സ്വകാര്യ ആശുപത്രികളിൽ പണിയെടുക്കുന്ന നഴ്‌സുമാർക്ക് മിനിമം വേതനം നൽകണമെന്ന് നിർദേശിക്കുന്ന ബില്ല് ബ്രസീലിലെ സെനറ്റ് അംഗീകരിച്ചത് രണ്ടുവർഷം മുന്പ് 2021 നവംബറിലാണ്. 2022 മെയ് മാസത്തിൽ ചേംബർ ഓഫ് ഡെപ്യൂട്ടീസും ബില്ല് പാസാക്കി. ആഗസ്‌തിൽ പ്രസിഡന്റ് ലുല ബില്ലിൽ ഒപ്പുവച്ചതോടെ അത് നിയമമായി‐ 14,434/2022‐ാം നന്പർ നിയമം. അതോടെ ബ്രസീലിലെ നഴ്‌സുമാർക്കാകെ ദേശീയ മിനിമം വേതനം എന്നത് അവരുടെ നിയമപ്രകാരമുള്ള അവകാശമായി മാറി.
എന്നാൽ സ്വകാര്യ ആശുപത്രി ഉടമകൾ സൃഷ്ടിച്ച തടസ്സങ്ങൾ മൂലം അതിനിയും നടപ്പാക്കാനായിട്ടില്ല. ഈ നിയമം തടയണമെന്ന സ്വകാര്യ ആശുപത്രി മുതലാളിമാരുടെ ആവശ്യം പരിഗണിച്ച് സുപ്രീംകോടതി താൽക്കാലികമായി ഈ നിയമം നടപ്പാക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ബ്രസിലിയൻ കോൺഗ്രസ് രണ്ട് ഭരണഘടനാ ഭേദഗതികളും പുതുതായി ഒരു നിയമവും കൊണ്ടുവന്ന് മിനിമം വേതനം നൽകുന്നതിനെതിരായ തടസ്സങ്ങളാകെ നീക്കംചെയ്‌തു. ഒടുവിൽ 2023 ജൂണിൽ സുപ്രീംകോടതി ഈ നിയമങ്ങൾ ഭരണഘടനാനുസൃതമാണെന്ന് പ്രഖ്യാപിക്കുകയും സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്കും ടെക്‌നീഷ്യന്മാർക്കും അസിസ്റ്റന്റുമാർക്കും ദേശീയ മിനിമം വേതനം ഉറപ്പാക്കാൻ 60 ദിവസത്തിനകം ഈ ജീവനക്കാരുടെ സംഘടനകളുമായി ചർച്ചചെയ്‌ത് നടപ്പാക്കണമെന്ന് മാനേജ്‌മെന്റുകളോട് നിർദേശിക്കുകയും ചെയ്‌തു.
ബ്രസീലിലെ മന്ത്രിസഭയും പാർലമെന്റും സുപ്രീം കോടതിയും അംഗീകരിച്ചിട്ടുപോലും ഈ നിയമം പൂർണമായി നടപ്പാക്കാൻ ആശുപത്രി ഉടമകൾ തയ്യാറായില്ല. കാരണം പല പ്രവിശ്യകളിലെയും ആശുപത്രി ഉടമകൾ ദേശീയ മിനിമം വേതനം നഴ്‌സുമാർക്കും മറ്റു ജീവനക്കാർക്കും നടപ്പിലാക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നതാണ്. തൊഴിലാളി പ്രതിനിധികളുമായുള്ള അനുരഞ്‌ജന ചർച്ചകൾ അനന്തമായി നീട്ടിക്കൊണ്ടുപോവുകയും സാന്പത്തികപ്രയാസങ്ങൾ ഉന്നയിക്കുകയും ചെയ്‌താണ് മാനേജ്‌മെന്റുകൾ തടസ്സമുണ്ടാക്കുന്നത്.
നവംബർ 7ന് നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹെൽത്ത്, ബ്രസീലിലെ പമോന്നത ലേബർ കോടതി മുന്പാകെ നഴ്‌സുമാരുടെയും മറ്റും ശന്പളം സംബന്ധിച്ച് നിർദേശം സമർപ്പിച്ചു. പാർലമെന്റ് അംഗീകരിച്ച നിർദിഷ്‌ട മിനിമം വേതനത്തെക്കാൾ കുറഞ്ഞ തുകയാണ് കോൺഫെഡറേഷൻ മുന്നോട്ടുവച്ചത്. ഈ തുകപോലും രണ്ടുമൂന്ന് വർഷത്തിനകം ഗഡുക്കളായി നൽകിയാലും മതിയത്രെ. എന്നാൽ നഴ്‌സുമാരുടെ ദേശീയ ഫെഡറേഷൻ ഇതിനെ എതിർത്തുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ്. രണ്ടുമൂന്നു വർഷം കഴിയുമ്പോൾ നാണയപ്പെരുപ്പം ഈ തുകയെ തന്നെ വിഴുങ്ങുമെന്നാണ് പറയുന്നത്.
എന്നാൽ സ്വകാര്യ ആശുപത്രികൾ രാജ്യത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളാണ്. 2023ന്റെ ആദ്യപകുതിയിൽ മാത്രം 40.6 കോടി അമേരിക്കൻ ഡോളർ ഇവയ്‌ക്ക് ലാഭം ലഭിച്ചുവെന്നതാണ് യാഥാർഥ്യം. ആശുപത്രികളിൽ പണിയെടുക്കുന്ന ജീവനക്കാർക്ക് മിനിമം കൂലി പോലും നൽകാതെ തങ്ങളുടെ ലാഭം പെരുപ്പിക്കാനാണ് മുതലാളിമാർ ശ്രമിക്കുന്നത്.
എന്നാൽ പരയ്‌ബ പ്രവിശ്യയിൽ സ്വകാര്യ ആശുപത്രികളിൽ മിനിമം വേതനം നടപ്പാക്കി. മാത്രമല്ല, ആഴ്‌ചയിൽ 30 മണിക്കൂർ പ്രവൃത്തിസമയം നിശ്ചയിച്ച രാജ്യത്തെ ആദ്യ സംസ്ഥാനവുമാണ് പരയ്‌ബ. ഇത് ഫെഡറൽ ഗവൺമെന്റ് നിശ്ചയിച്ച, ആഴ്‌ചയിൽ 44 മണിക്കൂർ പ്രവൃത്തിസമയം എന്നതിലും മികച്ചതാണ്. ബ്രസീലിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണമുള്ള ഏക സംസ്ഥാനമാണ് പരയ്‌ബ.
നഴ്‌സുമാർക്ക് മിനിമം വേതനം ഉടൻ നടപ്പാക്കണമെന്ന പ്രക്ഷോഭം ശക്തിപ്പെട്ടതിനെത്തുടർന്ന് നവംബർ 17ന് പരമോന്നത ലേബർ കോടതി ഇരുവിഭാഗത്തെയും അനുരഞ്‌ജന ചർച്ചകൾക്ക് വിളിച്ചെങ്കിലും തീരുമാനത്തിലെത്തിയില്ല. ♦