ആലപ്പുഴ ജില്ലയിലും ഇടുക്കി ജില്ലയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനവും ട്രേഡ് യൂണിയനുകളും കെട്ടിപ്പടുക്കുന്നതിൽ മികച്ച സംഭാവന നൽകിയ നേതാവാണ് കെ കെ ചെല്ലപ്പൻ. സ്‌റ്റേറ്റ് കോൺഗ്രസിന്റെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും അലയൊലികൾ മുഴങ്ങുന്ന അന്തരീക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം പിന്നിട്ടത്. കുട്ടിക്കാലം മുതൽ സോഷ്യലിസ്റ്റ് ആശയങ്ങളോട് അതിരറ്റ അഭിനിവേശമായിരുന്നു ചെല്ലപ്പനുണ്ടായിരുന്നത്. പണിയെടുക്കുന്ന ജനവിഭാഗങ്ങളോടും അവർ നേരിടേണ്ടിവരുന്ന പരിതാപകരമായ ജീവിതാവസ്ഥകളോടും അങ്ങേയറ്റത്തെ സഹാനുഭൂതിയായിരുന്നു ആ കുട്ടിക്കുണ്ടായിരുന്നത്.
1933ൽ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് കണ്ടല്ലൂർ പുതിയവിള തറയിൽ വടക്കതിൽവീട്ടിൽ കൊച്ചുകുഞ്ഞിന്റെയും കൊച്ചിക്കയുടെയും മകനായാണ് ചെല്ലപ്പൻ ജനിച്ചത്. കായംകുളം ബോയ്‌സ് ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. വീട്ടിലെ സാന്പത്തികസ്ഥിതി വളരെ പരിതാപകരമായിരുന്നു. അതിനാൽ തുടർവിദ്യാഭ്യാസം എന്നത് അദ്ദേഹത്തിന് അസാധ്യമായി.
സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉപജീവനത്തിനായി പല ജോലികൾ അദ്ദേഹം ചെയ്‌തു. ജോലി ചെയ്യുമ്പോഴും നാട്ടിൽ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് അറിയുന്നതിന് അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകി. അപൂർവമായി മാത്രമേ അന്ന് ദിനപത്രങ്ങൾ ലഭിക്കുമായിരുന്നുള്ളൂവെങ്കിലും അവ കിട്ടുന്ന വായനശാലകളിൽ പോയി പത്രങ്ങൾ പതിവായി അദ്ദേഹം വായിച്ചു. അവയിലെ ഉള്ളടക്കങ്ങൾ സുഹൃത്തുക്കളുമായി ചർച്ചചെയ്‌തു.
പുന്നപ്ര‐വയലാർ സമരത്തിന്റെയും ശൂരനാട് സമരത്തിന്റെയുമൊക്കെ ആവേശകരമായ പശ്ചാത്തലത്തിലൂടെയാണ് ചെല്ലപ്പന്റെയും ബാല്യകൗമാരങ്ങൾ പിന്നിട്ടത്. കമ്യൂണിസ്റ്റ് പാർട്ടിയോടും തൊഴിലാളിവർഗത്തോടുമുള്ള പ്രതിബദ്ധതയും ചെല്ലപ്പനെ ആവേശഭരിതനാക്കി. ആ ആവേശം കമ്യൂണിസ്റ്റ് പാർട്ടിയോട് അദ്ദേഹത്തെ അടുപ്പിച്ചു.
1952ൽ കെ കെ ചെല്ലപ്പൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. താമസിയാതെ അദ്ദേഹം കായംകുളം ഡിവിഷൻ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ചെത്തുതൊഴിലാളികൾ, ചുമട്ടുകാർ തുടങ്ങിയ സമൂഹത്തിലെ വിവിധ തുറകളിലുള്ള തൊഴിലാളികളെ സംഘടിപ്പിക്കാൻ ചെല്ലപ്പൻ ഉത്സാഹത്തോടെ പ്രവർത്തിച്ചു. സാധാരണക്കാരുമായി ആശയവിനിമയം നടത്തുന്നതിനും അവരെ പ്രസ്ഥാനത്തോടടുപ്പിക്കുന്നതിനും അസാമാന്യമായ മികവാണ് കെ കെ സി പ്രകടിപ്പിച്ചത്. കെ കെ സി എന്ന ചുരുക്കപ്പേരിലറിയപ്പെട്ട അദ്ദേഹം ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ആലപ്പുഴ ജില്ലയിലെ പ്രമുഖ നേതാക്കളിലൊരാളായി മാറി.
