വിപ്ലവപാതയിലെ ആദ്യപഥികർ‐37
ഈ പംക്തിയിൽ കെ.സി.കുഞ്ഞാപ്പുമാസ്റ്ററെക്കുറിച്ചുള്ള അധ്യായത്തിൽ സാന്ദർഭികമായി ഒഞ്ചിയത്തെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. കേരളത്തിലെ ചെഗുവേര എന്ന് ആരും വിശേഷിപ്പിച്ചിട്ടില്ലെങ്കിലും അങ്ങനെയൊരാളായിരുന്നു കുഞ്ഞാപ്പുമാസ്റ്റർ. തില്ലങ്കേരിയിലും പഴശ്ശിയിലും മട്ടന്നൂരും പിന്നെ കോറോത്തും ജന്മിത്തവിരുദ്ധ പോരാട്ടത്തിന് നേതൃത്വംനൽകി, ചെറുത്തുനില്പിന് നേതൃത്വംനൽകി മുനയൻകുന്നിൽ രക്തസാക്ഷിത്വംവരിച്ച മഹാനായ വിപ്ലവകാരി. ഔദ്യോഗിക ചരിത്രങ്ങളിൽ രേഖപ്പെടുത്തപ്പെടാതെപോയ ആ വിപ്ലവകാരി ഒഞ്ചിയത്തെത്തിയത് ഒളിവിൽ കഴിയാൻ മാത്രമല്ല, പ്രസ്ഥാനമുണ്ടാക്കാനുമാണ്, പ്രവർത്തകരെ പരിശീലിപ്പിക്കാൻ കൂടിയാണ്. ഒഞ്ചിയത്ത് കമ്മ്യൂണിസ്റ്റുകാർക്ക്് കായികപരിശീലനം നൽകിയത് കുഞ്ഞാപ്പുമാസ്റ്റരുടെ നേതൃത്വത്തിലാണ്. മുനയൻകുന്നിൽ രക്തസാക്ഷികളായവരുടെ ചിത്രങ്ങൾ പത്രത്തിൽ വന്നപ്പോഴാണ് ഒഞ്ചിയത്തുകാർ കുഞ്ഞാപ്പുമാസ്റ്റരെ തിരിച്ചറിഞ്ഞത്.
വാഗ്ഭടാനന്ദനാണ് ഒഞ്ചിയത്തെ ഉണർവിന്റെ സ്രഷ്ടാവ്. ഒഞ്ചിയത്തെ കാരക്കാട് പ്രദേശത്താണ് വാഗ്ഭടാനന്ദൻ ആദ്യം എത്തിയത്. മയ്യഴിയിലെ പ്രസിദ്ധമായ പുത്തലം ക്ഷേത്രത്തിൽ (എം.മുകുന്ദന്റെ ദൈവത്തിന്റെ വികൃതികളിൽ പറയുന്ന ആദിതിയ്യക്ഷേത്രം‐ ഇവിടെയാണ് ഇ.എം.എസ്. വന്ന് പ്രസംഗിച്ചത്‐ ഇവിടെയാണ് മുതുകാട് മുകുന്ദന്റെ ദൈവത്തിന്റെ വികൃതികളെ ദൃശ്യവൽക്കരിച്ചത്) മണ്ഡപത്തിൽ കയറിനിന്ന് വാഗ്ഭടാനന്ദൻ വിഗ്രഹാരാധനക്കെതിരെ പ്രസംഗിച്ചത് 1917ലാണ്. 2024ൽ അതസാധ്യമാണെന്ന് മാത്രമല്ല, ഒരു വിപ്ലവപ്രസ്ഥാനവും അതിനനുകൂലമായി വാദിക്കുകപോലുമില്ല. പക്ഷേ അടി പേടിക്കാത്ത വാഗ്ഭടാനന്ദൻ അതിന് ധൈര്യംകാട്ടി. പ്രസംഗം കേട്ടവരിൽചിലർക്ക് എതിർപ്പുണ്ടായെങ്കിലും ചിലർക്ക് പുതിയ വെളിച്ചം ലഭിച്ചതിന്റെ ആവേശമായിരുന്നു. അവരിലുൾപ്പെട്ട കറുപ്പയിൽ കണാരൻ മാസ്റ്ററും കുന്നോത്ത് കുഞ്ഞ്യേക്കു ഗുരിക്കളും വാഗ്ഭടാനന്ദനെ ഒഞ്ചിയത്തേക്ക് ക്ഷണിക്കുകയായിരുന്നു. ഒഞ്ചിയത്തെ കാരക്കാട്ടെത്തിയ വാഗ്ഭടാനന്ദൻ അവിടെ വാദപ്രതിവാദങ്ങളിലേർപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ പതിവായി ആളുകൾ തടിച്ചുകൂടി. ആത്മവിദ്യാസംഘത്തിന്റെ പ്രധാന