Tuesday, September 17, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംവെെരുദ്ധ്യവാദം എന്ന 
വിഷയത്തെക്കുറിച്ച്

വെെരുദ്ധ്യവാദം എന്ന 
വിഷയത്തെക്കുറിച്ച്

വി ഐ ലെനിൻ

മഗ്രമായ ഒന്നിനെ പിളർക്കുകയും അതിന്റെ വിരുദ്ധങ്ങളായ ഭാഗങ്ങളെ മനസ്സിലാക്കുകയും (Cognition) ചെയ്യുന്നതാണ് വെെരുദ്ധ്യവാദത്തിന്റെ അന്തഃസത്ത. കൃത്യമായും അങ്ങനെതന്നെയാണ് ഹെഗലും ഈ വിഷയത്തെ അവതരിപ്പിക്കുന്നത് (തന്റെ മെറ്റാഫിസിക്സ് എന്ന കൃതിയിൽ അരിസ്റ്റോട്ടിലും അതുമായി മല്ലിടുന്നുണ്ട്; എന്നിട്ട് ഹെരാക്ലീറ്റസിനെയും ഹെരാക്ലീറ്റിയൻ ആശയങ്ങളെയും അദ്ദേഹം എതിർക്കുന്നുമുണ്ട്).

വെെരുദ്ധ്യവാദത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച ഈ നിരീക്ഷണം എത്രത്തോളം ശരിയാണെന്ന് സയൻസിന്റെ ചരിത്രത്തിലാണ് അനേ–്വഷിക്കേണ്ടത്. വെെരുദ്ധ്യവാദത്തെ സംബന്ധിച്ച ഈ നിരീക്ഷണത്തിന് (ഉദാഹരണത്തിന്, പ്ലെഖനോവിന്റെ കൃതിയിൽ) പൊതുവെ വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല: വിപരീതങ്ങളുടെ ഐക്യത്തെയാണ് ഉദാഹരണങ്ങളുടെ ആകത്തുകയെന്ന നിലയിൽ കണക്കിലെടുക്കാറുള്ളത് (‘‘ഉദാഹരണത്തിന്, ഒരു വിത്ത്’’, ‘‘ഉദാഹരണത്തിന്, ആദിമ കമ്യൂണിസം’’. എംഗത്സും ഇങ്ങനെ തന്നെയാണ് ഇതിനെ പരിഗണിച്ചിട്ടുള്ളത്. പക്ഷേ, ‘‘അത് ജനങ്ങൾക്കിടയിൽ സ്വീകാര്യമാക്കുന്നതിനുവേണ്ടിയാണ്….’’); എന്നാൽ അത് മനസ്സിലാക്കലിന്റെ (Cognition) നിയമമെന്ന നിലയിലല്ല വസ്തുനിഷ്ഠ ലോകത്തിന്റെ നിയമമെന്ന നിലയിലാണ്.

ഗണിതശാസ്ത്രത്തിൽ: + ഉം –ഉം (പ്ലസും മെെനസും)
ഡിഫറെൻഷ്യലും ഇന്റഗ്രലും (ഭേദസൂചകമായതും അവിഭാജ്യവും).

ബലതന്ത്രത്തിൽ (Mechanics): പ്രവർത്തനവും പ്രതിപ്രവർത്തനവും (action and reaction)
ഊർജതന്ത്രത്തിൽ (Physics): പൊസിറ്റീവ് വെെദ്യുതിയും നെഗറ്റീവ് വെെദ്യുതിയും.

രസതന്ത്രത്തിൽ (Chemistry): അണുക്കളുടെ (atoms) കൂടിച്ചേരലും വേർപിരിയലും
സാമൂഹ്യശാസ്ത്രത്തിൽ: വർഗസമരം

