നികുതി വിഹിതം തുടരെ കുറയുന്നതെന്തുകൊണ്ടാണ്? സംസ്ഥാനങ്ങൾക്കായി മാറ്റിവെയ്ക്കുന്ന വിഹിതം വിവിധ സംസ്ഥാനങ്ങൾക്ക് പങ്കിടുന്നതിനുള്ള മാനദണ്ഡങ്ങൾ പൊതുവിൽ കേരളത്തിനു പ്രതികൂലമാകുന്നതാണ് ഈ ക്രമാനുഗതമായ കുറവിനു കാരണം.
100 രൂപയാണ് പങ്കിടുന്നത് എന്നു കരുതുക. ഇതിൽ 45 രൂപ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കൊടുക്കുക.മറ്റൊരു 15 രൂപ ജനസംഖ്യയ്ക്ക് അനുസരിച്ചും.ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനവുമായി നമുക്കുള്ള വ്യത്യാസം എടുക്കും, എന്നിട്ട് അത് ജനസംഖ്യയ്ക്ക് ആനുപാതികമാക്കും. പ്രധാന സംസ്ഥാനങ്ങളിൽ പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ കേരളം രണ്ടാമതാണ്.വരുമാന വ്യത്യാസം കുറവല്ലേ?ജനസംഖ്യയും കുറഞ്ഞു. നേരത്തെ 1971 ൽ ഓരോ സംസ്ഥാനത്തിനും എത്ര ജനസംഖ്യ ഉണ്ടായിരുന്നു എന്നു നോക്കിയാണ് നികുതി വിഭജനം നടത്തിയിരുന്നത്. ജനസംഖ്യാ നിയന്ത്രണം ഒരു ദേശീയ ലക്ഷ്യമാണ്. അതിൽ നേട്ടം കൈവരിക്കുന്നവരുടെ നികുതി വിഹിതം കുറയരുത് എന്നതു കൊണ്ടാണ് ഇങ്ങനെ ചെയ്തിരുന്നത്.1971 ൽ ദേശീയ ജനസംഖ്യയുടെ 3.9 ശതമാനമായിരുന്നു മലയാളികൾ.2011 ആയപ്പോൾ അത് 2.8 ശതമാനമായി കുറഞ്ഞു. നമ്മുടെ പ്രത്യുൽപ്പാദന നിരക്കിലെ നിയന്ത്രണം കൊണ്ടുവന്ന നേട്ടമാണിത്. ഇപ്പോഴത്തെ ധനകാര്യ കമ്മീഷൻ ഈ 2011 ലെ ജനസംഖ്യ കണക്കിലെടുക്കാൻ തുടങ്ങിയപ്പോൾ ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള വിഹിതം കുറഞ്ഞു, വരുമാനവ്യത്യാസത്തിനുള്ള വിഹിതവും ജനസംഖ്യാനുപാതികമായിട്ടാണ് കണക്കാക്കുന്നത്. അവിടെയും നഷ്ടം വന്നു. ഭൂവിസ്തൃതിയ്ക്കുള്ള 15 രൂപയിൽ മിനിമം പങ്കു മാത്രമേ ലഭിക്കൂ.ജനസംഖ്യാ നിയന്ത്രണത്തിനും വൻ വിസ്തൃതിക്കും ലഭിക്കുന്ന ഭേദപ്പെട്ട വിഹിതം പക്ഷേ പ്രധാന മാനദണ്ഡങ്ങളിലെ പ്രതികൂല സ്ഥിതിമൂലം നിഷ്പ്രഭമായി. നികുതി പങ്കുവയ്പു മാനദണ്ഡങ്ങൾ കേരളത്തിനു പൊതുവിൽ ദോഷകരമായി മാറുന്നതുകൊണ്ടാണ് നമ്മുടെ വിഹിതം പത്താം ധനകാര്യക്കമ്മീഷൻ കാലത്തെ 3.86 ശതമാനത്തിൽ നിന്നും 1.925 ശതമാനമായി കുറയുന്നത്.
ജനസംഖ്യയുടെ പങ്കു കുറഞ്ഞു. പ്രതിശീർഷ വരുമാനം ഉയർന്നു. ഇതു രണ്ടും രണ്ടു പ്രധാന മാനദണ്ഡങ്ങൾ എന്ന നിലയിൽ നമുക്ക് പ്രതികൂലമായി. ഈ വലിയ നേട്ടങ്ങളെല്ലാം പുതിയ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.അല്ലാതെ കേരളം പ്രശ്നരഹിത പ്രദേശമായി മാറുകയല്ല ചെയ്യുന്നത്. പ്രായമായവരുടെ പ്രശ്നങ്ങൾ, വനം കാത്തു രക്ഷിക്കുന്നതിനുള്ള ബാധ്യത, വനാതിരുകളിലെ മനുഷ്യരുടെ ജീവിതവും ജീവിതായോധനവും, മനുഷ്യ-–വന്യജീവി സംഘർഷം, ഉയരുന്ന ഉന്നതവിദ്യാഭ്യാസ ആവശ്യം,അങ്ങനെ പലതും. ഇത്തരം പ്രത്യേകപ്രശ്നങ്ങൾ കണ്ടു സഹായിക്കുന്ന സംവിധാനമായിരുന്നു ഒരു പരിധിവരെ പ്ലാനിംഗ് കമ്മീഷൻ. ആ പരിപാടി നിർത്തി . ആ പണമെല്ലാം തന്നിഷ്ടപ്രകാരം തിര ഞ്ഞെടുപ്പു ലക്ഷ്യം വച്ചുകൊടുക്കുന്ന രീതിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇരട്ട എഞ്ചിൻ സർക്കാർ വേണ്ടേ എന്നു ബിജെപി ചോദിക്കുന്നതിന്റെ അർത്ഥം ബിജെപി ഇതര സർക്കാരായാൽ കൈകാര്യം ചെയ്യും എന്നതു തന്നെയാണ്. കേരളം നേരിടുന്ന ഉപരോധസമാനമായ വിവേചനത്തിന്റെ കാരണം ബിജെപിയ്ക്കു ബദലായ രാഷ്ട്രീയം ഉയർത്തി പിടിക്കുന്ന സർക്കാർ എന്നത് മാത്രമാണ്. ഇതിലെ നീതികേടാണ് മനസിലാക്കേണ്ട അടിസ്ഥാന വസ്തുത.
