2024 ഏപ്രിൽ അഞ്ചിന് ഇക്വഡോറിലെ മെക്‌സിക്കൻ എംബസിയിലേക്ക് ഒരുസംഘം ഇക്വഡോർ പൊലീസ് ഉദ്യോഗസ്ഥർ അതിക്രമിച്ച് കടന്നുകയറുകയും മെക്‌സിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്‌തു. 2023 ഡിസംബർ 18 മുതൽ ക്വിറ്റൊയിലെ (ഇക്വഡോറിന്റെ തലസ്ഥാനം) മെക്‌സിക്കൻ എംബസിയിൽ അഭയം തേടി എത്തി, അതിഥിയായി കഴിഞ്ഞിരുന്ന ഇക്വഡോറിന്റെ മുൻ വൈസ് പ്രസിഡന്റ് ഹോർഗെ ഗ്ലാസിനെ തടവുകാരനായി കൊണ്ടുപോവുകയും ചെയ്‌തു. അന്താരാഷ്‌ട്ര നിയമങ്ങളുടെയും മര്യാദകളുടെയും നഗ്നമായ ലംഘനമാണ് ഇക്വഡോറിൽ നടന്നത്. മെക്‌സിക്കോയുടെ പരമാധികാരത്തിലേക്കാണ് ഇക്വഡോറിലെ തീവ്ര വലതുപക്ഷ ഭരണാധികാരികൾ കടന്നാക്രമണം നടത്തിയത്. ഒരു രാജ്യത്തിന്റെ നയതന്ത്രകാര്യാലയത്തിൽ നിന്ന് ആതിഥേയ രാജ്യത്തിന് ഒരാളെ വിട്ടുകിട്ടണമെങ്കിൽ അവരുടെ അനുമതി വേണമെന്നതാണ് അന്താരാഷ്‌ട്ര നിയമം. അതാണ് ഇക്വഡോർ ലംഘിച്ചിരിക്കുന്നത്.
ഈ കടന്നാക്രമണത്തിനു മുമ്പായി ഇക്വഡോർ പ്രസിഡന്റ് ഡാനിയൽ നൊബോവ മെക്‌സിക്കൽ അംബാസിഡർ റാക്വേൽ സെറൂർ സ്‌മെക്കെയെ ‘‘വിശ്വസിക്കാൻ കൊള്ളാത്ത വ്യക്തി’’ എന്നു വിശേഷിപ്പിച്ച് ക്വിറ്റോയിൽനിന്ന് പുറത്താക്കിയിരുന്നു. മെക്‌സിക്കൻ എംബസിയിലെ ഹോർഗെ ഗ്ലാസിന്റെ സാന്നിധ്യമാണ് ഇക്വഡോർ ഭരണാധികാരിയുടെ പ്രകോപനപരമായ നടപടിക്ക് കാരണമെന്ന് പല രാഷ്‌ട്രീയ നിരീക്ഷകരും വിലയിരുത്തിയിരുന്നത് ശരിവയ്‌ക്കുന്നതാണ് ഏപ്രിൽ അഞ്ചിന്റെ പൊലീസ് നടപടി.
ഹോർഗെ ഗ്ലാസ് ഇക്വഡോറിന്റെ ഇടതുപക്ഷ ഭരണകാലത്തെ വൈസ് പ്രസിഡന്റായിരുന്നു. പ്രസിഡന്റ് റാഫേൽ കോറിയക്കൊപ്പം ‘‘പൗരവിപ്ലവം’’ എന്ന ജനകീയ രാഷ്‌ട്രീയപദ്ധതി നടപ്പാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളാണ്. സാധാരണ ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള സാമൂഹിക‐സാമ്പത്തിക പരിഷ്‌കാരണങ്ങളാണ് ‘‘പൗരവിപ്ലവം’’ എന്ന പേരിൽ കോറിയയുടെ ഭരണകാലത്ത് നടപ്പാക്കപ്പെട്ടത്. ഈ പദ്ധതി നടപ്പാക്കുന്നതിനായി 2009ൽ ജനഹിതപരിശോധനയിലൂടെ ഭരണഘടനാ ഭേദഗതി അംഗീകരിച്ചു. 2006ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട റാഫേൽ കോറിയ 2013ൽ രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോറിയയുടെ പത്തുവർഷത്തെ ഭരണത്തിനിടയിൽ രാജ്യത്തിന്റെ ദാരിദ്ര്യനിരക്ക് 2006ൽ 36.7 ശതമാനമായിരുന്നത് അദ്ദേഹത്തിന്റെ ഭരണ കാലാവധി 2016ൽ കഴിഞ്ഞപ്പോൾ 22.5 ശതമാനമായി കുറയുകയാണുണ്ടായത്.
ക്ഷേമപദ്ധതികൾ നടപ്പാക്കുകയും തൊഴിലാളികളുടെ കൂലി വർധിപ്പിക്കുകയും ചെയ്‌തതാണ് കോറിയയുടെ ഭരണകാലത്ത് ഇക്വഡോറിലെ ജനജീവിതം മെച്ചപ്പെട്ടത്. തദ്ദേശീയ ജനതയുടെ അവകാശങ്ങൾ അംഗീകരിക്കുകയും ദേശീയ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയും ലാറ്റിനമേരിക്കൻ ഐക്യത്തിനായി നിലകൊള്ളുകയും ഇക്വഡോറിൽ ഉണ്ടായിരുന്ന അമേരിക്കൻ സൈനികത്താവളങ്ങൾ പൊളിച്ചുമാറ്റുകയും നവലിബറൽ നയങ്ങൾ നിരാകരിക്കുകയും ചെയ്‌തതാണ് കോറിയയുടെ ഭരണകാലത്തെ സവിശേഷതകൾ. ഇതുപക്ഷേ അമേരിക്കൻ സാമ്രാജ്യത്വത്തിനും ഇക്വഡോറിലെ പിന്തിരിപ്പന്മാർക്കും സഹിക്കാനാവുന്നതായിരുന്നില്ല. പൊലീസ് സേനയിലെ ഉന്നതരുടെ പിന്തുണയോടെ അദ്ദേഹത്തിന്റെ ഭരണത്തിനെതിരെ അട്ടിമറിനീക്കം ഉണ്ടായിട്ടും അതിനെ അതിജീവിച്ച അദ്ദേഹം കാലാവധി പൂർത്തിയാക്കിയിരുന്നു.
