Friday, May 3, 2024

ad

Homeകവര്‍സ്റ്റോറിബിജെപിക്കായി ഇലക്ടറൽ ബോണ്ട് ശേഖരിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ

ബിജെപിക്കായി ഇലക്ടറൽ ബോണ്ട് ശേഖരിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ

അഡ്വ.കെ.എസ് അരുൺകുമാർ

രു സംസ്ഥാന മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പു കാലത്ത് കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റുചെയ്ത് ജയിലിൽ അടയ്ക്കുന്നത് നാം മുൻപ് നമ്മുടെ രാജ്യത്ത് കണ്ടിട്ടില്ല. 2024 മാർച്ച് 21 ന് വൈകിട്ടാണ് എൻഫോഴ്സ്-മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി ) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വീട്ടിൽ ചോദ്യം ചെയ്യാനെന്ന രൂപത്തിൽ എത്തി അറസ്റ്റുചെയ്തത്. ഡൽഹിയിൽ 2021 -ൽ നടപ്പാക്കിയ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപിച്ചായിരുന്നു കേജ്രിവാളിന്റെ അറസ്റ്റ്. ഒരു രൂപ പോലും അഴിമതി പണമായി കണ്ടെത്താത്ത ഒരു കേസിലാണ് പി. എം. എൽ. എ (കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം) പ്രകാരം കേന്ദ്ര അന്വേഷണ ഏജൻസി സംസ്ഥാന മുഖ്യമന്ത്രിയെ അറസ്റ്റുചെയ്തത്.

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഇലക്ടറൽ ബോണ്ടുകൾക്കെതിരെ സിപി.ഐ എം നടത്തിയ നിയമപോരാട്ടത്തിന്റെ ഭാഗമായി സുപ്രീം കോടതി ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കിയതും കേന്ദ്ര ഭരണകക്ഷികൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഈ വലിയ അഴിമതി ഈ തിരഞ്ഞെടുപ്പു കാലത്ത് ചർച്ചയാകാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായുമാണ് കേജ്രിവാളിന്റെ അറസ്റ്റ് എന്ന് നിസ്സംശയം പറയാം.

2021 നവംബർ 17 നാണ് പുതിയ മദ്യനയം ഡൽഹിയിൽ പ്രാബല്യത്തില്‍വന്നത്. ഡൽഹിയിലെ മദ്യവില്‍പ്പന പൂര്‍ണമായി സ്വകാര്യമേഖലയെ ഏല്പിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. മദ്യനയം വിവാദമായതോടെ 8 മാസങ്ങൾക്കുശേഷം 2022 ജൂലൈ 31ന് പിൻവലിച്ചു.

കേസിലെ പ്രതികളിലൊരാളായ സമീര്‍ മഹീന്ദ്രുവുമായി കേജ്രിവാള്‍ വീഡിയോ കോള്‍ വഴി സംസാരിച്ചെന്നും, മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന് ആം ആദ്മി പാര്‍ട്ടി ചെലവഴിച്ചെന്നുമാണ് കേന്ദ്ര ഏജന്‍സികള്‍ ആരോപിക്കുന്നത്. അഴിമതിയാരോപണം ഉയര്‍ന്നതോടെ ചീഫ് സെക്രട്ടറിയോട് ലഫ്. ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടുകയും ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ ലഫ്. ഗവര്‍ണര്‍ വി.കെ.സക്-സേനയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും തുടർന്ന് 2022 ജൂലൈ 22ന് സിബിഐ അന്വേഷണത്തിന് ലഫ്. ഗവര്‍ണർ നിര്‍ദേശിക്കുകയും ചെയ്തു.

അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ പോലും അരവിന്ദ് കേജ്രിവാളിന്റെ പേര് ഉയർന്നുവന്നില്ല. ഹൈദ്രാബാദ് കേന്ദ്രമായ അരബിന്ദോ ഫാർമയുടെ ഡയറക്ടർ പി.ശരത് റെഡ്ഡിയെ ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി രണ്ടു തവണ ചോദ്യം ചെയ്തു. മേൽ കേസിലെ സാക്ഷിയാക്കി ചോദ്യം ചെയ്ത രണ്ടു ഘട്ടത്തിലും പി. ശരത് റെഡ്ഡി അരവിന്ദ് കേജ്രിവാളിനെതിരെ യാതൊരു പരാമർശവും നടത്തിയിട്ടില്ലായിരുന്നു. ശരത് റെഡ്ഡിയെ മൂന്നാമത് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇഡി അദ്ദേഹത്തെ പ്രതിയാക്കി 2022 നവംബർ 10 ന് അറസ്റ്റുചെയ്തു ജയിലിലടച്ചു.

5 ദിവസത്തിനു ശേഷം ഒരു കോടി രൂപ വീതം മൂല്യമുള്ള 5 ബോണ്ടുകൾ കമ്പനി വാങ്ങി ബിജെപിക്കു നൽകി. 6 ദിവസം കഴിഞ്ഞ് ബി ജെ പി ഈ ബോണ്ടുകൾ പണമാക്കി മാറ്റി. തുടർന്ന് കേസിൽ മാപ്പുസാക്ഷിയാകാനുള്ള റെഡ്ഡിയുടെ അപേക്ഷ ഇഡി ആവശ്യപ്രകാരം കോടതി അംഗീകരിച്ചു. റെഡ്ഡിയെ മാപ്പുസാക്ഷിയാക്കി പ്രഖ്യാപിച്ച ശേഷമുള്ള മൊഴിയിലാണ് ആദ്യമായി അരവിന്ദ് കേജ്രിവാളിന്റെ പേര് ഡൽഹി മദ്യനയകേസിൽ ഉയർന്നുവരുന്നത്. 5 മാസം കഴിഞ്ഞ് 25 കോടി രൂപയുടെ ബോണ്ടുകൾ കൂടി അരബിന്ദോ ഫാർമ കമ്പനി വാങ്ങി ബിജെപിക്ക് നൽകി. അതായത് ഡൽഹി മദ്യനയ കേസിലെ പ്രധാന സാക്ഷി ആദ്യ രണ്ടു ചോദ്യം ചെയ്യലിലും പറയാതിരുന്ന മൊഴി അയാൾ പ്രതിപട്ടികയിൽ ഉൾപ്പെട്ട ശേഷം നൽകുകയും അറസ്റ്റ് ചെയ്യപ്പെട്ട് 5 ദിവസത്തിനുള്ളിൽ ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ടുകൾ നൽകിയ ശേഷം മാപ്പുസാക്ഷിയായി പ്രഖ്യാപിക്കുകയും തുടർന്ന് അരവിന്ദ് കേജ്രിവാളിനെതിരെ മൊഴി നൽകുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ 2023 ഒക്ടോബർ 30-ന് അരവിന്ദ് കേജ്രിവാളിന് ഇഡി സമൻസ് അയക്കുകയും പിന്നീട് സമൻസ് ആവർത്തിക്കുകയും 2024 മാർച്ച്‌ -21 ന് കേജ്രിവാളിനെ അറസ്റ്റുചെയ്യുകയും ചെയ്തു.

