Wednesday, October 9, 2024

ad

Homeലേഖനങ്ങൾഗാസയിൽ ചിതറിത്തെറിക്കുന്ന കുഞ്ഞുങ്ങൾ

ഗാസയിൽ ചിതറിത്തെറിക്കുന്ന കുഞ്ഞുങ്ങൾ

രേണു രാമനാഥൻ

തിനഞ്ചു വയസ്സായിരുന്നു ദുനിയാ എന്ന പെൺകുട്ടിക്ക്. “ദുനിയാ എന്നാൽ, “ലോകം’ എന്നു തന്നെയാണർത്ഥം. ഇസ്രയേലി ബോംബുകൾ അവളുടെ കുടുംബാംഗങ്ങളെ മുഴുവൻ കൊന്നൊടുക്കി. ഒപ്പം അവളുടെ ഒരു കാലിനെയും അപഹരിച്ചു. കാര്യമായ ചികിത്സക്കൊന്നും സൗകര്യമില്ലാത്ത, ഗാസയിലെ തകർന്നടിഞ്ഞ ആശുപ്രതികളിലൊന്നിൽ നിന്ന് അവൾ ഒരു ടിവി ഇന്റർവ്യൂവിൽ സംസാരിച്ചു. എന്താണവളുടെ സ്വപ്നമെന്ന ചോദ്യത്തിന്, വീട്ടുകാരും, ഒരു കാലും നഷ്ടപ്പെട്ട ആ പതിനഞ്ചുകാരി മറുപടി പറഞ്ഞു – എനിക്കൊരു കൃത്രിമക്കാൽ വേണം. വീണ്ടും എഴുന്നേറ്റു നിന്ന്, ഈ യുദ്ധത്തിന്റെ ഇരകളായിക്കൊണ്ടിരിക്കുന്ന കുട്ടികളെ സഹായിക്കാനാവണം. എനിക്ക് വളർന്ന് ഒരു നഴ് സാവണം.
അടുത്ത ദിവസം, ഇസ്രായേൽ തൊടുത്തുവിട്ട ഒരു മിസൈൽ, ആ ആശുപത്രി മുറിയ്ക്കു മേൽ പതിച്ചു. ദുനിയാ എന്ന പതിനഞ്ചുകാരിപ്പെൺകുട്ടിയും, അവളുടെ സ്വപ്നങ്ങളും ഈ ലോകത്തു നിന്ന് മറഞ്ഞു.

ഹിന്ദ് റജബ് എന്ന കുഞ്ഞിനു വെറും ആറു വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജനുവരി 29-ന് ഗാസയിലെ സംഘർഷ മേഖലയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ, ഹിന്ദും അവളുടെ ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാർ ഇസ്രായേലി ടാങ്കുകൾ വളഞ്ഞു. ചുറ്റും മുഴങ്ങുന്ന പീരങ്കിവെടിയൊച്ചയുടെ നടുക്കു നിന്ന് ഹിന്ദിന്റെ പതിനഞ്ചുകാരിയായ കസിൻ, പാലസ്തീൻ റെഡ് ക്രസന്റിന്റെ എമർജൻസി നമ്പറിലേക്ക് സഹായാഭ്യർത്ഥനയുമായി വിളിച്ചു. അവർക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല. ഫോൺ സംഭാഷണത്തിനിടയിൽ, പീരങ്കിയുടെ വെടിയൊച്ചയും ആ പെൺകുട്ടിയുടെ ആർത്തനാദവും ഉയർന്നു. അതോടെ ഫോൺ കട്ടായി.

