Sunday, May 19, 2024

ad

Homeകവര്‍സ്റ്റോറിമോദി ഭരണത്തിനെതിരെ 
കേരളം നടത്തിയ പോരാട്ടങ്ങൾ

മോദി ഭരണത്തിനെതിരെ 
കേരളം നടത്തിയ പോരാട്ടങ്ങൾ

കബനി ബി ഗീത

ങ്ങളെ ബാധിക്കുന്ന കാര്യം ഈ നാടിന്റെ പ്രശ്നങ്ങളാണ്, ഈ നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചുമതല ഏറ്റവരാണ് ഞങ്ങൾ, ആത്മധൈര്യത്തോടെ ഞങ്ങൾക്ക് പറയാൻ കഴിയും ആ ചുമതല ഞങ്ങൾ നിറവേറ്റുക തന്നെ ചെയ്യും എന്ന്.” കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണിത്.

എന്തൊക്കെ ആശയങ്ങളുടെ പേരിലാണോ ഇന്ത്യ എന്ന രാഷ്ട്രം കെട്ടിപ്പടുക്കപ്പെട്ടത് , അതിനെയെല്ലാം ഭരണകൂടം തന്നെ വെല്ലുവിളിക്കുന്ന സവിശേഷ സാഹചര്യമാണിന്ന് . ഇന്ത്യയെന്ന ബഹുസ്വര രാഷ്ട്രവും അതിന്റെ അടിസ്ഥാന ശിലയായ ഫെഡറലിസവും കടുത്ത വെല്ലുവിളികളെ നേരിടുന്ന കാലഘട്ടം . സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുകയും പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലിരിക്കുന്ന സ്ഥലങ്ങളിൽ ഏതുവിധേനയും അവയെ ഞെരിച്ചു കൊല്ലാൻ കേന്ദ്ര ഭരണകൂടം തന്നെ ശ്രമിക്കുകയും ചെയ്യുന്ന കാലം.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതേവരെയുണ്ടാകാത്ത ഈ സാഹചര്യത്തിനെതിരെ ഏറ്റവും ശക്തമായി പ്രതികരിക്കുന്ന സംസ്ഥാനം കേരളവും അതിനു നേതൃത്വം കൊടുക്കുന്നയാൾ കേരള മുഖ്യമന്ത്രി പിണറായി വിജയനുമാണ് . ഇന്ത്യൻ ജനാധിപത്യത്തെ നാമാവശേഷമാക്കുന്ന ഈ നടപടികൾക്കെതിരെ അതിശക്തമായ നിലപാടെടുക്കുന്ന പാർട്ടി സിപിഐ എമ്മാണ്.

മോഡിഭരണകൂടത്തിനെതിരെ ആരാണ് ഏറ്റവും ശക്തമായി ഇന്ത്യയിൽ പ്രതികരിച്ചതെന്നതിന്റെ നാൾ വഴി പരിശോധിക്കുകയാണിവിടെ.

കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന 
നടപടികൾക്കെതിരെ
ഇടതു സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നു ചൂണ്ടിക്കാട്ടി അധിക കടം വാങ്ങാനുള്ള സംസ്ഥാനത്തിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചതായി കേരളത്തിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് സംസ്ഥാനത്തിന് വൻ തിരിച്ചടിയായി എന്നുമാണ് അദ്ദേഹത്തിന്റെ വാദം.

കേരളത്തിനുമേലുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. അതിൽ വാദം കേട്ട് കേരളത്തിന് അർഹമായ തുക അനുവദിക്കണമെന്നും സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്ന വ്യക്തി ഇത്തരം ഒരു നുണക്കഥയുടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.

