Tuesday, February 27, 2024

ad

Homeചിന്ത പ്ലസ്കാഴ്ചയുടെ വിസ്മയം തീര്‍ത്ത സുവര്‍ണ്ണ കിരീടപ്പോരാട്ടം

കാഴ്ചയുടെ വിസ്മയം തീര്‍ത്ത സുവര്‍ണ്ണ കിരീടപ്പോരാട്ടം

ഡോ. അജീഷ് പി ടി

ജാതിയുടെയും മതത്തിന്‍റെയും ഭാഷയുടെയും വര്‍ണ്ണത്തിന്‍റെയും ദേശത്തിന്‍റെയും മതില്‍ക്കെട്ടുകള്‍ ഭേദിച്ച് ഭൂഗോളത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും ഖത്തറിലേക്ക് മാത്രമായതിന്‍റെ പരിസമാപ്തി ആയിരിക്കുകയാണ്. മാന്ത്രികതയുള്ള ഒരു പന്ത് ലോക ജനതയുടെ ഹൃദയതാളം നിയന്ത്രിക്കുകയും ദിനരാത്രങ്ങളായി കളിയുടെ ചടുലവേഗം വീക്ഷിക്കുകയും ചെയ്യുന്ന അപൂര്‍വത. നിഷ്പക്ഷവും സാര്‍വലൗകികവുമായ ഫുട്ബോള്‍ ഭാഷയിലൂടെ ലോകം ഖത്തറില്‍ ഒന്നായി മുന്നോട്ടു കുതിക്കുന്നു. 29 ദിനരാത്രങ്ങള്‍ രക്തം ചിന്താത്ത യുദ്ധക്കളങ്ങളായി മാറിയ ഖത്തറിലെ പുല്‍മൈതാനങ്ങള്‍ക്ക് പറയുവാന്‍ പുത്തന്‍ പ്രതീക്ഷകള്‍ മാത്രം. പന്തുമായി തന്ത്രപൂര്‍വം നീങ്ങുന്ന ഓരോ താരത്തിന്‍റെയും കാലുകളില്‍ നിന്നും പരസ്പരം പങ്കുവയ്ക്കുന്ന മാസ്മരിക കായിക ലഹരി ആരാധകരുടെ ഉള്ളിലേക്ക് പകര്‍ത്തുന്ന ഉന്മാദം അവര്‍ണ്ണനീയമാണ്. കാല്‍പന്തുകളിയിലെ ഇന്ദ്രജാലക്കാരനായ ലയണല്‍ മെസ്സിയുടെ ഐതിഹാസിക ഫുട്ബോള്‍ കരിയറിന് പരിപൂര്‍ണ്ണത നല്‍കിക്കൊണ്ട് ലോക കിരീടം ചൂടുവാന്‍ ഖത്തറിലെ ലൂസൈല്‍ സ്റ്റേഡിയം നേര്‍സാക്ഷ്യം വഹിച്ചതും ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തും.

ഉദ്വേഗജനകമായ ഫൈനല്‍
ആധികാരികമായി അര്‍ജന്‍റീന

നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് അര്‍ജന്‍റീന ഫുട്ബോള്‍ ലോകകിരീടം നേടുന്നത്. ലയണല്‍ മെസ്സിയുടെ വിടവാങ്ങല്‍ മത്സരം ആയതുകൊണ്ടുതന്നെ ഏതു വിധേനയും ജയിക്കണമെന്ന തീവ്രപോരാട്ടത്തില്‍ ആയിരുന്നു തുടക്കം മുതല്‍ അര്‍ജന്‍റീന. രാജ്യത്തിനായി ലോകകിരീടം നേടുവാന്‍ കുറ്റപ്പെടുത്തിയവര്‍ക്ക് പ്രാപ്തിയില്ലെന്ന് തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുവാന്‍ ഈ കിരീടധാരണത്തോടെ മുന്നില്‍ മെസ്സിക്ക് കഴിഞ്ഞു. പ്രതീക്ഷയോടെ ഖത്തറില്‍ എത്തിയ അര്‍ജന്‍റീനയ്ക്ക് ലോക റാങ്കിങ്ങില്‍ ഏറെ പിന്‍സ്ഥാനക്കാരായ സൗദി അറേബ്യയില്‍ നിന്നും ഉണ്ടായ അട്ടിമറി ഞെട്ടല്‍ ഉണ്ടാക്കി. എങ്കിലും തുടര്‍ന്നുള്ള ഓരോ മത്സരത്തിലും ആത്മവിശ്വാസത്തോടെ പോരാടി ആധികാരികമായി വിജയിക്കുവാന്‍ കഴിഞ്ഞു എന്നുള്ളത് അര്‍ജന്‍റീനയുടെ മാത്രം മേന്മയാണ്. അര്‍ജന്‍റീനയും ഫ്രാന്‍സും മുഖാമുഖം ഏറ്റുമുട്ടിയ സ്വപ്ന ഫൈനലിലെ അസാമാന്യ പ്രകടനത്തോടെ മെസ്സി ലോകോത്തര ഇതിഹാസതാരമാണ് എന്ന് തെളിയിക്കപ്പെട്ടു. തുടക്കം മുതല്‍ മത്സരാവസാനം വരെ ഫുട്ബോള്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ കളി മാമാങ്കത്തിലെ ഓരോ നിമിഷവും ആരാധകരുടെ മനസ്സില്‍ നിന്നും പെട്ടെന്ന് മാഞ്ഞു പോകുവാന്‍ ഇടയില്ല.

