Monday, November 25, 2024

ad

Homeകവര്‍സ്റ്റോറിഅഴിമതിയിൽ 
കാലിടറുന്ന 
നരേന്ദ്രമോദി

അഴിമതിയിൽ 
കാലിടറുന്ന 
നരേന്ദ്രമോദി

എം എ ബേബി

18–ാം ലോക്-സഭാ തിരഞ്ഞെടുപ്പ് 2024 ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ നടക്കുകയാണ്. 7 ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിനെത്തുടർന്ന് ഫലപ്രഖ്യാപനം ജൂൺ 4ന് ആണ് ഉണ്ടാവുക. 543 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 96 കോടി എൺപതുലക്ഷം വോട്ടർമാരുണ്ട്. 2019ലെ തിരഞ്ഞെടുപ്പിനേക്കാൾ 15 കോടി വോട്ടർമാർ കൂടുതൽ.

6 ദേശീയ പാർട്ടികളും ഒട്ടേറെ പ്രദേശിക പാർട്ടികളുമാണ് മുഖ്യമായി മത്സരരംഗത്തുള്ളത്. ബിജെപി, കോൺഗ്രസ്, സിപിഐ എം, ബഹുജൻ സമാജ് പാർട്ടി, നാഷണൽ പീപ്പിൾസ് പാർട്ടി, ആം ആദ്മി പാർട്ടി എന്നിവയാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ മാർഗ്ഗരേഖകൾ പ്രകാരം ഇപ്പോൾ ദേശീയ പാർട്ടികളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

മൂന്നാം തവണയും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് കേന്ദ്ര ഭരണത്തിലെത്തിയാൽ ഇന്ത്യയുടെ മതേതര – ജനാധിപത്യ ഭരണഘടന പൂർണമായി അട്ടിമറിക്കപ്പെടുമെന്ന ഭീഷണിയുടെ നിഴലിലാണ് 2024ലെ 18–ാം ലോക്-സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സാർവത്രികമായ വിമർശനം നേരിട്ടതും ഒറ്റനോട്ടത്തിൽ ഭരണഘടനാവിരുദ്ധമെന്ന് ബോദ്ധ്യപ്പെട്ടതുമായ പൗരത്വ നിയമഭേദഗതി (സിഎഎ) മോദി വാഴ്ചയുടെ ആപൽക്കരമായ സേ-്വച്ഛാധിപത്യ നീക്കത്തിന്റെ ഏറ്റവും വ്യക്തമായ ദൃഷ്ടാന്തമാണ്. നിയമത്തിനുമുന്നിൽ തുല്യത എന്ന അടിസ്ഥാന ഭരണഘടനാ തത്വമാണ് പൗരത്വ നിയമഭേദഗതി വഴി ലംഘിക്കപ്പെടുന്നത്. ചില മതങ്ങളിൽപെട്ട അഭയാർഥികൾക്ക് സർക്കാർ ഇന്ത്യൻ പൗരത്വം നൽകുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിങ്ങൾക്ക് പൗരത്വം നിഷേധിക്കുന്നു. മതം,പൗരത്വ നിർണ്ണയത്തിന് ഇതുവരെ ഇന്ത്യൻ ഭരണഘടന പ്രകാരം മാനദണ്ഡമല്ല. എന്നാൽ സിഎഎ പ്രകാരം മതം ഇന്ത്യൻ പൗരത്വത്തിന് മാനദണ്ഡമാകുന്നു. ഇതിനെതിരെ 2019 മുതൽ ഉയർന്നുവന്ന ശക്തമായ പ്രതിഷേധ സമരം കോവിഡിന്റെ വ്യാപനത്തോടെയാണ് താൽക്കാലികമായി നിർത്തിവെക്കപ്പെട്ടത്. എന്തായാലും കോവിഡ് ശമിച്ചതിനുശേഷം സിഎഎ വിരുദ്ധ സമരം പുനരാരംഭിച്ചില്ല. കാരണം അത് നടപ്പാക്കാനുള്ള നീക്കങ്ങളോ, അതിനുവേണ്ട ചട്ടങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിക്കലോ ഉണ്ടാകാതിരുന്നതാണ്. 18–ാം ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം നടക്കാനിരിക്കേ, പെട്ടെന്ന് അമിത് ഷാ സിഎഎ നടപ്പാക്കാനുള്ള ചട്ടങ്ങൾ തയ്യാറാക്കി, ന്യൂനപക്ഷങ്ങളിൽ അരക്ഷിതബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, നടപ്പാക്കൽ പ്രഖ്യാപനവുമായി രംഗത്തെത്തി. ‘അപരത്വ’ സൃഷ്ടിയിലൂടെ ‘ഭൂരിപക്ഷ മതാധിപത്യ’ പദ്ധതി അവതരിപ്പിച്ച് വർഗീയ കാർഡിറക്കുക എന്ന വിഷലിപ്തമായ പദ്ധതിയാണിത്. ‘രാമക്ഷേത്ര’ത്തിന്റെ ‘പ്രാണ പ്രതിഷ്ഠ’ എന്ന വർഗീയ കാർഡ് ഇറക്കിയതുകൊണ്ട് വേണ്ടത്ര രാഷ്ട്രീയ ലാഭം ഉണ്ടാകുമെന്ന് ഉറപ്പില്ലാത്തതിനാലാണ് ഈ തീക്കളിക്ക് മോദി തയ്യാറാകുന്നത് എന്നതിൽ യാതൊരു സംശയവും വേണ്ട.

