Thursday, May 2, 2024

ad

Homeനാടകംജനഹൃദയങ്ങളിലേറ്റിയ തെരുവുനാടക മത്സരം

ജനഹൃദയങ്ങളിലേറ്റിയ തെരുവുനാടക മത്സരം

ബഷീർ മണക്കാട്

രിത്രത്തിൽ ഇടംനേടിയ കർഷകസമരങ്ങളിലും സാംസ്കാരിക മുന്നേറ്റങ്ങളിലും കൈയ്യൊപ്പു ചാർത്തിയ നാടാണ് തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട. കലയിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യമനസ്സുകളെ വേർതിരിക്കുന്ന അനീതികൾക്കെതിരെ പൊരുതിയ നാട്. ഈ നാട്ടിലെ സാംസ്കാരിക പോരാളികളായിരുന്നു പോൾ സുധാകരനും, അഡ്വ.അവണാകുഴി ജയകുമാറും. പുരോഗമനപരമായ സന്ദേശം പകർന്ന് നാടകമെന്ന കരുത്തുറ്റ കലാരൂപത്തെ വലതുപക്ഷ ജീർണ്ണതകൾക്കെതിരെയുള്ള പോരാട്ടമാക്കി മാറ്റിയ നാടക സ്നേഹികൾ. ഇവർ ഇടതുപക്ഷ പ്രവർത്തകരെന്ന നിലയിലും പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകരായും വലിയ വെല്ലുവിളികളെ അതിജീവിച്ച കലാകാരന്മാരാണ് .

കേന്ദ്ര ജീവനക്കാരുടെ സംഘടനയായ എൻഎഫ്‌പിടിയിൽ നിന്നും പോൾ സുധാകരനെന്ന സാംസ്കാരിക പ്രവർത്തകൻ നേടിയ സംഘബോധവും സംഘടനാബോധവും ദേശാഭിമാനി സ്റ്റഡി സർക്കിളിനും പുരോഗമന കലാസാഹിത്യ സംഘത്തിനും ഏറെ പ്രയോജനകരമായി. പു.ക.സ കാട്ടാക്കട മേഖലാക്കമ്മറ്റിക്ക് സ്വന്തമായ ഒരു പ്രസിദ്ധീകരണത്തിന് തുടക്കംകുറിച്ചു. കാനനത്തിലെ കാവ്യോത്സവം എന്ന നവീന സാംസ്കാരിക പരിപാടിക്ക് രൂപംനൽകി നിരവധി ഗായകരെയും കവികളെയും ശ്രദ്ധേയരാക്കി മാറ്റി. ഇതിലൂടെ പ്രശസ്തരായവരാണ് സെയ്ദ് സബർമതി, അരവിന്ദ്, ആമച്ചൽ രവി, ആമച്ചൽ സദാനന്ദൻ തുടങ്ങിയ കലാകാരന്മാർ. ഇന്ന് പ്രശസ്തിയുടെ ഉയരങ്ങളിലെത്തിയ മുരുകൻ കാട്ടാക്കടയെന്ന കവിയെ കണ്ടെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും പോൾ സുധാകരനെന്ന മനുഷ്യ സ്നേഹിയുടെ പങ്ക് വളരെ വലുതാണ്.

നാടകമെന്ന നേരിന്റെ കലാരൂപത്തെ പുരോഗമനത്തിന്റെ പാതയിലൂടെ ജനകീയമാക്കുക എന്ന ഗൗരവപൂർവമായ ലക്ഷ്യത്തോടെയാണ് സംഘനാട്യ എന്ന ഉപസമതിയ്ക്ക് പുരോഗമനകലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി തുടക്കം കുറിച്ചത്, ഈ സമിതിയുടെ കൺവീനറായിരുന്നു പോൾ സുധാകരൻ. മാങ്കോയിക്കൽ ചന്ദ്രൻ ചെയർമാനും. ശ്രദ്ധേയമായ പരിപാടികൾ ഒരുക്കി സംഘാടന മികവു തെളിയിച്ച് സംഘനാട്യക്ക് കരുത്തു പകർന്നു. കാട്ടാക്കട മേഖല കമ്മിറ്റിയുടെ സെക്രട്ടറി എന്ന നിലയിലും ജില്ലാ ജോയിന്റ് സെക്രട്ടറിയെന്ന നിലയിലും ഇടതുപക്ഷ പ്രവർത്തകനെന്ന നിലയിലും വലിയ സംഭാവനകളാണ് ഈ അനുഗൃഹീത കലാകാരൻ പകർന്നു നൽകിയത്.

