Friday, October 18, 2024

ad

Homeജൻഡർസ്ത്രീ രാഷ്ട്രീയം പറഞ്ഞാൽ

സ്ത്രീ രാഷ്ട്രീയം പറഞ്ഞാൽ

ഡോ. കീർത്തിപ്രഭ

മുമ്പ് സിഎഎ സമരത്തിൽ പങ്കെടുത്തത്, ‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, പിന്നെ ഇന്ത്യ കൊടുക്കുമോ എന്ന് പ്രസംഗിച്ചത് ‘ ഈ രണ്ട് കാരണങ്ങൾ കൊണ്ട് സംഘപരിവാർ അനുകൂലികളുടെ തെറിവിളികളും അധിക്ഷേപങ്ങളും നേരിടുകയാണ് നിമിഷ സജയൻ. ആ ആക്രമണങ്ങളിൽ ഏതൊക്കെ മാധ്യമങ്ങൾ വ്യക്തമായ പ്രതിഷേധവാർത്തകൾ നൽകാൻ തയ്യാറായി? ഇടതുപക്ഷമായാൽ, ഇതുപോലുള്ള പുരോഗമന സ്വഭാവം ഒക്കെ കാണിച്ചാൽ ആക്രമിക്കപ്പെടട്ടെ എന്നാണ് മാധ്യമനയം. നേരെമറിച്ച് എന്തു കാണിച്ചാലും യുഡിഎഫിനും സംഘപരിവാരങ്ങൾക്കും മാധ്യമങ്ങൾ നൽകുന്ന പ്രിവിലേജ് അതിശയിപ്പിക്കുന്നതാണ്. കേന്ദ്ര സർക്കാരിന്റെ അഴിമതികളും വർഗീയവിഷം തുപ്പലുകളും കലാപങ്ങളും കർഷകവിരുദ്ധതയും പൗരത്വനിയമവും പാചകവാതകവും പെട്രോളും ഡീസലും പൊതുമേഖല വിറ്റഴിക്കലുകളും ഇലക്‌ടറൽ ബോണ്ടും മണിപ്പൂരുമെല്ലാം മനപ്പൂർവം മറച്ചുവച്ച് ഈ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഇടത് ഭരണത്തിനുള്ള ജനത്തിന്റെ ശിക്ഷയാണ്, കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ധാർഷ്ട്യത്തിന്റെ ഫലമാണ് എന്നൊക്കെ എത്ര ലാഘവത്തോടെയാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഓമനക്കുട്ടൻ മുതൽ വീണാവിജയൻ വരെ ഇടതുപക്ഷവിരുദ്ധത എന്ന മാധ്യമ അജണ്ടയുടെ ഇരകളാകുമ്പോൾ മേൽപ്പറഞ്ഞ കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങളിലൊക്കെയും പ്രതിസ്ഥാനത്തു ബിജെപിയോടൊപ്പം കോൺഗ്രസ്സും ഉണ്ട് എന്നത്‌ മറച്ചുവച്ചുകൊണ്ട് ഈ തെരഞ്ഞെടുപ്പ് ഫലം കമ്യൂണിസ്റ്റുകാരുടെ ധാർഷ്ട്യത്തിന് എതിരായ പ്രതിഷേധം മാത്രമാവുന്നു. സുരേഷ് ഗോപിയും ബിജെപിയും യുഡിഎഫുമെല്ലാം നന്മമാത്രം ചെയ്ത് വിജയിച്ചു എന്നുകൂടിയാണ് മാധ്യമങ്ങൾ നമ്മളെ വിശ്വസിപ്പിക്കുന്നത്.

അതുതന്നെയാണ് നിമിഷയുടെ കാര്യത്തിലും സംഭവിക്കുന്നത്. ഫാസിസ്റ്റു രാഷ്ട്രീയത്തെക്കുറിച്ച് ഒരൊതിർപ്പും പ്രകടിപ്പിക്കാതെ മലയാള സിനിമാ ലോകത്തെ അരാഷ്‌ട്രീയവാദികളും നിഷ്കളങ്ക നിക്ഷ്പക്ഷരെന്ന് നടിക്കുന്ന സെലിബ്രിറ്റികളും സഹപ്രവർത്തകൻ ആയത് കൊണ്ട് സുരേഷ് ഗോപിയെ നന്മമരം ആയി ചിത്രീകരിച്ച് തൃശൂരിൽ ബിജെപി അക്കൗണ്ട് തുറന്ന വിജയത്തിൽ അഭിനന്ദിച്ചുകൊണ്ട് അധികാരത്തിന്റെയും പൊതുസാമൂഹിക ബോധത്തിന്റെയും മുന്നിൽ ഓച്ഛാനിച്ചു നിൽക്കുകയാണ്. അവിടെ വേറിട്ടുനിന്ന, ഫാസിസ്റ്റു വിരുദ്ധ രാഷ്ട്രീയം പറഞ്ഞ നിമിഷ സഹപ്രവർത്തകയാണെന്നത്‌ അവരൊക്കെയും സൗകര്യപൂർവ്വം മറക്കുകയുമാണ്. നിമിഷ വർഗീയശക്തികളാൽ ആക്രമിക്കപ്പെടുമ്പോൾ ആരും ഐക്യദാർഢ്യത്തിന് മുതിരുന്നുമില്ല.

