Sunday, May 19, 2024

ad

Homeകവര്‍സ്റ്റോറിലോക മാധ്യമങ്ങളിൽ 
മോദിയുടെ ഇന്ത്യ

ലോക മാധ്യമങ്ങളിൽ 
മോദിയുടെ ഇന്ത്യ

എ ശ്യാം

ന്ത്യൻ ജനാധിപത്യത്തെ അങ്ങേയറ്റം പരിഹാസ്യമാക്കുന്ന പ്രവർത്തനങ്ങളാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാർടിയും സംഘപരിവാരമാകെയും നടത്തിക്കൊണ്ടിരിക്കുന്നത്‌. അതിനെതിരെ രാജ്യത്തിനകത്തും പുറത്തും വിമർശങ്ങളുയരുമ്പോൾ പ്രഹസനങ്ങളിലൂടെ യാഥാർത്ഥ്യം മറച്ചുവയ്‌ക്കാനാണ്‌ ശ്രമം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ ഇന്ത്യയിലെ തിരഞ്ഞെടുപ്പ്‌ നിരീക്ഷിക്കാൻ ബിജെപി ഏതാനും വിദേശ രാഷ്‌ട്രീയ കക്ഷികളെ ക്ഷണിച്ചത്‌. ബിജെപി ഭരണത്തിൽ ഇന്ത്യൻ ജനാധിപത്യം പുഷ്‌ടിപ്പെടുകയാണുണ്ടായത്‌ എന്ന്‌ സ്ഥാപിക്കാൻ സംഘപരിവാർ സൈബർ കേന്ദ്രങ്ങൾ ഇതിന്‌ അമിത പ്രാധാന്യം നൽകുന്നുണ്ട്‌.

ശ്രദ്ധേയമായ കാര്യം എല്ലാ രാജ്യങ്ങൾക്കും ഇന്ത്യയിൽ നയതന്ത്ര കാര്യാലയങ്ങൾ ഉള്ളതിനാൽ അവയിലൂടെ ആ രാജ്യങ്ങൾ ഈ നാടകമെല്ലാം നിരീക്ഷിച്ചുകൈാണ്ടിരിക്കുകയാണ്‌ എന്നതാണ്‌. തിരഞ്ഞെടുപ്പ്‌ പ്രക്രിയ സംശയാസ്‌പദമാവുമ്പോൾ അതിന്‌ സാധൂകരണം നൽകാനാണ്‌ സാധാരണ ഇത്തരം നാടകങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്‌. മറ്റൊന്ന്‌ അമേരിക്കയിൽ നിന്നോ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ രാഷ്‌ട്രീയ കക്ഷികളൊന്നും ബിജെപിയുടെ ക്ഷണം സ്വീകരിച്ച്‌ വരുന്നില്ല എന്നതാണ്‌. അമേരിക്കൻ പാർടികളെ വിളിച്ചിട്ടില്ല എന്നാണ്‌ ബിജെപിയുടെ വിശദീകരണം. അറബ്‌ മേഖലയിൽ നിന്നും രാഷ്‌ട്രീയ കക്ഷികളെ വിളിച്ചിട്ടില്ല.

മതരാഷ്‌ട്ര അജൻഡയുമായി മുന്നോട്ട്‌ പോവുന്ന മോദി സർക്കാരിന്റെ നടപടികൾക്കെതിരെ അടുത്തകാലത്തായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന്‌, വിശേഷിച്ച്‌ പാശ്ചാത്യ മാധ്യമങ്ങളിൽ നിന്ന്‌ രൂക്ഷ വിമർശനം ഉയരുന്നുണ്ട്‌. ഈ വേളയിലാണ്‌ ഇന്ത്യൻ തിരഞ്ഞെടുപ്പിലെ ജനാധിപത്യത്തിന്‌ വിദേശ അംഗീകാരം നേടാൻ ബിജെപി മറ്റ്‌ രാജ്യങ്ങളിലെ രാഷ്‌ട്രീയ കക്ഷികളെ വിളിച്ചിരിക്കുന്നത്‌. ക്ഷണിക്കപ്പെട്ട്‌ ഇന്ത്യയിലെത്തിയ വിദേശ പ്രതിനിധികൾക്കും അല്ലാതെ മാധ്യമങ്ങളിലൂടെ ഇന്ത്യൻ രാഷ്‌ട്രീയ ചലനങ്ങൾ മനസിലാക്കുന്ന മറ്റുള്ളവർക്കും ഇന്ത്യയെ കുറിച്ചും ഇവിടത്തെ ജനാധിപത്യ വ്യവസ്ഥയുടെ നിലനിൽപിനെ കുറിച്ചും ശുഭപ്രതീക്ഷകളായിരിക്കില്ല അവശേഷിക്കുക. ഇന്ത്യൻ പ്രധാനമന്ത്രി തന്നെ രാജ്യത്തെ 15 ശതമാനത്തോളം വരുന്ന മുസ്ലീം ജനവിഭാഗത്തെ അതിനീചമായി വേട്ടയാടുന്ന പ്രസംഗങ്ങളാണ്‌ ലോകം കണ്ടുകൊണ്ടിരിക്കുന്നത്‌.