കുറേനേരത്തിനു ശേഷം, അതേ ഫോണിൽ നിന്ന് ആറു വയസ്സുകാരിയായ ഹിന്ദ്, റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഓഫീസിലേക്ക് പേടിച്ചരണ്ട സ്വരത്തിൽ വിളിച്ചു. അപ്പോഴേക്കും, ആ കാറിൽ അവൾ മാത്രമേ ജീവനോടെ ഉണ്ടായിരുന്നുള്ളൂ. തനിക്ക് പേടിയാകുന്നുവെന്നും, ആരെങ്കിലും വന്ന് രക്ഷിക്കണമെന്നും അവൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. മൂന്നു മണിക്കൂറോളം, റെഡ് ക്രസന്റ് സൊസൈറ്റിയുടെ പ്രവർത്തകർ ഫോണിലൂടെ ഹിന്ദിനു കൂട്ടിരുന്നു. പക്ഷേ, ആ പ്രദേശത്തേക്ക് സഹായത്തിനായി ആരെയും കടത്തിവിടാൻ ഇസ്രായേലി സൈന്യം അനുവദിക്കുന്നുണ്ടായിരുന്നില്ല. രണ്ടും കല്പിച്ച്, രക്ഷാദൗത്യവുമായി പുറപ്പെട്ട ഒരു ആംബുലൻസിനെപ്പറ്റിയും വിവരമൊന്നുമില്ലാതായി. ഫെബ്രുവരി 3-ന് പാലസ്റ്റീൻ റെഡ് ക്രസന്റ് സൊസൈറ്റി, ഹിന്ദിന്റെ ടെലഫോൺ സംഭാഷണത്തിന്റെ റെക്കോഡിങ്ങ് പുറത്തുവിട്ടു. ലോകജനതയിൽ മനസ്സാക്ഷിയുള്ളവരെല്ലാം ആ കുഞ്ഞ് ജീവനോടെയിരിപ്പുണ്ടെന്ന വാർത്ത കേൾക്കാൻ കൊതിച്ചുകൊണ്ട് കാത്തിരുന്നു.

പക്ഷേ, ഫെബ്രുവരി 10-ന്, ഹിന്ദും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന കാറിന്റെ തകർന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. ഹിന്ദ് ജീവിച്ചിരിപ്പില്ലായിരുന്നു. ഒപ്പം അവളെ രക്ഷിക്കാനായി ശ്രമിച്ച ധീരരായ ആ റെഡ് ക്രസന്റ് പ്രവർത്തകരും രക്തസാക്ഷികളായിക്കഴിഞ്ഞിരുന്നു.

ദുനിയായും ഹിന്ദും, ഗാസയിൽ ഇക്കഴിഞ്ഞ ഒക്ടോബർ മുതൽ ഇസ്രായേലിന്റെ നിഷ്ഠുരമായ ആക്രമണത്തിൽ (ഇതെഴുതുന്ന സന്ദർഭം വരെ) കൊല്ലപ്പെട്ട പതിനാലായിരത്തില്പരം കുട്ടികളിൽ രണ്ടു പേർ മാത്രം. ഗാസയിലെ കുട്ടികളിൽ രണ്ടു ശതമാനത്തോളം ഇതിനകം
കൊന്നൊടുക്കപ്പെട്ടു കഴിഞ്ഞുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. അതീവഗുരുതരമായ പരുക്കുകളേറ്റ് വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ലഭിക്കാതെ മരണത്തോടു മല്ലിട്ടുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങൾ അതിലും എത്രയോ അധികം വരും. കഴിഞ്ഞ ആറു മാസങ്ങൾക്കുള്ളിൽ ഗാസ സ്ട്രിപ്പിൽ കൊന്നൊടുക്കപ്പെട്ട 34,590 പാലസ്തീൻകാരിൽ (മെയ് 2-ലെ കണക്കുകൾ) എഴുപതു ശതമാനവും സ്ത്രീകളും പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികളുമാണ്.

ലോകമെമ്പാടുമുള്ള തങ്ങളുടെ സമപ്രായക്കാരെപ്പോലെ കളിച്ചും ചിരിച്ചും പഠിച്ചും ജീവിക്കേണ്ട പ്രായത്തിൽ ദുനിയായും ഹിന്ദും ദാരുണമായി കൊല്ലപ്പെടാനുള്ള കാരണം അവരുടെ ജന്മമാണെന്നു പറയാം. അതിന്റെ കാരണമറിയണമെങ്കിൽ നാം ഒരുപാട് വർഷം പുറകിലേക്കു പോകേണ്ടി വരും. 1948-ലേക്ക്. 1948-ലാണ്‌ “നക്ബ’ എന്നറിയപ്പെടുന്ന പാലസ്തീൻ വംശജരുടെ ദുരന്തം ആരംഭിക്കുന്നത്. “നക്ബ’ എന്ന അറബി വാക്കിന്റെ അർത്ഥം “ദുരന്തം’ എന്നു തന്നെയാണ്. ഇംഗ്ലീഷിൽ “Catastrophe. 1948-ൽ ഇസ്രായേൽ രൂപീകരിക്കപ്പെടുന്നതോടെ, ലക്ഷക്കണക്കിനു അറബ് വംശജർ തങ്ങൾ നൂറ്റാണ്ടുകളായി ജീവിച്ചുപോന്ന ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും തുരത്തിയോടിക്കപ്പെട്ടതിനെയാണ് പാലസ്തീൻകാർ ‘നക്ബ’ എന്ന വാക്കുകൊണ്ട് പരാമർശിക്കുന്നത്.