പ്രവർത്തനകേന്ദ്രമായി ആസ്ഥാനംതന്നെയായി കാരക്കാടിനെ മാറ്റുകയായിരുന്നു ഗുരു. പ്രദേശത്തെ പറമ്പത്ത് ക്ഷേത്രത്തിലെ ഉത്സവം വേണ്ടെന്നുവെക്കാൻ ആത്മവിദ്യാസംഘക്കാർ ആവശ്യപ്പെട്ടു. അതിനെതിരെ കുറേപ്പേർ രംഗത്തെത്തി. എന്നാൽ കാരക്കാട്ടെ വലിയ സ്വാധീനമുള്ള കുടുംബമായ പാലേരി കുടുംബം ആത്മവിദ്യാസംഘത്തിൽ ചേർന്നതോടെ ഉത്സവ നടത്തിപ്പുകാർക്ക് മുന്നോട്ടുപോകാനാവാതെയായി. (ഊരാളുങ്കൽ സൊസൈററിയുടെ എല്ലാമെല്ലാമായ പാലേരി രമേശന്റെ കുടുംബം) പാലേരി ചന്തമ്മനും ചാപ്പയിൽ കുഞ്ഞ്യേക്കു ഗുരിക്കളും ചേർന്ന് ക്ഷേത്രത്തിലെ വിഗ്രഹം പിഴുതെടുത്ത് കിണറ്റിലെറിഞ്ഞു. 1930കളുടെ ആദ്യം ആത്മവിദ്യാസംഘത്തിന്റെ നേതൃത്വത്തിൽ ഒഞ്ചിയം മേഖലയിൽ പല കേന്ദ്രങ്ങളിലായി മിശ്രഭോജനം സംഘടിപ്പിച്ചു. സവർണരും അവർണരുമെല്ലാം അതിൽ ആവേശപൂർവം പങ്കെടുത്തു. പാലേരി വീട്ടിൽ നടന്ന ഒരു വിവാഹത്തിലാണ് നാട്ടിലെ അവർണ സ്‌ത്രീകൾ ആദ്യമായി ബ്ലൗസ് ധരിക്കുന്നത്. ആത്മവിദ്യാസംഘമാണ് അതിന് നേതൃത്വം നൽകിയത്. ഇത്തരത്തിൽ വിപ്ലവകരമായ പ്രവർത്തനം നടത്തുന്നത് സവർണ പ്രമാണിമാർക്ക് സഹിക്കാനാവുമായിരുന്നില്ല. അവർ പലവിധ അതിക്രമങ്ങളാണ് കാട്ടിയത്. സംഘാംഗങ്ങളുടെ മക്കൾക്ക് സ്കൂൾ പ്രവേശനം നിഷേധിക്കുക, തൊഴിൽ നിഷേധിക്കുക, ഊരുവിലക്ക് കല്പിക്കുക എന്നിങ്ങനെയുള്ള നടപടികൾ.
വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ ആത്മവിദ്യാസംഘം പ്രവർത്തകർ സവർണാധിപത്യത്തിന്റെ വിലക്കുകൾക്കെതിരെ ശക്തമായി പൊരുതി. സംഘാംഗങ്ങളുടെ കുട്ടികൾക്കായി ഒരു വിദ്യാലയം തുടങ്ങി‐ അതാണ് പിൽക്കാലത്ത് ഊരാളുങ്കൽ വി.വി. എൽ.പി.സ്കൂളായത്. തൊഴിൽ നിഷേധിക്കപ്പെട്ടവർക്കായി വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ ആരംഭിച്ച കൂലിത്തൊഴിലാളികളുടെ സഹകരണസംഘമാണ് ഇന്ന് ലോകപ്രസിദ്ധമായിത്തീർന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി. സംഘാംഗങ്ങൾക്കുവേണ്ടി സ്ഥാപിച്ച സഹകരണസംഘമാണ് ഊരാളുങ്കൽ ഐക്യനാണയസംഘം. വടകര‐ഒഞ്ചിയം മേഖലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദ്ഭവവും ആത്മവിദ്യാസംഘവുമായി ബന്ധപ്പെട്ടാണ്. എം.കെ.കേളു ഏട്ടനും എം.കുമാരൻ മാസ്റ്റരും മണ്ടോടി കണ്ണനുമെല്ലാം ആത്മവിദ്യാസംഘത്തിലുണ്ടായിരുന്നു.