“ നിങ്ങൾ പ്രധാനമന്ത്രിയായിരിക്കുമ്പോൾ വസ്തുതകളിൽ കൂടുതൽ ജാഗ്രത കാണിക്കണം. വസ്തുതകൾ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയാണോ? അതിന്റെ വസ്തുതകൾ എല്ലാവർക്കും അറിയാം. അതൊരു രഹസ്യം ആയിരുന്നില്ല” എന്നതായിരുന്നു പിണറായി വിജയന്റെ മറുപടി. കോടതിക്കകത്തും പുറത്തും ഫെഡറലിസത്തിനപ്പുറത്തുള്ള കേന്ദ്രത്തിന്റെ ധനപരമായ ഇടപെടലുകളെ ശക്തമായി ഉയർത്തിക്കാട്ടാൻ കേരളത്തിനു കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി സംസ്ഥാനത്തെ 18 യുഡിഎഫ് എംപിമാരും പാർലമെന്റിൽ കേരളത്തിന്റെ അവകാശങ്ങൾക്കായി നിലകൊണ്ടില്ലെന്നു മാത്രമല്ല അവർ ആർ എസ് എസ് അജൻഡയ്ക്കൊപ്പം നിന്നു എന്ന വസ്തുത കൂടി ഈ വിഷയത്തിൽ ഉണ്ട്. അതുകൊണ്ടുതന്നെയാണ് കേരള സർക്കാരിന് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നതും.

ആരോഗ്യ സൂചികയിലും സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാര സൂചികയിലും സുസ്ഥിരവികസന സൂചികയിലും കേരളം ഒന്നാം സ്ഥാനത്താണ് എന്ന വസ്തുത അവഗണിച്ചുകൊണ്ട് കേരളം നല്ല നിലയിലല്ലെന്ന് പ്രസ്താവിച്ച മോദിക്കെതിരെ കേരള ജനത ഒറ്റ ശബ്ദമായി നിലകൊണ്ടു.

ശാസ്ത്രവും അന്ധവിശ്വാസവും
അന്ധവിശ്വാസങ്ങളെയും ശാസ്ത്രത്തെയും കൂട്ടിക്കുഴയ്ക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ ഓരോ ഘട്ടത്തിലും കൃത്യമായി വിലയിരുത്താൻ കേരളം മടി കാണിച്ചിരുന്നില്ല. കോവിഡ് മഹാമാരി അതിന്റെ സർവ്വശക്തിയിൽ വ്യാപരിച്ചുകൊണ്ടിരിക്കെ ലോകം മുഴുവൻ ഒറ്റക്കെട്ടായി ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള പരീക്ഷണ നിരീക്ഷണങ്ങളിൽ മുഴുകുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത് ആരോഗ്യപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പത്തു മിനിറ്റ് പ്ലേറ്റുകൾ കൊട്ടിയാൽ കൊറോണ വൈറസുകൾ ഇല്ലാതാകും എന്നതായിരുന്നു. ഇതിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം പ്ലേറ്റുകൾ തട്ടിയും പന്തം കൊളുത്തിയും ശാസ്ത്രീയ മനോഭാവമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിയില്ല എന്നായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ശാസ്ത്രത്തെ തെറ്റായി ചിത്രീകരിക്കുന്നതിന് എണ്ണമറ്റ ഉദാഹരണങ്ങൾ നമുക്കു മുൻപിൽ ഉണ്ട്. പുരാതന ഇന്ത്യയിൽ പ്ലാസ്റ്റിക് സർജറി നടന്നിരുന്നു എന്നും അത്തരത്തിലാണ് ആനയുടെ തല മനുഷ്യ ശരീരത്തിൽ ചേർന്ന് ഇപ്പോൾ ആരാധിക്കപ്പെടുന്ന ഗണപതിയായതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു.ഗണപതിക്ക് ആദ്യത്തെ പ്ലാസ്റ്റിക് സർജറിനടത്തി എന്ന് സ്കൂൾ കുട്ടികളെ പഠിപ്പിക്കുവാനാണ് ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകൾ ശ്രമിക്കുന്നത്. 2019ലെ മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെ മനുഷ്യർ ഋഷികളിൽ നിന്നാണ് ഉണ്ടായത് എന്ന് ഒരു ബിജെപി എംപി പറഞ്ഞിരുന്നു. പശു ഓക്സിജൻ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്നു എന്ന് അവകാശപ്പെട്ടത് മറ്റൊരു സംസ്ഥാനത്തെ ബിജെപിയുടെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായിരുന്നു. ഇത്തരത്തിൽ ശാസ്ത്രത്തെ അടിസ്ഥാനവിരുദ്ധമായ അന്ധവിശ്വാസങ്ങളിൽ പൊതിയുകയും വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ അടിച്ചേൽപ്പിക്കുവാനുമുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെ എന്നും കേരളം ശക്തമായി പ്രതികരിച്ചിരുന്നു.

“ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരം മണ്ടത്തരങ്ങൾ പ്രചരിപ്പിക്കുമ്പോൾ യുക്തിസഹവും ശാസ്ത്രീയവുമായ വിശദീകരണങ്ങളിലൂടെ അത്തരം അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാനുള്ള സാമൂഹിക ഉത്തരവാദിത്വം ശാസ്ത്രവുമായി ബന്ധപ്പെട്ടവർക്കുണ്ട്. അവർ ഈ കടമ ഏറ്റെടുക്കുക മാത്രമല്ല മുൻനിരയിൽ നിൽക്കുകയും വേണം. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പ്രമേയങ്ങൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പൊതു മനഃസാക്ഷിയെ ശക്തിപ്പെടുത്തണം” എന്നായിരുന്നു ഈ വിഷയത്തിൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്.

സെക്കുലർ ഇന്ത്യയുടെ 
 പ്രധാനമന്ത്രി കർമിയാകുമ്പോൾ
ഇന്ത്യ എന്ന ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആത്മാവാണ് മതനിരപേക്ഷത എന്നിരിക്കെ ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുകയും ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ആഞ്ഞടിച്ചിരുന്നു.

“ ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതൽ നമ്മുടെ രാജ്യത്തിന്റെ സ്വത്വത്തിന്റെ ഭാഗമാണ് മതനിരപേക്ഷത. ഇന്ത്യൻ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യമായി അവകാശപ്പെട്ടതാണ് നമ്മുടെ രാജ്യം. നെഹ്‌റു പറഞ്ഞതുപോലെ ഇന്ത്യൻ മതനിരപേക്ഷത എന്നാൽ മതത്തെയും ഭരണസംവിധാനത്തെയും വേർതിരിക്കുക എന്നതാണ്. ആ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ശക്തമായ പാരമ്പര്യവും നമുക്കുണ്ട്. എന്നാൽ, മതവും ഭരണസംവിധാനവും തമ്മിലുള്ള അകലം ഓരോ ദിവസവും കുറഞ്ഞുവരികയാണ്. ഒരു മതപരമായ ചടങ്ങ് രാഷ്ട്രത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കപ്പെടുന്ന ഘട്ടത്തിലേക്ക് നാം എത്തിയിരിക്കുന്നു. ആ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കുന്നതിലൂടെ ഭരണഘടനയെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്തവർ എന്ന നിലയിൽ ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തോടുള്ള നമ്മുടെ പ്രതിബദ്ധത ഒരിക്കൽ കൂടി ഉറപ്പിക്കപ്പെടുകയാണ് ” എന്നായിരുന്നു രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചുകൊണ്ട് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചത്.

മതവിശ്വാസത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ
ശബരിമല വിഷയത്തിൽ കേന്ദ്രം ഇരട്ടത്താപ്പ് നയമാണ് മുന്നോട്ടുവെച്ചത്. അത് കൃത്യമായി കേരളത്തെ പ്രതിസന്ധിയിൽ ആക്കാൻ തന്നെയായിരുന്നു. ഒരു ഭാഗത്ത് കേന്ദ്രസേനയെപ്പോലും അയയ്ക്കണം എന്നും സംസ്ഥാനത്തിന്റെ ക്രമസമാധാനം പരിപാലിക്കണം എന്നുംകാട്ടി കത്തയക്കുകയും നട്ടാൽ കിളിർക്കാത്ത നുണക്കഥകൾ പറഞ്ഞു പരത്തുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിന്റെ മുഖ്യമന്ത്രി നൽകിയ മറുപടി രാകി കൂർപ്പിച്ച മൂർച്ചയുള്ളതായിരുന്നു.

