Sunday, May 19, 2024

ad

Homeപുസ്തകംജൂത നൊമ്പരങ്ങളുടെ നേര്‍ക്കാഴ്ചയാകുന്ന ‘ദ ബുക്ക്സ് ഓഫ് ജേക്കബ്'

ജൂത നൊമ്പരങ്ങളുടെ നേര്‍ക്കാഴ്ചയാകുന്ന ‘ദ ബുക്ക്സ് ഓഫ് ജേക്കബ്’

കവിത ഇന്ദുലേഖ

സ്വദേശമുപേക്ഷിച്ച് ദീർഘകാലം നിർബന്ധിത വൈദേശിക വാസത്തിന് വിധിക്കപ്പെട്ടവരായി ജൂത സമൂഹത്തെ പോലെ മറ്റൊരു ജനസമൂഹത്തെയും ചരിത്രഗതിയിൽ കാണാൻ കഴിയില്ല. എന്നെങ്കിലും സ്വദേശത്ത് തിരിച്ചെത്തും എന്ന ഡയസ്പോറ കെടാതെ സൂക്ഷിച്ച 10 ജൂത ഗോത്രങ്ങളാണ് ആധുനിക ഇസ്രായേല്‍ രാഷ്ട്രത്തിൽ ഉൾച്ചേർന്നിട്ടുള്ളത്. ആഫ്രിക്കയിലും യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയിലും ഒക്കെ അവർ തദ്ദേശീയർക്കൊപ്പം നൂറ്റാണ്ടുകൾ ജീവിച്ചു. എങ്കിലും, തലമുറകൾ കൈമാറി കിട്ടിയ, എന്നെങ്കിലും മടങ്ങിപ്പോകാൻ കഴിഞ്ഞേക്കുമെന്ന സ്വപ്നത്തിൽ തങ്ങളുടെ സ്വത്വത്തെ നഷ്ടമാകാതെ സൂക്ഷിച്ചു.

ജൂതന്മാരോളം പിന്തുടർന്ന് വേട്ടയാടപ്പെട്ട വേറൊരു ജനതയും ഇല്ല തന്നെ. സെമറ്റിക് വിരുദ്ധ വികാരത്തിന്റെ വേരുകൾ ക്രിസ്തുവിനു മുൻപ് പുരാതന ഗ്രീക്ക് റോമൻ കാലഘട്ടത്തിൽ തുടങ്ങി ആധുനിക കാലഘട്ടത്തിലെ ഇസ്രായേൽ വിരുദ്ധ മനോഭാവത്തിന്റെ ന്യൂ ആന്റി സെമറ്റിസത്തിൽ എത്തിനിൽക്കുന്നു. സാമ്രാജ്യ വ്യാപനത്തിന്റെയും സാംസ്കാരിക വ്യത്യാസങ്ങളുടെയും നിരവധി കാരണങ്ങൾ ഈ വെറുപ്പിനു പിന്നിൽ ഉണ്ടെങ്കിലും ഏറെ പ്രചാരണം കിട്ടിയത് ക്രിസ്തുവിനെ ഒറ്റിയ യൂദാസ് ജൂതനായിരുന്നു എന്നതിനാണ്. പ്രധാന വരുമാനമാർഗമായി ജൂതന്മാർ സ്വീകരിച്ച പണം പലിശയ്ക്ക് കൊടുക്കൽ പൊതുസമൂഹത്തിന് അവരോടുള്ള വെറുപ്പ് കൂട്ടിയിരിക്കാം. എന്തുതന്നെയായാലും മധ്യകാലഘട്ടത്തിൽ സമാനതകളില്ലാത്ത വിധം അവർ വേട്ടയാടപ്പെട്ടു. അവർക്കു നേരെ ഉയർത്തപ്പെടുന്ന ഏത് ആരോപണവും തെളിവുകൾ ആവശ്യപ്പെടാതെ സ്വീകരിക്കപ്പെടുകയും കടുത്ത ശിക്ഷകൾക്ക് അവർ വിധേയരാക്കപ്പെുകയും ചെയ്തു. ഭൂമിക്ക് മേൽ അവർക്ക് അവകാശം ഉണ്ടായിരുന്നില്ല. ‘ഗെറ്റോ’ എന്നു വിളിക്കപ്പെട്ട കോളനികളിലേയ്ക്ക് അവർ ഒതുക്കപ്പെട്ടു. അവരുടെ ആചാര രീതികളും വിശുദ്ധ ഗ്രന്ഥങ്ങളും സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെട്ടു.