ഫൈനലില്‍ അര്‍ജന്‍റീനയോട് ഷൂട്ടൗട്ടില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഫ്രഞ്ച് സൂപ്പര്‍ താരമായ കിലിയന്‍ എംബാപ്പെ ലോട്ടിന്‍ എന്ന 23 കാരന്‍റെ പോരാട്ട വീര്യം അസൂയാവഹമായിരുന്നു. എട്ടു ഗോളുകള്‍ നേടിയ ഈ താരം ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി നാളെയുടെ താരം താനാണെന്ന് ലോകത്തിനു മുന്നില്‍ പ്രകടമാക്കി. അര്‍ജന്‍റീനയുടെ ഗോള്‍ വല കാത്ത് എമിലിയാനോ മാര്‍ട്ടിനസ് എന്ന താരത്തിന്‍റെ വിസ്മയ സേവുകളും കാണികളില്‍ ഹരം പകര്‍ന്നു. ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്കാരം അര്‍ജന്‍റീനയുടെ 2,40,000 നമ്പര്‍ താരമായ എന്‍സോ ഫെര്‍ണാണ്ടസ് സ്വന്തമാക്കി.

ഖത്തര്‍ ഒരുക്കിയ
സവിശേഷതകള്‍

2022ലെ ലോകകപ്പ് ഫുട്ബോളിന്‍റെ ഷെഡ്യൂള്‍ ഫിഫ പുറത്തിറക്കിയതോടെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ടൂര്‍ണമെന്‍റ് എന്ന ബഹുമതി ഖത്തര്‍ സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്‍റ് നടക്കുന്ന മാസം, മത്സരങ്ങളുടെ എണ്ണം, സ്റ്റേഡിയങ്ങളുടെ സജ്ജീകരണം തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും ഇതിനു മാറ്റുകൂട്ടിയത്. സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ലോകകപ്പ് ഫുട്ബോള്‍ നടക്കുന്നത്. എന്നാല്‍ ഖത്തറിലെ കഠിനമായ ചൂട് കാലാവസ്ഥയില്‍ നിന്നുള്ള മോചനത്തിനായാണ് നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ തെരഞ്ഞെടുക്കുവാന്‍ കാരണമായത്. ഈ ലോകകപ്പിനായി അഞ്ചു നഗരങ്ങളിലായി ഒരുക്കിയ 8 സ്റ്റേഡിയങ്ങളിലേക്കും കേവലം ഒന്നരമണിക്കൂര്‍ യാത്രാസമയം മാത്രമാക്കി പരിമിതപ്പെടുത്തി. സ്റ്റേഡിയങ്ങള്‍ അടുത്തായതിനാല്‍ ഗ്രൂപ്പ് തലത്തില്‍ ഒരുദിവസം നാലു മത്സരങ്ങള്‍ നടത്തി ചരിത്രത്തില്‍ ഇടംപിടിച്ചു. ഫൈനല്‍ മത്സരം നടന്ന ലൂസൈല്‍ ഉള്‍പ്പെടെയുള്ള 8 സ്റ്റേഡിയങ്ങളിലേക്കും മെട്രോ സര്‍വീസ് ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനങ്ങളും ഒരുക്കിയിരുന്നു. അറേബ്യന്‍ സാംസ്കാരിക പൈതൃകങ്ങളുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തതാണ് ഈ സ്റ്റേഡിയങ്ങള്‍. മത്സര നിയന്ത്രണത്തിന്‍റെ ഭാഗമായി റഫറിമാര്‍ക്ക് സംഭവിക്കുന്ന പിഴവുകള്‍ തടയുന്നതിനു വേണ്ടി സെമി ഓട്ടോമാറ്റിക് ഓഫ് സൈഡ് ടെക്നോളജിയും പന്തുകളില്‍ ചിപ്പുകള്‍ ഘടിപ്പിച്ചുകൊണ്ടുള്ള രീതിയും ഈ ലോകകപ്പില്‍ പരീക്ഷിക്കപ്പെട്ടു. ഒരു ടീമില്‍ അഞ്ചു പകരക്കാരെ ഉള്‍പ്പെടുത്താവുന്ന രീതിയും ഈ ലോകകപ്പില്‍ അവതരിപ്പിക്കപ്പെട്ടു. വനിതകളായ മൂന്നു റഫറിമാര്‍ നിയന്ത്രിച്ച ഒരു ലോകകപ്പ് കൂടിയാണിത്.ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കുവാനായി വിവിധ രാജ്യങ്ങളില്‍ നിന്നും 12 ലക്ഷത്തിലധികം ആരാധകരാണ് ഖത്തറില്‍ എത്തിച്ചേര്‍ന്നത്. ലോകകപ്പ് തുടങ്ങുന്നതിന് ഒരു മാസം മുമ്പുതന്നെ ടിക്കറ്റുകളില്‍ ഏറിയ പങ്കും വിറ്റു കഴിഞ്ഞിരുന്നു.അര്‍ജന്‍റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ നടന്ന ദിനമായ ഡിസംബര്‍ 18 ഖത്തര്‍ ദേശീയ ദിനമായി ആഘോഷിക്കുന്ന ദിവസം കൂടിയാണിത്. ഈ ലോകകപ്പില്‍ മൂന്നു കളിക്കാരെ വീതം ഓരോ ടീമിനും അധികം നല്‍കി 26 കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ അനുമതി നല്‍കിയിരുന്നു. കളിക്കാരുടെ ഓരോ ചലനവും പ്രത്യേകം നിരീക്ഷിക്കുവാന്‍ ഉതകുന്ന രീതിയിലുള്ള പ്രത്യേക ക്യാമറകള്‍, റഫറിയുടെ തീരുമാനം മുഴുവന്‍ കാണികള്‍ക്കും കാണുവാന്‍ പര്യാപ്തമായ രീതിയിലുള്ള കൂറ്റന്‍ സ്ക്രീന്‍ എന്നിവ മത്സരവേദികളില്‍ സ്ഥാപിച്ചിരുന്നു.

ഉയരുന്ന കട്ടൗട്ടുകള്‍
തിളയ്ക്കുന്ന വികാരം

ലോകകപ്പിന്‍റെ ഭാഗമായി വിവിധ പ്രദേശങ്ങളിലെ ഫുട്ബോള്‍ ആരാധകര്‍ അവരവരുടെ ഇഷ്ടതാരത്തിന്‍റെ കട്ടൗട്ടുകള്‍ തയ്യാറാക്കി വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചത് കൗതുകമായി.കേരളത്തില്‍ പുള്ളാവൂര്‍ എന്ന് പ്രദേശത്തെ ഫുട്ബോള്‍ പ്രേമികള്‍ പുഴയുടെ മധ്യഭാഗത്ത് സ്ഥാപിച്ച വിവിധ താരങ്ങളുടെ കട്ടൗട്ടുകള്‍ ഫിഫ അവരുടെ ഔദ്യോഗിക സമൂഹമാധ്യമ പേജില്‍ പങ്കുവയ്ക്കുകയുണ്ടായി. സ്പോര്‍ട്ട് പേഴ്സണ്‍ഷിപ്പിന്‍റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ ഇത്തരം കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നതിലൂടെ ഉണ്ടായ സംഘര്‍ഷങ്ങളും ചെറുതല്ല. കളിയുടെ മാന്യതയും അന്തഃസത്തയും പൂര്‍ണ്ണമായ തലത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് പോസിറ്റീവ് സ്പോര്‍ട്സ്പേഴ്സണ്‍ഷിപ്പ് എന്ന തലത്തിലേക്ക് കൂടി ഉയരേണ്ടത് ആരാധകരുടെ കടമയാകുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വ്യക്തികള്‍ ആര്‍ജിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട നൈപുണികളില്‍ ഒന്നാണ് പരസ്പര സഹകരണം. അകന്നുപോകുന്നവരെ ഒരുമിപ്പിക്കുവാന്‍ സാധിക്കുന്ന സാമൂഹ്യമായ ഒത്തൊരുമ തന്നെയാണ് യഥാര്‍ത്ഥത്തില്‍ സോക്കര്‍ മൈതാനങ്ങളുടെ സംഭാവന.

