കേന്ദ്ര സർക്കാരിന്റെ കേരള ദ്രോഹത്തിനെതിരെ ഒരക്ഷരം ഉരിയാടാത്ത യുഡിഎഫ് ഈ തിരഞ്ഞെടുപ്പ് ഘട്ടത്തിലും സംസ്ഥാനത്തിനെതിരെ നുണകൾ പ്രചരിപ്പിച്ച് ബി ജെ പി യെ സഹായിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ വൈരാഗ്യം നിറഞ്ഞ സമീപനമാണ് കേരളത്തിലെ ക്ഷേമ പെൻഷൻ വിതരണത്തെ വരെ ബാധിച്ചതെന്ന സത്യം ജനങ്ങളിൽ നിന്ന് മറച്ചു വെക്കാനാണ് പ്രതിപക്ഷ നേതാവുൾപ്പെടെ ശ്രമിക്കുന്നത്. കേന്ദ്ര അവഗണയ്ക്കെതിരായ പോരാട്ടത്തിൽ യു ഡി എഫ് കേരളത്തെ വഞ്ചിക്കുകയാണ്. ബി ജെ പിയുടെ പകയും കോൺഗ്രസ്സിന്റെ ചതിയും സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഇന്ന് കേരളം നേരിടുന്നത്. രണ്ടിനെയും അതിജീവിച്ച് സംസ്ഥാനം മുന്നോട്ടു പോവുക തന്നെ ചെയ്യും. ക്ഷേമ പെൻഷൻ അടക്കമുള്ള കാര്യങ്ങളിൽനിന്ന് ഞെരുക്കി പിന്മാറ്റാൻ ആരു ശ്രമിച്ചാലും എൽഡിഎഫ് സർക്കാർ അത് അംഗീകരിക്കില്ല. എന്തു ത്യാഗം സഹിച്ചും ജനപക്ഷ നടപടികൾ തുടരും.
സമൂഹത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കുള്ള ക്ഷേമ പെൻഷനുകൾ പ്രതിമാസം നൽകുക എന്നതാണ് സർക്കാരിന്റെ നയം. മുൻകാലങ്ങളിൽ ഓണം, ക്രിസ്-മസ്, വിഷു എന്നിങ്ങനെ ഉത്സവകാലങ്ങളിൽ മാത്രമായിരുന്നു പെൻഷൻ വിതരണം. അതാത് മാസത്തെ പെൻഷൻ എല്ലാ മാസവും 20-–ാം തീയതി മുതൽ വിതരണം ചെയ്യാൻ 2016-ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ തീരുമാനിച്ചു. 2020 സെപ്തംബർ മുതൽ ഇത് പ്രാബല്യത്തിൽ വരുത്തി. മാസാമാസം തന്നെ പെൻഷൻ നൽകിത്തുടങ്ങി. അപൂർവ്വം ചില സാഹചര്യങ്ങളിൽമാത്രമാണ് രണ്ടു മാസത്തെ പെൻഷൻ ഒരുമിച്ച് നൽകേണ്ടിവന്നത്.
നിലവിലെ ചില അസാധാരണ സാഹചര്യങ്ങളാലാണ് ഏതാനും മാസത്തെ പെൻഷൻ വിതരണം വൈകിയത്. എന്നിട്ടും കഴിയുന്നത്ര മാസങ്ങളിലെ പെൻഷൻ ലഭ്യമാക്കാനായിട്ടുണ്ട്. ഇപ്പോൾ രണ്ടു ഗഡുവാണ് വിതരണം ആരംഭിച്ചത്. ഓരോരുത്തർക്കും 3,200 രൂപവീതം. കഴിഞ്ഞമാസം അനുവദിച്ച ഒരു ഗഡു വിതരണം പൂർത്തിയായിട്ടുണ്ട്. ഇതോടെ വിവിധ ജനവിഭാഗങ്ങളുടെ ആഘോഷക്കാലത്ത് 4,800 രൂപവീതം അവശരുടെയും അശരണരുടെയും കൈകളിലെത്തിക്കാൻ വലിയ പ്രയത്‌നമാണ് സർക്കാർ നടത്തിയത്. ആ പ്രയത്നത്തെ വിലകുറച്ചു കാണിക്കാനും കേന്ദ്ര സമീപനത്തെ ന്യായീകരിക്കാനുമാണ് യുഡിഎഫ് തയാറാകുന്നത്.
