Sunday, November 17, 2024

ad

Homeമുഖപ്രസംഗംപ്രതീക്ഷയ്ക്കു വക നൽകുന്ന വിധി

പ്രതീക്ഷയ്ക്കു വക നൽകുന്ന വിധി

രാജ്യത്തെ ഉന്നതനീതിപീഠത്തിൽനിന്ന് തുടർച്ചയായി വരുന്ന ശ്രദ്ധേയമായ ചില വിധിന്യായങ്ങൾ ജനാധിപത്യത്തിന്റെ നിലനിൽപിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയ്ക്കു വക നൽകുന്നതാണ്. ജനാധിപത്യത്തെ തന്നെ അട്ടിമറിക്കാൻ രാജ്യത്ത് അധികാരം കയ്യാളുന്ന ഫാസിസ്റ്റു ശക്തികൾ നിരന്തരം നീക്കം നടത്തുമ്പോഴും അതിനെ ചെറുത്തുതോൽപിക്കാൻ ജനങ്ങൾക്ക് കരുത്തുപകരുന്നതാണ് സുപ്രീം കോടതിയുടെ ഈ വിധിന്യായങ്ങൾ.

ഛണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷനിലെ ജനവിധി അട്ടിമറിക്കാൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനെ മുൻനിർത്തി മോദി – അമിത്ഷാ സംഘം നടത്തിയ നീക്കത്തെ സുപ്രീംകോടതി ഇടപെട്ട് തടഞ്ഞത്, മാധ്യമ സ്വാതന്ത്ര്യം – അഭിപ്രായ പ്രകടന സ്വാതന്ത്ര്യം – ഹനിക്കുന്നതിന് കൊണ്ടുവന്ന ഓർഡിനൻസിന്റെ ആയുസ് 24 മണിക്കൂർ പോലും നിലനിൽക്കാൻ അനുവദിക്കാത്ത സുപ്രീം കോടതിയുടെ ഇടപെടൽ, ഭീമ കോറേഗാവ് കേസിൽ നാലു വർഷത്തിലേറെയായി ജയിലിലായിരുന്ന ഗൗതം നവ്ലേഖയെ മോചിപ്പിച്ചത്, ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ ഇലക്ടറൽ ബോണ്ടിന്റെ ഉള്ളുകള്ളികൾ വെളിച്ചത്തുകൊണ്ടുവന്ന സുപ്രീംകോടതിയുടെ ശക്തമായ ഇടപെടൽ എന്നിവയ്ക്കെല്ലാം പിന്നാലെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം ഡൽഹി മുഖ്യമന്ത്രിയും രണ്ട് സംസ്ഥാനങ്ങളിലെ ഭരണകക്ഷിയായ എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്-രിവാളിനെ അറസ്റ്റുചെയ്തതിനെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ ഇടപെട്ട സുപ്രീംകോടതി അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി താൽക്കാലിക ജാമ്യം അനുവദിച്ചത്.

കേജ്-രിവാളിന് താൽക്കാലിക ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് മോദി സർക്കാരിന്റെ ജനാധിപത്യവിരുദ്ധമായ നടപടികളിലൂടെ അധികാരം നിലനിർത്താനുള്ള നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ്. കേജ്-രിവാളിനെ പോലെ പ്രതിപക്ഷത്തെ പ്രമുഖനായൊരു നേതാവിനെ ലോക്-സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ പ്രചാരണത്തിനായി മോചിപ്പിച്ചതിലൂടെ സുപ്രീം കോടതി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും രാജ്യത്തെ ജനങ്ങൾക്കു നൽകുന്നത് വ്യക്തമായ ഒരു സന്ദേശമാണ്. ഇന്ത്യയിൽ മോദി വാഴ്ചയിൽ ജനാധിപത്യ പ്രക്രിയ തന്നെ അപകടത്തിലായിരിക്കുകയാണെന്നും ആ മഹാവിപത്തിൽനിന്നും രാജ്യത്തെ രക്ഷിക്കാൻ ജനങ്ങളെ അണിനിരത്താൻ മറ്റു പ്രതിപക്ഷ നേതാക്കൾക്കൊപ്പം അരവിന്ദ് കേജ്-രിവാളിനെക്കൂടി തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവിൽ വിട്ടയക്കുകയാണെന്നുമുള്ള സുപ്രീംകോടതിയുടെ നിലപാട് മോദി – അമിത്ഷാ സംഘത്തിനും ആർഎസ്എസ്സിനുമേറ്റ കനത്ത പ്രഹരമാണ്.