ഇതിനിടയിലാണ് ‘മോ ഫോഴ്സ്’ എന്നു വിശേഷിക്കാവുന്ന ‘ഇലക്ടറൽ ബോണ്ട്’ തട്ടിപ്പ് സംബന്ധിച്ച് സുപ്രീംകോടതി വിധി വന്നത്. രാഷ്ട്രീയപ്പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഒരുപാട് കള്ളപ്പണം കടന്നുവരുന്നു എന്ന് പറഞ്ഞുകൊണ്ട്, അതിനെല്ലാം പൂർണ്ണ വിരാമമിടാൻ കഴിയുന്ന പദ്ധതി എന്ന വിശേഷണത്തോടെയാണ് 2017ലെ ബജറ്റിൽ അന്നത്തെ ധനകാര്യമന്ത്രി അരുൺ ജെയ്റ്റിലി ഇത് പ്രഖ്യാപിച്ചത്. അന്നുതന്നെ അത് നഗ്നമായ അഴിമതിക്ക് നിയമപരിരക്ഷ നൽകുന്ന തട്ടിപ്പാണ് എന്നു വിമർശിച്ച സിപിഐ എം അതിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയിലെത്തി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ഇലക്ടറൽ ബോണ്ടിനെതിരെ ശക്തമായ നിയമപോരാട്ടത്തിന് തയ്യാറായി. സുപ്രീംകോടതി വളരെ വെെകി മാത്രമേ കേസ് വിചാരണക്ക് എടുത്തുള്ളൂവെങ്കിലും, കേന്ദ്ര ഗവൺമെന്റിന്റെ വിശദീകരണവും മറുഭാഗത്തിന്റെ എതിർപ്പിനോടനുബന്ധിച്ച വാദവും കേട്ട ശേഷം നൽകിയ വിധി നിർണ്ണായകമായിരുന്നു. ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമാണെന്നും അത് റദ്ദാക്കുന്നു എന്നും സുപ്രീകോടതി വിധിച്ചു. മാർച്ച് 6നകം ഇലക്ടറൽ ബോണ്ടു സംബന്ധിച്ച എല്ലാ വിവരങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിക്കണമെന്നും വിധിച്ചു. തിരഞ്ഞെടുപ്പു കമ്മീഷനാവട്ടെ ആ വിവരങ്ങളെല്ലാം അതിന്റെ വെബ്സെറ്റിലൂടെ പരസ്യപ്പെടുത്തണമെന്നു നിർദ്ദേശിച്ചു.

കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യഥാർഥത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാനാണ് ആദ്യം ശ്രമിച്ചത്. വിവരങ്ങൾ ശേഖരിച്ച് സമർപ്പിക്കുവാൻ ജൂൺ മാസം വരെ സമയം വേണമെന്നാണ് ആദ്യം പറഞ്ഞത്. സുപ്രീംകോടതി ആ വാദം തള്ളിക്കളഞ്ഞപ്പോൾ ആദ്യം പറഞ്ഞത് വിഴുങ്ങാനും ഇലക്ടറൽ ബോണ്ടുകൾ വഴി ആകെ വിതരണം ചെയ്ത പണവും ഓരോ പാർട്ടിക്കും കിട്ടിയ തുകയും വെളിപ്പെടുത്താനും നിർബന്ധിതമായി. എന്നാൽ ഓരോ കമ്പനിയും ബോണ്ടു വഴി ആർക്കൊക്കെ പണം നൽകി എന്ന വിശദാംശങ്ങൾ കെെമാറിയില്ല. അക്കാര്യത്തിലും സുപ്രീംകോടതി ഉറച്ച ശബ്ദത്തിൽ കേന്ദ്ര സർക്കാർ വക ബാങ്കിനെ ശകാരിച്ചപ്പോഴാണ് ആ വിശദാംശങ്ങളും സമർപ്പിക്കാൻ എസ്-ബിഐ മുതിർന്നത്.

ലോക്-സഭാ തിരഞ്ഞെടുപ്പു കഴിയുംവരെയെങ്കിലും ഇതിന്റെ വിശദാംശങ്ങൾ വോട്ടർമാരിൽ നിന്നു മറച്ചുവയ്ക്കാൻ കേന്ദ്ര സർക്കാർ താൽപ്പര്യപ്പെട്ടിരുന്നു എന്നാണ് ഇതിൽനിന്നും വ്യക്തമാകുന്നത്. മോദിക്കും അമിത് ഷായ്ക്കും മറച്ചുവയ്ക്കാൻ ഏറെയുണ്ട് എന്നും വ്യക്തമാണ്.

ജൂൺ മാസം വരെ സമയം വേണം വിവരങ്ങൾ എല്ലാം ഒത്തുനോക്കി സമർപ്പിക്കാൻ എന്ന് കേന്ദ്ര സർക്കാർ ബാങ്ക് ആദ്യം പറഞ്ഞത് മോദി, അമിത് ഷാ, നിർമലാ സീതാരാമൻ, മോഹൻ ഭഗവത് (ആർഎസ്-എസ് തലവൻ) എന്നിവരുമായി കൂടിയാലോചിട്ടാവും എന്ന് ഊഹിക്കാവുന്നതാണ്. എന്നാൽ സുപ്രീംകോടതി സ്വരം കടുപ്പിച്ചപ്പോൾ മാർച്ച് മാസം തന്നെ എല്ലാ വിവരങ്ങളും നൽകിയല്ലോ എന്ന് എസ്ബിഐ. അപ്പോൾ സുപ്രീംകോടതിക്കു മുന്നിൽ എസ്-ബിഐ കള്ളം പറയുകയായിരുന്നില്ലേ? ധനകാര്യമന്ത്രി, നിയമമന്ത്രി, ആഭ്യന്തരമന്ത്രി, പ്രധാനമന്ത്രി എന്നിവർ ചർച്ച ചെയ്യാതെ ഒരു നിലപാട് കേന്ദ്ര സർക്കാർ സുപ്രീംകോടതിക്കുമുന്നിൽ അവതരിപ്പിക്കുകയില്ല എന്ന് ആർക്കാണ് അറിയാത്തത്? എന്താണപ്പോൾ ഇതിന്റെ അർഥം? നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ബിജെപി സർക്കാർ സുപ്രീംകോടതിക്കുമുന്നിൽ കള്ളം പറഞ്ഞു എന്നു തന്നെ. മറച്ചുപിടിക്കാൻ കൊടിയ കള്ളത്തരങ്ങളും തട്ടിപ്പുകളും ഉണ്ടായിരുന്നതിനാലാണ് ഇങ്ങനെ സുപ്രീംകോടതിക്കുമുന്നിൽ കേന്ദ്ര സർക്കാർ കള്ളം പറഞ്ഞത് എന്നും കൂട്ടത്തിൽ നാം ഓർക്കേണ്ടതുണ്ട്.