വിപരീതങ്ങളുടെ ഐക്യമെന്നാൽ പ്രകൃതിയുടെ എല്ലാ പ്രതിഭാസങ്ങളിലെയും പ്രക്രിയകളിലെയും (മനസ്സും സമൂഹവും ഉൾപ്പെടെ) പരസ്പരവിരുദ്ധവും പരസ്പരം പുറന്തള്ളുന്നതുമായ വിപരീത പ്രവണതകളെ അംഗീകരിക്കലാണ്. ലോകത്തിലെ എല്ലാ പ്രക്രിയകളെയും കുറിച്ച് അവയുടെ സ്വയം വ്യവഹാരത്തിൽ, (Self movement) അവയുടെ സ്വമേധയായുള്ള വികാസത്തിൽ, അവയുടെ യഥാർഥ ജീവിതത്തിൽ തന്നെ അറിയുന്നതിനുള്ള നിബന്ധന വിപരീതങ്ങളുടെ ഐക്യമെന്ന നിലയിൽ അവയെ അറിയലാണ്. വികാസമെന്നാൽ വിപരീതങ്ങളുടെ ‘‘ഏറ്റുമുട്ടലാ’’ണ്. വികാസത്തിന്റെ (ഉരുവം കൊള്ളലിന്റെ) അടിസ്ഥാനപരമായ രണ്ട് സങ്കൽപ്പനങ്ങൾ ഇവയാണ്: ചുരുങ്ങലും വിപുലപ്പെടലുമെന്ന നിലയിലുള്ള, ആവർത്തനമെന്ന നിലയിലുള്ള, വികാസവും വിപരീതങ്ങളുടെ ഐക്യമെന്ന നിലയിലുള്ള വികാസവും.

ചലനത്തെ (Motion–) സംബന്ധിച്ച ആദ്യ സങ്കൽപ്പനം, അതിന്റെ സ്വയം വ്യവഹാരം, അതിന്റെ ചാലകശക്തി, അതിന്റെ സ്രോതസ്സ്, അതിന്റെ ഉദ്ദേശ്യം എല്ലാം ഇരുട്ടിലാണ് നിൽക്കുന്നത്. (അഥവാ ഈ സ്രോതസ്സ് ബാഹ്യമാക്കപ്പെട്ടിരിക്കുകയാണ്–അതായത്, ദെെവം, പൊരുൾ എന്നിവ). രണ്ടാമത്തെ സങ്കൽപ്പനത്തിൽ മുഖ്യമായും ശ്രദ്ധതിരിക്കേണ്ടത് ‘‘സ്വയം’’ വ്യവഹാരത്തിന്റെ സ്രോതസ്സിനെ സംബന്ധിച്ചുള്ള കൃത്യമായ അറിവിലേക്കാണ്.

ആദ്യ സങ്കൽപ്പനം നിർജീവവും വിളറിയതും വരണ്ടതുമാണ്. രണ്ടാമത്തേത് സജീവമാണ്, ജീവനുള്ളതാണ്. നിലനിൽക്കുന്ന എല്ലാത്തിന്റെയും ‘‘സ്വയം വ്യവഹാര’’ത്തിനായുള്ള വ്യാഖ്യാനം നൽകുന്നത് രണ്ടാമത്തേത് മാത്രമാണ്; അതുമാത്രമാണ് ‘‘കുതിച്ചുചാട്ട’’ങ്ങൾക്കായുള്ള, ‘‘തുടർച്ചയിൽ ഇടർച്ച’’യുണ്ടാക്കുന്നതിനുള്ള ‘‘വിപരീതത്തിലേക്ക് രൂപപരിവർത്തനം’’ വരുത്തുന്നതിനുള്ള, പഴയതിനെ നശിപ്പിക്കുന്നതിനും പുതിയതിന്റെ ഉയർന്നു വരവിനുമുള്ള വഴികാട്ടിയാകുന്നത്.

വിപരീതങ്ങളുടെ ഐക്യം സോപാധികമാണ്, താൽക്കാലികമാണ്, ഈടില്ലാത്തതാണ്, ആപേക്ഷികമാണ്. അനേ-്യാന്യം പുറന്തള്ളുന്ന വിപരീതങ്ങളുടെ ഏറ്റുമുട്ടൽ സമഗ്രമാണ്; വികാസവും ചലനവും പോലെ തന്നെ ഇതും സമഗ്രമാണ്.

NB: ആത്മനിഷ്ഠവാദവും (അജ്ഞേയവാദം–Scepticism, ന്യായവാദം–Sophistory തുടങ്ങിയവ) വെെരുദ്ധ്യവാദവും തമ്മിലുള്ള വേർതിരിവ്, സന്ദർഭവശാൽ, (വസ്തുനിഷ്ഠ) വെെരുദ്ധ്യവാദത്തിൽ ആപേക്ഷികവും സമഗ്രതയും തമ്മിലുള്ള വ്യത്യാസം തന്നെ ആപേക്ഷികമാണ്. വസ്തുനിഷ്ഠ വെെരുദ്ധ്യവാദത്തെ സംബന്ധിച്ചിടത്തോളം ആപേക്ഷികത്തിനുള്ളിൽതന്നെ സമഗ്രതയുമുണ്ട്. ആത്മനിഷ്ഠവാദത്തെയും ന്യായവാദത്തെയും സംബന്ധിച്ചിടത്തോളം ആപേക്ഷികമെന്നാൽ, ആപേക്ഷികം മാത്രമാണ്; സമഗ്രതയെ അത് പുറന്തള്ളുന്നു.

