Friday, November 22, 2024

ad

Homeസിനിമചലച്ചിത്രമേള എന്ന രാഷ്ട്രീയപ്രഖ്യാപനം

ചലച്ചിത്രമേള എന്ന രാഷ്ട്രീയപ്രഖ്യാപനം

സജിത്ത് എം എസ്

Zen, Zindagi, Azadi
(സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം)  

ഇരുപത്തിയേഴാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടനവേദിയെ ത്രസിപ്പിച്ച മുദ്രാവാക്യമാണ് Zen, Zindagi, Azadi. ഈ വര്‍ഷത്തെ The Spirit of Cinema Award ഇറാനിയന്‍ ചലച്ചിത്ര സംവിധായികയും സ്ത്രീ അവകാശ പ്രവര്‍ത്തകയുമായ മഹ്നസ് മൊഹമ്മദിക്കാണ് കേരളസര്‍ക്കാര്‍ നല്‍കിയത്. കടുത്ത യാത്രാ വിലക്കുകള്‍ കാരണം അവര്‍ക്ക് IFFK വേദിയില്‍ നേരിട്ടെത്തി കേരളം അവര്‍ക്ക് നല്‍കിയ അംഗീകാരം സ്വീകരിക്കാന്‍ സാധിച്ചില്ല. പകരം അവര്‍ ഗ്രീക്ക് സിനിമ സംവിധായിക കൂടിയായ സുഹൃത്ത് അധീന റെയ്ച്ചലിന്‍റെ കൈവശം കൊടുത്തയച്ചത് അവരുടെ മുറിച്ചെടുത്ത മുടിയിഴകളാണ്.

തന്‍റെ മുടിയിഴ പുറത്തുകണ്ടതിന്‍റെ പേരില്‍ ഇറാനില്‍ കൊല്ലപ്പെടുമ്പോള്‍ മഹ്സ എന്ന പെണ്‍കുട്ടിക്ക് ഇരുപത്തിരണ്ട് വയസേ ഉണ്ടായിരുന്നുള്ളൂ. ആ പെണ്‍കുട്ടിയുടെ മരണം തുറന്നുവിട്ട പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍  ഇറാന്‍ ഭരണകൂടം ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു രാജ്യത്തെ സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മുടി മുറിച്ചും കത്തിച്ചും പ്രതിഷേധം രേഖപ്പെടുത്തുമ്പോള്‍ അതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് മഹ്നസ് മൊഹമ്മദി അവരുടെ മുടിയിഴ കൊടുത്തയച്ചു കൊണ്ട് അവര്‍ ഒരിക്കല്‍ പോലും വരാത്ത കേരളത്തിലെ IFFK വേദിയില്‍ ഉണ്ടായിരുന്നവരോട് പറഞ്ഞയച്ച മുദ്രാവാക്യം ആണ് മേല്‍പ്പറഞ്ഞ Zen, Zindagi, Azadi എന്ന വാക്യം. സ്ത്രീ, ജീവിതം, അവകാശം എന്ന് പരിഭാഷ.

മുടിയിഴയ്ക്കൊപ്പമുള്ള സന്ദേശത്തില്‍ അവര്‍ പറയുന്നു  മറ്റൊന്നും തനിക്ക് വേണ്ട, ഈ ഭൂമിയില്‍ തനിക്ക് കിട്ടേണ്ട ജൈവിക അവകാശങ്ങള്‍ മാത്രം മതി…

ശക്തയായ ആ സ്ത്രീയുടെ പോരാട്ടങ്ങള്‍ക്ക് ഐക്യം. ആദരവ്. അവരെ ആദരിക്കാനുള്ള തീരുമാനം എടുത്ത സര്‍ക്കാരിന്‍റെ നിലപാട് ഒരു രാഷ്ട്രീയ നിലപാട് കൂടിയാണ്. പുതിയ കാലത്ത് ഏത് പക്ഷത്ത് നില്‍ക്കുന്നു എന്ന വളരെ കൃത്യമായ ഒരു രാഷ്ട്രീയ സന്ദേശം ചലച്ചിത്രമേള നല്‍കുന്നുണ്ട്.

