Sunday, November 24, 2024

ad

Homeചിത്രകലകലയും സംസ്‌കാരവും ചില ചിന്തകൾ

കലയും സംസ്‌കാരവും ചില ചിന്തകൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

സാമൂഹ്യജീവിതത്തിനുവേണ്ടിയുള്ള ഒരുമിക്കലും ഒത്തുതീർപ്പുകളുമാണ്‌ സംസ്‌കാരത്തെ നിയന്ത്രിക്കുന്നതും വളർച്ചയിലേക്ക്‌ നയിക്കുന്നതും. സാമൂഹ്യനിയമങ്ങൾ കാലത്തിനു വഴങ്ങിയ നിയന്ത്രണങ്ങൾ ഇവ പാലിച്ചുകൊണ്ടുതന്നെ സാംസ്‌കാരികവഴികൾ കൂടുതൽ സർഗാത്മകമാകുന്നു. കലയുടെയും സാഹിത്യത്തിന്റെയും പ്രകടനപരമായ ആവിഷ്‌കാരങ്ങളിലൂടെയും യഥാതഥമായ കാഴ്‌ച (രൂപനിർമിതികൾ)കളിലൂടെയുമാണ്‌ സംസ്‌കാരം വേരൂന്നതും വളർന്ന്‌ പന്തലിക്കുകയും ചെയ്‌തിട്ടുള്ളത്‌. മനുഷ്യജീവിതത്തിലും മാനവസംസ്‌കാരത്തിലും ഇടപെടുന്ന സർഗാത്മക വഴികൾ നിരവധിയാണെന്നതും ശ്രദ്ധേയം. മനുഷ്യസ്‌നേഹവും വാത്സല്യവും കരുണയും ഭയവും അതിലുമുപരിയായി മാനവികതാബോധവും കൂടി ഉൾച്ചേർന്നുകൊണ്ടാണ്‌ സാംസ്‌കാരിക ജീവിതം സമ്പന്നമാകുന്നത്‌. മനുഷ്യമനസുകളെ സന്തോഷിപ്പിക്കുകയും ദുഃഖിപ്പിക്കുകയും അമ്പരിപ്പിക്കുകയും അതിലുപരി മേൽപറഞ്ഞ വികാരങ്ങളൊക്കെ സമൂഹത്തിലേക്ക്‌ ചൊരിയാനും പ്രേരിപ്പിക്കുന്ന കലാവിഷ്‌കാരങ്ങൾ ധാരാളമായി ഉണ്ടായിട്ടുണ്ട്‌. സമൂഹത്തിൽ അതിന്റെ പ്രതിഫലനങ്ങൾ എത്രത്തോളമുണ്ടാകുന്നു എന്നത്‌ അന്നും ഇന്നും ചർച്ചചെയ്യപ്പെടുന്നു. സാമാന്യജനങ്ങളിലേക്ക്‌ കലകളുടെ സ്വാധീനം വേണ്ടത്ര ചെലുത്തുന്നുണ്ടോ എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു.

പല കാലഘട്ടങ്ങൾ, സാംസ്‌കാരിക ഭൂമികകൾ, പുരാവൃത്തങ്ങൾ, പലതരം ഭാഷകൾ, ശീലങ്ങൾ ഇവയൊക്കെച്ചേർന്ന നിത്യജീവിതവുമായി ബന്ധപ്പെട്ടുകൊണ്ട്‌ നിർമിക്കപ്പെടുന്ന കല സാംസ്‌കാരികമായ നവീകരണത്തിന്‌ വഴിയൊരുക്കിയിട്ടുണ്ട്‌. വർഷങ്ങളുടെ പിൻബലത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന കല ആസ്വദിക്കുകയും നവീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചരിത്രഭാഗമാക്കപ്പെടുകയും ചെയ്‌തുകൊണ്ടാണ്‌ ഇന്നത്തെ സാംസ്‌കാരികമുഖമായി സർഗാത്മകകല വികാസം പ്രാപിക്കുന്നത്‌. പുതിയ കാലത്ത്‌ കലയും സംസ്‌കാരവും കൂടുതൽ നവീകരിക്കപ്പെടുകയും വികാസപരിണാമങ്ങൾ സംഭവിക്കുകയും ചെയ്യുന്ന കാഴ്‌ചയും ആശാവഹമാകുന്നു.

നിലമുഴുന്നതിന്‌ കവിത എഴുതുന്നതിനേക്കാൾ, കലാസൃഷ്ടി നടത്തുന്നതിനേക്കാൾ മഹത്വമുണ്ടെന്ന്‌ ഒരു ജനത എപ്പോൾ തിരിച്ചറിയുന്നുവോ അന്നേ ആ സമൂഹം സാംസ്‌കാരികമായി പുരോഗതി പ്രാപിക്കൂ‐ എന്ന കലാകാരന്റെ വാക്കുകളിൽ തന്നെ കലയും സംസ്‌കാരവും തമ്മിലുള്ള സൗഹൃദം തെളിഞ്ഞുകാണാം.

