Thursday, September 19, 2024

ad

Homeമുഖപ്രസംഗംചോരയിൽ കുതിർന്ന് 
മണിപ്പൂർ

ചോരയിൽ കുതിർന്ന് 
മണിപ്പൂർ

ഴിഞ്ഞ പതിനാറ് മാസമായി മണിപ്പൂർ കലാപകലുഷിതമായി തുടരുകയാണ്. തുടക്കത്തിൽ മാസങ്ങളോളം ആളിക്കത്തിയിരുന്ന മണിപ്പൂർ പിന്നീട് കനൽക്കട്ടകൾ പോലെ അമർന്നു കത്തുകയായിരുന്നു. ഇപ്പോൾ വീണ്ടും ആളിക്കത്തുകയാണ് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ ആ കൊച്ചു സംസ്ഥാനം. കലാപവും വംശഹത്യയും ആരംഭിച്ച് പതിനാറ് മാസം പിന്നിടുമ്പോഴും ഇതിനകം ഒരിക്കൽ പോലും ആ സംസ്ഥാനത്തേക്ക് ഒന്നു തിരിഞ്ഞുനോക്കാനോ ഇന്ത്യയുടെ പാർലമെന്റിൽ നേരിട്ട് ഒരു പ്രസ്താവന നടത്താനോ പാർലമെന്റംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനോ പ്രധാനമന്ത്രി മോദി തയ്യാറായിട്ടില്ല.

മണിപ്പൂർ സംഭവം കേവലം ഒരു ക്രമസമാധാന പ്രശ്നമായി കണ്ടാൽ പോലും ആ സംസ്ഥാനത്തിന്റെ ക്രമസമാധാനം ആകെ തകർന്ന് സാധാരണക്കാർക്ക് സ്വസ്ഥമായി ജീവിക്കാനാവാത്ത അവസ്ഥ സംജാതമായിട്ടും അവിടെ ഇടപെടാനോ ആ സംസ്ഥാനത്തെ സാധാരണ സ്ഥിതിയിലേക്ക് എത്തിക്കാനോ തയ്യാറാകാതിരിക്കുകയാണ് പ്രധാനമന്ത്രി മോദിയും കേന്ദ്ര സർക്കാരും. സംസ്ഥാനത്ത് അധികാരത്തിലുള്ള മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാകട്ടെ ഭൂരിപക്ഷ മതവിഭാഗത്തിന്റെ പക്ഷം ചേർന്ന് എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇപ്പോഴാകട്ടെ ആ സംസ്ഥാനത്തെ ഒരു ജനവിഭാഗത്തിനും മുഖ്യമന്ത്രി ബിരേൻ സിങ്ങിലോ സർക്കാരിലോ വിശ്വാസമില്ലാത്ത അവസ്ഥയാണുള്ളത്.

സംസ്ഥാനത്ത് നടമാടുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയിട്ടുള്ള വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച് പൊലീസുമായി ഏറ്റുമുട്ടിയതും രാജ്ഭവനിലേക്ക് കല്ലേറു നടത്തിയതും ഭരണസംവിധാനത്തോടുള്ള അതൃപ്തിയുടെ പ്രതിഫലനമാണ്. മുൻപ് ശ്രീലങ്കയിലും അടുത്തയിടെ ബംഗ്ലാദേശിലും ഉണ്ടായ സംഭവവികാസങ്ങളെയാണ് മണിപ്പൂർ നമ്മെ ഓർമിപ്പിക്കുന്നത്. എന്നിട്ടും ബിജെപി നേതാവായ ബിരേൻ സിങ്ങിന് അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ കഴിയുന്നത് ആർഎസ്എസ്സിന്റെയും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും മോദിയുടെയും പിന്തുണയുള്ളതുകൊണ്ട് മാത്രമാണ്.