1937ൽ വള്ളിക്കാട്ട് നടന്ന മലബാർ കർഷകസമ്മേളനമാണ് ഒഞ്ചിയത്ത് വിപ്ലവപ്രസ്ഥാനത്തിന്റെ സന്ദേശമെത്തിക്കുന്നത്. എ.കെ.ജി.യും കെ.പി.ആറും പങ്കെടുത്ത സമ്മേളനം ജന്മിത്തം അവസാനിപ്പിക്കുന്നതിനുള്ള സമരത്തിന് ആഹ്വാനംചെയ്തു. കർഷകസമ്മേളനത്തിന്റെ വിജയത്തിനായി രംഗത്തറിങ്ങിയ പ്രവർത്തകർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരായി മാറുന്ന അനുഭവമാണ് പിന്നീടുണ്ടായത്. പാർട്ടി രൂപവൽക്കരിക്കുന്ന ആദ്യഘട്ടത്തിൽതന്നെ മണ്ടോടിത്താഴെയിൽ പാർട്ടി സെൽ രൂപീകരിച്ചു. മണ്ടോടി കണ്ണൻ സെക്രട്ടറിയായ സെല്ലിൽ കോറോത്തുകണ്ടി കുമാരൻ മാസ്റ്റർ, വി.കണ്ണക്കുറുപ്പ്, വി.പി.നാരായണൻ അടിയോടി എന്നിവരായിരുന്നു അംഗങ്ങൾ. അധികംവൈകാതെ പുളിയലിക്കണ്ടി കുഞ്ഞിരാമൻ, ചാക്കേരി കുഞ്ഞാപ്പു, ആയാട്ട് ചോയി മാസ്റ്റർ,കുട്ടിച്ചാത്തൻകണ്ടിയിൽ കേളൻ എന്നിവരും അംഗങ്ങളായി. 1940 ജനുവരി 26ന് ഒഞ്ചിയത്തെ കടച്ചുമരുകളിലും പാലങ്ങളിലുമെല്ലാം ചുവന്ന എഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്. കോളറയും വസൂരിയും പടർന്നുപിടിച്ചപ്പോൾ കമ്യൂണിസ്റ്റുകാരും കർഷകസംഘം പ്രവർത്തകരും ജനങ്ങളെ സഹായിക്കാൻ കൈമെയ്മറന്ന് പ്രവർത്തിച്ചു. ഒഞ്ചിയത്തിന്റെ കണ്ണിലുണ്ണികളായി മാറി കമ്മ്യൂണിസ്റ്റുകാർ. നാട്ടുകാരാകെ പാർട്ടിയിൽ അണിനിരക്കുകയായിരുന്നു. ജാതീയമായ ഉച്ചനീചത്വത്തിനെതിരായ പോരാട്ടത്തിന് പാർട്ടി നേതൃത്വം നൽകി. സവർണരുടെ കുളങ്ങളിൽ, ക്ഷേത്രക്കുളങ്ങളിൽ അവർണർ കുളിച്ചു‐ അതുമായി ബന്ധപ്പെട്ട് നിരവധി കുളിക്കേസുകൾ.
