കേരളം നേരിടുന്ന ഏറ്റവും പ്രധാന പൊതുജനാരോഗ്യ പ്രശ്നം ജീവിതശൈലീ രോഗങ്ങളാണ്. പക്ഷേ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും കാലാവസ്ഥയുടെ സവിശേഷതകൾ കൊണ്ടും സാംക്രമിക രോഗങ്ങൾ നമുക്ക് പൊതുജനാരോഗ്യരംഗത്ത് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതിൽ പ്രധാനം ചിക്കൻപോക് സ്, H1N1 പോലെ എപ്പോഴും ഉള്ളവയും മഴക്കാലത്ത് സംക്രമണം വർദ്ധിക്കുന്ന ഡെങ്കിപ്പനി, എലിപ്പനി, സ്ക്രബ്ബ് ടൈഫസ് , ഇൻഫ്ളുവൻസ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൂടുതലായി തൊഴിലാളികൾ വരുന്നതുകൊണ്ട് വർദ്ധിക്കുന്ന മലേറിയ തുടങ്ങിയ പകർച്ചവ്യാധികളും ആണ്. ഇതോടൊപ്പം ആകെ എണ്ണത്തിൽ കുറവാണെങ്കിലും പക്ഷിപ്പനി, നിപ തുടങ്ങിയ ജന്തുജന്യ രോഗങ്ങളുടെ പ്രതിരോധനത്തിലൂന്നിയ ഏകാരോഗ്യ പരിപാടികളും കൂടുതൽ ഊർജിതമാക്കേണ്ടിയിരിക്കുന്നു.
2024 മെയ് 23-ന്, മെക്സിക്കോ ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻസ് (IHR) നാഷണൽ ഫോക്കൽ പോയിന്റ് (NFP) ഏവിയൻ ഇൻഫ്ലുവൻസ A (H5N2) വൈറസ് ബാധിച്ചതായി PAHO/WHO-യ്ക്ക് റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇൻഫ്ലുവൻസ A(H5N2) വൈറസ് ബാധയുടെ ആദ്യ ലബോറട്ടറി സ്ഥിരീകരിച്ച മനുഷ്യ കേസും മെക്‌സിക്കോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ ഏവിയൻ A(H5) വൈറസ് അണുബാധയുമാണ്. ഇത് 2024 മെയ് 22-ന്, പശ്ചിമ ബംഗാളിൽ ഒരു കുട്ടിയിൽ ഏവിയൻ ഇൻഫ്ലുവൻസ എ (H9N2) വൈറസ് ബാധിച്ചതായി ( മനുഷ്യരിൽ അണുബാധയുണ്ടായതായി) ഇന്ത്യയ്‌ക്കായുള്ള ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻസ് (IHR) നാഷണൽ ഫോക്കൽ പോയിന്റ് (NFP) WHO-ക്ക് റിപ്പോർട്ട് ചെയ്തു. ഇങ്ങനെ പാൻഡെമിക് സാധ്യതകൾ നിലനിൽക്കെ അതിനുവേണ്ട ആഗോളതയ്യാറെടുപ്പുകൾക്കനുസൃതമായ നടപടികളും നമുക്ക് സ്വീകരിക്കണം.
സാധാരണ വൃത്തിയാക്കൽ അല്ല
ഡെങ്കിപ്പനി പ്രതിരോധം
ഈഡിസ് കൊതുകുകൾ പരത്തുന്ന പകർച്ചവ്യാധിയാണ് ഡെങ്കിപ്പനി. നാലുതരം വൈറസുകളാണ് പ്രധാനമായും ഡെങ്കിപ്പനി ഉണ്ടാക്കുന്നത്. വർദ്ധിച്ചുവരുന്ന നഗരവൽക്കരണം, കാലാവസ്ഥാ വ്യതിയാനം, ഇവ ഡെങ്കിപ്പിക്കിന്റെ വർദ്ധനവിന് കാരണമാകുന്നു. കേരളത്തിന്റെ പലസ്ഥലങ്ങളിലും ഡെങ്കി ഹൈപ്പെർഎൻഡെമിക് ആണ്. അതായത് ഒന്നിൽ കൂടുതൽ വൈറസ് ആ സ്ഥലത്ത് പടരുന്നതുകൊണ്ട് ഗുരുതരമായ ഡെങ്കി അല്ലെങ്കിൽ സങ്കീർണതകൾ വരാനുള്ള സാധ്യത കൂടുതലാണ്. ഒരാളിന് ആദ്യം