മാറാത്ത മാനദണ്ഡങ്ങളും മാറുന്ന കേരളവും നികുതി വിഹിതത്തിലെ ഈ നഷ്ടം പരിഹരിക്കുക എന്നതു കേരളത്തിന്റെ ധനസന്തുലനത്തിൽ അതി പ്രധാനമാണ്. എങ്ങനെയാണ് ഇതു പരിഹരിക്കുക? നികുതി വിഭജനത്തിനായി 1971 ലെ ജനസംഖ്യ പരിഗണിക്കണം എന്ന് വീണ്ടും ആവശ്യപ്പെടാമോ? ഇത് അയഥാർഥ സ്ഥിതിയാണു എന്നു കരുതുന്ന പണ്ഡിതരുണ്ട്. 1971 ൽ നമ്മുടെ ജനസംഖ്യ രാജ്യത്തെ ജനസംഖ്യയുടെ 3.9 ശതമാനം ഉണ്ടായിരുന്നു. ഇപ്പോൾ അത് 2.8 ശതമാനമേ വരൂ. നമ്മുടെ പ്രത്യുൽപ്പാദനനിരക്ക് ഗണ്യമായി കുറഞ്ഞതാണ് ഈ മാറ്റത്തിനാധാരം. അതു നമ്മുടെ ഒരു നേട്ടമാണ്. എന്നാൽ വിഭവ വിന്യാസത്തിൽ അതിപ്പോൾ ദോഷമായി മാറുന്ന നിലയാണ്. പ്രത്യുൽപ്പാദന നിരക്ക് മാത്രമല്ല, മരണ നിരക്കും കുറവായിരുന്നു. ഇതോടെ ജനസംഖ്യയുടെ പ്രായ ഘടനയിൽ വലിയ മാറ്റം വന്നു. ശരാശരി ആയുർ ദൈർഘ്യം 75 വയസായി. പ്രായയമുള്ളവരുടെ എണ്ണം കൂടി. ചെറുപ്പക്കാരുടെ ചേരുവ കുറഞ്ഞു. രോഗങ്ങളുടെ സ്വഭാവം ( രോഗ ഭാരം) മാറി. നമ്മുടെ ആവശ്യങ്ങൾ മാറി. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുടെ വികസന ലക്ഷ്യങ്ങൾ അതേ പോലെ കേരളത്തിനു സാധുവാകാത്ത സ്ഥിതി സംജാതമാകുകയാണ്. ആരോഗ്യത്തിലാണെങ്കിലും വിദ്യാഭ്യാസത്തിലാണെങ്കിലും ഈ വ്യത്യാസം ഒരു യാഥാർഥ്യമാണ്. |
നികുതി വിഹിതം കുറഞ്ഞാലെന്ത്? ഇഷ്ടംപോലെ ഗ്രാന്റുകൾ തന്നില്ലേ? കേരളത്തിനു 55618 കോടി രൂപ ഗ്രാന്റ് ഔദാര്യമായി തന്നിട്ടുണ്ടല്ലോ എന്നതാണ് ഒരു പറ്റം പണ്ഡിതരും സംഘപരിവാർ സഹയാത്രികരും പറയുന്ന വാദം. നികുതി വിഹിതം പോലെതന്നെ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ അവകാശമാണ്. ഇതു രണ്ടും ചേരുന്നതാണ് സംസ്ഥാനങ്ങളുടെ വിഹിതം എന്നു പറയുന്നത്. ഇതിൽ 37814 കോടി രൂപ റവന്യൂക്കമ്മി ഗ്രാന്റ് ആണ്. ഇതു നികുതി വിഹിതം നിശ്ചയിച്ചതിലെ വിവേചനം പരിഹരിക്കുന്നതിനു നാം പോരാടി മേടിച്ചതാണ്. അതു നമ്മുടെ നഷ്ടത്തിനൊത്തു കിട്ടിയോ? ഇല്ല. നിശ്ചിത ശതമാനം ഉയർന്ന നികുതി വിഹിതം കിട്ടിയാൽ നികുതി പിരിവ് ഉയരുന്നതിനനുസരിച്ച് നമ്മുടെ വിഹിതവും കൂടും. റവന്യൂക്കമ്മി ഗ്രാന്റ് ഏതാണ്ടു കഴിഞ്ഞ കൊല്ലം കൊണ്ടു നിന്നു. ഉയർന്ന നികുതി വിഹിതമായിരുന്നെങ്കിൽ നമ്മുടെ പങ്ക് ഉയരുമായിരുന്നില്ലേ? എന്തായാലും ധനകാര്യക്കമ്മീഷൻ റവന്യൂക്കമ്മി ഗ്രാന്റ് സംബന്ധിച്ച് ഈ ഔദാര്യ ആഖ്യാനമല്ല സ്വീകരിച്ചത്. നികുതി വിഹിതം തീരുമാനിക്കുന്നതിനു സ്വീകരിച്ച മാനദണ്ഡം പ്രതികൂലമായ സംസ്ഥാനങ്ങൾക്കുള്ള നീതി എന്നാണ് കമ്മീഷൻ പറഞ്ഞത്. കേരളത്തിനു കിട്ടിയ ഔദാര്യം എന്നു പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ റവന്യൂക്കമ്മി ഗ്രാന്റ് സംബന്ധിച്ച് ധനക്കമ്മീഷൻ റിപ്പോർട്ടിലുള്ള പരാമർശം നോക്കണം. റവന്യൂക്കമ്മി ഗ്രാന്റ് ആദ്യമായിട്ടാണോ? പതിന്നാലാം ധനക്കമ്മീഷൻ ആകെ റവന്യൂ വരുമാനത്തിന്റെ 1.8% റവന്യൂ കമ്മി ഗ്രാന്റ് കൊടുത്തിരുന്നു. ഇപ്പോൾ 1.92% കൊടുക്കുന്നു. ഇതു കേരളത്തിനു മാത്രം കിട്ടുന്ന എന്തോ പ്രത്യേക സഹായമാണോ? അല്ല. കേരളത്തിനോളമോ അടുത്തോ റവന്യൂ കമ്മി ഗ്രാന്റ് കിട്ടിയ സംസ്ഥാനങ്ങളുടെ കണക്ക് നോക്കൂ. പശ്ചിമ ബംഗാൾ- 40000 കോടി രൂപ, ആന്ധ്ര പ്രദേശ് 30400 കോടി രൂപ, ഹിമാചൽ പ്രദേശ് 37200 കോടി രൂപ,ഉത്തരാഖണ്ഡ് 28100 കോടി രൂപ,പഞ്ചാബ് 26000 കോടി രൂപ, രാജസ്ഥാൻ 15000 കോടി രൂപ. |
ഹെൽത്ത് ഗ്രാന്റ്- – കേരളം മാതൃക: ധനകാര്യക്കമ്മീഷൻ പറയുന്നു “ ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ ഫലപ്രദമായി എത്തിക്കുന്നതിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളും ജീവനക്കാരും വഹിക്കുന്ന പങ്കിനു കേരളം മാതൃകയാണ്. ഇതു മറ്റു സംസ്ഥാനങ്ങളും പകർത്തേണ്ടതാണ്. ഇതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു പ്രത്യേക ഹെൽത്ത് ഗ്രാന്റ് നൽകേണ്ടതുണ്ട് എന്നു കമ്മീഷൻ കരുതുന്നു. ഇതിനായി 70051 കോടി രൂപയുടെ ഹെൽത്ത് ഗ്രാന്റ് ശുപാർശ ചെയ്യുന്നു. കോവിഡ് മഹാമാരിയെ അഭിസംബോധന ചെയ്യുന്നതിൽ ഹെൽത്ത് ഗ്രാന്റിനുള്ള പ്രാധാന്യം കണക്കിലെടുത്ത് ഈ പണം നൽകുന്നതിൽ ഒരു തരം ഉപാധികളും കമ്മീഷൻ വെയ്ക്കുന്നില്ല” (പതിനഞ്ചാം ധനകാര്യക്കമ്മീഷൻ റിപ്പോർട്ടിലെ ഖണ്ഡിക 9.51) |
