Friday, October 18, 2024

ad

Homeമുഖപ്രസംഗംകാശ്മീർ, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് നൽകുന്ന പാഠങ്ങൾ

കാശ്മീർ, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് നൽകുന്ന പാഠങ്ങൾ

പൊതുവിൽ ഇന്ത്യൻ ജനത ബിജെപിക്കെതിരാണെന്ന് വ്യക്തമാക്കുന്നതാണ് രണ്ട് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ ജനവിധി. എന്നാൽ ഈ ജനവിധി മറ്റൊരു പാഠംകൂടി നമുക്കു മുന്നിൽവയ്ക്കുന്നു. ബിജെപിക്കെതിരായ ജനവികാരത്തെ ഏകോപിപ്പിച്ച് ആ പാർട്ടിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ വേണ്ട കാഴ്ചപ്പാടോ ദീർഘവീക്ഷണമോ ശേഷിയോ ഉള്ള പാർട്ടിയല്ല ദേശീയതലത്തിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് എന്നതാണ് ആ രണ്ടാമത്തെ പാഠം.

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്ന രണ്ട് സംസ്ഥാനങ്ങളിലും – ജമ്മു കാശ്മീരിലും ഹരിയാനയിലും – ജനങ്ങളിൽ ഭൂരിപക്ഷവും ബിജെപിക്കെതിരാണെന്നാണ് ജനവിധി വ്യക്തമാക്കുന്നത്. ജമ്മു കാശ്മീരിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ, കഴിഞ്ഞ 8 വർഷത്തോളം നീണ്ടുനിന്ന കടുത്ത അടിച്ചമർത്തലുകൾ ഉണ്ടായിരുന്നിട്ടും പ്രതിപക്ഷത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരംപോലും നിഷേധിക്കപ്പെട്ടിരുന്നിട്ടും ജനങ്ങളാകെ ഭീതിയുടെ നിഴലിലായിരുന്നിട്ടും മാധ്യമ സ്വാതന്ത്ര്യം തന്നെ തടയപ്പെട്ടിട്ടും ബിജെപിക്കെതിരെ വിധിയെഴുതാൻ ജനങ്ങൾ മുന്നോട്ടുവന്നു. തങ്ങൾക്ക് ഭൂരിപക്ഷം കിട്ടാൻ അവസരമുണ്ടാകുംവിധം നിയോജകമണ്ഡല പുനർവിഭജനം നടത്തിയിട്ടാണ് കേന്ദ്ര ബിജെപി ഗവൺമെന്റ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയത്. കൃത്യമായ ജനസംഖ്യാനുപാതികമായിട്ടല്ല മണ്ഡല വിഭജനം നടന്നത്. കാശ്മീർ താഴ്വരയിൽ ഒരു സീറ്റുമാത്രം വർധിപ്പിച്ചപ്പോൾ ജമ്മുവിൽ 6 സീറ്റ് വർധിപ്പിച്ചു. യൂണിയൻ ഭരണ പ്രദേശമായി മാറ്റപ്പെട്ട ജമ്മു കാശ്മീരിന്റെ ഭരണസംവിധാനമാകെ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും കെെപ്പിടിയിലായിരുന്നു. എന്നിട്ടും ബിജെപിയെ അധികാരത്തിൽനിന്നും അകറ്റിനിർത്താൻ കാശ്മീർ ജനതയ്ക്ക് കഴിഞ്ഞു.

എന്നാൽ അപകടകരമായ ഒരു പ്രവണത കാണാനാവുന്നത്, ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിൽ ഭൂരിപക്ഷം സീറ്റുകളും (ബിജെപിക്കു ലഭിച്ച 29 സീറ്റും ജമ്മുവിൽനിന്നാണ്) വോട്ടു വിഹിതവും ബിജെപിക്കാണ് ലഭിച്ചത് എന്നതാണ്. അപ്പോഴും ജമ്മുവിൽപോലും 48 ശതമാനം ജനങ്ങൾ മാത്രമേ ബിജെപിക്ക് വോട്ട് ചെയ്തുള്ളൂവെന്നും കാണണം.