ചെറുത്തുനിൽപ്പുകൾക്കുള്ള ശേഷി അന്നത്തെ ജൂത സമൂഹത്തിന് തുലോം കുറവായിരുന്നു. എന്നാൽ പൊതുസമൂഹത്തിനൊപ്പം ചേർന്നു പോകുവാനുള്ള പലതരം പരിശ്രമങ്ങൾ ജൂതസമൂഹത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്. ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട അത്തരമൊരു സംഭവമാണ് ഓൾഗ ടൊകാർ ചുക്കിന്റെ ‘ദ ബുക്ക്സ് ഓഫ് ജേക്കബ്’ എന്ന പുസ്തകത്തിന് ആധാരം. സഞ്ചാരങ്ങൾ (Flights) , അസ്ഥികൾക്കുമേൽ ഉഴുതുമറിക്കട്ടെ നിന്റെ കലപ്പകൾ (Drive Your Plough Over the Bones of the Dead) എന്നീ പുസ്തകങ്ങളുടെ കർത്താവായ ഓൾഗ ടോകാർ ചുക്ക് ലോകസാഹിത്യത്തിന് ഒപ്പം നടക്കുന്ന മലയാളിക്ക് അപരിചിതയല്ല. ചിതറിയ ചില്ലുകൾ ചേർത്ത് കാലിഡോസ്കോപ്പ് സൃഷ്ടിക്കുന്ന മോഹക്കാഴ്ചയാണ് ‘ഫ്ലൈറ്റ്സ്’ നൽകുന്നത്. Drive Your Plough Over the Bones of the Dead ആകട്ടെ പരിസ്ഥിതി സ്നേഹത്തിൽ ഊന്നിയ, അപ്രതീക്ഷിത ട്വിസ്റ്റ് സമ്മാനിക്കുന്ന ഒന്നാന്തരം ത്രില്ലർ. ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ‘ദ ബുക്ക്സ് ഓഫ് ജേക്കബ്’. ഈ പുസ്തകത്തോട് അല്പമെങ്കിലും സാമ്യം തോന്നിയ മറ്റൊരു പുസ്തകം വായിച്ചിട്ടുള്ളത് മരിയ വർഗാസ് യോസയുടെ ‘The War of the End of the World’ ആണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രസീലിൽ നടന്ന ‘War of Canndos’ എന്നറിയപ്പെടുന്ന, ആധ്യാത്മിക പശ്ചാത്തലം കൂടിയുള്ള സംഭവത്തിന്റെ ചിത്രീകരണം ആണത്. വർഗാസ് യോസയുടെ മാസ്റ്റർ പീസ് ആയാണ് ആ കൃതി വിലയിരുത്തപ്പെടുന്നത്.