ഗുജറാത്തിലെ നിഷ്‌ഠുരമായ വംശഹത്യയുടെ പാപഭാരം പേറി ലോകവേദികളിൽ നിന്ന്‌ അകറ്റിനിർത്തപ്പെട്ടിരുന്ന മോദിക്ക്‌ പാശ്ചാത്യ രാഷ്‌ട്രങ്ങൾ പ്രവേശനം അനുവദിച്ചുതുടങ്ങിയത്‌ അദ്ദേഹം പ്രധാനമന്ത്രിയാവുന്ന ഘട്ടത്തിലാണ്‌. 140 കോടി ഉപഭോക്താക്കളുള്ള വൻ കമ്പോളമായ ഇന്ത്യയുടെ ഭരണാധികാരിയെ പിണക്കാനാവില്ല എന്ന ലളിതയുക്തിയാണ്‌ പാശ്ചാത്യ രാഷ്‌ട്രങ്ങളെ നിലപാട്‌ മാറ്റാൻ പ്രേരിപ്പിച്ചത്‌. തുടർന്ന്‌ മോദിയുടെ കീഴിൽ ഇന്ത്യ വളരുകയാണ്‌ എന്ന കള്ളക്കഥ പാശ്ചാത്യ മാധ്യമങ്ങളും ലോകമെങ്ങും വിളമ്പി. എന്നാലിപ്പോൾ അവയിൽ പലതും മോദിക്ക്‌ കീഴിൽ ഇന്ത്യയ്‌ക്കുണ്ടാകുന്ന അധപ്പതനത്തെ തുറന്നുകാട്ടാൻ തയ്യാറായിരിക്കുന്നു. ഇന്ത്യയിൽ മുസ്ലീങ്ങൾക്ക്‌ പുറമേ ക്രൈസ്‌തവരും പീഡനത്തിനിരയാകുന്ന വാർത്തകൾ പുറത്തുവന്നുതുടങ്ങിയതോടെയാണ്‌ ഈ മാറ്റം എന്നത്‌ ശ്രദ്ധേയമാണ്‌. എന്തായാലും ലോകമെങ്ങും ശ്രദ്ധിക്കപ്പെടുന്ന അത്തരം മാധ്യമങ്ങളിൽ സമീപകാലത്ത്‌ പ്രസിദ്ധീകരിക്കപ്പെട്ട മുഖപ്രസംഗങ്ങളും ലേഖനങ്ങളും വായനക്കാരുടെ ശ്രദ്ധയിലെത്തിക്കുകയാണ്‌ ഇവിടെ.

നരേന്ദ്ര മോദിക്ക്‌ വീണ്ടും അധികാരം നൽകണമോ എന്ന്‌ ഇന്ത്യൻ വോട്ടർമാർ നന്നായി ആലോചിക്കണമെന്നാണ്‌ ദി ഗാർഡിയൻ എപ്രിൽ 17ന്‌ മുഖപ്രസംഗമെഴുതിയത്‌.

രാജ്യത്തെ നയിക്കാനുള്ള മത്സരം ജയിച്ചുകഴിഞ്ഞു എന്ന അവകാശവാദങ്ങൾക്കിടെയാണ്‌ ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ്‌ ഇന്ത്യയിൽ ആരംഭിക്കുന്നത്‌ എന്ന്‌ ഗാർഡിയൻ എഴുതുന്നു. നരേന്ദ്ര മോദി വൻഭൂരിപക്ഷത്തോടെ മൂന്നാംവട്ടം അധികാരത്തിലെത്തിയാൽ അദ്ദേഹത്തിന്റെ നേട്ടം രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റേതിനോട്‌ കിടപിടിക്കുന്നതാവും. ഫലമെന്തായാലും തോൽക്കുന്നത്‌ ഇന്ത്യൻ ജനാധിപത്യമാണ്‌. അജ്ഞാതമായി തന്റെതന്നെ നേതൃത്വത്തെ വിമർശിച്ചിരുന്ന നെഹ്‌റുവിൽ നിന്ന്‌ വ്യത്യസ്തമായി മോദി എതിരാളികൾക്ക്‌ അൽപംപോലും അവസരം നൽകാറില്ല.