“ അയ്യപ്പൻ എന്ന പേരു പറഞ്ഞാൽ കേരളത്തിൽ അറസ്റ്റ് ആണ്. ഞങ്ങളുടെ അയ്യപ്പൻ എന്ന പേരുള്ള ഒരു സ്ഥാനാർത്ഥി തടങ്കലിലാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു പച്ചക്കള്ളം ഒരു പ്രധാനമന്ത്രി പറയാമോ. ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ട് എങ്കിൽ, കസ്റ്റഡിയിൽ വെച്ചിട്ടുണ്ട് എങ്കിൽ അത് നിയമവിരുദ്ധമായ പ്രവർത്തനത്തിനാണ്. മറ്റു സംസ്ഥാനങ്ങളിൽ മോദിയുടെ അനുഗ്രഹത്തോടെ സംഘപരിവാറുകാർക്ക് ജയിലിൽ കിടക്കേണ്ടി വരുന്നില്ലായിരിക്കും, അവരുടെ പേരിൽ കേസ് എടുക്കുന്നില്ലായിരിക്കും. അത് കേരളത്തിൽ പ്രതീക്ഷിക്കേണ്ട.. ഇത് നാട് വേറെയാണ്..”

കേരളത്തെ 
ഇകഴ്ത്തിക്കാട്ടുന്നതിനെതിരെ
കേന്ദ്രത്തിന്റെ അടിസ്ഥാനവിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെയും നയങ്ങളെയും നിരന്തരമായി പ്രതിരോധിച്ച് മോദിക്ക് മുൻപിൽ നിരന്തര വിമർശനങ്ങളുമായി കേരളം കടുത്ത വെല്ലുവിളി ഉയർത്തി നിലകൊള്ളുകയാണ്. അതിന് മറുപടിയെന്നോണം കേരളത്തിന് അർഹമായ വിഹിതങ്ങൾ വെട്ടിക്കുറയ്ക്കുകയും പൊതുജനങ്ങൾക്കിടയിൽ ഇവയെല്ലാം സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ് എന്നും കാട്ടി ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്ന് കൈമലർത്തുന്ന കേന്ദ്രം. ആ കൈമലർത്തലിൽ പകച്ചുപോകുന്ന, വസ്തുതകൾ കൃത്യമായി പറയാൻ കഴിയാത്ത ഒരു മുഖ്യമന്ത്രി ആയിരുന്നില്ല കേരളത്തിൽ ഭരണത്തിൽ ഉണ്ടായിരുന്നത് എന്ന് മോദി മറന്നു കാണും.

“കേരളത്തെ മോദി ഇകഴ്ത്തിക്കാട്ടി, യുവാക്കൾക്ക് ജോലിയില്ല എന്നതുൾപ്പെടെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രധാനമന്ത്രിയെ പോലുള്ള ഒരാൾ പറയാൻ പാടില്ല എന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. പ്രളയകാലത്ത് ധാന്യം നൽകിയതിന്റെ തുക തിരിച്ചുപിടിച്ചതും സഹായിക്കാൻ വന്നവരെ തടഞ്ഞതുമാണോ പ്രധാനമന്ത്രിയുടെ സവിശേഷ പരിഗണന എന്ന ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല. കേരളത്തിന് അർഹതപ്പെട്ടതൊന്നും കേന്ദ്രം നൽകുന്നില്ല. 15,000ത്തിൽ അധികം നഴ്സിംഗ് സീറ്റുകളിൽ ഒരെണ്ണം പോലും കേരളത്തിന് നൽകിയില്ല. ഇവയെല്ലാം വന്ദേഭാരത്തിന്റെ പേരിൽ മറച്ചുപിടിക്കുന്നതാണ് കേരളത്തോട് കാണിക്കുന്ന വിവേചനം എന്ന പിണറായി വിജയന്റെ തുറന്നുപറച്ചിലിനു മോദിയെയും കേന്ദ്രസർക്കാരിനെയും ചൂണ്ടുവിരലിൽ നിർത്താൻ പോകുന്നത്ര ശക്തിയുണ്ടായിരുന്നു.