‘‘മൂലധന’’ത്തിൽ മാർക്സ് ആദ്യം വിശകലനം ചെയ്യുന്നത് ഏറ്റവും ലളിതവും സർവസാധാരണവും അടിസ്ഥാനപരവുമായ ഒന്നിനെയാണ്; അതായത്, ബൂർഷ്വാ സമൂഹത്തിലെ സർവസാധാരണവും നിത്യേന കെെകാര്യം ചെയ്യുന്നതുമായ (ചരക്ക്) ബന്ധത്തെയാണ് മാർക്സ് വിശകലനം ചെയ്യുന്നത്; എന്നുവെച്ചാൽ, ശതകോടിക്കണക്കിന് തവണ നാം അഭിമുഖീകരിക്കുന്ന ഒരു ബന്ധത്തെയാണ്–അതായത്, ചരക്കുകളുടെ വിനിമയത്തെയാണ്. അതിലളിതമായ ഈ പ്രതിഭാസത്തിന്റെ തന്നെ വിശകലനം വെളിപ്പെടുത്തുന്നത് ആധുനിക സമൂഹത്തിന്റെ വെെരുദ്ധ്യങ്ങളെ ആകെയാണ് (അഥവാ എല്ലാ വെെരുദ്ധ്യങ്ങളുടെയും മൂല ആശയങ്ങളെയാകെയാണ്). തുടർന്നുള്ള വിശദീകരണം വെളിപ്പെടുത്തുന്നത് ഈ വെെരുദ്ധ്യങ്ങളുടെയും ഈ സമൂഹത്തിലെ ഓരോരോ ഭാഗത്തിന്റെയും വികാസത്തെയും സംയോജനത്തെയുമാണ്– അതിന്റെ തുടക്കംമുതൽ ഒടുക്കംവരെയുള്ള കാര്യങ്ങളെയാണ്.