ഡെങ്കിപ്പനി വരുമ്പോൾ അത് സാധാരണ പനിയായി വന്നു പോയേക്കാം. അടുത്ത പ്രാവശ്യം മറ്റൊരു തരം വൈറസ് ആണെങ്കിൽ ഗുരുതര ഡെങ്കിക്കു കാരണമാകാം. ഡെങ്കി പടരാനുള്ള ഒരു പ്രദേശത്തിന്റെ സാധ്യത കണക്കാക്കുന്നത് അവിടുത്തെ കുട്ടികളിലുള്ള ഡെങ്കി ഇൻഫെക്ഷൻ അവലോകനം ചെയ്തിട്ടാണ്. ഈയിടെ കേരള സർക്കാർ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് നടത്തിയ പഠനം ലാൻ സെറ്റ് എന്ന മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഒമ്പത് മുതൽ പന്ത്രണ്ടു വരെ പ്രായത്തിലുള്ള കുട്ടികളിൽ ഏകദേശം മൂന്നിലൊന്ന് പേർക്കും ഒരുതവണയെങ്കിലും ഡെങ്കിപ്പനി വന്നുപോയിട്ടുണ്ട്. എന്നാൽ ഇതിൽ 89 ശതമാനം പേർക്കും തങ്ങൾക്ക് ഡെങ്കിപ്പനി വന്നതായി അറിവില്ല. ഇത് വളരെ പ്രധാനമാണ്. നാലുതരം വൈറസുകളും പടരുന്ന സാഹചര്യത്തിൽ ഒരിക്കൽ വന്നവർക്ക് രണ്ടാമത് മറ്റൊരുതരം വൈറസ് മൂലം ഡെങ്കിപ്പനി വരുന്നതാണ് സങ്കീർണ്ണതകൾക്കും മരണനിരക്ക് വർധിക്കുന്നതിനും കാരണമാകുന്നത്. ഇത്തരം സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നതുകൊണ്ട് ഡെങ്കിപ്പനി പ്രതിരോധത്തിൽ നാം അങ്ങേയറ്റം ജാഗ്രത പുലർത്തണം. 2024 മെയ് മാസം ലോകാരോഗ്യ സംഘടന ഡെങ്കി വാക്സിനുകളെ കുറിച്ചുള്ള പൊസിഷൻ പേപ്പർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഉയർന്ന ട്രാൻസ്മിഷൻ നടക്കുന്ന സ്ഥലങ്ങളിൽ മാത്രം ആറുമുതൽ 16 വയസ്സുവരെ പ്രായമുള്ള കുട്ടികളിൽ മൂന്നുമാസത്തെ ഇടവേളയിൽ രണ്ട് ഡോസ് വാക്‌സിൻ നൽകാൻ കണ്ടീഷണൽ റെക്കമെന്റേഷൻ നൽകിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ഭാവിയിൽ ഫലപ്രദമായ ഒരു വാക്സിൻ എല്ലാവരിലേക്കും എത്താനുള്ള ഒരു സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ഈഡിസ് കൊതുകുകളുടെ നിയന്ത്രണം വഴി കേസുകളുടെ എണ്ണം കുറയ്ക്കുന്നതും കൃത്യമായ പ്രോട്ടോക്കോൾ ഉപയോഗിച്ചുള്ള ചികിത്സ വഴി മരണം കുറയ്ക്കുന്നതുമാണ് ഏറ്റവും പ്രധാനം.
മറ്റു കൊതുകുകളെ അപേക്ഷിച്ച് വളരെ ചെറിയ ദൂരം മാത്രം പറക്കുന്ന കൊതുകളാണ് ഈഡിസ് കൊതുകുകൾ. അത് പകലാണ് മനുഷ്യരെ കടിക്കുന്നത്. ഈ രണ്ട് പ്രത്യേകതകൾ കൊണ്ടുതന്നെ നമ്മുടെ വീടിനോ ഓഫീസിനോ വിദ്യാലയത്തിനോ തൊട്ടടുത്ത് കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക എന്നുള്ളതാണ് നമ്മളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. സാധാരണ വൃത്തിയാക്കൽ അല്ല ഡെങ്കിപ്പനി പ്രതിരോധം.