‘ദ ബുക്ക്സ് ഓഫ് ജേക്കബ്’ ൽ ഓൾഗ ടൊകാർ ചുക്ക് കൈകാര്യം ചെയ്യുന്ന കാലഘട്ടം അതിനേക്കാൾ ബൃഹത്താണ്. പല രാജ്യങ്ങൾ കയറിയിറങ്ങുന്ന കഥാഗതി- അവിടങ്ങളിലെ ഭാഷ, രാഷ്ട്രീയം, സംസ്ക്കാരം, വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങൾ, കഥാകൃത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് പൂരിപ്പിക്കുവാൻ ബാക്കിയാകുന്ന ചരിത്ര വിടവുകൾ തുടങ്ങി നിരവധി ഘടകങ്ങൾ കഴിയുന്നത്ര കൃത്യതയോടെ സമാഹരിച്ചാണ് ഈ പുസ്തകം സാധ്യമാക്കിയിട്ടുള്ളത്. ഭാവനാപ്രധാനമായി കണക്കാക്കപ്പടുന്ന നോവലെഴുത്തിൽ വിവരങ്ങളുടെ സ്രോതസ് വെളിപ്പെടുത്തണമെന്ന നിർബന്ധമില്ല എന്നത് അനുഗ്രഹമാണ് എന്ന് ഉപസംഹാരത്തിൽ (epilogue) ടൊകാർ ചുക്ക് പറയുന്നു. കാരണം എഴുത്തുകാരിക്കു പോലും ഓർത്തുവയ്ക്കാൻ ബുദ്ധിമുട്ടുള്ള തരത്തിൽ അത്രയധികം അനുബന്ധ വായന ഈ പുസ്തകം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ആ അത്യധ്വാനത്തിന്റെ ഭാരം വായനക്കാരനെ ബാധിക്കുന്നില്ല. ജീവിതത്തിനും മരണത്തിനും ഇടയില്‍ തങ്ങി നിന്നുപോയ ‘എന്റെ’ (Yente) എന്ന കഥാപാത്രമാണ് പുസ്തകത്തിന്റെ ആമുഖമായി (Prologue) വരുന്നത്. മുകളിൽ നിന്നും ‘എന്റെ’ കാണുന്ന കാഴ്ചകൾ പുസ്തകത്തിന് ഒരു മിസ്റ്റിക് സ്വഭാവം നൽകുന്നുണ്ട്. ഈ മിസ്റ്റിക് അനുഭൂതിയിലാണ് വായനക്കാരന്‍ സഞ്ചരിക്കുന്നത്.

ജൂതസമൂഹത്തിന്റെ സ്വയം പ്രഖ്യാപിത മിശിഹായായിരുന്നു 1626-‐1676 കാലഘട്ടത്തിൽ ജീവിച്ചിരുന്ന സബാറ്റി സെവി (Sabbatai Zevi). സാമ്പ്രദായികമായ ജൂത ജീവിതരീതികൾ വെടിഞ്ഞ് ജൂതസമൂഹത്തിന്റെ സാമൂഹ്യവത്ക്കരണത്തിനാണ് സബാറ്റി ശ്രമിച്ചത്. സബാറ്റി സെവി യുടെ പുനർജന്മമായും പൂര്‍വ്വ പിതാമഹനായ ജേക്കബിന്റെ നേര്‍ അവകാശിയായും രംഗത്ത് വന്ന ചരിത്ര പുരുഷൻ ആണ് 1826 മുതൽ 1891 വരെ ജീവിച്ചിരുന്ന ജേക്കബ് ഫ്രാങ്ക്. ഫ്രാങ്കിസം എന്നറിയപ്പെടുന്ന, ആധുനിക ലോകത്തും വേരുകളുള്ള ഒരു ജൂത വിഭാഗം തന്നെ ജേക്കബ് ഫ്രാങ്ക് സൃഷ്ടിക്കുന്നു. സബാറ്റി സെവിയെ പോലെ തന്നെ ജൂതസമൂഹത്തെ അരികുവത്ക്കരണത്തിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ജേക്കബ് ഫ്രാങ്കും നടത്തിയത്. ഭൂമിക്കുമേൽ അവകാശം ലഭിക്കുന്നതിനായുള്ള തന്റെ സമൂഹത്തിന്റെ അദമ്യമായ ആഗ്രഹം ഫലപ്രാപ്തിയിൽ എത്തിക്കുന്നതിനായി തങ്ങളുടെ വിശ്വാസങ്ങളെ പോലും മാറ്റിനിർത്താൻ അയാൾ തയ്യാറാകുന്നുണ്ട്.

