Thursday, November 21, 2024

ad

Homeമുഖപ്രസംഗംജനാധിപത്യത്തെ 
കുഴിച്ചുമൂടാനുള്ള നീക്കത്തിന് 
സുപ്രീംകോടതിയുടെ താക്കീത്

ജനാധിപത്യത്തെ 
കുഴിച്ചുമൂടാനുള്ള നീക്കത്തിന് 
സുപ്രീംകോടതിയുടെ താക്കീത്

മോദി സർക്കാർ 2017 ഫെബ്രുവരിയിൽ കൊണ്ടുവന്ന തിരഞ്ഞെടുപ്പു (ഇലക്ടറൽ) ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമായി 2024 ഫെബ്രുവരി 15നാണ് സുപ്രീംകോടതി പ്രഖ്യാപിച്ചത്. 2017ലെ ബജറ്റിന്റെ ഭാഗമായാണ്, വാസ്തവത്തിൽ പ്രത്യേക ബിൽ മുഖേന നിയമമാക്കപ്പെടേണ്ടിയിരുന്ന തിരഞ്ഞെടുപ്പു ബോണ്ട് നിയമാനുസൃതമാക്കപ്പെട്ടത്. സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയാണ് അതിനു ചുമതലപ്പെടുത്തിയത്. തിരഞ്ഞെടുപ്പു ബോണ്ടിൽ ആരുടെയും പേരില്ല. സാധാരണ നോട്ടുപോലെയാണ് അതും. കെെവശമുള്ളയാൾക്കാണ് അതിനുമേലുള്ള ഉടമസ്ഥാവകാശം. ഭരണഘടനയിലെ 19 (1) എ എന്ന അനുച്ഛേദം അനുസരിച്ച് സംരക്ഷിക്കപ്പെടുന്ന അറിയാനുള്ള അവകാശത്തെ തിരഞ്ഞെടുപ്പ് ബോണ്ടുകൾ ലംഘിക്കുന്നു. കാരണം, ആരാണ് യഥാർത്ഥത്തിൽ അതിനുവേണ്ടി പണം ഇറക്കിയത് എന്നോ ആർക്കാണ് അത് കെെമാറ്റം ചെയ്യപ്പെടുന്നത് എന്നോ മനസ്സിലാക്കുന്നതിനും വിശദീകരിക്കുന്നതിനും കുറ്റമറ്റ മാർഗമൊന്നുമില്ല.

തിരഞ്ഞെടുപ്പു പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിൽ പണത്തിന്റെ കുത്തൊഴുക്കിന്റെ ഊക്ക് വർധിച്ചതായി 1990കൾ മുതൽ അധികൃതവൃത്തങ്ങൾ ഉൾപ്പെടെ പലരും നിരീക്ഷിച്ചിട്ടുള്ളതാണ്. ജനങ്ങളുടെ ഇടയിൽ കെെമാറപ്പെടുന്ന നോട്ടുകളുടെ മൊത്തം എണ്ണവും വിലയും ഈ കാലയളവിനിടയിൽ അഭൂതപൂർവമായി വർധിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് പൊതുവിൽ വിമർശനമോ പരാതിയോ ഉന്നയിക്കുന്നതിലപ്പുറം ഭരണത്തിലും മുഖ്യ പ്രതിപക്ഷത്തുമുള്ള കക്ഷികളും നേതാക്കളും ഒന്നും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യാറില്ല. തിരഞ്ഞെടുപ്പിൽ ചെലവഴിക്കുന്ന പണത്തിനു നിയന്ത്രണം ചെലുത്താനെന്ന വ്യാജേനയാണ് 2017ൽ ബജറ്റ് പ്രസംഗത്തിലൂടെ തിരഞ്ഞെടുപ്പ് ബോണ്ട് ഏർപ്പെടുത്താനുള്ള ബിൽ മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചതും പാസാക്കിയതും. അതിനെതിരായി പ്രതിപക്ഷത്തുനിന്നുന്നയിക്കപ്പെട്ട വാദങ്ങളെയോ നിർദ്ദേശങ്ങളെയോ സർക്കാർ ചെവിക്കൊണ്ടില്ല. പാർലമെന്റിൽ വേണ്ടത്ര ചർച്ചയോ ആലോചനയോ കൂടാതെയും പാർലമെന്ററി സമിതികളുടെ പരിശോധനയില്ലാതെയും മണിബില്ലായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ബോണ്ട് സംവിധാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സിപിഐ എമ്മും മറ്റു ചില സംഘടനകളും അഭിഭാഷകരും കൊടുത്ത കേസിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് വിധിച്ചത്.

സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് എന്ന നിലയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയായിരുന്നു ഇന്ത്യാ സർക്കാർ തിരഞ്ഞെടുപ്പു ബോണ്ട് ഇറക്കാൻ അധികാരപ്പെടുത്തിയത്. 2019 ഏപ്രിൽ മുതൽക്കായിരുന്നു എസ്ബിഐ ബോണ്ട് ഇറക്കിയത്. ആരാണ് ബോണ്ടുകൾ വാങ്ങിയത്, ഏതെല്ലാം പാർട്ടികളാണ് അവ പ്രയോജനപ്പെടുത്തിയത് എന്നതു സംബന്ധിച്ച് 2019 മുതൽക്കുള്ള വിവരം സമർപ്പിക്കുന്നതിനു തങ്ങൾക്ക് കൂടുതൽ സമയം വേണമെന്നുള്ള എസ്ബിഐയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. പൊതുതിരഞ്ഞെടുപ്പു കഴിഞ്ഞ് ജൂൺ 30 വരെയുള്ള സമയം തങ്ങൾക്ക് സുപ്രീംകോടതി ആവശ്യപ്പെട്ട വിവരം സമർപ്പിക്കുന്നതിനു നൽകണം എന്ന് എസ്ബിഐ ആവശ്യപ്പെട്ടിരുന്നു. കോടതി അത് തള്ളി. ജൂൺ 30 വരെയുള്ള സമയം അനുവദിക്കപ്പെട്ടാൽ ഇത്തവണത്തെ ലോക്-സഭാ തിരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പു ബോണ്ടുകൾ ഉപയോഗിക്കപ്പെടും എന്നു കോടതി കണ്ടു. ശ്രദ്ധേയമായ ഒരു നിരീക്ഷണവും സുപ്രീംകോടതി നടത്തിയിട്ടുണ്ട്. ഏതാനും ചില അതിസമ്പന്നർ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കുന്നത് കോടതിക്ക് നോക്കിനിൽക്കാനാവില്ല എന്നാണ് ആ നിരീക്ഷണം.

1950കൾ മുതൽ തിരഞ്ഞെടുപ്പുകളിൽ കള്ളപ്പണത്തിന്റെ കളി വ്യാപകമായി കണ്ടുവരുന്നതാണ്. പിൽക്കാലത്ത് അത് ക്രമാതീതമായി വർധിച്ചു. ജനാധിപത്യത്തെ പണക്കൊഴുപ്പും കെെക്കരുത്തും കൊണ്ട് അട്ടിമറിക്കാമെന്ന സ്ഥിതി ഇന്ത്യയിൽ പലേടത്തുനിന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഭരണവർഗ രാഷ്ട്രീയ പാർട്ടികൾ പല സംസ്ഥാനങ്ങളിലും അക്കാര്യത്തിൽ മുൻകെെ നേടാൻ നടത്തിയ മത്സരങ്ങൾ പലപ്പോഴും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണത്തിന്റെ തിരഞ്ഞെടുപ്പ് രംഗത്തെ ഇടപെടലിന് നിയമസാധുത നൽകുകയാണ് ഇപ്പോൾ ഇലക്ടറൽ ബോണ്ടിലൂടെ. തിരഞ്ഞെടുപ്പിലെ നിയമവിധേയവും നിയമവിരുദ്ധവുമായ കോർപറേറ്റ് ഫണ്ടിങ്ങിന്റെ ഗുണഭോക്താക്കൾ എക്കാലത്തും രാജ്യം ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയായിരിക്കും. ഇപ്പോൾ ഇലക്ടറൽ ബോണ്ടിന്റെ 80 ശതമാനത്തിലേറെയും ലഭിച്ചത് ബിജെപിക്കാണെന്നതിൽനിന്നുതന്നെ ഇത് വ്യക്തമാണ്. അതുകൊണ്ടുതന്നെ ആരെല്ലാമാണ് ഇത് വാങ്ങിയത്, ഏതെല്ലാം പാർട്ടികൾക്കാണ് നൽകിയത് എന്നും ഭരണാധികാരികളിൽനിന്നും അവിഹിതമായി അവർ എന്തുനേടിയെന്നും അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അതാണ് സുപ്രീംകോടതി ഈ വിധിയിലൂടെ ഉയർത്തിപ്പിടിച്ചത്.