പോൾ സുധാകരൻസാറിനെപ്പോലെ നാടകരംഗത്ത് പ്രവർത്തിച്ച് മികവു തെളിയിച്ച മറ്റൊരു അനുഗൃഹീത കലാകാരനാണ് അഡ്വ. അവണാകുഴി ജയകുമാർ. ഇടതുപക്ഷ സാംസ്കാരിക പ്രവർത്തനത്തിന് സജീവതയും ചലനാത്മകതയും പകർന്നു നൽകിയ സാംസ്കാരിക പ്രവർത്തകൻ. 2012-ൽ പോൾ സാറിന്റെ വേർപാടിനുശേഷം സംഘനാട്യ കൺവീനറായി പ്രവർത്തിച്ചത് അവണാകുഴി ജയകുമാറാണ്. 2013-ൽ കാട്ടാക്കടയിൽ സംഘനാട്യ തുടക്കം കുറിച്ച ‘പോൾസുധാകരൻ അനുസ്മരണ സംസ്ഥാന തെരുവുനാടകമത്സരം’ വളരെ ശ്രദ്ധേയമായി മാറി. സംഘനാട്യ കൺവീനറായ അവണാകുഴി ജയകുമാറിന്റെയും ചെയർമാൻ മാങ്കോയിക്കൽ ചന്ദ്രന്റെയും കാട്ടാൽ മേള ചെയർമാൻ സെയ്ദ് സബർമതിയുടെയും ശക്തമായ കൂട്ടായ്മയുടെ ഫലമായി കാട്ടാക്കടയിലെ ജനസഞ്ചയം ഈ നാടകമത്സരത്തെ നെഞ്ചേറ്റി. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള മികച്ച തെരുവുനാടകസംഘങ്ങളാണ് മത്സരത്തിനെത്തിയത്. ഓരോ ദിവസവും മത്സരം കാണാൻ വലിയ ജനത്തിരക്ക് ഉണ്ടായി. നാടകമത്സരം അത്രമാത്രം ശ്രദ്ധേയമായി മാറുകയായിരുന്നു. പിന്നീടത് കാട്ടാൽ മഹോത്സവമായി മാറി. പോൾ സുധാകരനും അഡ്വ. അവണാകുഴി ജയകുമാറും പകർന്ന ഊർജ്ജക്കരുത്തിലാണ് ഇന്ന് കാട്ടാൽ പുസ്തകമേളയും സാംസ്കാരികോത്സവവും പടർന്നു പന്തലിച്ചു നിൽക്കുന്നത്. ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച് മാനവികതയുടെ സന്ദേശം പകർന്ന് ഒത്തുചേരലിന്റെയും ഒരുമയുടെയും അടയാളപ്പെടുത്തലായി മാറിയ കാട്ടാൽ മേള ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഒരു സാംസ്കാരിക കൂട്ടായ്മയായി വളർന്നിരിക്കുകയാണ്. കാട്ടാക്കടയുടെ സ്വകാര്യ അഹങ്കാരമായി മാറിയ ഈ മേള ഇന്ന് കലയുടെയും സാഹിത്യത്തിന്റെയും അറിവുത്സവമായി വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്. ഈ മേളയിൽ 2013-ൽ സംഘനാട്യക്ക് നേതൃത്വം നൽകിയ അവണാകുഴി ജയകുമാറും, മാങ്കോയിക്കൽ ചന്ദ്രനും, സെയ്ദ് സബർമതിയും തുടക്കം കുറിച്ച സംസ്ഥാനതല തെരുവുനാടകമത്സരം മുടക്കമില്ലാതെ നടന്നു വരികയാണ്. ഇക്കൊല്ലവും സംഘനാട്യ 2023- ജൂൺ 3ന് മികവോടെ സംഘടിപ്പിച്ചു. മത്സരത്തിന് മുന്നോടിയായി നടന്ന പോൾ സുധാകരൻ, അവണാകുഴി ജയകുമാർ അനുസ്മരണം പു ക സ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സി അശോകന്റെ അധ്യക്ഷതയിൽ നടന്നു.

തുടർന്ന് നടന്ന സംസ്ഥാന തെരുവുനാടക മത്സരത്തിൽ മികച്ച ഒന്നാമത്തെ നാടകമായി തെരഞ്ഞെടുത്തത് തിരുവനന്തപുരം ജാലകം തിയറ്റേഴ്സ് അവതരിപ്പിച്ച “ഗോറ’ എന്ന നാടകമാണ്. നാടക ചരിത്രവഴികളിലൂടെ സമകാലിക ഇന്ത്യൻ അവസ്ഥയുടെ നേർക്കാഴ്ചകളാണ് ഈ നാടകത്തിലൂടെ സംവിധായകനായ ഉമേഷ് കല്യാശ്ശേരി മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത്. തെരുവുനാടകം എന്താണെന്ന് തിരിച്ചറിവുള്ള സംവിധായകനും കഥാപാത്രങ്ങളായി വേഷമിട്ട നടന്മാരുടെ അഭിനയമികവും കൊണ്ട് ശ്രദ്ധേയമായ നാടകമാണിത്. രണ്ടാം സ്ഥാനം യൂണിവേഴ്സ് തിയേറ്റർ ഹൗസ് അവതരിപ്പിച്ച “പൊഹ’ എന്ന നാടകത്തിനാണ്. ഇതേ നാടകത്തിൽ അഭിനയിച്ച ഗൗതം വി ജെ യാണ് മികച്ച നടൻ. രജ്ഞിത് കളത്തറ രണ്ടാമത്തെ നടനും അമൽകൃഷ്ണ മികച്ച സംവിധായകനുമായി. ഏറ്റവും മികച്ച ജനപ്രിയ സംവിധായകനായി ഉമേഷ് കല്യാശ്ശേരിയും ജനപ്രിയ നടനായി സുനിൽ പൂങ്കുളത്തേയും തെരഞ്ഞെടുത്തു.

പോൾ സുധാകരൻ, അഡ്വ.അവണാകുഴി ജയകുമാർ എന്നീ നാടകസ്നേഹികളുടെ സ്മരണകൾ ഒരിക്കലും കെടാത്ത ജ്വാലയായി സംഘനാട്യ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 1 =

Most Popular