ആറുമാസത്തിലേറെയായി പലസ്‌തീനിൽ ഇസ്രയേൽ സിയോണിസ്റ്റ് സർക്കാർ നടത്തിവരുന്ന വംശഹത്യക്കെതിശര പലസ്‌തീൻ ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വിദ്യാർഥി പ്രക്ഷോഭം ലോകമാകെ പടർന്നുപിടിക്കുകയാണ്. വംശഹത്യ അവസാനിപ്പിക്കണമെന്നും അതുവരെ ഇസ്രയേലിനെതിരെ അക്കാദമിക ബഹിഷ്‌കരണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രൊഫസകർമാരും വിദ്യാർഥികളും മറ്റു വിദ്യാഭ്യാസപ്രവർത്തകരും ഒപ്പിട്ട അഭ്യർഥനകൾക്കു പുറമെ അമേരിക്കയിലും യൂറോപ്പിൽ ഇറ്റലിയിലും ജർമനിയിലുമെല്ലാം സർവകശാലകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾ പ്രതിഷേധ പ്രക്ഷോഭം നടത്തുകയാണ്.
കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ഇറ്റലിയിലെ വിദ്യാർഥികളും യുവജനങ്ങളും ഇസ്രയേൽ യൂണിവേഴ്‌സിറ്റികളുമായുള്ള അക്കാദമിക കരാറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. ഇസ്രയേൽ യൂണിവേഴ്‌സിറ്റികൾ സിയോണിസ്റ്റ് അധിനിവേശത്തിനും വംശഹത്യയ്‌ക്കും പിന്തുണ നൽകുന്ന പശ്ചാത്തലത്തിലാണ് ഈ പ്രക്ഷോഭം.
ടെൽ അവീവ് യൂണിവേഴ്‌സിറ്റിയും ജറുസലേമിലെ ഹിബ്രു യൂണിവേഴ്‌സിറ്റിയും പ്രവർത്തിക്കുന്നത് പലസ്‌തീനിലെ അധിനിവേശമേഖലയിലാണ്. ബാർലാൻ യൂണിവേഴ്‌സിറ്റിയാകട്ടെ വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ പ്രദേശത്താണ് പ്രവർത്തിക്കുന്നത്. എല്ലാ ഇസ്രയേൽ സർവകലാശാലകളും പലസ്‌തീനെതിരായ ആക്രമണത്തിന് ഒത്താശചെയ്യുകയുമാണ്. ഇസ്രയേൽ ആക്രമണ സൈന്യത്തിൽ ചേരാൻ അവർ വിദ്യാർഥികളെയും യുവാക്കളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു ഈ സർവകലാശാലകൾ. ഹൈഫ പോളിടെക്‌നിക്കിനെ പോലെ ചില ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങൾ സൈന്യത്തിൽ ചേരാൻ തയ്യാറാകുന്ന വിദ്യാർഥികൾക്ക് പ്രത്യേക സ്‌കോളർഷിപ്പും പ്രഖ്യാപിച്ചിരിക്കുന്നു. മാത്രമല്ല, ഈ സർവകലാശാലകളെല്ലാം തന്നെ ആയുധനിർമാണ കന്പനികൾക്കായി ഗവേഷണത്തിലും ഏർപ്പെട്ടിരിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് 36,000ത്തോളം പേരെ കൊന്നൊടുക്കിയ ഇസ്രയേൽ നടപടിക്കെതിരെ ഇറ്റലിയിലെ വിദ്യാർഥികൾ ക്യാന്പസുകൾ കേന്ദ്രീകരിച്ച് പ്രതിഷേധിക്കുന്നത്. മിലാൻ സർവകലാശാലയിലെ വിദ്യാർഥികൾ റെക്ടറെക്കൊണ്ട് ഇസ്രയേലുമായുള്ള കരാറുകൾ റദ്ദുചെയ്യുമെന്ന പ്രഖ്യാപനം നടത്തിച്ചു. ♦