റവന്യൂ കമ്മി ഗ്രാന്റ് ഔദാര്യമാണോ? .. ധനശേഷികളിലും ചെലവ് ആവശ്യങ്ങളിലും ഏറെ വൈജാത്യങ്ങളുള്ള എല്ലാ സംസ്ഥാനങ്ങൾക്കും ഒരേപോലെ നീതിയുക്തമായ ധന വിന്യാസ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുക ആസാധ്യമാണ്. ഇതു പരിഹരിക്കാനായി യൂണിയൻ സർക്കാരിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 1.92 ശതമാനം ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് റവന്യൂകമ്മി ഗ്രാന്റ് നൽകുന്നതിനായി കമ്മീഷൻ ശുപാർശ ചെയ്യുന്നു.. |
നികുതി പിരിക്കാത്തതല്ലേ പ്രതിസന്ധി? 2022–-2023 ലെ കണക്കുകൾ പ്രകാരം നമ്മുടെ തനതു നികുതി സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 7.6 ശതമാനവും നികുതിയേതര വരുമാനം 1.47 ശതമാനവുമാണ്. ആകെ തനതു വരുമാനം സംസ്ഥാന ജിഡിപി യുടെ 9.07 ശതമാനമാണ് . ദേശീയ ശരാശരി 7 ശതമാനമേ വരൂ. അപ്പോൾ കേരളം മഹാമോശം എന്നു പറയുന്നതിൽ കാര്യമുണ്ടോ? എന്തിനാണ് കേരളം നികുതി പിരിക്കുന്നില്ല എന്ന ആഖ്യാനം ഇത്രമേൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്? ആകെ റവന്യൂ വരുമാനത്തിൽ കേന്ദ്രകെെമാറ്റം എത്ര ശതമാനം എന്ന കണക്കു നേരത്തെ പറഞ്ഞല്ലോ? എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര കെെമാറ്റത്തിന്റെ ശരാശരി 43 ശതമാനമാണ്. കേരളത്തിന്റേത് കഴിഞ്ഞ കൊല്ലം 27 ശതമാനം. ഇക്കൊല്ലം ഇതേവരെ 18 ശതമാനം. കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന ഈ കടുത്ത ദ്രോഹം ജനങ്ങളിൽനിന്നും മറച്ചു പിടിക്കണം. അതിനാണ് കേരളം നികുതി പിരിക്കുന്നില്ല എന്ന നുണ ഇങ്ങനെ ആവർത്തിക്കുന്നത്. തനതു വിഭവ സമാഹരണത്തിൽ ദേശീയ ശരാശരിയേക്കാൾ ( ORR /GSDP) മികച്ച നിലയാണ് കേരളത്തിന്റേത്. അതേ സമയം ഇനിയും വർദ്ധിപ്പിക്കണം എന്ന വാദം സാധുവാണ് താനും. എന്നാൽ ഈ വർദ്ധനവിനെ തടയുന്ന ഘടനാപരമായ പ്രശ്നങ്ങൾ ഇപ്പോൾ പുറത്തു വന്ന PRS Legislative Research ന്റെ State of State Finances എന്ന റിപ്പോർട്ട് എടുത്തു പറയുന്നുണ്ട്. GST യിൽ ലയിപ്പിച്ച നികുതിയിനങ്ങളിൽ നിന്നും GST യ്ക്കു മുൻപ് സംസ്ഥാനങ്ങൾക്ക് ലഭിച്ചിരുന്ന നികുതി വരുമാനം GSTക്കാലത്ത് ഗണ്യമായി ഇടിഞ്ഞു. ശരാശരി 15- – 15.5 ശതമാനമുണ്ടായിരുന്ന നികുതി നിരക്ക് 11 ശതമാനമായി കുറച്ചു. നിക്ഷിപ്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചു നടത്തിയ ഈ നീക്കത്തിന്റെ എല്ലാ ഭാരവും സംസ്ഥാനങ്ങളുടെ തലയിൽ കെട്ടി വെച്ചു. ഇതു തിരുത്തണം എന്ന ധനകാര്യ കമ്മീഷന്റെയും GST കൗൺസിലിന്റെ തന്നെയും ശുപാർശ കേന്ദ്രം അവഗണിക്കുകയാണ്.ഇതാണ് ഈ റിപ്പോർട്ടിലെ പരാമർശം. നികുതി ഘടനയിലെ ഈ പ്രശ്നങ്ങൾ തൊടാതെ നികുതി പിരിവ് വർദ്ധിപ്പിക്കാത്തതെന്ത് എന്ന കുറ്റാരോപണത്തിനു രാഷ്ട്രീയമുണ്ട്. അത് ഇതിനുത്തരവാദികളായ യൂണിയൻ സർക്കാരിനെ രക്ഷിച്ചെടുക്കുക എന്ന ദൗത്യത്തിന്റെ രാഷ്ട്രീയമാണ്.കേന്ദ്ര സർക്കാർ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന നികുതി നടപടികൾ സംസ്ഥാനങ്ങളെ പാപ്പരാക്കുന്നതിന്റെ നേർ ചിത്രമാണ് ഈ റിപ്പോർട്ട് വരച്ചു കാട്ടുന്നത്. കേരളം നടത്തുന്ന സമരങ്ങൾ സംസ്ഥാനങ്ങളുടെ ഈ പൊതുവായ അവകാശങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടിയാണ്. |
നേരത്തേ നികുതി പിരിച്ചിരുന്നു. ഇപ്പോൾ മഹാതോൽവിയല്ലേ? തനതു നികുതിവരുമാന വളർച്ച (State’s Own Tax Revenue) സംബന്ധിച്ച കണക്കുകൾ 2004-–2005 മുതലുള്ളത് റിസർവ് ബാങ്ക് Handbook of Statistics on Indian States ൽ നൽകിയിട്ടുണ്ട്. ദീർഘ കാല പ്രവണത മനസിലാക്കുന്നതാണ് നല്ലത്. 2005-–2006 മുതൽ 2010-–2011വരെയുള്ള അഞ്ചു കൊല്ലം കൊണ്ട് തനതു നികുതി വരുമാനം 122.12 ശതമാനം വളർന്നു . വാർഷിക ശരാശരി വളർച്ച 24.42%. ഇതായിരുന്നു ആ കാലത്തുള്ള നികുതി വരുമാന വളർച്ചയുടെ പ്രവണത. 2006-–2011 മുതൽ 2011–-2016 വരെയുള്ള കാലത്തെ വളർച്ച 51.6 ശതമാനംമാത്രമായിരുന്നു. വാർഷിക ശരാശരി 10.3%. അതായത് 2006–2011 കാലത്തു പ്രതിവർഷം ശരാശരി 24 ശതമാനം കണ്ടു വളർന്നിരുന്ന തനതു നികുതി വരുമാനം 2011-–2016 കാലത്ത് 10 ശതമാനമായി ഇടിഞ്ഞു എന്നർത്ഥം. ഈ പ്രവണത തുടരുന്ന സ്ഥിതിയാണ് പിന്നീട് കണ്ടത്. 2016-–2018 കാലത്തെ ശരാശരി വാർഷിക വളർച്ചയും 10.3% തന്നെ. 2018 ലും 2019 ലും കേരളം പ്രളയത്തെ നേരിട്ടു . 2020-–2021 ൽ കോവിഡും. സമ്പദ്ഘടന താഴേയ്ക്കു പോയി. ഇക്കാലത്ത് തനതുനികുതി വരുമാനം ഗണ്യമായി കുറഞ്ഞു. അടച്ചുപൂട്ടിയ കാലത്ത് നികുതി വളരും എന്നു കരുതുന്നതെങ്ങനെയാണ്? തനതു നികുതി വരുമാന വളർച്ചയുടെ കീഴോട്ടുള്ള ഗതി 2011-–2012 ൽ തുടങ്ങുന്നതാണ്.