കലയുടെ ലക്ഷ്യവും ഭാവനയും പൂർണതയോടെ ആവിഷ്‌കരിക്കുമ്പോൾ അതിനോട്‌ സംവദിക്കുവാനും പ്രതികരിക്കുവാനുമുള്ള മാനസിക സന്നദ്ധത ഒരുക്കൽ ആസ്വാദകരിൽനിന്നും ഉണ്ടാകേണ്ടതുണ്ട്‌. എല്ലാ മനുഷ്യരിലും ഒരു കലാകാരനുണ്ട്‌. എല്ലാ മനുഷ്യരും കലാസൃഷ്ടാക്കളുമാണ്‌. നാം ചെയ്യുന്ന പ്രവൃത്തികളിലൊക്കെ കല ഇഴചേർന്നു നിൽക്കുന്നുണ്ട്‌. അത്‌ തിരിച്ചറിയുകയും അതു വേർതിരിച്ച്‌ കണ്ടെത്തുകയും ചെയ്യുമ്പോഴാണ്‌ കല പിറവികൊള്ളുന്നത്‌. ഫോൺ ചെയ്യുന്ന ഒരാൾ കയ്യിൽ കടലാസും പേനയുമുണ്ടെങ്കിൽ വെറുതേ കുത്തിവരയ്‌ക്കുന്നുണ്ടാവും‐ ആ കുത്തിവരയ്‌ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന രൂപത്തെ തിരിച്ചറിയുമ്പോഴാണ്‌ കലയും കലാകാരനും പിറവിയെടുക്കുക.

കല പകർന്നു നൽകുന്ന അനുഭൂതിമണ്ഡലത്തെ കലാചിന്തകനായ ഇമ്മാനുവൽ കാന്റ്‌ വിശദീകരിക്കുന്നതിങ്ങനെ. കലയുടെ സൗന്ദര്യാനുഭവത്തെ വിശദീകരിക്കാൻ കലാസൃഷ്ടികൾക്ക്‌ കഴിയുന്നു. കലയെയും കലാകാരനെയും ആസ്വാദകനെയും സംസ്‌കാരത്തെയും നിർവചിക്കുന്ന സൗന്ദര്യശാസ്‌ത്രം കലാവിഷ്‌കാരങ്ങളിൽ ഉണ്ടാവണമെന്നതാണ്‌ കാന്റിന്റെ സങ്കൽപം. എല്ലാ പൂക്കളും സുന്ദരമാണെന്ന്‌ നാം ധരിക്കുന്നു. പക്ഷേ അങ്ങനെയല്ല സംഭവിക്കുക‐ കാഴ്‌ചപ്പാടിൽ വ്യതിയാനമുണ്ടാവാം. പൂവിന്റെ സൗന്ദര്യം അതു സ്വീകരിക്കുന്നയാളിന്റെയും നൽകുന്നയാളിന്റെയും മാനസികനിലയ്‌ക്ക്‌ അനുസരിച്ച്‌ മാറ്റങ്ങളുണ്ടാകുന്നു. മരണത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി ചിലപ്പോൾ പൂക്കൾ മാറുന്നതുപോലെ സുഗന്ധത്തിന്റെയും ദുർഗന്ധത്തിന്റെയും സൂചകങ്ങളുമാവുന്നു. ഈയൊരനുഭവമാണ്‌ യഥാതഥമായ കലയിലുൾപ്പെടെ ഉണ്ടാവുന്നത്‌. അങ്ങനെ ചിന്തയുടെ പരിശുദ്ധിയിൽ കല സ്‌ഫുടം ചെയ്‌തെടുക്കുകയും, ആസ്വാദകരിലേക്ക്‌ സന്നിവേശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അത്‌ ഒരനുഭൂതിയും അനുഭവവുമായിട്ടാണ്‌ ആസ്വാദകരിലേക്കെത്തുക.

കല കലയ്‌ക്കുവേണ്ടി എന്ന പഠനത്തിൽ കുറ്റിപ്പുഴ കൃഷ്‌ണപിള്ളയുടെ വാക്കുകൾ ഇവിടെ ചേർത്തുവായിക്കാവുന്നതാണ്‌. കലയിൽ പ്രചരണാംശമുണ്ട്‌. അത്‌ വ്യംഗ്യഭംഗ്യാ നിർവഹിക്കപ്പെടുന്നതാകണം. അപ്പോൾ മാത്രമേ കലാഭംഗി നശിക്കാതിരിക്കൂ. അതു നശിക്കാതിരിക്കാൻ വേണ്ടിയാണ്‌ ‘കല കലയ്‌ക്കുവേണ്ടി’ എന്നു പഴയക്കാർ പറഞ്ഞുവച്ചത്‌. കലയുടെ പൊരുൾ എത്രത്തോളം നിഗൂഢമായിരിക്കുന്നുവോ അത്രത്തോളം അത്‌ കലയ്‌ക്കു നല്ലതാണ്‌. (The more the views of the author remain hidden, the better for art) എന്ന്‌ മാക്‌സിം ഗോർക്കി പറഞ്ഞതും അദ്ദേഹം ഒരു യഥാർഥ കലാകാരനായതുകൊണ്ടാണ്‌. കലയിൽ കലാത്വം, കലാഭംഗി ഉണ്ടോ എന്നാണ്‌ അദ്ദേഹം പ്രധാനമായി നോക്കിയത്‌.

