ഇക്കണോമിക് നോട്ട്‌ബുക്ക് ‐ 7
ചരക്കുവൽക്കരണവും അതിന്റെ വിനിമയവുമാണ് മുതലാളിത്തത്തിന്റെ സത്തയെങ്കിൽ, ഫാക്ടറി സമ്പ്രദായമല്ല, അറ്റ്‌ലാന്റിക് സമുദ്രം കടന്നുള്ള അടിമ വ്യാപാരമാണ് മുതലാളിത്തത്തിന്റെ തുടക്കമായി കരുതേണ്ടതെന്ന് ചിന്തിക്കുന്നവർ ഏറെയുണ്ട്. ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിൽ നിന്നും വേട്ടയാടിപ്പിടിച്ച കറുത്ത മനുഷ്യരെ, ചങ്ങലക്കിട്ടു കുത്തിനിറച്ച കപ്പലുകളിൽ അറ്റ്ലാന്റിക് മഹാസമുദ്രം കടത്തി, യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ഫാമുകളിലേക്കും തെക്കേ അമേരിക്കയിലെ കരിമ്പിൻ തോട്ടങ്ങളിലേക്കും കൊണ്ടു പോയി വിറ്റത് വെറും ചരക്കുകളായിട്ടു തന്നെയായിരുന്നു, മനുഷ്യരായിട്ടായിരുന്നില്ല. 18‐ാം നൂറ്റാണ്ടിൽ യൂറോപ്പിൽ നടന്ന വ്യവസായിക വിപ്ലവത്തിനാവശ്യമായ ഇന്ധനം പകർന്നുനൽകിയത് തൊട്ടുമുൻപുള്ള നൂറ്റാണ്ടിൽ ആരംഭിച്ച അറ്റ്ലാന്റിക് സമുദ്രാന്തര അടിമ വ്യാപാരമായിരുന്നു.
വ്യാപാരം എന്ന വാക്ക് അടിമ എന്നതിനോട് ചേർത്തെഴുതി ‘അടിമവ്യാപാരം’ എന്ന് പറയുമ്പോൾ ചിന്തയും വികാരവുമില്ലാത്ത ഒരു ജഡ വസ്തുവിനെ പരാമർശിക്കുന്നതിന് തുല്യമായിട്ടാണ് ഇന്ന് നമ്മളും പറയുന്നത്. സ്വാതന്ത്ര്യവും സമത്വവും അർഹിക്കാത്ത, കന്നുകാലികളെ കൈകാര്യം ചെയ്യുന്നതുപോലെമാത്രം കരുതിയിരുന്ന, അടിമകൾ ഒഴുക്കിയ വിയർപ്പിൽനിന്നും ചോരയിൽനിന്നുമാണ് വെള്ളക്കാരന്റെ മധ്യകാല സൗഭാഗ്യങ്ങളെല്ലാം പിറവികൊണ്ടത്, ഇന്ന് നാം കാണുന്ന യൂറോപ്യൻ നഗരങ്ങളിലെ ഗോഥിക് വാസ്തുശില്പ സൗന്ദര്യമൊഴുകുന്ന പഴയ കൂറ്റൻ സൗധങ്ങളും കൊട്ടാരങ്ങളും പള്ളിമേടകളും ഉയർന്നുവന്നത്. യൂറോപ്യൻമാരുടെ കോളനികളിൽ കാട് വെട്ടിത്തെളിച്ച് തോട്ടങ്ങളുണ്ടാക്കിയതും, അവിടെ കരിമ്പും ഗോതമ്പും വിളയിച്ചതും, റെയിലും കപ്പലും പണിയാനാവശ്യമായ ഇരുമ്പും ഉരുക്കും നിർമിച്ച ഫാക്ടറികളിൽ ചുട്ടുപൊള്ളുന്ന ചൂടിൽ രാപകൽ പണിയെടുത്തതും മുഖ്യമായും ഈ അടിമകളായിരുന്നു. ആയിരവും പതിനായിരവുമല്ല ദശലക്ഷക്കണക്കിന് കറുത്ത വംശജരെയാണ് വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും മുതലാളിത്തലോകം പടുത്തുയർത്താൻ യൂറോപ്യൻമാർ ആഫ്രിക്കയിൽ നിന്നും ചങ്ങലക്കിട്ട് കപ്പൽ കയറ്റി കൊണ്ടുവന്നത്. ചാക്കുകെട്ടുകൾ അടുക്കിയതുപോലെ കപ്പലുകളിൽ കുത്തിനിറച്ച്, മാസങ്ങൾ നീളുന്ന സാഹസിക കടൽ യാത്ര കഴിഞ്ഞെത്തുമ്പോൾ വലിയൊരു ശതമാനത്തിന്റെ ജീവൻ തന്നെ പോയിക്കഴിഞ്ഞിട്ടുണ്ടാവും. ഔദ്യോഗിക കണക്കുകളനുസരിച്ച് 1.2 കോടി ആൾക്കാരെയാണ് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കും യൂറോപ്പിലേക്കും അടിമവേലയ്ക്കായി എത്തിച്ചത്. 