അതിന്റെ കാരണം ഗൗരവത്തോടെ പരിശോധിക്കേണ്ട സംഗതി തന്നെയാണ്. മൂല്യവർദ്ധിത നികുതി സമ്പ്രദായം (VAT)വളർച്ചാ മുരടിപ്പു നേരിട്ടു.പ്രവേശന നികുതി സുപ്രീംകോടതി അസാധുവാക്കിയതോടെയാണ് സ്ഥിതി ഇത്രമേൽ വഷളായത്.അതുകൊണ്ടാണ് 2006-–2011 കാലത്തെ ശരാശരി വളർച്ചയുടെ പകുതിയിൽ താഴേയ്ക്കു തനതു നികുതി വരുമാനം ഇടിഞ്ഞത്. 2016 ൽ ഇടതു സർക്കാർ ചുമതല ഏൽക്കുമ്പോൾ GST ഭരണഘടനാ ഭേദഗതി ലോക്-സഭ പാസാക്കി കഴിഞ്ഞിരുന്നു. GST നികുതിസമ്പ്രദായം എങ്ങനെ കേരളത്തിനനുകൂലമാക്കി ഉപയോഗപ്പെടുത്താമെന്നതു മാത്രമായിരുന്നു ഭരണഘടനാപരമായി സംസ്ഥാന സർക്കാരിനു മുന്നിലുണ്ടായിരുന്ന ഏക വഴി. നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കേന്ദ്രസർക്കാർ പല ആഡംബര ചരക്കുകളുടെയും GST നികുതി നിരക്ക് GST യ്ക്കു മുൻപുണ്ടായിരുന്ന ആകെ നികുതിയെ (VAT, Excise നികുതികൾ ചേരുന്ന Total Tax incidence) അപേക്ഷിച്ചു ഗണ്യമായി കുറച്ചു.ഏകപക്ഷീയമായി നിരക്കുകൾ മാറ്റുക, അന്തർ സംസ്ഥാന വാണിജ്യത്തിലെ കണക്കുകൾ സെറ്റിൽ ചെയ്യാനുള്ള പ്രതിസന്ധി തുടങ്ങിയ പലതും നമ്മുടെ GST വരുമാനത്തെ പ്രതികൂലമായി ബാധിച്ചു.GSTയിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഫ്ലെക്സിബിൾ ആയ അധികാരം കിട്ടുക എന്നതാണ് പ്രധാനം. ഒരു നിശ്ചിത സ്ലാബിനുള്ളിൽ നിന്നുകൊണ്ടു നികുതി നിരക്കു നിർണ്ണയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കു നൽകുന്നതു പോലെയുള്ള മാറ്റങ്ങൾ വരേണ്ടതുണ്ട്. ഈ വസ്തുതകളാണ് ഇത്തരം ആഖ്യാനങ്ങൾ മറച്ചുപിടിക്കുന്നത്. |
സ്വർണ്ണത്തിന്റെ നികുതികൊണ്ട് നഷ്ടം നികത്തിക്കൂടേ? വിശദമായി മറുപടി വേണ്ട വിഷയമാണിത്. കുറച്ചു ചരിത്രം നോക്കേണ്ടതുണ്ട്. ചരിത്രപരമായി തന്നെ സ്വർണം നികുതി പിരിക്കാൻ ബുദ്ധിമുട്ടുള്ള(ഹാർഡ്-ടു-ടാക്സ്) ഒരു ചരക്കായിട്ടാണ് കണക്കാക്കപ്പെടുന്നത്. വാറ്റിന് മുൻപ് സെയിൽസ് ടാക്സ് നിലവിലുണ്ടായിരുന്നപ്പോൾ 4% ആയിരുന്നു സ്വർണ്ണത്തിന് മേൽ നികുതി. എന്നാൽ 2005ൽ വാറ്റ് വന്നതോടുകൂടി ഇത് 1% ആക്കി കുറച്ചു. ഇതു മൂലം വലിയ നഷ്ടം കേരളത്തിനുണ്ടായി. സ്വർണ്ണത്തിൽ നിന്ന് ലഭിച്ചിരുന്ന നികുതി വരുമാനം 2004–05ലെ 52 കോടി രൂപയിൽ നിന്ന് 2005-–06 ആയപ്പോൾ 22 കോടി രൂപയായി കുറഞ്ഞു. ഈ അവസരത്തിലാണ് 2006ൽ ധനമന്ത്രിയായിരുന്ന ഡോ തോമസ് ഐസക്ക് കേരളത്തിൽ സ്വർണ്ണത്തിന് മേലുള്ള നികുതി 4 ശതമാനമായി തന്നെ നിലനിർത്തും എന്ന് പ്രഖ്യാപിച്ചത്. അതിനൊപ്പം തന്നെ നികുതി പിരിവ് മെച്ചപ്പെടുത്താൻ ജ്വല്ലറികൾക്ക് ഒരു കോമ്പൗണ്ടിംഗ് സ്കീം കൂടി ഏർപ്പെടുത്തി. നികുതി പിരിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട്; ഒരു സ്വർണ്ണ വ്യാപാരി കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന നികുതിയൊടുക്കലിന്റെ 150–-200 ശതമാനം വരെ മുകളിലാവണം നാലാമത്തെ വർഷത്തിലെ നികുതിയായി നൽകേണ്ടത് എന്ന് തീരുമാനിച്ചു. അത് ഓരോ വർഷവും അങ്ങനെ പുരോഗമിച്ചുകൊണ്ടിരിക്കും; നികുതി വരുമാനം വർദ്ധിച്ചുകൊണ്ടുമിരിക്കും. ഈ പുതിയ രീതി അക്കാലത്ത് കേരളത്തിൽ നന്നായി പ്രവർത്തിച്ചു. സ്വർണ്ണത്തിൽ നിന്നുള്ള നികുതി പിരിവ് 2005–-06 വർഷത്തിലെ 22 കോടി രൂപയിൽ നിന്ന് 2016–-17 വർഷമായപ്പോൾ 630 കോടി രൂപയായി ഉയർന്നു. എന്നാൽ 2017ൽ ജിഎസ്ടി വന്നതോടുകൂടി സ്ഥിതി മാറി. സ്വർണ്ണത്തിന് മേലുള്ള ജിഎസ്ടി 3% ആയി നിശ്ചയിക്കുകയും ആഭരണങ്ങൾ ഉണ്ടാക്കുന്ന പണികൾക്ക് 8% നികുതി ചുമത്തുകയും ചെയ്തു . ഇത് പിന്നീട് 5% ആക്കി കുറച്ചു. ഇവിടെയാണ് പുതിയ സങ്കീർണതകൾ കേരളത്തെ സംബന്ധിച്ചുണ്ടായത്. 