സംസ്ഥാനത്ത് ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ നടക്കുമ്പോഴും അക്രമസംഭവങ്ങൾക്ക് അറുതിവരുത്താനാകാത്ത സർക്കാർ നിലപാടിനോടുള്ള പ്രതിഷേധമാണ് വിദ്യാർഥികൾ തെരുവിലിറങ്ങി പ്രകടിപ്പിക്കുന്നത്. സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാകെ അവധി പ്രഖ്യാപിച്ച് അടച്ചിട്ടിട്ടും തലസ്ഥാനമായ ഇംഫാലിൽ മാത്രമല്ല സംസ്ഥാനത്താകെ യൂണിഫോമണിഞ്ഞ വിദ്യാർഥികൾ തെരുവിലിറങ്ങിയിരിക്കുകയാണ്.

കേന്ദ്രം നിയമിച്ച സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ്ങിനെയും ഡിജിപി രാജീവ് സിങ്ങിനെയും തൽസ്ഥാനങ്ങളിൽനിന്നും നീക്കംചെയ്യണമെന്നും കേന്ദ്ര അർദ്ധസെെനിക വിഭാഗങ്ങളെ സംസ്ഥാനത്തുനിന്ന് പിൻവലിക്കണമെന്നും ആവശ്യപ്പെടുന്ന വിദ്യാർഥികൾ കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിലുള്ള അവിശ്വാസം കൂടിയാണ് പ്രകടിപ്പിക്കുന്നത്. എന്നാൽ വിദ്യാർഥികൾ ഉയർത്തുന്ന മുദ്രാവാക്യവും അവരുടെ പ്രക്ഷോഭവും നിർദോഷമായ ഒന്നാണെന്ന് കാണാനാവില്ല. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ ബഫർ സോൺ സൃഷ്ടിക്കപ്പെടുന്നതുപോലെ മെയ്-ത്തികളും കുക്കികളും താമസിക്കുന്നതിനിടയിൽ ബഫർ സോൺ തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ, ഭരണസംവിധാനവും ജനങ്ങളാകെയും വംശീയാടിസ്ഥാനത്തിൽ രണ്ടായി വിഭജിക്കപ്പെട്ടു നിൽക്കുന്ന മണിപ്പൂരിൽ നിഷ്-പക്ഷവും എല്ലാവരുടെയും നന്മ ലാക്കാക്കിയതുമായ പ്രക്ഷോഭം തന്നെ അസാധ്യമായിരിക്കുകയാണ്. വിദ്യാർഥി പ്രക്ഷോഭത്തിലെ അപകടകരമായവിധത്തിലുള്ള വിഘടനവാദ സമീപനം കാണാതിരിക്കാനാവില്ല.

അതിർത്തി സംസ്ഥാനമായ മണിപ്പൂർ കത്തിയെരിയുമ്പോൾ അവിടത്തെ ഒരു ജനവിഭാഗത്തിനും സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാനാവാത്ത, അതിനായി ഒരു നടപടിയും കെെക്കൊള്ളാത്ത മോദി സർക്കാർ തികഞ്ഞ നിരുത്തരവാദപരമായ സമീപനമാണ് തുടരുന്നത്. ന്യൂനപക്ഷ വിഭാഗത്തിന്റെ മാത്രമല്ല, ഭൂരിപക്ഷ വിഭാഗത്തിന്റെയും പിന്തുണ നഷ്ടപ്പെട്ടിരിക്കുകയാണ് കേന്ദ്ര സംസ്ഥാന-–സർക്കാരുകൾക്ക്. വിഘടനവാദപരവും വിഭാഗീയവുമായ സമീപനവും നിലപാടുമുള്ള ആർഎസ്എസിനാൽ നയിക്കപ്പെടുന്ന ബിജെപിയും അതിന്റെ ഭരണവും രാജ്യത്തെത്തന്നെ ശിഥിലമാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന ആശയത്തെയും ഇന്ത്യയുടെ അഖണ്ഡതയെയും കാറ്റിൽപറത്തുന്ന നയവും നടപടികളുമാണ് ബിജെപിയും മോദി സർക്കാരും പിന്തുടരുന്നതെന്ന് വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുകയാണ് ആഭ്യന്തര യുദ്ധസമാനമായ മണിപ്പൂരിലെ അവസ്ഥ.

