Tuesday, September 17, 2024

ad

Homeകവര്‍സ്റ്റോറിതൊഴിൽ 
നിഷേധിക്കുന്ന 
മൂലധന വാഴ്ച

തൊഴിൽ 
നിഷേധിക്കുന്ന 
മൂലധന വാഴ്ച

ദീപക് പച്ച

‘‘നമ്മൾ പണിക്ക് പോയാൽ നമുക്ക് ജീവിക്കാം’’, രാഷ്ട്രീയ – സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ തമാശ രൂപേണയും അല്ലാതെയും പലരും പറയുന്ന വാചകമാണിത്. കഴിവിനും പ്രാപ്തിക്കും അനുസരിച്ച് പണിയെടുക്കാനുള്ള സാഹചര്യം രാജ്യത്തുണ്ടോ എന്ന ചോദ്യം അധികമാരും ചോദിക്കാറില്ല.

ബഹുഭൂരിപക്ഷം മാതാപിതാക്കളുടെയും ജീവിതത്തിലെ പ്രധാന ആശങ്കകളിൽ ഒന്ന് തങ്ങളുടെ മക്കൾക്ക് മാന്യമായ വേതനവും തൊഴിൽ പരിസരവും ഉള്ള ഒരു ജോലി കിട്ടുമോ എന്നതാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയാൽ പോലും അതിനനുസരിച്ചുള്ള തൊഴിൽ നേടാനുള്ള സാഹചര്യം ഇന്ന് ഈ രാജ്യത്തില്ല എന്നത് ഈ ആശങ്കയെ കൂടുതൽ ബലപ്പെടുത്തിയിരിക്കുകയാണ്. എന്തെങ്കിലുമൊരു തൊഴിലല്ല, “മാന്യമായൊരു തൊഴിൽ” തന്നെ വേണം, കാരണം അതു മനുഷ്യന്റെ അന്തസ്സിനെ തന്നെ നിർണ്ണയിക്കുന്ന ഒന്നാണ്. എന്നാൽ വർഷം കഴിയുംതോറും രാജ്യത്തെ തൊഴിൽ രഹിതരുടെ എണ്ണം കൂടി വരുന്നതല്ലാതെ തൊഴിലില്ലായ്മ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽ സാധിക്കുന്നില്ല.

1. പകർച്ചവ്യാധിപോലെ പടരുന്ന തൊഴിലില്ലായ്മ
രാജ്യത്തെ തൊഴിലില്ലായ്മ അളക്കുന്ന പലവിധ ഏജൻസികളിൽ ഏറ്റവും മെച്ചപ്പെട്ടത് മാസംതോറും തൊഴിലില്ലായ്മ കണ്ടെത്തുന്ന സിഎംഐഇയുടെ കണക്കുകളാണ്. വ്യാപകമായി ഉപയോഗിക്കുന്ന പീരിയോഡിക് ലേബർ സർവ്വേയിലെ നിർവചനങ്ങളിൽ ചില പ്രശ്നങ്ങൾ ഉള്ളതിനാൽ തൊഴിലില്ലായ്മ ചില ഘട്ടങ്ങളിൽ കൃത്യമായി പ്രതിഫലിക്കാറില്ല. ഇതിവിടെ സൂചിപ്പിക്കാൻ കാരണം, തെറ്റായ കണക്കുകൾ സൂചിപ്പിച്ചും, നിർവചനങ്ങൾ മാറ്റിയും തൊഴിലില്ലായ്മ മറച്ചു വയ്ക്കാൻ കേന്ദ്ര സർക്കാർ കാലങ്ങളായി ശ്രമിക്കുന്നുണ്ട് (പീപ്പിൾസ് ഡെമോക്രസി 2024 മെയ് 7ന് പ്രസിദ്ധീകരിച്ച പ്രഭാത് പട്നായക്കിന്റെ ലേഖനം വായിക്കാം) എന്നു ചൂണ്ടിക്കാട്ടനാണ്.

സിഎംഐഇയുടെ കണക്കുകൾ പ്രകാരം ഈ വർഷം മാർച്ചിൽ തൊഴിലില്ലായ്മ നിരക്ക് 7.4% ആയിരുന്നത് ഏപ്രിൽ മാസത്തിൽ 8.1 % ആയി ഉയർന്നു. ഇതേ കാലയളവിൽ തൊഴിൽ പങ്കാളിത്ത നിരക്ക് 41.1 % ത്തിൽ നിന്നും 40.9 % ആയി കുറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തെ തൊഴിലില്ലായ്മ നിരക്കാണ് ഗ്രാഫ് 1 ൽ കൊടുത്തിരിക്കുന്നത്.

കേന്ദ്ര സർക്കാർ അംഗീകരിക്കുന്ന പീരിയോഡിക് ലേബര്‍ സര്‍വ്വേ അനുസരിച്ച് ഏറ്റവും ഒടുവില്‍ 2022ൽ ഗ്രാമീണ മേഖലയില്‍ 6 ശതമാനവും നഗരമേഖലയില്‍ 8.3 ശതമാനവും ആണ് തൊഴിലില്ലായ്മ നിരക്ക്. ഇതില്‍ കൗതുകരമായ ഒരു കാര്യം ഗ്രാമീണ മേഖലയില്‍ വർഷം 30 ദിവസമെങ്കിലും കാര്‍ഷിക മേഖലയിലോ മറ്റോ ഒരാള്‍ കൂലിപ്പണി ചെയ്താല്‍പോലും അയാളെ തൊഴിലുള്ള ഒരാളായാണ് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ അടയാളപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ, പ്രഭാത്‌ പട്നായക്കിനെ പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍  രാജ്യത്തെ ജനങ്ങളുടെ പ്രതിശീര്‍ഷഭക്ഷ്യധാന്യ ഉപഭോഗത്തിന്റെ കണക്കാണ് തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട കൃത്യമായ സൂചനകള്‍ നല്‍കുവാൻ കുറേക്കൂടി ഉപകാരപ്പെടുക ( Measuring Unemployment Trends in India by Prabhat Patnaik  published in People’s Democracy on October 17, 2021). രാജ്യത്ത് ഭക്ഷ്യ ധാന്യങ്ങളുടെ ഉല്‍പ്പാദനം കുറയുന്ന സ്ഥിതി ഇല്ലാത്തതിനാല്‍ പ്രതിശീര്‍ഷ ഭക്ഷ്യ ധാന്യ ഉപഭോഗം കുറയുന്നു എന്നത് സാധാരണ ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയുന്നതിന്റെ അടയാളമാണ്. രാജ്യത്ത് നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ആരംഭിക്കുന്നതിനു തൊട്ടു മുന്‍പുള്ള 1989–-91 കാലത്തെ ശരാശരി വാര്‍ഷിക പ്രതിശീര്‍ഷ ഭക്ഷ്യ ധാന്യ ഉപഭോഗം 180.2 കിലോഗ്രാം ആയിരുന്നു. എന്നാല്‍ മഹാമാരിക്ക് തൊട്ടു മുന്‍പുള്ള 2016-–18 കാലത്ത് ഇത് 178.7 കിലോഗ്രാമായി കുറഞ്ഞു. നേരത്തെ ഇന്ത്യന്‍ നാഷണല്‍ കൊൺഗ്രസ്സും ഇപ്പോള്‍ ബി.ജെ.പി യും തുടരുന്ന സാമ്പത്തിക നയങ്ങള്‍ ഈ രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നതിന്റെ തെളിവാണിത്.

അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എംപ്ലോയ്-മെന്റ് കഴിഞ്ഞ വർഷം പുറത്തിറക്കിയ ‘സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2023′ റിപ്പോർട്ട് കണ്ടെത്തിയ വിവരങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. 2021-–22 ല്‍ ഇന്ത്യയിലെ 25 വയസ്സിന് താഴെയുള്ള ബിരുദധാരികളില്‍ 42 ശതമാനത്തിലധികം പേരും തൊഴിലില്ലാത്തവരായിരുന്നു എന്നാണ് ആ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഇതേ റിപ്പോർട്ട് പ്രകാരം ഹയര്‍സെക്കന്‍ഡറി അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞവരില്‍ 22% പേരാണ് തികച്ചും തൊഴില്‍ രഹിതര്‍. ഇതില്‍ നിന്നും വളരെ പെട്ടെന്ന് മനസ്സിലാക്കാവുന്ന ഒരു കാര്യം കേവലം ബിരുദ വിദ്യാഭ്യാസമുള്ള ഒരാള്‍ക്കുപോലും യോജിച്ചത് എന്നു പറയാവുന്ന ശമ്പളമുള്ള തൊഴിലുകള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നേയില്ല എന്നതാണ്. നഗരങ്ങളില്‍ ഭക്ഷണ വിതരണം പോലുള്ള ജോലികൾ ഓൺലൈൻ/പ്ലാറ്റ്‌ഫോം മേഖലയിലും, ഗ്രാമങ്ങളിൽ കാർഷിക അനുബന്ധ മേഖലകളിലും മറ്റുമുണ്ടാകുന്ന യാതൊരു സാമൂഹ്യ സുരക്ഷയും ഇല്ലാത്ത, കുറഞ്ഞ വരുമാനം മാത്രം ലഭ്യമാകുന്ന ശകലീകൃത ജോലികള്‍ മാത്രമാണ് രാജ്യത്തെ യുവജനങ്ങള്‍ക്ക് നിലവിൽ ലഭ്യമാകുന്നത്. തൊഴിലുമായി ബന്ധപ്പെട്ട ‘അപ്‌വാര്‍ഡ് മൊബിലിറ്റി’ (പുതിയ തലമുറയെങ്കിലും കൂടുതൽ മെച്ചപ്പെട്ട ജീവിത നിലവാരത്തിലോട്ട് മാറുന്ന രീതി ) അതി സങ്കീര്‍ണ്ണമായിരിക്കുന്നു എന്നുകൂടി വേണം കാണാൻ. സ്റ്റേറ്റ് ഓഫ് ഇന്ത്യ വര്‍ക്കിങ് റിപ്പോർട്ട് ഇതുമായി ബന്ധപ്പെട്ടു നല്‍കുന്ന കണക്കുകള്‍ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഉദാഹരണത്തിന് സാധാരണ കൂലിവേല ചെയ്തു ജീവിക്കുന്ന ആളുകളുടെ അടുത്ത തലമുറയിൽ ഏതാണ്ട് 72 ശതമാനം പേരും ഇതേപോലെയുള്ള താല്‍ക്കാലിക, അനൗപചാരിക കൂലിത്തൊഴിലുകള്‍ ചെയ്യുന്നവരായി തന്നെയാണ് മാറുന്നത്. ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളില്‍ രക്ഷിതാക്കളെപ്പോലെ കൂലിത്തൊഴില്‍ തന്നെ ചെയ്യുന്ന രണ്ടാം തലമുറയുടെ നിരക്ക് ഇതിനേക്കാൾ കൂടുതല്‍ ആണെന്നും കാണാം. ചുരുക്കിപ്പറഞ്ഞാല്‍ വിദ്യാഭ്യാസവും തൊഴിലെടുക്കാനുള്ള സന്നദ്ധതയും കൊണ്ടുമാത്രം മെച്ചപ്പെട്ട തൊഴില്‍ മേഖലകളിലേക്ക് ചേക്കേറി തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താമെന്ന യുക്തിയ്ക്ക് അനുസരിച്ചല്ല നമ്മുടെ രാജ്യത്തെ ജീവിത യാഥാർഥ്യം.

ഗ്രാഫ് 2 ൽ കൊടുത്തിരിക്കുന്നത് 2016 മുതൽ 2022 വരെയുള്ള രാജ്യത്തെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കാണ്. 2016–-17 ൽ 15 ശതമാനത്തിനടുത്തുണ്ടായിരുന്ന സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് ഒന്നാം മോദി ഭരണം പിന്നിട്ട് 2022–-23 ൽ എത്തിയപ്പോഴേക്കും 9 ശതമാനത്തിനും താഴേക്കുപോയി. ലോകത്ത് ഏറ്റവും കുറഞ്ഞ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തമുള്ള രാജ്യങ്ങളിൽ ഒന്നാണ് നമ്മുടെ ഇന്ത്യ. സ്ത്രീകൾ തൊഴിൽ സേനയിൽ നിന്നു പിന്മാറുന്ന പ്രവണത വർധിച്ചുവരുന്നത് ആശങ്കാജനകമാണ്. 15 മുതൽ 40 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളിൽ 51 ശതമാനം പേരും ഉൽപ്പാദനക്ഷമമായ ജോലിക്ക് പുറത്തുള്ളവരും വീട്ടുജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുമാണ്. കൃഷിയിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഗ്രാമീണ സ്ത്രീത്തൊഴിലാളികളുടെ എണ്ണവും കുറഞ്ഞുവരികയാണ്. എന്നാൽ ഇപ്പോഴും, ഗ്രാമീണ സ്ത്രീകളിൽ 70 ശതമാനവും കൃഷിയെ ആശ്രയിക്കുന്നവരാണ്. കാർഷിക പ്രതിസന്ധി ഈ സ്ത്രീകളുടെ തൊഴിലവസരങ്ങളെ ഏറെ പ്രതികൂലമായി ബാധിച്ചതായി കാണാം.