2022–-23 വർഷത്തിൽ മാത്രം ഇന്ത്യയിൽ 3800 കിലോഗ്രാം കള്ളക്കടത്ത്- സ്വർണ്ണം പിടിക്കപ്പെട്ടു. നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ അതിർത്തികളിൽ കൂടി റോഡ് മാർഗ്ഗമാണ് പ്രധാനമായും ഇന്ത്യയിലേക്ക് സ്വർണ്ണം കള്ളക്കടത്ത് ചെയ്യപ്പെടുന്നത്. ഇങ്ങനെ വരുന്ന സ്വർണ്ണം രാജ്കോട്ട്, സൂറത്ത്, ജയ്പൂർ, മുംബൈ എന്നിവിടങ്ങളിലെ ജ്വല്ലറി ഉൽപാദന കേന്ദ്രങ്ങളിലേക്ക് റോഡ് മാർഗ്ഗം കൊണ്ടു പോകണമെങ്കിൽ വഴിയിൽ പിടിക്കപ്പെടരുത്. ഇവിടങ്ങളിലെ ആഭരണശാലകളിൽനിന്ന് രാജ്യത്തിലെ സ്വർണ്ണാഭരണങ്ങളുടെ 40 ശതമാനവും വിറ്റഴിക്കപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുമൊക്കെ ഇവ റോഡ് മാർഗ്ഗം കൊണ്ടുപോകുമ്പോഴും വഴിയിൽ പിടിക്കപ്പെടരുത്. ജിഎസ്ടി വന്നതോടുകൂടി ചെക്ക് പോസ്റ്റുകൾ ഇല്ലാതായല്ലോ. ഈ-വേ ബില്ലുകൾ കൂടി ഇല്ലാതായാൽ ഈ കള്ളക്കടത്ത് യഥേഷ്ടം തുടരാം;. നികുതി കൊടുക്കാതെ യഥേഷ്ടം സ്വർണ്ണം ഇങ്ങനെ ഇന്ത്യയ്ക്കുള്ളിൽ കടത്തുക വഴി ഒരു കിലോഗ്രാം സ്വർണ്ണത്തിന് 10 ലക്ഷം രൂപ വരെ വ്യാപാരികൾക്ക് ലാഭം കിട്ടും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു കണക്ക്. ജിഎസ്ടി സമ്പ്രദായത്തിനുള്ളിൽ സ്വർണ്ണത്തിന് ഈ-വേ ബില്ലുകൾ വേണ്ട എന്ന് ഏറ്റവും ശക്തിയുക്തം വാദിച്ചത് ഗുജറാത്തും ഉത്തർപ്രദേശുമാണ് . മറുവശത്ത്, സ്വർണ്ണത്തിന് ഈ-വേ ബില്ലുകൾ വേണമെന്ന് ഏറ്റവും ശക്തിയുക്തം വാദിച്ചത് കേരളമാണ്. ഒടുവിൽ ജൂലൈ 2023ൽ മാത്രമാണ് ജിഎസ്ടി കൗൺസിൽ ഇതിന് അനുമതി നൽകിയത്. ഇതാണ് സ്വർണ്ണ നികുതിയുടെ കഥ. |
നികുതിയേതര വരുമാനം കൂട്ടാത്തതെന്താണ്? നികുതി വരുമാനത്തിൽ എന്ന പോലെതന്നെ നികുതിയേതര വരുമാനത്തിലും ദേശീയ ശരാശരിയേക്കാൾ കേരളം മുന്നിലാണ്. അപ്പോഴും നികുതിയേതര വരുമാന സമാഹരണത്തിൽ കേരളത്തിനുള്ള പരിമിതികൾ നാം മനസിലാക്കണം.ധനസ്ഥിതി സംബന്ധിച്ച ചർച്ചകളിലെല്ലാം ഉയരുന്ന ഒരു കാര്യം നമ്മുടെ നികുതിയേതര വരുമാനം ഉയരുന്നില്ല എന്നതാണ്. ചില സംസ്ഥാനങ്ങളുടെ നികുതിയേതര വരുമാനം ചൂണ്ടിക്കാണിച്ചാണ് ഇതു പറയുന്നത്. ഒഡീഷയുടെ Non- Tax Revenue ആകെ റവന്യൂ വരുമാനത്തിന്റെ 29% വരും. ഗോവ 30%, ഝാർഖണ്ഡും, ഛത്തീസ്ഗഢും 17% വീതം. നമ്മുടേത് 9% മാത്രം. എന്തുകൊണ്ടാണ് ഈ വൻ വ്യത്യാസം? ഈ രീതിയിൽ നികുതിയേതര വരുമാനം ഉയർത്താൻ കേരളത്തിനു കഴിയുമോ? മുകളിൽ പറഞ്ഞ സംസ്ഥാനങ്ങളുടെ ഉയർന്ന നികുതിയേതര വരുമാനം പ്രധാനമായും ഖനനത്തിൽ നിന്നുമുള്ള വരുമാനമാണ്. കേരളത്തിന്റെ ധാതു നിക്ഷേപം വളരെ കുറവാണല്ലോ?അപ്പോൾ നാം എങ്ങനെയാണ് നികുതിയേതരവരുമാനം വർദ്ധിപ്പിക്കുന്നത്? ഒരു പാരിസ്ഥിതിക പരിഗണനയുമില്ലാതെ ഖനിജങ്ങൾ തീറെഴുതിക്കൊടുത്ത് മുൻകൂർ പണം വാങ്ങി ഇന്നത്തെ ധനസ്ഥിതി നന്നാക്കുന്ന രീതി സ്വീകരിക്കുക സാധ്യമല്ലല്ലോ? |
കള്ളും ലോട്ടറിയുമല്ലേ
കേരളത്തിന്റെ
തനതു വരുമാന സ്രോതസ്?
കേരളം തനതു വരുമാനത്തിൽ മോശമൊന്നുമല്ല എന്നു പറയുമ്പോൾ അടുത്ത ആഖ്യാനം വരികയായി. കള്ളും ലോട്ടറിയും വിറ്റല്ലേ ഈ വരുമാനമുണ്ടാക്കുന്നത്? ആകെയുള്ള വരുമാനം ഈ പാപവഴികളിലൂടെയാണ് നേടുന്നതെന്ന ഇകഴ്ത്തലാണ് ഈ ആഖ്യാനത്തിന്റെ ഉന്നം.
കേരളത്തിൽ ഇപ്പോൾ സംസ്ഥാന സർക്കാർ മാത്രമാണ് ലോട്ടറി നടത്തുന്നത്. അതൊരു ബിസിനസ് ആണ്. അതിന്റെ വിറ്റുവരവ് ഖജനാവിൽ അടയ്ക്കുന്നതെന്തുകൊണ്ടാണ്?അതു മുഴുവൻ നമ്മുടെ വരുമാനമായതുകൊണ്ടാണോ?
ലോട്ടറി നിയന്ത്രണ നിയമത്തിന്റെ (കേന്ദ്ര നിയമമാണേ!) വകുപ്പ് 4 ആണ് ലോട്ടറി നടത്തിപ്പിൽ പാലിക്കേണ്ട വ്യവസ്ഥകൾ പറയുന്നത്. Section 4 (d) പ്രകാരം വിറ്റുവരവ് ഖജനാവിൽ ഒടുക്കണം. അങ്ങനെയല്ലാതെ ലോട്ടറി നടത്താനാവില്ല.ഖജനാവിൽ നിന്നും പിൻവലിച്ചു മാത്രമേ സമ്മാനം അടക്കം എന്തു ചെലവും ചെയ്യാൻ പറ്റൂ. ഇതാണ് ചട്ടം. ഈ നിയമ വ്യവസ്ഥ കൊണ്ടാണ് ലോട്ടറിയുടെ വിറ്റുവരവ് സർക്കാർ കണക്കിൽ വരുന്നത്. അതു മുഴുവൻ നമ്മുടെ വരുമാനമാണെന്ന് വാദിച്ചിട്ടു കാര്യമുണ്ടോ?
ആകെ ലോട്ടറിയിൽ നിന്നുള്ള വരുമാനം വിറ്റുവരവിന്റെ മൂന്നു ശതമാനവും ലോട്ടറിയുടെ GST നികുതിയുമാണ്. ഇതു നമ്മുടെ വരുമാനത്തിന്റെ എത്ര ശതമാനംവരും?2022-–2023 ലെ ലോട്ടറി വിറ്റുവരവ് 11500 കോടി രൂപ. അതിന്റെ 3 ശതമാനം എത്രയാണ്? 345 കോടി രൂപ.ലോട്ടറിയുടെ GST 1500 കോടി രൂപയും ചേർന്നാൽ1850 കോടി രൂപയാണ് ലോട്ടറിയിൽ നിന്നുള്ള വരുമാനത്തിന്റെ മതിപ്പു കണക്ക്. ഇതു നമ്മുടെ ആകെ റവന്യൂ വരുമാനത്തിന്റെ എത്ര ശതമാനം വരും? 1.4 ശതമാനം. ലോട്ടറിയാണ് നമ്മുടെ മുഖ്യ വരുമാനം എന്നു പറയുന്ന ആഖ്യാനങ്ങളുടെ വസ്തുത ഇതാണ്.
അപ്പോൾ മദ്യമോ?
മദ്യമാണ് കേരളത്തിന്റെ മുഖ്യ വരുമാനമാർഗ്ഗം എന്നു സ്ഥാപിക്കാൻ നോക്കുന്നവരുടെ ലക്ഷ്യം കേരളം ലഹരിയുടെ തലസ്ഥാനമാണ് എന്ന പൊതുബോധ നിർമ്മിതിയാണ്. പല ലക്ഷ്യങ്ങളുള്ള ഒരാഖ്യാനമാണിത്.നമ്മുടെ വരുമാനം പാപപങ്കിലമായ വഴികളിലൂടെയാണ് എന്നു പറയുക. അതോടൊപ്പം കേരളം ധാർമ്മികമായി തകർന്ന ഒരു നാടാണെന്നു വരുത്തുക. ഇവയൊക്കെയാണ് ഉന്നം.
എത്രയാണ് കേരളത്തിന്റെ
മദ്യ വരുമാനം?