1948 തുടക്കത്തിൽ കോൺഗ്രസ്സുകാർ ദേശരക്ഷാസേനയെന്ന പേരിൽ ഗുണ്ടാസംഘം രൂപവൽക്കരിച്ച് കമ്യൂണിസ്റ്റുവേട്ട തുടങ്ങി. പാർട്ടിപ്രവർത്തകരുടെയും കമ്മ്യൂണിസ്റ്റനുഭാവികളെന്ന് അവർക്ക് സംശയമുള്ളവരുടെയും വീടുകൾ ആക്രമിക്കുക, കാർഷികവിഭവങ്ങൾ കൊള്ളയടിക്കുക, പ്രവർത്തകരെ കിട്ടിയാൽ മർദിക്കുക എന്നിങ്ങനെയായിരുന്നു അവരുടെ പരിപാടി. വാഴക്കുലകൾ മോഷ്ടിച്ച് ചെറുപയറും ചേർത്ത് പുഴുക്കുണ്ടാക്കി കഴിച്ചുകൊണ്ട് ആഘോഷപൂർവമാണ് ദേശരക്ഷാസേനക്കാർ അക്രമത്തിനിറങ്ങിപ്പോന്നത്. അതിനാൽ അവരെ ചെറുപയർ പട്ടാളമെന്നാണ് നാട്ടുകാർ വിളിച്ചത്. വീടുകളിലും തൊഴിൽശാലകളിലും കയറിയുള്ള പോലീസതിക്രമത്തിനു പുറമെ ദേശരക്ഷാ സേനക്കാരുടെയും അക്രമം രൂക്ഷമായപ്പോൾ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ ഒഞ്ചിയത്ത് വോളന്റിയർ പരിശീലനം ആരംഭിച്ചു. പാർട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് സെക്രട്ടറിയായ എം.കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. എം.എം.ചോയിക്കുട്ടി, ഇല്ലത്ത് കണാരൻ, പുളിയുള്ളതിൽ കണാരൻ, ചാത്തൻകണ്ടി കമാരൻ എന്നിവരാണ് പ്രധാന സംഘാടകർ. ഒഞ്ചിയത്ത് ഒളിവിൽ കഴിയുകയായിരുന്ന കെ.സി.കുഞ്ഞാപ്പുമാസ്റ്റരാണ് പ്രധാന പരിശീലകൻ. കോൺഗ്രസ്സിന്റെയും പി.എസ്.പി.യുടെയും അതിക്രമങ്ങൾക്കെതിരെ വോളന്റിയർമാർ ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയതോടെ ജനങ്ങൾക്ക് ആത്മവിശ്വാസവും ധൈര്യവുമായി.
അങ്ങനെയിരിക്കെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരാൻ തീരുമാനിച്ചത്. 1948 ഏപ്രിൽ 29നാണ് യോഗം നടക്കേണ്ടത്. കൊൽക്കത്തയിൽ നടന്ന പാർട്ടി കോൺഗ്രസ്സിന്റെ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനാണ് യോഗം. ഇന്നത്തെ കോഴിക്കോട് ജില്ലയുൾപ്പെടുന്ന മേഖലയിൽനിന്ന് പാർട്ടി കോൺഗ്രസ്സിൽ പ്രതിനിധികളായി പങ്കെടുത്തത് കേളു ഏട്ടനും കെ.ടി.കെ.അബ്ദുള്ളയുമാണ്. ആ ദിവസം രാത്രിയിൽ പല വഴിക്കായി സഖാക്കൾ ഒഞ്ചിയത്തെത്തി. താലൂക്ക് സെക്രട്ടറി എം.കുമാരൻ മാഷ്, അംഗങ്ങളായ പി.പി. ശങ്കരൻ, എം.കെ.രാമൻ, പി.രാമക്കുറുപ്പ്, ഇ.സി.അപ്പു നമ്പ്യാർ, എ.കെ.കൃഷ്ണൻ നായർ, കെ.വി.കുഞ്ഞിരാമൻ, എം.ഗോപാലക്കുറുപ്പ്, ടി.സി.ചാത്തു, മലബാർ കമ്മിറ്റി സെക്രട്ടറിയറ്റംഗം പി.