സോക്കര്‍ മാസ്മരികതയും
സമൂഹ കൂട്ടായ്മയും

ഖത്തറില്‍ ലോകകപ്പിന്‍റെ കാല്‍പ്പെരുമാറ്റം മുഴങ്ങിയതുമുതല്‍ ഒരു കളി പോലും നഷ്ടപ്പെടാതെ കാണുവാനുള്ള സാഹചര്യമാണ് കളിയാരാധകരുടെ സംഘാടനമികവിലൂടെ രൂപപ്പെടുത്തിയെടുത്തത്. ഗ്രാമ-നഗര വ്യത്യാസമെന്യേ ഓരോ കവലയിലും വിവിധ താരങ്ങളുടെ കട്ടൗട്ടുകളും രാജ്യങ്ങളുടെ പതാകകളും ഉയര്‍ന്നുപൊങ്ങിയത് മനോഹര ദൃശ്യാവിഷ്കാരമായിരുന്നു. എല്ലാ പ്രദേശങ്ങളിലും കളി കാണുവാന്‍ സൗകര്യപ്രദമായ രീതിയിലുള്ള പ്രത്യേക പ്രദര്‍ശനങ്ങള്‍ വലിയ സ്ക്രീനുകളില്‍ ക്രമീകരിച്ചിരുന്നു. കൂടുതല്‍ ഇടങ്ങളിലും മൈതാനങ്ങളിലോ പൊതു ഇടങ്ങളിലോ ആയിരുന്നു ഇവ സംഘടിപ്പിച്ചിരുന്നത്. വാദ്യഘോഷങ്ങളുടെ അകമ്പടിയും ആര്‍പ്പുവിളികളുടെ സൗന്ദര്യവും കേരളത്തിലെ പ്രാദേശിക ഇടങ്ങളെ കൂടുതല്‍ വര്‍ണ്ണാഭമാക്കി. മത്സരങ്ങള്‍ക്ക് മുന്നോടിയായി ബൈക്ക് റാലികളും റോഡ് ഷോയും പ്രാദേശിക മത്സരങ്ങളുടെ സംഘാടനവും ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ആരാധകരുടെ നേതൃത്വത്തില്‍ നടന്നിരുന്നു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള പ്രതീകാത്മക ഫുട്ബോള്‍ മത്സരങ്ങള്‍ കേരളത്തില്‍ എല്ലായിടങ്ങളിലും വളരെ വിജയകരമായ രീതിയില്‍ നടന്നിട്ടുണ്ട്. ലഹരി നിര്‍മാര്‍ജനത്തിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ലോകകപ്പിന്‍റെ ഭാഗമായി സംസ്ഥാനത്ത് ആകെ രണ്ടുകോടി ഗോള്‍ അടിക്കുന്ന പരിപാടി നടത്തിയത് വലിയൊരു സാമൂഹിക ബോധവല്‍ക്കരണത്തിന്‍റെയും കൂട്ടായ്മയുടെയും ആവിഷ്കാരമായി മാറി. ഇതുകൂടാതെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സെലിബ്രിറ്റികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫുട്ബോള്‍ മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിച്ചിരുന്നു.