മദ്യത്തിൽ നിന്നും പ്രധാനമായും രണ്ടു തരം വരുമാനമുണ്ട്. മദ്യത്തിന്റെ നികുതിയും സ്റ്റേറ്റ്എക്സൈസും. രണ്ടും ചേർന്ന് എത്ര വരുമാനമുണ്ടാകും? മദ്യത്തിനുള്ള നികുതി വിൽപ്പന നികുതിയാണ്. വിൽപ്പന നികുതി ഈടാക്കുന്ന മറ്റൊരു ചരക്ക് പെട്രോളിയം ഉൽപ്പന്നങ്ങളാണ്. രണ്ടിനും കൂടിയുള്ള ആകെ വിൽപ്പന നികുതി 2022–-2023 ൽ 26,912 കോടി രൂപയായിരുന്നു. ഇതിൽ പകുതി മദ്യത്തിന്റെ വിൽപ്പന നികുതിയാണ് എന്നു കണക്കാക്കാം. എത്രവരും? 13,450 കോടി രൂപ. ഇതിനോടൊപ്പം സ്റ്റേറ്റ് എക്സൈസും ചേർക്കണം. അത് 2,876 കോടി രൂപയാണ്. രണ്ടും ചേർന്നാൽ 16,326 കോടി രൂപ. ഇതു നമ്മുടെ റവന്യൂ വരുമാനത്തിന്റെ എത്ര ശതമാനം വരും? 12.3 ശതമാനം.
ലോട്ടറിയും മദ്യവും ചേരുന്നതാണോ കേരളത്തിന്റെ ആകെ റവന്യൂ വരുമാനം? ഇവ രണ്ടും ചേർന്നാൽ നമ്മുടെ ആകെ റവന്യൂ വരുമാനത്തിന്റെ 13.7 ശതമാനം വരും.നാം നേരിട്ടു പിരിക്കുന്ന തനതു വരുമാനത്തിന്റെ 17 ശതമാനം. ഇതാണ് കണക്ക്.
മദ്യത്തിൽ നിന്നുള്ള എക്സൈസ് വരുമാനം -താരതമ്യം |
സംസ്ഥാനം | എക്സൈസ് വരുമാനം (കോടി രൂപ) | തനതു റവന്യൂ വരുമാനത്തിന്റെ ശതമാനം |
ഉത്തർ പ്രദേശ് | 31517 | 21.8 |
കർണാടക | 20950 | 20.6 |
മഹാരാഷ്ട്ര | 17477 | 8.3 |
മദ്ധ്യപ്രദേശ് | 11873 | 19.9 |
തമിഴ്നാട് | 7262 | 5.8 |
കേരളം | 2876 | 3.1 |
അവലംബം: RBI ബജറ്റ് അവലോകന പഠനം
ഏറ്റവും അധികം മദ്യവരുമാനമുള്ള സംസ്ഥാനം കേരളമാണ് എന്ന പ്രചരണമാണല്ലോ നടക്കുന്നത്. എന്താണ് മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി ? മദ്യത്തിൻ മേലുള്ള എക്സൈസ് തീരുവയുടെ കണക്കുകളാണ് കൃത്യമായി ലഭ്യമായിട്ടുള്ളത്.ഇതിന് ആനുപാതികമായിരിക്കും വിൽപ്പന നികുതിയും. എന്തായാലും എക്സൈസ് തീരുവയുടെ താരതമ്യംതന്നെ ചിത്രം വ്യക്തമാക്കും.
ലഹരിയുടെ തലസ്ഥാനമാണോ കേരളം?
മദ്യ വരുമാനത്തോടു ചേർത്തുവച്ചു പറയുന്ന ആക്ഷേപമാണല്ലോ ഇത്? കേരളത്തിന്റെ പ്രധാനവരുമാനം കള്ളും ലോട്ടറിയുമാണ് എന്ന ദുഷ്പ്രചരണത്തിന്റെ ഒരു പടികൂടി കടന്നുള്ള ആക്ഷേപമാണ് കേരളം ലഹരിയുടെ തലസ്ഥാനമാണെന്നത്.എന്താണ് വസ്തുത?
• കള്ളുകുടികൊണ്ടു പൊറുതിമുട്ടി ചികിൽസ ആവശ്യമായ ആളുകളുടെ എണ്ണം നോക്കിയാൽ ആദ്യത്തെ 10 സ്ഥാനത്ത് കേരളമില്ല. ഉത്തർപ്രദേശിനാണ് ഒന്നാം സ്ഥാനം.ആന്ധ്ര,തമിഴ്നാട്,മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് തൊട്ടു പിന്നിൽ. കള്ളുകുടി കൊണ്ടു കിളിപോയ ആളുകൾ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളം.അപ്പോൾ കേരളം കള്ളുകുടിയുടെ തലസ്ഥാനമല്ല.
• 10 നും 75 നും ഇടയിൽ പ്രായത്തിലുള്ളവരിൽ ചരസും കഞ്ചാവും അടിക്കുന്ന ഏറ്റവും കൂടുതൽ മനുഷ്യരുള്ള സംസ്ഥാനങ്ങളിൽ കേരളം പെടുമോ? ഏറ്റവും കുറവു കഞ്ചാവടിയുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിൽ ഇതു 0.1% മാത്രമാണ്. ഉത്തർപ്രദേശിൽ ഇത് 3.2% ആണ്. കഞ്ചാവടിച്ചു കിളി പോയി ചികിൽസ ആവശ്യമായ മനുഷ്യരുടെ എണ്ണം ഏറ്റവും കൂടുതലുള്ളതും ഉത്തർപ്രദേശിലാണ്. കേരളം ആദ്യത്തെ 10 സ്ഥാനത്ത് ഇല്ലേയില്ല.
• കറുപ്പടിച്ചു കിറുങ്ങി ചികിൽസ വേണ്ട മനുഷ്യരിൽ ഒന്നാം സ്ഥാനം യുപി. പിന്നെ പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര. അങ്ങനെയാണ്. കേരളം അവിടെയൊന്നുമില്ല കേട്ടോ.
• ഏറ്റവുംഅപകടകാരിയായ കുത്തിവെയ്പുവഴിയുള്ള ലഹരി ഉപയോഗിക്കുന്നവരുടെ കണക്കെടുത്താലോ? ഉത്തർപ്രദേശ് തന്നെ ആദ്യ സ്ഥാനത്ത്. പിന്നെ, പഞ്ചാബ്, ദില്ലി, ആന്ധ്ര, തെലങ്കാന, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളും .കേരളം ഈ ആദ്യ പത്തു സ്ഥാനത്തൊന്നുമില്ല.
ഒരു കേന്ദ്ര സർക്കാർ പഠനത്തിലെ കണക്കുകളാണിവ. ദില്ലിയിലെ പ്രശസ്തമായ All India Institute of Medical Sciences (AIIMS)ലെ ലഹരി ആശ്രിതത്വ ചികിൽസാ കേന്ദ്രം (National Drug Dependence Treatment Centre -NDDTC),കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിനു വേണ്ടി നടത്തിയ പഠനം നൽകുന്ന കണക്കുകളാണിവ (National Survey on Extent and Pattern of Substance Use in India ).
സംസ്ഥാനം വരുമാനത്തിനായി ലഹരി വ്യാപാരത്തെയാണ് മുഖ്യമായും ആശ്രയിക്കുന്നത് എന്ന ആഖ്യാനം വസ്തുതാവിരുദ്ധമാണ്.