അല്ലലില്ലാത്ത ഓണം

കാണംവിറ്റും ഓണമുണ്ണണം എന്നതാണ് മലയാളികളുടെ എക്കാലത്തെയും നിലപാട്. എന്നാൽ ഇടതുപക്ഷ ഭരണകാലത്ത്, കാണം വിൽക്കാതെ തന്നെ ഓണമുണ്ണാൻ സൗകര്യമൊരുക്കുകയാണ് സംസ്ഥാന സർക്കാർ. ഏതു പ്രതിസന്ധി ഘട്ടത്തിലും പ്രതികൂലമായ അവസ്ഥയിലും കഴിഞ്ഞ എട്ടു വർഷവും മലയാളികളെ ചേർത്തുപിടിക്കുന്നതിൽ തെല്ലും ഉപേക്ഷ കാണിക്കാത്ത എൽഡിഎഫ് സർക്കാർ ഈ ഓണക്കാലത്തും ജനങ്ങൾക്കൊപ്പം, അവരുടെയാകെ ക്ഷേമവും സംതൃപ്തിയും ഉറപ്പാക്കിത്തന്നെയാണ് മുന്നോട്ടുപോകുന്നത്.

രാജ്യമാകെ വിലക്കയറ്റത്തിന്റെ കെടുതിയിൽപെട്ട് ഉഴലുമ്പോഴും സംസ്ഥാനത്ത് ഭക്ഷ്യസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള വിപുലമായ വിപണി ഇടപെടൽ നടത്തുന്ന എൽഡിഎഫ് സർക്കാർ ഇന്ത്യയ്ക്കാകെ മാതൃകയായിരിക്കുകയാണ്. പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിക്കൊണ്ട് വിലവർധനവിന്റെ ആഘാതത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ട് ഓണക്കാലത്ത് പതിവുള്ള വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്.

മാത്രമല്ല, ഓണക്കാലത്ത് അവശ്യംവേണ്ട സാധനങ്ങളെങ്കിലും വാങ്ങാൻ ജനങ്ങൾക്കാകെ കഴിയത്തക്കവിധത്തിൽ എല്ലാ വിഭാഗങ്ങളിലും ആളുകളുടെയും കെെകളിൽ പണമെത്തിക്കാൻ വേണ്ട നടപടികളും സർക്കാർ സ്വീകരിച്ചു കഴിഞ്ഞു. അരികുവൽക്കരിക്കപ്പെട്ടവരും ദുർബലരുമായ ജനങ്ങൾക്കാകെ ഓണം ആഘോഷിക്കാൻ വേണ്ട പണം എത്തിക്കാൻ സർക്കാർ ജാഗ്രത പുലർത്തിയിട്ടുണ്ട്.
ഇതാകട്ടെ, സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനും ശ്വാസം മുട്ടിക്കാനും കേന്ദ്ര സർക്കാർ കച്ചകെട്ടി ഇറങ്ങിയിരിക്കവെയുമാണ്. എൽഡിഎ-ഫ് ഭരിക്കുന്ന സംസ്ഥാനത്തോട്, ഇവിടത്തെ ജനങ്ങളോട് വിദേ-്വഷത്തോടെയാണ് കേന്ദ്ര സർക്കാർ പെരുമാറുന്നത്. അപ്പോഴും സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പം, ക്ഷേമമുറപ്പാക്കി നിൽക്കുന്നുവെന്നതാണ് നാം കാണേണ്ടത്.

എന്നാൽ കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾക്ക് ഇത് കാണാൻ കഴിയുന്നില്ല. സംസ്ഥാന സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനക്ഷേമ പരിപാടികൾ വാർത്ത പോലുമാക്കാതെ കെട്ടുകഥകളിലും വ്യാജവാർത്തകളിലും ദുർവ്യാഖ്യാനങ്ങളിലും അഭിരമിച്ച് സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരായ ഈ ബൂർഷ്വാ മാധ്യമങ്ങൾ യഥാർഥത്തിൽ ജനവിരുദ്ധ പക്ഷത്താണ് നിൽക്കുന്നത്. അത് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് അവർ കാണുന്നത് നന്നായിരിക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − 8 =

Most Popular