കേരള സംസ്ഥാനം രൂപംകൊണ്ട 1950കൾ മുതൽ തന്നെ തുടങ്ങിയതാണ് കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അഗവണനയും ചിറ്റമ്മനയവും. സംസ്ഥാനത്തെ ആദ്യ മന്ത്രിസഭതന്നെ കേന്ദ്ര ഭരണകക്ഷിയുടെയെന്നല്ല, ഇന്ത്യൻ ഭരണവർഗത്തിന്റെ തന്നെ നയങ്ങളെ വെല്ലുവിളിക്കുകയും ബദൽ മുന്നോട്ടുവച്ച് അത് നടപ്പാക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലായത് അവരെ ഞെട്ടിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ 1957ലെ ഇ എം എസ് സർക്കാരിനെ സുഗമമായി മുന്നോട്ടു പോകാൻ പറ്റാത്തവിധത്തിലുള്ള വെെതരണികൾ സൃഷ്ടിച്ചുകൊണ്ടിരുന്നു കേന്ദ്ര സർക്കാരും കേന്ദ്ര ഭരണകക്ഷിയായ കോൺഗ്രസും. അന്ന് സംസ്ഥാന നിയമസഭ പാസ്സാക്കിയ ഭൂപരിഷ്-ക്കരണ ബില്ലും വിദ്യാഭ്യാസബില്ലും മറ്റും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വിട്ട് കാലതാമസം വരുത്തിയതെല്ലാം ഇതിന്റെ ഭാഗമായിരുന്നു.
1967ലെ രണ്ടാം ഇ എം എസ് സർക്കാരിന്റെ കാലത്ത് (ഐക്യമുന്നണി) രാജ്യമാസകലമെന്ന പോലെ കേരളവും കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടിരുന്നു. അന്നു പക്ഷേ, കേന്ദ്രത്തിൽ കോൺഗ്രസിനുതന്നെ ഭരണം നിലനിർത്താനായെങ്കിലും മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോൺഗ്രസിന് ഭരണകുത്തക നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന എന്ന വിഷയത്തിന് കേരളത്തിന്റെ അതിർത്തികടന്നും പ്രസക്തി കെെവന്നു. എന്നിരുന്നാലും കേരളത്തോടുള്ള സമീപനം, മറ്റു സംസ്ഥാനങ്ങൾക്കെതിരെയുള്ള അവഗണനയ്ക്കപ്പുറം പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ മാനങ്ങൾ കൂടി ഉള്ളതാണ്. ഭക്ഷ്യക്ഷാമംകൊണ്ട് കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലത്ത് കേരളത്തെ പട്ടിണിക്കിട്ട് കൊല്ലാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. എന്നാൽ കേരളം പാർലമെന്റിനുള്ളിലും തെരുവുകളിലും അതിനെതിരെ അണിനിരന്നാണ് അതിനെ ചെറുത്തത്. സംസ്ഥാനത്തു നടന്ന ശക്തമായ ജനകീയ പ്രക്ഷോഭത്തിനു പുറമെ പാർലമെന്റിൽ എ കെ ജിയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ ഇടപെടലും കൊണ്ട് കേരളത്തിന് അർഹമായ ഭക്ഷ്യധാന്യ വിഹിതം നേടിയെടുക്കാനും അങ്ങനെ കേരളത്തിൽ ആദ്യമായി സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം നടപ്പാക്കാനും കഴിഞ്ഞ ചരിത്രവും കേരളത്തിനുണ്ട്. ദക്ഷിണേന്ത്യക്കാകെ ഒരു ഭക്ഷ്യമേഖലയായിരുന്നത് ആ ക്ഷാമകാലത്ത് സംസ്ഥാനാതിർത്തി കടന്നു ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്നത് വിലക്കിയതും കേരളത്തെ പട്ടിണിക്കിടാൻ വേണ്ടി ആയിരുന്നു. കാരണം, ഭക്ഷ്യധാന്യ ഉൽപ്പാദനം കുറവായ ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനം കേരളമായിരുന്നു. അതിർത്തി കടന്നുള്ള ഭക്ഷ്യധാന്യ വിൽപ്പന നിയന്ത്രിച്ച ഉത്തരവും കേരളത്തിലെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഏറെകഴിയുംമുൻപ് കേന്ദ്രത്തിനു പിൻവലിക്കേണ്ടതായി വന്നു.
കേരളത്തിന്റെ വ്യവസായ വികസനത്തിനാവശ്യമായ പൊതുമേഖലാ നിക്ഷേപം നടത്തുന്നതിലും കേന്ദ്ര സർക്കാർ കേരളത്തോട് ചിറ്റമ്മനയം പുലർത്തിയിരുന്നു. അതിനെതിരെയും ശക്തമായ പോരാട്ടം ഉയർന്നുവന്നിരുന്നു. പിൽക്കാലത്ത് 1980ലും 1987ലും 1996ലും 2006ലുമെല്ലാം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റുകൾ ഉണ്ടായിരുന്നപ്പോഴെല്ലാം കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിൽനിന്ന് അവഗണന നേരിട്ടിരുന്നു. മാത്രമല്ല, സംസ്ഥാനത്ത് കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾപോലും കേന്ദ്ര സർക്കാർ കേരളത്തോട് ചിറ്റമ്മനയമാണ് പുലർത്തിയിരുന്നത്. സംസ്ഥാനമെന്ന നിലയിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ഏതു സമയത്തും തെരുവിലിറങ്ങി ഇടതുപക്ഷം പൊരുതിയിരുന്നു എന്നതിലുള്ള ബൂർഷ്വാ ഭരണാധികാരികളുടെ പകയായിരുന്നു അതിനു കാരണം.