ഇക്വഡോർ ഭരണഘടന പ്രകാരം രണ്ടുതവണയിൽ കൂടുതൽ ഒരാൾക്ക് മത്സരിക്കാനാവില്ലെന്നതിനാലാണ് 2016ൽ അദ്ദേഹത്തിന്റെ പിന്തുണയോടെ ലെനിൻ മൊറേന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യം നേരിടുന്ന, പെട്രോളിയത്തിന്റെ അന്താരാഷ്‌ട്ര വിപണിയിലെ വില ഇടിഞ്ഞതിനെത്തുടർന്നുണ്ടായ സാന്പത്തിക പ്രതിസന്ധി മറികടക്കാനായി ലെനിൻ മൊറേന ഏകപക്ഷീയമായി ഐഎംഎഫിനെ സമീപിച്ചതോടെയാണ് ഇക്വഡോർ വലതുപക്ഷത്തേക്കുള്ള ചുവടുമാറ്റം ആരംഭിച്ചത്. ഇടതുപക്ഷ പ്ലാറ്റ്‌ഫോമിൽ മത്സരിച്ച മൊറേന തന്നെ വലതുപക്ഷത്തേക്ക് മാറുകയാണുണ്ടായത്.
മൊറേനയുടെ ഭരണകാലത്തുതന്നെ ഇക്വഡോറിന്റെ അറ്റോർണി ജനറൽ പൗരവിപ്ലവ പ്രസ്ഥാനത്തിന്റെ നേതാക്കൾക്കും ഭരണനിർവഹണം നടത്തിയ ഉദ്യോഗസ്ഥർക്കുമെതിരെ ആക്രമണമാരംഭിച്ചിരുന്നു. അതിലൊന്നാണ് ഹോർഗെ ഗ്ലാസിനെതിരെയുള്ള കേസും. കോറിയക്കൊപ്പം ഗ്ലാസും മറ്റ് 18 ഉദ്യോഗസ്ഥരും ചില സ്വകാര്യ കന്പനികളിൽനിന്ന് കൈക്കൂലി വാങ്ങിച്ചെന്ന കേസിൽ 2020 ഏപ്രിൽ മാസത്തിൽ ഗ്ലാസിനെ കോടതി കുറ്റക്കാരനായി വിധിച്ചു. എന്നാൽ കോറിയയോ ഗ്ലാസോ കൈക്കൂലി വാങ്ങിയതായി കണ്ടെത്താനാകാത്തതിനാൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിച്ചതിനു പിന്നിൽ ഇവർ ഇരുവരുടെയും ‘‘മനഃശാസ്‌ത്രപരമായ സ്വാധീനം’’ ഉണ്ടായിരുന്നുവെന്നാണ് കോടതി വിധിച്ചത്. കോറിയയെ തടവുശിക്ഷയ്‌ക്ക് പുറമെ 25 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും വിലക്കിയിരുന്നു.
ശിക്ഷാകാലാവധിയുടെ 40 ശതമാനം പൂർത്തിയാക്കിയതോടെ ഗ്ലാസിന് 2022 നവംബർ 28ന് ജയിലിൽനിന്ന് ‘‘താൽക്കാലിക മോചനം’’ അനുവദിച്ചു. എന്നാൽ തീവ്രവലതുപക്ഷക്കാരനായ ഡാനിയൽ നൊഞ്ചോവ അധികാരത്തിലെത്തി ആഴ്‌ചകൾക്കകം ഒരു ജഡ്‌ജി ഗ്ലാസിനു നൽകിയിരുന്ന താൽക്കാലിക മോചനം റദ്ദാക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്‌ത് ജയിലിലടയ്‌ക്കാൻ ഉത്തരവിടുകയുണ്ടായി. 2023 ഡിസംബർ മുതൽ മെക്‌സിക്കൻ എംബസിയിൽ അതിഥിയായി കഴിഞ്ഞിരുന്ന ഗ്ലാസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങിയപ്പോൾ തന്നെ മെക്‌സിക്കോയിലെ ഒബ്രദോർ ഗവൺമെന്റിനോട് അദ്ദേഹം രാഷ്‌ട്രീയ അഭയം ആവശ്യപ്പെട്ടു. 2024 ഏപ്രിൽ 5ന് മെക്‌സിക്കൻ ഗവൺമെന്റ് അദ്ദേഹത്തിന് ഔപചാരികമായി അഭയം നൽകാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ഇക്വഡോർ പൊലീസ് മെക്‌സിക്കൻ എംബസി അതിക്രമിച്ചു കടന്ന് ഹോർഗെ ഗ്ലാസിനെ തടവിലാക്കിയത്. ഇക്വഡോറിലെ പുരോഗമനവാദികളും ജനാധിപത്യവിശ്വാസികളുമാകെ വലതുപക്ഷ സർക്കാരിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. ലാറ്റിനമേരിക്കയിലാകെയുള്ള മിക്കവാറും ഗവൺമെന്റുകൾ ഇക്വഡോർ നടപടിയിൽ പ്രതിഷേധിക്കുകയും അപലപിക്കുകയുമുണ്ടായി. ♦