Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിപുതിയ സമവാക്യങ്ങൾ തേടുന്ന മതേതര കാഴ്ചപ്പാട്

പുതിയ സമവാക്യങ്ങൾ തേടുന്ന മതേതര കാഴ്ചപ്പാട്

സ്വാമി ശാശ്വതീകാനന്ദ

തേതരത്വം ഇന്ത്യൻ ദേശീയതയുടെയും അഖണ്ഡതയുടെയും, സമസ്യയാണെന്ന തിരിച്ചറിവ് ഭരണഘടനാശില്പികൾക്ക് ഉണ്ടായിരുന്നു. ഭാരതത്തിന്റെ സങ്കീർണമായ ചരിത്രസാമൂഹിക സമവാക്യങ്ങളുടെ, മനഃശാസ്ത്ര ഉൾക്കാഴ്‌ചയിലൂടെയാണ് അവർ യാഥാർത്ഥ്യബോധം നേടിയത്. എന്നാൽ ഭാരതത്തിന്റെ ദേശീയതയുടെ അടിവേരുകളും സമഗ്രതയും ഉൾക്കൊള്ളുവാൻ ഹിന്ദുവർഗീയവാദികൾ വിസമ്മതിച്ചിരുന്നു. ടാഗോറിനെപ്പോലുള്ള ദേശീയവാദികളായ ചിന്തകന്മാർ, ദേശീയഗാനത്തിൽ നിറച്ചുവെച്ചിരുന്നത് ഭാരതത്തിന്റെ ദേശീയ സമവാക്യങ്ങളാണ്. പ്രാദേശികതകളുടെ സമ്മോഹനമായ വൈവിധ്യങ്ങളിലാണ്, ദേശീയ ഐക്യത്തിന്റെ വേരുകൾ നിലകൊള്ളുന്നത്. ദേശീയതയെ നിരാകരിക്കുന്ന പ്രാദേശികതയായിരുന്നില്ല അവരുടെ ലക്ഷ്യം. എന്നാൽ പ്രാദേശികതയ്ക്ക് അമിതപ്രാധാന്യം നൽക പ്പെട്ടിരുന്നുമില്ല. ഏകപക്ഷീയതയുടെ ശാഠ്യങ്ങളിലൂടെ ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുവാനാകുകയില്ല. സമ്പന്നമായ വൈവിധ്യങ്ങളുടെ ചേതോഹരമായ സമാഹാരമായിട്ടാണ് ഭാരതസം സ്കാരം നിലകൊള്ളുന്നത്.

സ്വാമി ശാശ്വതീകാനന്ദ

ഏകത്വദർശനത്തിലേക്കു വെളിച്ചം ചൊരിയുന്ന സനാതന ധർമ്മം, വ്യത്യസ്‌ത ചിന്താധാരകൾക്കുനേരേ കാതോർക്കുന്ന സംസ്കാരം കാത്തുസൂക്ഷിച്ചിരുന്നു. അതിന്റെ തെളിവാണ്. ഏകത്വത്തിനുനേരേ മുഖംതിരിഞ്ഞുനില്ക്കുന്ന നിരവധി ദർശനങ്ങൾക്ക് താങ്ങും തണലും നൽകിയത്. സാംഖ്യവും യോഗവും ന്യായവും വൈശേഷികവും പൂർവമീമാംസയും അദ്വൈത കാഴ്‌ചപ്പാടിനെ അംഗീകരിക്കുന്നില്ല. ഷഡ്‌ദർശനങ്ങളോടുള്ള ശങ്കരാചാര്യ സമീപനം ഒറ്റപ്പെട്ടതാണ്. ദ്വൈതവാദത്തിൽ അടിയുറച്ചുനില്ക്കുന്ന, ദർശനങ്ങളെ ഉത്തരമീമാംസയുടെ കാഴ്‌ചപ്പാടിലാണ് ശങ്കരാചാര്യർ നോക്കിക്കണ്ടത്. എന്നാൽ ആ വേദാന്തദർശനത്തെപ്പോലും, ദ്വൈതപരമായും വിശിഷ്ടാദ്വൈതപരമായും വ്യാഖ്യാനിക്കുവാനുള്ള മാധ്വാചാര്യരുടെയും രാമാനുജാചാര്യരുടെയും ദൗത്യങ്ങൾ സുപ്രസിദ്ധമാണ്.