ജൂതവംശജർക്ക് ദൈവം വാഗ്ദാനം ചെയ്തതായി അവർ വിശ്വസിക്കുന്ന “വാഗ്ദത്ത ഭൂമിയിൽ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുകയെന്ന ആശയത്തെയാണ് സിയോണിസം എന്നു പറയുന്നത്. ഈ ആശയം ഉടലെടുക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നു. തിയോഡോർ ഹെർസി എന്ന ആസ്‌ട്രോ-ഹംഗേറിയൻ വംശജനാണ് ഈ ആശയത്തിന്റെ
ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധത്തിൽ, ഓട്ടോമാൻ സാമ്രാജ്യം തകർന്നതോടെ, മദ്ധ്യധരണ്യാഴിയുടെ ചുറ്റുമുണ്ടായിരുന്ന ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളൊന്നാകെ ബ്രിട്ടനും ഫ്രാൻസും പങ്കുവച്ചെടുത്തു. അതിനിടയിൽ, ബൈബിളിലെ പഴയ നിയമത്തിൽ പറയുന്ന വാഗ്ദത്ത ഭൂമി’യിലേക്ക് ജൂതവംശജരുടെ കുടിയേറ്റവും ആരംഭിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ, നാസി ജർമ്മനിയിൽ ജൂതവംശജർ നേരിട്ട കൂട്ടക്കൊലയ്ക്കുശേഷം, ഈ ജൂതരാഷ്ട്രം യാഥാർത്ഥ്യമാക്കിക്കൊടുക്കുന്ന ദൗത്യം ബ്രിട്ടനും അമേരിക്കയും ഏറ്റെടുക്കുകയായിരുന്നു.

