ഇന്ത്യയിലെ ഇന്നത്തെ ക്രമസമാധാനവും നീതിന്യായവും എവിടെ എത്തിനിൽക്കുന്നു? ഇതിന്റെ ഏറ്റവും ഒടുവിലത്തേതും അസ്വാസ്ഥ്യം ഉളവാക്കുന്നതുമായ ഉദാഹരണമാണ് ബ്രിജ് ഭൂഷണെതിരായി അന്താരാഷ്ട്ര പ്രശസ്തി നേടിയവർ ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളുടെ പരാതി. അത് സർക്കാർ അവഗണിക്കുന്നതിനെതിരെ അവർ കുറെ ദിവസങ്ങളായി ഡൽഹിയിലെ ജന്തർമന്ദറിൽ സമരം നടത്തിക്കൊണ്ടിരിക്കുന്നു. ബ്രിജ് ഭൂഷൺ അഖിലേന്ത്യ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റാണ്. ബിജെപി എംപിയുമാണ്. അതുകൊണ്ടാണ് അയാൾക്കെതിരെ ഗുരുതരമായ കുറ്റാരോപണങ്ങൾ കായികതാരങ്ങൾ ഉന്നയിച്ചിട്ടും മോദി സർക്കാർ അത് കേട്ട ഭാവംപോലും നടിക്കുന്നില്ല; എന്നുമാത്രമല്ല, അതിജീവനത്തിനായി അവർ നടത്തുന്ന പോരാട്ടത്തെ ഭീകരമായി അടിച്ചമർത്തുകയും ചെയ്യുന്നു. ഇത് മോദി സർക്കാരിന്റെ സ്ഥിരം സ്വഭാവമായി മാറിയിരിക്കുന്നു. തങ്ങളുടെ പാർട്ടിക്കാർക്കെതിരെ – അവർ സമൂഹത്തിൽ എത്ര ഉന്നതപദവിയിൽ ഉള്ളവരായാലും ശരി– ആരെങ്കിലും പരാതിയോ ആരോപണമോ ഉന്നയിച്ചാൽ, അത് കേട്ടിട്ടേയില്ല എന്ന രീതിയിൽ പെരുമാറുന്നത് ഒരു സർക്കാരിന്റെ സ്വജനപക്ഷപാതത്തിന്റെ ഏറ്റവും ഭയം ജനിപ്പിക്കുന്ന നിലപാടാണ്.
ഒരു ജനാധിപത്യസർക്കാരിന്റെ നീതിബോധത്തിന്റെ ഉരകല്ലാണ് ഭരണകക്ഷിയുടെ നേതാവിനെയോ പ്രധാന പ്രവർത്തകനെയോ കുറിച്ച് ജനങ്ങളിൽ ആരെങ്കിലും പരാതി ഉന്നയിച്ചാൽ അതിനോട് സ്വീകരിക്കുന്ന സമീപനം. ഇന്ത്യയിൽ ഏത് തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയും അധികാരം ഏറ്റെടുക്കുമ്പോൾ ഒരു പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. അതിലെ ഒരു ഭാഗം ഇങ്ങനെയാണ്. ‘‘ഞാൻ ഭരണഘടനയെയും നിയമത്തെയും എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിലനിർത്തുകയും കാത്തുരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യും.’’ ഇവിടെ പ്രസക്തമായ ചോദ്യം ഇതാണ്: പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും തങ്ങളുടെ പാർട്ടിയുടെ പ്രവർത്തകനായ എംപിയെക്കുറിച്ച് ലോകപ്രശസ്തരായ ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണം നിഷ്പക്ഷമായ ജുഡീഷ്യൽ അനേ-്വഷണത്തിനോ പരാതിക്കാർക്കും കൂടി സ്വീകാര്യമായ മറ്റേതെങ്കിലും അനേ-്വഷണത്തിനോ വിധേയമാക്കാൻ തയ്യാറുണ്ടോ?