ഭാരതത്തിന്റെ ചരിത്രദാർശനിക സാഹചര്യങ്ങൾ ശരിയായി അറിയുന്നവർക്ക്, ആർഷസംസ്കാരത്തെ ഏകപക്ഷീയസമീപനംകൊണ്ട് ശ്വാസംമുട്ടിക്കുവാനാകുകയില്ല. സനാതന ധർമ്മമാണ് ആർഷസംസ്കാരത്തിന്റെ അടിത്തറ. ഹിന്ദുത്വവാദികൾ, സനാതനധർമ്മത്തിന്റെ കുത്തക ഏറ്റെടുക്കുവാൻ ശ്രമിക്കുന്നുണ്ട്. സനാതനധർമ്മത്തിന്റെ മറവിൽ ചാതുർവർണ്യസിദ്ധാന്തത്തിനും ജാതിവ്യവസ്ഥയ്ക്കും പ്രാമാണ്യം നേടിയെടുക്കുകയാണ് ഹിന്ദുത്വവാദികളുടെലക്ഷ്യം. സനാതനധർമ്മവും ജാതിവ്യവസ്ഥയും പരസ്‌പരവിരുദ്ധങ്ങളാണ്. സനാതനധർമ്മത്തിന് ജാതിവ്യവസ്ഥയെ സ്വീകരിക്കുവാനാകുകയില്ല. ഏകത്വസമീക്ഷയിലാണ് സനാതനധർമ്മം നിലകൊള്ളുന്നത്. ദൈവത്തിന്റെ ഏകത്വം അംഗീകരിയ്ക്കപ്പെട്ടാൽ, മനുഷ്യർ തമ്മിലുള്ള സാഹോദര്യം അനിഷേധ്യമായിത്തീരും. മനുഷ്യസാഹോദര്യമാണ് മനുഷ്യസമത്വത്തിന്റെ ബലിഷ്ഠമായ അടിത്തറ. ജാതിവ്യവസ്ഥ മനുഷ്യസമത്വത്തെയും സാഹോദര്യത്വത്തെയും വെല്ലുവിളിക്കുന്ന മാനവികവിരുദ്ധമായ ആശയമാണ്. സനാതനധർമ്മവും ജാതിവ്യവസ്ഥയും ഹിന്ദുത്വവാദത്തിന്റെ രണ്ടുമുഖങ്ങളായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. സനാതനധർമ്മത്തെ നാഷണൽ അജൻഡയായും ജാതിവ്യവസ്ഥയെ ഹിഡൻ അജൻഡയായും ഹിന്ദുത്വവാദികൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇത് ക്രൂരമായ കാപട്യമാണ്.

ഹിന്ദുത്വകാപട്യത്തിനെതിരെ, സനാതനധർമ്മത്തെത്തന്നെ ഉയർത്തിപ്പിടിച്ച ചരിത്രവിസ്‌മയമായിരുന്നു ശ്രീബുദ്ധൻ. ഹിന്ദുത്വത്തെ ശ്രീബുദ്ധൻ ദാർശനികമായും സാമൂഹികമായും നേരിട്ടിരുന്നു, “നഹി വൈരേണ വൈരം ശാമ്യതി ഏഷ ധർമ്മ സനാതന’’ തുടങ്ങിയ അനശ്വര വചനങ്ങളിലൂടെ ശ്രീബുദ്ധൻ സനാതന ധർമ്മപ്രകാശമാണ് പ്രസരിപ്പിച്ചത്. സനാതനധർമ്മദീപമാണ് ഹിന്ദുത്വത്തിന്റെ സങ്കുചിത നിക്ഷിപ്ത‌ താല്‌പര്യങ്ങൾക്കെതിരേ, ശ്രീബുദ്ധൻ ജ്വലിപ്പിച്ചുനിർത്തിയത്.

സനാതനധർമ്മത്തേയും ഹിന്ദുധർമ്മത്തേയും ദാർശനികമായും സാമൂഹികമായും വേർതിരിക്കുവാനുള്ള ബുദ്ധന്റെ ദൗത്യങ്ങൾക്കെതിരേ, ഹിന്ദുധർമ്മം സർവശക്തിയും സമാഹരിച്ചു പോരാടുകയായിരുന്നു. ഹിന്ദുത്വത്തിന്റെ പൊള്ളത്തരങ്ങൾ വെളിപ്പെടുത്തിയ ബുദ്ധ ധർമ്മത്തിനെതിരെ സാമൂഹിക ദാർശനിക മനഃശാസ്ത്ര ആക്രമണങ്ങളാണ്, ഹിന്ദുത്വവാദികൾ അഴിച്ചുവിട്ടത്. ബുദ്ധധർമ്മം വിദേശ ങ്ങളിലേക്കു നാടുകടത്തപ്പെടുകയും ബുദ്ധൻ പുരാവസ്‌തുകേന്ദ്രങ്ങളിൽ പ്രതിഷ്ഠിയ്ക്കപ്പെടുകയും ചെയ്യാനിടയായ സാഹചര്യം കുപ്രസിദ്ധമാണ്. സനാതന ധർമ്മം പരാജയപ്പെടുകയും ഹിന്ദുത്വം വിജയിക്കുകയും ചെയ്ത‌ സംഭവപരമ്പരകൾ ഭാരതചരിത്രത്തിലെ, കറുത്ത അധ്യായങ്ങളാണ്.