30 ലക്ഷം പേർക്ക് യാത്രാ മദ്ധ്യേ ജീവൻ നഷ്ടപ്പെട്ടത് ഇതിനു പുറമെയാണ്. മനുഷ്യൻ മനുഷ്യനോട് നാളിതുവരെ കാട്ടിയ ഏറ്റവും കൊടിയ ക്രൂരകൃത്യങ്ങളിലൊന്നായ ഈ അടിമവ്യാപാരത്തിന്റെ അർത്ഥശാസ്ത്ര പരിസരത്തിൽകൂടി കണ്ണോടിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
മനുഷ്യരെ അടിമകളാക്കലും അവരുടെ വില്പനയും ആദ്യകാല കാർഷിക സമൂഹങ്ങളിലും പൗരാണിക രാജ്യങ്ങളിലും എല്ലാം കാണാൻ കഴിയും. ഇന്ത്യയിലെയും ചൈനയിലെയും നാട്ടുരാജ്യങ്ങളിലും വലിയ സാമ്രാജ്യങ്ങളിലും, ഗ്രീസിലും റോമാസാമ്രാജ്യത്തിലുമെല്ലാം അടിമ സമ്പ്രദായം പല രൂപത്തിൽ നില നിന്നിരുന്നു. യുദ്ധങ്ങളിൽ കീഴ്പ്പെടുത്തുന്നവരെ അടിമകളാക്കി മാറ്റുക അക്കാലത്ത് ഒരു പൊതു രീതി തന്നെയായിരുന്നു. ആഫ്രിക്കയിലെ തന്നെ പ്രാചീന ഗോത്ര സമൂഹങ്ങളിൽ പലയിടത്തും ഇത്തരം രീതികൾ നിലനിന്നിരുന്നു. അറ്റ്ലാന്റിക് സമുദ്രാന്തര അടിമവ്യാപാരത്തിൽ കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കുകൾ എന്ന രീതിയിൽനിന്ന് വിഭിന്നമായി, അതതു സമൂഹങ്ങളിലെ പ്രത്യേക അവകാശങ്ങളൊന്നുമില്ലാത്ത ചില വിഭാഗങ്ങൾ കണക്കെയാണ് ഇവിടങ്ങളിൽ അടിമ സമ്പ്രദായം പൊതുവെ നിലനിന്നിരുന്നത്.
സഹാറ മരുഭൂമി കടത്തി കിഴക്കൻ ആഫ്രിക്കയിൽ നിന്നും കൊണ്ടുവന്നിരുന്ന അടിമകൾ മധ്യേഷ്യയിലെ മുസ്ലിം രാജ്യങ്ങളിലും വ്യാപകമായി ഉണ്ടായിരുന്നു. ഇങ്ങനെ കൊണ്ടുവപ്പെട്ടവരിലധികവും സ്ത്രീകളായിരുന്നു. അറ്റ്ലാന്റിക് അടിമ വ്യാപാരത്തിൽ നിന്നും വ്യത്യസ്തമാണിത്. ഉല്പാദന പ്രവർത്തങ്ങൾക്കായല്ല, വീട്ടുപണികൾക്കും ലൈംഗിക അടിമപ്പണിക്കുമായിരുന്നു ഇവരെ അധികവും ഉപയോഗപ്പെടുത്തിയിരുന്നത്. അടിമവ്യാപാരത്തിലേക്ക് യൂറോപ്യൻമാർ തിരിയുന്നതിനു ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേതന്നെ ഇത്തരമാവശ്യങ്ങൾക്ക് അടിമകളായ സ്ത്രീകളെ ഉപയോഗപ്പെടുത്തുന്ന രീതി നിലനിന്നിരുന്നു. എന്നാൽ അറ്റ്ലാന്റിക് സമുദ്രാന്തര അടിമവ്യാപാരം സ്വഭാവത്തിലും വ്യാപ്തിയിലും ഇതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായിരുന്നു.
