Saturday, November 23, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻകേരളത്തിനെതിരെ 
ഉപരോധ സമാനമായ
സാമ്പത്തിക വിവേചനം

കേരളത്തിനെതിരെ 
ഉപരോധ സമാനമായ
സാമ്പത്തിക വിവേചനം

കേരളം നേരിടുന്ന 
സാമ്പത്തിക പ്രയാസത്തിന്റെ 
അടിസ്ഥാനമെന്താണ്?

• സംസ്ഥാനം പിരിക്കുന്ന വരുമാനവും കേന്ദ്ര സർക്കാർ പിരിച്ച് സംസ്ഥാനത്തിനു കൈമാറുന്ന നികുതിയും ഗ്രാൻ്റും ചേരുന്നതാണ് ഏതൊരു സംസ്ഥാനത്തിന്റേയും റവന്യൂ വരുമാനം.

• എല്ലാ സംസ്ഥാനങളുടേയും ശരാശരി എടുത്താൽ ആകെ റവന്യൂ വരുമാനത്തിന്റെ 57 ശതമാനം തനതു പിരിവും കേന്ദ്ര സർക്കാർ കൈമാറ്റം 43 ശതമാനവുമാണ്.

• എന്നാൽ കേരളത്തിന്റെ കണക്കുകൾ നോക്കൂ! തനതു പിരിവ് 73 ശതമാനമാണ്. കേന്ദ്ര വിഹിതമാകട്ടെ 27 ശതമാനം മാത്രം . ബജറ്റിലെ ഈ സ്ഥിതിയേക്കാൾ വളരെ മോശമാണ് ഇപ്പോൾ യാഥാർത്ഥത്തിൽ കിട്ടുന്ന കേന്ദ്ര വിഹിതം. 2023-–24 ൽ നവംബർ വരെയുള്ള യഥാർത്ഥ കണക്കുകൾ പ്രകാരം 82 ശതമാനവും സംസ്ഥാനം പിരിക്കുന്ന കേന്ദ്ര വിഹിതം 18 ശതമാനം മാത്രമാണ്.

• 2017-–2018 മുതൽ 2021-–2022 വരെയുള്ള ശരാശരി കണക്കുകളും വിശകലന വിധേയമാക്കിയിട്ടുണ്ട്. ഇതു പ്രകാരം കേരളത്തിന്റെ റവന്യൂ വരുമാനത്തിലെ കേന്ദ്ര വിഹിതം 35.3ശതമാനം മാത്രമാണ്.ഏതെങ്കിലും ഒരു വർഷത്തെ കണക്കല്ല, തുടർച്ചയായി ഈ വിവേചനം കേരളം നേരിടുന്നു എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്.

• ഇക്കാലയാളവിലെ കേന്ദ്രക്കൈമാറ്റത്തിലെ സംസ്ഥാനങ്ങളുടെ ശരാശരി 45% ആണ്. കേരളത്തിന്റെ ആകെ റവന്യൂ വരുമാനത്തിലെ കേന്ദ്രവിഹിതം എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരിയേക്കാൾ ഗണ്യമായി കുറവാണെന്നു ചുരുക്കം.

• നികുതി വിഹിതം കുറഞ്ഞാലും ഗ്രാന്റ് കിട്ടുന്നുണ്ടല്ലോ എന്നു പറയുന്നവരുണ്ട്. നികുതി വിഹിതവും ഗ്രാന്റും എല്ലാം ചേരുന്ന കണക്കാണിത്.

• കേന്ദ്ര വിഹിതത്തിലെ ഈ കടുത്ത വിവേചനമാണ് കേരളത്തിന്റെ ധനഅസന്തുലിതാവസ്ഥയുടെ അടിസ്ഥാന കാരണം.

റവന്യൂക്കമ്മി എന്തുകൊണ്ട്?

