Thursday, September 19, 2024

ad

Homeസംസ്ഥാനങ്ങളിലൂടെന്യൂസ്‌ ക്ലിക്കിനെതിരായ പൊലീസ്‌ നടപടി: ഡൽഹിയിൽ പത്രപ്രവർത്തകരുടെ പ്രതിഷേധം

ന്യൂസ്‌ ക്ലിക്കിനെതിരായ പൊലീസ്‌ നടപടി: ഡൽഹിയിൽ പത്രപ്രവർത്തകരുടെ പ്രതിഷേധം

കെ ആർ മായ

2023 ഒക്ടോബർ 3ന്‌ വൈകുന്നേരം ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ മുറ്റം അതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധസമരത്തിന് സാക്ഷ്യം വഹിച്ചു. ന്യൂസ് ക്ലിക്ക് പോർട്ടലിന്റെ സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീർ പുർകായസ്തയെയും ആ സ്ഥാപനത്തിന്റെ ഹ്യൂമൻ റിസോഴ്സസ് മേധാവിയുമായ അമിത് ചക്രവർത്തിയെയും അറസ്റ്റു ചെയ്തതിലും അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിലും പ്രതിഷേധിച്ച് നടന്ന സമരമായിരുന്നു അത്. നിരവധി പത്രപ്രവർത്തകരും, പത്ര-മാധ്യമ സംഘടനകളും, അഭിഭാഷകരും വിവിധ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും തുടങ്ങി ആയിരക്കണക്കിനു പേരാണ് പ്രതിഷേധത്തിൽ അണിനിരന്നത്.

തങ്ങൾക്ക് ഹിതകരമല്ലാത്ത മാധ്യമങ്ങളെ തിരഞ്ഞുപിടിച്ച് പ്രതികാരബുദ്ധിയോടെയുള്ള വേട്ടയാടൽ മോദിഅധികാരമേറ്റെടുത്തശേഷം നിരന്തരം ആവർത്തിക്കുകയാണ്. മോദി ഗവൺമെന്റിനെതിരെ രാജ്യത്തെമ്പാടും ഉയർന്നുവരുന്ന പ്രതിഷേധസമരങ്ങൾ, അഴിമതികൾ, കോർപറേറ്റ് ചങ്ങാത്തം ഇവയെല്ലാം ന്യൂസ് ക്ലിക്ക് നിരന്തരം പുറത്തുകൊണ്ടുവന്നു. മാധ്യമരംഗത്തെ മോദി വിരുദ്ധ ഐക്കൺ ആണ് ന്യൂസ് ക്ലിക്ക്. അതുകൊണ്ടുതന്നെ ബിജെപിയുടെ കൂട്ടിലെ കഴുകൻ ഇഡി ന്യൂസ് ക്ലിക്കിനെ വട്ടമിട്ടു പറക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായി. 2021 സെപ്തംബറിലും 2023 ആഗസ്തിലും ന്യൂസ് ക്ലിക്ക് ആഫീസിൽ ഇഡി റെയ്ഡ് നടത്തി. ഇങ്ങനെ നിരന്തരമുള്ള വേട്ടയാടലിനൊടുവിലാണ് ഇപ്പോഴത്തെ അറസ്റ്റ് ഉണ്ടായത്. ഇതോടൊപ്പം ന്യൂസ്‌ ക്ലിക്കുമായി ബന്ധപ്പെട്ട സ്ത്രീകളുൾപ്പെടെ 46 പേരെ ചോദ്യം ചെയ്തു. അവരുടെയും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തുകൊണ്ടുപോയി. ഓഫീസ് പൂട്ടി സീൽ ചെയ്തു. ന്യൂസ് ക്ലിക്കിലെ ഒരു ജീവനക്കാരൻ താമസിച്ചിരുന്നതിന്റെ പേരിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ റെയ്ഡു നത്തി. ന്യൂസ് ക്ലിക്കിനു വാർത്തകൾ നൽകിയിരുന്ന ട്രൈകോണ്ടിനെന്റൽ ൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് ഡയറക്ടറും സാമൂഹ്യപ്രവർത്തകയുമായ തീസ്ത സെതൽവാദിന്റെ മുംബൈയിലെ വീട്ടിലും പൊലീസ് റെയ്ഡു നടത്തി.