എന്ത് സാഹചര്യമാണ് അറ്റ്ലാന്റിക് സമുദ്രാന്തര അടിമവ്യാപാരത്തെ സൃഷ്ടിച്ചത്? എന്തൊക്കെ മാറ്റങ്ങളാണ് അത് ലോകത്തിന്റെ പല കോണുകളിലും ആഫ്രിക്കയിലും സൃഷ്ടിച്ചത്? 16‐ാം നൂറ്റാണ്ടിൽ യൂറോപ്യന്മാർ ദക്ഷിണ അമേരിക്കയിലും കരീബിയൻ പ്രദേശത്തും വടക്കെ അമേരിക്കയിലും എത്തിപ്പെടുന്നത് അവിടെ മാത്രമല്ല ലോകത്തെമ്പാടും വ്യാപകമായ മാറ്റങ്ങൾക്കാണ് വഴിതെളിച്ചത്. ഇത് ഒരേസമയം രാഷ്ട്രീയവും സാംസ്കാരികവും സാമ്പത്തികവും ജനസംഖ്യാപരവുമായ മാറ്റങ്ങൾക്ക് ആഗോളമായിത്തന്നെ വഴിതുറന്നു.
യൂറോപ്യൻ കൊളോണിയൽ വ്യാപനം ഏറെ പഠിക്കപ്പെടുകയും എഴുതപ്പെടുകയും ചെയ്തിട്ടുള്ളതാണ്. യൂറോപ്യൻ മൂലധനത്തിന്റെ വികാസവാഞ്ചകൾക്ക് അധിനിവേശ പ്രദേശങ്ങളിലെ ഭൂമിയും മനുഷ്യരും ഒരുപോലെ ഇരയായി. വളർന്നുവരുന്ന ബൂർഷ്വാസിയ്ക്കും സമ്പന്ന സമൂഹത്തിനും ആവശ്യമായ വസ്തുക്കൾ യൂറോപ്പിന്റെ മണ്ണിൽ തന്നെ നിർമിച്ചെടുക്കുക അസാധ്യമായി. കാർഷികോത്പന്നങ്ങളുടെ കാര്യത്തിലും വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കുന്ന വസ്തുക്കളുടെ അസംസ്കൃത പദാർത്ഥങ്ങളുടെ കാര്യത്തിലും ഈ ദൗർലഭ്യം ഉദയംചെയ്തു. അതോടൊപ്പം യൂറോപ്പിലെ നിർമിതവസ്തുക്കൾക്ക് പുതിയ കമ്പോളങ്ങൾ ആവശ്യമായും വന്നു. മാർക്സിന്റെ ഭാഷയിൽ പറഞ്ഞാൽ ഈ ആവശ്യകത അതിനെ ലോകത്തെല്ലായിടത്തേക്കും പായിച്ചു. എവിടെയും കൂടുകെട്ടാൻ പ്രേരിപ്പിച്ചു. തൊഴിൽ ശക്തിയുടെ ദൗർലഭ്യം പരിഹരിക്കാനായി അറ്റ്ലാന്റിക് സമുദ്രാന്തര അടിമവ്യാപാരം രൂപപ്പെടുത്തിയത് ഈ സാഹചര്യമാണ്.