ഹിന്ദുത്വത്തിന്റെ ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള ദാർശനിക സാമൂഹിക പ്രതികരണം വീണ്ടും ഉണ്ടായത്, ഗുരുദേവനിൽ നിന്നായിരുന്നു. ഹിന്ദുത്വത്തേയും സനാതനധർമ്മത്തേയും വേർതിരിക്കുന്നതിന്, കൂടുതൽ മനഃശാസ്ത്രപരതയുള്ള നീക്കങ്ങളാണ് ഗുരുദേവൻ നടത്തിയത്. മതങ്ങളോടുള്ള പൊതുസമീപനത്തിൽ ഗുരുദേവൻ ദാർശനികമായ വിപ്ലവാത്മകത കൂട്ടിച്ചേർക്കുകയായിരുന്നു. യാഥാസ്ഥിതിക മത സങ്കല്‌പങ്ങളിൽ ഗുരുദേവൻ നവീന ദാർശനിക മാനങ്ങളുടെ ഉൾക്കാഴ്‌ചകൾ, കടത്തിവിടുകയായിരുന്നു. ഹിന്ദുത്വ ഹീനതകളെ ഭൗതികപ്രത്യയശാസ്ത്രങ്ങൾക്ക് നേരിടുവാനാകുകയില്ലെന്ന ബോധ്യത്തിലാണ് ഗുരുദേവൻ ഉറച്ചുനിന്നത്. ഹിന്ദുമതത്തിനകത്തുനിന്നുകൊണ്ട്, ചാതുർവർണ്യസിദ്ധാന്തത്തിനെതിരേ നീങ്ങുവാനാകുമായിരുന്നില്ല. മതവാദത്തിന്റെയും ഭൗതികവാദത്തിന്റെയും ദാർശനികമായ ഉപരിപ്ലവതയുടെ മനഃശാസ്ത്രപരതയെ അഭിമുഖീകരിക്കണമെങ്കിൽ, കൂടുതൽ ശാസ്ത്രീയ ഉൾക്കാഴ്‌ചകൾ അനിവാര്യമായിരുന്നു. ഗുരുദേവന്റെ മതാതീത ആത്മീയദർശനം ഈ സാഹചര്യത്തിൽ നിന്നാണ് രൂപംകൊണ്ടിട്ടുള്ളത്.

ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരകാഴ്ചപ്പാട് ഇന്ന് അതിരൂക്ഷമായ ആശയസംഘർഷങ്ങളിലാണ്. മതേതരത്വത്തിന്റെ ശാസ്ത്രീയ വ്യക്തത കടംകഥപോലെതന്നെയാണ് നിലകൊള്ളുന്നത്. അതിശക്തമായ രണ്ടുതരം കാഴ്‌ചപ്പാടുകൾ ഭാരതത്തിൽ നിരന്തരം ഏറ്റുമുട്ടുന്നുണ്ട്. “Secular’ എന്ന പദത്തിന്റെ പുറകിലുള്ള മതനിരപേക്ഷതയുടെ പരിവേഷം, മതേതരത്വത്തിന്, ഭൗതികവീക്ഷണപരത നല്‌കുവാൻ, ഇടതുപക്ഷപുരോഗമന ചിന്താഗതിക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. നിർമതത്വമല്ല മതേതരത്വം ലക്ഷ്യമാക്കുന്നതെന്നുള്ള ജവഹർലാൽ നെഹ്റുവിന്റെ വിശദീകരണം മതവിശ്വാസികൾക്കു വലിയൊരു അവലംബമാണ്. മതവിശ്വാസികളും മതവിരുദ്ധരും തമ്മിലുള്ള ആശയസംഘട്ടനം മതേതരത്വമേഖലയിൽ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. മതവിശ്വാസികളിൽ തന്നെ, ഹിന്ദുത്വവാദികൾ മതേതരത്വത്തിന് ഹിന്ദുത്വവ്യാഖ്യാനങ്ങൾ നല്‌കുന്നുണ്ട്. മതങ്ങളുടെ ഘടനാ വികലതകൾക്കും ഭൗതികവാദികളുടെ മനഃശാസ്ത്രപരതയില്ലായ്‌മയ്ക്കും, മതേതരത്വവീക്ഷണത്തിന്റെ ശാസ്ത്രീയ ഉൾക്കാഴ്‌ച ഏറ്റെടുക്കുവാനാകുകയില്ല.

