Saturday, June 22, 2024

ad

Homeമുഖപ്രസംഗംസ്വേച്ഛാധിപത്യത്തെയും 
വർഗീയതയെയും
ചെറുക്കാൻ 
ഇടതുപക്ഷം

സ്വേച്ഛാധിപത്യത്തെയും 
വർഗീയതയെയും
ചെറുക്കാൻ 
ഇടതുപക്ഷം

രു സംസ്ഥാന മുഖ്യമന്ത്രിയെ രാത്രിയുടെ മറവിൽ അറസ്റ്റു ചെയ്യുന്നത് ജനാധിപത്യത്തിന്റെ ചരിത്രത്തിലെവിടെയും കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ്. അത്തരമൊരു സംഭവത്തിനാണ് 2024ൽ ഇന്ത്യ സാക്ഷ്യം വഹിച്ചത്. ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനു പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്-രിവാളിന്റെ അറസ്റ്റ് സൂചിപ്പിക്കുന്നത് ‍ മോദി ഗവൺമെന്റ് നീങ്ങിക്കൊണ്ടിരിക്കുന്നത് നഗ്നമായ സേ-്വച്ഛാധിപത്യത്തിലേക്കാണെന്നാണ്. അടിയന്തരാവസ്ഥയുടെ കാലത്തേക്കാൾ ഭീകരമായ ഒരവസ്ഥയിലൂടെയാണ്, നമ്മുടെ നാട് ഇന്ന് നീങ്ങിക്കൊണ്ടിരിക്കുന്നത്.

അഴിമതിക്കെതിരായ പോരാട്ടമാണ് തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വീമ്പടിക്കുന്ന മോദി സർക്കാർ യഥാർഥത്തിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി വാഴ്ചയാണ് നടത്തുന്നതെന്ന് തെളിയിക്കുന്നതാണ് ഇലക്ടറൽ ബോണ്ടിനെക്കുറിച്ചു പുറത്തുവന്ന വിവരങ്ങൾ. 2024 ലെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അതാകെ മൂടിവയ്ക്കാൻ മോദിയും കൂട്ടരും നടത്തിയ പരാക്രമങ്ങളാകെ സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് പൊളിഞ്ഞപ്പോൾ ഞെട്ടിപ്പിക്കുന്ന ആ അഴിമതി രാജ്യത്ത് ചർച്ച ചെയ്യപ്പെടാതിരിക്കാനായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ ‘‘വ്യാജ വാർത്തകൾ’’ തടയാനുള്ള ‘‘ഫാക്ട് ചെക്’’ സംവിധാനത്തിനുള്ള ഏജൻസിയായി ചുമതലപ്പെടുത്തിയത് അപ്രഖ്യാപിതമായ സെൻസറിങ് നടപ്പിലാക്കലായിരുന്നു. അവിടെയും സുപ്രീം കോടതിയുടെ ഇടപെടൽ മോദി സർക്കാരിന്റെ സേ-്വച്ഛാധിപത്യവിരുദ്ധമായ ആ നീക്കത്തെ 24 മണിക്കൂറിനുള്ളിൽ തടഞ്ഞുവെന്നത് ആശ്വാസം പകരുന്നു.

പ്രതിപക്ഷമില്ലാത്ത, എതിർ ശബ്ദങ്ങൾ ഉയരാത്ത രാജ്യമായി ഇന്ത്യയെ മാറ്റുന്നതിനാണ് അധികാരമേറ്റ നാൾ മുതൽ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ നിലപാടുകളെ ചോദ്യം ചെയ്യുകയോ എതിർക്കുകയോ ചെയ്യുന്നവരെ ഉന്മൂലനം ചെയ്യലാണ് സംഘപരിവാർ നയം. ഒന്നുകിൽ അവരെ ആർഎസ്എസ്സുകാരുടെ വെടിയുണ്ടകൾക്കിരയാക്കുക അല്ലെങ്കിൽ കള്ളക്കേസുകളിൽ കുടുക്കി, ശരിയായ വിചാരണ പോലും നടത്താതെ ജയിലിലടയ്ക്കുക – ഇതാണ് മോദിവാഴ്ചയിൽ ഇന്നു നടന്നുകൊണ്ടിരിക്കുന്നത്.