ഇന്ത്യാ ഗവൺമെന്റിന്റെ ധനമന്ത്രാലയത്തിന്റെ റവന്യൂ വകുപ്പിന്റെ ഭാഗമായ ഇ.ഡി ഒരു സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസിയാണ്. കള്ളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ ലംഘനങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിനും വിചാരണ ചെയ്യുന്നതിനും ഇ ഡിക്കാണ് അധികാരം. കള്ളപ്പണത്തിന്റെ ഉല്പാദനവും വിനിമയവും തടയുക എന്നതാണ് ഈ നിയമത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. എന്നാൽ ഇ ഡിക്ക് ഒരു കേസ് നേരിട്ട് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ അധികാരമില്ല. ഈ നിയമപ്രകാരമുള്ള ഏതെങ്കിലും ഒരു ഷെഡ്യൂൾഡ് കുറ്റകൃത്യത്തിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്ന ആരോപണം ഉണ്ടെങ്കിൽ മാത്രമേ ഇ ഡിക്ക് കേസ് അന്വേഷിക്കാൻ കഴിയൂ. ആദ്യം ഒരു കുറ്റകൃത്യം നടക്കണം. ആ കുറ്റകൃത്യത്തിന്റെ പരിണത ഫലമായി ഒരു proceeds of Crime ആയി കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇ ഡിക്ക് അന്വേഷിക്കാം. എന്നാൽ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഒരു proceeds of crime ന്റെ ഭാഗമായി ഒരു നയാ പൈസ പോലും ഒരു അന്വേഷണ ഏജൻസിയും കണ്ടെത്തിയിട്ടില്ല. കള്ളപ്പണമായി സംശയിക്കുന്ന പണം കണ്ടെത്താതെ എങ്ങനെയാണ് അത് വെളുപ്പിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുക? ഡൽഹി മദ്യനയത്തിന്റെ ഭാഗമായി 100 കോടി രൂപ കൈക്കൂലിയായി ലഭിച്ചിരിക്കാമെന്നും അത് ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചിട്ടുണ്ടാകാം എന്നുമുള്ള സാങ്കല്പിക ചിന്തയുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. ഇത് പി.എംഎൽഎ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ്. അടുത്ത കാലത്ത് ഇഡി ഒരു പ്രഡിക്കേറ്റ് കുറ്റകൃത്യം എന്ന നിലയിലല്ലാതെ നേരിട്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം പ്രഖ്യാപിക്കുന്നതും രാഷ്ട്രീയ എതിരാളികൾക്കും പുരോഗമനവാദികൾക്കും ആക്ടിവിസ്റ്റുകൾക്കും പണ്ഡിതന്മാർക്കും എതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്ത് അധികാര ദുർവിനിയോഗം നടത്തുന്നതും നാം നിരവധി കണ്ടു.

ഇന്ന് നമ്മുടെ രാജ്യത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെ ഇ ഡി നടത്തുന്നത് സെലക്ടീവ് പ്രോസിക്യൂഷൻ ആണ്. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും ഭരണപക്ഷ നയങ്ങളോട് എതിർപ്പ് രേഖപ്പെടുത്തുന്നവരെയും മാധ്യമ പ്രവർത്തകരെയും തെരഞ്ഞുപിടിച്ച് കള്ളക്കേസ് രജിസ്റ്റർ ചെയ്തു മനഃപൂർവ്വം പീഡിപ്പിക്കുകയാണ്.

രാജ്യത്ത് ഇക്കാലത്ത് പ്രധാന രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇ ഡി രജിസ്റ്റർ ചെയ്ത 121 കേസുകളിൽ 116 കേസുകളും പ്രതിപക്ഷ നേതാക്കൾക്ക് എതിരായാണ്. അതായത് മൊത്തത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ 95% കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. മാത്രമല്ല കള്ളപ്പണം എന്ന് ഇ ഡി കണ്ടുകെട്ടിയ പണത്തിൽ 1% പണം പോലും കള്ളപ്പണമാണെന്ന് തെളിയിക്കാൻ ഇ ഡിക്ക് കഴിഞ്ഞിട്ടില്ല. മൻമോഹൻ സർക്കാരിന്റെ കാലത്ത് 26 നേതാക്കൾക്കെതിരെ മാത്രമാണ് ഇഡി കേസുണ്ടായിരുന്നത്.

പി. എം. എൽ. എ കേസുകളുടെ രജിസ്ട്രേഷനും വിചാരണയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകൾ ഈ ഏജൻസിയുടെ ദയനീയ പ്രകടനത്തെയാണ് ചൂണ്ടിക്കാണിക്കുന്നതാണ്. കഴിഞ്ഞ 17 വർഷത്തിനുള്ളിൽ പി.എം.എൽ.എ പ്രകാരം ഇ. ഡി രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 5906 ആണ്. ഈ കേസുകളിൽ ആകെ 0.42 % ശിക്ഷാ നിരക്കിൽ 25 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഈ കാലയളവിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ ദേശീയ ശിക്ഷാ നിരക്ക് 57.0 % ആണ്. 1 % പോലും ശിക്ഷാ നിരക്ക് ഇല്ലാത്ത ലോകത്തെ ഏക അന്വേഷണ ഏജൻസിയായി ഇഡി അധഃപതിച്ചിരിക്കുകയാണ്.