ഈ മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന തുകകളിലും വായ്‌പാനുപാതത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് 57,400 കോടി രൂപയുടെ കുറവുണ്ടായി. റവന്യു കമ്മി ഗ്രാന്റിൽ 8,400 കോടി രൂപ കുറഞ്ഞു. ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തലാക്കിയതു മൂലമുള്ള കുറവ് 12,000 കോടി രൂപയാണ്. നികുതി വിഹിതം 3.58 ശതമാനത്തിൽനിന്ന് 1.925 ശതമാനമായി കുറച്ചതിലൂടെ ഉണ്ടാകുന്ന നഷ്ടം 18,000 കോടി രൂപയും. പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പ്, കിഫ്‌ബി, സാമൂഹ്യസുരക്ഷ പെൻഷൻ കമ്പനി എന്നിവ സമാഹരിച്ച പണം തുടങ്ങിയവയുടെ പേരിൽ വായ്‌പാനുമതിയിൽ 19,000 കോടിയിൽ പരം രൂപ കേന്ദ്രം വെട്ടിക്കുറച്ചു.
കേന്ദ്ര ഗ്രാന്റുകളിലും വലിയ കുറവാണുണ്ടായത്. 2022–23 സാമ്പത്തിക വർഷം ഫെബ്രുവരി വരെ ഗ്രാന്റുകളായി ലഭിച്ചത് 24,639 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ലഭിച്ചത് 8,688 കോടിയും. 15,951 കോടി രൂപയുടെ കുറവാണ് കേന്ദ്ര ഗ്രാന്റുകളിൽ ണ്ടായതെന്ന് സിഎജിയുടെ പ്രാഥമിക കണക്കുകളിൽ പറയുന്നു. ഒപ്പം ഏഴുവർഷത്തിനുള്ളിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട കടമെടുപ്പ് പരിധിയിൽ നിന്ന് പബ്ലിക് അക്കൗണ്ടിന്റെ പേരു പറഞ്ഞ് 1,07,000 കോടി രൂപയുടെ വെട്ടിക്കുറവ് കേന്ദ്ര ബിജെപി സർക്കാർ വരുത്തി. ഇതാണ് സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയത്. കേന്ദ്രത്തിന്റെ ബജറ്റ് ഫൈനാൻസ് ചെയ്യുമ്പോൾ പബ്ലിക് അക്കൗണ്ട് 15–-20 % വരെ ഉപയോഗിക്കുന്നു. അവർ സ്വയം ഏർപ്പെടുത്താത്ത നിബന്ധനയാണ് നമ്മുടെ മേൽ അടിച്ചേൽപ്പിക്കുന്നത്.
ഇത്തരം സാഹചര്യങ്ങളിലും മാസാമാസം പെൻഷൻ വിതരണം ഉറപ്പാക്കാനാണ് കേരള സാമൂഹ്യസുരക്ഷാ പെൻഷൻ ലിമിറ്റഡ് കമ്പനിയ്‌ക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയത്. സർക്കാരിന് സാമ്പത്തിക ഞെരുക്കം ഉണ്ടായാലും ക്ഷേമ പെൻഷൻ മുടങ്ങാൻ പാടില്ലെന്ന ദൃഢനിശ്ചയത്തിന്റെ ഭാഗമായിരുന്നു ഈ തീരുമാനം. താൽക്കാലികമായി കടമെടുത്തായാലും ശരി, പെൻഷൻ കമ്പനി പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കും. സർക്കാർ പണം ലഭ്യമാക്കുന്ന മുറയ്ക്ക് കമ്പനി കടം വീട്ടുകയും ചെയ്യും. ഈ സംവിധാനം എല്ലാ മാസവും 20-–ാം തീയതി മുതൽ എല്ലാവർക്കും ക്ഷേമപെൻഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കിയിരുന്നു.