കേരളം കടക്കെണിയിലാണോ? കേരളം കടക്കെണിയിലാണ് എന്നതു പരക്കെ പ്രചരിപ്പിക്കപ്പെടുന്ന ഒരാഖ്യാനമാണ്. ജിഎസ്ഡിപി-യുടെ അനുപാതമായി കേരളത്തിന്റെ കടഭാരം 38 ശതമാനമാണ്. എല്ലാ സംസ്ഥാനങ്ങളുടെയും കടഭാരം ജിഡിപിയുടെ വിഹിതമായി നോക്കിയാൽ 27 ശതമാനമല്ലെയുള്ളൂ? അപ്പോൾ കേരളം ഒരു കടക്കെണിയിലാണ് എന്നതാണ് വാദം. കേരളത്തിന്റെ കടഭാരം ജിഎസ്ഡിപിയുടെ അനുപാതമായി ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്നു നിന്നത് മൂന്നു വർഷങ്ങളിലാണ്: 2002–-03, 2003–-04, 2004-–05. ഈ മൂന്ന് വർഷങ്ങളിലും ജിഎസ്ഡിപി-യുടെ ഏകദേശം 40% ആയിരുന്നു കേരളത്തിന്റെ കടഭാരം.കൃത്യമായി പറഞ്ഞാൽ 39.5%, 40.5%, 39.6%. എല്ലാ സംസ്ഥാനങ്ങൾക്കും 31%- – 32% മാത്രം കടഭാരം ഉണ്ടായിരുന്ന വർഷങ്ങളായിരുന്നു ഇവ. ഇത്രയും കടഭാരം പിന്നീടങ്ങോട്ട് ഒരിക്കലും കേരളത്തിൽ ഉണ്ടായിട്ടില്ല. എന്നിട്ടും കേരളം കെണിയിലായോ? ഇല്ല. 2004-–2005 നു ശേഷം വരുമാനം വർദ്ധിപ്പിച്ച് കടഭാരം കുറച്ചുകൊണ്ടുവരികയായിരുന്നു കേരളം. അങ്ങിനെ 2011 ആയപ്പോൾ കടഭാരം ജിഎസ്ഡിപി-യുടെ 31.8% മാത്രമായി ചുരുങ്ങി. 2019-–20 ആയപ്പോൾ ഇത് വലിയ മാറ്റമില്ലാതെ ജിഎസ്ഡിപി-യുടെ 32.02% ആയി നിന്നു. 2006ന് ശേഷം 2019 ആയപ്പോൾ സ്ഥിതി വളരെ മെച്ചപ്പെട്ടു എന്നർത്ഥം. വെറും നാല് വർഷം മുൻപുള്ള കാര്യമാണിത്! 2022-–23ലെ കണക്കനുസരിച്ച്, കേരളത്തിന്റെ കടഭാരം ജിഎസ്ഡിപിയുടെ 36.4% ആയിരുന്നു. ചിലർ ഇത് 37.2% ആയിരുന്നു എന്ന് പറയാറുണ്ടെങ്കിലും അത് ശരിയല്ല. കേന്ദ്രം തന്ന ജിഎസ്ടി കോമ്പൻസേഷനെ കൂടി വായ്പയുടെ ഗണത്തിൽ പെടുത്തിയാണ് 37.2% എന്ന് പറയുന്നത്. പക്ഷേ അതു വായ്പയല്ലല്ലോ. എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി എടുത്താൽ കിട്ടുന്ന കടഭാരം ജിഡിപിയുടെ 27.5%. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? ഈ മാറ്റമുണ്ടായത് കോവിഡ് വർഷങ്ങളിലാണ്. ഇന്ത്യയിൽ എഫ്ആർബിഎം നിയമത്തിൽനിന്ന് വ്യതിചലിച്ച് സംസ്ഥാനങ്ങൾക്ക് 2020-–21ൽ 5% ധന കമ്മിയും 2021-–22ൽ 4% ധന കമ്മിയും 2022-–23ൽ 3.5% ധന കമ്മിയും ആവാം എന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. അങ്ങനെ കൂടുതൽ വായ്പയെടുത്ത് കൊണ്ട് കേരളം ധനക്കമ്മി 2020–-21ൽ 4.6 ശതമാനവും 2021-–22ൽ 4.1 ശതമാനവുമാക്കി മാറ്റി. ഇങ്ങനെ ഉയർത്തിയ ചെലവ് ഉപയോഗിച്ചുകൊണ്ടാണ് കേരളം ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധം പടുത്തുയർത്തിയത്. സാമ്പത്തിക ഉത്തേജനത്തിനായി ഒരു പാക്കേജ് നടപ്പിലാക്കിയത്. അതാണ് കേരളത്തിന്റെ സമ്പദ്ഘടനയുടെ വേഗത്തിലുള്ള വീണ്ടെടുപ്പിന് സഹായകമായത്. ഈ രണ്ട് വർഷങ്ങളിൽ വായ്പയെടുത്ത് ജനക്ഷേമത്തിനായി പണം ചെലവഴിച്ചതുകൊണ്ടാണ് കേരളത്തിന്റെ കടഭാരം 2020-–21ൽ 38.5% ആയും 2021-–22ൽ 37% ആയും ഉയർന്നത്. എന്നാൽ 2025–-26 ആകുമ്പോൾ ധന കമ്മി 3 ശതമാനമായി കുറകയ്ക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ട് കടഭാരവും മെല്ലെ കുറയുകയും 2025-–26 ആകുമ്പോൾ 34%ത്തിനടുത്ത് എത്തുകയും ചെയ്യും. അനാവശ്യ ഭയം ഈ വിഷയത്തിൽ ഉണ്ടാവേണ്ടതില്ല എന്ന് സാരം. അപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ അവരെങ്ങനെ കടഭാരം കുറച്ചു നിർത്തി “മാനേജ്’ചെയ്തു? ഉത്തരം ലളിതമാണ്. ജനക്ഷേമത്തിന് വേണ്ടി കൂടുതൽ പണം ചെലവഴിക്കേണ്ട. കോവിഡ് വർഷങ്ങളിൽ അവർ പൊതുചിലവ് കേരളത്തെ പോലെ വർദ്ധിപ്പിച്ചില്ല. അതു മാത്രമല്ല. പല സംസ്ഥാനങ്ങളും അവർക്കുണ്ടായിരുന്ന വരുമാനം ചെലവഴിക്കാതെ, കടപ്പേടിയിൽ പെട്ട് ട്രഷറി ബില്ലുകളിൽ സുരക്ഷിതമായി നിക്ഷേപിച്ചു വയ്ക്കുകയും ചെയ്തു. 2021 മാർച്ച് 31ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുംകൂടി 2.05 ലക്ഷം കോടി രൂപ ഇങ്ങനെ ട്രഷറി ബില്ലുകളിൽ നിക്ഷേപിച്ച് വച്ചിരിക്കുകയായിരുന്നു. സാധാരണ മനുഷ്യർ നിസ്സഹായരായി കൂട്ടപ്പലായനം നടത്തേണ്ട സ്ഥിതിയും. കേരളം ഉയർത്തി പിടിക്കുന്ന രാഷ്ട്രീയം ഇതല്ല. കേരളം കടം കയറി മുടിഞ്ഞു എന്നു പ്രചരിപ്പിക്കുകയും കട പരിധി ഏകപക്ഷീയമായി വെട്ടിക്കുറക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ കടം എത്രയാണ്? ദേശീയ വരുമാനത്തിന്റെ 60 ശതമാനം. ഐഎംഎഫിന്റെ 2023 ലെ ഒരു റിപ്പോർട്ടിൽ പറയുന്നത്, ഇന്ത്യയുടെ 2027–-28ലെ കടഭാരം ജിഡിപി-യുടെ 100% കടന്നേക്കാം എന്നാണ്. ഇവരാണ് 36 ശതമാനം കടമുള്ള കേരളം തകർന്നു എന്ന ആഖ്യാനം പ്രചരിപ്പിക്കുന്നത്. |
കടം നിഷിദ്ധമാണോ? ഭരണഘടനാവിരുദ്ധമാണോ? കടം എന്തോ നിഷിദ്ധമായ സംഗതിയാണെന്ന പ്രതീതിയാണ് പൊതു ആഖ്യാനങ്ങൾ നിർമ്മിച്ചത്. അതു ശരിയാണോ? ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗത്തെ അദ്ധ്യായം രണ്ടിലെ ആർട്ടിക്കിൾ 292,293എന്നിവ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കടമെടുപ്പു സംബന്ധിച്ച വ്യവസ്ഥകളാണ്. ആർട്ടിക്കിൾ 293 എല്ലാവരും പ്രതിപാദിക്കാറുണ്ട്. സംസ്ഥാനങ്ങളുടെ വായ്പാ അധികാരം സംബന്ധിച്ചാണ് ഈ അനുച്ഛേദം. നിയമസഭ തീരുമാനിക്കുന്ന പരിധിക്കുവിധേയമായി രാജ്യത്തിനുള്ളിൽ നിന്നും സംസ്ഥാന സർക്കാരിനു വായ്പയെടുക്കാം. ഇതാണ് 293(1) ൽ പറയുന്നത്. ഉചിതം എന്നു തോന്നിയാൽ കേന്ദ്രസർക്കാരിനു സംസ്ഥാനങ്ങൾക്കു നേരിട്ടു വായ്പ നൽകുകയും ചെയ്യാം. ഇതാണ് 293(2) ലെ വ്യവസ്ഥ. ഇങ്ങനെ കേന്ദ്രം നൽകുന്ന വായ്പയിൽ വല്ലതും കുടിശിക ഉണ്ടെങ്കിൽ കേന്ദ്ര അനുമതിയോടെ മാത്രമേ മറ്റു ആഭ്യന്തര വായ്പകൾ എടുക്കാവൂ എന്നതാണ് 293(3) ലെ വ്യവസ്ഥ. കേന്ദ്ര സർക്കാർ നേരിട്ടു നൽകിയ വായ്പയിൽ ഒന്നും കുടിശിക ഇല്ലെങ്കിലോ? 293(3) പ്രകാരം അനുമതി വേണ്ട. അധികാരം സംസ്ഥാന നിയമസഭയ്ക്കും സർക്കാരിനുമാണ്. ആർട്ടിക്കിൾ 293 സംസ്ഥാന സർക്കാരിന്റെ വായ്പാ അധികാരമാണ് പ്രതിപാദിക്കുന്നത്. അല്ലാതെ അധികാരമില്ലായ്മയല്ല. |
സുപ്രീം കോടതിയിലെ കേരളത്തിന്റെ കേസ് എന്താണ്?