ഗുസ്തിതാരങ്ങൾ ബ്രിജ് ഭൂഷണെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണത്തെ ഏതെങ്കിലും തരത്തിൽ കെെകാര്യം ചെയ്യാൻ മോദി സർക്കാർ തയ്യാറല്ല. സർക്കാരിനു തരിമ്പെങ്കിലും നീതിബോധം ഉണ്ടെങ്കിൽ, ചെയ്യേണ്ടിയിരുന്നത്, അവരുടെ പരാതിയെക്കുറിച്ച് നിഷ്പക്ഷവും വിശദവുമായ അനേ-്വഷണം നടത്തുകയും അതിൽനിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി കെെക്കൊള്ളുകയുമാണ്. അതിന് ഇതുവരെയായിട്ടും മോദി സർക്കാർ മുതിർന്നു കാണുന്നില്ല.
ഈ സംഭവം വെളിവാക്കുന്നത് നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാരിന് ഇന്ത്യയിലെ ജനങ്ങൾക്കാകെ ബാധകമായ ജനാധിപത്യപരവും നിഷ്-പക്ഷവുമായ നീതിബോധം ഇല്ല എന്നാണ്. തങ്ങളുടെ ആളുകളോട് ഒരു നയം, അല്ലാത്തവരോട് മറ്റൊരു നയം, ഇതാണ് ഗുസ്തിതാരങ്ങൾ ഉന്നയിച്ച പ്രശ്നത്തോടുള്ള സമീപനത്തിലൂടെ മോദി സർക്കാർ വെളിവാക്കിയിരിക്കുന്ന നീതിബോധം. ഇത് രാജ്യത്തെ ഭരണഘടനയ്-ക്ക് തീർത്തും എതിരാണ്. ജനങ്ങളെ എല്ലാവരെയും ഒരുപോലെ കാണുകയും അവരോട് ഒരേ രീതിയിൽ പെരുമാറുകയും ചെയ്യും എന്ന് സത്യപ്രതിജ്ഞ ചെയ്താണല്ലോ അവർ അധികാരമേറ്റത്. ഇപ്പോൾ ‘തൻപുള്ള’കളോട് ഒരു സമീപനവും മറ്റുള്ളവരുടെ ‘പുള്ള’കളോട് തീർത്തും വ്യത്യസ്തമായ സമീപനവും. ഇതല്ലേ ഒരു ഉമ്മറത്തെ രണ്ടു കച്ചവടം? ജനാധിപത്യത്തിൽ അത് നിഷിദ്ധമാണല്ലോ.
പ്രസംഗിക്കുമ്പോൾ, ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ‘പ്രദർശനം’ നടത്തുമ്പോൾ, മോദി പറയുന്നത് ഒന്നും പ്രവൃത്തിയിലെ സമീപനം തീർത്തും വ്യത്യസ്തവുമാണ്. ജനങ്ങളെ തങ്ങളുടേതെന്നും അല്ലാത്തവരെന്നും തരംതിരിക്കൽ–ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ നിലപാട് യാദൃച്ഛികമല്ല. അവർ ഇന്ത്യയിലെ ജനങ്ങളെ, രണ്ടായാണ് കാണുന്നത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ കച്ചകെട്ടി ഇറങ്ങിയവരുടെ നയം എന്തെന്നു ചോദിക്കേണ്ടതില്ല. ഹിന്ദുക്കളോട് ഒരു നയം, മറ്റുള്ളവരോട് –വിശേഷിച്ച് മുസ്ലീങ്ങളോട്–മറ്റൊരു നയം. ഇപ്പോൾ അത് പൂർണതോതിൽ നടപ്പാക്കാൻ കഴിയാത്തത് രാജ്യം ഭരണഘടനാപരമായും പ്രയോഗത്തിലും മതനിരപേക്ഷമായി നിലനിൽക്കുന്നതുകൊണ്ടും അതിനെ നിയമപരമായി സംരക്ഷിക്കുന്ന ഭരണഘടനാ വ്യവസ്ഥകളും നീതിന്യായ സ്ഥാപനങ്ങളും ഉള്ളതുകൊണ്ടുമാണ്. കോടതി ആ വ്യവസ്ഥകളെ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കിവരികയുമാണല്ലോ.