പൊതുവിൽ വെെരുദ്ധ്യവാദത്തെ സംബന്ധിച്ച വിശദീകരണത്തിന്റെ അഥവാ പഠനത്തിന്റെ രീതിശാസ്ത്രം ഇത്തരത്തിലായിരിക്കണം (മാർക്സിനെ സംബന്ധിച്ചിടത്തോളം ബൂർഷ്വാ സമൂഹത്തിലെ വെെരുദ്ധ്യം, വെെരുദ്ധ്യവാദവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക വിഷയം മാത്രമാണ്). ഏതൊരു നിർദേശവുമായും ചേർത്തുവച്ച് ഏറ്റവും ലളിതമായത്, സർവ സാധാരണമായത്, പൊതുവിലുള്ളത് എന്നിവയിൽ ഏതിൽനിന്നും തുടങ്ങാവുന്നതുമാണത്; മരത്തിലെ ഇലകൾക്ക് പച്ചനിറമാണ്, ജോൺ ഒരു മനുഷ്യനാണ്, ഫിഡൊ ഒരു പട്ടിയാണ് എന്നിങ്ങനെ. ഇവിടെ ഇപ്പോൾതന്നെ നമുക്ക് വെെരുദ്ധ്യവാദത്തെ കാണാനാവും. (ഹെഗൽ ഇത് വളരെ ശരിയായും കൃത്യമായും തന്നെ അംഗീകരിച്ചിട്ടുണ്ട്): ഏകമായത് (Individual) തന്നെയാണ് സാർവത്രികവും. (നിശ്ചയമായും ഒരാളെ സംബന്ധിച്ചിടത്തോളം കൺമുന്നിൽ കാണാനാവുന്ന ഒരു വീടിനു പുറമേ –പൊതുവിൽ–ഒരു വീടുണ്ടാകണമെന്ന ഒരഭിപ്രായം ഉണ്ടാകാവുന്നതാണ് – അരിസ്റ്റോട്ടിലിന്റെ മെറ്റാഫിസിക്സ് എന്ന കൃതിയിൽ നിന്ന്) തൽഫലമായി വിപരീതങ്ങൾ (സാർവത്രികത്തിന് എതിരാണ് ഏകമായത്) ഒന്നുതന്നെയാകുന്നു: വ്യക്തി നിലനിൽക്കുന്നത് സാർവത്രികതയിലേക്ക് നയിക്കുന്ന സമ്പർക്കത്തിൽ മാത്രമാണ്. ഓരോ വ്യക്തിയും (ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ) സാർവലൗകികനാണ് (അഥവാ സമ്പൂർണനാണ്). ഓരോ സാർവലൗകികനും ഒരു വ്യക്തിയുമാണ് (സാർവലൗകികന്റെ ഒരു ഭാഗമാണ് അല്ലെങ്കിൽ ഒരു വശമാണ് അതുമല്ലെങ്കിൽ സത്തയാണ് വ്യക്തി). ഏകമാനമായ എല്ലാത്തിനെയും ഏറെക്കുറെ ചേർത്തുപിടിക്കുകയാണ് ചെയ്യുന്നത്. ഓരോ സാർവത്രികതയും ഏകമാനമായ ഓരോന്നും സാർവത്രികത്വത്തിലേക്ക് അപൂർണമായി കടക്കുകയാണ് ചെയ്യുന്നത് എന്നിങ്ങനെ…. ഏകമാനമായ ഓരോന്നും മറ്റു തരങ്ങളിലുള്ള ഏകമാനമായവയുമായി (സാധനങ്ങൾ, പ്രതിഭാസങ്ങൾ, പ്രക്രിയകൾ ഇങ്ങനെ ഏതുമാകാം) ആയിരക്കണക്കിനു പരിവർത്തനങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ. ഇവിടെ ഇതിനകം തന്നെ നമുക്കുമുന്നിൽ മൂലകങ്ങളുണ്ട്, അണുക്കളുണ്ട് (ആദികോശങ്ങളുണ്ട്), ആവശ്യകത സംബന്ധിച്ച സങ്കൽപ്പനങ്ങളുണ്ട്, പ്രകൃതിയിലെ വസ്തുനിഷ്ഠമായ സമ്പർക്കമുണ്ട്. ഇവിടെ ഇതിൽതന്നെ സംഭവ്യമായതും ആവശ്യമായതുമുണ്ട്, പ്രതിഭാസവും സത്തയുമുണ്ട്; ജോൺ ഒരു മനുഷ്യനാണ്, ഫിഡൊ ഒരു പട്ടിയാണ്, ഇത് മരത്തിലെ ഒരിലയാണ് എന്നിങ്ങനെയെല്ലാം നാം പറയുമ്പോൾ ഒറ്റയൊറ്റയായ ഒരു കൂട്ടത്തെ നാം ഒരു വിഭാഗമായി കണക്കിലെടുക്കാതിരിക്കുകയാണ് ചെയ്യുന്നത്; പുറംകാഴ്ചയിൽ നിന്നും സത്തയെ വേർതിരിക്കുകയാണ് ചെയ്യുന്നത്; ഒന്നിനെ മറ്റൊന്നുമായി സമപ്പെടുത്തുകയാണ്.

അങ്ങനെ ഏതൊരു വിശ്വാസപ്രമാണത്തിലും ഒരു ന്യൂക്ലിയസിൽ എന്ന പോലെ വെെരുദ്ധ്യവാദത്തിന്റെ എല്ലാ ഘടകങ്ങളിലുമുള്ള അണുക്കൾ ഏതെല്ലാമെന്ന് നമുക്ക് വെളിപ്പെടുത്താൻ കഴിയും (അങ്ങനെ ചെയ്യുകയും വേണം), അതിലൂടെ വ്യക്തമാക്കപ്പെടുന്നത് വെെരുദ്ധ്യാത്മകതയെന്നാൽ മാനവരാശിയുടെ സമസ്ത വിജഞാനത്തിന്റെയും പൊതുസവിശേഷതയാണെന്നാണ്. പ്രകൃതിശാസ്ത്രം നമുക്കുമുന്നിൽ അവതരിപ്പിക്കുന്നത്, (ഇവിടെയും ഏതെങ്കിലും ലളിതമായ മാതൃകയിലൂടെയാണ് പ്രകടമാക്കപ്പെടേണ്ടത്) ഒരേ ഗുണങ്ങളുള്ള വസ്തുനിഷ്ഠ പ്രകൃതിയെയാണ്; ഏകമാനമായിട്ടുള്ളതിന്റെ സാർവത്രികതയിലേക്കുള്ള പരിവർത്തനത്തെയാണ്; അനിശ്ചിതമായതിന്റെ അനിവാര്യതയിലേക്കും മാറ്റങ്ങളിലേക്കും സ്വരസംക്രമങ്ങളിലേക്കും വിപരീതങ്ങളുടെ പരസ്പരസമ്പർക്കത്തിലേക്കുമുള്ള പരിവർത്തനത്തെയാണ്. വെെരുദ്ധ്യവാദമെന്നാൽ മാർക്സിസത്തിന്റെ (ഹെഗലിന്റെയും) ജ്ഞാനസിദ്ധാന്തമാണ്. വിഷയത്തിന്റെ ഈ ‘‘വശ’’ത്തിലാണ് (ഇതൊരു ‘‘വശ’’മല്ല, മറിച്ച് വിഷയത്തിന്റെ സത്ത തന്നെയാണ്; പ്ലെഖനോവ് ശ്രദ്ധചെലുത്താതിരുന്നത് ഇതാണ്; മറ്റു മാർക്സിസ്റ്റുകളെ സംബന്ധിച്ച് പിന്നെ പറയേണ്ടതുമില്ലല്ലോ.)