മേഘാ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 1,400 കോടി രൂപയുടെ ബോണ്ട് ബിജെപിക്ക് നൽകി. ഇതാ വരുന്നു, 14,500 കോടി രൂപയുടെ താനെ–ബോറിവല്ലി ടണൽ പ്രൊജക്ട്! പദ്ധതിയുടെ 10% കോഴ!
400ൽ അധികം ലോക‍്സഭാംഗങ്ങളോടെ 1984ൽ തിരഞ്ഞെടുപ്പ് ജയിച്ച രാജീവ് ഗാന്ധി തൊട്ടടുത്തു നടന്ന ലോക്-സഭാ തിരഞ്ഞെടുപ്പിൽ (1989) ദയനീയമായി തോറ്റത് ‘ബോഫോഴ്സ്’ അഴിമതിമൂലമായിരുന്നു. മോദിയുടെ ബോഫോഴ്സായ ഇലക്ടറൽ ബോണ്ട് തട്ടിപ്പ് എത്ര ശക്തമായി 2024ലെ 18–ാം ലോക്-സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് ഇപ്പോൾ നിരീക്ഷകർ ഉറ്റു നോക്കുന്നത്. 1989ൽ കോൺഗ്രസ്സിന്റെയും രാജീവ് ഗാന്ധിയുടെയും ദയനീയമായ തോൽവിക്ക് ബോഫോഴ്സ് കോഴ വഴിവച്ചതുപോലെ ഇലക്ടറൽ ബോണ്ട് എന്ന ‘മോ ഫോഴ്സ്’ ഇത്തവണ നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും തകർച്ചക്ക് വഴിവെക്കുമെന്നു തന്നെ വേണം പ്രതീക്ഷിക്കാൻ. കാരണം ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം ഇലക്ടറൽ ബോണ്ടിന്റെ 50%ൽ അധികം ബിജെപിക്കു തന്നെ ലഭിച്ചു. കോൺഗ്രസ് ഉൾപ്പെടെ മറ്റു പ്രാദേശിക ഭരണ പാർട്ടികൾക്ക് എല്ലാം കൂടിയാണ് ബാക്കി 50%ൽ താഴെ വരുന്ന തുക ലഭിച്ചത്.

രാഹുൽഗാന്ധിയുടെ സഹോദരി പ്രിയങ്കാഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയുടെ ഭൂമി ഇടപാടുമായി ബന്ധമുള്ള ഡിഎൽഎഫ് 170 കോടി രൂപ ഇലക്ടറൽ ബോണ്ടിലൂടെ ബിജെപിക്കു നൽകിയതുപോലുള്ള അഴിമതി സെറ്റിൽമെന്റ് കോഴയും ബിജെപി കെെപ്പറ്റി എന്ന് വ്യക്തമായിട്ടുണ്ട്. രാജീവ് ഗാന്ധിയെ താഴെ ഇറക്കിയ ബോഫോഴ്സ് കോഴ 60 കോടി രൂപയായിരുന്നെങ്കിൽ മോ ഫോഴ്സ് എന്ന ഇലക്ടറൽ ബോണ്ട് 283 ബോഫോഴ്സുകൾ ചേന്നതാണ് എന്നതാണ് പ്രധാനം.

എന്നാൽ ഇവിടെയുള്ള ഒരു പ്രശ്നം ബിജെപി എന്ന ഭരണപാർട്ടി അതിഭീമമായ അഴിമതി ഇലക്ടറൽ ബോണ്ടിലൂടെ നടത്തുമ്പോൾ സ്വയം ന്യായീകരിക്കുന്നതിനുള്ള ഒരു പഴുത് ഇടുകയുണ്ടായി. കോൺഗ്രസും പ്രാദേശിക ഭരണപാർട്ടികളും കൂടി ചെറിയ തോതിലെങ്കിലും ഈ അഴിമതി പദ്ധതിയിൽ പങ്കാളികളാകുംവിധമാണ് ഇത് സംവിധാനം ചെയ്തത്. 50% കോഴ ബിജെപി കെെവശപ്പെടുത്തിയപ്പോൾ കോൺഗ്രസ്സിനും 1,900 കോടിയോളം രൂപ ലഭിച്ചു (23 ബോഫോഴ്സുകൾ!)