ഈ ഘട്ടത്തിലാണ് മാതൃകാ തൊഴില്‍ദാതാവ് എന്ന നിലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിയമന നിരോധന നടപടികളുടെ ദ്രോഹം വിലയിരുത്തേണ്ടത്. റെയില്‍വേ അടക്കം ഒട്ടുമിക്ക കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് ഒഴിവാണ് നിയമനം നടത്താതെ മാറ്റിവെച്ചിരിക്കുന്നത്. അഗ്‌നി വീര്‍ പദ്ധതി കൊണ്ടുവന്ന് സൈനിക മേഖലയില്‍ അടക്കം തൊഴിലുകള്‍ കരാര്‍വല്‍ക്കരിച്ചു. 2021–-22-ല്‍ രാജ്യത്തെ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളിലേക്കും ഒറ്റ നിയമനം പോലും നടത്തിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റ ഒഴിവിലേക്കുപോലും ഒരു സാമ്പത്തിക വര്‍ഷം രാജ്യത്തെ സൈന്യത്തിലേക്ക് പുതുതായി ആളെ എടുക്കാതെ പോയത്. കോവിഡ് കാരണമാണെന്ന് ഇക്കാര്യത്തില്‍ വിശദീകരണം നടത്തിയ സര്‍ക്കാര്‍ കോവിഡിനു ശേഷം ഒരു ലക്ഷം പേര്‍ക്ക് ഒറ്റയടിക്ക് സൈന്യത്തിലേക്ക് നിയമനം നല്‍കുമെന്ന് പിന്നീട് പ്രഖ്യാപിച്ചെങ്കിലും അതും പാഴ് വാക്കായി. 2022 ഡിസംബര്‍ 15 വരെയുള്ള കണക്കനുസരിച്ച് കരസേനയിലെ സര്‍വീസ് പേഴ്‌സണല്‍ വിഭാഗത്തില്‍ 1,26,359 പേരുടെയും സിവിലിയന്‍ വിഭാഗത്തില്‍ 38,169 പേരുടെയും ഒഴിവുള്ളതായി പ്രതിരോധ സഹമന്ത്രി അജയ്ഭട്ട് തന്നെ വ്യക്തമാക്കിയിരുന്നു. മന്ത്രി തന്നെ വ്യക്തമാക്കിയ കണക്കനുസരിച്ച് സേനകളിലെല്ലാം കൂടി 1,97,139 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇത്തരത്തില്‍ ഒരു സാഹചര്യം മുമ്പ് ഒരിക്കലും കേട്ടിട്ടില്ലാത്തതാണ്. സൈന്യങ്ങള്‍ കഴിഞ്ഞാല്‍ യുവാക്കള്‍ പ്രതീക്ഷ പുലര്‍ത്തുന്ന മറ്റൊന്നാണ് അര്‍ധ സൈനിക വിഭാഗങ്ങള്‍. നിയമനത്തിന്റെ കാര്യത്തില്‍ അവിടെയും സ്ഥിതി വ്യത്യസ്തമല്ല. 2023 ഏപ്രില്‍ അഞ്ചുവരെയുള്ള കണക്കനുസരിച്ച് 85,292 ഒഴിവുകളാണ് അര്‍ധസൈനിക വിഭാഗങ്ങളിലുള്ളത്. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിലാണ് (സി.ആര്‍.പി.എഫ്.) ഏറ്റവും കൂടുതല്‍ – 29,756. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (ബി.എസ്.എഫ്.) 20,963 ഒഴിവാണുള്ളത്. മറ്റ് വിഭാഗങ്ങളിലെ ഒഴിവുകള്‍: അസം റൈഫിള്‍സ് – 4,393, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്.) 16,370, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി.) 5400, സശസ്ത്ര സീമാബല്‍ (എസ്.എസ്.ബി.) 8,410. കേന്ദ്രസര്‍ക്കാരിന്റെ തന്നെ മറ്റൊരു വിഭാഗമായ ഡല്‍ഹി പോലീസിലും പതിനായിരത്തിലധികമാണ് നിലവിലുള്ള ഒഴിവുകള്‍.

കേന്ദ്ര സർക്കാരിന്റെ മറ്റു പൊതുവകുപ്പുകളിലെ ഒഴിവുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ കേന്ദ്ര സഹമന്ത്രി ജിതേന്ദ്രസിങ് അറിയിച്ചത്, 2018 മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം 6.83 ലക്ഷം ഒഴിവുണ്ടെന്നാണ്.  നിലവിലെ ഒഴിവുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2019, 2020 വര്‍ഷങ്ങളില്‍ ലക്ഷത്തിലേറെ പേര്‍ വിരമിച്ചിട്ടുണ്ട്.   ഇതിലൊന്നും നിയമനം നടത്തിയിട്ടില്ല.   റവന്യൂവകുപ്പില്‍ പകുതിയോളം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. പ്രതിരോധ (സിവില്‍), ആരോഗ്യ വകുപ്പുകളില്‍ 30 ശതമാനം വീതവും തപാല്‍ വകുപ്പില്‍ 25 ശതമാനവും റെയില്‍വേയില്‍ 20 ശതമാനവും ആഭ്യന്തരവകുപ്പില്‍ 10 ശതമാനവും ഒഴിവുണ്ട്. മൂന്നരലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കുന്ന റെയില്‍വേയില്‍ നിയമനം പൂര്‍ണമായും നിരോധിച്ച് അടുത്ത കാലത്ത് ഉത്തരവിറക്കി.  ഇതര വകുപ്പുകളില്‍ ശരാശരി 25 ശതമാനം തസ്തികകളില്‍ നിയമനമില്ല. രാജ്യത്തെ എല്ലാ ഡിപ്പാർട്ട്മെന്റുകളിലും കുറഞ്ഞത് അഞ്ചില്‍ ഒന്നുവീതം തസ്തിക ഒഴിഞ്ഞുകിടക്കുകതന്നെയാണ്. ഇതിനിടെ കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഇറക്കിയ ഒരു ഉത്തരവിൽ പറയുന്നത് ഒരു വർഷത്തിൽ കൂടുതൽ ഒരു തസ്തിക ഒഴിഞ്ഞു കിടന്നാൽ ആ തസ്തിക തന്നെ നിലവിലില്ലാത്തതായി കണക്കാക്കാം എന്നാണ്. ഇങ്ങനെ വിവിധ വകുപ്പുകളിലായി പന്ത്രണ്ട് ലക്ഷത്തിലേറെ കേന്ദ്ര സർക്കാർ സർവീസിൽതന്നെ ഒഴിവുകള്‍ നിലവിലുണ്ട്. അതാകട്ടെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകൾ കണക്കിലെടുക്കാതെയാണ് എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. കേന്ദ്ര ഗവൺമെന്റ്  ആവേശത്തോടെ നടപ്പിലാക്കുന്ന  പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം തൊഴിലവസരം ഇനിയും  വന്‍തോതില്‍ ഇല്ലാതാക്കും. പൊതുമേഖലാസ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ അധികമാണെന്നാണ് മോദിസര്‍ക്കാരിന്റെ ‘കണ്ടെത്തല്‍’. സ്വകാര്യമേഖലയില്‍ നടക്കുന്ന നിയമനങ്ങളില്‍ സംവരണം ഉള്‍പ്പെടെ ബാധകമാകില്ല എന്നതുകൊണ്ട് തന്നെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമന നിരോധനം രാജ്യത്തെ സാമൂഹ്യനീതിയെ കൂടിയാണ് അട്ടിമറിക്കുന്നത്. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, യു.പി.എസ്.സി എന്നീ റിക്രൂട്ട്മെന്റ് ഏജന്‍സികളെ അപ്രസക്തമാക്കുന്ന സാഹചര്യമാണ് രൂപംകൊള്ളുന്നത്. ഈ നിയമന ഏജന്‍സികളിലെ ഒഴിവുകളും നികത്തുന്നില്ല.