ആശയങ്ങൾ തമ്മിൽ മത്സരവും ദൈനംദിന ഭരണത്തിൽ പൗരർക്ക്‌ തുല്യ പരിഗണനയും ഉള്ളപ്പോഴാണ്‌ ജനാധിപത്യ ഭരണങ്ങൾ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്‌. മോദിയുടെ ഇന്ത്യയിൽ ഇവ ദുർലഭമാണ്‌. പ്രധാന പ്രതിപക്ഷകക്ഷിയായ കോൺഗ്രസിന്റെ ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിച്ചു. എൻഫോഴ്‌സ്‌മെന്റുകാരും നികുതി വിഭാഗവും അറസ്‌റ്റുചെയ്‌ത രാഷ്‌ട്രീയ നേതാക്കളെല്ലാം പ്രതിപക്ഷത്തുള്ളവരാണ്‌ എന്നത്‌ യാദൃച്ഛികമാവില്ല. മോദിക്ക്‌ എതിരാളികളെക്കാൾ വൻതോതിൽ പണം ചെലവാക്കാനാവുമെന്നതിനാൽ ഇന്ത്യയുടെ പ്രോസിക്യൂഷൻ സംവിധാനത്തെ ആയുധമാക്കുന്നത്‌ അനാവശ്യമാണ്‌. 2018നു ശേഷം മോദിയുടെ പാർടി അതിസമ്പന്നരായ ദാതാക്കളിൽ നിന്ന്‌ 125 കോടി പൗണ്ട്‌ വാങ്ങിയിട്ടുണ്ട്‌. മറ്റെല്ലാ പാർടികൾക്കും കൂടി ലഭിച്ച തുകയെക്കാൾ അധികമാണിത്‌.

തൊഴിലില്ലായ്‌മ, പണപ്പെരുപ്പം, വരുമാനത്തിന്റെ കാര്യത്തിലെ അരക്ഷിതാവസ്ഥ എന്നിവയാണ്‌ ഇന്ത്യക്കാരെ കൂടുതൽ വിഷമിപ്പിക്കുന്നത്‌ എന്നാണ്‌ സർവേകൾ കാണിക്കുന്നത്‌. ഇക്കാര്യങ്ങളിൽ മോദിയുടെ റെക്കോഡ്‌ മോശമാണ്‌. മോദിയുടെ ഭരണത്തിൽ അഴിമതി കൂടുതൽ വഷളാവുകയാണ്‌ ചെയ്‌തതെന്ന്‌ ഭൂരിപക്ഷം വോട്ടർമാരും പറയുന്നു. സമീപകാലത്തെ സാമ്പത്തികവളർച്ചയുടെ നേട്ടങ്ങൾ സമ്പന്നർക്കാണ്‌ കൂടുതൽ ലഭിച്ചത്‌ എന്നതിനാൽ കൊളോണിയൽ ഭരണകാലത്തെക്കാൾ അസമത്വം ഇന്നുണ്ടെന്നതിൽ അൽഭുതമുണ്ടാവില്ല.

തിരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം’ എന്ന പ്രതിഛായക്ക്‌ മോടികൂട്ടും. അതിലുപരി തന്റെ ഭരണത്തെ സാധൂകരിക്കാൻ മോദിക്ക്‌ ജനസമ്മതി ആവശ്യമുണ്ട്‌. നിയമവാഴ്‌ച ഉറപ്പാക്കുന്ന സ്ഥാപനങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ ജനപ്രിയ നേതാക്കൾ പരാജയസാധ്യതയുള്ള തിരഞ്ഞെടുപ്പ്‌ നടത്താറുണ്ട്‌. മോദിക്കെതിരായ ചെറുത്തുനിൽപ്‌ അപകടകരമായ കാര്യമാണ്‌. ഭരണഘടനാപരമായ അവകാശങ്ങൾ അടിച്ചമർത്തുന്നതിനോടുള്ള എതിർപ്പ്‌ ആഭ്യന്തര ശത്രുവിന്റെ പ്രവൃത്തിയാണ്‌ എന്ന്‌ സ്ഥാപിക്കാനാണ്‌ മോദി തന്റെ തിരഞ്ഞെടുപ്പ്‌ വിജയങ്ങളെ ഉപയോഗിച്ചിട്ടുള്ളത്‌.