ജേക്കബ് ഫ്രാങ്കിന്റെ പിതാവ് സബാറ്റി സെവിയുടെ അനുഭാവിയായിരുന്നു. സബാറ്റി സെവി യുടെ തത്വശാസ്ത്രത്തെക്കുറിച്ച് ജേക്കബ് ഫ്രാങ്കിന് പിതാവിൽ നിന്നും പകർന്നു കിട്ടിയ പാഠങ്ങൾ അയാളുടെ യൗവനത്തിൽ എത്തുമ്പോഴേക്കും വികസിതമാവുകയും സബാറ്റി സെവി യുടെ പുനരവതാരമാണ് താനെന്ന പ്രഖ്യാപനത്തിൽ എത്തുകയും ചെയ്യുന്നു. ജൂതസമൂഹം പിന്‍തുടര്‍ന്നു വന്ന സാമൂഹിക നിയമങ്ങളെ മാറ്റിയെഴുതിക്കൊണ്ട് അയഞ്ഞ സ്ത്രീപുരുഷ ബന്ധമടക്കം സ്വീകരിച്ച സമൂഹമായിരുന്നു അവരുടേത്. അവതാരപ്പിറവിയാണെന്ന സ്വയം പ്രഖ്യാപനത്തിനു മുന്‍പ് തന്നെ ലൈംഗികതയുമായി ബന്ധപ്പെട്ട് അങ്ങേയറ്റം സങ്കീര്‍ണ്ണ സഞ്ചാരപഥമായിരുന്നു ജേക്കബ് ഫ്രാങ്കിന്റേത്. നിരവധി സ്ത്രീകളുമായി മാത്രമല്ല, സുഹൃത്തുക്കളുമായും കുട്ടികളുമായും വരെ ജേക്കബ് ഫ്രാങ്ക് ശാരീരിക ബന്ധം പുലര്‍ത്തിയതിന്റെ വിവരണം പുസ്തകത്തിലുണ്ട്. തന്റെ ആധ്യാത്മിക ജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ ഒന്നിൽ തുർക്കിയിൽ വച്ച് ജേക്കബ് ഫ്രാങ്ക് അറസ്റ്റിലാകുന്നു. ജീവൻ രക്ഷിക്കുന്നതിനായി ഇസ്ലാം മതം സ്വീകരിക്കേണ്ടിവരുന്നു. കുറഞ്ഞൊരു ഇടവേളയ്ക്ക് ശേഷം പോളണ്ടിൽ തിരിച്ചെത്തുന്ന ജേക്കബ് ഫ്രാങ്ക് യാഥാസ്ഥിതിക ജൂതസമൂഹത്തിന്റെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് രാജ്യത്തെ ഭരണകൂടവുമായും റോമൻ കത്തോലിക്കാ അധികൃതരുമായും ബന്ധം ഉണ്ടാക്കുകയും തന്റെ സമൂഹത്തിന്റെ സാമൂഹ്യവത്ക്കരണത്തിനായി 1859 ല്‍ തന്റെ അനുയായികളോടൊപ്പം ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം നടത്തുകയും ചെയ്യുന്നു. ആചാരത്തിലും ആരാധനയിലും ക്രൈസ്തവവത്ക്കരിക്കപ്പെടുമ്പോഴും പേരുകള്‍ അടക്കം മാറ്റുമ്പോഴും തങ്ങളെ ഒരു വേറിട്ട തനിമയുള്ള വിഭാഗമായി നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ജേക്കബ് ഫ്രാങ്ക് നടത്തുന്നുണ്ട്. തങ്ങള്‍ക്ക് ഭൂമി ലഭിക്കണമെന്നും, എന്നാല്‍ വിവാഹമടക്കമുള്ള കാര്യങ്ങളിൽ മറ്റ് സമൂഹത്തോട് കലരാതെ തങ്ങളുടെ വ്യതിരിക്തത നിലനിര്‍ത്താന്‍ അനുവദിക്കണമെന്നുമാണ് അയാളുടെ താത്പര്യം.