ഉള്ള തൊഴിലുകൾ പോലും ഇല്ലാതാക്കുന്ന മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായ പല പ്രതിഷേധങ്ങളും നടന്നിട്ടുണ്ട്. മിലിട്ടറിയിലെ കരാർ വൽക്കരണം ലക്‌ഷ്യം വച്ചുകൊണ്ടുവന്ന അഗ്നിപഥ് സ്കീമിനെതിരെ ഉത്തരേന്ത്യയിൽ വലിയ സമരങ്ങളാണ് നടന്നത്. 2022 റിപ്പബ്ലിക് ദിനത്തില്‍ RRB-NTPC (Railway Recruitment Board’s Non-Technical Popular Categories) പരീക്ഷയുമായി ബന്ധപ്പെട്ടു ഉദ്യോഗാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ ആളിപ്പടര്‍ന്ന സമരം  നാം കണ്ടതാണ്. ഏറ്റവും ഞെട്ടിക്കുന്ന വസ്തുത ലെവല്‍ 2 മുതല്‍ ലെവല്‍ 6 വരെയുള്ള തസ്തികകളിലെ 35,000 ഒഴിവുകളിലേ ക്കായി റെയില്‍വേ ബോര്‍ഡ് 2020-–21 വര്‍ഷങ്ങളിലായി അപേക്ഷ ക്ഷണിച്ച പരീക്ഷയ്ക്ക് അപേക്ഷിച്ചത് 1.25 കോടി ചെറുപ്പക്കാരാണ് എന്നതാണ്. റെയില്‍വേ മന്ത്രിയായിരുന്ന പിയൂഷ് ഗോയല്‍ 2019 ലോക്-സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായി റെയില്‍വേയില്‍ നാലു ലക്ഷം ഒഴിവുകള്‍ രണ്ടു വര്‍ഷം കൊണ്ട് നികത്തുമെന്ന് പറഞ്ഞിരുന്നു. ഇതിനായി അപേക്ഷിച്ച 2.42 കോടി അപേക്ഷകരില്‍ നിന്നായി പരീക്ഷാ ഫീസായി ഏതാണ്ട് 1200 കോടി രൂപയോളം സമാഹരിച്ചിരുന്നു. എന്നാല്‍ കാര്യമായ  യാതൊരുവിധ നിയമനവും നടത്താതെ ഉദ്യോഗാര്‍ഥികളെ സർക്കാർ കബളിപ്പിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.   അതേ സമയം തൊഴിലില്ലാത്തതിനാൽ ഈ സമരങ്ങൾക്കൊന്നും മുതിരാതെ ജീവിതം അവസാനിപ്പിക്കുന്നവരും ഉണ്ടെന്നത് ഞെട്ടിക്കുന്നതാണ്. 2018 നും 2022 നുമിടയിൽ രാജ്യത്ത് തൊഴിലില്ലായ്മ കാരണം 25,231 യുവജനങ്ങൾ ആത്മഹത്യ ചെയ്തു എന്നാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

2. തൊഴിൽ രഹിത വളർച്ചയുടെ 
നിയോലിബറൽ കാലം
1981 ൽ ഇന്ദിരാഗാന്ധി ഐഎംഎഫുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകളെ പിന്തുടർന്നതിന്റെ ഫലമായി രാജ്യത്തിന് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടതായിവന്നു. ഈ പ്രതിസന്ധി മറികടക്കാൻ നരസിംഹറാവു മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന മൻമോഹൻ സിങ് മുന്നോട്ടുവച്ച പരിഹാരം ഐഎംഎഫിൽ നിന്നു തന്നെ വീണ്ടും വായ്പ സ്വീകരിച്ചുകൊണ്ട് അതിന്റെ വ്യവസ്ഥകളിൽ പറയുന്ന നിയോലിബറൽ നയങ്ങൾ നടപ്പാക്കുക എന്നതായിരുന്നു. ഇതിനെ തുടർന്ന് വ്യാപാര നിയന്ത്രണങ്ങൾ എടുത്തു കളയുക, വില നിയന്ത്രണങ്ങൾ ഒഴിവാക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുക, വിദ്യാഭ്യാസവും ആരോഗ്യവും പോലെയുള്ള സാർവത്രികമായി ലഭിക്കേണ്ട സേവനങ്ങൾ സ്വകാര്യവൽക്കരിക്കുക, കോർപ്പറേറ്റുകൾക്ക് നൽകിയ നികുതി ഇളവു മൂലം വന്ന സാമ്പത്തിക നഷ്ടം നികത്താൻ പൊതു നിക്ഷേപങ്ങളിൽ നിന്നു പിൻമാറുക, സാമൂഹ്യ ക്ഷേമപദ്ധതികൾ വെട്ടിക്കുറയ്ക്കുക തുടങ്ങിയ നയങ്ങൾ ശക്തമായി നടപ്പിലാക്കപ്പെട്ടു. ഈ സ്വകാര്യവൽക്കരണ നയങ്ങൾ ആഭ്യന്തര വ്യവസായങ്ങൾക്കിടയിൽ കൂടുതൽ മത്സരത്തിന് അവസരമൊരുക്കുമെന്നും അതുവഴി കയറ്റുമതി കൂടുമെന്നും ഇതിന്റെ ഭാഗമായി സാമ്പത്തിക വളർച്ചയും അതിനെത്തുടർന്ന് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് നിയോലിബറൽ പക്ഷപാതികൾ തുടക്കം മുതൽ വാദിച്ചിരുന്നത്. നിയോലിബറൽ സാമ്പത്തിക നയങ്ങൾ ഇന്ത്യൻ ജനതയ്ക്ക് നൽകിയ ദുരിതങ്ങളെ കുറിച്ച് വിശദീകരിക്കുമ്പോൾ ഇപ്പോഴും ഇക്കൂട്ടർ ചൂണ്ടിക്കാണിക്കുന്നത് ഈ കാലയളവിൽ രാജ്യത്തുണ്ടായ ജി.ഡി.പി യിലെ വളർച്ചയാണ്. എന്നാൽ ഈ കാലം തൊഴിലില്ലായ്മയുടെയും അസമത്വത്തിന്റെയും വളർച്ചയുടെ കാലമാണ് എന്നതാണ് യാഥാർഥ്യം.

ലോകബാങ്കിന്റെ കണക്കുപ്രകാരം 1991 മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ സാമ്പത്തിക വളർച്ച ശരാശരി 5.5 ശതമാനം ആയിരുന്നെങ്കിൽ 2004 -– 2013 കാലഘട്ടത്തിൽ അത് ശരാശരി 6.8 ശതമാനം ആയിരുന്നു. എന്നാൽ 2014-–2022 വരെയുള്ള കാലയളവിൽ ഇതു വീണ്ടും 5.6 ശതമാനമായി കുറഞ്ഞതായിക്കാണാം. മോദി സർക്കാർ നടപ്പിലാക്കിയ 2016 ലെ നോട്ടുനിരോധനവും കോവിഡ് കാലഘട്ടവും എല്ലാം വളർച്ചയിലെ ഈ പിന്നോട്ട് പോക്കിന് കാരണമാണ്. എഴുപതുകളിലെ ശരാശരി വളർച്ചയായ 3.1 % വുമായി താരതമ്യം ചെയ്യുമ്പോൾ ഈ വളർച്ച കൂടുതലാണെന്നു കാണാം. പക്ഷേ ആഭ്യന്തര വളർച്ച കൂടി എന്നതുകൊണ്ട് തൊഴിലില്ലായ്മ കുറഞ്ഞെന്നോ പട്ടിണിയും ദാരിദ്യ്രവും മാറിയെന്നോ അർത്ഥമില്ല.