ആധുനിക ഇന്ത്യ അതിന്റെ സ്വത്വത്തെ ഒരിക്കലും മതത്തിന്റെയോ വംശത്തിന്റെയോ പേരിൽ നിർവചിച്ചിട്ടില്ല. ഭൂരിപക്ഷം ഇന്ത്യക്കാരും ഹിന്ദുക്കൾ ആണെങ്കിലും 20 കോടി മുസ്ലീങ്ങൾ ഇവിടെയുണ്ട്‌. മോദിയെ പോലുള്ള ‘ഹിന്ദു ദേശീയവാദികൾ’ മറ്റുള്ളവരെക്കാൾ മുൻഗണന ആഗ്രഹിക്കുന്നു. അതിനാൽ ഭരണകക്ഷിയുമായി ബന്ധമുള്ള സംഘങ്ങൾ ശിക്ഷാഭീതിയില്ലാതെ സമൂഹത്തിന്റെ അടിത്തട്ടിൽ ആക്രമണോത്സുകമായി അഴിഞ്ഞാടുകയാണ്‌. മോദിക്ക്‌ അധികാരം നഷ്‌ടപ്പെട്ടാലും രാജ്യം മുൻ സ്ഥിതിയിലേക്ക്‌ തിരിച്ചുപോവുന്നത്‌ ഈ സംഘങ്ങൾ വളരെ ദുഷ്‌കരമാക്കുമെന്ന്‌ ഗാർഡിയൻ ആശങ്കപ്പെടുന്നുണ്ട്‌.

‘ദക്ഷിണേന്ത്യ എന്തുകൊണ്ട്‌ മോദിയെ തിരസ്‌കരിക്കുന്നു–-എന്തുകൊണ്ട്‌ അത്‌ പ്രസക്തമാവുന്നു’ എന്ന ശീർഷകത്തിൽ അമേരിക്കൻ വാർത്താ ഏജൻസിയായ ബ്ലൂംബെർഗ്‌ ന്യൂസിൽ മാധ്യമപ്രവർത്തകൻ ആൻഡി മുഖർജി എഴുതിയ പംക്തിയും(ഏപ്രിൽ8, 2024) വർത്തമാന ഇന്ത്യയുടെ കൃത്യമായ വിശകലനമാണ്‌. രാജ്യത്തിന്റെ കൂടുതൽ പുരോഗമിച്ചതും വിജയകരവുമായ ഭാഗം ദാരിദ്ര്യത്തിൽ മുങ്ങിയ വടക്കൻ ഭാഗത്ത്‌ നിന്നും ഇന്ത്യയുടെ ഭൂരിപക്ഷാധിപത്യവാദിയായ നേതാവിൽനിന്നും അകന്നുമാറുന്നതായി ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ജനിക്കുന്ന ഒരു കുഞ്ഞ്‌ അഞ്ച്‌ വയസ്‌ കടക്കുന്നതിനുള്ള സാധ്യത അമേരിക്കയിൽ ജനിക്കുന്ന ഒരു കുഞ്ഞിനുള്ളതിനെക്കാൾ കൂടുതലാണ്‌. എന്നാൽ ഉത്തർപ്രദേശിൽ ജനിക്കുന്ന കുഞ്ഞിന്‌ അഫ്‌ഗാനിസ്ഥാനിൽ ജനിക്കുന്ന കുഞ്ഞ്‌ അതിജീവിക്കുന്നതിനുള്ള സാധ്യത പോലുമില്ലെന്ന നിരീക്ഷണം ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിലുള്ള അന്തരം പ്രതിഫലിപ്പിക്കുന്നുണ്ട്‌. എന്നാൽ മാധ്യമ പണ്ഡിറ്റുകളുടെ ശ്രദ്ധ മോദിക്ക്‌ ഉത്തരേന്ത്യയിലുള്ള മാസ്‌മരിക സ്വാധീനത്തിലായിരിക്കും. ബ്രസീലിൽ ഉള്ളതിലും ജനസംഖ്യയുള്ളതും സബ്‌ സഹാറൻ ആഫ്രിക്കയെക്കാൾ ദരിദ്രവുമായ ഉത്തർപ്രദേശ്‌ പിടിക്കുന്നവർ രാജ്യത്തിന്റെ അധികാരം പിടിക്കും. മോദിയെ മൂന്നാംവട്ടവും അധികാരത്തിലേറ്റാൻ യുപിയും അയൽസംസ്ഥാനങ്ങളും ഏറെക്കുറെ ധാരണയായിട്ടുണ്ട്‌ എന്നാണ്‌ മുഖർജിയുടെ വിലയിരുത്തൽ. സംഘപരിവാറിന്റെ താൽപര്യങ്ങൾക്ക്‌ വഴങ്ങുന്ന ഇന്ത്യയിലെ മാധ്യമങ്ങളുടെ ഇടപെടലിന്‌ ഈ ധാരണയുണ്ടാക്കുന്നതിൽ വലിയ പങ്കുണ്ട്‌.