ഒരു സാമ്പത്തിക കുറ്റകൃത്യരഹസ്യാന്വേഷണ ഏജൻസിയായ ഇ ഡി ‘സെലക്ടീവ് പ്രോസിക്യൂഷ’നു ശേഷം “സെലക്ടീവ് ലീക്കേജ്’ നടത്തുന്നു. അന്വേഷണ വിവരങ്ങൾ അതാത് ദിവസം തന്നെ പത്ര ദൃശ്യമാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു.

ബി ജെ പി ഇതര ഗവൺമെന്റുകളെ തകർക്കാനും പ്രതിപക്ഷ നേതാക്കളെ വരുതിയിലാക്കാനും കേന്ദ്രഅന്വേഷണ ഏജൻസികളെ ഉപയോഗിക്കുക എന്നത് സംഘപരിവാരത്തിന്റെ രാഷ്ട്രീയ തന്ത്രമാണ്. രാഷ്ട്രീയ അധികാരത്തിനുവേണ്ടി മഹാരാഷ്ട്രയിൽ എൻ സി.പിയെയും ശിവസേനയെയും പിളർത്തിയതും നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കളെ ഭയപ്പെടുത്തി ബി.ജെ.പിയിൽ എത്തിച്ചതും അടുത്ത കാലത്ത് നാം കണ്ടു. കളം മാറി ബിജെപിയിലെത്തിയതുവഴി കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്നു ” രക്ഷപ്പെട്ടു നിൽക്കുന്ന’ ഒട്ടേറെ നേതാക്കളുണ്ട്. കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും നേതൃസ്ഥാനം അലങ്കരിക്കുന്നവർ കേന്ദ്ര അന്വേഷണ ഏജൻസികളെ ഭയന്ന് ബി.ജെ.പി ആയി മാറിയപ്പോൾ അവർക്കെതിരായ അന്വേഷണങ്ങൾ മരവിപ്പിക്കുകയും അവർക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. അവരിൽ പ്രധാനപ്പെട്ടവർ താഴെ പറയുന്നവരാണ്.

1) ഹിമന്ത ബിശ്വ ശർമ്മ
കോൺഗ്രസിലായിരുന്നപ്പോൾ ശാരദചിട്ടിഫണ്ട് കേസിൽ സിബിഐ നിരന്തരം ചോദ്യം ചെയ്തു. ഗുവാഹത്തിയിലെ ജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ടും ആരോപണം നേരിട്ടു. മേൽ കേസുകളിൽ ഹിമന്ത ബിശ്വ ശർമ്മക്കെതിരെ നടപടി ആവശ്യപ്പെട്ടത് ബി ജെ പി ആയിരുന്നെങ്കിലും ഹിമന്ത ബി ജെ പിയിൽ എത്തിയതോടെ ക്ലീൻ ചിറ്റ് നൽകി. ഇപ്പോൾ അദ്ദേഹം വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ ശക്തനായ നേതാവും ആസാമിലെ ബി.ജെ.പി മുഖ്യമന്ത്രിയും ആണ്.

2) നാരായൺ റാണെ
മഹാരാഷ്ട്രയിലെ മുൻ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന നാരായൺ റാണെക്കെതിരെ കള്ളപ്പണ കേസുണ്ടായിരുന്നു. 2019-ൽ റാണെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ശേഷം എല്ലാ വിധ അന്വേഷണങ്ങളും അവസാനിച്ചു.

3) ദിഗംബർ കാമത്ത്
ഗോവയിലെ മുൻ കോൺഗ്രസ് മുഖ്യമന്ത്രിയായ ദിഗംബർ കാമത്തിനെതിരെ ലൂയിസ് ബർജർ ജലവിതരണ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് സി ബി ഐ കേസുണ്ട്. ഗോവയിലെ കോൺഗ്രസിന്റെ ശക്തി ക്ഷയിപ്പിച്ച 2022 ലെ വലിയ കൂറുമാറ്റത്തോടെ കാമത്തിനെതിരായ എല്ലാം അന്വേഷണങ്ങളും കേസുകളും നിശ്ചലമായി.

