Monday, May 20, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻവെറുപ്പിന്റെ രാഷ്ട്രീയം

വെറുപ്പിന്റെ രാഷ്ട്രീയം

സുഭാഷിണി അലി

സംസ്ഥാനത്ത് രണ്ടുമാസമായി നിലനിന്നിരുന്ന ഇന്റർനെറ്റ് നിരോധനം മണിപ്പൂർ ഗവൺമെന്റ് 2023 ജൂലെെ 25ന് പിൻവലിച്ചു. സംസ്ഥാനത്തെ അരക്ഷിതാവസ്ഥയിലായ ജനങ്ങൾക്ക് ആശ്വാസം എത്തിക്കാനുള്ള പ്രക്രിയയ്ക്ക് തുടക്കമാകുന്ന സ്വാഗതാർഹമായ ഒരു നീക്കമാണിതെന്ന് തോന്നിയേക്കാം. എന്നാൽ ഈ പ്രഖ്യാപനത്തിനു പിന്നാലെ വന്ന സർക്കാർ ഉത്തരവ് ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നവർക്കുമേൽ ഭീകരമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതായിരുന്നു. ‘സംസ്ഥാനത്ത് നിലനിൽക്കുന്ന ക്രമസമാധാന പ്രതിസന്ധി മൂർഛിപ്പിക്കാനിടയാക്കിയേക്കാവുന്ന, തെറ്റിദ്ധാരണയോ അവിശ്വാസമോ സൃഷ്ടിക്കാൻ സാധ്യതയുള്ള’’ ഏതെങ്കിലും പോസ്റ്റ് ഷെയർ ചെയ്യുകയാണെങ്കിൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ഈ ഉത്തരവിലൂടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെ താക്കീതുചെയ്തു. ഏതെങ്കിലും സിസ്റ്റത്തിൽ നിന്നോ അഥവാ റൗട്ടറിൽ നിന്നോ ‘‘വെെ–ഫെെ/ ഹോട്ട് സ്പോട്ട്’’ ഉപയോഗിക്കില്ല എന്നും ഉപഭോക്താക്കൾ ഉറപ്പു നൽകേണ്ടതുണ്ട്; ഇത്തരത്തിലുള്ള മറ്റു പല നിയന്ത്രണങ്ങൾക്ക് പുറമെയാണിത്; ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ സോഷ്യൽ മീഡിയ വെബ്സെെറ്റുകളും വിപിഎന്നുകളും ബ്ലോക്ക് ചെയ്യണം; ‘‘നിത്യേന ലോഗ് ഇൻ ഐഡിയും പാസ്-വേഡും മാറ്റിക്കൊണ്ടിരിക്കണം’’ എന്നുമെല്ലാം ആ ഉത്തരവിലുണ്ട്. അഭിപ്രായപ്രകടനത്തിനും ആശയവിനിമയത്തിനുമുള്ള മണിപ്പൂരുകാരുടെ അവകാശം കർക്കശമായി അടിച്ചമർത്തുമെന്നാണ് ഈ ‘‘ഉറപ്പുനൽകൽ’’ ഓർമപ്പെടുത്തുന്നത്. ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് ഗവൺമെന്റിന്റെ വലിയൊരു ചുവടുവയ്പെന്ന് കൊട്ടിഘോഷിക്കവെ തന്നെ അതിൽ ഒളിഞ്ഞിരിക്കുന്ന യാഥാർഥ്യം ഇതാണ്.

സ്ത്രീശരീരങ്ങളെ 
ആയുധമാക്കുന്ന ആർഎസ്എസ്
മെയ് മൂന്നിന് ഇന്റർനെറ്റ് അടച്ചുപൂട്ടിയതുമൂലമാണ് അതിനുശേഷം മണിപ്പൂരിൽ നടന്ന അനന്തമായ കൊടുംക്രൂരതകളും കൊലപാതകങ്ങളും കൊള്ളിവെയ്പുകളും മറ്റ് ആക്രമണങ്ങളും മണിപ്പൂരിനു പുറത്തുള്ള ഇന്ത്യൻ പൗരരും മിക്കവാറും മണിപ്പൂരുകാരും അറിയാതിരുന്നത്. മെയ-്ത്തി വിഭാഗത്തിൽപ്പെട്ട മദമിളകിയ മട്ടിലുള്ള ഒരു കൂട്ടം പുരുഷന്മാർ കുക്കി സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുന്ന ഭീകരമായ ദൃശ്യം അടങ്ങുന്ന വീഡിയോ പുറത്തുവന്നതോടെ ഇക്കാര്യം സംശയാതീതമായി വ്യക്തമായി; ആ സ്ത്രീകളെ ശാരീരികമായി ദുരുപയോഗം ചെയ്ത ആ നരാധമന്മാർ സർവവിധത്തിലും അവരെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ജൂലെെ 19 ഓടുകൂടിയാണ് ഇൗ വീഡിയോ പുറത്തുവന്നത്. രാജ്യത്തുടനീളമുള്ള പൗരരിൽ ഇത് കടുത്ത രോഷവും വെറുപ്പും ഉയർന്നുവരുന്നതിനിടയാക്കി; തുടർന്ന് എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഈ കുറ്റകൃത്യത്തിനുത്തരവാദികളായവർക്കെല്ലാം തന്നെ ഉടൻ കർക്കശമായ ശിക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പ്രസ്താവന നടത്താൻ മണിപ്പൂർ മുഖ്യമന്ത്രിയെ നിർബന്ധിതനാക്കിയതും ഈ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ്. മെയ് മൂന്നുമുതൽ മണിപ്പൂരിൽ നടമാടുന്ന അക്രമങ്ങളെ സംബന്ധിച്ച് ആദ്യമായി ഒരു പ്രസ്താവന നടത്താൻ പ്രധാനമന്ത്രിയെ നിർബന്ധിതനാക്കിയതും ഈ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ്. സ്ത്രീകൾക്കു നേരെ നടന്ന ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു; പക്ഷേ, ബിജെപി ഇതരകക്ഷികൾ ഭരിക്കുന്ന ബംഗാൾ, രാജസ്താൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും സ്ത്രീകൾ ആക്രമണങ്ങൾക്കിരയാകുന്നുണ്ട് എന്നു പറഞ്ഞ് മണിപ്പൂരിലെ സംഭവത്തെ സാമാന്യവൽക്കരിക്കാനും അദ്ദേഹം മടിച്ചില്ല.

