സർവീസുകൾ നിർത്തലാക്കുന്നതായി പ്രഖ്യാപിക്കുന്നത്‌. കഴിഞ്ഞവർഷം, ട്രാംവേ ആരംഭിച്ചതിന്റെ 150‐ാം വാർഷികം ആഘോഷപൂർവം മമത സർക്കാർ കൊണ്ടാടുകയുണ്ടായി. എന്നാൽ അത്‌ ട്രാംവേ എന്ന, കൊൽക്കത്തയുടെ സാംസ്‌കാരികസ്വത്വത്തെ, സാധാരണക്കാരന്റെ യാത്രാമാർഗത്തെ കെടുത്തിക്കളയും മുന്പുള്ള മരണമണിയായിരുന്നു. എന്തായാലും ട്രാമുകൾ നിലച്ചാലും ബംഗാളിന്റെ ചരിത്രത്തിൽ അതൊരു മായാത്ത മുദ്രതന്നെയായിരിക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × one =

Most Popular