കൂടുതൽ സമ്പന്നമായ ദക്ഷിണേന്ത്യയിലുള്ളതിന്റെ ഇരട്ടിയിലധികം ജനങ്ങൾ ദരിദ്രമായ വടക്കുണ്ട്‌. വടക്കൻ ആധിപത്യം തെക്കുള്ളവരിൽ ആശങ്കയുണ്ടാക്കുന്നതാണ്‌. ‘‘മധ്യേന്ത്യയിലൂടെ കടന്നുപോവുന്ന 675 മൈൽ നീളമുള്ള പർവതനിരകൾ ഇനി ഭൂമിശാസ്‌ത്രപരമായ ഒരു വിഭജനം മാത്രമല്ല. 10 വർഷത്തെ മോദിയുടെ ധ്രുവീകരണ ഭരണം വലിയ വിടവുണ്ടാക്കിയിട്ടുണ്ട്‌. ജനങ്ങൾക്ക്‌ സർക്കാരിൽ നിന്ന്‌ എന്ത്‌ കിട്ടുന്നു എന്നതിൽ മാത്രമല്ല, അവർ എന്ത്‌ പ്രതീക്ഷിക്കുന്നു എന്നതിലും അന്തരമുണ്ട്‌. തെക്ക്‌ പ്രധാന വിഷയങ്ങളായ സാമ്പത്തിക വളർച്ചയും സാമൂഹ്യ പുരോഗതിയും വടക്ക്‌ വിഷയം പോലുമല്ല. മോദി പ്രത്യാശയുടെ ശൂന്യ ഇടം സൃഷ്‌ടിച്ചിട്ടില്ല. ജനങ്ങളുടെ ഭൗതിക ജീവിതത്തിലെ വിടവുകളിൽ മതവീര്യം കുത്തിനിറയ്‌ക്കുക മാത്രമാണ്‌ അദ്ദേഹം ചെയ്‌തത്‌. ഹിന്ദുക്കളല്ലാത്തവരെ, വിശേഷിച്ച്‌ ജനസംഖ്യയിൽ 14 ശതമാനമുള്ള മുസ്ലീങ്ങളെ, പീഡിപ്പിക്കുന്നതിലാണ്‌ ആ ആവേശം കവിഞ്ഞൊഴുകുന്നത്‌. ഇതേ ഭൂരിപക്ഷാധിപത്യവാഴ്‌ച അഞ്ച്‌ വർഷം കൂടി തുടർന്നാൽ രാജ്യത്തിന്റെ ഫെഡറൽ ഘടനയ്‌ക്ക്‌ മുറിവേൽപിച്ചേക്കുമെന്നും 140 കോടി ജനങ്ങളുള്ള ബഹുസ്വര സ്വതന്ത്ര കമ്പോള ജനാധിപത്യമെന്ന നിലയിലുള്ള ഭാവിയെ തകർത്തേക്കും’’ എന്നും ആൻഡി മുഖർജി എഴുതുന്നു.

നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനഫലമായി സാംസ്‌കാരിക രംഗത്ത്‌ ദക്ഷിണേന്ത്യ കൈവരിച്ച മുന്നേറ്റവും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയിൽ ഇന്ത്യയുടെ തെക്കും വടക്കും ഭാഗങ്ങൾ തമ്മിലുള്ള അന്തരവും വിവരിക്കുന്ന ലേഖനത്തിൽ യൂനിസെഫ്‌ ഉദ്യോഗസ്ഥനായിരുന്ന മലയാളി ആന്റണി കൊള്ളന്നൂർ കൊച്ചിയിലെ ഒരു സാമൂഹ്യാരോഗ്യ കേന്ദ്രം സന്ദർശിക്കാൻ തന്നെ ക്ഷണിച്ചതിന്റെ അനുഭവവും വിവരിക്കുന്നുണ്ട്‌. ഉത്തരേന്ത്യയിൽ സ്‌ത്രീകൾ പൊതു പരിപാടികളിൽ സംസാരിക്കാൻ മടിക്കുമ്പോൾ കേരളത്തിൽ മതപരവും സാമ്പത്തികവുമായ നില എന്തായാലും സ്‌ത്രീകൾ വസ്‌തുതകളും കണക്കുകളും ഉദ്ധരിച്ച്‌ ആവേശത്തോടെ ചർച്ചകളിൽ പങ്കെടുത്ത്‌ അധികൃതരുടെ ഉത്തരവാദിത്വം ഉറപ്പാക്കുന്നു. ‘വോട്ടർമാർ വിദ്യാഭ്യാസമുള്ളവരാവുമ്പോൾ അധികൃതർക്ക്‌ നുണ പറയാനും മറച്ചുവയ്‌ക്കാനും കഴിയില്ല–- പോളിയോ കണക്കുകളിലും അടുത്തയിടെ കൊവിഡ്‌ മരണസംഖ്യയിലും ഓക്‌സിജൻ ക്ഷാമത്തിന്റെ കാര്യത്തിലും യുപി ചെയ്‌തതുപോലെ’–-ആന്റണി കൊള്ളന്നൂരിനെ ഉദ്ധരിച്ച്‌ മുഖർജി പറയുന്നു. ബിഹാറിൽ നിന്നുള്ള നിരക്ഷര രക്ഷിതാക്കളുടെ മകനായ മുഹമ്മദ്‌ ദിൽഷാദിന്‌ കേരളത്തിൽ പഠിക്കാനാവസരം കിട്ടിയതിനാൽ 2019ൽ എസ്‌എസ്‌എൽസി പരീക്ഷയിൽ ഒന്നാമനായത്‌ ലേഖകൻ എടുത്തുപറയുന്നു. എന്നാൽ തന്റെ നാട്ടിലുള്ള ഒരു സാധാരണ വോട്ടർക്ക്‌ കേരളത്തിൽ വരാൻ ഒരിക്കലും സാധിക്കില്ലെന്നതിനാൽ മാറ്റമുണ്ടാവില്ല എന്നാണ്‌ മുഖർജിയുടെ ഖേദം. യുപിയിൽ 1000 കുട്ടികൾ ജനിച്ചാൽ 60 പേരും കുഞ്ഞായിരിക്കുമ്പോഴേ മരിക്കുന്നതിനാൽ അവർക്ക്‌ ഒരിക്കലും വോട്ട്‌ ചെയ്യാനും സാധിക്കില്ല. നല്ല സ്വപ്നങ്ങൾ പോലും കാണാനാവാത്ത ഉത്തരേന്ത്യൻ കുട്ടികളുടെ ദാരുണചിത്രമാണിത്‌.

ദി ന്യൂയോർക്‌ ടൈംസ്‌ പത്രത്തിൽ സാഹിത്യകാരൻ സിദ്ധാർത്ഥ്‌ ദേബ്‌ എഴുതിയ അതിഥിക്കുറിപ്പിൽ നുണകളാൽ മോദി കെട്ടിപ്പൊക്കുന്ന ഹിന്ദുരാഷ്‌ട്രത്തിന്റെ യാഥാർത്ഥ്യങ്ങളാണ്‌ ഓർമപ്പെടുത്തുന്നത്‌. ‘മോദീസ്‌ ടെമ്പിൾ ഓഫ്‌ ലൈസ്‌’(ഏപ്രിൽ 18, 2024) എന്ന ലേഖനത്തിൽ മോദിയുടെ പതിറ്റാണ്ട്‌ ഭരണം ഇന്ത്യയെ മതേതര ജനാധിപത്യ രാഷ്‌ട്രം എന്ന അഭിമാനകരമായ നിലയിൽനിന്ന്‌ സങ്കുചിത മതരാഷ്‌ട്രമായി മാറ്റുന്നതെങ്ങനെ എന്നാണ്‌ വിവരിക്കുന്നത്‌. സ്വാതന്ത്ര്യദിനത്തിന്റെ തിളക്കം ഇല്ലാതാക്കാൻ മോദി ഓഗസ്‌റ്റ്‌ 14 വിഭജന ഓർമദിനമായി പ്രഖ്യാപിച്ചത്‌ പോലെ മറ്റൊരു തന്ത്രമാണ്‌ റിപ്പബ്ലിക്‌ ദിനത്തിന്‌ തൊട്ടുമുമ്പ്‌ രാമക്ഷേത്ര ഉൽഘാടനത്തിന്‌ തെരഞ്ഞെടുത്തത്‌ എന്ന്‌ ചൂണ്ടിക്കാട്ടുന്നു. മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്‌റ്റ്‌ ഇന്ത്യയുടെ ഭരണഘടനയെ അപ്രസക്തമാക്കുന്നതിനാണ്‌ മോദി ശ്രമിച്ചത്‌. അയോധ്യയിലെ കടകളിൽ വിൽക്കുന്ന സാധനങ്ങളിലൂടെ ഇന്ത്യക്കാരുടെ മനസിലുള്ള രാമന്റെയും ഹനുമാന്റെയും മറ്റും ചിത്രം സംഘപരിവാർ മാറ്റിയെടുക്കുന്നത്‌ രണ്ട്‌ വർഷം മുമ്പ്‌ അവിടെ പോയപ്പോൾ മനസിലാക്കിയത്‌ സിദ്ധാർത്ഥ്‌ എഴുതുന്നുണ്ട്‌. കാശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിലൂടെയും മുസ്ലീങ്ങളെ പൗരത്വത്തിൽനിന്ന്‌ പുറത്താക്കാൻ അസമിൽ രജിസ്‌റ്റർ തയ്യാറാക്കുന്നതിലൂടെയും മറ്റും ബിജെപി സങ്കുചിത അജൻഡകൾ നടപ്പാക്കുകയാണ്‌.