ഇപ്പോൾ ന്യൂസ്-ക്ലിക് ഓൺലെെൻ പോർട്ടലിന്റെ സ്ഥാപകനും പ്രശസ്ത മാധ്യമ പ്രവർത്തകനുമായ പ്രബീർ പുർകായസ്തയെ ജയിലിൽനിന്ന് ജാമ്യത്തിൽ വിട്ടയക്കാനുള്ള ജസ്റ്റിസ് ബി ആർ ഗവായ്-യും ജസ്റ്റിസ് സന്ദീപ് മേത്തയും ഉൾപ്പെട്ട സുപ്രീംകോടതി ബഞ്ചിന്റെ ഉത്തരവ് മോദി -– ഷാ ദ്വന്ദ്വത്തിനേറ്റ ഇരുട്ടടിയായിരിക്കുന്നു. രാജ്യത്തെ നിയമങ്ങളെയും നിയമസംവിധാനങ്ങളെയുമാകെ ചവറ്റുകുട്ടയിലേക്ക് തള്ളിനീക്കിക്കൊണ്ട് എതിർശബ്ദം പുറപ്പെടുവിക്കുന്നവരെയാകെ തുറുങ്കിലടച്ച് വായ്-മൂടിക്കെട്ടുന്ന മോദി സർക്കാരിന്റെ നടപടികൾക്ക് തടയിടുകയാണ് ഈ വിധിന്യായത്തിലൂടെ സുപ്രീംകോടതി ചെയ്തത്.

ഏതു സാഹചര്യത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നു വെളിപ്പെടുത്താതെയും അദ്ദേഹത്തിന്റെ അഭിഭാഷകനെ ബന്ധപ്പെടാൻ അനുവദിക്കാതെയും റിമാൻഡ് അപേക്ഷയുടെ പകർപ്പുപോലും നൽകാതെയുമാണ് അമിത്ഷായുടെ ആഭ്യന്തര വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ പ്രബീറിനെ അറസ്റ്റുചെയ്തത്. നിഗൂഢമായ രീതിയിൽ നേരം വെളുക്കും മുൻപ് മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി റിമാൻഡ് ഉത്തരവ് നേടിയ പൊലീസ് അക്ഷരാർഥത്തിൽ നിയമത്തെ മറികടക്കുകയാണുണ്ടായത്. അത്തരം നടപടി ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. വിചാരണ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതുകൊണ്ടു മാത്രമാണ് വിചാരണക്കോടതി നിശ്ചയിക്കുന്ന ജാമ്യ വ്യവസ്ഥകൾ പ്രകാരം അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിടുന്നത് എന്നും സുപ്രീംകോടതി വിധിന്യായത്തിൽ വ്യക്തമാക്കുന്നുണ്ട്. അറസ്റ്റിലെ സാങ്കേതിക പിഴവ് ഇനി തിരുത്തിയാൽ പോരേയെന്ന കേന്ദ്ര സർക്കാരിന്റെ അഭിഭാഷകന്റെ പ്രതികരണം തന്നെ ലജ്ജാകരവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്.

ഏഴുമാസത്തിലേറെയായി പ്രബീറിനെ രോഹിണിയിലെ ജയിലിലടച്ചത് എന്തിനെന്ന ചോദ്യത്തിനുപോലും മറുപടിയില്ലാത്ത അവസ്ഥയിലാണ് അമിത്ഷായുടെ പ്രോസിക്യൂഷൻ വകുപ്പും രാജ്യത്തെ സംഘപരിവാർ പ്രചാരകരും. ഭീകരപ്രവർത്തനം തടയാനുള്ള യുഎപിഎ ചുമത്തിയാണ് പ്രബീറിനെ അറസ്റ്റുചെയ്തത്. എന്നാൽ എന്ത് ഭീകര പ്രവർത്തനത്തിനാണ് അദ്ദേഹം സഹായിച്ചത് എന്ന ചോദ്യത്തിനു മറുപടിയില്ല. ചെെനയിൽനിന്ന് പണം പറ്റി ചെെനയെ വാഴ്ത്തുന്നതും ഇന്ത്യയെ ഇകഴ്-ത്തുന്നതുമായ പ്രചാരണം ന്യൂസ് ക്ലിക്ക് നടത്തുന്നതിനാണ് അറസ്റ്റ് എന്ന വാദം സ്ഥാപിക്കാനും പൊലീസിന്റെ കെെയിൽ തെളിവില്ല.