ഈ വളർച്ച തൊഴിൽ രഹിതമായ വളർച്ചയാണ് എന്നത് പ്രത്യേകം മനസ്സിലാക്കേണ്ട ഒന്നാണ്. ലോകത്ത് ആകെ സാങ്കേതിക വിദ്യയിലും ഉൽപ്പാദന പ്രക്രിയയിലും ഉണ്ടായ മാറ്റങ്ങൾ കാരണം കുറച്ച് തൊഴിലാളികളെക്കൊണ്ടുതന്നെ കൂടുതൽ ഉൽപ്പാദനം സാധ്യമാകുന്ന സ്ഥിതി കൈവന്നതുകൊണ്ട് തന്നെ ഉൽപ്പാദനം കൂടിയെങ്കിലും അതിനനുസരിച്ചുള്ള തൊഴിൽ അവസരങ്ങൾ കൂടിയില്ല. 1990 മുതൽ 2021 വരെയുള്ള കാലയളവിൽ രാജ്യത്തെ ആഭ്യന്തര ഉൽപ്പാദനത്തിൽ കാർഷിക, നിർമ്മാണ, സേവന മേഖലകളുടെ സംഭാവനകളുടെ പങ്കാണ് മുകളിൽ കൊടുത്ത ഗ്രാഫ് 3 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ രാജ്യത്ത് നിലവിൽ സേവന മേഖലയാണ് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 50% വഹിക്കുന്നത്. എന്നാൽ ഈ മേഖലയിൽ മൊത്തത്തിലുള്ള തൊഴിലാളികളുടെ 30-–35ശതമാനം പേർ മാത്രമാണ് ജോലിയെടുക്കുന്നത്. പ്രാഥമിക മേഖലയായ കൃഷിയുടെയും അനുബന്ധ മേഖലകളുടെയും പങ്ക് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 16 –- 17 ശതമാനം മാത്രമാണെങ്കിലും ഏകദേശം 50 ശതമാനം പേർ തൊഴിലെടുക്കുന്നത് ഈ മേഖലയിലാണ്.

നിയോലിബറൽ നയങ്ങൾ കൃഷിയെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും തകർക്കുകയാണ് ചെയ്തത്. സബ്‌സിഡികൾ വെട്ടിക്കുറച്ചപ്പോൾ രാസവളങ്ങൾ, കീടനാശിനികൾ, വായ്പ, ഊർജ്ജം, ഗതാഗതം എന്നിവയുൾപ്പെടെയുള്ള ചെലവുകൾ വർദ്ധിക്കുകയും ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്തതോടുകൂടി കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച ഉണ്ടാവുകയും ചെയ്തു. ഇതോടൊപ്പം തന്നെ കാർഷിക-അനുബന്ധ പ്രവർത്തനങ്ങൾക്കുള്ള ബാങ്കിന്റെയും സഹകരണ വായ്പയുടെയും ലഭ്യത കുറയുകയും ചെലവ് വർദ്ധിക്കുകയും ചെയ്തു. വികസന ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, കാർഷിക വിപുലീകരണം, കാർഷിക ഗവേഷണം, കാർഷിക വളർച്ചയ്ക്ക് നിർണായകമായ ജലസേചന വികസനം എന്നിവയെല്ലാം ദുർബലപ്പെട്ടു.ഇതിന്റെയൊക്കെ ഫലമായി 1994-–95 നും 2004–-05 നും ഇടയിൽ കാർഷിക, ഭക്ഷ്യ ധാന്യങ്ങളിലെ വാർഷിക വളർച്ച നിരക്ക് 0.6% മാത്രമായി കുറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം കണ്ട ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. കാർഷിക മേഖലയിലെ ചെറുകിട ഉല്‍പാദന യൂണിറ്റുകളും കൂടി തകർന്നപ്പോൾ ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനത്തെയാണ് ഇതു ബാധിച്ചത്. 1995 ന് ശേഷം ഏകദേശം 4 ലക്ഷം കർഷകരാണ് നമ്മുടെ രാജ്യത്ത് കാർഷിക പ്രതിസന്ധിയുടെ ഭാഗമായി ആത്‍മഹത്യ ചെയ്യേണ്ട സ്ഥിതിയിൽ എത്തിയത്. ഇന്ത്യയുടെ സെൻസസ് പ്രകാരം 1991 നും 2011 നും ഇടയ്ക്ക് കൃഷിക്കാരുടെ എണ്ണത്തിൽ 1.5 കോടിയുടെ ഇടിവുണ്ടായിട്ടുണ്ട്. ചുരുക്കത്തിൽ നിയോലിബറൽ സാമ്പത്തിക നയങ്ങളുടെ ഭാഗമായി നേരത്തെ കാർഷികവൃത്തിയെ ആശ്രയിച്ചിരുന്ന നല്ലൊരു ശതമാനം ഗ്രാമീണ ജനത തൊഴിൽ രഹിതരായി.

ഓരോ തൊഴിൽ മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ ജനസംഖ്യാനുപാതം 1971–-2011 വരെയുള്ള കാലയളവിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് പട്ടിക 1 ൽ കാണാം. വികലമായ പുത്തൻ സാമ്പത്തിക നയങ്ങൾ കർഷകരെ മാത്രമല്ല ചെറുകിട ഉൽപ്പാദകരെയും തൊഴിലാളി വൽക്കരിക്കരിച്ചു. എന്നാൽ ഈ പുത്തൻ തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ ആവശ്യമായ അത്രയും തൊഴിൽ ഈ സാമ്പത്തിക നയം സൃഷ്ടിച്ചതുമില്ല. ഇതു നല്ലൊരു ശതമാനം തൊഴിൽ അന്വേഷകരെയും തൊഴിൽ ഇല്ലാത്തവരാക്കി എന്നു മാത്രമല്ല തൊഴിലില്ലാപ്പടയുടെ വലിപ്പം കൂടിയതിനാൽ കുറഞ്ഞ കൂലിക്ക് പണിയെടുക്കാൻ തൊഴിലാളികളെ നിർബന്ധിക്കാൻ മുതലാളിമാർക്ക് അവസരം കൊടുക്കുകയും ചെയ്തു.