4) സുവേന്ദു അധികാരി
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ യുവനേതാക്കളിൽ പ്രധാനിയായ ഒരാളായിരുന്നു സുവേന്ദു അധികാരി. നാരദ ഒളിക്യാമറ കേസുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ സുവേന്ദു അധികാരി തൃണമൂൽ വിട്ട് 2020-ൽ ബി ജെ പിയിൽ എത്തി. തുടർന്ന് അദ്ദേഹത്തിനെതിരായ എല്ലാ അന്വേഷണങ്ങളും അട്ടിമറിക്കപ്പെട്ടു. ഇപ്പോൾ സുവേന്ദു ബംഗാളിലെ പ്രധാന ബിജെപി നേതാവും പ്രതിപക്ഷ നേതാവുമാണ്.

5) അജിത്ത് പവാർ
എൻസിപി നേതാവ് ശരദ് പവാറിന്റെ അനന്തരവനായ അജിത്ത് പവാറിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണമാരംഭിച്ചത് 2019 – -20 കാലത്താണ്. മഹാരാഷ്ട്ര സഹകരണ ബാങ്ക് കേസിൽ അജിത്തും ഭാര്യയും ഇ ഡി നടപടി നേരിടേണ്ടി വന്നു. എൻസിപിയെ പിളർത്തി ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി. നിലവിൽ അജിത്ത് പവാറും ഭാര്യയും മഹാരാഷ്ട്ര സഹകരണ ബാങ്ക് കേസിൽ പ്രതികളല്ല.

6) പ്രഫുൽ പട്ടേൽ
മഹാരാഷ്ട്രയിൽ അജിത് പവാറിനൊപ്പം ബി ജെ പി സഖ്യത്തിലെത്തിയ മുതിർന്ന എൻസിപി നേതാവാണ് പ്രഫുൽ പട്ടേൽ. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് പ്രഫുൽ പട്ടേലിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.

ബിജെപിയിലേക്കുള്ള കൂടുമാറ്റത്തോടെ അദ്ദേഹത്തിനെതിരായ കേസുകൾ അവസാനിച്ച രൂപത്തിലാണ്.

7) അശോക് ചവാൻ
ആദർശ് ഭവന പദ്ധതി കുംഭകോണത്തിൽ ആരോപണ വിധേയനായി മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കോൺഗ്രസ് നേതാവ്. 2014ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചരണായുധമായിരുന്നു ആദർശ് ഭവന അഴിമതി. യുപിഎ കാലത്ത് ആരംഭിച്ച സിബിഐ അന്വേഷണം ഒന്നര പതിറ്റാണ്ടായി തുടരുന്നു. പിന്നീട് ഇഡിയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. അശോക് ചവാൻ ഈ അടുത്ത കാലത്ത് ബിജെപിയിൽ എത്തി. ജയിലിൽ പോകാൻ ഭയമാണ് എന്നുപറഞ്ഞ് സോണിയാഗന്ധിയുടെ മുന്നിൽ കരഞ്ഞ് മാപ്പ് പറഞ്ഞതായി ചില കോൺഗ്രസ് നേതാക്കൾ തന്നെ വെളിപ്പെടുത്തി.

8) ഛഗൻ ഭുജ്ബൽ
ഡൽഹിയിലെ മഹാരാഷ്ട്ര സദൻ നിർമാണ ക്രമക്കേടുകേസിൽ ഇഡി സ്വത്തുക്കൾ കണ്ടുകെട്ടിയ മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയാണ് അദ്ദേഹം. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ഇപ്പോൾ ബി ജെ പി സഖ്യത്തിലായ ശേഷം കേസന്വേഷണങ്ങൾ ഏതാണ്ട് അവസാനിച്ച മട്ടാണ്.