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംഘപരിവാര്‍ പ്രൊപ്പഗന്‍ഡ സിനിമയായ ‘കാശ്മീരി ഫയല്‍സ്’ എന്ന വിദ്വേഷ പ്രചരണ ആയുധം തിരുകിക്കയറ്റിയതിനെ ജൂറി തന്നെ വിമര്‍ശിക്കുന്നിടത്ത് ഒരു കലാവേദി എത്തിനില്‍ക്കുമ്പോള്‍ ആണ് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള അതിന്‍റെ രാഷ്ട്രീയ നിലപാട് ഉദ്ഘാടനവേദിയില്‍ തന്നെ വ്യക്തമാക്കുന്നത്. കല വിദ്വേഷ പ്രചരണങ്ങളുടെയല്ല. മറിച്ച് പോരാട്ടത്തിന്‍റെയും ചെറുത്തുനില്‍പ്പിന്‍റെയും അതിജീവനത്തിന്‍റെയും മാധ്യമമാണ് ആകേണ്ടത്. സത്യാനന്തരകാലത്ത്  സിനിമകളുടെ സാമൂഹിക ഉത്തരവാദിത്വമെന്ത് എന്നത് വലിയ ഒരു ചോദ്യമാണ്. ആ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.

ഏക് ജഗത് അപ്നി (A Place of Our Own) എന്ന ഏക്താര കളക്റ്റീവ് സംവിധാനം നിര്‍വഹിച്ച ചിത്രം മധ്യപ്രദേശിലെ രണ്ട് ട്രാന്‍സ് സ്ത്രീകളുടെ താമസിക്കാന്‍ ഒരിടം തേടിയുള്ള അലച്ചിലിന്‍റെ കഥ പറയുന്ന സിനിമയാണ്. ‘Our Home’ എന്ന മണിപ്പൂരി സിനിമ ലോക്തക് തടാകതീരത്തെ ഒരു ഒറ്റപ്പെട്ട മത്സ്യബന്ധന സമൂഹത്തെ കുടിയൊഴിപ്പിക്കാനുള്ള ഗവണ്മെന്‍റ് തീരുമാനം വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ ദൃശ്യവല്‍ക്കരിക്കുന്നു. മലയാള സിനിമകളായ ‘അറിയിപ്പ്’, ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നീ ചലച്ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മറ്റ് ഇന്ത്യന്‍സിനിമകള്‍.പുതിയ ദൃശ്യഭാഷയും കഥപറച്ചിലിന്‍റെ പുതിയ രീതികളും പരീക്ഷിക്കുന്ന ഇരു ചിത്രങ്ങളും മേളയില്‍ വളരെയധികം പ്രേക്ഷകപ്രീതി നേടിയ സിനിമകള്‍ കൂടിയാണ്.

അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മറ്റു ചലച്ചിത്രങ്ങളും പ്രമേയം കൊണ്ടും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം കൊണ്ടും ശക്തമായ അടയാളപ്പെടുത്തലുകള്‍ നടത്തുന്ന സിനിമകളാണ്. ഇസ്രയേലി സിനിമയായ ‘Concerned Citizens’ സ്വവര്‍ഗാനുരാഗികളായ പുരുഷദമ്പതികളുടെയും അവരുടെ വൈകാരികാവസ്ഥകളുടെയും കഥ പറയുന്നതാണ്. ‘Convenient Store’ എന്ന സിനിമ റഷ്യന്‍ കുടിയേറ്റജനതയുടെ ജീവിതത്തിന്‍റെ യഥാതഥമായ അനുഭങ്ങളുടെ തിരയാവിഷ്കാരമാണ്.ഈ നിലയില്‍ സിനിമ എന്ന മാധ്യമത്തെ പ്രതിരോധത്തിന്‍റെയും നിലപാടുകളുടെയും കൂടി പ്രഖ്യാപനമാക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് ലോകമെമ്പാടുമുള്ള പുതിയ കാലത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ചെയ്യുന്നത് എന്ന ബോധ്യം ഓരോ ചലച്ചിത്രാസ്വാദകനും കൊടുക്കാന്‍ മേളയ്ക്ക് സാധിക്കുന്നുണ്ട്.