എന്നാൽ ഏറെ വൈകാതെ തന്നെ ജൂത വിശുദ്ധ ഗ്രന്ഥങ്ങളില്‍ ആരോപിക്കപ്പെടുന്ന ക്രൈസ്തവ വിരോധം, ആചാരങ്ങളിലും ജീവിത രീതികളിലും പിന്‍തുടര്‍ന്ന ക്രൈസ്തവ വിരുദ്ധത എന്നിവയുടെയൊക്കെ പേരിൽ ജേക്കബ് ഫ്രാങ്ക് അറസ്റ്റിലാകുന്നു. 13 വർഷം നീണ്ട തടവ് ജീവിതം അവസാനിക്കുന്നത് രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയ അനിശ്ചിതാവസ്ഥ കൊണ്ടു മാത്രമാണ്. ജർമ്മനിയിലേക്ക് കുടിയേറി ആ രാജ്യത്തിന്റെ ഭാഗമാകാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെട്ട് മടങ്ങേണ്ടി വരുന്നു. തീർത്തും നിഷ്പക്ഷയായി നിന്നുകൊണ്ടാണ് ടൊഗാര്‍ചുക്ക് തന്റെ രചന നിർവഹിച്ചിരിക്കുന്നത്. കഥയിലെ കഥാപാത്രങ്ങളോട് പക്ഷം ചേരലുകൾ ഇല്ല. എങ്കിലും കഥയിലൂടെ കടന്നുപോകുന്ന സൂക്ഷ്മ വായനക്കാരന്‍ എത്തിച്ചേരേണ്ടതായ നിരവധി നിഗമനങ്ങൾ ഒളിപ്പിച്ചു വച്ച രചനാ ചാതുര്യമാണ് ടൊഗാര്‍ചുക്കിന്റെ മികവ്. അരികുവൽക്കരണത്തിൽ നിന്ന് രക്ഷപ്പെടാനും ഭൂമിയിൽ അവകാശം ലഭിക്കാനുമുള്ള ഒരു ജനതയുടെ അദമ്യദാഹമാണ് സബാറ്റി സെവിയേയും ജേക്കബ് ഫ്രാങ്കിനേയും പോലുള്ള ജനനായകരെ സൃഷ്ടിക്കുന്നത്. തങ്ങളുടെ വിഭാഗത്തിന്റെ സ്വത്വത്തനിമ പോലും പിന്നീട് മാത്രം വരുന്ന കാര്യമാണ്. അതിനാൽ തന്നെ ഇടയ്ക്ക് ഇസ്ലാം മതം സ്വീകരിക്കേണ്ടി വന്നതുപോലും അപ്രധാനമായ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്.