ജമ്മു കാശ്മീരിനെ വെട്ടിമുറിക്കുകയും സംസ്ഥാന പദവി റദ്ദു ചെയ്യുകയും ഭരണഘടനാപരമായി ആ സംസ്ഥാനത്തിനുണ്ടായിരുന്ന പ്രത്യേകാവകാശങ്ങൾ എടുത്തുകളയുകയും ജമ്മു കാശ്മീരിനെ, പ്രത്യേകിച്ചും കാശ്മീർ താഴ്വരയെ തടവറയ്ക്ക് സമാനമാക്കി മാറ്റുകയും ചെയ്തതിലുള്ള ജനരോഷമാണ് 2024 ലെ ജമ്മു കാശ്മീർ ജനവിധി പ്രതിഫലിപ്പിക്കുന്നത്.

ഇപ്പോഴും തിരഞ്ഞെടുപ്പ് നടത്താൻ ബിജെപിക്കും കേന്ദ്ര സർക്കാരിനും തെല്ലും മനസ്സുണ്ടായിരുന്നില്ല. സുപ്രീംകോടതിയിൽനിന്നുള്ള കർക്കശമായ ഇടപെടലും രാജ്യത്തെ പ്രതിപക്ഷകക്ഷികളിൽനിന്നുള്ള നിരന്തരമായ സമ്മർദ്ദവുംമൂലമാണ് ഇപ്പോഴെങ്കിലും തിരഞ്ഞെടുപ്പ് നടന്നത്.

തീവ്രവർഗീയത ഇളക്കിവിട്ടാണ് ജമ്മു കാശ്മീരിൽ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. വർഗീയമായി ജനങ്ങളെ ചേരിതിരിക്കാൻ ഒരു മടിയുമില്ലാത്ത ബിജെപി സംസ്ഥാനത്ത് നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കെെകോർത്താണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജമാഅത്തെ ഇസ്ലാമിയുടെ നിരവധി നേതാക്കൾ സ്വതന്ത്രരായി ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. അവർക്കെല്ലാം സർക്കാരിന്റെ സർവവിധ ഒത്താശകളും ലഭിച്ചിരുന്നു.

മതവർഗീയതയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന, ഇരുധ്രുവങ്ങളിലാണ് തങ്ങളെന്ന് പുകമറ സൃഷ്ടിക്കുന്ന ആർഎസ്എസ്/ ബിജെപിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും തനിനിറം, വ്യക്തമായും തുറന്നുകാണിക്കുന്നതായിരുന്നു സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി മത്സരിച്ച കുൽഗാം മണ്ഡലം. അവിടെ ബിജെപി, സ്ഥാനാർഥിയെ നിർത്താതെ ജമാഅത്തെ സ്ഥാനാർഥിക്ക് പിന്തുണ നൽകുകയായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ആർഎസ്എസ് വിരോധവും ആർഎസ്എസിന്റെ ജമാഅത്തെ വിരോധവും വെറും കാപട്യമാണെന്ന് ജമ്മു കാശ്മീർ തിരഞ്ഞെടുപ്പ് രംഗം, പ്രത്യേകിച്ചും കുൽഗാം, നിരീക്ഷിക്കുന്ന ആർക്കും വ്യക്തമാകും. ഇരുകൂട്ടരും ഒരേ തൂവൽ പക്ഷികളായി അണിനിരക്കുന്നതാണ് കണ്ടത്. മതനിരപേക്ഷതയോടും ജനാധിപത്യത്തോടും തരിമ്പും കൂറില്ലാത്ത ഇവർക്ക് പരസ്പരം കെെകോർക്കാൻ ഒരു പ്രയാസവുമില്ലെന്ന് തെളിയിക്കുകയാണ് കാശ്മീർ.

