Thursday, September 19, 2024

ad

Homeമുഖപ്രസംഗംവരാനിരിക്കുന്നത് 
പോരാട്ടത്തിന്റെ ദിനങ്ങൾ

വരാനിരിക്കുന്നത് 
പോരാട്ടത്തിന്റെ ദിനങ്ങൾ

ഴിഞ്ഞ ഒരു പതിറ്റാണ്ടായി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ തുടർന്നു വന്നിരുന്ന കോർപ്പറേറ്റനുകൂലവും ജനവിരുദ്ധവുമായ സാമ്പത്തികനയങ്ങളെയും ഒപ്പം തീവ്രവർഗീയ നിലപാടുകളെയും തിരസ്-കരിക്കുന്നതാണ് 18–ാം ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധി. അതിന്റെ പ്രതിഫലനമാണ് രണ്ടു പ്രമുഖ പ്രാദേശിക കക്ഷികളുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും മാത്രമേ മോദിക്ക് അധികാരത്തുടർച്ച സാധ്യമാകൂവെന്ന അവസ്ഥ സംജാതമായത്. അതായത് ജനവിധി ബിജെപിയുടെയും മോദിയുടെയും സേ-്വച്ഛാധിപത്യത്തിനും ഏകപക്ഷീയതയ്ക്കും എതിരാണെന്നാണ്; ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിക്കുകയെന്ന ഇന്ത്യൻ ജനതയുടെ ഹിതമാണ് 2024ലെ ജനവിധിയിൽ കാണുന്നത്.

എന്നാൽ, ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും കൂട്ടുകക്ഷി മന്ത്രിസഭയ്ക്കാണ് താൻ നേതൃത്വം നൽകുന്നതെന്നറിയാമായിരുന്നിട്ടും മന്ത്രിസഭാ രൂപീകരണത്തിലും വകുപ്പു വിഭജനത്തിലുമെല്ലാം ഇതിനകം തന്നെ മോദി പ്രകടമാക്കിയത് തന്നിഷ്ടത്തിനപ്പുറം കടുകിട മാറാൻ താൻ തയ്യാറല്ലയെന്ന നിലപാടാണ്. തന്റെ രണ്ടാമൂഴത്തിന്റെ തുടർച്ചയാണ്, തനിപ്പകർപ്പു തന്നെയാണ് ഈ മൂന്നാമൂഴവും എന്ന് സ്ഥാപിക്കാനാണ് മോദിയും സംഘപരിവാറുകാരും ഗോദി മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ്, ആറ് പതിറ്റാണ്ടിനുശേഷം, അതായത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനുശേഷം ചരിത്രത്തിലാദ്യമായി മോദിക്ക് പ്രധാനമന്ത്രിയായി മൂന്നാമൂഴം ലഭിച്ചുവെന്ന് കൊട്ടിഘോഷിക്കുന്നത്. ഇതിൽ തന്നെ മൂടിവച്ചിരിക്കുന്ന ഒരു നുണയുണ്ട്. നെഹ്റുവിന്റെ അധികാരത്തുടർച്ചയുണ്ടായത്, ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തോടെയാണ്. എന്നാൽ മോദിക്കോ? ഒറ്റയ്ക്കു ഭൂരിപക്ഷം ജനവിധിയിലൂടെ ലഭിച്ചില്ലെന്നു മാത്രമല്ല, ഒന്നാമൂഴത്തിലെയും രണ്ടാമൂഴത്തിലെയും സീറ്റും വോട്ടുവിഹിതവും ഗണ്യമായി കുറഞ്ഞ് ടിഡിപിയുടെയും ജെഡിയുവിന്റെയും ജെഡിഎസിന്റെയുമെല്ലാം തോളിൽ തൂങ്ങി മാത്രമേ മോദിക്കും ബിജെപിക്കും ഭരണത്തുടർച്ച സാധ്യമായുള്ളൂവെന്ന സത്യം മറച്ചുപിടിക്കാനുള്ള സംഘടിതനീക്കമാണ് നാമിപ്പോൾ കാണുന്നത്. വാരണാസിയിൽ മോദി ജയിച്ചപ്പോൾ തന്നെ, 2019 ലെ അഞ്ച് ലക്ഷത്തിനടുത്ത വോട്ടിന്റെ ഭൂരിപക്ഷം വെറും ഒന്നര ലക്ഷമായി കുത്തനെ ഇടിഞ്ഞിട്ടാണെന്നതും അവർ കണ്ടില്ലെന്നു നടിക്കുകയാണ്.