സംസ്ഥാനത്തിന്റെ ഈ കടമെടുപ്പു പരിധി ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്തു കൊണ്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആർട്ടിക്കിൾ 131 പ്രകാരം കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഗൗരവമുള്ള ഭരണഘടനാ ചോദ്യങ്ങളാണ് കേരളം ഉന്നയിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഫെഡറൽ ധന സ്വാതന്ത്ര്യത്തിനു വേണ്ടി ഇത്തരമൊരു കേസ്. അതിലേയ്ക്കു വിശദമായി പോകുന്നില്ല. എന്നാൽ ചുരുക്കമിതാണ്.
a) ആർട്ടിക്കിൾ 202 പ്രകാരം ബജറ്റ് രൂപപ്പെടുത്താനും നടത്താനുമുള്ള സമ്പൂർണ്ണ അധികാരം സംസ്ഥാനത്തിനുണ്ട്. സംസ്ഥാനം അവരുടെ ജനഹിതം അനുസരിച്ച് രൂപപ്പെടുത്തുന്ന നയങ്ങൾക്ക് അനുസൃതമായിട്ടാണ് ബജറ്റ് ഉണ്ടാക്കുന്നത്.ആ ബജറ്റിലെ ധനക്കമ്മി ( വായ്പാ വരുമാനം) എത്രയാണ് എന്നു നിർണ്ണയിക്കാനുള്ള സമ്പൂർണ്ണ അധികാരം സംസ്ഥാന നിയമസഭയ്ക്കാണ്. അതിൽ കൈകടത്താൻ ഭരണഘടനാപരമായി കേന്ദ്ര സർക്കാരിന് അധികാരമില്ല.
b) ഭരണഘടനയുടെ ഏഴാം പട്ടിക പാർലമെന്റിന്റേയും സംസ്ഥാന നിയമസഭകളുടേയും നിയമ നിർമ്മാണ അധികാര മേഖലകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ സംസ്ഥാന ലിസ്റ്റിലെ ഇനം 43 ലാണ് Public Debt of the state കിടക്കുന്നത്. അതേ സമയം യൂണിയൻ ലിസ്റ്റിൽ ഇനം 35 ലാണ് Public Debt of the Union കിടക്കുന്നത്. എന്താണിതിനർത്ഥം? സംസ്ഥാനത്തിന്റെ കടം സംബന്ധിച്ച് നിയമം നിർമ്മിക്കാൻ സംസ്ഥാന നിയമസഭയുടെ അധികാരം സമ്പൂർണ്ണമാണ്. അതു പ്രകാരം കേരളം ധനക്കമ്മി നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ മേൽ കേന്ദ്രത്തിന് ഒരുവിധ അധികാരവുമില്ല. കാരണം, യൂണിയൻ ലിസ്റ്റിലെ ഇനം 35 യൂണിയൻ ഗവൺമെന്റിന്റെ കടത്തെകുറിച്ചു മാത്രമാണ് പറയുന്നത്. ഇവ രണ്ടും സ്വതന്ത്രമായ രണ്ടു നിയമ നിർമ്മാണ അധികാരങ്ങളാണ്. അതിനാൽ കേരളത്തിനു മേൽ ആർട്ടിക്കിൾ 293 വലിച്ചു നീട്ടി ഉപയോഗിക്കുന്നത് അമിതാധികാര പ്രയോഗമാണ്.
c) ഈ കട പരിധി നിശ്ചയിക്കാൻ സംസ്ഥാനത്തിന്റെ ട്രഷറി നിക്ഷേപങ്ങളെയും പൊതു മേഖലാ സ്ഥാപനങ്ങൾ ( കിഫ്ബി അടക്കം) എടുക്കുന്ന വായ്പയെയും എല്ലാം കേന്ദ്രം മുൻകാല പ്രാബല്യത്തോടെ ഉപയോഗിക്കുകയാണ്. ഇതു ഭരണഘടനയുടെ വിവിധ ആർട്ടിക്കിളുകൾ സംസ്ഥാനത്തിനു നൽകുന്ന ഫെഡറൽ അധികാരത്തിനു മേലുള്ള കടന്നാക്രമണമാണ്.
കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്പകൾ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽപെടുത്തി വായ്പാപരിധി വെട്ടിക്കുറയ്ക്കുമ്പോൾ എത്രയാണ് നഷ്ടമാകുന്നത്? റവന്യു കമ്മി ഗ്രാന്റും ജി.എസ്.ടി നഷ്ടപരിഹാരവും അവസാനിക്കുന്ന വർഷമായ 2022-–23-ൽ സ്വാഭാവികമായും ധനഞെരുക്കം ഉണ്ടാകും. വളരെ ബോധപൂർവ്വം കേന്ദ്ര സർക്കാർ ഈ സന്ദർഭമാണ് കടന്നാക്രമണത്തിനു തെരഞ്ഞെടുത്തത്. കിഫ്ബിയുടെ വായ്പകൾ ഓഫ് ബജറ്റ് ബോറോയിംഗ് ആണെന്നും അത് സംസ്ഥാന സർക്കാരിന്റെ സാധാരണ വായ്പാപരിധിയിൽ നിന്നും വെട്ടിക്കുറയ്ക്കുമെന്നും കേന്ദ്രം പ്രഖ്യാപിച്ചു. 2021–-22-ൽ 43,000 കോടി രൂപ വായ്പയെടുത്ത സംസ്ഥാനത്തിന് 2022-–23-ൽ 22,000 കോടി രൂപ വായ്പയെടുക്കാനേ അനുവാദം ലഭിച്ചുള്ളൂ. നടപ്പുവർഷം അതിലും കുറവായിരിക്കും.
ഇന്നത്തെ ധനപ്രതിസന്ധി കേരളത്തിനെതിരായ കേന്ദ്ര ഗൂഢാലോചനയുടെ ഫലമാണ്. .
– എം ഗോപകുമാർ