മത്സരവിഭാഗങ്ങള്‍ക്കപ്പുറം മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമകളൊക്കെത്തന്നെയും പുതിയ കാലത്തിന്‍റെ രാഷ്ട്രീയം പറയുന്ന സിനിമകളാണ്. ആര്‍ട്ടിക്കിള്‍ 19, ഫ്രീഡം ഫൈറ്റ്, ബാക്കി വന്നവര്‍, ഗ്രേറ്റ് ഡിപ്രഷന്‍, നോര്‍മല്‍, ദബാരിക്കുരുവി, ആണ് എന്നിങ്ങനെ പുതിയകാലത്തെ ദൃശ്യസംസ്കാരവും സാമൂഹിക ആശയങ്ങളും പ്രശ്നങ്ങളും സംസാരിക്കുന്ന ചലച്ചിത്രങ്ങളാണ് ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ ഉണ്ടായിരുന്നത്. പുതിയ കാലത്തെ മനുഷ്യജീവിതങ്ങളെ മലയാള സിനിമ തിരശീലയില്‍ ആവിഷ്കരിക്കുന്നത് എപ്രകാരമാണെന്ന് ഈ വിഭാഗത്തിലെ സിനിമകള്‍ പറയുന്നു. ‘ദബാരിക്കുരുവി’ പോലുള്ള ചലച്ചിത്രങ്ങള്‍ ശബ്ദമില്ലാതെ അരികുവല്‍ക്കരിക്കപ്പെടുന്ന മനുഷ്യരുടെ ശബ്ദത്തെ തിരയില്‍ ശക്തമായി രേഖപ്പെടുത്തുന്നവയാണ്. ‘സെവന്‍റിനേഴ്സ്’ എന്ന കന്നഡ ചലച്ചിത്രം ഒരു യുവത്വത്തെയും ജാതിയെയും നിലയില്‍ അഡ്രസ് ചെയ്യുന്ന സിനിമയാണ്. സ്ത്രീകള്‍, തൊഴിലാളികള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങി ഈ ഭൂമിയിലെ എല്ലാ മനുഷ്യരുടെയും അന്തസ്സിനെക്കുറിച്ചുള്ള ഗൗരവമായ ചിന്തകള്‍ പ്രേക്ഷകരിലെത്തിക്കുന്ന ലോകസിനിമകളാണ് എല്ലാ തവണത്തെയുമെന്നപോലെ ഇത്തവണയും ഐഎഫ്എഫ്കെയെ വേറിട്ടുനിര്‍ത്തുന്നത്.

ചലച്ചിത്രം എന്ന മാധ്യമത്തെ വളരെ ഗൗരവത്തില്‍ സമീപിക്കുന്ന യുവജനതയുടെ സജീവമായ പങ്കാളിത്തമാണ് ഈ വര്‍ഷത്തെ മേളയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. സിനിമയെ വളരെ ഗൗരവത്തില്‍ സാങ്കേതികമായിക്കൂടി സമീപിക്കുന്ന ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും കൂടി വേദിയാകുന്നു ഐഎഫ്എഫ്കെ. സിനിമയെ വിദ്വേഷത്തിന്‍റെയും ഭിന്നിപ്പിന്‍റെയും ആയുധമാക്കി ഭരണകൂട പിന്‍ബലത്തോടെ നിര്‍മ്മിക്കപ്പെടുന്ന ചലച്ചിത്രങ്ങളുടെ കാലത്ത് ഐഎഫ്എഫ്കെ പോലുള്ള ചലച്ചിത്രമേളകളുടെ സാമൂഹിക രാഷ്ട്രീയ പ്രസക്തി വര്‍ദ്ധിക്കുകയാണ് എന്ന് നിസ്സംശയം പറയാം.

Previous article
Next article
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 + 15 =

Most Popular