മോദി മാറിയിരിക്കുന്നു, സൗമ്യഭാവം കെെവരിച്ചിരിക്കുന്നുവെന്നെല്ലാം മോദി ഭക്തരും ‘നിഷ്പക്ഷ’ നിരീക്ഷകരും വാദിക്കുമ്പോൾ സത്യം മറിച്ചാണെന്ന് കാണാൻ, പാഴൂർ പടിവരെ പോകേണ്ടതില്ല. നാട്യങ്ങൾക്കപ്പുറം മൂന്നാമൂഴത്തിലെ മോദിയുടെ പൂച്ച് പുറത്തുചാടിക്കുന്നതാണ് അമിത് ഷായെത്തന്നെ വീണ്ടും ആഭ്യന്തരമന്ത്രിയും നിർമലാ സീതാരാമനെ വീണ്ടും ധനമന്ത്രിയും മറ്റുമെല്ലാമായി നിയോഗിച്ചതിൽ കാണാൻ കഴിയുന്നത്. രാജ്നാഥ് സിങ്ങും ജയശങ്കറും ഗഡ്ക്കരിയുമെല്ലാമടങ്ങുന്ന രണ്ടാം മോദി സർക്കാരിലെ അതേ ടീമിനെ അതേ വകുപ്പുകളോടെ പുനഃപ്രതിഷ്ഠിക്കുമ്പോൾ രണ്ടാമൂഴത്തിലെ ശെെലിയിൽനിന്ന് കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന സന്ദേശമാണ് മോദി ജനങ്ങൾക്ക് നൽകുന്നത്.

ഗവൺമെന്റിന് ജീവൻ നൽകുന്ന ഘടകകക്ഷികൾക്ക് അപ്രധാന വകുപ്പുകൾ മാത്രം നൽകി ഒതുക്കാൻ മോദിക്ക് കഴിഞ്ഞതിൽനിന്നു തന്നെ അവസരവാദികളും ഒരിക്കലും ഒരിടത്തും കാലുറച്ച് നിൽക്കാത്ത ആയാറാം ഗയാറാം കക്ഷികളായ ഇക്കൂട്ടർ സമീപഭാവിയിൽതന്നെ ഈ നാടിനോട് സമാധാനം പറയേണ്ടതായി വരുമെന്നുറപ്പാണ്. ആന്ധ്രാപ്രദേശിനും ബിഹാറിനും പ്രതേ-്യക പാക്കേജെന്ന ഏക ഇന അജൻഡയിലാണോ, അതുപോലും നടക്കുമെന്നുറപ്പില്ലാതെയാണോ നിതീഷ്-കുമാറും ചന്ദ്രബാബു നായിഡുവും മോദിയുടെ അറവുശാലയിലേക്ക് ചെന്നു കയറിയതെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഈ അവസരവാദികളുടെ മതനിരപേക്ഷതയെയും ജനാധിപത്യത്തെയുംകുറിച്ചുള്ള വാക്ജാലങ്ങൾ വെറും വാക്കുകളാണെന്ന് തിരിച്ചറിയപ്പെടുന്നുണ്ടെന്നു പോലും ഇക്കൂട്ടർ കാണുന്നില്ല.

മോദി മന്ത്രിസഭയ്ക്ക് മതനിരപേക്ഷവാദികളെന്ന് സ്വയം ആണയിടുന്ന പ്രാദേശിക കക്ഷികളുടെ പിന്തുണയോടെയേ അധികാരത്തിൽ തുടരാൻ കഴിയൂവെന്ന് കണ്ടപ്പോൾ ആശ്വസിച്ചവരെയെല്ലാം നിരാശയിലാഴ്ത്തുന്നതാണ് മന്ത്രിസഭയുടെ ഘടനയും ഓരോരുത്തരുടെയും വകുപ്പുകളും. തുണ്ടു കടലാസിൽ എഴുതിക്കൊണ്ടുവന്ന് കുപ്പായത്തിന്റെ കീശയിൽ നിന്നെടുത്ത്, പാർലമെന്റിന്റെ അജൻഡയിൽ പോലും ഉൾപ്പെടുത്താതെ, പാർലമെന്റംഗങ്ങളെ ഇരുട്ടിൽ നിർത്തിക്കൊണ്ട് ഭരണഘടനാ ഭേദഗതികൾപോലും അവതരിപ്പിച്ച് നിമിഷങ്ങൾക്കകം പാസ്സാക്കിയെടുത്ത അമിത്ഷായുടെ വാഴ്ചയ്ക്ക് മോദിയുടെ മൂന്നാമൂഴത്തിലും മാറ്റമുണ്ടാവില്ലെന്നാണ് ഇതെല്ലാം കാണിക്കുന്നത്.

പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള വിവേചനവും അവയെ സാമ്പത്തികമായി ഞെരുക്കുന്നതും തുടരുമെന്ന് തന്നെയാണ് മോദിയുടെ ഇഷ്ടാനിഷ്ടങ്ങൾ മാത്രം കണക്കിലെടുത്ത് നയങ്ങൾക്ക് രൂപം നൽകുന്ന നിർമലാ സീതാരാമനെ തന്നെ ധനമന്ത്രിയാക്കിയതിൽ നിന്നു വ്യക്തമാകുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ, സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഇനിയും പോരാട്ടം തുടരേണ്ടതായി വരുമെന്നാണ് നാം കാണേണ്ടത്.

മതന്യൂനപക്ഷങ്ങൾക്ക് പ്രാതിനിധ്യം നൽകാത്തതിലൂടെ വർഗീയ ചേരിതിരിവിന്റെ പാതയിലൂടെത്തന്നെ തുടർന്നും നീങ്ങുമെന്നാണ് മോദിയും സംഘപരിവാറും വ്യക്തമാക്കുന്നത്. ക്രിസ്ത്യൻ ന്യൂനപക്ഷത്തിനുള്ള പ്രാതിനിധ്യമെന്ന പേരിൽ എക്കാലത്തെയും സംഘപരിവാർ ആശ്രിതനായ ജോർജ് കുര്യനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതുതന്നെ വെറും സഹമന്ത്രിയായാണ്, അതാകട്ടെ തികച്ചും അപ്രധാനമായ വകുപ്പുകൾ നൽകിയും. അങ്ങനെ ഒരാളെ അധികാരമില്ലാ കസേരയിൽ ഇരുത്താൻ മോദിയും ബിജെപിയും തയ്യാറായതാകട്ടെ, കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിനിടയിലേക്കുള്ള പാലം പണിയൽ എന്ന സങ്കുചിത ലക്ഷ്യത്തോടുകൂടിയുമാണ്. ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലീം ജനവിഭാഗങ്ങൾക്കാകട്ടെ അത്തരത്തിലുള്ള പ്രാതിനിധ്യം നൽകാൻ പോലും തയ്യാറാകാതെ തികഞ്ഞ വർഗീയ നിലപാടിൽ തന്നെയാണ് മോദി നിൽക്കുന്നത്.

സംഘപരിവാർ വർഗീയ അജൻഡയിൽനിന്ന് ബിജെപി സർക്കാർ മാറുമെന്ന് കരുതുന്നതുതന്നെ പുള്ളിപ്പുലിയുടെ പുള്ളിയിൽ വെള്ളം നനയുമ്പോൾ മാഞ്ഞുപോകുമെന്നു കരുതുന്നതുപോലെ അബദ്ധമാണ്. 1996ൽ 13 ദിവസത്തെ ആദ്യ ഭരണം ഒഴിഞ്ഞപ്പോൾ സംഘപരിവാറിന്റെ സൗമ്യമുഖമെന്നറിയപ്പെടുന്ന സാക്ഷാൽ എ ബി വാജ്പെയി പറഞ്ഞത്, ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്തതുകൊണ്ടാണ് തങ്ങളുടെ അജൻഡകൾ പുറത്തെടുക്കാത്തതെന്നാണ്. അതായത് വാജ്പേയിയുടെ നന്മ കൊണ്ടല്ല, ആർഎസ്എസ്സിന്റെ ഹിന്ദുത്വ അജൻഡ ആ 13 ദിവസത്തിനകം നടപ്പാക്കാത്തതെന്നർഥം. അങ്ങനെ ആ അജൻഡ പുറത്തെടുക്കാനാവാത്തതിന്റെ ദുഃഖം പ്രകടമാകുന്നുണ്ട് അദ്ദേഹത്തിന്റെ അന്നത്തെ വാക്കുകളിൽ. എന്നാൽ മോദിയിലേക്ക് വരുമ്പോൾ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും സംഘപരിവാറിന്റെ വർഗീയ–സേ-്വച്ഛാധിപത്യ–കോർപ്പറേറ്റജൻഡകൾ നിർബാധം നടപ്പാക്കുന്നിടത്തേക്ക് എത്തിയിരിക്കുന്നു. അതിനായി സഖ്യകക്ഷികളെ പരുവപ്പെടുത്തിയിരിക്കുന്നുവെന്നാണ് നാം തിരിച്ചറിയേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ ചെറുത്തുനിൽപ്പും പോരാട്ടവും തുടരേണ്ടതുണ്ടെന്നാണ് ഈ സാഹചര്യം നമ്മെ ഓർമിപ്പിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 − 1 =

Most Popular