1964ൽ കമ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ചപ്പോൾ കെ കെ സി സിപിഐ എമ്മിനൊപ്പം അടിയുറച്ചു നിന്നു. ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു. പരമാവധി പാർട്ടി അംഗങ്ങളെയും അനുഭാവികളെയും നേരിൽ സന്ദർശിച്ച് സിപിഐ എമ്മിനൊപ്പം നിൽക്കാൻ അദ്ദേഹം പ്രേരിപ്പിച്ചു. ചെല്ലപ്പനുൾപ്പെടെയുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും ഫലമായാണ് വലിയ ബഹുജനപ്രസ്ഥാനമായി സിപിഐ എം വളർന്നത്.
ആലപ്പുഴ ജില്ലയിൽ നിരവധി ട്രേഡ് യൂണിയനുകൾ രൂപീകരിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി. 1970ൽ സിഐടിയു രൂപീകരിക്കപ്പെട്ടതോടെ കെ കെ സി അതിന്റെ ജില്ലയിലെ പ്രധാന നേതാക്കളിലൊരാളായി മാറി.
1972ൽ ഇടുക്കി ജില്ല രൂപീകരിക്കപ്പെട്ടപ്പോൾ സിപിഐ എമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത് കെ കെ സിയാണ്. സംസ്ഥാന കമ്മിറ്റി അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി ജില്ലയിൽ പാർട്ടിക്കും ബഹുജനസംഘടനകൾക്കും വേരോട്ടമുണ്ടാക്കുന്നതിലായി പിന്നീടദ്ദേഹത്തിന്റെ ശ്രദ്ധയത്രയും. തോട്ടം തൊഴിലാളികൾ ഭൂരിപക്ഷമുള്ള ഇടുക്കി ജില്ലയിലെമ്പാടും അദ്ദേഹം സഞ്ചരിച്ച് പാർട്ടി പ്രവർത്തനം ശക്തമാക്കി. തൊഴിലാളി ലയങ്ങളിൽ യൂണിയനും പാർട്ടി ബ്രാഞ്ചും സംഘടിപ്പിക്കുന്നതിന് അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. അടിയന്തരാവസ്ഥക്കാലത്തും ജില്ലയിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് കെ കെ സിയാണ്. ഒരു പതിറ്റാണ്ടുകാലം ഇടുക്കി ജില്ലയിലെ പാർട്ടിയുടെ അമരക്കാരനായി അദ്ദേഹം പ്രവർത്തിച്ചു‐ 1981 വരെ.
തുടർന്ന് ആലപ്പുഴ ജില്ലയിലേക്ക് അദ്ദേഹം പ്രവർത്തനരംഗം മാറ്റി. 1988ൽ സിപിഐ എമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി കെ കെ സി തിരഞ്ഞെടുക്കപ്പെട്ടു. 1991 വരെ ആ സ്ഥാനത്ത് തുടർന്നു.
ചെത്തുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, ഹെഡ്‌ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗവുമായിരുന്നു.
കേരള കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് ഭരണസമിതി അംഗമായി പ്രവർത്തിച്ച കെ കെ സി തൊഴിലാളി താൽപര്യം ഉയർത്തിപ്പിടിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചു. തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ സൂക്ഷ്‌മമായി പഠിച്ച അദ്ദേഹം അവർക്കനുകൂലമായ പല തീരുമാനങ്ങളും ഗവൺമെന്റിനെ കൊണ്ടും ബോർഡിനെ കൊണ്ടും എടുപ്പിക്കുന്നതിന് പ്രധാന പങ്കുവഹിച്ചു.
ആലപ്പുഴ‐ഇടുക്കി ജില്ലകളിൽ നിരവധി കേഡർമാരെ വാർത്തെടുക്കുന്നതിനും ഓരോരുത്തരുടെയും കഴിവുകൾ മനസ്സിലാക്കി അവർക്ക് അനുയോജ്യമായ ചുമതലകൾ ഏൽപ്പിക്കുന്നതിനും പ്രത്യേകം ശ്രദ്ധിച്ചു. പുതിയ തലമുറയിലെ നേതാക്കളിൽ പലരെയും കണ്ടെത്തുന്നതിൽ കെ കെ സിയുടെ ജാഗ്രതയോടെയുള്ള ഇടപെടലുകൾ ഉണ്ടായിരുന്നതായി പലരും നിരീക്ഷിച്ചിട്ടുണ്ട്.
2014 ഡിസംബർ 8ന് കെ കെ ചെല്ലപ്പൻ അന്ത്യശ്വാസം വലിച്ചു. പൊന്നമ്മയാണ് കെ കെ സിയുടെ ജീവിതപങ്കാളി. അജിത്‌കുമാർ, ലേഖ, വൃന്ദ എന്നിവരാണ് മക്കൾ. ♦