മുസ്ലിം വിരുദ്ധതക്കെതിരെ
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സമ്പത്ത് മുസ്ലീങ്ങൾക്ക് പുനർവിതരണം ചെയ്യുമെന്നായിരുന്നു രാജസ്താനിലെ ബൻസ്വരയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞത്. ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്ന മോദിയുടെ പ്രസ്താവനയെ അതിരൂക്ഷമായി തന്നെ കേരള സമൂഹവും മുഖ്യമന്ത്രിയും വിമർശിച്ചിരുന്നു. ജനങ്ങൾക്കിടയിൽ മുസ്ലിം വിരുദ്ധ വിദ്വേഷം സൃഷ്ടിക്കുന്നതിനായി ഇത്തരം കെട്ടുകഥകൾ മെനഞ്ഞെടുത്ത് വർഗീയ പ്രചാരണമാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. തിരഞ്ഞെടുപ്പുകാലത്ത് ഇത്തരത്തിൽ ഒരു വിഭാഗത്തെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്താൻ പാടുള്ളതല്ല എന്നിരിക്കെ ഈ വിഷയത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനത്തെയും മുഖ്യമന്ത്രി ചോദ്യം ചെയ്തിരുന്നു. രാജസ്താനിൽ മുസ്ലീങ്ങൾക്കെതിരെ പ്രധാനമന്ത്രി നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധവും കോടാനുകോടി വരുന്ന ജനവിഭാഗത്തെ ആക്ഷേപിക്കലും ആണ് എന്ന് അദ്ദേഹം ആവർത്തിച്ചു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതിൽ എല്ലാ മതവിഭാഗങ്ങൾക്കും വലിയ പങ്കുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പോരാടി രക്തസാക്ഷിത്വം വരിച്ചവരിൽ മുസ്ലീങ്ങളും ഉണ്ട് എന്നു കൂടി അദ്ദേഹം ഓർമ്മപ്പെടുത്തി.

പൗരത്വ നിയമ ഭേദഗതിയെ 
ചെറുത്ത് കേരളം
സി എ എ യുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ കൃത്യമായ ഒരു പ്രസ്താവനയെ വക്രീകരിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക–്സഭയിൽ നടത്തിയ പരാമർശത്തോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

“ലോക്-സഭയിൽ കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ വാസ്തവവിരുദ്ധമാണ്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള കേരളത്തിന്റെ പ്രതിരോധം ഒറ്റക്കെട്ടായാണ്. കേരളത്തിൽ നടത്തുന്ന മതനിരപേക്ഷ സമരങ്ങളിൽ പ്രധാനമന്ത്രിക്ക് അസഹിഷ്ണുതയാണ് ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്യമായ വാക് പോരുകൾക്കപ്പുറം പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന് ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങൾക്കും എതിരെ ശക്തമായ നിലപാടുകളാണ് സംസ്ഥാന ഗവൺമെന്റ് സ്വീകരിച്ചിരുന്നത്. അതോടൊപ്പം ഇത്തരം നീക്കങ്ങൾ രാഷ്ട്രത്തിന്റെ ഫെഡറൽ സംവിധാനങ്ങൾക്ക് എതിരാണ് എന്ന് ചൂണ്ടിക്കാട്ടി ചരിത്രത്തിൽ ആദ്യമായി സുപ്രീംകോടതിയെ സമീപിച്ചതും കേരളമാണ്.

കർഷക സമരത്തിനൊപ്പം കേരളം
വർഗ്ഗസമര ചരിത്രത്തിലെ ഒരു ഐതിഹാസിക ഏടായി കർഷക സമരം എക്കാലവും നിലനിൽക്കും. തികച്ചും കർഷക വിരുദ്ധവും കോർപ്പറേറ്റ് നയങ്ങൾക്ക് കുട പിടിക്കുന്നതുമായ മൂന്ന് കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് കർഷകർ ഈ സമരത്തിലേക്ക് അണിനിരന്നത്. കർഷകരാണ് രാജ്യത്തിന്റെ അന്നദാതാക്കൾ എന്നും അതിനാൽ അവരുടെ ആവശ്യം രാജ്യത്തിന്റെ പൊതു താൽപര്യമായി കണക്കിലെടുക്കണമെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കർഷക സമരത്തിന് പിന്തുണ അറിയിച്ചത്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഇടതു സർക്കാർ ആസൂത്രണം ചെയ്ത പ്രത്യേക നിയമസഭാ സമ്മേളനത്തിന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ആഞ്ഞടിക്കുകയുണ്ടായി.