അപ്രതീക്ഷിത അട്ടിമറികള്‍
ലോകകപ്പ് തുടങ്ങുന്നതിനു മുമ്പുതന്നെ വിവിധ രാജ്യങ്ങള്‍ വിജയിക്കുമെന്ന പ്രവചനവുമായി ധാരാളം കായിക നിരീക്ഷകരും കളിയാരാധകരും മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തകിടംമറിച്ചുകൊണ്ടുള്ള പ്രകടനമായിരുന്നു മിക്ക രാജ്യങ്ങളും കാഴ്ചവച്ചത്.ഒരു ടീമിനും സര്‍വാധിപത്യം പുലര്‍ത്തുവാന്‍ കഴിഞ്ഞിരുന്നില്ല എന്നുള്ളതാണ് ഈ ലോകകപ്പിലെ ഏറ്റവും വലിയ പ്രത്യേകത. മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയെയും സ്പെയിനേയും ഏഷ്യയിലെ താരോദയമായ ജപ്പാന്‍ അട്ടിമറിച്ചത് അപ്രതീക്ഷിതമായാണ്. സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്‍റീനയെ അട്ടിമറിയിലൂടെ സൗദി അറേബ്യ കീഴടക്കിയത് ഏവരെയും ഞെട്ടിച്ചു. ഫുട്ബോള്‍ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ വീഴ്ത്തിക്കൊണ്ട് മറ്റൊരു ഏഷ്യന്‍ ശക്തിയായ ദക്ഷിണകൊറിയയും തങ്ങളുടെ ശക്തി പുറത്തിറക്കി. വളരെ ശക്തരായ സ്പെയിനിനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയും കരുത്തുകാട്ടി. ലോകകപ്പ് നേടുമെന്ന് അമിത പ്രതീക്ഷയുമായി എത്തിയ ലോക ഒന്നാം നമ്പര്‍ ടീമായ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റു മടങ്ങിയത് ആരാധകരെ നിരാശരാക്കി. ആഫ്രിക്കയിലെ ഒരു ടീം ആദ്യമായി സെമിയില്‍ എത്തിയതിനും ഈ ലോകകപ്പ് സാക്ഷിയായി. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ചു കൊണ്ടാണ് മൊറോക്കോ സെമിഫൈനലിലേക്ക് എന്‍ട്രി നേടിയത്. ലൂസേഴ്സ് ഫൈനലില്‍ മത്സരിച്ച മൊറോക്കോയുടെയും ക്രൊയേഷ്യയുടെയും പ്രകടനവും ആരാധക മനസ്സുകളെ കീഴടക്കിയിരുന്നു. വ്യക്തിഗത പ്രകടനത്തിനു പകരമായി ടീം കോമ്പിനേഷനില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയതിലൂടെ ലഭ്യമായ നേട്ടങ്ങളാണ് കൂടുതലും.

ഖത്തറിന് നന്ദി,
മികച്ച കളിവിരുന്ന്
സമ്മാനിച്ചതിന്

ലൂസൈയിലിലെ കായിക വേദിയില്‍ കാല്‍പന്തുകളിയുടെ വിശ്വപോരാട്ടത്തിന് നാന്ദികുറിക്കുമ്പോള്‍ സോക്കറുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഒരു സംഘാടന മികവ് ഒരുക്കുന്നതിന് ഖത്തറിന് കഴിഞ്ഞു. ഏഷ്യയിലെ ഒരു അറബ് രാജ്യം ഈ കായികാഘോഷത്തിന് നേതൃത്വം നല്‍കുന്നതില്‍ പല വമ്പന്മാര്‍ക്കും പ്രതിഷേധമുണ്ടായിരുന്നു. ആരുടെയും എതിര്‍പ്പിനെ വകവയ്ക്കാതെ എല്ലാവിധ ലോകോത്തര കായിക സംവിധാനങ്ങളും ഒരുക്കിക്കൊണ്ട് കുഞ്ഞുരാജ്യമായ ഖത്തര്‍ വിശ്വ കായിക ഭൂപടത്തിന്‍റെ നെറുകയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഖത്തറിലെ സാംസ്കാരിക വിസ്മയം ലോക കായിക പ്രേമികളെ അറിയിക്കുവാനും ആരാധകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് ആഘോഷിക്കുവാനും സന്തോഷം പങ്കുവയ്ക്കാനുമുള്ള ഇടങ്ങള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചുകൊണ്ട് ഒരു യഥാര്‍ത്ഥ ആതിഥേയന്‍റെ എല്ലാവിധ കടമകളും പൂര്‍ത്തിയാക്കിയാണ് ലോകകപ്പിനെ ഖത്തര്‍ വരവേറ്റത്. യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കും മാത്രമല്ല ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും കാല്‍പന്തുകളിയുടെ ലോകത്ത് അവരുടേതായ ഇടമുണ്ടെന്ന കാഴ്ചപ്പാട് രൂപപ്പെടുത്തുവാന്‍ ഖത്തര്‍ ലോകകപ്പ് സാക്ഷിയായി.2026 ല്‍ ഇരുപത്തിമൂന്നാമത് ഫിഫ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്•

Previous article
Next article
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + 20 =

Most Popular