പുത്തൻ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിനുമുമ്പുള്ള പതിറ്റാണ്ടിൽ തൊഴിലവസരങ്ങൾ വളർന്ന നിരക്കിലും കുറവാണ് അതിന് ശേഷം ഉണ്ടായ വളർച്ച എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റിസർവ് ബാങ്ക് കണക്കുകൾ അനുസരിച്ച് 1980-–81 മുതൽ 1990-–91 വരെയുള്ള കാലഘട്ടത്തിൽ പ്രതിവർഷം 2.02% നിരക്കിൽ (ഏതാണ്ട് ജനസംഖ്യാ വർദ്ധനവിന് ഒപ്പം തന്നെ) തൊഴിലവസരങ്ങൾ വളർന്നിരുന്നു. എന്നാൽ പരിഷ്‌കാരങ്ങൾ നടപ്പാക്കിയതിനു ശേഷം മൂന്നു പതിറ്റാണ്ടുകളിൽ തൊഴിൽ ലഭ്യത പ്രതിവർഷം കൂടിയത് വെറും 1.04% മാത്രമാണ്. 2010നു ശേഷം പുതിയ തൊഴിലവസരങ്ങൾ ഏതാണ്ട് ഇല്ലാതാകുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.

ഇക്കാര്യം കൂടുതൽ വ്യക്തതയോടെ മനസിലാക്കാൻ നമുക്ക് പട്ടിക-2 ൽ കൊടുത്തിരിക്കുന്ന തൊഴിൽ വളർച്ചയുടെയും ആഭ്യന്തര ഉൽപ്പാദന വളർച്ചയുടെയും അനുപാതമായ തൊഴിലില്ലായ്മയുടെ ഇലാസ്തികത എന്ന സൂചിക പരിശോധിക്കാം. 1970 കളിൽ ഈ സൂചിക 0.5 ശതമാനം ആയിരുന്നെങ്കിൽ നിയോലിബറലിസം രണ്ടു ദശകങ്ങൾ പിന്നിട്ട് രണ്ടാം യു.പി.എ കാലം എത്തുമ്പോഴേക്കും ഇത് 0.04 ശതമാനം എത്തിയിരുന്നു. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ട കാര്യം ആഭ്യന്തര വളർച്ച നിരക്ക് ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരുടെ ജീവിതത്തിൽ ക്ഷേമകരമായ ഒന്നും നൽകിയില്ല എന്നതാണ്. അതേ സമയം ഈ കാലയളവിൽ പൊതുമേഖലയിലെ നിക്ഷേപത്തിൽ നിന്നും പിന്മാറിയത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. അഴിമതിക്ക് പുറമെ ഈ പുത്തൻ സാമ്പത്തിക നയങ്ങൾ നൽകിയ തൊഴിലില്ലായ്മയും, ദാരിദ്യ്രവുമാണ് യു.പി.എ യ്ക്ക് നേരെ ജനരോഷമുയരാൻ കാരണമായതും മോദിയുടെ അധികാര ആരോഹണത്തിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചതും.

3. തൊഴിൽ രഹിതരുടെ ‘മേക് ഇൻ ഇന്ത്യ’ കാലം
മോദി സർക്കാർ കൊണ്ടുവന്ന കോർപ്പറേറ്റ് അനുകൂല കാർഷിക നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തിയ ഘട്ടത്തിൽ മാധ്യമ പ്രവർത്തകനായ പി.സായ്‌നാഥ് പറഞ്ഞ ” ഉത്തേജക മരുന്നടിച്ച കോൺഗ്രസ്സാണ് ബിജെപി’ എന്ന വാചകം ശ്രദ്ധേയമായ ഒന്നായിരുന്നു. യു.പി.എ സർക്കാർ നടപ്പിലാക്കിയ അതേ സാമ്പത്തിക നയങ്ങൾ കൂടുതൽ തീവ്രതയോടെ നടപ്പാക്കുകയാണ് കഴിഞ്ഞ പത്തു വർഷമായി മോദി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്യ്രവും രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ ഘട്ടവുമാണിത്.

2014 ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്ന ഉടനെ വലിയ പ്രചാരണം നൽകി ആരംഭിച്ച ക്യാമ്പയിൻ ആയിരുന്നു “മേക് ഇൻ ഇന്ത്യ’. രാജ്യത്തെയും വിദേശത്തെയും കമ്പനികളെ ഇന്ത്യയിൽ മാനുഫാക്ചറിങ് വ്യവസായത്തിന് പ്രേരിപ്പിക്കുക അതുവഴി മാനുഫാക്ചറിങ് വ്യവസായ മേഖലയുടെ വളർച്ച നിരക്ക് പ്രതിവർഷം 12-–14ശതമാനം എത്തിക്കും എന്നതായിരുന്നു പ്രഖ്യാപനം. 2022 ഒാടുകൂടി നിർമ്മാണ വ്യവസായമേഖലയിൽ മാത്രം പുതിയ പത്തു കോടി തൊഴിലവസരങ്ങളുണ്ടാക്കുമെന്നും ഈ മേഖലയുടെ സംഭാവന രാജ്യത്തിന്റെ ജി.ഡി.പി യിൽ 25 ശതമാനം ആക്കി വർദ്ധിപ്പിക്കുമെന്നുമായിരുന്നു പ്രചാരണം. എന്നാൽ പദ്ധതി ആരംഭിച്ചു 10 വർഷം പിന്നിടുമ്പോഴും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് മാനുഫാക്ചറിങ് വ്യവസായ മേഖലയിൽ ഉണ്ടായ വളർച്ച നിരക്കാണ് ഗ്രാഫ് 4 ൽ കൊടുത്തിരിക്കുന്നത്. പ്രചാരണം നടത്തിയതുപോലെ വളർച്ച ഉണ്ടായില്ല എന്നു മാത്രമല്ല 2013 ൽ ഉണ്ടായിരുന്ന വളർച്ച നിരക്ക് നിലനിർത്താൻ പോലും കഴിഞ്ഞില്ല എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കാലത്താണ് രാജ്യം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയും നേരിട്ടത്. പ്രചാരണത്തിൽ ഉൽപ്പന്നങ്ങളുടെ ‘മേക്ക് ഇൻ ഇന്ത്യ’ യും പ്രയോഗത്തിൽ തൊഴിലില്ലാത്ത മനുഷ്യരുടെ ‘മേക്ക് ഇൻ ഇന്ത്യയുമായി’ മോദിഭരണം മാറി.

4. തൊഴിലില്ലായ്മയുടെ 
പ്രത്യയശാസ്ത്ര ന്യായീകരണം
ആദ്യം സൂചിപ്പിച്ചതുപോലെ മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലെടുക്കാനുള്ള സന്നദ്ധതയും ശേഷിയും ഉള്ളവർക്ക് തൊഴിൽ കൊടുക്കാനുള്ള സാഹചര്യം ഇന്നു നിലവിലില്ല. എന്നാൽ തൊഴിൽ കിട്ടാത്തത് യുവജനങ്ങളുടെ കുറവുകൾ കൊണ്ടാണെന്നും വ്യവസ്ഥയുടെ ക്രൂരതയല്ല എന്നും വരുത്തിത്തീർക്കാൻ മുതലാളിത്തം ശ്രമിക്കുന്നു. ‘‘നീ നന്നായി അധ്വാനിക്കാത്തത് കൊണ്ടും തൊഴിലെടുക്കാൻ ആവശ്യമായ ‘സ്കിൽ’ നിനക്ക് ഇല്ലാത്തതുകൊണ്ടുമാണ് തൊഴിൽ കിട്ടാത്തത്’’ എന്ന ബോധ നിർമിതിയാണ് അതിൽ പ്രധാനം. “സ്കിൽ ഗ്യാപ്’ എന്ന പ്രത്യയശാസ്ത്ര നിർമ്മിതിയുടെ തടവറയിൽപ്പെടുത്തി തൊഴിലില്ലായ്മയ്ക്ക് എതിരെ ഉയരുന്ന പ്രതിഷേധത്തെ നിയന്ത്രിക്കാനാണ് മുതലാളിത്തം ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ “സ്കിൽ ഗ്യാപ്’ എന്ന വാക്കിനു കിട്ടുന്ന വലിയ പ്രചാരണം സ്വാഭാവികമായ ഒന്നായി കരുതുന്നത് തീരെ ശരിയല്ല.