കോർപറേറ്റ് ഫണ്ടിങ്ങിനെതിരെ വിട്ടുവീഴ്ചയില്ലാത്തതും സുദ-ൃഢവുമായ നിലപാടാണ് എക്കാലത്തും സിപിഐ എം സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ഇലക്ടറൽ ബോണ്ടിനെതിരെ പാർട്ടി സുപ്രീംകോടതിയെ സമീപിച്ചതും. മുൻപ് സിപിഐ എം ആവശ്യപ്പെടാതെ തന്നെ ചില കോർപറേറ്റുകൾ നൽകിയ സംഭാവന അതേപടി മടക്കി നൽകിയ ചരിത്രവും പാർട്ടിക്കുണ്ട്.

അൽപ്പംപോലും സുതാര്യത ഇല്ലാതെയാണ് ഇലക്ടറൽ ബോണ്ട് മോദി സർക്കാർ കെെകാര്യം ചെയ്തത്. ഇതിലൂടെ സമാഹരിക്കപ്പെട്ട പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മാത്രമല്ല, ജനാധിപത്യപ്രക്രിയയെ തന്നെ നോക്കുകുത്തിയാക്കി പല വിധത്തിൽ ജനവിധി അട്ടിമറിക്കാനും ബിജെപി ഇതുപയോഗിച്ചാണ് ശ്രമിച്ചത്; ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഏതറ്റംവരെ പോകാനും ഇൗ ഫാസിസ്റ്റ് സംഘടന മടിക്കില്ലെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഛാണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പ്. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിലൂടെയാണ് അത് തിരുത്താനായത്. പക്ഷേ ഈ ഫാസിസ്റ്റ് ഭീകരസംഘടന അതുകൊണ്ടൊന്നും ജനാധിപത്യത്തെ കുഴിച്ചുമൂടാനുള്ള നീക്കത്തിൽനിന്ന് പിന്മാറുമെന്ന് കരുതാനാവില്ല. പണം കൊടുത്ത് എംപിമാരെയും എംഎൽഎമാരെയും വിലയ്ക്കെടുക്കാനും ഇങ്ങനെ സമാഹരിക്കപ്പെടുന്ന പണമാണ് ഉപയോഗിക്കുന്നത്.

ഭരണഘടനാ സ്ഥാപനങ്ങളെയാകെ കെെപ്പിടിയിലൊതുക്കി ജനാധിപത്യത്തെയും മതനിരപക്ഷതയെയും കുഴിച്ചുമൂടാൻ കരുക്കൾ നീക്കിക്കൊണ്ടിരിക്കുന്ന മോദി ഭരണം പൊതുമേഖലാ സ്ഥാപനങ്ങളെയും പൊതുമേഖലാ ബാങ്കുകളെയുംപോലും അതിനായി ഉപയോഗിക്കുകയാണ്. ഇലക്-ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ നിർമിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ഗവേണിങ് ബോഡിയിൽ സംഘപരിവാറുകാരെ കുത്തിനിറച്ചതുതന്നെ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്താനാണോ എന്ന സംശയം ഉയരുന്നുണ്ട്.

സുപ്രീംകോടതിയുടെ മുന്നിൽ എസ്ബിഐ അധികാരികൾക്ക് കുറ്റവാളികളെപ്പോലെ നിൽക്കേണ്ടിവന്നതും പൊതുസമൂഹത്തിനുമുന്നിൽ നാണം കെട്ടതും അവർ കേന്ദ്ര സർക്കാരിന്റെ തീട്ടൂരങ്ങൾ ശിരസ്സാവഹിച്ചതുകൊണ്ടാണ‍്. ഇലക്ടറൽ ബോണ്ട് എന്ന പേരിൽ നടപ്പാക്കപ്പെട്ട കൊടിയ കുംഭകോണത്തിന് അങ്ങനെ എസ്ബിഐയും ചൂട്ടുപിടിച്ച് നിൽക്കുന്നതും നാം കണ്ടു. ബോണ്ട് വിവരങ്ങൾ പൂർണമായി പുറത്തുവരുമ്പോൾ മാത്രമേ നമുക്ക് ആ കൊള്ളയുടെ ആഴവും പരപ്പും പൂർണമായി മനസ്സിലാക്കാനാവൂ.

എന്തായാലും സംഘപരിവാർ ചുക്കാൻ പിടിക്കുന്ന മോദി വാഴ്ച ഇന്ന് നാടുനേരിടുന്ന മഹാവിപത്താണ്. രാജ്യം ഒറ്റക്കെട്ടായി നിന്ന് ഈ ഭരണത്തെ പുറത്താക്കുന്നതിലൂടെ മാത്രമേ ഈ വിപത്തിൽനിന്ന് നാടിന് രക്ഷപ്പെടാനാകൂ. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two + 10 =

Most Popular