വൃത്തിയുള്ള ചെറിയ പാത്രങ്ങൾ, ഫ്രിഡ്ജിന്റെ ട്രേ, ഫ്ലവർ വെയ്സ്, പൂച്ചട്ടികളുടെ പാത്രങ്ങൾ, എയർ കണ്ടീഷൻ കൂളറുകൾ എന്നിവയിൽ നിൽക്കുന്ന ചെറിയ വെള്ളം, സംഭരിച്ചു വയ്ക്കുന്ന കുടിവെള്ളം തുടങ്ങിയവയൊക്കെ ഈഡിസ് കൊതുകിന്റെ ഉറവിടങ്ങളാണ്. ആഴ്ചയിൽ ഒരിക്കൽ ഇവയൊക്കെ വെള്ളം ഒഴിവാക്കി വൃത്തിയാക്കുന്നതിലൂടെ മാത്രമേ ഈ ഡിസ് കൊതുകിന്റെ നിയന്ത്രണം സാധ്യമാകൂ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സഹകരണത്തോടുകൂടി എല്ലാ ഞായറാഴ്ചയും വീടുകളിലും വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കുന്നതു വഴി ഇത്തരത്തിൽ ലാർവ വളരാനുള്ള സാഹചര്യം ഒഴിവാക്കാൻ സാധിക്കും. അതാണ് പ്രായോഗികമായി ഇപ്പോൾ സാധ്യമായ കൊതുക് നിയന്ത്രണ മാർഗ്ഗം . ഒഴിഞ്ഞ പുരയിടങ്ങളിൽ മാലിന്യം വലിച്ചെറിയുമ്പോൾ അതിൽ തന്നെയുള്ള വസ്തുക്കളിൽ മഴവെള്ളം കെട്ടി നിന്നും ഈഡിസ് വളരുന്നതിനാൽ പബ്ലിക് ആക്ട് പ്രകാരമുള്ള നിയമ നടപടികളും ഡെങ്കി പ്രതിരോധത്തിന് ആവശ്യമായി വരും. വ്യക്തികൾ എടുക്കേണ്ട സുരക്ഷാമാർഗ്ഗങ്ങളും പ്രധാനമാണ്. പകൽ കടിക്കുന്ന കൊതുകാണ് ഈഡിസ് കൊതുക്. അതിനാൽ ശരീരം മറയുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും വീടുകളുടെ വാതിലുകളിലും ജന്നലുകളിലും നെറ്റ് അടിക്കുന്നതും ഡെങ്കി പ്രതിരോധത്തെ സഹായിക്കും.
എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്)
കേസുകളുടെ എണ്ണത്തേക്കാൾ ഉത്കണ്ഠയ്ക്കു കാരണം എലിപ്പനി മൂലം സംഭവിക്കുന്ന മരണങ്ങളാണ്. കഴിഞ്ഞവർഷം കേരളത്തിൽ ഏറ്റവും കൂടുതൽ മരണത്തിനു കാരണമായ സംക്രമിക രോഗം എലിപ്പനിയാണ് .ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന ലെപ്റ്റോസ്പൈറോസിസ് രോഗം പരത്തുന്നത് എലികൾ മാത്രമല്ല പശു , ആട്, കുതിര , പന്നി, പട്ടി, പൂച്ച തുടങ്ങിയവയുമാണ്. അതുകൂടാതെ പുറമെ മൃഗശാലയിലെ മൃഗങ്ങളും വന്യമൃഗങ്ങളും ഒക്കെ എലിപ്പനിയുടെ രോഗവാഹകരാകാം. മഴയ്ക്ക് ശേഷം, രോഗബാധിതരായ മൃഗങ്ങളിൽ നിന്നുള്ള മൂത്രമോ ശരീരസ്രവങ്ങളോ അടങ്ങിയ വെള്ളവുമായോ മണ്ണുമായോ ബന്ധപ്പെടുന്നതുവഴിയാണ് സാധാരണ ബാക്ടീരിയ നമ്മിലേക്കെത്തുന്നത്.
എലിപ്പനിക്ക് കാരണമാകുന്ന ബാക്ടീരിയയ്ക്ക് ഏതാണ്ട് 200 ഓളം സീറോ വാർകൾ കാണാം. രോഗത്തിന്റെ ലക്ഷണങ്ങളിലും സങ്കീർണതകളിലും വ്യത്യാസം ഉണ്ടാകാം. നേരത്തെ തന്നെ രോഗം തിരിച്ചറിയുകയും ആന്റിബയോട്ടിക്കുകൾ കൊണ്ട് ചികിത്സിക്കുകയുമാണെങ്കിൽ ചികിത്സിച്ച് മാറ്റാൻ കഴിയുന്ന ഒരു അസുഖമാണ്, എലിപ്പനി .അതേസമയം അത് സങ്കീർണതകളിലേക്ക് പോവുകയാണെങ്കിൽ ചികിത്സ ബുദ്ധിമുട്ടാകുകയും ചെയ്യും. സങ്കീർണമായ എലിപ്പനി ഉയർന്ന മരണ നിരക്കിനും കാരണമാകും. അതുകൊണ്ട് സ്വയം ചികിത്സ ഒഴിവാക്കി എത്രയും നേരത്തെ ആരോഗ്യ സംവിധാനങ്ങളിലേക്ക് എത്തുകയും ആന്റിബയോട്ടിക് ചികിത്സ ആരംഭിക്കുകയും ചെയ്യണം. എലിപ്പനിയുടെ സങ്കീർണതകൾ കുറയ്ക്കാൻ അതും അത്യാവശ്യമാണ്. ഇതിനുവേണ്ട ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ കൂടി നാം ആവിഷ്കരിച്ചു നടപ്പാക്കണം. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ ഉപയോഗം എല്ലാവരിലേക്കും എത്തിക്കേണ്ടതും അത്യാവശ്യമാണ്. നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും തൊഴിലുറപ്പ് പരിപാടിയുടെയും അടിയന്തിര ശ്രദ്ധ കയ്യുറ , ബൂട്ട്സ് തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലേക്ക് വരേണ്ടത് എലിപ്പനി പ്രതിരോധത്തിനു സഹായകമാണ്.