ഏതൊരു തൊഴിൽ എടുക്കാനും ചില നൈപുണ്യം ആവശ്യമാണ്, അത്തരത്തിലുള്ള നൈപുണ്യം ഒരാൾ കൂടുതലായും ആർജ്ജിച്ചെടുക്കുന്നത് തൊഴിൽ നേടിയതിനു ശേഷം അവിടെനിന്നുള്ള പരിശീലനം വഴിയും അനുഭവത്തിൽ നിന്നുമാണ്. ഈ ലേഖകൻ എഞ്ചിനീയറിങ് മേഖലയിൽ തൊഴിലെടുക്കുന്ന ഒരാൾ ആയതുകൊണ്ടുതന്നെ ഈ മേഖലയുമായി ബന്ധപ്പെടുത്തി ഇക്കാര്യം വിശദീകരിക്കാം.

ലോകത്ത് ഏറ്റവും കൂടുതൽ എഞ്ചിനീയർമാരെ സൃഷ്ടിക്കുന്ന രാജ്യമാണ് നമ്മുടേത്. ഐ എച്ച്ആർഡി മന്ത്രാലയം പ്രസിദ്ധീകരിച്ച 2020-–21 ലെ AISHE റിപ്പോർട്ടു പ്രകാരം 11.9 % ഇന്ത്യൻ വിദ്യാർത്ഥികളാണ് അവരുടെ ബിരുദത്തിനായി എഞ്ചിനീയറിങ് തിരഞ്ഞെടുക്കുന്നത്. ഇന്ത്യൻ എഞ്ചിനീയറിങ് കോളേജുകളിൽ നിന്ന് പ്രതിവർഷം 7 ലക്ഷത്തിലധികം എഞ്ചിനീയർമാർ പുറത്തുവരുന്നതായി AICTE ഡാറ്റ വെളിപ്പെടുത്തുന്നു.

എഞ്ചിനീയറിംഗ് ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച പ്രത്യേക ഡാറ്റകളൊന്നും സർക്കാരിന്റ പീരിയോഡിക് ലേബർ സർവ്വേയിൽ ലഭ്യമല്ല. എന്നിരുന്നാലും, എഐസിടിഇ രേഖകളിൽ നൽകിയിരിക്കുന്ന ഡാറ്റ കാണിക്കുന്നത് 50 ശതമാന ത്തിലധികം എഞ്ചിനീയർമാർ തൊഴിൽരഹിതരാണെന്നാണ്. എഐസിടിഇ ഡാറ്റയുടെ കൃത്യതയെക്കുറിച്ച് ശക്തമായ സംശയമുണ്ട്, മറ്റ് ഏജൻസികളുടെ പഠനങ്ങൾ കാണിക്കുന്നത് എല്ലാ വർഷവും പുറത്തിറങ്ങുന്ന എഞ്ചിനീയർമാരിൽ 80 ശതമാനം ത്തിലധികം പേരും തൊഴിൽരഹിതരാണെന്നാണ്.

അതേ സമയം രാജ്യത്തെ കോളേജുകളിൽ നിന്നും പുറത്തിറങ്ങുന്ന എഞ്ചിനീയർമാരുടെ “സ്‌കിൽ ഗ്യാപ്’ സംബന്ധിച്ച് മാധ്യമങ്ങളിലും കോർപ്പറേറ്റ് തൊഴിൽ വിപണി വിശകലന കമ്പനികളുടെയും മുറവിളിയുടെ വാർത്തകളും കാണാം. ഇന്ത്യ ആസ്ഥാനമായുള്ള എംപ്ലോയബിലിറ്റി സൊല്യൂഷൻ കമ്പനിയായ ‘Aspiring Minds’ 2010 മുതൽ പലതവണകളായി ദേശീയ എംപ്ലോയബിലിറ്റി റിപ്പോർട്ട് (എഞ്ചിനീയർമാർ) പ്രസിദ്ധീകരിച്ചിരുന്നു. 2016-ൽ പ്രസിദ്ധീകരിച്ച പ്രസ്തുത റിപ്പോർട്ടിലെ ഒരു അധ്യായത്തിൽ എഞ്ചിനീയറിങ് വർക്ക് ഫോഴ്‌സിന്റെ തൊഴിൽ ചെയ്യാനുള്ള നൈപുണ്യവും (employability) തൊഴിലവസരവും താരതമ്യം ചെയ്യുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള 27,000 എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ സാമ്പിളുകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ ഭാഗമായി അവർ കണ്ടെത്തിയ ചില നിരീക്ഷണങ്ങളാണ് പട്ടിക 3&4 കൊടുത്തിരിക്കുന്നത്.

പട്ടിക 2 അനുസരിച്ച്, ബിരുദം നേടിയ മൊത്തം എഞ്ചിനീയർമാരിൽ 19.11 ശതമാനം പേർക്ക് മാത്രമേ പ്രൊഫഷണൽ എഞ്ചിനീയർമാരായി പ്രവർത്തിക്കാനുള്ള കഴിവ് ഉള്ളൂവെങ്കിലും 19.91 ശതമാനം പേർ എഞ്ചിനീയർമാരായി ജോലി ചെയ്യുന്നുണ്ട്. അതുപോലെ, ബിരുദം നേടിയ കോളേജുകളുടെ ‘നിലവാരം’ അടിസ്ഥാനമാക്കിയുള്ള എഞ്ചിനീയർമാരുടെ തൊഴിൽസാധ്യത പട്ടിക 3-ൽ നൽകിയിരിക്കുന്നു. ജോലിയുള്ള എഞ്ചിനീയർമാരുടെ ശതമാനവും ജോലിക്ക് ‘യോഗ്യതയുള്ള’ എഞ്ചിനീയർമാരുടെ ശതമാനവും ഏതാണ്ട് തുല്യമാണെന്നാണ് ഈ പട്ടികയും സൂചിപ്പിക്കുന്നത്.