കേരളം ഉയർന്ന റവന്യൂക്കമ്മിയുള്ള സംസ്ഥാനമാണ് എന്നതാണല്ലോ സ്ഥിരം പഴി. ഈ റവന്യൂക്കമ്മിയുടെ അടിസ്ഥാന കാരണം PRS legislative Research ന്റെ State of State Finances റിപ്പോർട്ടിൽ പറയുന്നുണ്ട്. ചില സംസ്ഥാനങ്ങൾ സ്ഥിരമായി റവന്യുക്കമ്മിയിലാകുന്നത് തനതു വരുമാനം കുറഞ്ഞതു കൊണ്ടല്ല. ദേശീയ ശരാശരിയോളമോ ഉയർന്നതോ ആയ തനതു വിഭവ സമാഹരണം നടത്തുമ്പോഴും ഇവ റവന്യൂക്കമ്മിയിലാകുന്നതിന്റെ പ്രധാന കാരണം കുറഞ്ഞ കേന്ദ്ര വിഹിതമാണ്. ഇങ്ങനെ വലിയ നഷ്ടം വരുന്ന സംസ്ഥാനമായി കേരളത്തേയും റിപ്പോർട്ട് എടുത്തു പറയുന്നുണ്ട്. വളർച്ചയും ജനസംഖ്യാ നിയന്ത്രണവും എല്ലാം നമുക്കു മുന്നിൽ പുതിയ പല വെല്ലുവിളികളും ഉയർത്തുകയാണ് ചെയ്യുന്നത്. ഇതു പരിഗണിക്കപ്പെടുന്നില്ല എന്നു മാത്രമല്ല, അതുമൂലം കേരളം ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു.

 

കേന്ദ്ര വിഹിതം കുറയുന്നതെങ്ങനെ ?

ഏതൊരു സംസ്ഥാനത്തിന്റേയും വായ്പ ഒഴിച്ചുള്ള വരുമാനത്തിൽ സംസ്ഥാനം നേരിട്ടു പിരിക്കുന്ന വിഭവവും കേന്ദ്ര സർക്കാർ പിരിച്ചു കൈമാറുന്ന തുകയുമുണ്ട് എന്നു നാം കണ്ടു. അതിൽ കേന്ദ്രക്കൈമാറ്റമായി ലഭിക്കുന്ന പണം ദേശീയ ശരാശരിയേക്കാൾ ഗണ്യമായി കുറയുന്നതാണ് കേരളത്തിന്റെ ധന അസന്തുലിതാവാസ്ഥയുടെ അടിസ്ഥാന കാരണം എന്നും നാം കണ്ടല്ലോ?

കേന്ദ്ര കെെമാറ്റത്തിൽ ഈ കുറവ് വരുന്നതെങ്ങനെയാണ്?

കേന്ദ്ര കെെമാറ്റം എന്നു പറയുന്നതെന്തൊക്കെയാണ്?

കേന്ദ്രം കൈമാറിത്തരേണ്ട പണം കേന്ദ്ര സർക്കാരിന്റെ ഔദാര്യമാണോ?

 

കേന്ദ്ര നികുതി വിഹിതം 
കുറയുന്നതെങ്ങനെ?

കീശ കവരുന്ന കേന്ദ്രം
വിഭവ അധികാരങ്ങളുടെയും ചുമതലകളുടെയും വിഭജനത്തിൽ വലിയ അസന്തുലനം നിലവിലുണ്ട്. കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലെ ഈ അസന്തുലിതാവസ്ഥ പതിനഞ്ചാം ധനകാര്യ കമ്മീഷൻ അളന്നു പറഞ്ഞിട്ടുണ്ട്. ആകെ വരുമാനത്തിൽ 62.7ശതമാനവും കേന്ദ്ര സർക്കാരിനാണ്. അതേസമയം ചെലവുകളിൽ 62.4 ശതമാനവും സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള ക്രമീകരണമാണ് ധനകാര്യക്കമ്മീഷൻ. വിഭവക്കൈമാറ്റം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ്, അല്ലാതെ എന്തെങ്കിലും ഔദാര്യമല്ല.

ഇത്തരത്തിൽ പങ്കുവയ്ക്കേണ്ട നികുതികൾ ചേരുന്നതിനെയാണ് വിഭജിക്കേണ്ട നികുതിക്കൂട അല്ലെങ്കിൽ divisible pool എന്നു പറയുന്നത്. ഇപ്പോഴത്തെ വ്യവസ്ഥയനുസരിച്ച് സെസ്സുകളും സർച്ചാർജുകളും ഒഴികെയുള്ള നികുതിവരുമാനമെല്ലാം ഈ വിഭജിക്കേണ്ട നികുതിക്കൂടയിലിടണം . അപ്പോൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന തന്ത്രമെന്താണെന്നോ? സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കേണ്ടതില്ലാത്ത സെസുകളും സർച്ചാർജുകളുമായി നികുതി ഈടാക്കും. അതു പങ്കുവെയ്ക്കേണ്ട കണക്കിൽ വരില്ല, സ്വന്തം കീശയിൽ കിടന്നോളുമല്ലോ.നിരന്തരം കൂട്ടുന്ന ഇന്ധനനികുതി divisible pool ൽ വരാത്ത സെസ്സുകളായിട്ടാണ് ഈടാക്കുന്നത്.