തങ്ങളും പൊതുസമൂഹത്തിനൊപ്പം പരിഗണിക്കപ്പെടും എന്ന പ്രതീക്ഷയാണ് ക്രൈസ്തവത്കരണത്തിൽ എത്തുന്നത്. അയഞ്ഞ ലൈംഗികബന്ധങ്ങൾ ഒരർത്ഥത്തിൽ തങ്ങളുടെ വിഭാഗത്തെ ഒന്നിച്ചു നിർത്താൻ ഉള്ള ഉപാധിയാണ്. എല്ലാ ഭാര്യമാരും പങ്കുവയ്ക്കപ്പെടുന്നുണ്ടെങ്കിലും ജേക്കബ് ഫ്രാങ്കിന്റെ ഭാര്യ മാത്രം പങ്കുവയ്ക്കപ്പെടാത്തതിനെ അനുയായികളിൽ ഒരാൾ ചോദ്യംചെയ്യുന്നുണ്ട്. എന്നാല്‍ ഏറ്റവും നിർണായകമായ ഉദ്യമത്തിന് അനുയായികളിൽ ഒരാൾ പുറപ്പെടുമ്പോൾ തന്റെ ഭാര്യയെ തന്നെ അയാൾക്ക് നൽകുന്നുണ്ട് ജേക്കബ് ഫ്രാങ്ക്. സ്ത്രീയുടെ അന്തസ്സിനെ പരിഗണിക്കാത്ത ഇത്തരം ലൈംഗികതയിൽ വേദനയും അപമാനവും പേറുന്നവരെയും കഥാകൃത്ത് കാട്ടുന്നുണ്ട്. ലൈംഗിക പങ്കാളിയുടെ സ്വീകരണത്തിൽ പുരുഷന്റെ താൽപര്യം മാത്രം പരിഗണിക്കുന്നതിനെ ഒരു കഥാപാത്രം ചോദ്യം ചെയ്യുന്നുണ്ട്. എല്ലാറ്റിനുമുപരി സ്ത്രീയെ ഒരു ചരക്കെന്നവണ്ണം അധികാരത്തെ പ്രീണിപ്പിക്കാൻ ഉപയോഗിക്കുന്നതിന്റെ അധാർമികതയും ദുരന്തവും ജേക്കബ് ഫ്രാങ്കിന്റെ മകളുടെ ചിത്രീകരണത്തിലൂടെ തന്നെ വരച്ചിടുന്നുമുണ്ട് കഥാക‍ൃത്ത്. കഥയുടെ മധ്യം വരെ അസാമാന്യ ഗാംഭീര്യമുള്ള വ്യക്തിയായി അനുവാചകനിൽ നിറയുന്ന ജേക്കബ് ഫ്രാങ്ക് കഥാന്ത്യത്തിൽ തോറ്റ കോമാളിയായാണ് അനുഭവപ്പെടുക. എന്നാൽ ജേക്കബ് ഫ്രാങ്കിന്റെ മകളായ ഈവ ഏറ്റവും നൊമ്പരപ്പെടുത്തുന്ന കഥാപാത്രമായി നമുക്കൊപ്പം പോരും.