‘മോദിയുടെയും ബിജെപിയുടെയും പതിറ്റാണ്ട്‌ ഭരണത്തിന്‌ ശേഷവും ഇന്ത്യ ജനാധിപത്യത്തിന്റെ ആവരണം നിലനിർത്തുകയും പ്രകടമായ മതാധിപത്യ ലക്ഷണങ്ങൾ ഇതുവരെ ഒഴിവാക്കുകയും ചെയ്‌തിരുന്നു. എന്നാൽ അയോധ്യയിൽ കണ്ടതുപോലെ ഇന്ത്യ ഫലത്തിൽ ഒരു ഹിന്ദുരാഷ്‌ട്രമായി മാറി’യെന്ന്‌ അദ്ദേഹം എഴുതുന്നു. ‘രൂക്ഷമായ അസമത്വം, കടുത്ത തൊഴിലില്ലായ്‌മ, മോശമായ പൊതുജനാരോഗ്യം, കാലാവസ്ഥാ മാറ്റത്തിന്റെ വർധിക്കുന്ന കെടുതികൾ തുടങ്ങിയവയാണ്‌ മോദിയുടെ ഇന്ത്യയെ അടയാളപ്പെടുത്തുന്നത്‌. ലോകത്തെ ഏറ്റവും വൈവിധ്യപൂർണമായ രാഷ്‌ട്രങ്ങളിലൊന്നിനെ അടഞ്ഞ ഹിന്ദുരാഷ്‌ട്രമായി മാറ്റിയെടുത്തുകൊണ്ട്‌ ഈ പ്രതിസന്ധികളെ നേരിടാനാവില്ല. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർടിക്കും പോലും ഇത്‌ മനസിലായിട്ടുണ്ടാവും. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതും അവയുടെ പ്രചരണ ഫണ്ട്‌ മരവിപ്പിക്കുന്നതും വോട്ടർപട്ടികയിലും തിരഞ്ഞെടുപ്പ്‌ യന്ത്രങ്ങളിലും ക്രമക്കേട്- നടത്തുന്നതും ആത്മവിശ്വാസമുള്ള ഒരു സംഘത്തിന്റെ പ്രവൃത്തികളല്ല’ എന്ന്‌ എഴുതുന്ന സിദ്ധാർത്ഥ്‌ ഇന്ത്യയിൽ നിന്നാണ്‌ ഇപ്പോൾ കൂടുതൽ ആളുകൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക്‌ കുടിയേറുന്നതെന്നും നാട്‌ വിടുന്നവരിൽ ഈ രാജ്യം സ്വർഗമാവേണ്ട ഹിന്ദുക്കളും ഉണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