ഹിന്ദുത്വവർഗീയ ശക്തികൾ വർഗീയതയുടെ പ്രത്യയശാസ്ത്രപരവും മനഃശാസ്ത്രപരവുമായ ഉൾക്കാഴ്‌ചയിലൂടെ, മതേതരവിശ്വാസികളുടെ അനൈക്യം ചൂഷണം ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ അരശതാബ്ദം, മതേതരശക്തികളും വർഗീയശക്തികളും തമ്മിലുള്ള ആശയധൈഷണികപോരാട്ടങ്ങളാണ് നടന്നത്. അതിന്റെ ആത്യന്തികഫലം ഹിന്ദുവർഗീയതയുടെ താല്ക്കാലിക മുന്നേറ്റമായിരുന്നു. ഭാരതത്തിന്റെ ഭൂരിപക്ഷം മനസ്സുകളെ വർഗീയസമവാക്യങ്ങളിലൂടെ കബളിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് ഭാരതത്തിൽ വർഗീയ ശക്തികൾ നടത്തിയത്. വർഗീയശക്തികൾക്കു ലഭിച്ച രാഷ്ട്രീയ, ഭരണ മേധാവിത്വം വർഗീയതയ്ക്കു പുതിയ ദേശീയപരിവേഷം നല്കിയിരിക്കുകയാണ്. ഇത് വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിലും മതേതരലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിലും വലിയ വഴിത്തിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഭാരതത്തിലെ ഈ സാഹചര്യത്തെ, ആഗോളമതഭീകരവാദത്തിന്റെ പുതിയ ഉയർത്തെഴുന്നേല്‌പ്, കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നു. മതഭീകരതയ്‌ക്കെതിരായ പോരാട്ടം എന്ന പുതിയ ആഗോളമുദ്രാവാക്യം, മതമൗലികവാദികൾക്ക് രാജ്യസ്നേഹത്തിന്റെ വ്യാജ മുഖംകൂടി നല്കിയിട്ടുണ്ട്. മതഭീകരവാദത്തേയും മതമൗലികപ്രവണതകളേയും ഒന്നിച്ചു നേരിടുവാനുള്ള ബാധ്യത, കൂടുതൽ ഉത്തരവാദിത്വബോധത്തോടുകൂടി, ദേശസ്നേഹികൾ ഏറ്റെടുക്കേണ്ടിയിരിക്കുന്നു.|

വർത്തമാനകാലസാഹചര്യം അനിവാര്യമാക്കുന്ന മതേതരസംരക്ഷണത്തിനു വേണ്ടിയുള്ള മതേതരശക്തികളുടെ വിപുലമായ കൂട്ടായ്മയ്ക്കു ശാസ്ത്രീയ രൂപരേഖ തയ്യാറാക്കണമെങ്കിൽ, മതേതരപോരാട്ടങ്ങളുടെ വസ്‌തുനിഷ്‌ഠമായ പഠനവും സ്വയം വിമർശനവും നടത്തേണ്ടതുണ്ട്. ഹിന്ദുവർഗീയശക്തികളുടെ താല്ക്കാലിക വിജയം, സ്ഥിരപ്പെടാതിരിക്കണമെങ്കിൽ, മതേതരശക്തികൾ ഒന്നിച്ചാൽ മാത്രം മതിയാകുകയില്ല. മതേതരപോരാട്ടങ്ങളുടെ പരാജയകാരണങ്ങൾ സ്വയം മനസ്സിലാക്കുകയും, മതേതരകാഴ്ചപ്പാടും ശൈലിയും നവീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

ഈ സ്വയം വിമർശനവീഥി മതേതരവിശ്വാസികൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഗുരുദേവന്റെ മതനിഷ്‌ഠവും ഭൗതികനിഷ്ഠവുമല്ലാത്ത, സ്വതന്ത്രദാർശനികവീക്ഷണം, അതീവ പ്രസക്തിയുള്ളതായി മാറും. പുതിയൊരു ദാർശനിക മനഃശാസ്ത്ര മുന്നേറ്റത്തിലൂടെ മാത്രമേ ഇൻന്ത്യൻ മതേതരത്വം അകപ്പെട്ടിട്ടുള്ള വിഷമവൃത്തത്തിൽനിന്നും അതിനെ മോചിപ്പിക്കുവാനാകൂ. ഈ മോചനസ്വപ്നവും മോചനദൗത്യവും മതേതരവിശ്വാസികളിൽ സ്വാധീനം ചെലുത്താൻ ഇത്തരം സംവാദങ്ങളിലൂടെ കഴിയട്ടെ.

(മതേതരത്വത്തിന്റെ വെല്ലുവിളികളെക്കുറിച്ച്, തിരുവനന്തപുരത്ത് എ.കെ.ജി.സെന്ററിൽ സിപിഐ എം സംഘടിപ്പിച്ച സിമ്പോസിയത്തിൽ നടത്തിയ പ്രഭാഷണം)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × five =

Most Popular