പഞ്ചസാരയും ഗോതമ്പും പോലെയുള്ള കാർഷികോത്പന്നങ്ങൾ വ്യാപകമായി ഉല്പാദിപ്പിക്കാൻ ട്രോപ്പിക്കൽ കാലാവസ്ഥ ആവശ്യമായിരുന്നു. യൂറോപ്പിലെ അതിവേഗം വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾക്കനുസൃതമായി ഈ ഭക്ഷ്യ ഉത്പന്നങ്ങൾ ലഭ്യമാക്കുവാൻ തെക്കേ അമേരിക്കയിൽ വൻകിട തോട്ടങ്ങൾ സ്ഥാപിക്കലാണ് പോംവഴിയായി യൂറോപ്യൻ അധിനിവേശക്കാർ കണ്ടത്. ഇവിടങ്ങളിൽ പണിയെടുക്കാൻ വൻതോതിൽ തൊഴിലാളികൾ ആവശ്യമായി വന്നു. യൂറോപ്പിലാകട്ടെ 14‐ാം നൂറ്റാണ്ടിലുണ്ടായ പ്ലേഗ് മഹാമാരി ജനസംഖ്യ പകുതിയാക്കി കുറച്ചിരുന്നു. ഇത് യൂറോപ്പിലെ അടിമ സമ്പ്രദായത്തിന് അറുതിവരുത്തുകയും, കൃഷിയിടങ്ങളിൽ വൻതോതിൽ തൊഴിലാളികളുടെ ദൗർലഭ്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആഫ്രിക്കയിലെ കറുത്ത വംശജരെ കടത്തിക്കൊണ്ടു വരികയാണ് ഇതിനു പരിഹാരമായി യൂറോപ്യൻമാർ കണ്ടെത്തിയ മാർഗം. അറ്റ്ലാന്റിക് സമുദ്രാന്തര അടിമവ്യാപാരത്തിന്റെ ആവിർഭാവത്തിനു വഴിതെളിച്ചത് ഈ സാഹചര്യമായിരുന്നു.
കറുത്തവരുടെ അടിമത്തത്തെ ന്യായീകരിക്കാനാവശ്യമായ ആഖ്യാനങ്ങൾ നിരത്തലായി പിന്നീട്. വെള്ളക്കാരന്റെ ‘ഉന്നത’ സംസ്കാരത്തിലേക്ക് അപരിഷ്കൃതരായ ജനങ്ങളെ പരിവർത്തിപ്പിക്കുക. ക്രിസ്തീയ വിശ്വാസ ധാരകൾക്ക് പുറത്തുനിൽക്കുന്നവർ ആചാരപരവും മതപരവുമായി പിന്നോക്കക്കാരാണ്, അവരെ വിശ്വാസികളാക്കി മാറ്റുക എന്നിങ്ങനെ മതവും വിശ്വാസവും സംസ്കാരവുമൊക്കെ മൂലധന വ്യാപനത്തിന്റെ കരുക്കളാക്കപ്പെട്ടു. അടിമ വേലയെ ന്യായീകരിക്കുവാൻ അന്ന് മുന്നിൽ നിന്നവരിൽ പോപ്പും പള്ളിയുമുണ്ടായിരുന്നു. 1452 ജൂൺ 18ന് ഇത് സംബന്ധിച്ച പോപ്പിന്റെ ഡിക്രീ സ്പാനിഷ് പോർച്ചുഗീസ് കോളനിവൽക്കരണത്തെയും അവർ നടപ്പിലാക്കിയ അടിമത്തത്തേയും ന്യായീകരിച്ചു. തദ്ദേശീയരെ അടിമകളാക്കാനും, മതപരിവർത്തനം നടത്താനും ഈ ഡിക്രികൾ കൊളോണിയൽ അക്രമണകാരികൾക്ക് സാംസ്കാരിക ആയുധങ്ങൾ നൽകി.
തെക്കേ അമേരിക്കയിൽ സ്‌പെയിൻകാരും പോർച്ചുഗീസുകാരും എത്തുന്നതോടെയാണ് അറ്റ്ലാന്റിക് സമുദ്രാന്തര അടിമവ്യാപാരം ആരംഭിക്കുന്നത്. 1526 ൽ അടിമകളെ നിറച്ച ആദ്യ കപ്പൽ ആഫ്രിക്കൻ തീരത്തുനിന്നും അമേരിക്കയിലേക്ക് യാത്ര തിരിച്ചു. പോർച്ചുഗീസുകാരുടേതായിരുന്നു ഈ അടിമക്കപ്പൽ. ആഫ്രിക്ക പോലെയുള്ള ഒരു വലിയ ഭൂഖണ്ഡത്തിൽ കടന്നുചെന്ന് കരുത്തരായ കറുത്ത മനുഷ്യരെ കൂട്ടത്തോടെ പിടികൂടി ബന്ധനസ്ഥരാക്കി കപ്പൽ കയറ്റി നാടുകടത്താൻ യൂറോപ്യന്മാർക്ക് എങ്ങിനെ സാധിച്ചു എന്നത് വലിയൊരു ചോദ്യമാണ്.