പതിമൂന്നാം ധനക്കമ്മീഷന്റെ കാലത്ത് 32 ശതമാനമായിരുന്നു സംസ്ഥാന വിഹിതം. പതിന്നാലാം ധനകാര്യ കമ്മീഷൻ ഇതു 42 ശതമാനമായി ഉയർത്തും എന്ന സ്ഥിതി വന്നപ്പോഴാണ് സംസ്ഥാനങ്ങളുടെ നികുതി വിഹിതം (നികുതിയായും ഗ്രാന്റുകളായും നൽകുന്നത്) വെട്ടിക്കുറയ്ക്കാൻ നരേന്ദ്രമോഡി പിൻവാതിൽവഴി ഇടപെട്ടത്. ആ പിൻവാതിൽ ശ്രമത്തിൽ പങ്കാളിയായിരുന്ന നിതി ആയോഗ് CEO സുബ്രഹ്മണ്യം സാക്ഷ്യം പറഞ്ഞത് ഈ ഇടപെടൽ സംബന്ധിച്ചാണ്. ധനക്കമ്മീഷൻ വഴങ്ങിയില്ല. ഇതു നടക്കാതെ വന്നതുകൊണ്ടാണ് കുറുക്കുവഴിയിലൂടെ യൂണിയൻ സർക്കാർ സംസ്ഥാനങ്ങളുടെ കീശ കവരുന്ന നടപടി സ്വീകരിക്കുന്നത്. സംസ്ഥാനങ്ങളുടെ നികുതി വിഹിതം കൂട്ടുന്നത് തടയാൻ നോക്കി; നടന്നില്ല. അപ്പോൾ മോദി സർക്കാർ ചെയ്തത് എന്താണ്? പങ്കുവെയ്ക്കേണ്ട നികുതിക്കൂട ( divisible pool) വെട്ടിയൊതുക്കി.

ഇങ്ങനെ വർദ്ധിക്കുന്ന സെസ്സുകളും സർച്ചാർജ്ജുകളും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കേണ്ട നികുതി വിഹിതത്തിൽ എന്തു വ്യത്യാസം വരുത്തും? 2023–-2024 ലെ ബജറ്റ് കണക്കുകൾപ്രകാരം 33,60,858 കോടി രൂപയാണ് കേന്ദ്ര സർക്കാർ പിരിക്കുന്ന ആകെ നികുതി. ഇതിൽ സെസ്സുകളും സർച്ചാർജും 23 ശതമാനം എന്ന മിതമായ കണക്കെടുത്താൽ (GST നഷ്ടപരിഹാര സെസ് 4-5 ശതമാനം കുറച്ചുള്ള കണക്കാണിത്) എത്ര രൂപ വരും? 773000 കോടി രൂപ. ഇതു പത്തു ശതമാനമായി നിജപ്പെടുത്തിയാൽ എത്ര വ്യത്യാസം വരും? 4,37,000 കോടി രൂപകൂടി ഡിവിസിബിൾ പൂളിൽ കൂടുമായിരുന്നു.ഇതിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്കുള്ളതാണല്ലോ? അതെത്ര വരും? 1,80,000 കോടി രൂപ. ഇതിൽ ഇപ്പോഴത്തെ ധനകാര്യക്കമ്മീഷൻ വിഭജനപ്രകാരം 1.9 ശതമാനം കേരളത്തിനു കിട്ടണമല്ലോ? അതെത്ര വരും? 3500 കോടി രൂപ. ഇതാണ് ഇതിന്റെ വലിപ്പം. ഈ പോക്കറ്റടിമൂലം ഏറ്റവും കുറഞ്ഞത് 3500 കോടി രൂപ കേരളത്തിനും പോയിക്കിട്ടി!