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം, ഓട്ടോമാൻ സാമ്രാജ്യത്തിന്റെ അധീനതയിലുണ്ടായിരുന്ന മദ്ധ്യധരണ്യാഴിപ്രദേശത്തെ ഭൂഭാഗങ്ങൾ പ്രധാനമായി ബ്രിട്ടനും ഫ്രാൻസും പങ്കുവച്ചെടുക്കുകയായിരുന്നു. അതനുസരിച്ച്, രണ്ടാം ലോകയുദ്ധാനന്തരം, ബ്രിട്ടന്റെ അധീനതയിലായിരുന്ന പാലസ്തീനെന്ന പ്രദേശത്തിന്റെ സിംഹഭാഗവും അപഹരിച്ചെടുത്താണ് ഇസ്രായേൽ സ്ഥാപിതമായിരുന്നത്. ഏതാണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ജൂതവംശജർ “വാഗ്ദത്ത ഭൂമിയിലേക്ക് കുടിയേറ്റമാരംഭിച്ചിരുന്നെങ്കിലും, എണ്ണത്തിൽ അറബ് വംശജരേക്കാൾ വളരെ കുറവായിരുന്ന ജൂതർക്ക് കൂടുതൽ ഭൂമി നീക്കിവച്ചുകൊണ്ടുള്ള ആ “വിഭജനത്തെ അറബ് വംശജരും ചുറ്റുമുള്ള അറബ് രാഷ്ട്രങളും സ്വാഭാവികമായും എതിർത്തു. ചെറുത്തുനിൽക്കാൻ ശ്രമിച്ച പലസ്തീൻകാരെ നിഷ്കരുണം കൊന്നൊടുക്കുകയും ആട്ടിപ്പായിക്കുകയും ചെയ്തുകൊണ്ടാണ്‌ ഇസ്രായേൽ ആ ഭൂമിയുടെ മേൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചത്. നാടുവിട്ടോടി അയൽരാജ്യങ്ങളായ ലബനോണിലും, സിറിയയിലും ഈജിപ്തിലും ജോർദാനിലുമൊക്കെ അഭയാർത്ഥികളായി ചെന്നെത്തിയ പലസ്തീൻ വംശജർക്ക് പിന്നീടൊരു തിരിച്ചുപോക്ക് ഉണ്ടായില്ല. പിറന്ന വീടും നാടും വിട്ടുപോരുമ്പോൾ അവരാരും തന്നെ, ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ലെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതേയില്ല. ഏതാനും നാളുകൾക്കകം കലാപങ്ങൾ ശാന്തമാവുമെന്നും, അന്ന് വീടുകളിലേക്ക് തിരിച്ചെത്താമെന്നുമുള്ള പ്രതീക്ഷയോടെ, വീടുകൾ പൂട്ടി താക്കോലുമെടുത്താണു കുടുംബങ്ങൾ ഇറങ്ങിയോടിയത്. പക്ഷേ, 75 വർഷങ്ങൾക്കു ശേഷവും ആ തിരിച്ചുപോക്ക് ഉണ്ടായില്ല. ആ പഴയ ഇരുമ്പു താക്കോലുകൾ, പല പലസ്തീൻ കുടുംബങ്ങളും, ഇന്നും വിലപ്പെട്ട നിധിയായി സൂക്ഷിക്കുന്നുണ്ട്. തലമുറകളിലേക്ക് കൈമാറുന്നുണ്ട്. ഏതെങ്കിലും കാലത്ത് പിതാമഹന്മാർ തുരത്തപ്പെട്ട മണ്ണിലേക്ക് തങ്ങൾക്കു തിരിച്ചുപോകാനാകുമെന്ന പ്രതീക്ഷയോടെ, പുതുതലമുറകൾ ആ താക്കോലുകൾ ഏറ്റുവാങ്ങി സൂക്ഷിക്കുന്നു. പലസ്തീൻ വിമോചനത്തിന്റെ ശക്തമായ പ്രതീകങ്ങളിലൊന്നാണീ താക്കോലുകളും. “പഴയ തലമുറ ചത്തൊടുങ്ങും, പുതിയ തലമുറ എല്ലാം മറന്നുപോകും,’ എന്ന സിയോണിസ്റ്റ് പ്രതീക്ഷയെ തകർത്തെറിഞ്ഞുകൊണ്ട്, ലോകമെമ്പാടും ചിതറിക്കിടക്കുന്ന പലസ്തീൻ ജനതയിലെ ഓരോ പുതുതലമുറയും ഈ താക്കോലുകളും തങ്ങളുടെ സംസ്കാരത്തിന്റെ സമ്പത്തും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. 1948-ലെ ആ പലായനത്തിനാണ് നക്ബ് എന്ന പേരുവീണത്. തുടർന്ന് നിരവധി യുദ്ധങ്ങളാണ് പശ്ചിമേഷ്യയിൽ അരങ്ങേറിയത്. അവസാനം, ഗാസ സ്ട്രിപ്പ് എന്ന പേരിലറിയപ്പെടുന്ന കഷ്ടി 40 കിലോമീറ്റർ നീളമുള്ള ഒരു നീണ്ടു മെലിഞ്ഞ ഭൂഭാഗവും, അതുമായി തൊടാതെ കിടക്കുന്ന, ജോർദ്ദാൻ നദിയുടെ പടിഞ്ഞാറേക്കരയായ വെസ്റ്റ് ബാങ്ക് എന്ന ഭൂഭാഗവും മാത്രം, പലസ്തീൻ എന്ന രാഷ്ട്രത്തിന്റെ അവശേഷിപ്പുകളായി തുടരുന്നു. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ പലസ്തീനെ സ്വതന്ത്ര പരമാധികാര രാജ്യമായി അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യ, ഡൽഹിയിൽ പലസ്തീൻ എംബസി നിർമ്മിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. പലസ്തീൻ വിമോചനത്തിനായി രൂപംകൊണ്ട പലസ്തീൻ ലിബറേഷൻ ഓർഗനേസേഷൻ എന്ന പി എൽ. ഒയുടെ സ്ഥാപക നേതാവായിരുന്ന യാസർ അരാഫത്തും, ഇന്ദിരാഗാന്ധിയും തമ്മിലുണ്ടായിരുന്ന സൗഹൃദം പ്രസിദ്ധമാണല്ലോ. ചേരിചേരാനയത്തിന്റെ മുന്നണിയിൽ ഇന്ത്യ സ്ഥാനമുറപ്പിച്ചിരുന്ന കാലത്ത്, പി എൽ ഒ. യെയും പലസ്തീനെയും ഇന്ത്യ ചേർത്തുപിടിച്ചിരുന്നു. ഇസ്രായേലുമായി നയതന്ത്രബന്ധങൾ പോലും വിച്ഛേദിച്ചിരുന്ന ഒരു കാലവുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ വർഷം ഒക്ടോബർ 7-ന് പലസ്തീൻ വിമോചനപ്പോരാളികളായ ഹമാസ് ഇസ്രായേലിനു നേരെ നടത്തിയ കടന്നാക്രമണവും തുടർന്ന് ഇസ്രായേൽ ഗാസയിലെ ജനങ്ങൾക്കു മേൽ അഴിച്ചുവിട്ടിരിക്കുന്ന കൂട്ടക്കൊലയും ഒറ്റപ്പെട്ട ഒരു സംഭവമേയല്ല. 1948 മുതൽ, അമേരിക്കയുടെ പിന്തുണയോടെ, സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ഒരു ജനതയ്ക്കു മേൽ സാമ്രാജ്യത്വശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിന്റെയും, അവരുടെ ചെറുത്തുനിൽപ്പിന്റെയും ഏറ്റവും പുതിയ ഉദാഹരണങ്ങൾ മാത്രമാണത്.