ചെെനീസ് കമ്പനികളിൽനിന്ന് പണം സ്വീകരിച്ചാണ് ന്യൂസ് ക്ലിക്ക് സ്ഥാപിച്ചതെന്നാണെങ്കിൽ നിയമവിരുദ്ധമായി ഒരിടത്തുനിന്നും പ്രബീറോ സ്ഥാപനമോ പണം പറ്റിയതായി തെളിയിക്കാനായില്ല. ഇങ്ങനെ ഏറ്റവും കൂടുതൽ പണം പറ്റിയത് പി എം കെയേഴ്സും സംഘപരിവാർ സംഘടനകളുമാണ്. ചെെന ദാരിദ്ര്യമുക്തമായി മാറിയെന്ന വസ്തുത, ഐക്യരാഷ്ട്ര സഭ തന്നെ അംഗീകരിച്ചതാണ്. ആ വസ്തുത റിപ്പോർട്ടു ചെയ്തതല്ലാതെ മറ്റൊരു ചെെന അനുകൂല പ്രചാരണവും ന്യൂസ്-ക്ലിക്ക് നടത്തിയിട്ടില്ല. രാജ്യത്തു നടന്ന ഐതിഹാസികമായ കർഷകസമരത്തെയും സിഎഎ വിരുദ്ധ സമരത്തെയും കാശ്മീരിലെയും മണിപ്പൂരിലെയും പ്രശ്നങ്ങളെയും രാജ്യത്ത് നിലനിൽക്കുന്ന ദാരിദ്ര്യത്തെയും വിവിധ വിഭാഗങ്ങൾ നടത്തുന്ന സമരങ്ങളെയും സത്യസന്ധമായി ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുകയും മോദി സർക്കാരിന്റെ നയങ്ങളെ നിശിതമായി തുറന്നുകാണിക്കുകയും വിമർശിക്കുകയും ചെയ്തതല്ലാതെ പ്രബീറും ന്യൂസ്-ക്ലിക്കും ഒരു രാജ്യദ്രോഹ പ്രവർത്തനവും ഭീകരപ്രവർത്തനവും നടത്തിയതായി പറയാൻ മോദി ഗവൺമെന്റിനു കഴിഞ്ഞിട്ടില്ല. മോദിയുടെ നയങ്ങളെ ചോദ്യം ചെയ്യുന്നതാണ് സംഘപരിവാറിനെ സംബന്ധിച്ച് ഏറ്റവും വലിയ രാജ്യദ്രോഹം.

രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾ സംരക്ഷിക്കുകയെന്ന ദ-ൃ-ഢനിശ്ചയത്തോടെയുള്ള ചില വിധിന്യായങ്ങളാണ് സുപ്രീംകോടതിയിൽ നിന്ന് സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യത്തിന്റെ നാലാം തൂണും കാവൽ മാലാഖമാരും എന്നറിയപ്പെടുന്ന മാധ്യമങ്ങളെയും കാൽക്കീഴിലിട്ട് അമ്മാനമാടുന്ന മോദി വാഴ്ചയിൽ സുപ്രീംകോടതിയിൽ നിന്നുണ്ടാകുന്ന ഇത്തരം വിധിന്യായങ്ങൾ ആശ്വാസത്തിന്റെ കുളിർകാറ്റ് പ്രദാനം ചെയ്യുന്നതാണ്. എന്നാൽ നമ്മുടെ ജുഡീഷ്യൽ സംവിധാനമാകെ സ്വതന്ത്രവും നിഷ്പക്ഷവും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമാണെന്ന് പറയാനാവില്ല.

ആ പരിമിതികൾക്കിടയിലും സുപ്രീംകോടതി ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുമ്പോൾ സംഘപരിവാറിന്റെ സേ-്വച്ഛാധിപത്യവാഴ്ചയെ തൂത്തെറിയാനുള്ള അവസരമാക്കി ഇന്ത്യൻ ജനത പാർലമെന്റ് തിരഞ്ഞെടുപ്പിനെ മാറ്റും എന്ന് ഞങ്ങൾക്കുറപ്പുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × four =

Most Popular