നികുതി വിഭജനത്തിലെ വിവേചനം വരുത്തുന്ന നഷ്ടമെത്ര?
2021-–2026 കാലത്തേക്കുള്ള വിഭവവിന്യാസ തീർപ്പുകൾ (award)നടത്തിയത് പതിനഞ്ചാം ധനകാര്യക്കമ്മീഷനാണ്. വിഭജിക്കേണ്ട നികുതിക്കൂടയുടെ 41 ശതമാനമാണ് എല്ലാ സംസ്ഥാനങ്ങൾക്കുമായി ധനകാര്യക്കമ്മീഷൻ തീരുമാനിച്ചത്. സംസ്ഥാനങ്ങൾക്കുള്ള ഈ 41 ശതമാനം വിവിധ സംസ്ഥാനങ്ങൾക്കു പങ്കുവയ്ക്കുന്നതിനെയാണ് ഹോറിസോണ്ടൽ ഡെവലൂഷൻ എന്നു പറയുന്നത്. പതിനഞ്ചാം ധനകാര്യക്കമ്മീഷൻ തീർപ്പുപ്രകാരം കേരളത്തിനു ലഭിക്കുന്നത് ഈ 41 ശതമാനം വരുന്ന തുകയുടെ 1.925 ശതമാനമാണ്. ഇതൊന്ന് തുകയിൽ മനസിലാക്കാൻ ശ്രമിക്കാം.പതിനഞ്ചാം ധനകാര്യക്കമ്മീഷൻ കാലയളവിൽ (അഞ്ചുകൊല്ലം) എല്ലാ സംസ്ഥാനങ്ങൾക്കുമായി വിഭജിച്ചുനൽകുന്ന നികുതിവിഹിതം 42,24,760 കോടി രൂപയാണ്. ഈ തുകയുടെ 1.925 ശതമാനമാണ് കേരളത്തിനു കിട്ടുക. ഇതു 81326 കോടി രൂപയാണ്. ഈ നികുതി വിഹിത നിർണ്ണയത്തിൽ നാം വിവേചനം നേരിടുന്നു എന്നതാണ് കേരളത്തിന്റെ പ്രധാന പ്രശ്നം. എന്തുകൊണ്ടാണ് ഈ വാദം സാധുവാകുന്നതെന്ന് നമുക്കു നോക്കാം. ഇതിനു മുൻപുള്ള ധനകാര്യക്കമ്മീഷൻ തീർപ്പുകൾപ്രകാരം കേരളത്തിന്റെ വിഹിതം എത്രയായിരുന്നു?കേരളത്തിന്റെ നികുതി വിഹിതത്തിൽ പത്താം ധനകാര്യക്കമ്മീഷൻ മുതലുണ്ടായ ക്രമാനുഗതമായ ഇടിവ് താഴെയുള്ള ഗ്രാഫ് വ്യക്തമാക്കും.
പത്താം ധനകാര്യക്കമ്മീഷൻ തീർപ്പുപ്രകാരം കേരളത്തിന്റെ വിഹിതം 3.86 ശതമാനമായിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങൾക്കാകെ അഞ്ചു കൊല്ലംകൊണ്ടു വീതിച്ചു നൽകുന്ന നികുതി വിഹിതം 42,24,760 കോടി രൂപയിൽ അഞ്ചു കൊല്ലം കൊണ്ടു കേരളത്തിനു കിട്ടുന്നത് 81326 കോടി രൂപയാണെന്നു നാം കണ്ടു. അതാണ് 1.925 ശതമാനം. പത്താം ധനക്കമ്മീഷൻ മാനദണ്ഡപ്രകാരം കേരളത്തിനു നികുതി വിഹിതം ലഭിച്ചിരുന്നുവെങ്കിൽ, അതായത് 3.86 ശതമാനം കിട്ടിയിരുന്നെങ്കിൽ എത്രരൂപ കിട്ടുമായിരുന്നു? 1,63,920 കോടി രൂപ കിട്ടുമായിരുന്നു. അതായത് 82,594 കോടി രൂപയാണ് നഷ്ടം.

ഏറ്റവും കുറഞ്ഞതു ജനസംഖ്യാനുപാതികമായുള്ള നികുതി വിഹിതത്തിനെങ്കിലും കേരളം അർഹമാണല്ലോ? അങ്ങനെ നോക്കിയാൽ എത്ര കിട്ടണം? അഞ്ചു കൊല്ലം കൊണ്ട് 118293 കോടി രൂപ കിട്ടണം. അതായത് സംസ്ഥാനങ്ങൾക്കു വിഭജിക്കുന്ന ആകെ നികുതിയുടെ 2.8 ശതമാനം കിട്ടണം. കിട്ടിയതോ? 81326 കോടി രൂപ. ജനസംഖ്യാനുപാതികമായി നോക്കിയാൽ തന്നെ അഞ്ചു കൊല്ലം കൊണ്ടു കേരളത്തിന് സംഭവിക്കുന്ന നഷ്ടം 36967 കോടി രൂപയാണ്. പ്രതിവർഷം ഏകദേശം 7400 കോടി രൂപ.

കേരളത്തിന്റെ നികുതിവിഹിതം 


പത്താം ധനകാര്യക്കമ്മീഷൻ മുതൽ പതിനഞ്ചാം ധനകാര്യക്കമ്മീഷൻ വരെ

അവലംബം : വിവിധ ധനകാര്യ കമ്മീഷൻ റിപ്പോർട്ടുകൾ
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × five =

Most Popular