9) പേമ ഖണ്ഡു
ഹിമാചൽ പ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രി ആയിരുന്നു.പേമ ഖണ്ഡുവിനെതിരെ അഴിമതി കേസുകളും ഗൂഢാലോചന കേസുകളും ഉയരുകയും കേന്ദ്ര ബിജെപി സർക്കാർ അന്വേഷണമാരംഭിക്കുകയും ചെയ്തു. ആകെ കോൺഗ്രസിനുണ്ടായിരുന്ന 45 MLA മാരിൽ 44 അംഗങ്ങളെയും കൂട്ടി ബിജെപി പാളയത്തിലേക്കു നീങ്ങി. 2016ൽ അരുണാചൽ പ്രദേശിലെ ബിജെപി മുഖ്യമന്ത്രിയായി മാറി. അതോടെ പേമ ഖണ്ഡുവിനെതിരായ എല്ലാ കേസന്വേഷണങ്ങളും എന്നെന്നേക്കുമായി അവസാനിച്ചു.

10) അമരീന്ദർ സിങ്
പഞ്ചാബിലെ ശക്തനായ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയും ആയിരുന്നു അമരീന്ദർ സിങ്. അമരീന്ദർ സിങ്ങും മകനും മരുമകനും ഇഡി കേസുകളുടെ ഭീഷണിയിലായിരുന്നു. കോൺഗ്രസ് വിട്ട് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി സഹകരിച്ചുതുടങ്ങിയതോടെ ഇഡി അന്വേഷണങ്ങൾ നിർജ്ജീവമായി.

11) ഭാവന ഗാവ്ലി
ശിവസേന നേതാവായിരുന്നു ഭാവന ഗാവ്ലി. കള്ളപ്പണകേസിൽ പ്രതിയായി ഇഡി അന്വേഷണം നേരിടുകയായിരുന്നു. ഇപ്പോൾ ശിവസേന ഷിൻഡെ വിഭാഗത്തിന്റെ ലോക്-സഭാ വിപ്പ് ആണ്. അടുത്ത കാലത്ത് ബി ജെ പി സഖ്യത്തിലെത്തിയതോടെ അദ്ദേഹത്തിനെതിരായ എല്ലാ കേസുകളും അന്വേഷണങ്ങളും അവസാനിച്ചു.

മേൽ വിവരിച്ച നേതാക്കന്മാരെ കൂടാതെ എത്രയോ കോൺഗ്രസ് നേതാക്കളും മറ്റു പ്രതിപക്ഷ നേതാക്കളുമാണ് അടുത്ത കാലത്ത് ബി.ജെ.പി കൂടാരത്തിൽ എത്തിയത്. ഇതുവരെ കോൺഗ്രസിന്റെ 12 മുൻ മുഖ്യമന്ത്രിമാരും നിരവധി മുൻ കേന്ദ്ര മന്ത്രിമാരും ബി.ജെ.പിയിൽ ചേർന്നതിന്റെ പിന്നിൽ ഇ ഡി യും ആദായ നികുതി വകുപ്പും വഹിച്ച പങ്ക് ചെറുതല്ല. “മിണ്ടാതെ ഇരുന്നു കൊള്ളണം അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ ഇ ഡി എത്തും’ എന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ലോക്-സഭയിൽ പറഞ്ഞത് അടുത്തകാലത്താണ്. ബി ജെ പിയിൽ ചേർന്നതിനു ശേഷം “ഇഡിയെ പേടിക്കാതെ വീട്ടിൽ കിടന്നുറങ്ങാൻ കഴിയുന്നുണ്ട്’ എന്ന് കോൺഗ്രസ് നേതാവ് പരസ്യമായി പറഞ്ഞതും അടുത്ത കാലത്താണ്. ഗവേഷകനായ നവ്ശരൺ സിങ്ങിനെ ഇ ഡി അറസ്റ്റു ചെയ്തത് അടുത്ത കാലത്താണ്. സർക്കാരിനോട് വിയോജിപ്പുള്ളവരെ നിശബ്ദരാക്കാൻ പി.എം.എൽ.എ നിയമം ദുരുപയോഗം ചെയ്യുന്നതിൽ ജനങ്ങൾ ആശങ്കാകുലരാണ്.