ഇതിനോടൊപ്പം ചേർത്തുവയ്‌ക്കാവുന്ന പ്രസ്‌താവനയാണ്‌ മാർക്‌സിസ്റ്റ്‌ സൗന്ദര്യശാസ്‌ത്ര ചിന്തകനായ റോഷേർ ഗരോദി ‘മാർക്‌സിസവുംകലയും’ എന്ന പ്രബന്ധത്തിൽ പറയുന്നത്‌. ‘കലാസൃഷ്ടിയെ അതിന്റെ പ്രത്യയശാസ്‌ത്രപരമായ ഘടകങ്ങൾ മാത്രമായി വെട്ടിച്ചുരുക്കുന്നത്‌ കലയുടെ സവിശേഷ സ്വഭാവത്തെ വിസ്‌മരിക്കലാണ്‌. കലാസൃഷ്ടിയുടെ ആപേക്ഷികവും സ്വതന്ത്രവുമായ നിലനിൽപിനെ അതു കുറച്ചുകാണിക്കുന്നു. കല വളരുന്നത്‌ സമൂഹത്തിന്റെ വളർച്ചയ്‌ക്ക്‌ കൂടിയാണെന്ന വസ്‌തുത ഇവിടെ വിസ്‌മരിക്കപ്പെടുന്നു. കല നാനാത്വത്തെ ആവിഷ്‌കരിക്കുന്നതോടൊപ്പം മാനവികാബോധത്തെ വിപുലപ്പെടുത്താനുതകുന്നു‐ ഒപ്പം മനുഷ്യന്റെ വിജ്ഞാനമണ്ഡലത്തെ, തനതു വർണഭംഗികളോടെ ദർശിക്കാനും അതിലൂടെ പുതിയ കാലത്തെ അടയാളപ്പെടുത്താനുമുള്ള ഉൾക്കരുത്ത്‌ പ്രദാനം ചെയ്യാനും കഴിയുന്നു. കലയുടെ പൂർണതയ്‌ക്ക്‌ കലാകാരന്റെ ക്രിയാത്മക നിലപാടുകളോടെ മാത്രമേ യഥാർഥ കലയ്‌ക്ക്‌ കാലത്തെ പ്രതിനിധീകരിക്കാനാവൂ.

സംസ്‌കാരം എന്ന അവസ്ഥ പാരന്പര്യവും പൈതൃകവും ശാസ്‌ത്രവും ചേർന്ന ആവിഷ്‌കാരമാകുമ്പോൾ കലയുടെ പങ്ക്‌ ഇവയെല്ലാം ചേർന്ന സമഗ്രമായ കലാവിഷ്‌കാരമായി പരിണമിക്കുന്നു. 15‐ാം നൂറ്റാണ്ടുമുതലുള്ള നവോത്ഥാനകാല ചിത്രകാരരുടെയും രാജാരവിവർമയടക്കമുള്ള വിശ്വോത്തര കലാകാരരുടെയും രചനകൾ ഉദാഹരണമായി കാണാം. കാൽപനിക ഭാവങ്ങളെക്കാൾ സാംസ്‌കാരിക മുദ്രകളെയും ഇവ രചനകളിൽ അടയാളപ്പെടുത്തുന്നു.

കലയും സംസ്‌കാരവും തമ്മിലുള്ള ബന്ധം പുനർനിർവചിക്കപ്പെടുകയും എന്നും പുതിയ പഠനങ്ങൾക്കും ചർച്ചകൾക്കും ചിന്തകൾക്കും വഴിതെളിക്കുകയും ചെയ്യുന്നു. ഇക്കാല രചനകൾ കലയുടെ സാംസ്കാരികവശങ്ങളും സാങ്കേതികവശങ്ങളും ചിന്തിച്ചുകൊണ്ടാണ്‌ സ്വാതന്ത്ര്യത്തിനും മാനവികതയ്‌ക്കും ഊന്നൽ നൽകുന്ന പുതിയ സൗന്ദര്യശാസ്‌ത്ര വഴികൾ രൂപമെടുക്കുന്നത്‌. പരീക്ഷണ പഠനവഴികളിൽ നവീനമായ രൂപവിശകലനം സംഭവിച്ചുകൊണ്ടേയിക്കുന്നു. അതൊരു തുടർച്ചയാണ്‌‐ എക്കാലവും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + 4 =

Most Popular