***********************************

വൃത്തങ്ങളുടെ പരമ്പരകളുടെ രൂപത്തിലാണ് ഹെഗലും (ലോജിക് എന്ന ഹെഗലിന്റെ കൃതി നോക്കുക) പ്രകൃതി ശാസ്ത്രത്തിന്റെ ആധുനിക ‘‘ജ്ഞാനമീമാംസകരും’’ വിജ്ഞാനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്; ഉചിതമായതിനെ മാത്രം അരിച്ചുപെറുക്കിയെടുക്കുന്ന (eclectic) ഹെഗലിയനിസത്തിന്റെ ശത്രുവായ പോൾ വോൾക്ക്മാൻ വിജ്ഞാനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്:

തത്വശാസ്ത്രത്തിലെ ‘‘വൃത്തങ്ങൾ’’: (അനുപേക്ഷണീയരായ വ്യക്തികളുടെ കാലനിർണയമാണോ ഇത് ? അല്ല!)

പൗരാണികം: ഡെമോക്രിറ്റസിൽ നിന്ന് പ്ലേറ്റോ വരെ, ഹെരാക്ലിറ്റസിന്റെ വെെരുദ്ധ്യവാദവും

നവോത്ഥാനം: ദെക്കാർത്തെക്കെതിരെ ഗാസെൻഡി (സ്പിനോസ?)

ആധുനികം: ഹോൾബാഹ്–ഹെഗൽ (ബെർക്ക്ലി, ഹ്യൂം, കാന്റ് വഴി). ഹെഗൽ –ഫൊയർ ബാഹ്–മാർക്സ്).

സജീവവും നാനാവശങ്ങളുള്ളതുമായ ജ്ഞാനമെന്ന നിലയിൽ വെെരുദ്ധ്യവാദത്തിന്, (ഇവിടെ വശങ്ങളുടെ എണ്ണം നിരന്തരമായി വർധിച്ചുകൊണ്ടിരിക്കുന്നു), യാഥാർഥ്യത്തിലേക്കുള്ള ഓരോ സമീപനത്തിന്റെയും സാമീപ്യത്തിന്റെയും അസംഖ്യം നിറഭേദങ്ങളോടുകൂടിയ വെെരുദ്ധ്യവാദത്തിന് ‘‘അതീന്ദ്രിയമായ’’ ഭൗതികവാദവുമായുള്ള താരതമ്യമെന്ന നിലയിൽ അളവറ്റതോതിൽ സമ്പന്നമായ ഉള്ളടക്കമുണ്ട്; ബിൽഡർ തിയറിയിലും (പ്രതിഫലന സിദ്ധാന്തം) ഒപ്പം ജ്ഞാനപ്രക്രിയയിലും അതിന്റെ വികാസത്തിലും വെെരുദ്ധ്യവാദം പ്രയോഗിക്കുവാനുള്ള ശേഷിയില്ലായ്മയാണ് അതീന്ദ്രിയ ഭൗതികവാദത്തിന്റെ മൗലികമായ ദൗർബല്യം.