മുമ്പ് ജിഎസ്ടിയുമായി ബന്ധപ്പെട്ട ഒരു സാങ്കേതിക പിഴവിനെ നിമിഷ ചെയ്ത നികുതിവെട്ടിപ്പായി ആഘോഷിച്ച സംഘപരിവാർ വിസ്സർജ്യങ്ങൾക്ക് അവരോടുള്ള വിദ്വേഷത്തിന് കാരണം തിരഞ്ഞ് ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ എന്ന സിനിമയിലെ കഥാപാത്രം വരെ ഒന്ന് ചെന്ന് നോക്കിയാൽ മതി. സ്ത്രീ അടുക്കളയ്ക്കും ഭോഗത്തിനും വേണ്ടിയുള്ള ഉപകരണം ആണെന്ന് എഴുതിവച്ച ആർഷഭാരത സാംസ്‌കാരിക നായകന്മാർക്ക് ആ സിനിമയിലൂടെ കിട്ടിയ അടി ചെറുതല്ല. മഹത്തായ ഭാരതീയ അടുക്കളയിലെ ആ കഥാപാത്രം വർഷങ്ങൾക്കിപ്പുറവും നമ്മുടെ സമൂഹത്തിലെ ചില വിഷ ജന്തുക്കളെ അസ്വസ്ഥരാക്കുന്നു എങ്കിൽ അതിനോട് ഐക്യദാർഢ്യപ്പെടാതെ വയ്യ. സംഘിരാഷ്ട്രീയം സ്ത്രീസ്വാതന്ത്ര്യം അംഗീകരിക്കുന്നില്ല എന്ന യാഥാർഥ്യം ഇത്രയേറെ വെളിവായിട്ടും അതിനെ വെള്ളപൂശാൻ വലതു മാധ്യമങ്ങൾ കാണിക്കുന്ന ആവേശം അത്ര നിഷ്കളങ്കമല്ല. ഏറെ ആശങ്കയോടെ കാണുകയും കൈകാര്യം ചെയ്യേണ്ടുന്നതുമായ വസ്തുതയാണിത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നപ്പോൾ മലയാള സിനിമാ ചരിത്രത്തിൽ ഇടംനേടിയ ഇത്ര ശക്തമായ സ്ത്രീരാഷ്ട്രീയം പറഞ്ഞ ഒരു കഥാപാത്രം അവതരിപ്പിച്ച നടിക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് അടച്ചുവെക്കേണ്ടിവന്നത് അവരുടെ സഹപ്രവർത്തകരെയൊന്നും അസ്വസ്ഥരാക്കുന്നേയില്ല. നേരെമറിച്ച് സവർണ മാടമ്പിയുടെ, ഗുജറാത്തിൽ ഒക്കെ കണ്ട സംഘനായകന്മാരുടെ ശരീരഭാഷ വ്യക്തമായി പ്രകടിപ്പിച്ച സുരേഷ് ഗോപി ജയിച്ചുവരുന്നതിനെ സഹപ്രവർത്തകൻ ആണെന്നെന്നതുകൊണ്ട് അഭിനന്ദിക്കപ്പെടുമ്പോൾ സകലരും ഈ ദേശത്തെ ക്രൂരരായ ഹിന്ദുത്വ ഫാസിസ്റ്റു ശക്തികളെ പിന്തുണയ്‌ക്കുക കൂടിയാണ് ചെയ്യുന്നത്. ഇന്ത്യൻ ഗ്രാമങ്ങളിലെ സാധാരണ മനുഷ്യർ ആട്ടിയോടിക്കാൻ ശ്രമിക്കുന്ന വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ കേരളത്തിലെ ഒരുവിഭാഗം സ്വീകരിക്കുന്നത് വളരെ ലാഘവത്തോടെ കാണാൻ കേരളത്തെ പ്രാപ്തരാക്കിയതിൽ വലതു മാധ്യമങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 5 =

Most Popular