ആ വീഡിയോയിൽ കണ്ടതിൽ 6 ആക്രമണകാരികൾ ഉടൻ അറസ്റ്റ് ചെയ്യപ്പെട്ടു; സമാധാനം പുനഃസ്ഥാപിക്കാനും നീതി ഉറപ്പാക്കാനും ഇരുഗവൺമെന്റുകളും ഇനി ഫലപ്രദമായി ഇടപെടുമെന്ന് ജനങ്ങൾ കരുതി. ഒട്ടനവധി പൊലീസുകാരുടെ സാന്നിധ്യത്തിൽ മെയ് 4നാണ് ആ വീഡിയോയിൽ കാണുന്ന റിക്കാർഡ് ചെയ്യപ്പെട്ട സംഭവങ്ങൾ നടന്നത് എന്ന വിവരം പുറത്തുവന്നതോടെ അവരുടെ പ്രതീക്ഷകൾ അസ്തമിച്ചു. സംഭവം നടന്ന് രണ്ട് ആഴ്-ചയ്ക്കുള്ളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അപ്പോൾ തന്നെ മണിപ്പൂർ ഗവൺമെന്റും അവിടത്തെ മുഖ്യമന്ത്രിയും സ്ത്രീകൾക്കു നേരെ നടന്ന ഈ ലജ്ജാകരമായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. ഇപ്പോൾ പൊതുമണ്ഡലത്തിൽ വന്ന ഈ വീഡിയോ റിക്കാർഡ് ചെയ്യപ്പെട്ട് ഏറെക്കഴിയും മുൻപുതന്നെ അതിൽ കാണുന്ന ഭീകരമായ സംഭവങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവർ കേന്ദ്ര ഗവൺമെന്റിനെയും ആഭ്യന്തരമന്ത്രിയെയും പ്രധാനമന്ത്രിയെയും അറിയിച്ചിട്ടുണ്ടാകില്ല എന്നും കരുതാനാവില്ല. രണ്ടു മാസത്തിലേറെ കഴിഞ്ഞിട്ടും ഒരു നടപടിയും കെെക്കൊള്ളാത്തതെന്തെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇത്തരം കേസുകൾ സംബന്ധിച്ച് ആയിരക്കണക്കിന് എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും അവയിലെല്ലാം ഇടപെടുന്നത് അസാധ്യമാണെന്നുമാണ്. എന്നാൽ ഈ ആയിരക്കണക്കിനു കേസുകൾക്ക് ഉത്തരവാദികളായ കുറ്റവാളികൾ ഒന്നുംതന്നെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമില്ല.

ഈ വീഡിയോ പുറത്തുവന്നതിനെത്തുടർന്ന്, സ്ത്രീകൾക്കും കുട്ടികൾക്കും അവരുടെയെല്ലാം കുടുബാംഗങ്ങൾക്കും നേരെ നടന്ന ഭീകരമായ ആക്രമണങ്ങളുടെ വിശദവിവരങ്ങൾ പുറത്തുവന്നു. കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും മെയ്-ത്തി വിഭാഗത്തിൽപെട്ട ഐഎൻഎ ഭടന്റെ 80 വയസ്സുള്ള വിധവയെ ചുട്ടുകൊന്നതും മൃഗീയമായ വിധം സ്ത്രീകളുടെ ശരീരഭാഗങ്ങൾ മുറിച്ചു മാറ്റിയതും ഉൾപ്പെടെയുള്ള സംഭവങ്ങൾ സംബന്ധിച്ച് ഒട്ടേറെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്; നിരവധി പുരുഷന്മാർ കൊല്ലപ്പെടുകയും അംഗഭംഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളിലെല്ലാം ഇരകൾ അധികവും കുക്കികളാണ്.