അന്താരാഷ്ട്ര നയതന്ത്ര നിയമങ്ങൾ അനുസരിച്ച്, ആക്രമിക്കപ്പെടാൻ പാടില്ലാത്ത ജനവിഭാഗങ്ങൾ ഏറെയുണ്ട് കുഞ്ഞുങ്ങൾ, പട്ടാളക്കാരല്ലാത്ത സ്ത്രീപുരുഷന്മാർ അഥവാ സിവിലിയന്മാർ, ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ. ഈ എല്ലാ വിഭാഗങ്ങളേയും ഇസ്രായേൽ ഗാസയിൽ കയ്യുംകണക്കുമില്ലാതെ കൊന്നൊടുക്കിക്കഴിഞ്ഞിട്ടുണ്ട്. ഇക്കൂട്ടത്തിൽ, അനാഥരായിപ്പോയവരും, ഗുരുതരമായി പരുക്കേറ്റവരും, അംഗഭംഗം സംഭവിച്ചവരുമായ കുഞ്ഞുങ്ങൾ പതിനായിരക്കണക്കിനാണുള്ളത്. ലോകത്തിൽ ഒരു യുദ്ധത്തിലും ഇത്രമാത്രം കുഞ്ഞുങ്ങൾ ഇരകളായിത്തീർന്നിട്ടില്ല, ചരിത്രത്തിലിന്നേ വരെ ഒരു യുദ്ധത്തെക്കുറിച്ചുള്ള എല്ലാ സാമാന്യധാരണകളെയും തെറ്റിച്ചുകൊണ്ടും, തിരുത്തിക്കുറിച്ചുകൊണ്ടും ഗാസയിലെ ചോരച്ചൊരിച്ചിൽ തുടർന്നുകൊണ്ടേയിരിക്കുകയാണ്. മേയ് മാസത്തിൽ ഈജിപ്തും ഖത്തറുമുൾപ്പെടെയുള്ള ഇടനിലക്കാർ മുന്നോട്ടു വെച്ച ഒരു താൽക്കാലിക വെടിനിർത്തലിന്റെ വ്യവസ്ഥകൾ ഹമാസ് അംഗീകരിച്ചിട്ടും, ഇസ്രായേൽ വെടിനിർത്തലിനു സന്നദ്ധത കാട്ടിയില്ല. മറിച്ച്, 1.4 മില്യൺ ജനങൾ അഭയം തേടിയിരിക്കുന്ന ഗാസയുടെ തെക്കേയറ്റമായ റഫാ അതിർത്തിയിലേക്ക് കനത്ത ആക്രമണം അഴിച്ചുവിട്ടു. ഓരോ ദിവസവും പുതിയ പുതിയ കൂട്ടക്കൊലകളും ദുരന്തങ്ങളും അവരവിടെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ 25 വർഷമായി ഗാസയിൽ നിന്ന് നിർമ്മാർജ്ജനം ചെയ്തിരുന്ന പോളിയോ തിരിച്ചെത്തി എന്നതാണ് ഇസ്രായേൽ ആക്രമണം സമ്മാനിച്ച മറ്റൊരു ദുരന്തം. ഗാസയിലെ മലിനജലത്തിൽ പോളിയോ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനു തൊട്ടുപുറകെ പത്തു മാസം പ്രായമുള്ള ഒരു കുഞ്ഞ് പോളിയോ മൂലം തളർച്ച ബാധിച്ച അവസ്ഥയിലാവുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അടിയന്തരമായി ഗാസയിൽ പോളിയോ വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ടെങ്കിലും, വാക്സിനേഷനെപ്പോലും തടസ്സപ്പെടുത്തിക്കൊണ്ട് ഇസ്രായേൽ സൈന്യം ആക്രമണം തുടരുകതന്നെയാണ്. സുരക്ഷിതമേഖല’ എന്ന് ഇസ്രായേൽ സൈന്യം തന്നെ അടയാളപ്പെടുത്തിയിരുന്ന അൽ മവാസിയിലെ കടൽത്തീരത്ത് മണലിൽ കൂടാരമടിച്ചിരുന്ന അഭയാർത്ഥികുടുംബങ്ങളുടെ മേൽ ഉഗ്രമായ നശീകരണ ശേഷിയുള്ള ബോംബുകൾ വർഷിച്ച് നടത്തിയ കൂട്ടക്കൊലയിൽ എത്രപേർ കൊല്ലപ്പെട്ടുവെന്നു പോലും തിട്ടപ്പെടുത്താനായിട്ടില്ല. നാല്പതോളം കൂടാരങ്ങൾ നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ പത്തടിയോളം ആഴത്തിലുള്ള ഒരു കുഴി മാത്രമാണുള്ളത്. പലരുടെയും ശരീരങ്ങൾ അപ്പാടെ ബാഷ്പീകരിച്ചു പോയിരിക്കാൻ സാധ്യതയുള്ളത്ര ഉഗ്രസ്ഫോടനശക്തിയുള്ള അമേരിക്കൻ നിർമ്മിത ബോംബുകളാണവിടെ ഇസ്രായേൽ ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