പ്രസിദ്ധ ഫ്രഞ്ച്‌ പ്രസിദ്ധീകരണമായ ലെമൊൺ ഡിപ്ലൊമാറ്റിക്കിൽ ക്രിസ്‌തോഫ്‌ ജഫർലൂ എഴുതിയ ലേഖനത്തിന്റെ ശീർഷകം തന്നെ ഇന്ത്യ ജനാധിപത്യരാഷ്‌ട്രം അല്ലാതായി എന്ന സംശയം ധ്വനിപ്പിക്കുന്നതാണ്‌. നരേന്ദ്ര മോദി ഇന്ത്യയുടെ സ്ഥാപനങ്ങളെയെല്ലാം പൊള്ളയാക്കിയതായും എതിരാളികളെ വേട്ടയാടുന്നതായും അതേസമയം തന്നെ വംശീയ സംഘർഷങ്ങൾക്ക്‌ വിത്തിടുന്നതായും ‘ഇന്ത്യ: ഡെമോക്രസി ഇൻ നെയിം ഓൺലി?’ എന്ന ലേഖനത്തിൽ ജഫർലൂ പറയുന്നു. ലണ്ടൻ കിങ്‌സ്‌ കോളേജിൽ ഇന്ത്യൻ രാഷ്‌ട്രീയവും സാമൂഹ്യശാസ്‌ത്രവും പഠിപ്പിക്കുന്ന അദ്ദേഹത്തിന്റെ പുതിയ പുസ്‌തകം ‘ഗുജറാത്ത്‌ അണ്ടർ മോദി: ലബോറട്ടറി ഓഫ്‌ ടുഡേസ്‌ ഇന്ത്യ’ ആണ്‌. ആത്മരതിയുടെ സവിശേഷതകളുള്ള മോദിയുടെ പ്രചരണരീതികളടക്കം വിശകലനം ചെയ്യുന്ന ലേഖനത്തിൽ മോദി ആർഎസ്‌എസിന്റെ പ്രവർത്തനരീതി പോലും അട്ടിമറിച്ച്‌ എല്ലാം തന്നിൽ കേന്ദ്രീകരിച്ചതായി ചൂണ്ടിക്കാട്ടുന്നു. സ്വന്തം ചാനൽ തുടങ്ങിയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഹോളോഗ്രാമുകൾ ഉപയോഗിച്ച്‌ ഒരേസമയം നൂറുകണക്കിന്‌ സ്ഥലങ്ങളിലായി ഒറ്റ റാലി നയിച്ചും തന്റെ ചിത്രമുള്ള മുഖംമൂടി അനുയായികൾക്കെല്ലാം നൽകിയും മോദി പ്രചരണരീതികളിൽ വലിയ മാറ്റമുണ്ടാക്കി. ഭരണഘടനാപരമായ എല്ലാ സ്ഥാപനങ്ങളെയും കീഴ്പ്പെടുത്തിയ മോദി ക്രമേണ സുപ്രീം കോടതി ജഡ്‌ജിമാരുടെ നിയമനം പോലും തന്നിഷ്‌ടത്തിനാക്കിയതും അദ്ദേഹം വിവരിക്കുന്നു. കോർപറേറ്റ്‌ ശിങ്കിടികളെ ഉപയോഗിച്ച്‌ മോദി ഇന്ത്യൻ മാധ്യമരംഗം ഏറെക്കുറെ പൂർണമായി നിയന്ത്രണത്തിലാക്കിയത്‌ എൻഡിടിവിയുടെ അനുഭവത്തിലൂടെ പറയുന്നുണ്ട്‌. സമൂഹത്തിൽ ആഴത്തിൽ തുളച്ചുകയറിയ ഒരു ഗൂഢ ഭരണകൂടമായി സംഘപരിവാർ മാറിയിട്ടുണ്ടെന്നും ജഫർലൂ പറയുന്നു.

മോദിയെ കുറിച്ചും ഇന്ത്യ സ്വേഛാധിപത്യത്തിലേക്ക്‌ വഴുതുന്നതിനെ കുറിച്ചും ബൈഡൻ മൗനം പുലർത്തുന്നത്‌ എന്തുകൊണ്ട്‌?(റികെൻ പട്ടേൽ–-ലൊസാഞ്ചലസ്‌ ടൈംസ്‌), ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം തീവ്രവാദ രാഷ്‌ട്രീയത്തിന്‌ കീഴടങ്ങുന്നു(അദ്വൈത്‌ സാവെ–-ഇന്ത്യാന ഡെയ്‌ലി സ്‌റ്റുഡന്റ്‌), ഇന്ത്യയുടെ മോഡിഫിക്കേഷൻ ഏറെക്കുറെ പൂർണമായി(മൈക്കേൽ കൂഗെൽമാൻ–-ടൈം), ജനാധിപത്യത്തിന്റെ മാതാവ്‌ അത്രനല്ല രൂപത്തിലല്ല(ഫൈനാൻഷ്യൽ ടൈംസ്‌) തുടങ്ങിയവയാണ്‌ അടുത്തകാലത്ത്‌ ഇന്ത്യയെക്കുറിച്ച്‌ പാശ്ചാത്യ മാധ്യമങ്ങളിൽ വന്ന മറ്റ്‌ ചില കടുത്ത ശീർഷകങ്ങൾ. മോദിയെക്കുറിച്ച്‌ തുറന്നുപറയാൻ ലോകമാധ്യമങ്ങൾ തയ്യാറാവുന്നു എന്നതാണ്‌ ശ്രദ്ധേയം. മോദി ഡോക്യുമെന്ററിയുടെ പേരിൽ ബിബിസി ഇന്ത്യയിൽ നേരിട്ട പ്രശ്‌നങ്ങൾ കൂടി മാറിച്ചിന്തിക്കാൻ ഇവയെ പ്രേരിപ്പിച്ചിട്ടുണ്ടാവാം. .

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + nineteen =

Most Popular