ഇന്ത്യൻ ഫെഡറലിസത്തെ 
ചോദ്യചിഹ്നമാക്കുന്നവർ
അധികാരത്തിലേറിയ നാൾ മുതൽ സംസ്ഥാനങ്ങളുടെ അധികാരം പിടിച്ചെടുക്കുന്നതിലും ഇന്ത്യയുടെ ഫെഡറൽ മൂല്യങ്ങളെ അട്ടിമറിക്കുന്നതിലും മോദി സർക്കാർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രീകൃതമായ ഒരു അധികാര സ്വരം ബിജെപി സർക്കാരിന്റെ മുഖമായി മാറിയത് വളരെ പെട്ടെന്നാണ് . പിന്നീടങ്ങോട്ടുള്ള ഓരോ നിയമ നിർമ്മാണങ്ങളും നിയമ ഭേദഗതികളും അവയെ സാധൂകരിക്കുന്നതായിരുന്നു. സഹകരണ മേഖലയിലെ ഭേദഗതി, എൻ ഐ എ നിയമ ഭേദഗതി, ജി എസ് ടി എന്നിവയൊക്കെ പ്രധാന ഉദാഹരണങ്ങളാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾക്ക് മേലുള്ള ഒരു വെള്ളിടിയായിരുന്നു ജി എസ് ടി എന്ന് പറയാതിരിക്കാൻ കഴിയില്ല. ഇത്തരത്തിൽ ഇന്ത്യയുടെ ഫെഡറൽ മൂല്യങ്ങൾക്ക് വിള്ളൽ വീഴ്ത്തുന്ന കേന്ദ്ര നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതിനു വേണ്ട പോരാട്ടങ്ങളിൽ കേരളത്തിന്റെ സ്ഥാനം ഒന്നാമത് തന്നെയായിരുന്നു. ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറൽ മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനും സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തിന്റെ വികസനത്തിന് തടയിടാനും ശ്രമിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ കേരളം പ്രതിഷേധിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എംഎൽഎമാർ ഉൾപ്പെടെയുള്ളവർ 2024 ഫെബ്രുവരി 8 ന് ജന്തർ മന്ദിറിലേക്ക് പ്രതിഷേധം നടത്തിയിരുന്നു.

പ്രളയകാലത്തെ 
കേന്ദ്ര അവഗണന
കേരളത്തിന്റെ നയം കേന്ദ്രത്തെ ചൊടിപ്പിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രളയ കാലത്ത് കേരളത്തോട് കാണിച്ച അവഗണന. അക്ഷരാർത്ഥത്തിൽ കേരളത്തെ ഒന്നാകെ പിടിച്ചുകുലുക്കിയ വർഷമായിരുന്നു 2018. അതിശക്തമായ മഴ, മിക്ക ജില്ലകളിലും നിയന്ത്രണാതീതമായ വെള്ളപ്പൊക്കം, മലയോര മേഖലകളിലെ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും, ചരിത്രത്തിൽ ആദ്യമായി 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നു വിടേണ്ടി വന്ന അവസ്ഥ, 14 ജില്ലകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ്, ഏകദേശം 500ൽ പരം മരണം, അതിലേറെ പേർക്ക് പരിക്ക്. 14 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടിവന്നു. ഏകദേശം 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. ഇത്തരം ഒരു പ്രതിസന്ധിയിൽ കേരളം ഒഴികെയുള്ള 7 സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 5908.56 കൂടി അനുവദിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തലയോഗം തീരുമാനിച്ചു. കേരളത്തെ പ്രത്യേക കണ്ണിലൂടെ കണ്ട് കേന്ദ്രസർക്കാർ ഒറ്റപ്പെടുത്തുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അന്നു വിമർശിച്ചു. അതോടൊപ്പം, സഹായം നൽകിയില്ല എന്നു മാത്രമല്ല മറ്റ് രാജ്യങ്ങൾ കേരളത്തിനു നീട്ടിയ സഹായഹസ്തം കേന്ദ്രം നിഷേധിക്കുകയും ചില പ്രത്യേക സഹായങ്ങൾക്ക് നൽകിയ തുക തിരിച്ചു പിടിക്കാൻ കേന്ദ്രം ശ്രമിക്കുകയും ചെയതു. അതിനെയും അതിരൂക്ഷമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve + nineteen =

Most Popular