മോദിയെ തുറന്നുകാട്ടുന്ന മാധ്യമങ്ങൾക്കെതിരെയുള്ള വേട്ടയാടൽ ഇതിനുമുമ്പ്, ബിബിസിയ്ക്കു നേരെയാണുണ്ടായത്. ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്രമോദിയുടെ പങ്കു വെളിപ്പെടുത്തുന്ന ഡോക്കുമെന്ററി പുറത്തിറങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ ബിബിസിയുടെ മുംബൈ, ഡൽഹി ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തി. കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയുടെ ഗ്രാമങ്ങളിൽ കൂട്ടമരണം നടക്കുന്നതായും മൃതദേഹങ്ങൾ ദഹിപ്പിക്കാൻ സ്ഥലമില്ലാതെ നദിയിലേക്ക് വലിച്ചെറിയുന്നതായുമുള്ള വാർത്തകളും ദൃശ്യങ്ങളും റിപ്പോർട്ടുചെയ്തതിന് ‘ദി വയർ’ നു നേരെ നടപടിയെടുത്തു.

ന്യൂസ് ക്ലിക്കിനെതിരായ ആക്രമണം ഗോദി മാധ്യമങ്ങളൊഴികെ മറ്റു മാധ്യമങ്ങൾക്കുള്ള മോദിഗവൺമെന്റിന്റെ മുന്നറിയിപ്പാണ്. എന്നാൽ ഈ നടപടിയ്ക്കെതിരെ നടന്ന പ്രതിഷേധ സമരം ഒരു സൂചനയാണ്. എല്ലാക്കാലവും ബിജെപിയ്ക്ക് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയൊതുക്കാനാവില്ലെന്നതിന്റെ വ്യക്തമായ സൂചന. ന്യൂസ്‌ ക്ലിക്കിനെതിരായ നടപടിയിൽ പ്രതിഷേധിച്ച്‌ പ്രസ് ക്ലബ് ഓഫ് ഇന്ത്യ ഉൾപ്പെടെ നിരവധി പത്ര- മാധ്യമ സംഘടനകളും പത്രപ്രവർത്തകരും അഭിഭാഷകരും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും പ്രതിഷേധത്തിൽ അണിനിരന്നു. ജന്തർ മന്ദറിലേക്കു പ്രതിഷേധമാർച്ച് നടത്താനാണ് പദ്ധതിയിട്ടതെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു. മാധ്യമസ്വാതന്ത്ര്യം അനുവദിക്കുക, ഇന്ത്യൻ മാധ്യമങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളും ബാനറുകളും നിറഞ്ഞു. പത്രപ്രവർത്തകർ, അക്കാദമിക്കുകൾ, എഴുത്തുകാർ, ആക്ടിവിസ്റ്റുകൾ എന്നിവരെക്കൊണ്ട് ഡൽഹിയിലെ പ്രസ് ക്ലബിനു മുൻവശം തിങ്ങിനിറഞ്ഞു. ഡൽഹി ജേർണലിസ്റ്റ് യൂണിയൻ, നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ, കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്സ്‌, ഇന്ത്യൻ ലോയേഴ്സ് യൂണിയൻ, ഫോറിൻ കറസ്പോണ്ടൻസ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ, ചണ്ഡീഗഢ് പ്രസ് ക്ലബ് യൂണിയൻ തുടങ്ങി 16 സംഘടനകൾ ചേർന്ന് ഒപ്പുവെച്ച കത്ത് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കൈമാറി. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് കത്തിൽ ഊന്നിപ്പറഞ്ഞത്-. മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ, പിടിച്ചെടുക്കലുകൾക്കും മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യുന്നതിനുമുള്ള മാർഗനിർദേശങ്ങൾ, സംസ്ഥന ഏജൻസികളുടെ ഉത്തരവാദിത്വം എന്നിവയാണത്‌. പ്രതിഷേധയോഗത്തിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഗൗതം ലാഹിരി ചീഫ് ജസ്റ്റിസിനുള്ള കത്ത് വായിച്ചു.

ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ ഏറ്റവും മോശമായ ഘട്ടമാണിതെന്നാണ് മാധ്യമ പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയതിനെ വിമർശിച്ചുക്കൊണ്ട് പ്രമുഖ എഴുത്തുകാരനായ രാമചന്ദ്ര ഗുഹ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് 10 മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാക്കപ്പെട്ട പരഞ്ജോയ് ഗുഹ താക്കുർത്ത തന്റെ അനുഭവം വിവരിക്കുകയുണ്ടായി. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന അനിതരസാധാരണമായ നടപടി ഭരണകൂടത്തിൽനിന്ന്‌ ഉണ്ടായപ്പോൾ തികച്ചും ഉചിതവും മുൻപെജ്ങുമില്ലാത്തത്ര ശക്തവുമായ പ്രതിഷേധത്തിനാണ്‌ രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്‌.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × three =

Most Popular