ബിജെപി നേതൃത്വം ആഗ്രഹിക്കുന്നതുപോലെ ഹിന്ദുക്കളോട് ഒരുനയം, മറ്റു മതക്കാരോട് വേറൊരു നയം എന്നത് നിഷ്-കൃഷ്ടമായി നടപ്പാക്കുന്നതിനെ ഹിന്ദുക്കളിൽ തന്നെ വലിയൊരു ശതമാനം അംഗീകരിക്കുന്നില്ല. കർണാടകത്തിൽ ഇത്തരം നയങ്ങൾ അഞ്ചുവർഷം നടപ്പാക്കിയതിനോട് അവിടത്തെ ജനങ്ങൾ എങ്ങനെ പ്രതികരിച്ചു എന്നത് രാജ്യം കണ്ടതാണ്.
തുടക്കത്തിൽ ഗുസ്-തി താരങ്ങളുടെ സമരത്തെ അവഗണിച്ച കേന്ദ്ര ഗവൺമെന്റും മോദിയും ഇപ്പോൾ നഗ്നമായ മർദനനടപടികളിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം പെൺകുട്ടികളടക്കമുള്ള ഗുസ്തി താരങ്ങളെ പാർലമെന്റ് സ്ട്രീറ്റിൽ മോദിയുടെ പൊലീസ് തല്ലിച്ചതച്ച് റോഡിലൂടെ വലിച്ചിഴച്ചതിനാണ് നാം സാക്ഷ്യം വഹിച്ചത്. ജന്തർമന്ദറിലെ സ്ഥിരം സമരസ്ഥലംപോലും പൊളിച്ച് അവരെ പൊലീസ് ആട്ടിയോടിക്കുകയാണ്. ഇതു ജനാധിപത്യവിരുദ്ധ സമീപനമാണ്; മോദിയുടെ സേ-്വച്ഛാധിപത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
എന്നാൽ, ഗുസ്തിതാരങ്ങളുടെ സമരത്തിന് താങ്ങും തണലുമായി രാജ്യത്തെ കർഷകർ ഒറ്റക്കെട്ടായി അണിനിരക്കുന്നതും നാം കണ്ടു. കർഷക നിയമങ്ങൾക്കെതിരായ സമരത്തിലൂടെ മോദി സർക്കാരിനെ മുട്ടുകുത്തിച്ച അതേ കർഷകർ! കർഷക സമരപോരാളികൾക്കു പിന്നാലെ രാജ്യത്തെ സംയുക്ത തൊഴിലാളി പ്രസ്ഥാനവും വിദ്യാർഥി യുവജനപ്രസ്ഥാനങ്ങളും ഗുസ്തിതാരങ്ങളെ ചേർത്തു പിടിച്ചു മുന്നേറുന്നു എന്നത് ബഹുജനപ്രക്ഷോഭങ്ങളുടെ ചരിത്രത്തിലെ പുതിയൊരു ഏടുതന്നെയാണ്. മോദിയുടെ മർദന നടപടികളെ ചെറുത്തുതോൽപ്പിക്കാൻ പര്യാപ്തമായ സംഘശേഷിയുടെ കരുത്തിലാണ് ഗുസ്തിതാരങ്ങളുടെ സമരം ഇന്ന് മുന്നേറുന്നത്. മുൻപ് പല ജനകീയ സമരങ്ങളെയും അടിച്ചമർത്തിയതുപോലെ ഗുസ്തി താരങ്ങളുടെ സമരത്തെയും അടിച്ചമർത്താമെന്ന് മോദി കരുതുന്നെങ്കിൽ അത് വ്യാമോഹം മാത്രമാണ്. ♦