കേന്ദ്ര അനേ-്വഷണ ഏജൻസികളെ ഈ ജനാധിപത്യ ഹത്യയ്ക്കുള്ള ചട്ടുകങ്ങളാക്കി അധഃപതിപ്പിച്ചിരിക്കുകയാണ് മോദി സർക്കാർ. പ്രതിപക്ഷത്തെ നേതാക്കളെയും ജനപ്രതിനിധികളെയും വലയിട്ടു വീശി തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാൻ ഒരു വശത്ത് ഇഡിയെയും സിബിഐയെയും പോലെയുള്ള ഏജൻസികളെ ഇറക്കും. ഇല്ലെങ്കിൽ കോടികൾ ഇറക്കി ജനപ്രതിനിധികളെ വിലയ്ക്കെടുക്കും. അങ്ങനെ ജനപ്രതിനിധികളെ വിലയ്ക്കെടുക്കാനുള്ള പണം സമാഹരിക്കാനുള്ള ഉപകരണമായും ഇഡിയെപ്പോലെയുള്ള കേന്ദ്ര ഏജൻസികളെ ഇറക്കി വിടുകയാണെന്നാണ് ഇലക്ടറൽ ബോണ്ട് കേസിലൂടെ ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ബിജെപിക്കായി ഗുണ്ടാപ്പിരിവ് നടത്താനുള്ള ക്രിമിനൽ സംഘമായി ഇഡിയെ അധഃപതിപ്പിച്ചിരിക്കുകയാണ് ബിജെപി.

രാമക്ഷേത്രത്തിന്റെയും വിശ്വാസത്തിന്റെയും തണലിൽ അധികാരം നിലനിർത്താനും ആ അധികാരമുപയോഗിച്ച് ജനങ്ങളെ കൊള്ളയടിച്ച് തടിച്ചു കൊഴുക്കാൻ ശിങ്കിടികളായ കോർപ്പറേറ്റുകൾക്ക് വഴിയൊരുക്കുന്നതിനുമുള്ള നീക്കം ജനങ്ങളെ അത്രയൊന്നും ആകർഷിക്കുന്നില്ലെന്ന് കണ്ട മോദി ഗവൺമെന്റിന്റെ അറ്റകെെ പ്രയോഗമായാണ് പൗരത്വ നിയമം നടപ്പാക്കാനുള്ള ചട്ടങ്ങൾ തിരക്കിട്ട് കൊണ്ടുവന്നത്. അങ്ങനെ രാജ്യത്തെ മതാടിസ്ഥാനത്തിൽ ചേരിതിരിക്കുക മാത്രമല്ല, മതന്യൂനപക്ഷങ്ങൾക്കിടമില്ലാത്ത രാജ്യമാക്കി മാറ്റുന്നതിനുള്ള നീക്കത്തിനും തുടക്കം കുറിച്ചിരിക്കുകയാണ് മോദി സർക്കാർ.

വർഗീയ–കോർപ്പറേറ്റ് അവിശുദ്ധ സഖ്യത്തിന് അധികാരത്തിൽ തുടരാൻ നഗ്നമായ സേ-്വച്ഛാധിപത്യത്തിലേക്കാണ് മോദിയും കൂട്ടരും രാജ്യത്തെ എത്തിച്ചുകൊണ്ടിരിക്കുന്നത്. തൽക്കാലം അത്തരം ചില നീക്കങ്ങൾക്ക് സുപ്രീംകോടതിയിൽനിന്നുള്ള ഇടപെടലുകൾ ആശ്വാസം നൽകുന്നുണ്ടെങ്കിലും അതുതന്നെ എത്ര കാലം തുടരുമെന്ന കാര്യത്തിൽ ഉറപ്പില്ല. ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പല നിയമങ്ങൾക്കും നടപടികൾക്കും ഉന്നത നീതിപീഠംതന്നെ അംഗീകാരം നൽകുന്നതും അതിനെല്ലാം തുല്യം ചാർത്തിയ ചില ന്യായാധിപന്മാർ ഭരണാധികാരികളുടെ സൗജന്യങ്ങൾ പറ്റി പിൽക്കാല ജീവിതം ആസ്വദിക്കുന്നതും സമീപകാല അനുഭവമാണ്.

ജനങ്ങളുടെ ഐക്യത്തിലൂടെയും മുന്നേറ്റങ്ങളിലൂടെയും മാത്രമേ ഈ സേ-്വച്ഛാധിപത്യവാഴ്ചയ്ക്ക് അറുതി വരുത്താനാകൂ. അതിന്റെ ഭാഗമായാണ് ഡൽഹിയിൽ മാർച്ച് 31ന് നടക്കുന്ന ഇന്ത്യാ കൂട്ടായ്മയുടെ മഹാറാലിയെ കാണേണ്ടത്. മോദി വാഴ്ചയ്ക്കെതിരെ ഉയർന്നുവരുന്ന ജനവികാരം പ്രതിഫലിപ്പിക്കുന്നതാകും ആ റാലി. ഇതെഴുതുമ്പോൾ അതിനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ചെറുതും വലുതുമായി ഉയർന്നുവരുന്ന അത്തരം പ്രതിഷേധങ്ങളെ തല്ലിക്കെടുത്താനും ചോരയിൽ മുക്കിക്കൊല്ലാനുമുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും നാം കാണണം.