ഇവിടെ വളരെ കൃത്യമായി ഒരു വർഗ്ഗ രാഷ്ട്രീയ സത്യം വെളിപ്പെടുന്നുണ്ട്. സിപിഐ എമ്മും ഇടതുപക്ഷ പാർട്ടികളുമാണ് ഈ അതിഭീമമായ കോഴക്കേസിൽ ഉൾപ്പെടാത്തത‍്. ഇലക്ടറൽ ബോണ്ടിനെതിരെ സുപ്രീംകോടതിയിൽ ‘അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസി’ നൊപ്പം സജീവമായി നിയമയുദ്ധം നടത്തിയതും സിപിഐ എമ്മാണ്. ആദ്യം മുതൽ ഇലക്ടറൽ ബോണ്ടുവഴിയുള്ള അഴിമതിപ്പണം ഒരു രൂപ പോലും തൊടില്ല എന്നു പ്രഖ്യാപിച്ചതും അതു പാലിച്ചതും സിപിഐ എമ്മാണ്.

‘എല്ലാ രാഷ്ട്രീയപ്പാർട്ടികളും കണക്കാണ്’ എന്ന മനോരോഗപ്പത്രത്തിന്റേയും സമാനമനസ്-കരുടെയും പ്രചാരണം സത്യവിരുദ്ധമാണെന്നതിന്റെ ഉദാഹരണവുമാണ് ഇത്.

ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് ബിജെപിയും നരേന്ദ്ര മോദിയും സുപ്രീംകോടതിക്കുമുന്നിലും അതുവഴി ഇന്ത്യൻ ജനങ്ങൾക്കുമുന്നിലും തുറന്നു കാട്ടപ്പെട്ടപ്പോൾ ആർഎസ്എസിന്റെ ക്രിമിനൽ ബുദ്ധിയിൽ രൂപംകൊണ്ട മറുതന്ത്രമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്-രിവാളിന്റെ അറസ്റ്റ്. ഇലക്ടറൽ ബോണ്ട് ചർച്ചയിൽനിന്ന് ജനശ്രദ്ധ തിരിക്കാനും, തങ്ങളെ എതിർക്കുന്നവരെ അടിച്ചു തകർക്കുമെന്ന ഭീഷണിയും ഭീതിയും പരത്താനും പ്രയോജനപ്പെടുംവിധമാണ് ഇത് മോദി സർക്കാർ ആസൂത്രണം ചെയ്തത്. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാനാവൂ.

ആദ്യമായി, ഡൽഹി മദ്യനയക്കേസിന്റെ രത്നച്ചുരുക്കം നോക്കാം. അതിന്റെ പേരിലാണല്ലോ പ്രിവൻഷൻ ഓഫ് മണി ലോൺടെറിങ് നിയമപ്രകാരം (PMLA) കഠിനമായ ചട്ടങ്ങളുള്ള കേസ് ചാർജ്ജു ചെയ്തിരിക്കുന്നത്.

മദ്യക്കച്ചവടരംഗത്ത് സ്വകാര്യവൽക്കരണനയം 2021 നവംബറിലാണ് ഡൽഹി ആം ആദ്മി പാർട്ടി സർക്കാർ പ്രഖ്യാപിച്ചത്. പൊതുമേഖല മത്സരിച്ച് വിറ്റുതുലയ്ക്കുന്ന ബിജെപിക്കും കോൺഗ്രസ്സിനും ഈ പുതിയ മാറ്റത്തിൽ യഥാർത്ഥത്തിൽ എതിർപ്പുണ്ടാകേണ്ട കാര്യമില്ല. എന്നാൽ ആം ആദ്മി പാർട്ടിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായ തകർക്കുവാൻ ഉദ്ദേശിച്ച് ബിജെപിയും, കോൺഗ്രസ്സും അഴിമതി ആരോപണവുമായി രംഗത്തുവന്നു. 2022 ജൂലെെയിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർ ഇത് സിബിഐ അനേ-്വഷണത്തിന് വിട്ടുകൊണ്ട് ഉത്തരവായി. ഇതിനിടെ കേജ്-രിവാൾ സർക്കാർ മദ്യനയം മാറ്റം റദ്ദാക്കുകയും പഴയ നയം പുനഃസ്ഥാപിക്കുകയും ചെയ്തു.

ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം അഴിമതി നിരോധനവകുപ്പു പ്രകാരമല്ല, മറിച്ച് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരമാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ 8 മാസമായി ഇതേ കേസ്സിൽ ജയിലിൽ കിടക്കുന്നത്. അതുപോലെ മുഖ്യ പ്രതിപക്ഷനേതാവ് കൂടിയായ അരവിന്ദ് കേജ്-രിവാളിനേയും ദീർഘകാലം ജയിലിലടച്ചു പീഡിപ്പിക്കാനുള്ള ക്രിമിനൽ പദ്ധതിയാണ് മോദിയും അമിത്ഷായും ആർഎസ്-എസ്സും ചേർന്ന് തയ്യാറാക്കിയിരിക്കുന്നത്.

8 മാസങ്ങൾക്കുമുമ്പ് ഉപമുഖ്യമന്ത്രി മനോജ് സിസോദിയയെ അറസ്റ്റ് ചെയ്യുമ്പോൾ എന്തുകൊണ്ട് കേജ്-രിവാളിനെ കൂടി അറസ്റ്റു ചെയ്യുന്നില്ല എന്നായിരുന്നു കോൺഗ്രസ് നേതൃത്വം ചോദിച്ചത് എന്ന കാര്യം രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും കെ സുധാകരനും വി ഡി സതീശനും ഇപ്പോഴും ഓർക്കുന്നുണ്ടോ? എത്രമാത്രം രാഷ്ട്രീയ അപക്വതയാണ് ഇന്നത്തെ കോൺഗ്രസ് നേതൃത്വത്തെ ഡൽഹിയിലും കേരളത്തിലും പ്രതിസന്ധിയിലാഴ്-ത്തുന്നത് എന്ന കാര്യം വളരെ ഗൗരവമുള്ള പ്രശ്നമാണ്. പ്രതിസന്ധി നേരിടുന്ന ബിജെപിക്കും നരേന്ദ്രമോദിക്കുമുള്ള ആശ്വാസവും ആശ്രയവുമായി കോൺഗ്രസ്സ് അധഃപതിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിക്ക് ഹാനികരമാണ്.

ഇവിടെ ശ്രദ്ധേയമായ കാര്യം പണാധിപത്യത്തെയും അഴിമതിയെയും ജനാധിപത്യധ്വംസനത്തെയും ജനവിരുദ്ധ സാമ്പത്തികനയങ്ങളെയും തത്ത്വാധിഷ്ഠിത നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് എതിർക്കുന്നതും തുറന്നു കാട്ടുന്നതും സിപിഐ എം, ഇടതുപക്ഷ ജനാധിപത്യശക്തികൾ എന്നിവയാണ്. അർദ്ധഫാസിസ്റ്റ് സംഘടനയായ ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരണം ഇന്ത്യൻ ഭരണഘടനയിലെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ തകർത്ത് ഇന്ത്യയെ ഒരു വർഗീയ–മതാധിഷ്ഠിത–സർവാധിപത്യ രാഷ്ട്രമാക്കാൻ –മനുസ്-മൃതിയിലും ബ്രാഹ്മണാധിപത്യത്തിലും ഉറപ്പിച്ച നാടുവാഴി–ഫ്യൂഡൽ വാഴ്ചക്കു സമാനമായ അവസ്ഥ പുതിയ രൂപത്തിൽ പുനഃസ്ഥാപിക്കാനാണ് ഉദ്യമിക്കുന്നത്. കോൺഗ്രസ്സിന് ഇതിനെ ശക്തിയുക്തം എതിർക്കാൻ സംഘടനാപരമായും രാഷ്ട്രീയമായും കടുത്ത പരിമിതികൾ ഉണ്ട്. അതിന്റെ പ്രധാന നേതാക്കൾ ബിജെപിക്ക് സാന്നിധ്യമുള്ള പ്രദേശങ്ങളിൽ അവരെ പൊരുതി തോൽപ്പിക്കുവാൻ സഹായകരമായ വിധത്തിൽ കോൺഗ്രസ്സ് സ്വാധീനശക്തിയെ ഉണർത്തി അണിനിരത്താൻ ശ്രമിക്കുന്നില്ല. ഉദാഹരണത്തിന് കർണാടകം. രാഹുലിന്റെ അച്ഛന്റെ അമ്മ ഇന്ദിരാഗാന്ധി 1977ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുശേഷം അവിടെ ചിക്കമംഗലൂരിൽ നിന്നാണല്ലോ മത്സരിച്ചു ജയിച്ചത്. ഇപ്പോൾ ബിജെപിയെ തോൽപ്പിച്ച് കോൺഗ്രസ്സ് സംസ്ഥാന ഭരണം നേടിയ അവിടെ, ഇപ്പോഴും കടുത്ത മത്സരം നടത്തിയാൽ ലോക്-സഭാ സീറ്റുകളിൽ ബിജെപിയെ തോൽപ്പിച്ച് കോൺഗ്രസ്സിന് മികച്ച വിജയം കെെവരിക്കാവുന്ന സംസ്ഥാനമാണ്. അതിനു നേരിട്ടു നേതൃത്വം നൽകാൻ, അതല്ലെങ്കിൽ അത്തരമൊരു മത്സരത്തിൽ ബിജെപിയെ നേർക്കുനേരെ പൊരുതി തോൽപ്പിക്കാൻ എന്തുകൊണ്ട് മുഖ്യകോൺഗ്രസ്സ് നേതാക്കൾ –രാഹുൽ ഉൾപ്പെടെ– തയ്യാറാവുന്നില്ല?