കേന്ദ്ര ഗവൺമെന്റ് രാജ്യത്തെ എല്ലാ നിയമങ്ങളെയും പരമോന്നത കോടതി വിധികളെയും കാറ്റിൽ പറത്തി അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ട തുടരുകയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കേരളത്തിൽ കിഫ്ബിക്കെതിരെ ഇ ഡി സ്വീകരിച്ച നടപടികൾ. കേരളത്തിന്റെ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെയും കിഫ്ബിക്കെതിരെയും ഇ ഡി അന്വേഷണം പ്രഖ്യാപിക്കുകയും രേഖകൾ ഹാജരാക്കാനും ചോദ്യം ചെയ്യലിന് ഹാജരാകാനും നിർദ്ദേശിച്ച് സമൻസ് അയക്കുകയും ചെയ്തു. ഇഡിയുടെ നിയമ വിരുദ്ധ സമൻസുകൾക്കെതിരെ തോമസ് ഐസക് നടത്തുന്ന നിയമ പോരാട്ടം കേരള ഹൈക്കോടതിയിൽ ഇപ്പോഴും തുടരുകയാണ്. സാധാരണ ഇ ഡി സമൻസ് അയക്കുകയോ കേസന്വേഷണം ആരംഭിക്കുകയോ ചെയ്താൽ ഒന്നുകിൽ ബി.ജെ.പി ആയി മാറുകയോ അല്ലെങ്കിൽ ജയിലിൽ പോകുകയോ ആണ് പ്രതിപക്ഷ പാർട്ടിയിലെ നേതാക്കന്മാരും പ്രവർത്തകരും ചെയ്യുന്ന പതിവ്. കള്ളത്തെളിവുകൾ സൃഷ്ടിക്കുന്നതും വ്യാജ രേഖകൾ ചമയ്ക്കുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതികളെ അറസ്റ്റുചെയ്ത് വിചാരണകൾ വൈകിപ്പിക്കുന്നതുമെല്ലാം സമീപകാലത്ത് ഇ ഡിയുടെ വിശ്വസ്തത ഇടിച്ചുകൊണ്ടിരിക്കുകയാണ്. ഇഡിയുടെ ഇത്തരത്തിലുള്ള പ്രവണതകൾക്കെതിരെ കടുത്ത ഭാഷയിൽ സുപ്രീം കോടതി അടുത്തയിടെ പ്രതികരിച്ചത് ശ്രദ്ധേയമാണ്.

ഇലക്ടറൽ ബോണ്ട് വഴി 2471 കോടി രൂപ ബിജെപി ക്ക് നൽകിയ 41 കമ്പനികൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം നേരിട്ടിരുന്നു എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത. 2471 കോടി രൂപയിൽ 1698 കോടി രൂപ, റെയ്ഡുകൾക്കു പിന്നാലെയാണ് റെയ്ഡുചെയ്യപ്പെട്ട കമ്പനികൾ ബിജെപിക്കു നൽകിയത്. 3.7 ലക്ഷം കോടി രൂപയുടെ കരാറുകൾ ലഭിച്ച 33 ബിസിനസ്സ് ഗ്രൂപ്പുകൾ ഇലക്ടറൽ ബോണ്ടുകളിൽ സംഭാവന നൽകിയെന്നും തിരഞ്ഞെടുപ്പു കമ്മീഷൻ പ്രസിദ്ധീകരിച്ച വിവരങ്ങളിൽ നിന്നും വ്യക്തമാണ്. ഈ ബിസിനസ് ഗ്രൂപ്പുകൾ 1751 കോടി രൂപ ഇലക്ടറൽ ബോണ്ടായി ബിജെപിക്കു നൽകി. 30 കടലാസു കമ്പനികൾ 143 കോടി രൂപയും ഇലക്ടറൽ ബോണ്ടായി ബി ജെപിക്കു നൽകി. യഥാർത്ഥത്തിൽ ഇഡി “ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണങ്ങളുടെ പേരിൽ’ വിവിധ സംസ്ഥാനങ്ങളിൽ കറങ്ങിനടന്ന് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടാതെ ഇലക്ടറൽ ബോണ്ടിന്റെ പേരിലുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കോർപ്പറേറ്റുകളുടെയും കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ചാണ് അന്വേഷിക്കേണ്ടത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × two =

Most Popular