പരുക്കനും കലർപ്പറ്റതുമായ അതീന്ദ്രിയ ഭൗതികവാദത്തിന്റെ നിലപാടിൽനിന്ന് നോക്കുമ്പോൾ ദാർശനികമായ ആശയവാദം ശുദ്ധ അസംബന്ധം മാത്രമാണ്. വെെരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ നിലപാടിൽനിന്ന് നോക്കിയാൽ ദാർശനിക ആശയവാദമാണ് ഏകപക്ഷീയവും അതിശയോക്തി കലർന്നതും. ജ്ഞാനത്തിന്റെ സവിശേഷതകളുടെയും ഭാവങ്ങളുടെയും പദാർഥത്തിൽനിന്ന്, പ്രകൃതിയിൽനിന്ന് വേർപെടുത്തപ്പെട്ടതും കേവലവും ദെെവീകത്വം കൽപ്പിക്കപ്പെട്ടതുമായ ഒന്നിലേക്കുള്ള വികാസമാണത്. ആശയവാദം പൗരോഹിത്യപരമായ വിജ്ഞാനവിരോധമാണ്. ശരിയാണത്. എന്നാൽ ദാർശനിക ആശയവാദമെന്നാൽ (കൂടുതൽ കൃത്യമായും അതിനപ്പുറവും) പൗരോഹിത്യവാദപരമായ വിജ്ഞാന വിരോധത്തിലേക്കുള്ള പാതയാണ്; മനുഷ്യന്റെ അനന്തവും സങ്കീർണവുമായ (വെെരുദ്ധ്യാത്മകമായ) വിജ്ഞാനത്തിന്റെ നിറഭേദങ്ങളിലൊന്നിലൂടെയാണ് അതിലേക്കെത്തുന്നത്.

മനുഷ്യന്റെ വിജ്ഞാനം ഒരു നേർരേഖയല്ല (അഥവാ ഒരു നേർരേഖയെ പിന്തുടരുന്നതുമല്ല); മറിച്ച് അതൊരു വക്രരേഖയാണ്; അതിന് വൃത്തങ്ങളുടെ ഒരു പരമ്പരയുമായി അനന്തമായ സാദൃശ്യമുണ്ട്; അത്- സർപ്പിളമാണ് (Spiral). ഈ വക്രരേഖയുടെ ഏതുഭാഗത്തെയും ശകലത്തെയും അംശത്തെയും സ്വതന്ത്രവും സമ്പൂർണവുമായ ഒരു നേർരേഖയാക്കി പരിവർത്തന വിധേയമാക്കാൻ കഴിയും (ഏകപക്ഷീയമായ പരിവർത്തനപ്പെടുത്തൽ); കാടുകണ്ട് മരം കാണാത്തവരെ സംബന്ധിച്ചിടത്തോളം അത് പ്രതിസന്ധിക്കിടയാക്കുന്നു. പൗരോഹിത്യവാദപരമായ വിജ്ഞാന വിരോധത്തിനിടയാക്കുന്നതും അതുതന്നെയാണ് (ഭരണവർഗങ്ങളുടെ വർഗതാൽപ്പര്യങ്ങളാണ് അതിന് അടിത്തറയാകുന്നത്). നേർരേഖയാൽ ചുറ്റപ്പെട്ടതും ഏകപക്ഷീയവുമായ, നിർജീവത്വവും ശിലയാകലും ആത്മനിഷ്ഠവാദവും ആത്മനിഷ്ഠമായ അന്ധതയും എല്ലാമാണ് ആശയവാദത്തിന്റെ ജ്ഞാനമീമാംസാപരമായ അടിവേരുകൾ. നിശ്ചയമായും പൗരോഹിത്യവാദപരമായ വിജ്ഞാനവിരോധത്തിന് (ദാർശനിക ആശയവാദം) ജ്ഞാനമീമാംസാപരമായ വേരുകളുണ്ട്; അത് അടിസ്ഥാനമില്ലാത്തതല്ല; അവിതർക്കിതമായും അത് -ഫലം ഉണ്ടാക്കാത്ത പുഷ്പമാണ്; എന്നാൽ ജീവനുള്ളതും ഫലഭൂയിഷ്ടവും കലർപ്പില്ലാത്തതും കരുത്തുറ്റതും അപരിമിതമായ ശക്തിയുള്ളതും വസ്തുനിഷ്ഠവും കേവലവുമായ മനുഷ്യവിജ്ഞാനത്തിന്മേൽ വളരുന്ന വന്ധ്യമായ ഒരു പുഷ്പമാണത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − seven =

Most Popular