മെയ് മൂന്നു മുതൽ മണിപ്പൂർ കത്തിയെരിയുകയാണ്. 40 ലക്ഷം ആളുകൾ മാത്രം അധിവസിക്കുന്ന ഈ കൊച്ച് അതിർത്തി സംസ്ഥാനത്ത് അതിനുശേഷം കൊല്ലപ്പെട്ടത് 150 ലധികം ആളുകളാണ്. അസഖ്യം വീടുകൾ കത്തിനശിച്ചു. 50,000ത്തിൽ അധികം ജനങ്ങൾ വിവിധ ‘അഭയാർഥിക്യാമ്പു’കളിൽ കഴിയാൻ നിർബന്ധിതരായി. സ്-കൂളുകളും കോളേജുകളും നിരവധി തൊഴിലിടങ്ങളും അടച്ചുപൂട്ടപ്പെട്ടിരിക്കുകയാണ്; അവിടത്തെ താമസക്കാരിൽ മിക്കവാറും എല്ലാവരുടെയും ജീവിതം താറുമാറായിരിക്കുകയാണ്; സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധം തകർക്കപ്പെട്ടിരിക്കുകയാണ്. ഇതെല്ലാം ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് കുക്കികളെയാണ്. എന്നിട്ടും, രണ്ടുമാസത്തിലേറെക്കാലമായി സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മഹാദുരന്തത്തെക്കുറിച്ച് പ്രധാനമന്ത്രി തന്റെ മൗനം തുടരുകയാണ്; ആഭ്യന്തരമന്ത്രി നിഷ്ഫലമായ ഒരു സന്ദർശനം നടത്തി; മുഖ്യമന്ത്രി പക്ഷപാതപരമായാണ് ഇടപെടുന്നത് എന്നും അക്രമസംഭവത്തിലെ കൂട്ടുപങ്കാളിയാണ് അദ്ദേഹമെന്നും ആരോപിക്കുന്നത് സ്വന്തം പാർട്ടിയിലെ എംഎൽഎമാർ തന്നെയാണ്.

സ്ത്രീകൾക്ക് സുരക്ഷയും നീതിയും ലഭിക്കാനുള്ള അവകാശത്തോട് ബിജെപിയുടെ ഈ ഇരട്ട എഞ്ചിൻ ഗവൺമെന്റിന്റെ നിഷ്ഠുരമായ മനോഭാവം ആരെയും ഞെട്ടിക്കുന്നതാണ്; ഏത് കലാപമുണ്ടായാലും അത് ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയാണ്. തങ്ങൾ ശത്രുക്കളായി കരുതുന്നവരെ വേദനിപ്പിക്കാനും അപമാനിക്കാനുമുള്ള യുദ്ധഭൂമിയായി സ്ത്രീ ശരീരങ്ങൾ ഉപയോഗിക്കപ്പെടുകയാണ്. തങ്ങളെ സംരക്ഷിക്കാൻ ചുമതലപ്പെട്ട ഭരണാധികാരികൾ ആ കടമ നിറവേറ്റാതെ അവരെ വഞ്ചിക്കുകയാണ്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ മാത്രമല്ല, ദേശീയ വനിതാകമ്മീഷൻ പോലും മണിപ്പൂരിൽ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ വഞ്ചിക്കുകയാണ്; ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷ പരസ്യമായി പ്രസ്താവിച്ചത് വിദേശത്ത് പ്രവർത്തിക്കുന്ന മണിപ്പൂരി സംഘടനകളിൽനിന്ന് ആ സംസ്ഥാനത്തെ സ്ത്രീകൾ നേരിടുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അവർക്ക് ലഭിച്ചതായാണ്; മണിപ്പൂർ ഗവൺമെന്റിന് മൂന്ന് കത്തയച്ചുവെന്നും എന്നാൽ ഗവൺമെന്റിൽനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ലയെന്നും ദേശീയ വനിതാകമ്മീഷൻ അധ്യക്ഷ പ്രസ്താവിച്ചു. എന്നാൽ ഈ കൊടുംക്രൂരതകളെക്കുറിച്ചും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണമില്ലാത്തതിനെക്കുറിച്ചും അവർ ഇതേവരെ പൊതുജനങ്ങളെ അറിയിച്ചില്ല എന്നു മാത്രമല്ല, ജൂലെെ 25നാണ് സംസ്ഥാനം സന്ദർശിക്കാനും ഇരകളെ കാണാനും അവർ സമയം കണ്ടെത്തിയത് എന്നത് ഈ വിജയത്തിൽ അവർ കാണിച്ച അലംഭാവം വെളിപ്പെടുത്തുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 1 =

Most Popular