ജനവിരുദ്ധമായ സംഘപരിവാർ –കോർപ്പറേറ്റ് ഭീകരവാഴ്-ചയെ അധികാരത്തിൽനിന്ന് തുടച്ചുനീക്കാനുള്ള ജനവിധി ഉറപ്പാക്കേണ്ട അവസരമാണ് 2024ലെ തിരഞ്ഞെടുപ്പ്. എന്നാൽ വ്യക്തതയോടു കൂടിയതും ഉറപ്പുള്ളതുമായ ബദൽ നയങ്ങൾ മുന്നോട്ടുവച്ച് മാത്രമേ ഈ വെല്ലുവിളിയെ ഫലപ്രദമായി നേരിടാനാകൂ. ബിജെപി മുന്നോട്ടുവയ്ക്കുന്ന ജനവിരുദ്ധ നയങ്ങളെയെല്ലാം ചെറുക്കാൻ വേണ്ട ശക്തമായ ബദൽ നയങ്ങൾ എക്കാലത്തും ചാഞ്ചാട്ടമില്ലാതെ ഉയർത്തുന്നത് ഇടതുപക്ഷം മാത്രമാണ്. ആ നയങ്ങൾക്കായി പൊരുതുന്നതും ഇടതുപക്ഷമാണ്. അതുകൊണ്ടുതന്നെ ബിജെപിയെ അധികാരത്തിൽ നിന്നു പുറത്താക്കുന്നതിനൊപ്പം പ്രധാനമാണ് ലോക്-സഭയിലെ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ പരമാവധി വർധിപ്പിക്കുക എന്നതും.

2004ൽ ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റി നിർത്തുന്നതിന് ശക്തമായ നിലപാടെടുക്കുകയും മതനിരപേക്ഷ ജനാധിപത്യശക്തികളെയാകെ സമാഹരിച്ച് ഒന്നാം യുപിഎക്ക് രൂപം നൽകുന്നതിൽ നിർണായകമായ പങ്കുവഹിക്കുകയും ചെയ്തത്. ഇടതുപക്ഷമാണ്. അതിനു സഹായകമായത് ഇടതുപക്ഷത്തിന് അന്നുണ്ടായിരുന്ന മെച്ചപ്പെട്ട അംഗബലമാണ്. പൊതുമിനിമം പരിപാടിക്ക് രൂപം നൽകാൻ നിർണായകമായ പങ്കുവഹിച്ചതും ഇടതുപക്ഷമാണ്.

ഇന്ത്യയുടെ പരിച്ഛേദമായി കാണാവുന്ന ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ഇടതുപക്ഷ വിജയത്തെ ശരിയായ ദിശയിലേക്കുള്ള ചൂണ്ടുപലകയായി കാണാവുന്നതാണ്. ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തിലും പൗരത്വ നിയമം നടപ്പാക്കുന്നതിനെതിരായ നിലപാടിലും ഉറച്ച സമീപനം സ്വീകരിക്കുന്ന ഇടതുപക്ഷ നയത്തിന്റെ വിജയമാണത്. അത്തരം കാര്യങ്ങളിൽ കോൺഗ്രസിന് ഉറച്ച നിലപാടില്ല എന്നു മാത്രമല്ല, കോൺഗ്രസിൽനിന്നു ബിജെപിയിലേക്കുള്ള കൂട്ട കൂറുമാറ്റങ്ങളും മതനിരപേക്ഷ ജനാധിപത്യ ചേരിയെ പ്രതിസന്ധിയിലാക്കുമെന്നും കാണേണ്ടതാണ്.
അതുകൊണ്ട് രാജ്യം നേരിടുന്ന സേ-്വച്ഛാധിപത്യത്തിന്റെയും വർഗീയതയുടെയും കോർപ്പറേറ്റ് വാഴ്-ചയുടെയും മഹാവിപത്തിനെ തടയുന്നതിന് ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുന്നതിനും ബദൽ ഭരണം ഉറപ്പാക്കുന്നതിനും ലോക്-സഭയിൽ ഇടതുപക്ഷത്തിന്റെ അംഗബലം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + 13 =

Most Popular