ആർ. നമ്പ്യാർ എന്നിവരെല്ലാം യോഗത്തിനെത്തി. പുതുക്കുടി രാഘവന്റെ വീട്ടിലാണ് യോഗം. യോഗവിവരം ഏതോ വഴിക്ക് മനസ്സിലാക്കിയ തലശ്ശേരി പോലീസ് ദേശരക്ഷാസേനയുടെ അകമ്പടിയോടെ ഏപ്രിൽ ‐30ന് മുക്കാളിയിൽ വന്നിറങ്ങി. സർക്കിൾ ഇൻസ്പെക്ടർ ഇ.എ. നാരായണൻ, സബ് ഇൻസ്പക്ടർ ഭണ്ഡാരി, ഹെഡ് കോൺസ്റ്റബിൾ പത്മനാഭൻ അടിയോടി, വടകര സബ് ഇൻസ്പക്ടർ പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം. താലൂക്കു കമ്മിറ്റിയോഗം നടക്കുന്നതിനാൽ നേതാക്കളെ മുഴുവൻ ഒറ്റയടിക്ക് പിടിക്കാനാകും. കേളു ഏട്ടനും എം.കുമാരൻ മാസ്റ്ററുമെല്ലാം വലയിലാകും‐ ആ പ്രതീക്ഷയോടെയാണ് തലശ്ശേരിയിൽനിന്ന് പോലീസ് എത്തിയത്. താലൂക്കു കമ്മിറ്റി യോഗം നടക്കുന്നതിനാൽ ഗ്രാമത്തിലേക്കുള്ള വഴികളിൽ പാർട്ടി പ്രവർത്തകർ കാവൽ നിൽക്കുന്നുണ്ടായിരുന്നു. ഉറക്കമൊഴിച്ച് കാവൽനിൽക്കുകയായിരുന്ന അളവക്കൽ കൃഷ്ണനാണ് പോലീസിന്റെ വരവ് ആദ്യം മനസ്സിലാക്കിയത്. കൃഷ്ണൻ മെഗാഫോണിലൂടെ മുന്നറിയിപ്പുനൽകി ഇതാ ഗ്രാമത്തിൽ പോലീസും ഗുണ്ടകളായ ദേശരക്ഷാസമിതിക്കാരും ഇറങ്ങുന്നു. അളവക്കലിന്റെ മുന്നറിയിപ്പ് കിട്ടിയതോടെ നാട്ടിലാകെ കൂടുതൽ മെഗാഫോണുകൾ ഉണർന്നു.
പാർട്ടിയുടെ നേതാവായ മണ്ടോടി കണ്ണന്റെ വീട്ടിലേക്കാണ് പോലീസ് ആദ്യമായി കടന്നെത്തിയത്. കണ്ണനെ കിട്ടാത്തതിനാൽ പോലീസ് വീട്ടുകാരെ മർദിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. അടുത്തതായി അവർ എത്തിയത് പുളിയുള്ളതിൽവീട്ടിലാണ്. പാർട്ടി നേതാവായ സി.കെ.വാസുവിന്റെ വീടാണത്. യോഗം ചേരാൻ ആദ്യം നിശ്ചയിച്ചത് ആ വീട്ടിലായിരുന്നു. പിന്നീട് മാറ്റുകയായിരുന്നു. പുളിയുള്ളതിൽവീട്ടിൽ കയറിയ പോലീസ് വീട് ആക്രമിച്ച ശേഷം വാസുവിനെ കിട്ടാത്തതിനാൽ വാസുവിന്റെ അച്ഛൻ ചോയിയെയും സഹോദരൻ കണാരനെയും പോലീസ് നിഷ്ഠുരമായി മർദിച്ചു. ഏതുവീട്ടിലാണ് യോഗം നടക്കുന്നതെന്നും നേതാക്കൾ എവിടെയുണ്ടെന്നും പറയാൻ അവർ തയ്യാറായില്ല. അവരെ അറസ്റ്റ് ചെയ്ത് പോലീസ് മുന്നോട്ടുനീങ്ങി. ചെന്നാട്ടുവയൽ കടന്നുവേണം അവർക്ക് പോകാൻ. പക്ഷേ പോലീസ് അവിടെയെത്തുമ്പോഴേക്കും ചെന്നാട്ടുവയലിൽ നാട്ടിലെ ആബാലവൃദ്ധം തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. കത്തിച്ച ചൂട്ടുകളുമായി അവർ ധീരധീരം പ്രതിരോധം തീർത്തു. ചോയിയെയും കണാരനെയും കൊണ്ടുപോകാനനുവദിക്കില്ലെന്ന് അവർ പ്രഖ്യാപിച്ചു. പിരിഞ്ഞുപോയില്ലെങ്കിൽ വെടിവെക്കുമെന്ന് പൊലീസ് പ്രഖ്യാപിച്ചു. അപ്പോഴേക്കും പാർട്ടിയുടെ താലൂക്ക് സെക്രട്ടറി എം.