ഈ കൃതിയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ എല്ലാം യഥാർത്ഥത്തിൽ ഉണ്ടായിരുന്നവരാണ്. നിരന്തര പഠനത്തിലൂടെയാണ് അവരെ ടോക്കാര്‍ ചുക്ക് പുനസൃഷ്ടിച്ചിരിക്കുന്നത്. അവരിൽ ചിലർ സവിശേഷ താൽപര്യം ഉണർത്തുന്നവരാണ്. പ്രത്യക്ഷ വായനയില്‍ വളരെ ദുർബലനായ ഒരു കഥാപാത്രമെന്ന മട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന ആളാണ് ഫാദര്‍ ബനഡിക്ട് ചിമിലോവ്സ്ക്കി ( F. Benedykt Chmielowski). എന്നാല്‍ വായനാനന്തര അവലോകനത്തില്‍ ഈ പുസ്തകത്തിലെ ഏറ്റവും വ്യക്തിത്വമുള്ള കഥാപാത്രങ്ങളിൽ ഒരാളായി അദ്ദേഹം അനുഭവപ്പെടും. ഇന്നത്തെ എൻസൈക്ലോപീഡിയക്ക് സമാനമായ ഒരു പുസ്തകം സ്വപ്നം കണ്ടുകൊണ്ട് കഴിയാവുന്നിടത്തോളം വിവരങ്ങൾ സമാഹരിച്ച് (അവയിൽ പലതും അസംബന്ധം ആണെങ്കിലും) ന്യൂ ഏതന്‍സ് (New Athens) എന്നൊരു പുസ്തകം തയ്യാറാക്കുന്നുണ്ട് അദ്ദേഹം. അതിന്റെ ആവശ്യത്തിലേക്കായി സമ്പര്‍ക്കം നിഷിദ്ധമായ ജൂത കോളനികളില്‍ പോകാനും അവരുടെ പുസ്തകങ്ങള്‍ കാണാനും വരെ ശ്രമിക്കുന്നുമുണ്ട് . തന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ഉത്തമബോധ്യം ഉണ്ടങ്കിലും തന്റെ പുസ്തകം മറ്റു പുസ്തകങ്ങളിൽ നിന്നുള്ള മോഷണം ആണെന്ന ആരോപണം അദ്ദേഹം നേരിടുന്നു. കടുത്ത യാഥാസ്ഥിക കടുംപിടിത്തങ്ങള്‍ അനുഷ്ടിച്ചിരുന്ന അന്നത്തെ കാലഘട്ടത്തിലെ ഒരു പുരോഹിതനായിരുന്നിട്ട് കൂടി, തന്നിൽ മതിപ്പുളവാക്കിയ കവിയായ ഒരു സ്ത്രീയുമായി (എല്സബിറ്റ ഡസ്ബെക്ക- Elzbieta Druzbacka) അദ്ദേഹം കത്തുകളിലൂടെ സൗഹൃദം സൂക്ഷിക്കുന്നു. തനിക്ക് അപകടകരമായേക്കാം എന്ന ഭയം സൂക്ഷിക്കുമ്പോഴും ചില വ്യക്തികളെയും (ജൂതര്‍) ഒരു അവസരത്തിൽ ജൂതന്മാരുടെ പുസ്തകങ്ങളെയും സംരക്ഷിക്കാൻ അദ്ദേഹം ധൈര്യം കാട്ടുന്നു. ജീവന് തന്നെ ആപത്തു നേരിടുമ്പോഴും പുസ്തകങ്ങൾ സുരക്ഷിതസ്ഥാനത്ത് എത്തിക്കുന്ന ജൂത റബ്ബി എലിഷ് ഷോര്‍ (Elish Shorr), ചീട്ടുകളിയിൽ അടിമപ്പെട്ടു പണം നഷ്ടപ്പെടുത്തുന്ന ക്രൈസ്തവ പുരോഹിതൻ, എല്ലാ കഥയും മുകളിൽ നിന്ന് കാണുന്ന ‘എന്റെ’ എന്ന കഥാപാത്രം- അങ്ങനെ വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങൾ താല്പര്യമുണര്‍ത്തുന്നവരാണ്.

ഏഴുവർഷം നീണ്ട ചരിത്രപഠനത്തിനൊടുവിലാണ് 912 പേജുകളുള്ള ഈ പുസ്തകം ടൊകാർ ചുക്ക് രചിച്ചത്. ഏഴു പുസ്തകങ്ങളിലായി നോവൽ വിഭജിക്കപ്പെട്ടിരിക്കുന്നു. അവരോഹണ ക്രമത്തിൽ സജ്ജീകരിക്കപ്പെട്ട 912 പേജുകൾ ഈ പുസ്തകത്തിന്റെ വായനയുടെ ഒഴുക്കിനെ ഒരു രീതിയിലും തടസ്സപ്പെടുത്തുന്നില്ല. ഏക പ്രതിബന്ധമായി തോന്നിയത് കഥാപാത്രങ്ങളുടെ പേരുകളാണ്. നിരവധിയായ കഥാപാത്രങ്ങളുടെ പേരുകൾ ഏകദേശം പരിചിതമാകുമ്പോഴേക്കും ക്രൈസ്തവ മതപരിവര്‍ത്തനത്തിന്റെ ഭാഗമായി അവരൊക്കെ പുതിയ പേരുകൾ സ്വീകരിക്കുന്നു. കുറച്ചു ദൂരത്തോളം കഥാപാത്രങ്ങളുടെ രണ്ടുപേരുകളും പറഞ്ഞു പോകുന്നുണ്ടെങ്കിലും പേജുകൾ തിരികെ മറിച്ച് ആദ്യഘട്ടത്തിൽ ഇവർ ഏത് പേരുകളിൽ ആയിരുന്നു എന്ന് തിട്ടപ്പെടുത്തേണ്ടതായി വരിക തന്നെ ചെയ്യും.