ഇവിടെയാണ്, ബിജെപിയെയും കൂട്ടുകെട്ടിനെയും തോൽപ്പിക്കുന്നതിൽ കോൺഗ്രസ്സ് സംഘടനാപരമായി സ്വന്തം ഗൃഹപാഠം ചെയ്യുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നത്.

രണ്ടാമത്, അഴിമതിയുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസ്സും ഇരട്ടകളെപ്പോലെയാണ് കാണപ്പെടുന്നത് എന്ന പ്രശ്നമുണ്ട്. വർഗീയതയുടെ കാര്യത്തിൽ ആർഎസ്-എസ് എന്ന ഫാസിസ്റ്റ് സംഘടനയുടെ നിയന്ത്രണത്തിലുള്ള വംശീയ വിദേ-്വഷവും വർഗീയതയുമാണ് ബിജെപിക്കെങ്കിൽ കോൺഗ്രസ്സിനെ അതുമായി താരതമ്യപ്പെടുത്താനാവില്ല. പക്ഷേ തീവ്ര വർഗീയതയെ മൃദുവർഗീയത കൊണ്ടു നേരിടാം എന്ന പമ്പര വിഡ്ഢിത്തമാണ് കോൺഗ്രസ്സിന്റേത്. മൂന്നാമത്, ജനജീവിതത്തെ ദുസ്സഹമാക്കുന്ന സാമ്പത്തികനയങ്ങളുടെ കാര്യമെടുത്താൽ അവർ തമ്മിൽ വലിയ വ്യത്യാസമില്ല. വലിയ നയപ്പൊരുത്തമുണ്ടു താനും. ബിജെപി ഇന്ന് നടത്തുന്ന ജനാധിപത്യ ധ്വംസനവും ഭരണഘടനാ ലംഘനങ്ങളും ആദ്യം നടപ്പാക്കിയത് ഇന്ദിരാകോൺഗ്രസ്സിന്റെ ‘അടിയന്തരാവസ്ഥ’ക്കാലത്താണ്. ഇതെല്ലാം നിമിത്തമാണ് കോൺഗ്രസ്സുകാർ ഏതു നിമിഷവും ബിജെപിയിലേക്കും, തിരിച്ചും (അപൂർവം ചിലപ്പോൾ) കാലുമാറുന്നതിന് അവർക്കും അൽപ്പംപോലും മനഃപ്രയാസമില്ലാത്തത്.

ഇക്കാരണങ്ങളാലെല്ലാം കേരളത്തിൽ എൽഡിഎഫിനെ വിജയിപ്പിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ജനകീയ പാതയിലൂടെയുള്ള മുന്നേറ്റത്തിന് അനുപേക്ഷണീയമാണ്. ഇടതുപക്ഷം മാത്രമാണ് യഥാർഥത്തിൽ ബദൽനയങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − eleven =

Most Popular