കുമാരൻ മാഷ് ഓടിയെത്തി. എല്ലാവരോടും കമിഴ്ന്നുകിടക്കാൻ കുമാരൻ മാഷ് ആഹ്വാനംചെയ്തു. പക്ഷേ പോലീസ് അപ്പോഴേക്കും വെടിവെപ്പ് തുടങ്ങിയിരുന്നു. താമരക്കുളത്ത് മീത്തൽ കണ്ണനാണ് വെടിവെക്കുമെങ്കിൽ വെക്ക് എന്നുപറഞ്ഞ് ആദ്യം വിരിമാറുകാട്ടിയത്. ആദ്യം വെടിവെച്ചത് സർക്കിൾ ഇൻസ്പക്ടർ നാരായണനാണ്. പോലീസിന്റെ വരവ് ജനങ്ങളെ മെഗഫോണിലൂടെ ആദ്യം അറിയിച്ച അളവക്കൽ കൃഷ്ണനാണ് വെടിയേറ്റ് ആദ്യം വീണത്. തുരുതുരാ വെടിവെപ്പ്. പാർട്ടിനേതാവായ രാമക്കുറുപ്പിന് വെടിയേറ്റു. വോളന്റിയർ പരിശീലനം ലഭിച്ചവർ കമിഴ്ന്നുകിടന്നു…ചെന്നാട്ടുവയലിൽ വെടിവെപ്പ് തുടർന്നു. വി.കെ.രഘൂട്ടി, കെ.എം.ശങ്കരൻ, വി.പി.ഗോപാൽ, സി.കെ.ചാത്തു, മേനോൻ കണാരൻ, പുറവിൽ കണാരൻ, പാറോള്ളതിൽ കണാരൻ എന്നിവരും ചെന്നാട്ടുവയലിൽ വെടിയേറ്റുവീണ് രക്തസാക്ഷികളായി. പോലീസ് അതിക്രമം മെഗഫോണിലൂടെ വിളിച്ചറിയിച്ചവരിലൊരാളായ കുങ്കൻനായരുടെ കാൽമുട്ട്് വെടിയേറ്റ് ചിതറി. ടി.സി.കുഞ്ഞിരാമൻ മാസ്റ്ററുടെ തോളെല്ല് വെടിയേറ്റ് തകർന്നു. വട്ടക്കണ്ടി ചാത്തുവിന്റെ കവിളിൽ വെടിയേറ്റു. പുത്തൻപുരയിൽ കണ്ണന്റെ കൈയ്‌ക്ക് വെടിയേറ്റു. പുറവിൽ കണ്ണന്റെ നെഞ്ച് തുരന്നാണ് വെടിയുണ്ട പോയത്. പാലേരി മീത്തൽ അച്യുതന് തുടയിൽ വെടിയേറ്റു. ആയാട്ട് ചോയി മാസ്റ്റർ, ടി.പി.ചോയി, പി.എം.കണാരൻ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. രക്തസാക്ഷികളെ കോൺഗ്രസ്സുകാരായ ചറുപയർപട്ടാളമാണ് വടകരയിലേക്ക് ലോറിയിൽ കയറ്റി കൊണ്ടുപോയത്. പുറങ്കര കടപ്പുറത്ത് ഒറ്റക്കുഴിയിൽ അവരെയെല്ലാം സംസ്കരിക്കുകയായിരുന്നു.
ഒഞ്ചിയം സംഭവത്തിനുശേഷം പോലീസ് ഗുണ്ടകളുടെ സഹായത്തോടെ നാട്ടിൽ അഴിഞ്ഞാടുകയായിരുന്നു. കമ്യൂണിസ്റ്റ് പ്രവർത്തകരുടെയും അനുഭാവികളുടെയും വീടുകളിൽ അവർ ഫാസിസ്റ്റ് തേർവാഴ്ചയാണ് നടത്തിയത്. കൊല്ലാച്ചേരി കുമാരനെയാണ് അവർക്ക് ആദ്യം പിടിക്കാനായത്. പോലീസ് ലോക്കപ്പിൽ ക്രൂരമായ ഭേദ്യത്തിനിരയായ കുമാരൻ 1948 ജൂലായ് 10ന് കണ്ണൂർ സെൻട്രൽ ജയിലിൽ രക്തസാക്ഷിയായി. പൊയിൽ കണാരന്റെ വീട്ടിൽ കയറി വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും കണാരനെ മർദിക്കുകയും ചെയ്തു. കണാരന്റെ ചായക്കട കത്തിച്ചു. തറോൽ കണാരൻ നായരുടെ പണിപ്പുര കത്തിച്ചു. അഴിയൂരിലെ ടി.