ജലജന്യരോഗങ്ങൾ
ജലജന്യ രോഗങ്ങളാണ് മറ്റൊന്ന്. പ്രത്യേകിച്ച് വെള്ളം വഴി പകരുന്ന ഹെപ്പറ്റൈറ്റിസ്. ഇത് നമ്മുടെ ജലാശയങ്ങൾ മലിനപ്പെടുന്നതുമായി ബന്ധപ്പെട്ട ഒരു സാമൂഹിക – പാരിസ്ഥിതിക പ്രശ്നമാണ്. ജലാശയങ്ങൾ ശുദ്ധമായി നിലനിർത്തുന്നതിന് കൂട്ടായ പ്രവർത്തനം അത്യാവശ്യമാണ്. ജലമലിനീകരണം തടയാൻ വേണ്ടി പ്രത്യേകിച്ച് കുടിവെള്ള സ്രോതസ്സുകളിലെ മലിനീകരണം തടയാൻ വേണ്ടി വിവിധ വകുപ്പുകളുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്. താരതമ്യേന പ്രതിരോധശേഷി കൂടിയ ഒരു വൈറസ് ആണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് .സാധാരണ നിലയിലുള്ള ക്ലോറിനേഷൻ വഴി ഹെപ്പറ്റൈറ്റിസ് എ വൈറസിനെ നിർവീര്യമാക്കാൻ ആവില്ല. അതിന് സൂപ്പർ ക്ലോറിനേഷൻ വേണം. വെള്ളം വെട്ടിത്തിളയ്ക്കുന്നതുവരെ തിളപ്പിച്ചതിനുശേഷം മാത്രം കുടിക്കുക.
പ്രതിരോധ മാർഗനിർദേശങ്ങൾ, ചികിത്സാ പ്രോട്ടോകോളുകൾ, ട്രെയിനിങ്, വാക്‌സിനുകൾ എല്ലാവർക്കും അല്ലെങ്കിലും ഏറ്റവും അർഹതപ്പെട്ടവർക്ക്, സാമൂഹിക, സാമ്പത്തിക, പിന്നാക്ക നിലയിൽ ഉള്ളവർക്കെങ്കിലും വാക്സിൻ നൽകുക എന്നുള്ളത് സർക്കാർ പരിഗണിക്കേണ്ടതാണ്.
കഴിഞ്ഞവർഷം വലിയ തോതിൽ ചിക്കൻപോക്സ് രോഗം കേരളത്തിൽ പടർന്നുപിടിച്ചിരുന്നു. ചിക്കൻപോക്സിനെതിരെ ഫലപ്രദമായ ആന്റിവൈറൽ മരുന്ന് ലഭ്യമാണ്. അത് നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യവുമാണ്. നേരത്തേതന്നെ ആധുനിക വൈദ്യശാസ്ത്ര ചികിത്സ തേടുന്നതിലൂടെ ചിക്കൻപോക്സിന്റെ സങ്കീർണതകളും മരണനിരക്കും ഒഴിവാക്കാൻ പറ്റും. ചിക്കൻപോക്സിനും ഫലപ്രദമായ വാക്സിൻ ലഭ്യമാണ്.
സാംക്രമിക രോഗപ്രതിരോധം ഒരുപാട് വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ സാധ്യമാകു – തദ്ദേശസ്വയംഭരണ വകുപ്പ്, ജല അതോറിറ്റി, ഫുഡ് സേഫ്റ്റി വകുപ്പ് തുടങ്ങിയവയുടെ. സാംക്രമിക രോഗപ്രതിരോധരംഗത്തും ചികിത്സാരംഗത്തും ഗവേഷണം അത്യന്താപേക്ഷിതമാണ്. ഇതിനായി കേരളത്തിനകത്തും പുറത്തുമുള്ള മറ്റു ഗവേഷണ സ്ഥാപനങ്ങളുമായുള്ള സഹകരണം സഹായകമാണ്. ♦