പക്ഷേ, ഇന്ന് സ്ഥിതി അതല്ല. മോദി സർക്കാരിന്റെ കാലത്ത് പൊതുവിൽ ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളോട്, പ്രത്യേകിച്ച് എൽഡിഎഫ് ഭരിക്കുന്ന കേരളത്തോട്, പ്രകടമാക്കുന്നത് വെറും അവഗണന മാത്രമല്ല, മറിച്ച് കടുത്ത കടന്നാക്രമണമാണ്. സാമ്പത്തികമായി ശ്വാസംമുട്ടിച്ച് കേരള സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസനപദ്ധതികളെയാകെ തുരങ്കംവയ്ക്കാനും ക്ഷേമപദ്ധതികളെ സ്തംഭനാവസ്ഥയിലാക്കാനുമാണ് മോദി സർക്കാർ ശ്രമിക്കുന്നത്. അവഗണനയ്ക്കപ്പുറം കേരളത്തിന്റെ മുന്നോട്ടുപോക്കിനെതിരായ കടന്നാക്രമണമാണ് നടക്കുന്നത്.
ലെെഫ് ഭവനപദ്ധതിക്കും ആരോഗ്യമേഖലയിലെ വികസനത്തിനുമുള്ള പരിമിതമായ കേന്ദ്ര സഹായം ലഭിക്കണമെന്നുണ്ടെങ്കിൽപോലും അതുപയോഗിച്ചു നടത്തുന്ന നിർമിതികൾക്കുമുന്നിലെല്ലാം മോദിയുടെ ഫോട്ടോയും ഒപ്പം കേന്ദ്ര ഫണ്ടുപയോഗിച്ച് നിർമിച്ചത് എന്നും രേഖപ്പെടുത്തിയിരിക്കണമെന്നാണ് കേന്ദ്ര സർക്കാർ തീട്ടൂരം. ഇല്ലെങ്കിൽ വിഹിതം ലഭിക്കില്ല. ഇത് ഭവനപദ്ധതിയുടെ കാര്യത്തിൽ അതിന്റെ ഗുണഭോക്താക്കളോടുള്ള അവഹേളനമാണ്. ജീവിതകാലം മുഴുവൻ തങ്ങൾ ദാനം കിട്ടിയ വീട്ടിലാണ് പാർക്കുന്നത് എന്ന ഒരു മാനസികാവസ്ഥയിൽ കഴിഞ്ഞു കൂടേണ്ടതായി വരുന്നു. എന്നാൽ മൊത്തം ചെലവിന്റെ 75 ശതമാനവും വഹിക്കുന്ന സംസ്ഥാന സർക്കാർ അത്തരമൊരു അവകാശവാദമോ അടയാളപ്പെടുത്തലോ കൂടാതെയാണ് ഗുണഭോക്താക്കൾക്ക് പാർപ്പിടം കെെമാറുന്നത്. അതിലൂടെ ഓരോ ഗുണഭോക്താവിനും അതു തന്റെ വീടു തന്നെ എന്ന അഭിമാനബോധമുണ്ടാകുന്നു. കേന്ദ്ര സർക്കാർ തൽസ്ഥാനത്ത് അവരെ അപമാനബോധമുള്ളവരാക്കാനാണ് ശ്രമിക്കുന്നത്.
മാത്രമല്ല, ക്ഷേമപെൻഷനുകൾ നാമമാത്രമായി, കുറച്ചുപേർക്കു മാത്രം കൊടുത്താൽ മതിയെന്ന നിലപാടാണ് കേന്ദ്ര സർക്കാർ പുലർത്തുന്നത്. എന്നാൽ കേരളത്തെ ഒരു ക്ഷേമസമൂഹമായും അതിദരിദ്രരില്ലാത്ത സന്തുഷ്ട സമൂഹമായും മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ നീങ്ങുന്നത്. എന്തുചെയ്തും ഈ ലക്ഷ്യം നടപ്പാക്കരുത് എന്ന നിലപാടോടെയാണ് മോദി സർക്കാർ കേരളത്തിന്റെ നികുതി വിഹിതം വെട്ടിക്കുറച്ചിരിക്കുന്നത്. എന്നു മാത്രമല്ല, കടമെടുത്ത് അത് നടപ്പാക്കുന്നതിനുവേണ്ടി കൊണ്ടുവന്ന സംവിധാനത്തിനുനേരെയും മോദി സർക്കാർ വാളോങ്ങിയിരിക്കുന്നു.