സംഭവ ബഹുലമായ വ്യക്തിജീവിതവും വലിയൊരു ജനതയെ ഒന്നിച്ചുനിർത്താനുള്ള വ്യക്തിപ്രഭാവവും ഉണ്ടായിട്ടും തന്റെ ജനതയ്ക്ക് താനാഗ്രഹിച്ച സ്വതന്ത്ര നിലനിൽപ്പ് നേടിക്കൊടുക്കാനാവാതെയാണ് ജേക്കബ് ഫ്രാങ്ക് കഥാവശേഷനാകുന്നത്. ജേക്കബ് ഫ്രാങ്ക് എന്ന മനുഷ്യനെ അനിതര സാധാരണക്കാരനാക്കി മാറ്റുന്നത് അയാളുടെ അനുയായികളുടെ വിശ്വാസമാണ്. വായനക്കാരനിലും അതേ പ്രതീതി ജനിപ്പിക്കാന്‍ ടൊക്കാര്‍ചുക്കിന്റെ എഴുത്തിനാകുന്നു. എന്നാല്‍ പരാജയപ്പെടുന്നതോടെ അയാൾ പടുത്തുയർത്തിയ സംസ്കാരവും ഉൾക്കൊണ്ട് മൂല്യങ്ങളും അപഹാസ്യമായി അനുഭവപ്പെടുന്നുണ്ട് വായനക്കാര്‍ക്ക്. ജൂതർ പിന്നെയും വേട്ടയാടപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം എന്ന ആ മഹാനടുക്കം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇപ്പോഴും അത് തുടരുമായിരുന്നു. ഇസ്രായേൽ സ്വീകരിക്കുന്ന മനുഷ്യത്വരഹിത സമീപനങ്ങൾ വളർത്തുന്ന വെറുപ്പുകൾ എന്തെന്ത് വ്രണങ്ങൾ രൂപപ്പെടുത്തുമെന്ന് കാലം കാട്ടും.

നമുക്ക് അപരിചിതമായ മറ്റൊരു സമൂഹത്തിന്റെ അതിജീവന ശ്രമങ്ങളെ കുറിച്ചായിരുന്നിട്ടു കൂടി ഈ പുസ്തകം ഇന്ത്യന്‍ അവസ്ഥകളെക്കുറിച്ചു ചില സ്മരണകൾ ഉണർത്തുന്നുണ്ട്. വേട്ടയാടപ്പെട്ടെങ്കില്‍ പോലും ജൂതസമൂഹം എല്ലാ കാലത്തും സമ്പന്നരായിരുന്നു. എന്നാൽ സാമ്പത്തികമായി ഏറ്റവും ദരിദ്രരായ, അടിമസമാനമായ ജീവിതം നയിച്ച, നാൽക്കാലികളെക്കാൾ താഴ്ന്നവരായി കണക്കാക്കപ്പെട്ട ഇന്ത്യൻ ദളിത് ജീവിതങ്ങളുടെ ഓർമ്മയുണർത്തുന്നുണ്ട് ‘ദ ബുക്ക്സ് ഓഫ് ജേക്കബ് ‘ എന്ന ഓള്‍ഗ ടൊക്കാര്‍ചുക്ക് പുസ്തകം. ചെറുത്തുനിൽക്കുവാൻ ശേഷിയില്ലാതെ, ചേർന്നു പോകലിന്റെ വഴി തേടി അവരും മതപരിവര്‍ത്തനം നടത്തുന്നുണ്ട്, പക്ഷേ അവരും തോറ്റു പോകുന്നുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + 12 =

Most Popular