ജമ്മു – കാശ്മീരിലെ ജനവിധി അവസരവാദ രാഷ്ട്രീയവും അധികാരക്കൊതിയുംമാത്രം കെെമുതലായവർക്കും തിരിച്ചടിയായി. 2014ലെ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ മതനിരപേക്ഷ കൂട്ടായ്മയുടെ മന്ത്രിസഭയുണ്ടാക്കാനുള്ള സാഹചര്യമുണ്ടായിരുന്നിട്ടും ബിജെപിയുമായി ചേർന്ന് മുഖ്യമന്ത്രിക്കസേരയിലിരിക്കാനാണ് പിഡിപി നേതാവ് മെഹബൂബ മുഫ്തി താൽപര്യം കാട്ടിയത്. ആവശ്യം വന്നപ്പോൾ പാലം വലിച്ച് സർക്കാരിനെ താഴെയിറക്കുക മാത്രമല്ല, ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി റദ്ദു ചെയ്യാൻ ബിജെപിക്ക് അവസരമുണ്ടാക്കാനായി നിയമസഭ പിരിച്ചുവിടാൻ സൗകര്യമൊരുക്കിയതും പിഡിപിയുടെ അവസരവാദ നിലപാടാണ്. ജമ്മു കാശ്മീരിൽ ഇന്ത്യാ സഖ്യത്തിന് നേതൃത്വം നൽകിയത് നാഷണൽ കോൺഫറൻസാണ‍്. ബിജെപി വിരുദ്ധ ശക്തികളുടെ കൂട്ടായ്മ ഉറപ്പാക്കാൻവേണ്ട നിലപാടും അതിനനുസരിച്ചുള്ള കാംപെയ്നും ആ പാർട്ടി നടത്തിയതുമൂലമാണ് നല്ല വിജയം നേടാൻ സഖ്യത്തിന് കഴിഞ്ഞത്. അതിൽതന്നെ കോൺഗ്രസ് 39 സീറ്റ് വില പേശി വാങ്ങിയെങ്കിലും ജയിച്ചത് ആറ് മണ്ഡലങ്ങളിൽ മാത്രം. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും കോർപ്പറേറ്റ് അനുകൂല നിലപാടുകളെയും പ്രചാരണരംഗത്ത് ശക്തമായി എതിർക്കാത്ത കോൺഗ്രസ് നിലപാട് ബിജെപിക്ക് കൂടുതൽ സീറ്റു നേടാൻ അവസരമൊരുക്കി.

ഹരിയാനയിൽ യഥാർഥത്തിൽ ബിജെപിക്ക്, അവർ പോലും പ്രതീക്ഷിക്കാത്ത ജയം നേടിക്കൊടുത്തത് കോൺഗ്രസിന്റെ സമീപനമാണ്. തങ്ങൾക്ക് ഒറ്റയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകുമെന്ന് സ്വയം ധരിച്ചുവശായ (അതോ കനഗോലു ധരിപ്പിച്ചതോ!) കോൺഗ്രസ് സഖ്യകക്ഷികൾക്കുനേരെ പുറംതിരിഞ്ഞ് നിൽക്കുകയാണുണ്ടായത്. ലോക്-സഭാ തിരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യത്തിൽ മത്സരിച്ചപ്പോൾ നേട്ടമുണ്ടാക്കാൻ കഴിഞ്ഞ കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ അതിനു തയ്യാറായില്ല. ഫലമോ? ബിജെപിക്ക് അപ്രതീക്ഷിത വിജയവും. ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ടു വ്യത്യാസമാകട്ടെ വെറും 0.85 ശതമാനം മാത്രമാണ്. അതേസമയം എഎപിക്ക് 2 ശതമാനത്തിലധികം വോട്ടു ലഭിക്കുകയും ചെയ്തു. ഇതിൽനിന്ന് വ്യക്തമാകുന്നത് ഒറ്റയ്ക്ക് ഭരണം പിടിക്കാമെന്ന കോൺഗ്രസിന്റെ അതിമോഹവും അഹങ്കാരവും മാത്രമാണ് ബിജെപിക്ക് നിനച്ചിരിക്കാതെ ഹാട്രിക് നേടിക്കൊടുത്തത് എന്നാണ്.