ആഫ്രിക്കൻ ഗോത്രവിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന സംഘർഷങ്ങളെ സമർത്ഥമായി വിനിയോഗിക്കുകയാണ് ആദ്യം അവർ ചെയ്തത്. യുദ്ധങ്ങളിൽ പരാജയപ്പെടുന്ന വിഭാഗത്തെ വിജയികളിൽനിന്ന് വാങ്ങി നാടുകടത്തുകയാണ് ആദ്യകാലങ്ങളിൽ അനുവർത്തിച്ച രീതി. ചെറിയ ഗ്രാമങ്ങളിൽ കടന്നുചെന്ന് ആക്രമണങ്ങൾ നടത്തി ആണുങ്ങളെയും പെണ്ണുങ്ങളെയും കുട്ടികളെയും പിടിച്ചു കൊണ്ട് പോകുന്ന രീതിയും വ്യാപകമായി ഉണ്ടായിരുന്നു. ആഫ്രിക്കയിലെ സമ്പന്ന വർഗം ഇതിനു കൂട്ടായി നിലകൊണ്ടു. ഇതൊരു വരുമാനമാർഗമായി ഇക്കൂട്ടർ കണ്ടതോടെ ആഫ്രിക്കയിലെ ആഭ്യന്തര സംഘർഷങ്ങൾ വർദ്ധിച്ചു. യുദ്ധങ്ങളിൽ മറുഭാഗത്തെ പരാജയപ്പെടുത്തി തടവിലാക്കി യൂറോപ്യന്മാർക്ക് വിൽക്കുക സാധാരണ രീതിയായി. പശ്ചിമ ആഫ്രിക്കയിലെ ഒയോ സാമ്രാജ്യം തെക്കൻ യൊറൂബ സംസ്ഥാനങ്ങളെ പരാജയപ്പെടുത്തി തടവിലാക്കപ്പെട്ടവരെ കൂട്ടത്തോടെ വിറ്റത് ഇതിലൊരുദാഹരണം മാത്രം. അമേരിക്കയിലെ കരിമ്പിൻപാടങ്ങളിലെ ആദായമുപയോഗിച്ച് നിർമിച്ച വസ്ത്രവും തോക്കുകളും ഗ്ലാസ് ഉപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും ആഫ്രിക്കയിലെ സമ്പന്ന വർഗത്തിന് നൽകി അവരെ പാട്ടിലാക്കുകയായിരുന്നു യൂറോപ്യൻമാർ ആദ്യം ചെയ്തത്.
അടിമവ്യാപാരം ആഫ്രിക്കയിൽ ഉണ്ടാക്കിയ രാഷ്ട്രീയവും സാമ്പത്തികവുമായ സംഘർഷങ്ങളും മാറ്റങ്ങളും ചില്ലറയായിരുന്നില്ല. അറ്റ്ലാന്റിക് സമുദ്രാന്തര അടിമവ്യാപാരം നിലവിൽ വരുന്നതിനു മുൻപ് ആഫ്രിക്കയിലെ പല രാജ്യങ്ങളും ലോകത്തിലെ മറ്റു പല പ്രദേശങ്ങളെയും അപേക്ഷിച്ച് സമ്പന്നമായിരുന്നു. കാർഷിക ഉല്പാദനത്തിലും വസ്ത്രനിർമാണത്തിലും കൈത്തൊഴിൽ നിർമാണത്തിലും യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് പല ആഫ്രിക്കൻ രാജ്യങ്ങളും മുന്നിലായിരുന്നു. യൂറോപ്യന്മാരാകട്ടെ അടിമവ്യാപാരത്തിലൂടെ ലഭിച്ച വിലകുറഞ്ഞ തൊഴിൽശക്തിയും ലാഭവുമുപയോഗിച്ച് ബ്രസീൽ മുതൽ കരീബിയൻ ദ്വീപുകൾ വരെ വൻകിട തോട്ടങ്ങൾ പടുത്തുയർത്തി. ഈ തോട്ടങ്ങളിൽ നിന്ന് ലഭിച്ച മിച്ചമൂല്യം യൂറോപ്പിലെ വ്യാവസായിക വിപ്ലവത്തിന് കളമൊരുക്കി. സാങ്കേതിക വിദ്യകളും കണ്ടുപിടുത്തങ്ങളും ഉണ്ടായി. കൈത്തൊഴിലുകാർ ചെയ്തിരുന്ന പണികൾ യന്ത്രങ്ങൾ ഏറ്റെടുത്തു തുടങ്ങി. ഇങ്ങനെ നിർമിച്ച വിലകുറഞ്ഞ നിർമാണവസ്തുക്കൾ, വസ്ത്രങ്ങളും മറ്റും, ആഫ്രിക്കയിലേക്ക് ഒഴുകി. അതിൽപ്പെട്ട് ആഫ്രിക്കയിലെ കൈത്തൊഴിൽ വേലകൾ വ്യാപകമായി തകർന്നു. ആരോഗ്യമുള്ള ചെറുപ്പക്കാരെ അടിമകളാക്കി നാടുകടത്തിയത് കൃഷിയിടങ്ങളിൽ പണിയെടുക്കാൻ ആളില്ലാതെ ആഫ്രിക്കൻ കാർഷിക സന്പദ്‌വ്യവസ്ഥയെയും തകർത്തു. മെല്ലെ ആഫ്രിക്ക ദാരിദ്ര്യത്തിന്റെ കേന്ദ്രമായി മാറി.