എ.കുഞ്ഞിരാമനെ വടകര സബ് ജയിലിലടച്ച്് ക്രൂരമായി പീഡിപ്പിച്ചു.സംഭവുമായി ഒരു ബന്ധവുമില്ലാത്തവരെ ദേശരക്ഷാസേനയുടെ നിർദേശപ്രകാരം അറസ്റ്റുചെയ്യുകയും അവരുടെ സ്വത്തുക്കൾ കവരുകയോ നശിപ്പിക്കുകയോ ചെയ്തു. ദേശരക്ഷാസേനയുടെ ആജ്ഞാനുസരണം പോലീസ് വടകരയിലെ നെയ്‌ത്തുതൊഴിലാളി സഹകരണസംഘം സെക്രട്ടറി പി.ചാത്തുവിനെ കേസിൽ പെടുത്തി. വള്ളിക്കാട്ടെ വി.കണ്ണൻമാസ്റ്റർ, എൻ.പി.കുഞ്ഞിക്കേളു, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരെ ദേശരക്ഷാസേന പിടിച്ച് പോലീസിൽ ഏൽപ്പിച്ചു. വള്ളിക്കാട്ടെ കുഞ്ഞിരാമൻ വൈദ്യരെ ജയിലിലടച്ച് കാൽച്ചങ്ങലയിൽ കെട്ടിയിട്ടു. ഒഞ്ചിയത്തെ പാർട്ടി നേതാവായ മണ്ടോടി കണ്ണനെ കിട്ടാത്തതിനാൽ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരെയടക്കം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന മണ്ടോടി കണ്ണനെ ഇത് വല്ലാതെ വിഷമിപ്പിച്ചു. തന്നെ കിട്ടാത്തതിന്റെ പേരിൽ ഒഞ്ചിയം ഗ്രാമമാകെ പീഡിപ്പിക്കപ്പെടുകയാണ്. കണ്ണന് ഉറക്കം നഷ്ടപ്പെട്ടു. താനൊരാൾ പിടിയിലായാൽ മറ്റു സഖാക്കൾ രക്ഷപ്പെടുകയാണെങ്കിൽ അതല്ലേ നല്ലതെന്ന ചിന്ത. 1948 മെയ് 15ന് മണ്ടോടി പോലീസിൽ കീഴടങ്ങി. വടകര ലോക്കപ്പിൽ മൂന്നുദിവസമാണ് മണ്ടോടിയെ മൂന്നാംമുറക്കിരയാക്കിയത്. മൂന്നുദിവസത്തെ മർദനത്തെ തുടർന്ന് കണ്ണൻ സ്വന്തം ചോരയിൽ തളർന്നുവീണു. ചോരയിൽ കുളിച്ച്് മോഹാലസ്യത്തിൽ വീണ കണ്ണൻ ബോധംവന്നപ്പോൾ ചെയ്തത് താൻ കിടക്കുന്ന വടകര പോലീസ് ലോക്കപ്പിന്റെ ഭിത്തിയിൽ സ്വന്തം ചോരകൊണ്ട്് അരിവാൾചുറ്റിക വരയ്ക്കുകയായിരുന്നു. മർദനത്തിന്റെ ഫലമായി ദീർഘനാൾ ചികിത്സയിലായ മണ്ടോടി കണ്ണൻ 1949 മാർച്ച് 14‐ന് രക്തസാക്ഷിയായി.
സംഭവദിവം ചെന്നാട്ടുവയലിൽവെച്ച് അറസ്റ്റുചെയ്ത മുക്കാട്ടുകുനിയിൽ കുഞ്ഞാപ്പുവടക്കം 64 പേർക്കെതിരെയാണ് ഒഞ്ചിയം കേസ് ചാർജ് ചെയ്തത്്. കേസന്വേഷിച്ച്് കുറ്റപത്രം നൽകിയത്് അറസ്റ്റുചെയ്ത ഉദ്യോഗസ്ഥൻതന്നെയാണ്. ഈ കാരണവും തെളിവുകൾ ഇല്ലാത്തതിനാലും സെഷൻസ് കോടതി കേസ് തള്ളുകയായിരുന്നു. മേൽക്കോടതിയിലും പ്രോസിക്യൂഷൻവാദം വിജയിച്ചില്ല. പത്തുവിപ്ലവകാരികൾ രക്തസാക്ഷികളായ ഒഞ്ചിയം ചെറുത്തുനില്പ് നിരവധി സാഹിത്യകൃതികൾക്ക് വിഷയമായിട്ടുണ്ട്. നാടകങ്ങൾക്കും.