സഖ്യകക്ഷികളെ മാത്രമല്ല, സ്വയം പാർട്ടിയിലെ തന്നെ എല്ലാ വിഭാഗങ്ങളെയും ചേർത്തുനിർത്താനുള്ള വിശാലവീക്ഷണംപോലും കോൺഗ്രസ് നേതൃത്വം കാണിച്ചില്ല. മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിങ് ഹൂഡയുടെ താൽപര്യത്തിനു വഴങ്ങിയ ദേശീയ നേതൃത്വം അദ്ദേഹത്തിന്റെ പിന്തുണയിൽ ജാട്ട് വോട്ടും നേടി വിജയിക്കാമെന്ന മിഥ്യാധാരണയിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, ഗോവധ വിരുദ്ധ ക്രിമിനൽ സംഘങ്ങളുടെ അഴിഞ്ഞാട്ടം തുടങ്ങിയ വിഷയങ്ങളൊന്നും കാംപെയ്നിൽ ഉയർത്തിയില്ല. ഗുസ്തി താരങ്ങളുടെ കേന്ദ്രമായ ഹരിയാനയിൽ ബിജെപിയുടെ സ്ത്രീവിരുദ്ധ നിലപാടുകളോ ഗുസ്തിതാരങ്ങളുടെ സമരമോ പോലും ഫലപ്രദമായി കാംപെയ്ൻ ചെയ്യാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഭരണവിരുദ്ധ വികാരം ഉപയോഗിച്ച് അനായാസ വിജയം ഉറപ്പാക്കാമെന്ന ധാരണയിൽ കോൺഗ്രസിലെ തന്നെ ഹൂഡയോട് ഇടഞ്ഞുനിൽക്കുന്ന കുമാരി ഷെൽജയുടെ വിഭാഗത്തെ ഗൗരവത്തോടെ പരിഗണിക്കാനും നേതൃത്വം തയ്യാറായില്ല. ആ വിഭാഗത്തെ പത്ത് സീറ്റിൽ ഒതുക്കിയപ്പോൾ ഹൂഡ പക്ഷത്തിന് 70 സീറ്റ് നൽകി. അതിൽ ഏറെപ്പേരും ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

കർഷകസമരത്തിന്റെ ഭൂമിയായ ഹരിയാനയിൽ ബിജെപിക്ക് വിജയിക്കാൻ അവസരമൊരുക്കിയത് കോൺഗ്രസിന്റെ പിടിപ്പുകേടും ദീർഘവീക്ഷണമില്ലായ്മയും അഹന്തയുമാണെന്നത് വസ്തുതയാണ്. അതിന് ഇവിഎമ്മിനെ പഴിച്ചിട്ട് കാര്യമില്ല. എങ്കിലും ബിജെപി എന്തിനും മടിക്കാത്ത കൂട്ടരായതുകൊണ്ട് അതും പരിശോധിക്കപ്പെടേണ്ടതുണ്ട്. മാത്രമല്ല, ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പുകൾ സുതാര്യവും സംശയാതീതവുമായിരിക്കേണ്ടതുമാണ്. അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അതുസംബന്ധിച്ച പരിശോധനയും നിശ്ചയമായും നടത്തണം. അപ്പോഴും ബിജെപി വിരുദ്ധചേരിക്ക് നേതൃത്വം നൽകാനുള്ള കോൺഗ്രസിന്റെ ശേഷിയില്ലായ്മയും ദീർഘവീക്ഷണമില്ലായ്മയും കാണാതെ പോകാനാവില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × one =

Most Popular