എന്നാൽ പെൻഷൻ കമ്പനിയുടെ താൽക്കാലിക കടമെടുപ്പ് പ്രവർത്തനത്തിൽ കേന്ദ്ര സർക്കാർ ഇടപെടാൻ തുടങ്ങി. കമ്പനി എടുക്കുന്ന താൽക്കാലിക വായ്‌പ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കി കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്താൻ തുടങ്ങി. ഇതോടെ ക്ഷേമപെൻഷന്റെ പ്രതിമാസ വിതരണം തടസ്സപ്പെടുന്ന സ്ഥിതിയായി. തിരിച്ചടവ് ശേഷിയില്ലാത്ത നിരവധി കേന്ദ്ര സ്ഥാപനങ്ങൾക്ക് കേന്ദ്ര ബജറ്റിൽ നിന്ന് പണം കൊടുത്തു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് പാവപ്പെട്ടവർക്ക് പെൻഷൻ കൊടുക്കുന്ന പെൻഷൻ കമ്പനിക്ക് മോദി സർക്കാർ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
പ്രതിമാസം 900 കോടിയോളം രൂപയാണ് പെൻഷൻ വിതരണത്തിന് വേണ്ടത്. ഇതിൽ കേന്ദ്ര വിഹിതം 18.75 കോടി രൂപമാത്രമാണ്. ഇതും കൃത്യമായി കിട്ടാറില്ല. അതിനാൽ സംസ്ഥാനം തുക മുൻകൂർ നൽകുകയും റീ-ഇമ്പേഴ്സ്മെന്റിനായി കേന്ദ്രത്തെ സമീപിക്കുകയും ചെയ്യുന്നതാണ് രീതി. ഇത്തരത്തിൽ 2021 ജനുവരി മുതൽ സംസ്ഥാനം നൽകിയ കേന്ദ്ര വിഹിതം കുടിശ്ശികയായിരുന്നു. ഇത് ലഭ്യമാക്കണമെന്ന് സംസ്ഥാനം നിരവധി തവണ ആവശ്യപ്പെട്ടതിന്റെ ഭാഗമായി 2023 ജൂൺ വരെയുള്ള കേന്ദ്ര വിഹിതമായ 602.14 കോടി രൂപ കഴിഞ്ഞ വർഷം ഒക്ടോബറിൽ മാത്രമാണ് ലഭിച്ചത്. ഇതിനുശേഷമുള്ള മാസങ്ങളിലെ തുക ലഭിച്ചിട്ടുമില്ല.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതൽ ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരിന്റെ പി എഫ് എം എസ് (പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്‌റ്റം) എന്ന നെറ്റ്‌വർക്ക് വഴി ആക്കണമെന്ന നിർദേശം വന്നു. ഇതനുസരിച്ച് കേന്ദ്ര വിഹിതം എല്ലാ മാസവും ഈ സംവിധാനംവഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. എന്നാൽ, കേന്ദ്ര സർക്കാർ വിഹിതം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. സംസ്ഥാന സർക്കാർ ഇത് മുൻകൂറായി നൽകുകയാണ്. ഇപ്പോൾ ഇത്തരത്തിൽ മുൻകൂർ നൽകുന്ന തുകയും കൃത്യമായി പെൻഷൻകാരുടെ അക്കൗണ്ടുകളിലേക്ക് നൽകാതെ മുടക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പെൻഷനിലെ ഒരു ഭാഗം ലഭിക്കാതെവരുന്ന പെൻഷൻകാരുടെ പഴി സംസ്ഥാന സർക്കാരിന് കിട്ടിക്കോട്ടേ എന്ന നിലപാടാണ് ഇക്കാര്യത്തിലും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
ഇതിൽ വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് യഥാക്രമം 200 രൂപ, 300 രൂപ, 500 രൂപ എന്നീ നിരക്കുകളിലാണ് നാമമാത്രകേന്ദ്ര സഹായമുള്ളത്. ഈ സർക്കാർ ഇതുവരെ 26,378 കോടി രൂപ ക്ഷേമ പെൻഷനായി വിതരണം ചെയ്‌തു. 2016 ലെ സർക്കാർ നൽകിയത് 35,154 കോടി രൂപ ഏഴര വർഷത്തിൽരണ്ട് എൽഡിഎഫ് സർക്കാരുകൾ നൽകിയത് 61,532 കോടി രൂപയാണ്. 2011-–16 കാലയളവിൽ യു ഡി എഫ് സർക്കാർ നൽകിയത് 9,011 കോടി രൂപ മാത്രമാണ്. കേന്ദ്ര വിഹിതം വാർദ്ധക്യകാല പെൻഷനിൽ 200 രൂപയും 80 വയസിനുമുകളിലുള്ളവർക്കുള്ള വാർദ്ധക്യകാല പെൻഷനിൽ 500 രൂപയുമാണ്. വിലാംഗ പെൻഷനിൽ 80 ശതമാനത്തിനുമുകളിൽ അംഗപരിമിതിയുള്ള 80 വയസിനു താഴെയുള്ളവർക്ക് 300 രൂപയും 80 വയസ്സിനു മുകളിലുള്ളവർക്ക് 500 രൂപയും ആണ് കേന്ദ്ര വിഹിതം. 80 ശതമാനത്തിൽ താഴെ അംഗപരിമിതിയുള്ളവർക്കു നൽകുന്ന പെൻഷനിൽ കേന്ദ്ര സഹായമില്ല.