സൂര്യനുദിക്കുമ്പോൾ മുതൽ അസ്തമിക്കുന്നതു വരെ എല്ലുമുറിയെ പണിയെടുത്തിരുന്ന അടിമകളുടെ സാഹചര്യം അതിദയനീയമായിരുന്നു. ബ്രസീലിയൻ തോട്ടങ്ങളിൽ പണിയെടുത്തിരുന്ന ആഫ്രിക്കൻ അടിമകളുടെ ശരാശരി ആയുർദൈർഘ്യം കേവലം 23 വർഷമായിരുന്നു. ഈ കുറഞ്ഞ ആയുർദൈർഘ്യം കൂടുതൽ അടിമകളുടെ ആവശ്യകത സൃഷ്ടിച്ചു. ആഫ്രിക്കയിൽനിന്നും കടത്തിക്കൊണ്ടുവരുന്ന തൊഴിൽശക്തി, അമേരിക്കൻ രാജ്യങ്ങളിലെ വൻകിട തോട്ടങ്ങളിൽ ഉപയോഗിക്കുക .അവിടെ നിന്നുണ്ടാകുന്ന അസംസ്കൃതവസ്തുക്കളും വിഭവങ്ങളും യൂറോപ്പിലെ നിർമാണശാലകളിൽ ഉല്പാദനത്തിനായുപയോഗിക്കുക. അവിടെ നിർമിക്കുന്ന ഉത്പന്നങ്ങൾ ആഫ്രിക്കയിലെ സമ്പന്നവർഗങ്ങൾക്കിടയിൽ കൂടുതൽ അടിമകൾക്കായി കൈമാറ്റം ചെയുക. ഇതൊരു വ്യാപാര ത്രികോണം സൃഷ്ടിച്ചു.
യൂറോപ്പിലെ കച്ചവട മുതലാളിത്തം ഒരു കാര്യം ഉറപ്പു വരുത്തി. തങ്ങൾ വാങ്ങുന്നതിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിൽ നിന്നും അധികമായിരിക്കണം എപ്പോഴും തങ്ങളുടെ വില്പനയും കയറ്റുമതിയും. മധ്യകാല ഉല്പാദനഘടകങ്ങളിൽ ഏറ്റവും സുപ്രധാനമായിരുന്ന തൊഴിൽശക്തി ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്ന് ഉറപ്പു നൽകിയത് ആഫ്രിക്കയിൽ നിന്നെത്തിച്ച അടിമകളായിരുന്നു. ഇത് യൂറോപ്യൻ രാജ്യങ്ങളുടെ സന്പദ്‌വ്യവസ്ഥയ്ക്ക് വൻകുതിപ്പിനാവശ്യമായ ഇന്ധനം നൽകി. അവിടെ പണം കുമിഞ്ഞുകൂടിത്തുടങ്ങി. ലോക സാമ്പത്തിക ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമെന്നു പറയാവുന്ന വ്യാവസായിക വിപ്ലവത്തിന് ഇത് പശ്ചാത്തലമൊരുക്കി. ♦
(തുടരും)