ഇത്തരം മാർക്കറ്റ് അനാലിസിസ് കമ്പനികൾ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് തൊഴിലില്ലായ്മ പ്രതിസന്ധി നിലവിലുള്ള വ്യവസ്ഥയുടെ പ്രശ്‌നമല്ല, മറിച്ച് കോളേജുകളിൽ നിന്ന് പുറത്തുവരുന്ന ഉദ്യോഗാർത്ഥികളുടെ പ്രശ്‌നമാണെന്ന ആഖ്യാനമാണ്. എഞ്ചിനീയറിംഗിന്റെ വിവിധ സ്ട്രീമുകളുമായി ബന്ധപ്പെട്ട അടിസ്ഥാന എഞ്ചിനീയറിംഗ് തത്വങ്ങൾ പഠിക്കാനുള്ള സ്ഥലമാണ് എഞ്ചിനീയറിംഗ് കോളേജുകൾ. ഒരു വ്യവസായത്തിന് ആവശ്യമായ ഏതെങ്കിലും പ്രത്യേക വൈദഗ്ദ്ധ്യം എല്ലാ വിദ്യാർത്ഥികൾക്കും കോളേജ് ദിവസങ്ങളിൽ നൽകുന്നത് പ്രായോഗികമായി അസാധ്യമാണ്. അതിനാൽ എഞ്ചിനീയർമാരുടെ വ്യാവസായിക നൈപുണ്യ വികസനമെന്നത് തൊഴിൽ ലഭിച്ചതിനു ശേഷമുള്ള അനുഭവത്തിന്റെയും പരിചയത്തിന്റെയും പുറത്തു രൂപപ്പെടുന്ന ഒന്നാണ്. അടിസ്ഥാന എഞ്ചിനീയറിംഗ് തത്വങ്ങളിലെ വിദ്യാർത്ഥികളുടെ അറിവ് ജോലി തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ വിലയിരുത്താവുന്ന ഒന്നാണ്. എഞ്ചിനീയറിംഗ് ബിരുദം നേടാനുള്ള എല്ലാ അക്കാദമിക് ആവശ്യകതകളും പൂർത്തിയാക്കിയ 80% വിദ്യാർത്ഥികൾക്കും എഞ്ചിനീയറിംഗിൽ അടിസ്ഥാന പരിജ്ഞാനം കുറവാണെന്നത് അവിശ്വസനീയമാണ്. എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്ന് പുതുതായി ബിരുദം നേടിയ വിദ്യാർത്ഥികളിൽ ആ കഴിവുകൾ പ്രതീക്ഷിക്കുന്നത് ഒട്ടും ശരിയല്ല.

പക്ഷേ എന്നിട്ടും എഞ്ചിനീയറിങ് പഠിച്ചിറങ്ങുന്നവരിൽ നല്ലൊരു ശതമാനവും തൊഴിലെടുക്കാൻ യോഗ്യരല്ല എന്ന പൊതുബോധ നിർമ്മിതി യുവ എഞ്ചിനീയർമാരുടെ മനോവീര്യം കെടുത്താനും ചൂഷണത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുമാണ്. എഞ്ചിനീയറിങ് മേഖല ഒരു ഉദാഹരണമായി സൂചിപ്പിച്ചു എന്നു മാത്രം. സമാനമായ നിലയിൽ മറ്റെല്ലാ മേഖലകളിലും നിലനിൽക്കുന്ന തൊഴിലില്ലായ്മയെ ന്യായീകരിച്ചെടുക്കാൻ നിലവിലെ വ്യവസ്ഥ പ്രത്യയശാസ്ത്ര രൂപീകരണം നടത്തുന്നുണ്ട്. തൊഴിലില്ലായ്മയ്ക്ക് എതിരെ സ്വാഭാവികമായി ഉയർന്നുവന്നേക്കാവുന്ന യുവജന രോഷത്തെ ഇല്ലാതാക്കാനുള്ള ‘നൈപുണ്യ വിടവ്’ എന്ന വലതു പ്രത്യയശാസ്ത്ര നിർമിതിയെ ചെറുക്കാനുള്ള എതിർ ആഖ്യാനം വികസിപ്പിക്കുക എന്നതും തൊഴിലില്ലായ്മയ്ക്ക് എതിരെയുള്ള സമരത്തിന്റെ പ്രധാന പോരാട്ട മുഖമാണ്.

5. എന്താണ് പരിഹാരം
ലാഭ കേന്ദ്രീകൃതമായ മുതലാളിത്ത ഉൽപ്പാദന വ്യവസ്ഥയിൽ തൊഴിലില്ലായ്മ എന്ന മാറാ രോഗത്തിന് പരിഹാരമില്ല. മുതലാളിത്ത കമ്പോളശക്തികൾക്കെതിരെ പൊരുതി നിൽക്കുമ്പോഴേ തൊഴിലില്ലായ്മയ്ക്ക് അല്പമെങ്കിലും പരിഹാരം കാണാൻ കഴിയൂ.

ഉദാഹരണത്തിന് വലിയ തൊഴിൽ ദാതാക്കൾ ആയിരുന്ന പൊതു മേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്ന സമീപനത്തിൽ നിന്നും സർക്കാർ പിന്മാറുകയും കൂടുതൽ സ്ഥാപനങ്ങൾ തുടങ്ങുന്നതിനു സർക്കാർ മുൻകൈയിൽ നിക്ഷേപം നടത്തുകയും വേണം. നിയോലിബറൽ സാമ്പത്തിക നയത്തിന്റെ ഭാഗമായി സർക്കാർ പിന്മാറിയ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെല്ലാം സർക്കാർ പണം നിക്ഷേപം നടത്തണം. ഇത് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

അപ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതിനുമാത്രം പണം സർക്കാരിന് എവിടെ നിന്നു ലഭിക്കും എന്നതാണ്. ഇതിനായി നിലവിലെ നികുതി സംവിധാനം പരിഷ്‌കരിച്ച് അതി സമ്പന്നരിൽ നിന്നും കൂടുതൽ നികുതി ഈടാക്കുന്ന നയമാറ്റം ഉണ്ടാകേണ്ടതുണ്ട്. മോദി സർക്കാരിന്റെ ആദ്യ ആറു വർഷത്തിൽ മാത്രം 5.29 ലക്ഷം കോടി രൂപയാണ് തന്റെ ചങ്ങാതിമാരായ കോർപറേറ്റുകൾക്ക് നികുതി ഇളവായി നൽകിയത്. ഇതേ സർക്കാർ കർഷകർക്കുള്ള രാസവള സബ്‌സിഡി 2021 -–22 വർഷത്തിൽ മുൻ വർഷത്തേക്കാൾ 40 ശതമാനം കുറച്ച് 79,530 കോടി രൂപയാക്കി ചുരുക്കിയത്. ഈ രാഷ്ട്രീയ സമീപനത്തിൽ മാറ്റം ഉണ്ടായാൽ മാത്രമേ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരിന് കഴിയൂ. ഈ നയമാറ്റത്തിനായി സർക്കാരിനെ നിർബന്ധിതമാക്കുംവിധം സമരം സംഘാടിപ്പിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം.
(ഈ ലേഖനം എഴുതുന്നതിനു സഹായിച്ച അരുൺ കൃഷ്ണ, ശാരിക ജി.എസ്, അസർ മൊയ്‌തീൻ എന്നിവർക്ക് നന്ദി)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 − one =

Most Popular