ഈ കൂട്ടക്കൊലകൾക്കിടയിലൂടെ, യൂറോപ്പിലെയും പശ്ചിമേഷ്യൻ പ്രദേശത്തെയും വിദ്യാഭ്യാസവർഷം സെപ്തംബർ ഒന്നിന് ആരംഭിച്ചപ്പോഴും, ഗാസയിലെ 6,40,000 കുട്ടികൾക്ക് വിദ്യാലയങ്ങൾ തന്നെ നിഷേധിക്കപ്പെട്ടിരിക്കുന്നു. തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം നിഷേധിക്കപ്പെടുന്ന പലസ്തീനിയൻ ജനതക്ക് ഇല്ലായ്മകളെ മറികടക്കാനുള്ള ഏകആയുധം വിദ്യാഭ്യാസം മാത്രമായിരുന്നു. ഗാസയിൽ ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ (UNRWA) നടത്തിപ്പോന്ന സ്കൂളുകളും, സന്നദ്ധസംഘടനകളുടെയും വിദേശരാജ്യങ്ങളുടെയും പിന്തുണയോടെ നടന്നുപോന്നിരുന്ന സർവ്വകലാശാലകളും വഴി ലഭിക്കാവുന്ന പരമാവധി വിദ്യാഭ്യാസം നേടുകയെന്നതിൽ അവർ ബദ്ധശ്രദ്ധരായിരുന്നു. ഉപരിവിദ്യാഭ്യാസം നേടാൻ ഗാസക്കു പുറത്തേക്ക് പോകണമെങ്കിൽ ഇസ്രായേലിന്റെ അനുമതി നേടിയെടുക്കുകയെന്ന ഭഗീരഥപ്രയത്നം അവരുടെ മുന്നിലുണ്ടായിരുന്നെന്നു മാത്രം. ആ കടമ്പകളൊക്കെ കടന്നിട്ടാണു ഗാസയിലെ ഡോക്ടർമാരും എഞ്ചിനീയർമാരും മാദ്ധ്യമപ്രവർത്തകരുമൊക്കെ വിദഗ്ദ്ധപരിശീലനം നേടിപ്പോന്നിരുന്നത്. ആ സ്കൂളുകളും സർവ്വകലാശാലകളുമെല്ലാം ഇസ്രായേൽ വളരെ കൃത്യമായി, ഘട്ടംഘട്ടമായി തകർത്തെറിഞ്ഞിരിക്കുകയാണിപ്പോൾ.

കുഞ്ഞുങ്ങളുടെ ചോരച്ചാലിൽ ആറാടി സംതൃപ്തി കണ്ടെത്തുന്ന സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ മനുഷ്യമനസ്സാക്ഷി ഉണർന്നെണീക്കാത്ത പക്ഷം ഈ കൂട്ടക്കൊലകൾ തുടർന്നുകൊണ്ടേയിരിക്കും. ലോക മനസ്സാക്ഷി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇപ്പോൾ ഇതാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 2 =

Most Popular