കേന്ദ്ര സർക്കാർ കേരളത്തോടു പ്രകടിപ്പിക്കുന്ന ആക്രമണപരമായ നിലപാടിന്റെ ചില ഉദാഹരണങ്ങൾ നോക്കാം. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് കേന്ദ്ര നികുതി വിഹിതം 3.89 ശതമാനമായിരുന്നത് ഇപ്പോൾ 1.9 ശതമാനമായി മാറിയിരിക്കുകയാണ്. അതായത് സംസ്ഥാനത്തിന് നിയമാനുസരണം ലഭിക്കേണ്ട തുക നേർപകുതിയായി കുറഞ്ഞിരിക്കുന്നു. ഇതിനു പുറമേയാണ് സംസ്ഥാനത്തിനു ലഭിക്കേണ്ട മറ്റു വിവിധ ഇനങ്ങളിലെ തുകകളിലുള്ള വെട്ടിക്കുറവുകളും. ഇങ്ങനെ മൊത്തം സംസ്ഥാന ഖജനാവിലേക്ക് വരേണ്ട തുകയിൽ 57,000 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. വിവിധ ഇനങ്ങളിലായി കേരളത്തിനു ലഭിക്കേണ്ട കേന്ദ്ര സഹായത്തിന്റെ കുടിശ്ശിക 4224.87 കോടി രൂപയാണ്. ഇതിനു പുറമെയാണ് വിവിധ ഇനങ്ങളിലായി കേന്ദ്ര സർക്കാർ 57,000 കോടി രൂപ വെട്ടിക്കുറച്ചത്. ഇത് രണ്ടും കൂടിച്ചേർന്നാൽ കേരളത്തിനു ലഭിക്കേണ്ടത് 61,624.87 കോടി രൂപയുണ്ട്. ഇത് കേരളത്തിനുനേരെയുള്ള സാമ്പത്തിക ഉപരോധമാണ്.
കേരളത്തിന്റെ വായ്പയെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചും കേന്ദ്ര സർക്കാർ കേരളത്തോട് പകവീട്ടുകയാണ്. കേന്ദ്ര സർക്കാരിന്റെ കേരളത്തിനുനേരെയുള്ള കടന്നാക്രമണം ഇവിടെയും അവസാനിക്കുന്നില്ല. കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസനത്തിനും ക്ഷേമപെൻഷനുകൾ അതത് മാസം കൃത്യമായി നൽകുന്നതിനുമായി ഏർപ്പെടുത്തിയ കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്പകൾ കൂടി സംസ്ഥാന സർക്കാരിന്റെ വായ്പാപരിധിയിൽ ഉൾപ്പെടുത്തി കേരളത്തിന്റെ വികസന–ക്ഷേമപരിപാടികളെയാകെ അവതാളത്തിലാക്കാനാണ് ദുഷ്ടലാക്കോടെ കേന്ദ്ര സർക്കാർ ശ്രമിച്ചത്. പെൻഷനുകൾ മുടക്കി സംസ്ഥാന സർക്കാരിനെതിരെ അതിന്റെ ഗുണഭോക്താക്കളായ ദരിദ്രജനതയെ തിരിച്ചുവിടുകയായിരുന്നു ആ ദുഷ്ടലാക്ക്.
എന്നാൽ ഈ സാമ്പത്തികഉപരോധത്തെയെല്ലാം മറികടന്ന് സംസ്ഥാന സർക്കാർ 23,000 കോടി രൂപയുടെ അധിക തനത് വരുമാനമാണ് സമാഹരിച്ചത്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകേണ്ട തുക കൃത്യമായി നൽകിയിരുന്നെങ്കിൽ ക്ഷേമ പെൻഷനുകൾ ഒരു മാസം പോലും മുടക്കം വരാതെ നൽകാൻ കഴിയുമായിരുന്നു. മാത്രമല്ല, വികസന പദ്ധതികളും അതിവേഗം മുന്നോട്ടുപോകുമായിരുന്നു. ചുരുക്കത്തിൽ കേരള ജനതയ്ക്കുനേരെ തന്നെയുള്ള കടന്നാക്രമണമാണ് ഇപ്പോൾ മോദി സർക്കാർ നടത്തുന്നത്.
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ കേരളത്തോടുള്ള ചിറ്റമ്മനയം കാണിച്ചിരുന്നപ്പോഴെല്ലാം അതിനു നേരെ കണ്ണടച്ചിരുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇപ്പോൾ മോദി സർക്കാർ കേരളത്തെ കടന്നാക്രമിക്കുമ്പോഴും ഒരക്ഷരം പോലും അതിനെതിരെ ഉരിയാടാൻ തയ്യാറല്ല. സംസ്ഥാന സർക്കാർ അതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഡൽഹിയിൽ സമര പരിപാടികൾ നടത്തുന്നതിന് പ്രതിപക്ഷത്തിനെ ഒപ്പം കൂട്ടാൻ തയ്യാറായെങ്കിലും അതിനു വിസമ്മതിക്കുകയാണ് കോൺഗ്രസ് നേതൃത്വം. അങ്ങനെ കേരള വിരുദ്ധമായ കേന്ദ്ര നിലപാടിനൊപ്പം തന്നെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും നിൽക്കുകയാണ്. ♦