അതുപോലെതന്നെ അംഗപരിമിതി 80 ശതമാനത്തിനുമുകളിലാണെങ്കിലും 18 വയസിൽ താഴെയാണെങ്കിൽ കേന്ദ്ര സഹായമില്ല.
ഈ സർക്കാരിന്റെ അഞ്ചുവർഷത്തിൽ നിലവിലെ നിരക്കിൽ പെൻഷൻ നൽകിയാൽതന്നെ 50,000 കോടി രൂപയെങ്കിലും വിതരണം ചെയ്യപ്പെടും. യുഡിഎഫ് സർക്കാർ കുടിശ്ശികയാക്കിയ 18 മാസത്തെ പെൻഷൻ വിതരണം ചെയ്തതും കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ്. യുഡിഎഫ് കാലത്തെ ഗുണഭോക്താക്കൾ 34 ലക്ഷം രൂപ ആയിരുന്നെങ്കിൽ ഇന്നത് 62 ലക്ഷമാണ്. ഇതിൽ 6.88 ലക്ഷം പേർക്കാണ് നാമമാത്രമായ കേന്ദ്ര സഹായം ലഭിക്കുന്നത്. യുഡിഎഫ് കാലത്തെ പ്രതിമാസ പെൻഷൻ തുക 600 രൂപയായിരുന്നെങ്കിൽ നിലവിലത് 1,600 രൂപയാണ്. ക്ഷേമ പെൻഷൻ വിതരണത്തിന് കേരളം പ്രതിവർഷം നീക്കിവയ്‌ക്കുന്ന തുക 11,000 കോടി രൂപയാണ്. അതിന്റെ രണ്ടു ശതമാനമാണ് (200 കോടിയോളം രൂപ) കേന്ദ്ര സഹായം വരുന്നത്.
57,000 കോടിയുടെ കണക്കിനെ പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്യുന്നത് കേട്ടു. ഇത് കടമെടുപ്പ് പരിധി നിയന്ത്രണത്തിനു പുറമേ ജിഎസ്ടി നഷ്ടപരിഹാരം, റവന്യു കമ്മി ഗ്രാന്റ്, ധനകാര്യ കമ്മീഷൻ നികുതി വിഹിതത്തിലെ കുറവ് തുടങ്ങിയവയിലെ കേന്ദ്ര നയങ്ങൾ മൂലം കേരളത്തിനുണ്ടായ നഷ്ടത്തിന്റെ കണക്കാണ് എന്ന് സമ്മതിക്കാൻ അദ്ദേഹത്തിന് എന്താണിത്ര മടി? അത് കേരളത്തിനവകാശപ്പെട്ട തുകയാണെന്ന വസ്തുത അംഗീകരിച്ചാൽ എന്താണദ്ദേഹത്തിന് നഷ്ടപ്പെടുക? 57,000 കോടി രൂപയെ കുറിച്ച് കേരളം ഇപ്പോൾ മിണ്ടുന്നില്ല എന്ന സങ്കടം ഏതായാലും പ്രതിപക്ഷ നേതാവിന് വേണ്ട. എല്ലാം ചേർത്ത് 2016 മുതൽ 2023 വരെ 1, 07, 513. 09 കോടി രൂപയുടെ കുറവ് സംസ്ഥാനത്തിനുണ്ടായി എന്നാണ് സുപ്രീം കോടതിയിൽ കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞത്. കേരളം സമർപ്പിച്ച സ്യൂട്ട് അദ്ദേഹം വായിക്കാൻ തയാറാകാത്തതിന്റെ പ്രശ്നമാണിത്.
അശരണർക്കും നിരാലംബർക്കും ഭിന്നശേഷിക്കാർക്കുമായാണ് സംസ്ഥാന സർക്കാർ സാമൂഹ്യ ക്ഷേമ പെൻഷനുകൾ ഉറപ്പാക്കുന്നത്. ഒരുപരോധം കൊണ്ടും നുണ പ്രചാരണം കൊണ്ടും ആ പ്രതിബദ്ധതയിൽ നിന്ന് ഒരിഞ്ച് വ്യതിചലിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സർക്കാരും തയാറല്ല. ♦